“സ്പോര്‍ട്സ് മോള്‍’ എന്ന വിഖ്യാത വെബ്സൈറ്റിന്റെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ഡാനിയല്‍ ജോയ്സണ്‍ 2014 ജൂണ്‍ 11ന് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത ഇങ്ങനെ സംഗ്രഹിക്കാം. “”വേള്‍ഡ് കപ്പിലെ മുസ്‌ലിം താരങ്ങള്‍ക്ക് റമളാന്‍ മാസം ദുഷ്കരമാവും. വിശുദ്ധ മാസമായ റമളാനിനോടുള്ള പ്രതിബദ്ധതയും ലോകകപ്പ് ഫുട്ബോള്‍ മാച്ചിനോടുള്ള ആത്മാര്‍ത്ഥതയും വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള മുസ്‌ലിം താരങ്ങളെയാണ് പ്രതിസന്ധിയിലാക്കുന്നത്. 1986നു ശേഷം ഇതാദ്യമായാണ് വേള്‍ഡ് കപ്പ് ഫുട്ബോളും റമളാനും ഒരേ സമയത്ത് വരുന്നത്. ജര്‍മനിയുടെ മെസൂദ് ഒസില്‍, ബെല്‍ജിയത്തിന്റെ മറോനെ ഫിലൈനി, മൂസ ഡംബില്‍, ഐവറി കോസ്റ്റിന്റെ യായ ടൗറെ, ഗര്‍വിനൊ, ചീക് ടൊയ്റ്റെ, ഫ്രാന്‍സിന്റെ കരീം ബെന്‍സമ, മമദോ ഡാക്കോ, ബകരി സാഗ്ന, മൂസ സിസോക്കോ എന്നീ ഫുട്ബോള്‍ താരങ്ങള്‍ നോമ്പനുഷ്ഠിക്കുന്നവരാണ്. ബ്രസീലിലെ നോമ്പനുഭവങ്ങള്‍ ഈ താരങ്ങള്‍ക്ക് ഒരു വെല്ലുവിളിയാവും.’

കാല്‍പന്തു കളിയുടെ ലോകമാമാങ്കം തുടങ്ങുന്നതിന് തൊട്ടു മുമ്പ് വന്ന കൗതുകകരമായ ഈ റിപ്പോര്‍ട്ടിന് പിന്നാലെ ബ്രസീലിലെ റമളാന്‍ ജീവിതത്തെക്കുറിച്ചും നോമ്പനുഭവങ്ങളെക്കുറിച്ചും ചില വാര്‍ത്തകളും ഫീച്ചറുകളും ഇംഗ്ലീഷ് മാധ്യമങ്ങളില്‍ വരികയുണ്ടായി. മറ്റു രാജ്യങ്ങളിലെ മതവിശ്വാസികള്‍ പിന്തുടരുന്ന ആത്മീയ ജീവിതം പോലെ, ബ്രസീലിലെ നഗരഗ്രാമ പ്രദേശങ്ങളില്‍ റമളാന്‍ മാസം വലിയ മാറ്റങ്ങളാണ് കൊണ്ടുവരുന്നതെന്നാണ് ഈ റിപ്പോര്‍ട്ടുകളുടെ ഉള്ളടക്കം.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി ലബനാനില്‍ നിന്നും സിറിയയില്‍ നിന്നുമായി കുടിയേറിയവരാണ് ബ്രസീലിലെ മുസ്‌ലിം സമൂഹങ്ങള്‍ എന്ന് ജൂയിസ് സി ഫോറയിലെ ഫെഡറല്‍ യൂണിവേഴ്സിറ്റിയിലെ ഡിപ്പാര്‍മെന്‍റ് ഓഫ് സയന്‍സ് ആന്‍റ് റിലീജ്യസിലെ വിടോറിയ പറസ് ഒലിവീര നടത്തിയ കഹെമാ ശി ആൃമ്വശഹ ീൃ വേല കഹെമാ ീള ആൃമ്വശഹ? എന്ന അക്കാദമിക പഠനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ആഫ്രിക്കന്‍ അടിമകളായ മുസ്‌ലിംകളും ഇവിടേക്ക് കുടിയേറുകയുണ്ടായി. രണ്ട് ലക്ഷത്തോളം മുസ്‌ലിംകളുള്ള രാഷ്ട്രമാണ് ഇന്ന് ബ്രസീല്‍. 1929ലാണ് ഇവിടുത്തെ മുസ്‌ലിംകള്‍ക്കിടയില്‍ ഒരു സംഘടിത മുന്നേറ്റം നടന്നത്. ദി മുസ്‌ലിം ബെനിഫിറ്റ് സൊസൈറ്റി ഓഫ് സാവോപോളോ എന്ന സംഘടന അന്ന് നിലവില്‍ വരുന്നത് മതകീയമായ അസ്തിത്വം ബ്രസീലിയന്‍ ജീവിത സാഹചര്യത്തില്‍ നിലനിര്‍ത്താന്‍ വേണ്ടിയായിരുന്നു. തത്ഫലമായി, സൗത്ത് അമേരിക്കയിലെ തന്നെ ആദ്യ മുസ്‌ലിം പള്ളി 1935ല്‍ ബ്രസീലില്‍ സ്ഥാപിക്കപ്പെട്ടു. പള്ളികളുടെ നിര്‍മാണത്തോടു കൂടിയാണ് ബ്രസീല്‍ മുസ്‌ലിംകള്‍ മതാചാരങ്ങളോടും അനുഷ്ഠാനങ്ങളോടും കൂടുതല്‍ അടുത്തിടപഴകാന്‍ തുടങ്ങിയതെന്ന് അല്‍ഉറുബത് എന്ന ബ്രസീലിയന്‍ പത്രത്തില്‍ രാജ്യത്തിന്റെമുസ്‌ലിം ചരിത്രമെഴുതിയ ഹെല്‍മി നസ്ര്‍ നിരീക്ഷിക്കുന്നുണ്ട്. തുടര്‍ന്ന് കുരിതിബ, പരാനഗ്വ, ലോന്‍ഡ്രിന, കാമ്പിനസ്, കുയാബ, ബാരറ്റ്സ്, റിയോ ഡി ജനീരിയോ, ബ്രസീലിയ, സാന്‍റോസ്, സാവോ മിഗ്വല്‍, ജുന്‍ഡിയ തുടങ്ങിയ നഗര പ്രദേശങ്ങളിലും പള്ളികള്‍ നിലവില്‍ വരികയുണ്ടായി. 1951ല്‍ ദി ബെനിഫിറ്റ് സൊസൈറ്റി ഓഫ് റിയോഡി ജനീരിയോ, 1962ല്‍ ബിലോ ഹൊറിസോന്‍റ എന്നീ സമൂഹങ്ങളും ഉയര്‍ന്നുവന്നു.

ഓരോ വര്‍ഷവും നിരവധി പേര്‍ ഇസ്‌ലാം സ്വീകരിക്കുന്ന ബ്രസീലില്‍ പരമ്പരാഗത സുന്നി വിശ്വാസം പിന്തുടരുന്ന മുസ്‌ലിംകളാണ് ഭൂരിപക്ഷം. ബ്രസീലിലെ മത നേതൃത്വം പുറം രാജ്യങ്ങളില്‍ നിന്ന് വന്ന ഇമാമുമാരും ശൈഖുമാരുമാണ്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ഏഷ്യന്‍ രാജ്യങ്ങളിലെ ഇസ്‌ലാമിക സ്ഥാപനങ്ങളില്‍ പോയി മതവിദ്യാഭ്യാസം നേടിയ യുവപണ്ഡിതരും ചിലയിടങ്ങളില്‍ പ്രബോധനം നടത്തുന്നുണ്ട്. എണ്‍പത്തിയഞ്ചിലധികം ഇസ്‌ലാമിക സമൂഹങ്ങള്‍ ഇന്ന് ബ്രസീലിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. ഓരോ നാട്ടിലെയും മസ്ജിദ് കേന്ദ്രീകരിച്ചാണ് ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. വെള്ളിയാഴ്ചകളിലെ ചെറിയ കൂട്ടായ്മകളും സാധാരണ വിശ്വാസികളുടെ ആചാരാനുഷ്ഠാനങ്ങളെയും ആഘോഷ രീതികളെയും സ്വാധീനിക്കാറുണ്ട്.

ഇതര മതസ്ഥരുമായി സമ്പര്‍ക്കം പുലര്‍ത്താനും ബഹുസ്വരമായ ഒരു സാമൂഹിക സാഹചര്യമൊരുക്കാനും പലപ്പോഴും ബ്രസീലിലെ മുസ്‌ലിം സമൂഹങ്ങള്‍ക്ക് കഴിയാറില്ല. ദാരിദ്ര്യവും വിദ്യാഭ്യാസമില്ലായ്മയും ഇതിന് ആക്കം കൂട്ടിയിട്ടുണ്ടെങ്കിലും പുതിയ തലമുറ കൂടുതല്‍ സാമൂഹികമായി ഇടപെടുന്ന കാഴ്ചകള്‍ കണ്ടുവരുന്നു. മതാചാരങ്ങള്‍ പിന്തുടരുന്ന മുസ്‌ലിംകളുടെ ജീവിത ശൈലിയെ “അറബിവത്കരണം’ എന്ന് പരിഹസിക്കുന്നവരും ഇവിടെയുണ്ട്. അതേ സമയം, പാരമ്പര്യ ഇസ്‌ലാംമുസ്‌ലിം ജീവിതത്തില്‍ വേരോട്ടം നേടിയിട്ടുണ്ട് എന്നാണ് ബ്രസീലിയന്‍ മുസ്‌ലിംകളുടെ ജീവിതത്തെക്കുറിച്ച് നടന്ന അക്കാദമിക പഠനങ്ങള്‍ കാണിക്കുന്നത്. എന്നാല്‍ മുസ്‌ലിം സമൂഹങ്ങളുടെ വൈവിധ്യങ്ങളെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും നിലവാരമുള്ള പഠനങ്ങള്‍ ഇനിയും നടക്കേണ്ടതുണ്ട്. ബ്രസീലിലെ മുസ്‌ലിം ജന സംഖ്യയില്‍ എണ്‍പത് ശതമാനവും പുതുമുസ്‌ലിംകളായതിനാല്‍ ഇവിടുത്തെ ഇസ്‌ലാമിക മുന്നേറ്റങ്ങള്‍ക്ക് വേഗതയും വൈജ്ഞാനികമായ പിന്തുണയും കുറവാണ്.

ബ്രസീലിലെ റമളാന്‍ ജീവിതത്തിലേക്ക് വരാം. ഖുര്‍ആന്‍ പാരായണമാണ് റമളാനിലെ ബ്രസീലിയന്‍ മുസ്‌ലിംകള്‍ ആവേശത്തോടെ ചെയ്യുന്ന ഒരു പുണ്യകര്‍മം. വീടുകളിലും പള്ളികളിലും ഉയരുന്ന ഖുര്‍ആന്‍ വചനങ്ങളാണ് ഇതര മാസങ്ങളില്‍ നിന്ന് പരിശുദ്ധ റമളാനിനെ ബ്രസീലിയന്‍ ജീവിതത്തില്‍ വ്യതിരിക്തമാക്കുന്നു. ഉയര്‍ന്ന ചൂടുള്ള അന്തരീക്ഷത്തിലും ചെറിയ കുട്ടികളടക്കം നോമ്പനുഷ്ഠിക്കുന്ന കാഴ്ച വിശ്വാസികളല്ലാത്ത നാട്ടുകാര്‍ക്ക് കൗതുകമാണ്. റമളാന്‍ ആഗതമാവുന്നതോടെ മുസ്‌ലിംകളുടെ പൊതുജീവിതത്തില്‍ തന്നെ മാറ്റങ്ങള്‍ വരികയായി. ബ്രസീലിയ നഗരത്തില്‍ പരമ്പരാഗത അറേബ്യന്‍ റസ്റ്റോറന്‍റ് നടത്തുന്ന മുഹമ്മദ് കാസിം ഹിജാസി നോമ്പ് കാലത്ത് രാത്രികളില്‍ സജീവമാകുന്ന നഗരത്തെക്കുറിച്ച് പറയുന്നതിങ്ങനെ: “നോമ്പ് തുറ വിഭവങ്ങള്‍ വൈകിട്ടു തന്നെ ആളുകള്‍ വാങ്ങാനെത്തും. ഇഫ്താര്‍ കഴിഞ്ഞാല്‍ നഗരത്തിലാകെ അത്താഴത്തിനുള്ള വിഭവങ്ങള്‍ തയ്യാറായിക്കഴിഞ്ഞിട്ടുണ്ടാവും. തറാവീഹ് നിസ്കരം കഴിഞ്ഞാലാണ് മുസ്‌ലിംകള്‍ ഒന്നാകെ വിവിധ സാധനങ്ങളും ഭക്ഷണങ്ങളും വാങ്ങാനെത്തുക.’

റമളാന്‍ മാസത്തില്‍, അയല്‍ വീടുകളിലും കുടുംബങ്ങളിലും നോമ്പ് തുറക്കാന്‍ പോവുന്ന പതിവുണ്ട് ബ്രസീലുകാര്‍ക്ക്. ഇങ്ങനെ വിരുന്നിനെത്തുന്നവരെ ആഘോഷപൂര്‍വം സല്‍ക്കരിക്കുന്നത് ഏറെ പുണ്യമുള്ളതായി ഇവര്‍ കരുതുന്നു. സാവോ പോളോയിലെ സുബൈദ ജുമുഅ പറയുന്നതിങ്ങനെ: “”ആഴ്ചയിലൊരിക്കലെങ്കിലും എന്റെ വീട്ടില്‍ സമൂഹ നോന്പ്തുറ ഉണ്ടാവും. എല്ലാ കുടുംബാംഗങ്ങളും ബന്ധുക്കളും അതില്‍ പങ്കെടുക്കും. ഓരോ കുടുംബത്തിലെയും “ഉമ്മ വീട്ടുകാര്‍ക്ക്’ പ്രത്യേകം ക്ഷണമുണ്ടാവും. എന്റെ ഒമ്പത് വയസ്സായ മകള്‍ പോലും മുപ്പത് ദിവസവും നോമ്പനുഷ്ഠിക്കാറുണ്ട്. ലബനാനില്‍ കുടുംബവേരുള്ള സുബൈദ ഫസ്റ്റൂഷേ, ടബൂലേ, ഡോല്‍മ, റുമൂസ്, കിബ്ബെ, ബാബാ കനൂജ്, കഫ്തന്‍, ബിരിയാണി തുടങ്ങിയ ലബനാന്‍ ഭക്ഷണങ്ങളാണ് നോന്പു തുറക്ക് ഒരുക്കാറുള്ളതത്രെ.

അതേ സമയം ആവശ്യക്കാര്‍ക്കനുസരിച്ചുള്ള ഹലാല്‍ മാംസാഹാരം ബ്രസീലിയന്‍ നഗരങ്ങളില്‍ ലഭ്യമല്ല. ഈ പരിമിതി നോമ്പ് കാലത്ത് മുസ്‌ലിംകള്‍ക്ക് പ്രയാസമുണ്ടാക്കാറുണ്ട്.

റമളാന്‍ മാസത്തില്‍ യുവതലമുറ കൂടുതല്‍ ആത്മീയത കൈവരിക്കാറുണ്ടെന്ന് ബ്രസീലിലെ ഫുമിനീസ് ഫെഡറല്‍ യൂണിവേഴ്സിറ്റിയിലെ ബിരുദ വിദ്യാര്‍ത്ഥി പോളോ പിന്‍റോ പറയുന്നു: ഫേസ്ബുക്ക് പോലെയുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ “ഇന്‍ശാ അല്ലാഹ്’ എന്നതിന്റെ ചുരുക്ക രൂപം ക.അ. എന്നെഴുതുമ്പോള്‍ അ എന്നക്ഷരം അല്ലാഹുവിനെക്കുറിക്കുന്നതിനാല്‍ എപ്പോഴും ക്യാപിറ്റലിലാണ് യുവതലമുറ എഴുതുന്നത്. “മാശാ അല്ലാഹ്’ എന്നതിലും ബ്രസീല്‍ യുവത ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുന്നു. ഇത് റമളാന്‍ മാസത്തിന്റെ ഭാഗമായുള്ള ജീവിത മാറ്റത്തിന്റെ പ്രകടമായ ഉദാഹരണമായാണ് പോളോ പിന്‍റോ അഭിപ്രായപ്പെടുന്നത്.

സാവോ പോളോയിലെ അലി ബിന്‍ അബീത്വാലിബ് ഇസ്‌ലാമിക് സെന്‍റര്‍ സ്ഥാപകനും ബ്രസീലിലെ സുപ്രീം കൗണ്‍സില്‍ ഓഫ് ഇമാംസ് ആന്‍റ് ഇസ്‌ലാമിക് അഫേഴ്സ് പ്രസിഡന്‍റുമായ ഖാലിദ് തഖ്യുദ്ദീനും ഈ ആത്മീയ മാറ്റം ശരിവെക്കുന്നു: “”ബ്രസീല്‍ മുസ്‌ലിംകള്‍ കൂടുതല്‍ സ്വതന്ത്രരാണ്. മുസ്‌ലിംകളോടുള്ള വിവേചനം താരതമ്യേന കുറഞ്ഞ രാഷ്ട്രമായതു കൊണ്ട് ഞങ്ങള്‍ക്ക് റമളാന്‍ മാസം കൂടുതല്‍ ആചാരനുഷ്ഠാനങ്ങളും ആത്മീയ ജീവിതവുമായി കഴിയാം. കത്തോലിക്ക ക്രിസ്ത്യാനികളായിരുന്ന നിരവധി പേര്‍ ഇസ്‌ലാം സ്വീകരിക്കുകയും ശാന്തമായ ജീവിതം നയിക്കുകയും ചെയ്യാറുണ്ട്.”

റമളാന്‍ ആരംഭിച്ചു കഴിഞ്ഞാല്‍ ബ്രസീലിലെ എല്ലാ പള്ളികളിലും മതപ്രഭാഷണങ്ങള്‍ നടക്കും. ഖുര്‍ആന്‍ പാരായണം പൂര്‍ത്തിയാക്കിയ ആളുകള്‍ മാത്രം ഒത്തുചേര്‍ന്ന് പ്രത്യേക കൂട്ടു പ്രാര്‍ത്ഥനയും മസ്ജിദുകളില്‍ നടത്താറുണ്ട്. ഈജിപ്തില്‍ നിന്ന് പ്രത്യേകമായി എത്തുന്ന ഇമാമുമാരാണ് മിക്ക പള്ളികളിലും പ്രാര്‍ത്ഥനകള്‍ക്കും പ്രഭാഷണങ്ങള്‍ക്കും നേതൃത്വം നല്‍കുക.

നോമ്പ് തുറകളിലും ബ്രസീലുകാര്‍ക്ക് തനതായ സംസ്കാരമുണ്ട്. പുതുതായി ഇസ്‌ലാം സ്വീകരിച്ച 22,000 പേര്‍ക്ക് മാത്രമായി വലിയ നോമ്പ് തുറ സംഘടിപ്പിച്ച അനുഭവമാണ് ഇസ്‌ലാമിക് ബെനിഫിഷ്യന്‍റ് കള്‍ച്ചറല്‍ സെന്‍റര്‍ പ്രസിഡന്‍റായ ഫൈസല്‍ ഇസ്മാഈലിന് പറയാനുള്ളത്. സുബ്ഹിക്കും തറാവീഹിനും പള്ളികള്‍ നിറഞ്ഞു കവിയുന്ന കാഴ്ചയാണ് ഒരു ഇസ്‌ലാമിക രാഷ്ട്രമല്ലാതിരുന്നിട്ടും ബ്രസീലില്‍ കാണാനാവുന്നതെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

ചുരുക്കത്തില്‍, ഫുട്ബോള്‍ മേളയുടെ അതിപ്രസരത്തിലും ആത്മീയ ജീവിതം സൂക്ഷിക്കുന്ന വലിയൊരു മുസ്‌ലിം വിഭാഗം ബ്രസീലിലുണ്ട്. അവര്‍ തങ്ങളുടെ സാമ്പത്തിക പരാധീനതകള്‍ക്കിടയിലും റമളാനിനെ ആദരപൂര്‍വം ഏറ്റെടുത്തിരിക്കുകയാണ്.

യാസര്‍ അറഫാത്ത് നൂറാനി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ