മക്കയിലെ മുഫ്തിയും പ്രമുഖ ഖുർആൻ വ്യാഖ്യാതാവുമായ ഇമാം സ്വാവി(റ) സൂറത്ത് ഫാത്വിറിലെ എട്ടാം സൂക്തം വ്യാഖ്യാനിച്ച് എഴുതി: ഈ സൂക്തം ഖുർആനും സുന്നത്തും ദുർവ്യാഖ്യാനിച്ച് മുസ്‌ലിംകളുടെ രക്തവും സമ്പത്തും അനുവദനീയമാക്കിയ ഖവാരിജുകളെ സംബന്ധിച്ച് അവതരിച്ചതാണ്. അവരെപ്പോലെ ഈ ഏർപ്പാട് ഒരു വിഭാഗത്തിൽ ഇന്നും നാം കാണുന്നുണ്ട്. ഹിജാസിൽ പ്രവർത്തിക്കുന്ന വഹാബികൾ എന്നറിയപ്പെടുന്ന വിഭാഗമാണവർ. അവരുടെ ധാരണ അവർ വലിയ എന്തോ സംഗതിയിലാണ് എന്നാണ്. അറിയുക അവർ കള്ളവാദികളാണ് (തഫ്‌സീറുസ്വാവി).
പ്രമാണങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് പരസ്യമായി രംഗത്തുവരികയും സ്വഹാബത്തിനെതിരെ തിരിയുകയും ചെയ്ത ഖവാരിജുകളോട് സ്വഹാബികൾ യുദ്ധം ചെയ്തിട്ടുണ്ട്. വളരെ നാശകാരികളായിട്ടാണ് ചരിത്രം അവരെ പരിചയപ്പെടുത്തുന്നത്. ഇബ്‌നു ഉമർ(റ) അവരെ കുറിച്ച് പറയുന്നു: ഖവാരിജുകൾ അവിശ്വാസികളുടെ തെറ്റ് വിശ്വാസികളിൽ ആരോപിച്ചു. അവരുടെ കാര്യത്തിൽ ഇറങ്ങിയ ആയത്തുകൾ വിശ്വാസികൾക്കും ബാധകമാണെന്ന് വാദിച്ചു. അതിനാൽ അല്ലാഹുവിന്റെ പടപ്പുകളിൽ ഏറ്റവും നാശകാരികളാണവർ (ബുഖാരി 2/1024).
മുസ്‌ലിം ലോകത്ത് കലാപമുണ്ടാക്കി അശാന്തി സൃഷ്ടിച്ച ഖവാരിജുകളുടെ അതേ ആശയം തന്നെയാണ് വഹാബികളുടേതുമെന്ന് വഹാബിസത്തിന്റെ സ്ഥാപകനായ മുഹമ്മദുബ്‌നു അബ്ദിൽ വഹാബിന്റെ സ്വന്തം സഹോദരനും പണ്ഡിതനുമായ സുലൈമാനുബ്‌നു അബ്ദിൽ വഹാബ് തന്നെ അക്കാലത്ത് പറഞ്ഞിട്ടുണ്ട്. ‘അസ്സവാഇഖുൽ ഇലാഹിയ്യ ഫിർറദ്ദി അലൽ വഹാബിയ്യ’ എന്ന പേരിൽ ഒരു ഗ്രന്ഥം തന്നെ രചിച്ച് മുഹമ്മദുബ്‌നു അബ്ദിൽ വഹാബിനോട് അദ്ദേഹം പറഞ്ഞു: ‘ താങ്കൾ അലി(റ)യുടെ കാലത്ത് രംഗത്തുവന്ന ഖവാരിജുകളുടെ പിൻഗാമിയാണ്.’ വഹാബിസത്തിന്റെ ചരിത്രം പഠിക്കുമ്പോൾ അവരുടെ ഭീകരതയും അവർ തീർത്ത ചോരച്ചാലുകളും നമുക്ക് മുമ്പിൽ അനാവൃതമാവും.
ക്രിസ്താബ്ദം 1703ൽ റിയാദിനടുത്ത നജ്ദിലെ ഉയയ്‌നയിലാണ് മുഹമ്മദ് ഇബ്‌നു അബ്ദുൽ വഹാബ് ജനിക്കുന്നത്. പിതാവ് അബ്ദുൽ വഹാബ് പണ്ഡിതനും ഖാളിയുമായിരുന്നു. പിതാവിൽ നിന്ന് പഠനമാരംഭിച്ച് ഒടുവിൽ ബസ്വറയിലെത്തി. അവിടെവെച്ചാണ് തന്റെ പുതിയ ആശയം ആദ്യമായി പ്രഖ്യാപിക്കുന്നത്. പ്രവാചകന്മാരോടും സ്വഹാബത്ത് ഉൾപ്പെടെയുള്ള ഔലിയാക്കളോടും മുസ്‌ലിംകൾ കാത്തുസൂക്ഷിക്കുന്ന സ്‌നേഹവും ബഹുമാനവും അവരുടെ ഓർമകൾ നിലനിർത്തുന്നതിനായി ആ മഹാന്മാരുടെ അന്ത്യവിശ്രമ കേന്ദ്രങ്ങളും മറ്റു ചരിത്ര ശേഷിപ്പുകളും സംരക്ഷിക്കുന്നതും അവിടങ്ങളിൽ സന്ദർശനം നടത്തുന്നതും അടക്കമുള്ള പ്രമാണബദ്ധമായ ആചാരങ്ങൾ നിഷേധിച്ചു. അവ വ്യക്തിപൂജയാണെന്നും വീരാരാധനയാണെന്നും ദുർവ്യാഖ്യാനിച്ച് ലോകമുസ്‌ലിംകൾ ഏകദൈവ വിശ്വാസത്തിൽ നിന്ന് ബഹുദൂരം അകന്നുപോവുകയും ബഹുദൈവാരാധകരായി മാറുകയും ചെയ്തിരിക്കുന്നുവെന്ന അപകടകരമായ വാദമാണ് ഇയാൾ ഉന്നയിച്ചത്. അല്ലാഹു ആദരിച്ചവരെയും ആദരിച്ചതിനെയും ആദരിക്കുക എന്ന ഇസ്‌ലാമിന്റെ അടിസ്ഥാന ശിലയെ തന്നെ പൊളിക്കുകയാണ് ഇതുവഴി ഇബ്‌നു വഹാബ് ലക്ഷ്യമിട്ടത്. ‘അല്ലാഹുവിന്റെ ചിഹ്നങ്ങളെ ആദരിക്കുന്നത് തഖ്‌വയുടെ ഭാഗമാണ്’ (അൽഹജ്ജ് 32) എന്ന ഖുർആൻ പാഠം സ്മരിക്കുക. ഇതിനു പകരം അല്ലാഹു അല്ലാത്ത ഒന്നിനെയും ആദരിക്കാൻ പാടില്ല, അപ്രകാരം ചെയ്യൽ അനിസ്‌ലാമികമാണെന്ന പുത്തനാശയം അവതരിപ്പിക്കുകയായിരുന്നു ഇബ്‌നു അബ്ദിൽ വഹാബ്.
വഫാത്തിന്റെ ദിവസങ്ങൾക്ക് മുമ്പ് തിരുനബി(സ്വ) ഉഹുദ് ശുഹദാക്കളെ സന്ദർശിച്ച ശേഷം നടത്തിയ പ്രഭാഷണത്തിൽ പറഞ്ഞു: ‘ഞാൻ നിങ്ങൾക്ക് മുൻഗാമിയായി പോവുകയാണ്. നിങ്ങളുടെ ദീനീ പ്രവർത്തനങ്ങൾക്ക് ഞാൻ സാക്ഷിയാണ്. എനിക്കിപ്പോൾ എന്റെ ഹൗള് കാണാം…’ ഒരു യാത്ര പറച്ചിലിന്റെ സ്വഭാവത്തോടെയുള്ള ആ പ്രഭാഷണത്തിൽ അവിടന്നു പ്രഖ്യാപിച്ചു: അല്ലാഹുവാണ് സത്യം, നിങ്ങളെല്ലാവരും ശിർക്കിന്റെ അഴുക്കു ചാലിൽ വിണുപോകുമെന്ന ഭയം എനിക്കില്ല. പക്ഷേ നിങ്ങൾക്കിടയിൽ അധികാര മത്സരം ഞാൻ ഭയക്കുന്നു.’
സമുദായം മൊത്തം ശിർക്കിലകപ്പെടുമോ എന്ന് നബി(സ്വ) ഭയപ്പെട്ടിട്ടില്ല. പക്ഷേ വഹാബികൾ തങ്ങളല്ലാത്തവരിലെല്ലാം ശിർക്കിന്റെ ചാപ്പയടിച്ചു. തൗഹീദിന്റെ പുന:സ്ഥാപനത്തിനുവേണ്ടി ജിഹാദ് നടത്തണമെന്നും അതിനായി നിലവിലുള്ള മുസ്‌ലിം ഭരണകൂടങ്ങളോട് പോരാടണമെന്നും ഇബ്‌നു അബ്ദിൽ വഹാബ് ആഹ്വാനം ചെയ്തു. എന്നാൽ ബസ്വറയിൽ നിന്ന് ഈ പുതിയ ആശയക്കാരനെ ജനം ഓടിച്ചുവിട്ടു. തുടർന്ന് ഹുറയ്മിലയിലെത്തി ‘അൽഇഖ് വാൻ’ എന്ന പേരിൽ ഒരു പോരാളി സംഘം രൂപീകരിച്ചു. ഉമർ(റ)ന്റെ സഹോദരൻ സൈദുബ്‌നു ഖത്വാബിന്റെ ഖബ്ർ ഈ സംഘം പൊളിച്ചു. ഒരു സ്ത്രീയെ വ്യഭിചാരമാരോപിച്ച് എറിഞ്ഞു കൊല്ലുകയും ചെയ്തു. ഈ സംഭവത്തിലൂടെയാണ് ഈ പ്രസ്ഥാനം കുപ്രസിദ്ധി നേടിയത്. ഇതോടെ ഹുറയ്മിലയിലെ ഗവർണറായിരുന്ന ഉസ്മാൻ ഇബ്‌നു മുഅമ്മർ ഇയാളെ നാടുകടത്തി. ശേഷം തന്റെ ജന്മനാടായ ഉയയ്‌നയിൽ തിരിച്ചെത്തി (താരീഖ് മംലക പേ. 78).
ഇത്രയും കാലത്തെ അനുഭവത്തിൽ നിന്ന് ഇബ്‌നു അബ്ദുൽ വഹാബിന് ഒരു കാര്യം ബോധ്യമായി. തന്റെ ആശയം നടപ്പാക്കണമെങ്കിൽ രാഷ്ട്രീയ അധികാരം ആവശ്യമാണ്. അതിനായി നജ്ദിലെ ഗവർണറായ മുഹമ്മദ് ഇബ്‌നു സുഊദുമായി അടുപ്പം സ്ഥാപിച്ചു. താങ്കൾ ഉസ്മാനി ഖിലാഫത്തിന് കീഴിൽ ഒരു ഗവർണറായി കഴിയേണ്ട ആളല്ലെന്നും തുർക്കികളല്ല അറബികളെ ഭരിക്കേണ്ടതെന്നും പറഞ്ഞ് ഒരു സ്വതന്ത്ര രാജാവാകാനുള്ള ആഗ്രഹം അയാളിൽ സൃഷ്ടിച്ചെടുത്തു.
അങ്ങനെ ഇരുവരും ചേർന്ന് ഒരു കരാറിൽ ഏർപ്പെട്ടു. സഊദിയിൽ നിന്ന് പുറത്തിറക്കിയ ഔദ്യോഗിക ചരിത്ര ഗ്രന്ഥമായ താരീഖ് മംലകത്തുൽ അറബിയ്യ സഊദിയ്യയിൽ അതിനെ കുറിച്ച് പറയുന്നു: ഇസ്‌ലാഹി പ്രവർത്തനത്തിൽ ഇരുവരും സഹകരിച്ചു പ്രവർത്തിക്കുക. ഈ ആശയത്തിലായി പോരാടി ഒരു പുതിയ രാഷ്ട്രം സ്ഥാപിക്കുക. അങ്ങനെ നിലവിൽ വരുന്ന രാജ്യത്തിന്റെ രാഷ്ട്രീയാധികാരം മുഹമ്മദ് ഇബ്‌നു സുഊദിനും കുടുംബത്തിനും അവകാശപ്പെട്ടതും രാജ്യത്തെ മത ഡിപ്പാർട്ടുമെന്റുകളുടെ നിയന്ത്രണം മുഹമ്മദ് ഇബ്‌നു അബ്ദുൽ വഹാബിനും മക്കൾക്കുമായിരിക്കും (പേ. 1/95). അങ്ങനെ മതകാര്യവും രാഷ്ട്രീയവും രണ്ട് കുടുംബങ്ങൾക്കായി വീതംവെച്ച് അവർ അൽഇഖ്‌വാനെന്ന വഹാബി വളണ്ടിയർമാരെയും ഇബ്‌നു സുഊദിന്റെ പോലീസുകാരെയും ഇറക്കി ഭീകരത ആരംഭിച്ചു. വഹാബിസം സ്വീകരിക്കാത്തവരെ നിഷ്‌കരുണം കൊന്നുതള്ളി. അവരുടെ സ്വത്തുക്കൾ യുദ്ധാർജിത സമ്പത്താക്കി പിടിച്ചെടുത്തു.
കൊല, കൊള്ള, മഖ്ബറ ധ്വംസനം

ഇബ്‌നു അബ്ദുൽ വഹാബിന്റെ പിതാവും സഹോദരനായ സുലൈമാൻ ഇബ്‌നു വഹാബും അക്കാലത്തെ മുഴുവൻ പണ്ഡിതരും വഹാബി ആശയത്തെ അതിശക്തമായി എതിർത്തു. പക്ഷേ മനുഷ്യത്വരഹിതമായ അക്രമങ്ങളും ഭീകര താണ്ഡവങ്ങളുമായി അവർ മുന്നേറുകയായിരുന്നു. സൈനി ദഹ്‌ലാൻ(റ) എഴുതി: വഹാബികൾ ത്വാഇഫിലേക്ക് പ്രവേശിച്ചു. ജനങ്ങളെ ഒന്നടങ്കം കൊന്നു. മുതിർന്നവരും കുട്ടികളും ഭരണാധികാരികളും പ്രജകളും അവരുടെ വാളിനിരകളായി. മാതാക്കളുടെ മാറിടത്തിലമർന്ന കുരുന്നുകളെ അവർ കഴുത്തറുത്തു. വീടുകൾ തകർത്ത് അവിടെ ഒളിച്ചവരെ വകവരുത്തി. ത്വാഇഫിലെ പള്ളിയിൽ ദർസ് നടത്തുകയായിരുന്ന പണ്ഡിതനെയും ശിഷ്യന്മാരെയും മുഴുവൻ കൊന്നു. ശേഷം ജനങ്ങളുടെ സമ്പത്ത് മുഴുവൻ ഒരുമിച്ചുകൂട്ടി. അഞ്ചിലൊന്ന് ഭരണാധികാരിയായ മുഹമ്മദ് സഊദിന് കൊടുത്തു. ബാക്കി വഹാബി പട്ടാളക്കാർ വീതം വെച്ചെടുത്തു (ഖുലാസത്തുൽ കലാം).
അതിനിടെ ഇബ്‌നു അബ്ദുൽ വഹാബ് മരണപ്പെട്ടെങ്കിലും അനുയായികൾ കൊള്ളയും കൊലയും തുടർന്നു. മക്കയിലെ ഗവർണർ ശരീഫ് ഗാലിബ് ഖിലാഫത്തിന്റെ ആസ്ഥാനത്ത് പരാതി ബോധിപ്പിച്ചുവെങ്കിലും ബ്രിട്ടീഷുകാരുമായി പല അതിർത്തി പ്രദേശങ്ങളിലും യുദ്ധം നടക്കുന്നതിനാൽ ആഭ്യന്തര ഭീകര പ്രസ്ഥാനത്തെ അമർച്ച ചെയ്യാൻ സാധിച്ചില്ല. വഹാബികൾ ഈ അവസരം മുതലെടുത്തു. അവർ ഇറാഖിലെ കർബലയിലേക്ക് നീങ്ങി. പ്രവാചക പൗത്രൻ ഹുസൈൻ(റ)ന്റെ മഖ്ബറ പൊളിക്കുകയായിരുന്നു ലക്ഷ്യം. അതേക്കുറിച്ച് കേരള വഹാബികളുടെ സ്ഥാപക നേതാക്കളിൽപെട്ട ഇകെ മൗലവി എഡിറ്ററായ അൽഇത്തിഹാദ് മാസിക എഴുതുന്നു: ‘1801 ഏപ്രിൽ ഇരുപതാം തീയതി 10000 വരുന്ന ഒരു വമ്പിച്ച വഹാബി സൈന്യം കർബല പട്ടണം വളഞ്ഞു. പട്ടണവാസികളിൽ ഒരു വിഭാഗത്തെ അവർ കൊന്നുകളഞ്ഞു. ഹുസൈൻ(റ)ന്റെ മഖ്ബറ കൊള്ളയടിച്ചു. അവിടേക്ക് അനറബികളായ സന്ദർശകർ വഴിപാട് കൊടുത്തിരുന്ന എല്ലാ വിലപിടിച്ച രത്‌നങ്ങളും മറ്റും അവർ ശേഖരിച്ചു. ഇതൊന്നും അവരുടെ ഹൃദയത്തിന് അസഹ്യമായി തോന്നിയില്ല. എന്തുകൊണ്ടെന്നാൽ ഖബ്‌റിന് വഴിപാട് കൊടുക്കുന്നവരുടെ നേരെ അവർക്കുണ്ടായിരുന്ന വീക്ഷണഗതി കാഫിറുകൾക്ക് നേരെ ഉണ്ടായിരുന്ന അതേ വീക്ഷണഗതി തന്നെയായിരുന്നു. ഈ സംഭവം ക്രിസ്താബ്ദം 1802, ഹി. 1216 ദുൽഹിജ്ജ മാസത്തിലായിരുന്നു (പുസ്തകം 2 ലക്കം 7. 1955).
മനുഷ്യ മന:സാക്ഷിയെ പിടിച്ചു കുലുക്കിയ ഈ സംഭവം മുസ്‌ലിം ലോകത്താകമാനം, പ്രത്യേകിച്ച് പേർഷ്യയിൽ വൻ കോളിളക്കം സൃഷ്ടിച്ചു. തൽഫലമായി പേർഷ്യൻ ഭരണാധികാരി ഫത്ഹ് അലി ഒരു ലക്ഷം വരുന്ന സൈന്യത്തെ വഹാബികൾക്കെതിരെ സജ്ജീകരിച്ചു. ബാഗ്ദാദ് ഗവർണർ സുലൈമാൻ പാഷയും വലിയൊരു സൈന്യത്തെ തയ്യാറാക്കി. എന്നാൽ പേർഷ്യക്ക് റഷ്യയുമായി അവിചാരിതമായി യുദ്ധത്തിലേർപ്പെടേണ്ടി വന്നു. സുലൈമാൻ പാഷക്ക് കുർദുകളോടും യുദ്ധം ചെയ്യേണ്ടി വന്നു. ഇതു കാരണം വഹാബികൾ രക്ഷപ്പെട്ടു.
കേരള വഹാബികൾ തങ്ങളുടെ നേതാവിന്റെ ഭീകര താണ്ഡവം വിവരിക്കുന്നു: മുസ്‌ലിം സമുദായത്തിന് പറ്റിയ അപകടത്തിന്റെ കാരണം തൗഹീദിന് പറ്റിയ അപകടമാണെന്ന് ശൈഖ് (ഇബ്‌നു അബ്ദുൽ വഹാബ് ) മനസ്സിലാക്കുന്നു. നബി(സ)യുടെ ഖബറിന് സമീപം സഹായാർത്ഥന പാടില്ലെന്നായിരുന്നു അദ്ദേഹം ആദ്യമായി പ്രഖ്യാപിച്ചത്. നൂൽ മന്ത്രിക്കുന്നതും ഉറുക്ക് കെട്ടുന്നതും മഹാന്മാരുടെ മഖ്ബറക്ക് പ്രാധാന്യം കൊടുക്കുന്നതും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. മഖ്ബറകൾ പൊളിച്ച് നീക്കുകയും ചെയ്തു (ഇസ്‌ലാഹി പ്രസ്ഥാനത്തിന് ഒരു ആമുഖം).
മറ്റൊരു ഉദ്ധരണം: ജബീല പട്ടണത്തിൽ ഒരു ഖബറുണ്ടായിരുന്നു. അബൂബക്കർ സിദ്ദീഖ്(റ) ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം കള്ള പ്രവാചകനായി ചമഞ്ഞ് മുസ്‌ലിം സമൂഹത്തെ എതിർത്ത മുസൈലിമത്തുൽ കദ്ദാബുമായുള്ള സമരത്തിൽ ശഹീദായ സൈദുബ്‌നുൽ ഖത്വാബിന്റേതായിരുന്നു ആ ഖബർ. അമീർ ഉസ്മാനും അറുനൂറ് അശ്വഭടന്മാരും ഇബ്‌നു അബ്ദിൽ വഹാബും കൂടി ഭക്തജനങ്ങളുടെ മുന്നിൽവെച്ച് ആ ജാറം നിരപ്പാക്കി (ശൈഖ് ഇബ്‌നു അബ്ദിൽ വഹാബ് പേ. 17).

വിശുദ്ധ മക്കയിലേക്ക്

ഫത്ഹ് അലിയുടെയും സുലൈമാൻ പാഷയുടെയും പ്രത്യാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട വഹാബികൾ അവസരം മുതലെടുത്ത് പരിശുദ്ധ മക്കയെ അക്രമിച്ചു. അവിടെ തുല്യതയില്ലാത്ത ക്രൂരതകളഴിച്ചുവിട്ടു. ഇ മൊയ്തു മൗലവി എഴുതുന്നു: ഹിജ്‌റ 1318, ക്രിസ്താബ്ദം 1803 ഏപ്രിൽ മൂന്നിന് ഇബ്‌നു അബ്ദുൽ അസീസ് വിജയഭേരി മുഴക്കിക്കൊണ്ട് മക്കയിലേക്ക് പ്രവേശിച്ചു. പരിപാവനമായ കഅ്ബയിൽ ഉണ്ടായിരുന്ന എല്ലാ സാധനങ്ങളും രത്‌നങ്ങളും നാണയങ്ങളും അടക്കംചെയ്ത ഭണ്ഡാരങ്ങളും അധീനപ്പെടുത്തി. അവ പട്ടാളക്കാർക്ക് വീതിച്ചുകൊടുത്തു. ഖബറുകളുടെ മേൽ തുർക്കികളും മറ്റും നിർമിച്ച ഗോപുരങ്ങളും മിനാരങ്ങളും പൊളിച്ചുനീക്കി. പിറ്റേക്കൊല്ലം മദീന മുനവ്വറയും കൈവശപ്പെടുത്തി. അവിടെയും മക്കയിൽ ചെയ്തതു പോലെയുള്ള പ്രവൃത്തികൾ ചെയ്തു. ഖബറുകളിലെ ഖുബ്ബ പൊളിച്ചത് വലിയ എതിർപ്പിനു കാരണമായി (ഇന്ത്യൻ മുസ്‌ലിംകളും സ്വാതന്ത്ര്യ പ്രസ്ഥാനവും പേ. 68).
വഹാബികളുടെ മക്കാ അധിനിവേശത്തിനു ശേഷം പുതിയ തൗഹീദിന്റെ ഭാഗമായി നബി(സ്വ)യുടെ ജന്മഗൃഹവും ഖദീജ(റ), അബൂബക്കർ(റ), അലി(റ) തുടങ്ങിയവരുടെ ജന്മവീടുകളും പൊളിച്ചുനീക്കി. ഇസ്‌ലാമിന്റെ ഈറ്റില്ലത്തിൽ വെച്ചുതന്നെ അതിന്റെ എല്ലാ ചരിത്ര ശേഷിപ്പുകളും അവർ തുടച്ചുനീക്കി.
കരുണ വറ്റിയ വഹാബി ഭീകരരുടെ കൊടും ക്രൂരത വിവരിച്ച് ഇബ്‌റാഹീമുൽ മുറാവി ചോദിക്കുന്നുണ്ട്: ‘മക്ക പോലുള്ള വിശുദ്ധ ഭൂമിയിൽ അധിനിവേശം നടത്തുന്നത് ഒരു അമുസ്‌ലിം ഭരണകൂടമായിരുന്നെങ്കിൽ ഇപ്രകാരം നശീകരണം ചെയ്യുമായിരുന്നോ? ഒരിക്കലുമില്ല. അത്യമൂല്യമായ ഈ ചരിത്ര ശേഷിപ്പുകൾ അവർ സംരക്ഷിക്കുമായിരുന്നു.’

അലി(റ)ന്റെ ഖബറിനു നേരെ

പിന്നീട് വഹാബികൾ ഇറാഖിലെ അലി(റ)ന്റെ ജാറത്തിലേക്ക് തിരിച്ചു. രാത്രിയിൽ മുന്നറിയിപ്പ് കൂടാതെയാണ് ആക്രമണം നടത്തിയതെങ്കിലും കാവൽ പോലീസിന്റെ ശ്രദ്ധയിൽ പെട്ടതുകൊണ്ട് തടയാനായി. അവർ ബഹളംവെച്ച് നാട്ടുകാരെ ഉണർത്തി. ജനങ്ങളെല്ലാം സംഘടിച്ച് വഹാബികളെ ചെറുത്തു. വലിയ നാശനഷ്ടമുണ്ടായതോടെ അക്രമികൾ സമാവാ ഭാഗത്തേക്ക് ഓടിരക്ഷപ്പെട്ടു.
അടുത്ത കൊല്ലം വഹാബികൾ ഫുറാത്ത നദിക്കരയിലെ മുസ്‌ലിം പ്രദേശങ്ങൾ അക്രമിക്കുകയും ഡമസ്‌കസിലേക്ക് മുന്നേറുകയും ചെയ്തു. അന്നു ഡമസ്‌കസ് അമീറായിരുന്ന യൂസുഫ് പാഷയെ സംഘത്തിന് പിടികൂടാൻ സാധിച്ചു. അദ്ദേഹം അവരോട് സൗഹാർദത്തിലാവുകയും വഹാബി ആശയം സ്വീകരിക്കാൻ സന്നദ്ധത അറിയിക്കുകയും ചെയ്തു. തന്റെ നാട്ടിൽ നിന്ന് ഹജ്ജിന് വരുന്നവരെ ഉപദ്രവിക്കില്ലെന്ന് ഉറപ്പുവാങ്ങുകയും അവർക്കൊരു സംഖ്യ സമ്മാനിക്കുകയും ചെയ്തു. വഹാബികൾ പണം വാങ്ങുകയും ഹജ്ജ് സംഘത്തിന്റെ കാവൽ ചുമതല ഏൽക്കുകയുമുണ്ടായി. പക്ഷേ വഴിക്കുവെച്ച് ഹാജിമാരുമായി വഴക്കുണ്ടായപ്പോൾ അവരുടെ സമ്പത്ത് പിടിച്ചെടുത്തു. നിർവാഹമില്ലാതെ തീർത്ഥാടകർ ഡമസ്‌കസിലേക്ക് മടങ്ങി. അവരെ പിന്തുടർന്ന വഹാബികൾ പട്ടണം വളഞ്ഞു. പക്ഷേ അപ്പോഴേക്കും ഗവർണർ പ്രതിരോധ സേനയെ തയ്യാറാക്കിയതിനാൽ വഹാബികൾക്ക് കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ല (സംഗ്രഹം: ഇന്ത്യൻ മുസ്‌ലിംകളും സ്വാതന്ത്ര്യ പ്രസ്ഥാനവും).
തുർക്കി സുൽത്താൻ മുഹമ്മദ് രണ്ടാമന്റെ നിർദേശപ്രകാരം ഈജിപ്ത് ഗവർണർ മുഹമ്മദലി പാഷ മകനായ തൂജൂൺ പാഷയെ വഹാബി ഭീകരരെ നേരിടാൻ 10000 സൈനികരോടൊപ്പം നിയോഗിച്ചു. കപ്പൽ വഴി യാമ്പുവിൽ വന്നിറങ്ങിയ അവർ 1813ൽ മദീന മോചിപ്പിച്ചു. ഘോര പോരാട്ടത്തിനൊടുവിൽ 1818ൽ നജ്ദിന്റെ തലസ്ഥാനമായ ദർഇയ്യയും കീഴടക്കി. രാജാവായിരുന്ന അബ്ദുല്ലയെയും മറ്റും ഇസ്തംബൂളിലെത്തിച്ചു. വിചാരണക്കു ശേഷം പതിനായിരങ്ങളെ അന്യായമായി വധിച്ചതിന് പ്രതികാരമായി അവരെ തൂക്കിലേറ്റി. ഇതോടെ ഒന്നാം വഹാബി ഭരണത്തിന് അന്ത്യം കുറിച്ചു. തുടർന്ന് 80 വർഷക്കാലം അവർക്ക് ആധിപത്യമുണ്ടായിരുന്നില്ല.
1914 മുതൽ 18 വരെ നീണ്ടുനിന്ന ഒന്നാം ലോക മഹായുദ്ധകാലത്ത് തുർക്കി ബ്രിട്ടനെതിരെ യുദ്ധം ചെയ്യുന്ന അവസരം മുതലാക്കി ആഭ്യന്തര കലാപം സൃഷ്ടിക്കാൻ വഹാബികൾ കരുനീക്കം നടത്തി. തുർക്കിയെ ക്ഷയിപ്പിക്കാൻ സഹായിക്കുമെന്നതിനാൽ വഹാബി വിഘടനവാദികളെ ബ്രിട്ടീഷുകാർ പിന്തുണച്ചു. കേണൽ ലോറൻസ് എന്ന സൈനികനെ അവർ ഇതിനായി നിയോഗിച്ചു. ജവഹർലാൽ നെഹ്‌റു രേഖപ്പെടുത്തുന്നു: ബ്രിട്ടൻ തുർക്കിയുടെ സാമ്രാജ്യത്തെ അതിന്റെ ദുർബലമായ പല ഭാഗങ്ങളിലും ചെന്ന് ആക്രമിച്ചു. ആദ്യം ഇറാഖിലും പിന്നീട് ഫലസ്തീനിലും സിറിയയിലും. അറേബ്യയിൽ നിലവിലുണ്ടായിരുന്ന ദേശീയബോധത്തെ ബ്രിട്ടൻ ഉപയോഗപ്പെടുത്തുകയും പണവും സാധനങ്ങളും ഉദാരമായി കൈക്കൂലി കൊടുത്ത് തുർക്കിക്കെതിരെ അറബികളുടെ ഒരു ലഹള സംഘടിപ്പിക്കുകയുമുണ്ടായി. അറേബ്യയിലെ ഒരു ബ്രിട്ടീഷ് ഏജന്റായിരുന്ന കേണൽ ലോറൻസായിരുന്നു ഈ ലഹളയുടെ പ്രേണേതാവ് (വിശ്വചരിത്രാവലോകനം 2/867).
ഒന്നാം ലോകയുദ്ധത്തിനു ശേഷം മുസ്‌ലിം രാഷ്ട്രീയ രംഗത്തുണ്ടായ പതനത്തെ കുറിച്ച് നെഹ്‌റു എഴുതി: ലോക യുദ്ധത്തിനു മുമ്പ് മുഴുവൻ രാജ്യവും തുർക്കിയുടെ നിയന്ത്രണത്തിലായിരുന്നു. അഥവാ തുർക്കിയുടെ അധീശത്വം അംഗീകരിച്ചിരുന്നു. എങ്കിലും നജ്ദിൽ ഇബ്‌നു സുഊദ് ഒരു സ്വതന്ത്ര രാജാവെന്ന നിലയിൽ ക്രമത്തിൽ മുന്നോട്ടുവരാൻ തുടങ്ങിയിട്ടുണ്ട്. കൂടുതൽ പ്രദേശങ്ങൾ വെട്ടിപ്പിടിച്ചുകൊണ്ട് അദ്ദേഹം പേർഷ്യൻ ഉൾക്കടൽ തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. പതിനെട്ടാം നൂറ്റാണ്ടിൽ ഇബ്‌നു അബ്ദുൽ വഹാബ് എന്നൊരാൾ സ്ഥാപിച്ചതും പിന്നീട് വഹാബികൾ എന്നറിയപ്പെടുകയും ചെയ്ത ഒരു മുസ്‌ലിം വിഭാഗത്തിന്റെ തലവനായിരുന്നു അദ്ദേഹം (വിശ്വചരിത്രാവലോകനം).
മുസ്‌ലിം ഖിലാഫത്തിനെ തകർക്കാൻ ബ്രിട്ടീഷുകാർ വഹാബികളെ കൂട്ടുപിടിച്ചു. ലോകമുസ്‌ലിംകൾ ഒന്നടങ്കം സാമ്രാജ്യത്വത്തിനെതിരെ ഐക്യപ്പെട്ടു. ഇന്ത്യയിൽ വരെ ഖിലാഫത്ത് പ്രസ്ഥാനം രൂപപ്പെട്ടു. ബ്രിട്ടനെതിരെയുള്ള പോരാട്ടമെന്ന നിലയിൽ മഹാത്മാഗാന്ധി അതിനെ പിന്തുണച്ചു. പക്ഷേ, ഈ നിർണായക ഘട്ടത്തിൽ നക്കാപിച്ച വാങ്ങി വഹാബികൾ ബ്രിട്ടനെ സഹായിക്കുകയാണുണ്ടായത്. നെഹ്‌റു എഴുതി: ലോകയുദ്ധ കാലത്ത് അറേബ്യ ബ്രിട്ടീഷ് കുതന്ത്രത്തിന്റെ കൂത്തരങ്ങായി തീർന്നു. വിവിധ അറബി പ്രധാനികളെ കോഴ കൊടുത്ത് സ്വാധീനിക്കുന്നതിനു വേണ്ടി ബ്രിട്ടീഷ് പണവും ഇന്ത്യൻ പണവും ലോഭം കൂടാതെ ചെലവഴിക്കപ്പെട്ടു. അവർക്ക് എല്ലാതരം വാഗ്ദാനങ്ങളും നൽകി. തുർക്കിക്കെതിരെ ലഹളക്കൊരുങ്ങാൻ അവർ നിരന്തരം പ്രേരിപ്പിക്കപ്പെട്ടു. ഇബ്‌നു സുഊദ് കൂടുതൽ സമർത്ഥനായിരുന്നു. ഒരു സ്വതന്ത്ര രാജാവ് എന്ന തന്റെ നില അദ്ദേഹം ബ്രിട്ടീഷുകാരെ കൊണ്ട് അംഗീകരിപ്പിച്ചു. മാസത്തിൽ 5000 പവൻ (70000.ക) അവരിൽ നിന്ന് വാങ്ങി നിഷ്പക്ഷനായിരിക്കാൻ അദ്ദേഹം സമ്മതിച്ചു. അങ്ങനെ മറ്റുള്ള ആളുകൾ അന്യോന്യം യുദ്ധം ചെയ്തുകൊണ്ടിരിക്കും. ഇബ്‌നു സുഊദ് ബ്രിട്ടീഷ് സ്വർണം കൊണ്ട് തന്റെ നില ഭദ്രമാക്കി (വിശ്വചരിത്രാവലോകനം 2/1060).
പതിമൂന്ന് നൂറ്റാണ്ടു കാലം ലോകത്തെ നിയന്ത്രിച്ച, വൈജ്ഞാനിക നാഗരിക നവോത്ഥാനം സൃഷ്ടിച്ചൊരു ഭരണസംവിധാനം തകർക്കാൻ വഹാബികൾ ബ്രിട്ടീഷുകാരോട് തോളുരുമ്മി പ്രവർത്തിച്ചു. ഇതു മൂലം മുസ്‌ലിം ലോകത്ത് മാത്രമല്ല ഏഷ്യൻ വൻകരയിലാകെയുമുണ്ടായ നാശനഷ്ടങ്ങൾ ചെറുതല്ല. ഖിലാഫത്തിന്റെ തകർച്ചക്കു ശേഷം ബ്രിട്ടൻ മുസ്‌ലിം രാഷ്ട്രങ്ങളിലേക്ക് ഇരച്ചുകയറി. രാഷ്ട്ര ഗാത്രത്തെ ഭാഷയും ഗോത്രവും സംസ്‌കാരവും പരിഗണിച്ച് അനേകം നാടുകളായി വെട്ടിമുറിച്ചു. വീണ്ടുമൊരിക്കൽ കൂടി മുസ്‌ലിം ലോകം ഒറ്റ ഗാത്രമാകാനുള്ള സാധ്യതയേ ഇല്ലാതാക്കി. പശ്ചിമേഷ്യയിൽ എക്കാലവും സംഘർഷം നിറഞ്ഞുനിൽക്കാൻ പാകത്തിൽ ജൂതന്മാരെ ഫലസ്തീനിൽ കൊണ്ടുപോയി കുടിയിരുത്തി. സാമ്രാജ്യത്വ ശക്തികളുടെ ആയുധ മാത്സര്യങ്ങളുടെ ഭൂമികയാക്കി അറബ് ലോകത്തെ മാറ്റിയതിൽ സലഫിസ്റ്റുകളുടെ പങ്ക് ചെറുതല്ല. ഹിജാസും നജ്ദും കൂട്ടിച്ചേർത്ത് 1932 സെപ്തംബർ 22ന് സഊദി അറേബ്യ എന്ന രാഷ്ട്രം പിറന്നു. ഭരണം പിടിക്കാൻ വഹാബി മൂവ്‌മെന്റിനെ ഉപയോഗിച്ചെങ്കിലും പിന്നീട് ഘട്ടംഘട്ടമായി വഹാബികളെ സഊദി ഭരണാധികാരികൾ തള്ളിപ്പറയുന്നതാണ് കണ്ടത്. ഇതിന് കാരണം ഇവരുടെ സമാധാന വിരുദ്ധതയും പ്രമാണവിരുദ്ധവുമായ നിലപാടുകളായിരുന്നുവെന്ന് വ്യക്തം.

 

അസീസ് സഖാഫി വാളക്കുളം

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ