കോഴിക്കോട്: ജനങ്ങളുടെ പൊതുവായ നന്മയും വളര്‍ച്ചയും ലക്ഷ്യം വെക്കുന്ന നയനിലപാടുകള്‍ ഇല്ലാത്ത ഭരണകൂടങ്ങള്‍ക്ക് നിലനില്‍പ്പുണ്ടാവില്ലെന്ന് അഖില്യോ സുന്നിജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് പറഞ്ഞു. ‘മുത്ത് നബി(സ്വ) വിളിക്കുന്നു’’എന്ന ശീര്‍ഷകത്തില്‍ സമസ്തകേരള സുന്നിയുവജന സംഘം (എസ്.വൈ.എസ്) കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച അന്താരാഷ്ട്ര മീലാദ് സമ്മേളനത്തില്‍ മദ്ഹുര്‍റസൂല്‍’പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ഏറ്റവും ദുര്‍ബലരായവര്‍ക്ക് നീതി കിട്ടുന്നുണ്ടോ എന്ന് വിലയിരുത്തിയാണ് ഒരു രാജ്യം വികസിക്കുന്നുണ്ടോ എന്ന് വിലയിരുത്തേണ്ടത്. അതാണ് മുഹമ്മദ് നബി(സ്വ) പഠിപ്പിച്ച മാതൃക. സ്ത്രീകളും കുട്ടികളും ദരിദ്രരും അടങ്ങുന്ന ദുര്‍ബല വിഭാഗങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കിയാണ് മദീനയെ നബിയും ഖലീഫമാരും വളര്‍ത്തിയെടുത്തത്. ആ വളര്‍ച്ചയാണ് ഇന്ത്യക്കും വേണ്ടതെന്ന് സ്വാതന്ത്ര്യം നേടിയ ഘട്ടത്തില്‍ ഗാന്ധിജിയും സൂചിപ്പിക്കുകയുണ്ടായി. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട കുറച്ചു വിഭാഗങ്ങളെയും സ്ഥലങ്ങളെയും മാത്രം ലക്ഷ്യവെക്കുന്നുവെന്നതാണ് നാം നേരിടുന്ന പ്രധാന വെല്ലുവിളി. ഇടുങ്ങിയ ഈ ചിന്തയാണ് വര്‍ഗീയതയും അഴിമതിയും സ്വജനപക്ഷപാതവും ശക്തിപ്പെടാന്‍ കാരണം. ഭരണീയരോടുള്ള ഉത്തരവാദിത്വങ്ങള്‍ യഥാവിധം നിര്‍വഹിക്കാത്തവര്‍ ജനങ്ങളുടെ കോടതിയില്‍ മാത്രമല്ല അല്ലാഹുവിന്റെ കോടതിയിലും വിചാരണ ചെയ്യപ്പെടും. ഭരണാധികാരി എന്ന നിലയില്‍ തന്റെ ഉത്തരവാദിത്വം ഓര്‍ത്ത് ഉറക്കം പോലും നഷ്ടപ്പെട്ട ജനസേവകനായിരുന്നു മുഹമ്മദ് നബി(സ്വ)കാന്തപുരം പറഞ്ഞു.
വ്യക്തിപരമായ വളര്‍ച്ചയും താല്‍പ്പര്യങ്ങളും മാത്രം സംരക്ഷിക്കുന്നതാവരുത് ഒരു വിശ്വാസിയുടെ ജീവിതവും നിലപാടുകളും. അവ മുഴുവന്‍ മനുഷ്യരെയും പ്രകൃതിയെയും ലക്ഷ്യം വെക്കും വിധമാകണം.
ലോകത്തിന് മുഴുവന്‍ അനുഗ്രഹം ചെയ്യുന്നവര്‍ എന്നാണ് തിരുനബിയെ ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. ആ പ്രവാചകന്റെ അനുയായികളും അങ്ങനെയായിരിക്കണം. നബിയെ അവമതിക്കുന്ന സിനിമയും മറ്റും ഉണ്ടാക്കിയവര്‍ തിരുനബി കാണിച്ച ജീവിത വഴിയിലേക്ക് മടങ്ങി വന്നു കൊണ്ടിരിക്കുന്നതാണ് നാം കാണുന്നത്. ഇസ്ലാമിന്റെ സമഭാവനയും സഹജീവി സ്നേഹവുമാണ് അവരെ മദീനയിലേക്ക് എത്തിച്ചത്. ശത്രുക്കളോടും മാന്യമായി പെരുമാറണമെന്നാണ് നബി ഓര്‍മിപ്പിച്ചത്. അവരോട് അതിക്രമം കാണിക്കുന്നത് മുസ്ലിമിന്റെ നിലപാടല്ലകാന്തപുരം തുടര്‍ന്നു.
പതിനായിരങ്ങളാണ് കടപ്പുറത്ത് നടന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിലേക്ക് ഒഴുകിയെത്തിയത്. സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍ പതാക ഉയര്‍ത്തി. സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സമ്മേളനം എസ്.വൈ.എസ് സംസ്ഥാന പ്രസിഡണ്ട് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ ഇ. സുലൈമാന്‍ മുസ്ലിയാര് അധ്യക്ഷത വഹിച്ചു. ഡോ: അഹ്മദ് മുഹമ്മദ് ഖസ്റജി (യു.എ.ഇ), സയ്യിദ് ഹാശിം അഹ്മദ് (മദീന), സയ്യിദ് അലി അബ്ദുറഹ്മാന് (യു എ ഇ) എ കെ അബ്ദുറഹ്മാന് മുസ്ലിയാര്, എ പി മുഹമ്മദ് മുസ്ലിയാര് കാന്തപുരം, പേരോട് അബ്ദുറഹ്മാന് സഖാഫി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, ഡോ:ശഫീഖ് റഹ്മാന് ബര്‍ഖി(എം.പി മുറാദാബാദ്), ഡോ: ഖ്വാജാ ഇക്റാജുദ്ദീന് (ഡയറക്ടര്‍ എന്‍.സി.പി.യു.എല്‍ ഡല്‍ഹി), ഖലീലുല്ലാഹ് സാഹിബ് (സെക്രട്ടറി എന്‍.സി.പി.യു.എല്‍) പ്രസംഗിച്ചു. പ്രവാസി ഭാരത് അവാര്‍ഡ് ജേതാവ് ശിഹാബ് കൊട്ടുകാടിനെ അനുമോദിച്ചു. കൂടുതല്‍ സുന്നിവോയ്സ്’വരിക്കാരെ ചേര്‍ത്ത യൂണിറ്റുകള്‍ക്കുള്ള അവാര്‍ഡും സമ്മേളനത്തില്‍ വെച്ച് നല്കി. സമസ്ത മുശാവറ അംഗങ്ങളും സയ്യിദന്മാരും നേതാക്കളും പരിപാടികള്‍ക്ക് നേതൃത്വം നല്കി. വിവിധ സംഘങ്ങളുടെ നേതൃത്വത്തില്‍ ബുര്‍ദ, ഖവാലി, മൗലിദ് പാരായണങ്ങളും സമ്മേളനത്തിന്റെ ഭാഗമായി നടന്നു. സുലൈമാന്‍ സഖാഫി മാളിയേക്കല്‍ സ്വാഗതവും മജീദ് കക്കാട് നന്ദിയും പറഞ്ഞു.