കുഞ്ഞിനെ മുലപ്പാല്‍ കുടിപ്പിക്കാന്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ തന്നെ ഉമ്മമാര് മാനസികമായും ശാരീരികമായും തയ്യാറാകണം. പ്രസവത്തിന്റെ ക്ഷീണത്തില്‍ നിന്നും ഉണരുന്ന ഉമ്മ ആദ്യത്തെ ഒരു മണിക്കൂറിനുള്ളില്‍ തന്നെ കുഞ്ഞിന് മുല കൊടുക്കണം. സ്തനങ്ങളില്‍ നിന്നും ആദ്യം സ്രവിക്കുന്ന കൊളസ്ട്രം (colostrum) ഏറെ പ്രധാനമാണ്. കുഞ്ഞിനു വേണ്ടി എല്ലാവിധ പോഷകങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു. നവജാത ശിശുവിന്റെ ദഹനേന്ദ്രിയ വ്യവസ്ഥയ്ക്ക് അനുരൂപമായ ഘടനയാണ് കൊളസ്ട്രത്തിനുള്ളത്. കുഞ്ഞിന് രോഗ പ്രതിരോധ ശക്തി നല്‍കുന്നതിനും ഇത് അനിവാര്യമാണ്. ഓരോ രണ്ടു മണിക്കൂര്‍ കൂടുമ്പോഴും കുഞ്ഞിനെ മുലയൂട്ടേണ്ടതാണ്. മുലയൂട്ടിക്കൊണ്ടിരുന്നാല് മാത്രമേ ശരീരം പാല് ഉല്പാദിപ്പിക്കുകയുള്ളൂ. അന്തഃസ്രാവ ഗ്രന്ഥികള്‍ക്ക് ഉത്തേജനം ഉണ്ടാവാനും മുലയൂട്ടല്‍ ആവശ്യമാണ്. മുലയൂട്ടുന്നതിലൂടെ ഉമ്മയും കുഞ്ഞുമായുള്ള വൈകാരിക ബന്ധം വളര്‍ത്തിയെടുക്കാന്‍ കഴിയുന്നു. ഉമ്മയുടെ ശരീരോഷ്മാവില്‍ ചേര്‍ന്നുകിടക്കുന്ന കുഞ്ഞില്‍ സുരക്ഷിതത്വ ബോധം ഉടലെടുക്കുന്നു. ഉമ്മയ്ക്കാവട്ടെ പരിപാവനമായ മാതൃത്വം ലഭ്യമായതിലുള്ള ആനന്ദവും അനുഭവിക്കാന്‍ കഴിയുന്നു. മുലപ്പാല്‍ നുണഞ്ഞു കിടക്കുന്ന കുഞ്ഞിനെ കാണുന്നതും കുഞ്ഞിന്റെ ശബ്ദം കേള്‍ക്കുന്നതും മുലക്കണ്ണുകളില്‍ കുഞ്ഞിന്റെ ചുണ്ടുകള്‍ സൃഷ്ടിക്കുന്ന വേഗങ്ങള്‍ (impulses)അനുഭവിക്കുന്നതും ഉമ്മയുടെ ആത്മ വിശ്വാസവും വാത്സല്യവും വര്‍ധിപ്പിക്കുന്നു. ഒപ്പം പ്രസവക്ലേശം മറന്ന് സന്തോഷവതിയായി കൂടുതല്‍ മുലപ്പാല്‍ ചുരത്താന്‍ പ്രേരണ ലഭിക്കുകയും ചെയ്യും. കൂടുതല്‍ കാലം മുലപ്പാല്‍ കുടിക്കുന്ന കുട്ടികള്‍ക്ക് ഉമ്മമാരോട് കൂടുതല്‍ അടുപ്പമുണ്ടായിരിക്കും. ഇവര്‍ ബുദ്ധിശക്തിയിലും മുമ്പന്തിയിലായിരിക്കും.
പിറന്നു വീണ കുഞ്ഞിനു ഖര പദാര്‍ത്ഥങ്ങളോ ഇതര ദ്രാവകങ്ങളോ ചേരില്ല. മുലപ്പാലില്‍ കുഞ്ഞിനു വേണ്ട ക്രമീകരണങ്ങളൊക്കെയുണ്ട്. ആദ്യ കാലത്തു എളുപ്പം ദഹിക്കാന്‍ കൊളസ്ട്രം എന്ന വസ്തു മുലപ്പാലില്‍ രണ്ടാഴ്ചത്തേക്കുണ്ടാകും. അതു കുഞ്ഞിനാവശ്യമാണ്. കൃത്രിമ പാലില്‍ അതുണ്ടാകില്ല. അതിനാല്‍ കൊച്ചു കുഞ്ഞുങ്ങള്‍ മുലപ്പാല്‍ തന്നെ കുടിക്കട്ടെ. കുപ്പിപ്പാല് കുഞ്ഞിനു പറ്റിയ അനുപാതത്തിലാകില്ല. മുലപ്പാലില്‍ കുഞ്ഞിനു പറ്റിയ ചൂടിലും ദഹനത്തിനു ചേര്‍ന്ന അളവിലും എല്ലാ പോഷകങ്ങളും ക്രമീകൃതമാണ്. പ്രസവം കഴിഞ്ഞ ഉടനെ കുഞ്ഞിനു മുല കൊടുക്കുന്നതു ഉമ്മയ്ക്കും ആശ്വാസമാണ്. മുലപ്പാല്‍ പശുവിന് പാലിനേക്കാള്‍ എളുപ്പം ദഹിക്കും. ഇതിലെ പ്രോട്ടീനുകളും കൊഴുപ്പും കുഞ്ഞുങ്ങള്‍ക്ക് വേഗം ദഹിപ്പിക്കാവുന്ന തരത്തിലുള്ളതാണ്. മുലപ്പാലിന് രോഗപ്രതിരോധശക്തിയുമുണ്ട്.
മുല കുടിക്കും കുടിപ്പിക്കലിനും മാനസിക വശം കൂടിയുണ്ട്. കുഞ്ഞ് ഉമ്മയെ ആശ്രയിച്ചു വളരണം. അതു കൂടുതല്‍ പ്രകടമാകുന്നതു മുല കുടിയിലാണ്. കുഞ്ഞിന്റെ പോഷണം ഉമ്മയില്‍ നിന്നു കിട്ടണം. ഉമ്മയുടെ കൈകളിലമര്‍ന്ന്, ഉമ്മയുടെ മടിയിലിരുന്ന്, ഉമ്മയുടെ ചുടേറ്റ്, ഉമ്മയുടെ മുഖത്തു നോക്കി, ഉമ്മയില്‍ നിന്നു വലിച്ചു കുടിക്കുമ്പോള്‍ അവര്‍ തമ്മില്‍ വൈകാരിക അടുപ്പം വളരുകയും സുരക്ഷിതത്വ ബോധം ഉണ്ടാകുകയും ചെയ്യും.
കുപ്പി പാല് ആര്‍ത്തിയോടെ വലിച്ചു കുടിക്കുമ്പോള്‍ വിശപ്പു മാറിയാലും വൈകാരിക ദാഹം ശമിക്കില്ല. അതിന്റെ കെടുതികള്‍ പിന്നീടായിരിക്കും പുറത്തു വരിക. ഉമ്മക്കും കുഞ്ഞിനോടു വൈകാരിക ബന്ധവും മാനസിക ഐക്യവും ഉണ്ടാകാനും മുലകുടി സഹായിക്കും. താന്‍ ചൊരിഞ്ഞു കൊടുക്കുന്നതു വഴി കുഞ്ഞു വളര്‍ന്നു വരുന്നതു കണ്ടു സന്തോഷിക്കാന്‍ ഉമ്മക്കു കഴിയണം. വല്ല കാരണവശാലും മുല കുടിപ്പിക്കാന്‍ സാധിക്കാത്തപ്പോള്‍ കുഞ്ഞിനു ഉമ്മയുടെ മുഖം കാണത്തക്കവിധം മടിയിലിരുത്തി സാധാരണ മുല കൊടുക്കുന്നതു പോലെ കുപ്പിപ്പാല് കൊടുക്കുക.
പാലു കൊടുക്കുമ്പോള്‍ ഉമ്മ കുഞ്ഞിന്റെ അടുത്തേക്കു കുനിയാതെ കുഞ്ഞിനെ മാറത്തേക്ക് കൊണ്ടു വരണം. പാല് കുടിപ്പിക്കുമ്പോള്‍ മറ്റൊരിടത്തും നോക്കിയിരിക്കാതെ കുഞ്ഞിനെ സ്നേഹത്തോടെ ശ്രദ്ധിക്കുകയും തലോടുകയും, ഉറങ്ങിപ്പോകുകയാണെങ്കില്‍ പാദങ്ങളില്‍ പതുക്കെ തടവി ബാക്കി കുടിപ്പിക്കുകയും ചെയ്യുക. ആരോഗ്യമുളള വളര്‍ച്ചയെത്തിയ കുഞ്ഞ് അതിന് വിശക്കുമ്പോള്‍ കരയുകയും പാല് കുടിച്ചു സമാധാനപ്പെടുകയും ചെയ്യും. നിശ്ചിത സമയം വെച്ച് ഉണര്‍ത്തി പാലു കുടിപ്പിക്കേണ്ട ആവശ്യമില്ല. ശിശുവിന്റെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും ഏറ്റവും ശ്രേഷ്ഠകരമായ ആഹാരം മുലപ്പാല്‍ തന്നെയാണ്. ഉമ്മയ്ക്ക് വേണ്ടത്ര മുലപ്പാലുണ്ടെങ്കില്‍ നാലഞ്ചു മാസം വരെ മുലപ്പാല്‍ മാത്രം നല്കിയാല് മതിയാവും. മുലപ്പാല്‍ കുടിച്ചതിനു ശേഷം രണ്ടു മുതല്‍ നാലു മണിക്കൂര്‍ നേരം കുട്ടി സുഖമായി ഉറങ്ങുകയും പ്രായത്തിനനുസരിച്ച് തൂക്കം വെയ്ക്കുകയും ചെയ്യുന്നുവെങ്കില്‍ കുഞ്ഞിന് ആവശ്യത്തിന് പാല് ലഭിക്കുന്നുണ്ടെന്ന് അനുമാനിക്കാം.
പ്രസവശേഷം മുലയൂട്ടല്‍ നിര്‍ത്തുന്നതുവരെയുള്ള വിവിധ ഘട്ടങ്ങളില്‍ കുഞ്ഞിന്റെ ശരീര വളര്‍ച്ചയ്ക്കും പോഷണത്തിനും ഏറ്റവും അനുകൂലമായ രീതിയിലാണ് ഉമ്മയുടെ മുലപ്പാല്‍ സ്രവിക്കുന്നത്. അതിനാല്‍ കുഞ്ഞിന്റെ പൂര്‍ണ്ണ വളര്‍ച്ചയ്ക്കായി ഉമ്മയ്ക്ക് മുലപ്പാല്‍ ഉള്ളിടത്തോളം കാലം കുഞ്ഞിന് നല്‍കുന്നത് ഏറ്റവും ഗുണകരമായിരിക്കും. രണ്ട് വയസ്സു വരെ മുലപ്പാല്‍ നല്‍കുക തന്നെവേണം.
ഡോ. അബ്ദുസ്സലാം സഖാഫി ഓമശ്ശേരി