മദാഇനിലെ പാതയോരത്ത് ഏറെ നേരമായി ജനം കാത്തുനിൽക്കുകയാണ്. പ്രവാചക നഗരിയിൽ നിന്ന് യാത്ര പുറപ്പെട്ട കൊച്ചു സംഘത്തെയാണവർ പ്രതീക്ഷിച്ചു നിൽക്കുന്നത്. ഖലീഫ ഉമർ(റ) നിയോഗിച്ച പുതിയ ഗവർണർ ഇറാഖിന്റെ മോചനത്തിൽ വീരേതിഹാസം രചിച്ച മഹാ വ്യക്തിത്വമാണെന്നറിഞ്ഞതിനാൽ ആബാലവൃദ്ധം ജനങ്ങളും ഗവർണറെ എതിരേൽക്കാൻ എത്തിച്ചേർന്നിരിക്കുകയാണ്. സൂക്ഷ്മതയും ഭയഭക്തിയും ഭരണ നൈപുണ്യവുമുള്ളയാളാണദ്ദേഹമത്രെ.

യാത്രാസംഘം അടുത്തെത്തി. ഫഖീറിനെ പോലെ പഴകിയ വസ്ത്രം ധരിച്ച് കഴുതപ്പുറത്ത് കാൽ തൂക്കിയിരുന്ന് പ്രസന്നവദനനായി വരുന്ന എളിയ മനുഷ്യൻ. വിശപ്പകറ്റാൻ ഉണങ്ങിയ റൊട്ടിക്കഷ്ണം ഉപ്പും കൂട്ടി തിന്നുന്ന സാധുവാണ് പുതിയ ഗവർണർ എന്നറിഞ്ഞപ്പോൾ അവർക്ക് അത്ഭുതം തോന്നിയില്ല.

എന്തിനു അത്ഭുതപ്പെടണം? അദ്ദേഹത്തെ നിയോഗിച്ചത് അമീറുൽ മുഅ്മിനീനല്ലേ. ഭൂമിയുടെ ഖജനാവുകൾ കൈയിലമർന്നിട്ടും സൂക്ഷ്മതയും ഐഹിക വിരക്തിയും കാരണം കഷ്ണം വെച്ച കുപ്പായം ധരിക്കുന്ന ഉമർ(റ). ബൈതുൽ മുഖദ്ദസ് കീഴടക്കാൻ ശാമിൽ ചെന്നപ്പോൾ താഴ്ന്ന ഇനം ഒട്ടകവും കഷ്ണം വെച്ച വസ്ത്രവും കണ്ടിട്ട് ജനങ്ങളാണ് ശരിക്കും മൂക്കത്ത് വിരൽ വെച്ചത്.

‘ഇതൊന്ന് മാറ്റി കീറാത്ത കുപ്പായമിട്ട് തുർക്കിക്കുതിരയിൽ കയറി വന്നിരുന്നെങ്കിൽ കൂടുതൽ ഗാംഭീര്യം ജനിപ്പിച്ചേനെ’ ആരോ അമീറിനോട് പറഞ്ഞു.

‘ഇസ്‌ലാമാണു നമ്മുടെ പ്രതാപം. അല്ലാഹുവല്ലാത്ത ഒന്നിനെയും നമ്മൾ പകരമായി സ്വീകരിക്കുകയില്ല.’ ഖലീഫ പകിട്ടും പത്രാസും വിസമ്മതിച്ചു. പ്രതാപ മാനദണ്ഡം ഇസ്‌ലാമാണെന്നും മേത്തരം വസ്ത്രവും വാഹനവുമല്ലെന്നും പഠിപ്പിച്ചു. ഇങ്ങനെയുള്ള അമീറുൽ മുഅ്മിനീന്റെ പ്രതിപുരുഷനിൽ നിന്ന് അതിലുപരി പ്രതീക്ഷിക്കുന്നതാണ് വാസ്തവത്തിൽ ആശ്ചര്യം.

‘കുഴപ്പത്തിന്റെ ഉറവ നിർഗളിക്കുന്നത് നിങ്ങൾ നിരീക്ഷിക്കണം…’ അമിതാദരവും ആവേശവും കാണിച്ചു തന്നെ വളഞ്ഞുനിൽക്കുന്ന ജനങ്ങളോട് മദാഇനിലെ പുതിയ ഗവർണർ പറഞ്ഞു തുടങ്ങി.

അതെന്താണാവോ?-ആരോ ചോദിച്ചു.

അദ്ദേഹം വിശദീകരിച്ചു:

‘ഭരണാധികാരികളുടെ കൊട്ടാര വാതിലിൽ ചെന്ന് ആദരപുരസ്സരം നിങ്ങൾ ആ കവാടത്തിൽ നിൽക്കും. അയാൾ പറയുന്നത് കളവായാലും നിങ്ങളത് അംഗീകരിക്കും. ഇല്ലാത്ത ഗുണങ്ങൾ പ്രകീർത്തിച്ചും പൊലിപ്പിച്ചും അയാളെ നിങ്ങൾ നശിപ്പിക്കും.’

ഇത് തിരുനബി(സ്വ)യുടെ രഹസ്യ സൂക്ഷിപ്പുകാരൻ എന്ന പേരിൽ വിശ്രുതനായ ഹുദൈഫത്തു ബ്‌നു യമാൻ(റ). അദ്ദേഹത്തെയാണ് രണ്ടാം ഖലീഫ മദാഇനിലേക്ക് പ്രതിനിധിയായി നിയോഗിച്ചിരിക്കുന്നത്. ഹുസൈൻ എന്നായിരുന്നു ഹുദൈഫയുടെ പിതാവിന്റെ യഥാർത്ഥ നാമം. പക്ഷേ യമാൻ എന്ന പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. യമാൻ മക്കളായ ഹുദൈഫയെയും സ്വഫ്‌വാനെയും കൂട്ടി പ്രവാചകർ(സ്വ)യുടെ അടുത്ത് ചെന്ന് ഇസ്‌ലാം ആശ്ലേഷിച്ചു. തിരുദൂതരിൽ നിന്നും പകർന്നുകിട്ടിയ ആ വെളിച്ചം ജീവിതാന്ത്യം വരെ അവർ കെടാതെ സൂക്ഷിച്ചു.

ഹുദൈഫ(റ)യുടെ ഉപ്പ ഹുസൈൻ എന്ന യമാൻ(റ) ഉഹ്ദ് രണാങ്കണത്തിൽ പങ്കെടുത്തിരുന്നു. യുദ്ധം രൂക്ഷമായ ഘട്ടത്തിൽ ആളറിയാതെ മുസ്‌ലിംകളാൽ തന്നെ വധിക്കപ്പെടുകയുണ്ടായി.

യാദൃച്ഛികമായി ഈ രംഗം കണ്ട് പുത്രൻ ഹുദൈഫ(റ) പിതൃരക്ഷക്ക് ഓടിയെത്തിയെങ്കിലും അപ്പോഴേക്കും ശഹീദായിരുന്നു മഹാൻ. അബദ്ധം പിണഞ്ഞെന്നു മനസ്സിലാക്കിയ ഘാതകർ വേദനിക്കുകയും ഹുദൈഫ(റ)നോട് ക്ഷമ ചോദിക്കുകയും ചെയ്തു. ഹുദൈഫ(റ) അവരോട് പ്രതികരിച്ചതിങ്ങനെ:

‘സാരമില്ല, അല്ലാഹു നിങ്ങളോട് മാപ്പാക്കുകയും നിങ്ങൾക്ക് പൊറുത്തുതരികയും ചെയ്യട്ടെ. അവനേറെ കൃപയുള്ളവനും ദയാലുവുമാണല്ലോ.’

ഇതുമാത്രം പറഞ്ഞു ഹുദൈഫ(റ) വീണ്ടും രണാങ്കണത്തിലേക്ക് കുതിച്ചു. സംഭവമറിഞ്ഞ തിരുദൂതർ(സ്വ) ഘാതകരെ വിളിച്ചുവരുത്തി ഇസ്‌ലാമിക വിധി ഓർമപ്പെടുത്തി. പുത്രൻ ഹുദൈഫ(റ) പിതൃവധത്തിന് നഷ്ടപരിഹാരം കൈപ്പറ്റാൻ വിസമ്മതിച്ചു. അവർക്ക് നിരുപാധികം മാപ്പ് നൽകി.

കാര്യങ്ങൾ ഗൗരവപൂർവം വിലയിരുത്താനും പക്വമായ വിധി തീർപ്പുകൾ കൽപിക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് മികവാർന്നതായിരുന്നു. ഖലീഫ ഉമർ(റ) പോലും ചിലപ്പോൾ ഹുദൈഫ(റ)യുടെ അഭിപ്രായമാരാഞ്ഞിരുന്നു. മനുഷ്യമനസ്സുകളിൽ പുരണ്ട കപട വിശ്വാസത്തിന്റെ കറ കണ്ടറിയാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നു. സന്മാർഗത്തിന്റെയും ദുർമാർഗത്തിന്റെയും രേഖ വരച്ചുകാട്ടി ഹൃദയങ്ങളെ അദ്ദേഹം ഇങ്ങനെ വിഭജിച്ചിരുന്നു.

ഒന്ന്: നിഷേധികളുടെ ഹൃദയം. ഇത് ഭദ്രമായി മൂടിയിട്ടടച്ച ഹൃദയമാണ്.

രണ്ട്: കപട വിശ്വാസികളുടെ ഹൃദയം. ഇത് പുറംചട്ടയണിഞ്ഞതാണ്.

മൂന്ന്: സത്യവിശ്വാസികളുടെ ഹൃദയം. ഇത് ആവരണമില്ലാത്ത ശുദ്ധ ഹൃദയമാണ്. ദീപം പോലെ അത് പ്രകാശം പരത്തുന്നു.

നാല്: സത്യവിശ്വാസവും കാപട്യവും കലർന്ന ഹൃദയം.

സത്യവിശ്വാസം ശുദ്ധജലം കൊണ്ട് വളരുന്ന വൃക്ഷം പോലെയും, കാപട്യം രക്തവും ചലവും നിറഞ്ഞ വൃണം പോലെയുമാകുന്നു. ഇവയിൽ ഏത് മറ്റൊന്നിനെ അതിജയിക്കുന്നോ അത് വിജയിക്കും.

‘തിരുദൂതരോട് നന്മയെ പറ്റിയായിരുന്നു എല്ലാവരും ചോദിക്കുകയും പഠിക്കുകയും ചെയ്തിരുന്നത്. പക്ഷേ ഞാൻ ഭയപ്പെട്ടത് തിന്മയെപ്പറ്റിയായിരുന്നു. അതിനാൽ തന്നെ ഞാൻ നബി(സ്വ)യോട് കൂടുതൽ ചോദിച്ചതും തിന്മയെക്കുറിച്ച് തന്നെ’ ഹുദൈഫ(റ) പറയുമായിരുന്നു.

ഒരിക്കലദ്ദേഹം തിരുദൂതരോട് ചോദിച്ചു: യാ റസൂലല്ലാഹ്, എന്റെ നാവ് വളരെ വാചാലമാണല്ലോ. എന്നെ നരകത്തിലെത്തിക്കാൻ അത് ഹേതുകമായിത്തീരുമോ?

നിന്റെ നാവ് കൊണ്ട് ഏറെ നേരം പാപമോചനത്തിന് വേണ്ടി നീ പ്രാർത്ഥിക്കാറില്ലേ? തിരുനബി(സ്വ) തിരിച്ചു ചോദിച്ചു.

‘അതേ, ദിനംപ്രതി നൂറു പ്രാവശ്യമെങ്കിലും ഞാനെന്റെ രക്ഷിതാവിനോട് പാപമോചന പ്രാർത്ഥന നടത്താറുണ്ട്.’

ആപൽഘട്ടങ്ങളെയും നാശങ്ങളെയും സംബന്ധിച്ച ആശങ്കയിൽ ജാഗരൂകരായിരുന്ന ഹുദൈഫ(റ) തിരുദൂതരോട് മറ്റൊരിക്കൽ ചോദിച്ചു:

അജ്ഞതയിലും അന്ധവിശ്വാസത്തിലും വിനാശത്തിലുമായിരുന്നു ഞങ്ങൾ. ദയാലുവായ അല്ലാഹു ഞങ്ങളെ അനുഗ്രഹിച്ചു. ഇനിയും തിന്മയുടെ കാലം ഞങ്ങളിൽ തിരിച്ചെത്തുമോ?

‘അതേ, തിന്മ വീണ്ടും മടങ്ങിവരാം.’

എങ്കിൽ അതിനു ശേഷം നന്മയുടെ കാലഘട്ടം വീണ്ടും വരുമോ?

‘അതേ, നന്മയുണ്ടാകുമെങ്കിലും അക്കാലത്ത് വിനാശം തലയുയർത്തും.’

എന്താണാ നാശം?

‘എന്റെ ചര്യ വിസമ്മതിച്ചു അന്യരെ പിന്തുടരുകയും അനുഗമിക്കുകയും ചെയ്യുന്ന ഒരു വിഭാഗത്തെ കൊണ്ടാവും ഈ മതത്തിന് വിപത്ത് വരിക.’

നരക വാതിലിലേക്ക് മനുഷ്യ മക്കളെ ക്ഷണിക്കുന്ന ഒരു വിഭാഗത്തെ പറ്റി നബി(സ്വ) തുടർന്നു പറഞ്ഞു.

അക്കാലത്ത് ജീവിക്കുന്നുവെങ്കിൽ ഞാനെന്താണ് വേണ്ടത്?

‘മുസ്‌ലിം ജമാഅത്തിനെയും അവരുടെ നേതാവിനെയും നീ പിന്തുടരുക.’

അന്ന് മുസ്‌ലിം ഉമ്മത്തിന് ജമാഅത്തും നേതാവുമൊന്നുമില്ലെങ്കിലോ?

എങ്കിൽ നീ എല്ലാവരെയും നിരാകരിച്ചും വിസമ്മതിച്ചും ഒരു മരത്തിന്റെ കടയ്ക്കൽ കടിച്ചുപിടിച്ചു കഴിയാമെങ്കിൽ നിന്റെ അന്ത്യം വരെ അങ്ങനെ ചെയ്യുക.’ റസൂൽ(സ്വ) പറഞ്ഞുനിർത്തി.

വലിയ ചിന്തകനും തത്ത്വജ്ഞാനിയുമായിരുന്ന ഹുദൈഫതുബ്‌നുൽ യമാൻ(റ)ന്റെ പിഴക്കാത്ത മനനം കാണുക:

മുഹമ്മദ് മുസ്തഫ(സ്വ)യെ റസൂലായി അല്ലാഹു നിയോഗിച്ചു. ദുർമാർഗത്തിൽ നിന്നും സൽസരണിയിലേക്ക് ജനങ്ങളെ ക്ഷണിച്ചു. അത് സ്വീകരിച്ചവർ സന്മാർഗികളും വിസമ്മതിച്ചവർ ദുർമാർഗികളുമായി. റസൂൽ(സ്വ) നമ്മോട് വിടപറഞ്ഞു. തുടർന്ന് ഖിലാഫത്ത് നിലവിൽ വന്നു. വരുംകാലം അത് ദുഷിച്ച് രാജകീയ ഭരണമായി രൂപം പ്രാപിക്കും. അന്ന് ഒരു വിഭാഗം എല്ലാ വിധേനയും രാജഭരണത്തെ എതിർക്കും. അവർ സത്യം കാംക്ഷിക്കുന്നവരായിരിക്കും.

മനസാ-വാചാ മാത്രം എതിർപ്പ് പ്രകടിപ്പിക്കുകയും കർമരംഗത്ത് ശൂന്യരാകുകയും ചെയ്യുന്ന മറ്റൊരു വിഭാഗവുമുണ്ടായിരിക്കും. അവർ സത്യത്തിന്റെ മൂന്നിൽ ഒന്ന് ഒഴിവാക്കിയവരാണ്. മനസ്സു കൊണ്ട് മാത്രം വെറുക്കുകയും വാക്കിലും കർമത്തിലും മൗനമവലംബിക്കുകയും ചെയ്യുന്ന മൂന്നാം വിഭാഗം സത്യത്തിന്റെ മൂന്നിൽ രണ്ടും കൈവെടിഞ്ഞവരായിരിക്കും. എന്നാൽ യാതൊരു വിധേനയും വിസമ്മതം പ്രകടിപ്പിക്കാത്തവർ ജീവിക്കുന്ന മൃതദേഹങ്ങൾക്കു തുല്യമാണ്.

ഖൻദഖ് യുദ്ധവേളയിൽ തിരുദൂതർ(സ്വ) ഹുദൈഫ(റ)നെ വിളിച്ചു ശ്രമകരമായ ഒരു ദൗത്യമേൽപ്പിച്ചു. പരാജയത്തിന്റെ വക്കിലെത്തിയ ശത്രു സൈന്യത്തിന്റെ പാളയത്തിൽ കടന്നുചെന്ന് അവരുടെ വിവരം രഹസ്യമായി അറിഞ്ഞുവരണം.

ഹുദൈഫ(റ) തിരുകൽപ്പന പ്രകാരം യാത്ര തിരിച്ചു. ഭീകരമായ കൊടുങ്കാറ്റും കൂരിരുട്ടുമുള്ളൊരു രാത്രിയായിരുന്നു അത്. ജീവൻ പണയപ്പെടുത്തി അതിസാഹസികമായി അദ്ദേഹം ശത്രുസങ്കേതത്തിലെത്തി. അവർക്കിടയിൽ പാത്തും പതുങ്ങിയും ചെന്നു.

പെട്ടെന്നാണ് അവരുടെ സൈനിക നേതാവിന്റെ വിളംബരം കേട്ടത്:

‘യോദ്ധാക്കളേ, കടുത്ത ജാഗ്രതയോടെ എന്തും തരണം ചെയ്യാനുറച്ച് നിൽക്കുക. ഓരോരുത്തരും പരസ്പരം കൈകോർത്ത് പിടിക്കുക. സമീപസ്ഥൻ ആരാണെന്നറിയാൻ പേര് ചോദിക്കുക. ശത്രുചാരന്മാർ നമുക്കിടയിൽ നുഴഞ്ഞുകയറാൻ സാധ്യതയുണ്ട്.’

വിളംബരം കേൾക്കേണ്ട താമസം കൂരിരുട്ടിൽ ഹുദൈഫ(റ) തൊട്ടടുത്തുണ്ടായിരുന്ന ഒരു സൈനികന്റെ കരം കവർന്നു. നാമം ചോദിച്ചു. അയാളതു പറഞ്ഞു. ഇതോടെ ക്യാമ്പിലെ തന്റെ സ്ഥിതി കുറച്ചൊക്കെ സുരക്ഷിതമായി. ഉടനെ വന്നു അടുത്ത പ്രഖ്യാപനം:

‘ഖുറൈശി സമൂഹമേ, സാഹചര്യം ഇന്ന് നമുക്കനുകൂലമല്ല. നമ്മുടെ ഒട്ടകങ്ങളും കുതിരകളും ഭക്ഷ്യസാധനങ്ങളുമെല്ലാം തീർന്നിരിക്കുന്നു. ബനൂ ഖുറൈളയുടെ നിലപാട് ആശാവഹമല്ല. അവർ വാഗ്ദത്തം ലംഘിച്ചിരിക്കുകയാണ്. ഒരു തമ്പ് പണിയാനോ വിളക്ക് കത്തിക്കാനോ സാധ്യമല്ലാത്ത ഈ കൊടുങ്കാറ്റിൽ നമുക്കെന്തു ചെയ്യാൻ കഴിയും? അതിനാൽ നാട്ടിലേക്ക് തിരിച്ചുപോവുകയേ നിർവാഹമുള്ളൂ.’

എല്ലാം സാകൂതം ശ്രവിച്ച് ഹുദൈഫ(റ) സുരക്ഷിതനായി റസൂലിന്റെ ചാരത്തെത്തി വൃത്താന്തമറിയിച്ചു.

അതുല്യമായ ത്യാഗത്തിന്റെ വീരഗാഥ രചിച്ച യുദ്ധമായിരുന്നു നഹാവന്ദ്. ഒന്നരലക്ഷം വരുന്ന പേർഷ്യൻ സൈന്യത്തെ നേരിട്ടത് അതിന്റെ അഞ്ചിലൊന്ന് മാത്രമുള്ള കേവലം മുപ്പതിനായിരം മുസ്‌ലിം ഭടന്മാർ. റയ്യ്, ദൈനവർ, ഹമദാൻ എന്നീ ചരിത്രപ്രസിദ്ധമായ പ്രവിശ്യകൾ ഇസ്‌ലാമിന്റെ സ്വാധീന വലയത്തിലെത്തിച്ചത് ഈ യോദ്ധാക്കളായിരുന്നു. അർപ്പണ ബോധമുള്ള ആ വ്യൂഹത്തിന് ധീരോദാത്തമായ നേതൃത്വം നൽകിയവരിൽ ഹുദൈഫ(റ)യും ഉണ്ടായിരുന്നു.

പ്രസിദ്ധമായ കൂഫ പട്ടണത്തിന്റെ സംസ്ഥാപനത്തിന് അനുയോജ്യമായ ഭൂപ്രകൃതിയും കാലാവസ്ഥയും നിരീക്ഷിച്ചു അടയാളപ്പെടുത്തിയതും ഹുദൈഫ(റ)വാണ്.

പരലോകത്തിനായി ഇഹലോകത്തെയും ഇഹലോകത്തിനായി പരലോകത്തെയും ഉപേക്ഷിക്കുന്നവനല്ല നിങ്ങളിൽ ഉത്തമൻ. മറിച്ച് രണ്ടും നേടുന്നവനാകുന്നു, ഹുദൈഫ(റ) നാട്ടുകാരെ

ഓർമപ്പെടുത്തുമായിരുന്നു.

‘നിങ്ങൾ എന്റെ അന്ത്യയാത്രക്കുള്ള വസ്ത്രം ഒരുക്കിയിട്ടുണ്ടോ? മരണശയ്യയിൽ സന്ദർശിക്കാൻ വന്നവരോട് അദ്ദേഹം ചോദിച്ചു.

‘ഇതാ കഫൻ ചെയ്യാനുള്ള വസ്ത്രം.’ അവർ പുതുവസ്ത്രം കാണിച്ചുകൊടുത്തു.

‘ഇതൊന്നും എനിക്കുവേണ്ട. രണ്ടു കഷ്ണം വെള്ളത്തുണി മാത്രം മതി. ഖബ്‌റിൽ ഉപേക്ഷിക്കാൻ അൽപമേ വേണ്ടൂ. പുതിയതും ഭംഗിയുള്ളതുമൊന്നും എനിക്കു വേണ്ട.’

ഹിജ്‌റ 36-ാം വർഷം ഒരു നാൾ ആ അധരങ്ങൾ ചലിച്ചു:

‘ദുഃഖം ഒന്നിനും പരിഹാരമല്ല. മരണം പ്രിയങ്കരനായ സ്‌നേഹിതൻ തന്നെ. ലാഇലാഹ ഇല്ലല്ലാഹ്….’

ആ നയനങ്ങളടഞ്ഞു.

(ശറഹുമുസ്‌ലിം, മിർഖാത്ത്, സുവറുൻ മിൻ ഹയാത്തിസ്വഹാബ).

ടിടിഎ ഫൈസി പൊഴുതന

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ