ഉച്ചഭാഷിണിയിലുള്ള ജുമുഅ ഖുതുബയെ ചൊല്ലി 1982 ഡിസംബര്‍ 5ന് പെരുന്പാവൂര്‍ ഓണംപിള്ളി ജുമുഅത്ത് പള്ളിയില്‍ സമസ്തയുടെയും സംസ്ഥാനയുടെയും പ്രതിനിധികള്‍ സംവാദം നടത്തുകയും ഇരുപക്ഷത്തിന്റെയും വാദങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. ശാഫിഈ മദ്ഹബ് പ്രകാരം മൈക്കില്‍ ഖുതുബ പാടില്ലെന്ന് പറയാന്‍ സംസ്ഥാനക്കാര്‍ക്ക് പ്രമാണങ്ങളില്ലെന്ന് സംവാദം കണ്ടപ്പോള്‍ തന്നെ തടിച്ചുകൂടിയ സദസ്യര്‍ക്ക് ബോധ്യപ്പെട്ടിരുന്നു. അത് കഴിഞ്ഞ ലക്കത്തില്‍ പരാമര്‍ശിക്കുകയുണ്ടായി. ഇരുപക്ഷവും ഐകകണ്ഠ്യേന തെരഞ്ഞെടുത്ത മധ്യസ്ഥന്മാര്‍ ജമാഅത്ത് കമ്മിറ്റിക്ക് സമര്‍പ്പിച്ച സംവാദാവലോകന റിപ്പോര്‍ട്ടിലും ഇത് വ്യക്തമാക്കിയതു കാണാം. ഈ റിപ്പോര്‍ട്ട് പൂര്‍ണരൂപത്തില്‍ 1983 മാര്‍ച്ച് 4 ലക്കം സുന്നിവോയ്സില്‍ പ്രസിദ്ധീകരിച്ചു. നിഷ്പക്ഷമായി ചിന്തിക്കുന്നവര്‍ക്കു കാര്യം ഗ്രഹിക്കാന്‍ ഇതുപയുക്തമാകുമെന്നു ഞങ്ങള്‍ കരുതുന്നുവെന്ന ആമുഖത്തോടെ പ്രസിദ്ധം ചെയ്ത പ്രസ്തുത റിപ്പോര്‍ട്ടില്‍ നിന്ന്:
ഓണംപിള്ളി മുസ്ലിം ജമാഅത്തിലേക്ക്
മാന്യരെ, അസ്സലാമു അലൈക്കും.
ഓണംപിള്ളിയില്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിച്ചു ഖുതുബ ഓതുന്നതു സംബന്ധിച്ച് നിലവിലിരിക്കുന്ന തര്‍ക്കം പരിഹരിക്കുന്നതിനു സ്പീക്കര്‍ ഉപയോഗിക്കുന്നതു ഹറാമാണെന്നു വാദിക്കുന്ന സംസ്ഥാനയുടെയും മുബാഹ് ആണെന്നു വാദിക്കുന്ന സമസ്തയുടെയും ഉലമാക്കളുടെ ഒരു സംവാദം 1982 ഡിസംബര്‍ 5ാം തിയ്യതി ഞായറാഴ്ച ഉച്ചക്കുശേഷം ഓണംപിള്ളി ജുമുഅത്ത് പള്ളിയില്‍ ജനനിബിഡമായ ഒരു സദസ്സില്‍ വെച്ചു നടത്തപ്പെടുകയുണ്ടായി. പ്രസ്തുത സംവാദത്തെ നയിക്കുന്നതിനും നിയന്ത്രിക്കുന്നതിനും അനന്തരം ഒരു തീര്‍പ്പ് കല്‍പിക്കുന്നതിനും ഞങ്ങളെ ചുമതലപ്പെടുത്തിയതിനാല്‍ സംവാദത്തിന്റെ ഒരു സംക്ഷിപ്ത റിപ്പോര്‍ട്ടും തദടിസ്ഥാനത്തിലുള്ള ഞങ്ങളുടെ തീരുമാനവും താഴെ ചേര്‍ക്കുന്നു.
ഇരുകക്ഷികളും അവരവരുടെ വാദഗതികള്‍ തെളിക്കുന്നതിനും ആവശ്യമായ തെളിവുകള്‍ നിരത്തിവെക്കുന്നതിനും വളരെ വാശിയോടുകൂടി തന്നെ ശ്രമിക്കുന്നതായി കണ്ടു. ചര്‍ച്ച നയിക്കുന്നവരുടെ പൂര്‍ണ നിയന്ത്രണങ്ങളെ മാനിച്ചുകൊണ്ടു തന്നെ കുറഞ്ഞ മിനുട്ടുകളില്‍ ചോദ്യങ്ങള്‍ക്കുത്തരം കൊടുക്കുന്നതിനുള്ള വ്യഗ്രത ഇരു കക്ഷികളിലും പ്രകടമായി കണ്ടിരുന്നു. ദലീലുകളും വേണ്ട സമയത്ത് തസ്ഹീഫുന്നഖ്ലും നല്‍കുന്നതിലും ഇരുകക്ഷികളും ഉത്സുകരായി കാണപ്പെട്ടു. ഇരുകക്ഷികളുടെ ഭാഗത്തുനിന്നും സന്ദര്‍ഭവശാല്‍ ഉണ്ടായ ബാലിശമായ വാഗ്വാദങ്ങളും ബലഹീനമായ തെളിവുകളും ഇവിടെ ഉദ്ധരിക്കേണ്ട ആവശ്യം ഇല്ലെന്നു ഞങ്ങള്‍ മനസ്സിലാക്കുന്നു.
ഒന്നാം കക്ഷിക്കു (സംസ്ഥാന) ലൗഡ് സ്പീക്കറിലൂടെയുള്ള ഖുതുബ ഹറാമാണെന്നു ദലീല്‍ സഹിതം ശാഫി മദ്ഹബിന്റെ കിതാബ് ഉദ്ധരിച്ചുകൊണ്ട് തെളിയിക്കാന്‍ കഴിയുന്നതായി ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. അബ്ദുറഹിമാന്‍സ്സഅഫര്‍ എന്നു പറയപ്പെടുന്ന ആളിന്റെ ഒരു ഇബാറത്ത് വായിച്ചുവെങ്കിലും അദ്ദേഹം ആരാണെന്നു തെളിയിക്കുന്നതിനും അദ്ദേഹത്തിന്റെ കാലഘട്ടത്തെപ്പറ്റിയുള്ള ചോദ്യത്തിനും മറുപടി നല്‍കുന്നതിനും ശ്രമിച്ചതായി കണ്ടില്ല.
ബി അന്‍ യര്‍ഫഅല്‍ ഖതീബു സൗതഹു എന്ന ഇബാറതിന്മേല്‍ ആലത്തുകള്‍ ഉപയോഗിച്ചുകൂടാ എന്ന വാദം ശരിയല്ലെന്നു രണ്ടാം കക്ഷിയുടെ കാര്യകാരണ സഹിതം ഖണ്ഡിച്ചുള്ള സംസാരത്തിനു തൃപ്തികരമായി മറുപടി ലഭിച്ചതായി ഞങ്ങള്‍ കരുതുന്നില്ല. ഫലായക് ഫില്‍ ഇസ്റാറുബിഹി എന്ന തഫ്രീഗു തന്നെ ബിഅന്‍ യര്‍ഫഅല്‍ ഖതീബു സൗതഹു എന്നതു കൊണ്ടുള്ള ഉദ്ദ്യേം ആലത്ത് ഉപയോഗിച്ചുകൂടാ എന്നല്ലെന്നു വ്യക്തമാക്കുന്നു എന്ന രണ്ടാം കക്ഷിയുടെ വാദത്തെ നിഷേധിക്കുവാന്‍ കഴിഞ്ഞതായി ഞങ്ങള്‍ മനസ്സിലാക്കുന്നില്ല. ലൗഡ് സ്പീക്കറിലൂടെയുള്ള ശബ്ദം ഖതീബിന്റെ ശബ്ദമാണെന്നും സ്വദാ (പ്രതിധ്വനി) അല്ലെന്നും സ്പീക്കറിലൂടെ ഖതീബ് ശബ്ദിക്കുമ്പോഴുള്ള ശബ്ദം ഖതീബിന്റെ ശബ്ദം തന്നെയാണെന്നുമുള്ള രണ്ടാം കക്ഷിയുടെ ലക്ഷ്യസഹിതമുള്ള വാദത്തെ എതിര്‍ക്കുന്നതില്‍ ഒന്നാം കക്ഷി വിജയിച്ചതായി ഞങ്ങള്‍ കരുതുന്നില്ല.
ആകയാല്‍ ഉപരി സൂചിതമായ വാദപ്രതിവാദത്തിന്റെ ന്യായങ്ങളുടെ അടിസ്ഥാനത്തില്‍ ലൗഡ്സ്പീക്കര്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് ഞങ്ങള്‍ തീരുമാനിക്കുന്നു. ജമാഅത്തിന്റെ എ്യെത്തെയും ഭദ്രതയെയും സര്‍വോപരി മുസ്ലിം സമൂഹത്തിന്റെ പൊതു നന്മയും കണക്കിലെടുത്ത് ഈ പ്രശ്നം ഇതോടെ അവസാനിപ്പിക്കണമെന്ന് ബഹു. ജമാഅത്തിനോട് ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു. ചില്ലറ പ്രശ്നങ്ങളെ ചൊല്ലി സമൂഹത്തിലുണ്ടാവുന്ന അനൈക്യവും ശിഥിലീകരണ പ്രവണതയും വരുത്തിവെക്കുന്ന ദൂരവ്യാപകമായ വിപത്തുകളുടെ അനന്തരഫലങ്ങള്‍ മുസ്ലിം സമൂഹം മൊത്തത്തില്‍ അനുഭവിക്കേണ്ടി വരുമെന്നുള്ള യാഥാര്‍ത്ഥ്യത്തെ ഈ അവസരത്തില്‍ ഓര്‍മപ്പെടുത്തുവാന്‍ ആഗ്രഹിക്കുകയാണ്.
റബ്ബ് സുബ്ഹാനഹു വതആലാ അച്ചടക്കവും അനുസരണയുമുള്ള സമൂഹത്തില്‍ ഉള്‍പ്പെടുത്തുകയും അവന്റെ പൊരുത്തം സന്പാദിക്കുന്നതിന് തൗഫീഖ് ചെയ്യുകയും ചെയ്യുമാറാവട്ടെ!
എന്ന്,
1. ചേലക്കുളം കെഎം മുഹമ്മദ് അബുല്‍ ബുശ്റാ മൗലവി
എംഎഫ്ബി
എംഐഎ കോളേജ്
തൊടുപുഴ (ഒപ്പ്)
2. കെഎം ഫരീദുദ്ദീന്‍ മൗലവി
എംഎഫ്ബി
ജെബിഎ കോളേജ്
പേഴക്കാപിള്ളി (ഒപ്പ്)
3. വിഎം മൂസ മൗലവി
എംഎഫ്ബി
എച്ച്എംഎ കോളേജ്
കുഞ്ഞിനിക്കര
ബഹുമാനപ്പെട്ട ഉലമാക്കളുടെ അഭിപ്രായ ഭിന്നതയും മറ്റുവക സാമ്പത്തിക ചെലവുകളും പരിഗണിച്ചു ആവശ്യമില്ലെങ്കില്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കാതിരിക്കലാണ് നല്ലത് എന്നുകൂടി ഞാന്‍ രേഖപ്പെടുത്തുന്നു
എന്ന്,
വിഎം മൂസ മൗലവി
എംഎഫ്ബി (ഒപ്പ്)
പള്ളികളിലെ മൂന്നും നാലും നിലകള്‍ പോവട്ടെ, വിശാലമായ അകം പള്ളിയുടെ തന്നെ മധ്യഭാഗത്തിനപ്പുറം ഖുതുബ തീരുവോളം വ്യക്തമായ ശബ്ദം കേള്‍പ്പിക്കാന്‍ ശരാശരി ഖതീബിനാവില്ലെന്നതിനാല്‍ ഇപ്പോള്‍ ആവശ്യമില്ലെങ്കില്‍ ഒഴിവാക്കുന്ന പ്രശ്നം ഉദിക്കുന്നില്ലല്ലോ. സമസ്തയില്‍ നിന്നു വിഘടിക്കാന്‍ സംസ്ഥാന കണ്ടുപിടിച്ച ആശയങ്ങളിലൊന്ന് അതി ദയനീയമായി പൊതുജന സമക്ഷം തകര്‍ന്നുവീഴുന്നതിന് രംഗവേദിയായി പെരുന്പാവൂര്‍ സംവാദം. എന്നിട്ടും ഫോട്ടോ എടുക്കുന്നതിലുണ്ടായ പോലെ ഒരു സ്വയം തിരുത്തിനൊരുങ്ങാതെ ആ അബദ്ധവഴിയില്‍ തുടരുകയാണവരെന്നാണു വിചിത്രം!