റമളാന്‍ അവധിക്കുശേഷം മദ്റസകളും പള്ളി ദര്‍സുകളും തുറക്കുകയായി. കേരളത്തില്‍ മദ്റസാ പ്രസ്ഥാനത്തിനു തുടക്കമായത് മുതല്‍, ഇന്നത്തെപ്പോലെ വര്‍ണാഭമല്ലെങ്കിലും നവാഗതരുടെ പ്രവേശം ആഹ്ലാദകരമായിരുന്നു. അന്നു പക്ഷേ, കുട്ടിയുടെ പ്രവേശന നാളില്‍ രക്ഷിതാക്കളുടെ പങ്കാളിത്തം ഉണ്ടായിരുന്നില്ലെന്നും സത്യം. ഇന്ന് അതു വളരെ മാറി. ഇക്കാലത്തോട് ചേരുംപടി ചേര്‍ക്കാനാവുമോയെന്നു സംശയിക്കും വിധം വ്യത്യസ്തമായ മദ്റസാ പ്രവേശന കാഴ്ചകള്‍ 1.2.1965ലെ സുന്നി ടൈംസില്‍ പിഎം തളിപ്പറമ്പ് പങ്കുവെക്കുന്നുണ്ട്. “മദ്റസകള്‍ തുറക്കുമ്പോള്‍’ എന്നാണ് തലവാചകം.

പരീക്ഷാഫലത്തെ കുറിച്ച് കുട്ടികളുടെ ആശങ്ക ലേഖകന്‍ പങ്കുവെക്കുന്നതിങ്ങനെ:

“നിമിഷങ്ങള്‍ക്കകം അതു പ്രഖ്യാപിക്കപ്പെടുകയാണ്. എല്ലാവരും ചെവി വട്ടം പിടിച്ചു. ശ്വാസമടക്കിപ്പിടിച്ചു നിശ്ശബ്ദരായി. ചലനരഹിതരായി. ആര്‍ത്തിപൂണ്ട നയനങ്ങളോടെ നോക്കിപ്പാര്‍ക്കുകയാണ്. പരീക്ഷാഫലം പ്രഖ്യാപിക്കപ്പെട്ടു. അതുവരെ പ്രശാന്തമായിരുന്ന അവിടുത്തെ അന്തരീക്ഷം ചലനാത്മകമായിത്തീരുന്നു. പ്രമോഷന്‍ ലഭിച്ചവരുടെ അധരങ്ങളില്‍ സന്തുഷ്ടിയുടെയും കൃതാര്‍ത്ഥതയുടെയും മന്ദസ്മിതം സ്ഫുരിക്കുമ്പോള്‍ പരാജിതരുടെ മുഖത്ത് വിശാദത്തിന്റെയും നൈരാശ്യത്തിന്റെയും കരിനിഴല്‍ കട്ടപിടിച്ചതായി കാണപ്പെടുന്നു. പൊട്ടിച്ചിരികളുടെയും തേങ്ങിക്കരച്ചിലുകളുടെയും ഒരു സങ്കരവേദിയാണിവിടെ ദൃശ്യമാകുന്നത്.’

കുട്ടികളുടെ പ്രവേശനമെന്ന ഉപശീര്‍ഷകത്തിനു താഴെ ഇങ്ങനെ:

“അംഗീകൃത സ്ഥാപനങ്ങളുടെ വ്യവസ്ഥയനുസരിച്ച് പുതുതായി കുട്ടികളെ ചേര്‍ക്കുന്നത് മദ്റസാ വിദ്യാഭ്യാസ വര്‍ഷാരംഭമായ ശവ്വാലില്‍ തന്നെ ആവേണ്ടതുണ്ട്. സ്ഥാപനത്തിന്റെ വ്യവസ്ഥാപിതമായ പഠന ക്രമീകരണത്തിനു ഇക്കാര്യം തികച്ചും അനിവാര്യമാണ്. രക്ഷാകര്‍ത്താക്കളുടെ സത്വരശ്രദ്ധയും പരിപൂര്‍ണമായ സഹകരണവുമിതിനാവശ്യമാണ്. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, മിക്ക രക്ഷിതാക്കളും ഇക്കാര്യം വേണ്ടത്ര കണക്കിലെടുക്കുന്നില്ലെന്നാണ് അനുഭവം. തങ്ങളുടെ രക്ഷാകര്‍തൃത്ത്വത്തിനു കീഴിലുള്ള അഞ്ച് വയസ്സ് തികഞ്ഞ കുട്ടികളെ പുതുതായി മദ്റസയില്‍ ചേര്‍ക്കുന്നതിന് ഏറ്റവും വിലപ്പെട്ട അവസരമാണിത്.

ഈ സുവര്‍ണാവസരം പാഴാക്കുകയാണെങ്കില്‍ അത് തങ്ങളുടെ കുട്ടികളെ സംബന്ധിച്ചിടത്തോളം ഒരു കൊല്ലത്തെ നഷ്ടമാണ് എന്നവര്‍ ഗൗനിക്കുന്നില്ല. വര്‍ഷാരംഭത്തില്‍ ചേരുന്ന കുട്ടികളെ കണക്കിലെടുത്തു കൊണ്ടാണ് പ്രസ്തുത ക്ലാസ്സിലെ ഒരു കൊല്ലത്തെ സിലബസ് സംവിധാനം ചെയ്തിട്ടുള്ളത്. ആഴ്ചകളോ മാസങ്ങളോ കഴിഞ്ഞ ശേഷം ചേര്‍ക്കുന്ന കുട്ടികളെ വേണ്ടവിധം പരിഗണിക്കാന്‍ മുഅല്ലിമിനു സാധ്യമല്ലാതെ വരും. ഇഷ്ടമുണ്ടാകുമ്പോഴും അവസരം ലഭിക്കുമ്പോഴും ചേര്‍ക്കാമെന്ന ധാരണ രക്ഷിതാക്കള്‍ പാടെ ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. ഭൗതിക വിദ്യാലയങ്ങളെ സംബന്ധിച്ച് കൃത്യനിഷ്ഠയില്‍ നിഷ്കര്‍ഷയുള്ള രക്ഷാകര്‍ത്താക്കള്‍ തന്നെയാണ് മദ്റസാ പ്രവേശന ഘട്ടത്തില്‍ കൃത്യവിലോപം കാണിക്കുന്നതെന്ന വസ്തുത വിരോധാഭാസം തന്നെ.’

കുട്ടികളെ ചേര്‍ക്കാന്‍ രക്ഷിതാക്കള്‍ വരാതെ മറ്റുള്ളവരെ പറഞ്ഞുവിടുന്നതിനെപ്പറ്റി ഇങ്ങനെ:

എട്ടും പൊട്ടും തിരിയാത്ത കുട്ടികള്‍ തനിച്ചോ അഥവാ കാര്യബോധവും ഉത്തരവാദിത്വവുമില്ലാത്ത മറ്റാരുടെയെങ്കിലും കൂടെയോ ആണ് മിക്ക മദ്റസകളിലും പ്രവേശനത്തിനായി വരുന്നത്. ഇക്കൂട്ടത്തില്‍ ഭൂരിഭാഗവും രക്ഷിതാക്കളുള്ളവര്‍ തന്നെയാണെങ്കിലും അവര്‍ക്കതിനൊഴിവില്ലെന്നാണ് തെളിയുന്നത്. ഇത് തികച്ചും അനാശാസ്യമായ പ്രവണതയും അക്ഷന്തവ്യമായ കീഴ്വഴക്കവുമാണെന്നു പറയാതിരിക്കാന്‍ നിര്‍വാഹമില്ല. കൃത്യാന്തര ബാഹുല്യത്തിന്റെ കാരണം പറഞ്ഞാണ് രക്ഷിതാക്കളിലധികവും ഈ ഉത്തരവാദിത്വത്തില്‍ നിന്നൊഴിഞ്ഞു മാറുന്നതെന്നു കാണാം. ജോലിത്തിരക്കില്ലാത്ത ആരെയെങ്കിലും ഇന്നു കാണാന്‍ സാധിക്കുമോ? തന്നിലര്‍പ്പിതമായ ഉത്തരവാദിത്തം മറ്റൊരാളെ (ഉസ്താദിനെ) അധികാരപ്പെടുത്തുന്നതില്‍ നമ്മുടെ ശരിയായ സാന്നിധ്യവും സഹകരണവും കൂടിയേ കഴിയൂ.’

പഠനോപകരണങ്ങള്‍ എന്ന ഉപശീര്‍ഷകത്തിനു താഴെ:

കുട്ടികളുടെ വിദ്യാഭ്യാസത്തിനാവശ്യമായ ഉപകരണങ്ങള്‍ കൃത്യമായി വാങ്ങിക്കൊടുക്കുന്നതില്‍ രക്ഷിതാവ് അതീവ ശ്രദ്ധാലുവായിരിക്കണം. ഇതും വര്‍ഷാരംഭത്തില്‍ തന്നെ നിറവേറ്റിയെടുക്കേണ്ടതാണ്. പലതരം മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ഇതില്‍ നിന്നൊഴിഞ്ഞു മാറാന്‍ ശ്രമിക്കുന്ന എത്രയോ രക്ഷിതാക്കളെ നമുക്ക് കാണാം. ഈ കൃത്യവിലോപത്തില്‍ ദരിദ്രരെക്കാള്‍ അല്‍പമൊക്കെ കഴിവും സന്പാദ്യമുള്ളവരെയാണധികമായും കാണപ്പെടുന്നത്. തങ്ങളുടെ കുട്ടികളോട് ചെയ്യുന്ന ഏറ്റവും ഗുരുതരമായ ദ്രോഹമായിട്ടു വേണം ഇതിനെ കണക്കാക്കാന്‍.’

65ലെ വറുതിയുടെ നിഴലും കുറിപ്പില്‍ തെളിയും:

അടുപ്പില്‍ പുക പൊന്തിയിട്ടില്ലാത്ത കുടിലുകളില്‍ നിന്ന് ഒട്ടിയ വയറുമായി മദ്റസയിലേക്ക് വരുന്ന വിദ്യാര്‍ത്ഥികള്‍ വിരളമല്ല. അവരുടെ കൈയില്‍ യാതൊരുവിധ പഠനോപകരണവുമുണ്ടായിരിക്കില്ല. ആശ്വാസത്തിന്റെയും അനുകമ്പയുടെയും കൈത്തിരിയുമായിട്ടായിരിക്കണം ഉസ്താദവരെ സമീപിക്കേണ്ടത്.’

സ്ഥാപന മേധാവികള്‍ക്കുള്ള നിര്‍ദേശമിങ്ങനെ:

പുതുവര്‍ഷത്തോടു കൂടി ക്ലാസ്സുകള്‍ വര്‍ധിക്കാനിടയുള്ളതിനാല്‍ ആവശ്യമായ മുഅല്ലിമുകളെ നിശ്ചയിക്കുന്നതില്‍ മാനേജിംഗ് കമ്മിറ്റി ജാഗരൂകരായിരിക്കണം. ക്ലാസിന്റെ തോതനുസരിച്ച് അധ്യാപകരില്ലാതെ വരുമ്പോള്‍ അത് മദ്റസക്ക് ദോഷമാണ് വരുത്തിത്തീര്‍ക്കുക. ഉള്ളവരെക്കൊണ്ടൊപ്പിക്കുന്ന സിദ്ധാന്തം ആക്ഷേപാര്‍ഹമത്രെ. കമ്മിറ്റിയുടെ സാമ്പത്തിക പരിധിക്കൊപ്പിച്ച് സ്ഥാപനം നിയന്ത്രിക്കുകയല്ല, സ്ഥാപനത്തിന്റെ വളര്‍ച്ചക്കനുസരിച്ച് വരുമാനം വര്‍ധിപ്പിക്കുകയാണ് ഉത്തരവാദിത്ത ബോധമുള്ളവര്‍ ചെയ്യേണ്ടത്.’

നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പാഠപുസ്തകങ്ങള്‍ നല്‍കുക, അര്‍ഹരായ ദരിദ്രവിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുക, സ്കോളര്‍ഷിപ്പ് ഭൗതിക വിദ്യാഭ്യാസത്തിനു മാത്രമായി പരിമിതപ്പെടുത്താതെ ഇസ്‌ലാമിന്റെ ജീവനാഡിയായ മതവിദ്യാഭ്യാസം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളും ലേഖനം ഉന്നയിക്കുന്നുണ്ട്. പുതിയ അധ്യായന വര്‍ഷക്കാലത്തും പ്രസക്തമാണീ ചിന്തകള്‍.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ