വൈവിധ്യങ്ങളും വ്യത്യസ്തതകളും നിറഞ്ഞ സുന്ദര സൃഷ്ടികർമങ്ങളിലൂടെ തന്റെ അപാര കഴിവ് പ്രകടിപ്പിക്കുകയായിരുന്നു സ്രഷ്ടാവ്. അവയിലേക്ക് കണ്ണും ചിന്തയും ആഴ്ത്തുവാനും വൈവിധ്യങ്ങളെ ദൃഷ്ടാന്തമായി സ്വീകരിക്കാനും അവൻ അരുൾ ചെയ്തു. സമയങ്ങൾ വ്യത്യസ്തം-രാവും പകലും, അതിന്റെ വൃദ്ധിക്ഷയവും ഋതുക്കളും വ്യത്യസ്തം. ഭൂമിയിൽ നിങ്ങൾക്കുവേണ്ടി അവൻ പടച്ചതെല്ലാം വ്യത്യസ്ത വർണങ്ങളിൽ (16/13). ഭൂമിയുടെ ഘടനയും വ്യത്യസ്തം. മലകൾ, സമുദ്രങ്ങൾ, സസ്യജാലങ്ങൾ, ജന്തുക്കൾ, പഴവർഗങ്ങൾ എല്ലാം വിവിധ സ്വഭാവങ്ങളിലും വർണങ്ങളിലുമാണ്. തേനീച്ച ഉൽപാദിപ്പിക്കുന്ന തേനുകൾ വ്യത്യസ്ത നിറവും രുചിയും ഗുണവും പ്രകടിപ്പിക്കുന്നതിനെക്കുറിച്ചു പോലും അല്ലാഹു ഉണർത്തി(16/69). മനുഷ്യരുടെ വർണവും ഭാഷയും വ്യത്യാസപ്പെട്ടിരിക്കുന്നു (30/22). പ്രപഞ്ചത്തെ എത്ര സുന്ദരമായാണ് അവൻ സംവിധാനിച്ചിരിക്കുന്നത്.
ഈ പ്രാപഞ്ചിക-പാരിസ്ഥിതിക സൗന്ദര്യത്തെകുറിച്ച് അവൻ രണ്ടു സൂക്തങ്ങളിൽ സമഗ്രമായി സംഗ്രഹിച്ചതിങ്ങനെ വായിക്കാം: അല്ലാഹു മേലെനിന്നും ജലം വർഷിപ്പിച്ചതുകണ്ടില്ലേ നീ. എന്നിട്ട് അതുവഴി വിവിധ വർണങ്ങളോടുകൂടിയ പഴങ്ങൾ നാമാണ് ഉൽപാദിപ്പിച്ചത്. പർവതങ്ങളിൽ പോലും കാണാം നിനക്ക് നിറഭേദങ്ങൾ. വെളുത്തതും ചുകന്നതുമായ വ്യത്യസ്ത പർവതങ്ങൾ. കറുത്തിരുണ്ടവയുമുണ്ട് അവയിൽ. അതുപോലെ, മനുഷ്യരിലും ജന്തുക്കളിലും കന്നുകാലികളിലും വിഭിന്ന വർണങ്ങൾ കാണാം. (വർണവൈവിധ്യമല്ല മാനദണ്ഡം) അല്ലാഹുവിന്റെ അടിയാറുകളുടെ കൂട്ടത്തിൽ നിന്ന് ജ്ഞാനികളത്രെ നിശ്ചയമായും അവനെ ഭയക്കുന്നത്. അല്ലാഹു പൊറുക്കുന്ന പ്രതാപിയാണ് (ഫാതിർ/27,28). എല്ലാ വൈവിധ്യങ്ങളും സ്രഷ്ടാവിന്റെ സർവജ്ഞതയും അത്യപാര കഴിവും തെളിയിക്കുന്നു.
വൈവിധ്യവും നാനാത്വവും സൗന്ദര്യവും കൗതുകവും പ്രധാനം ചെയ്യുമെങ്കിലും വ്യത്യസ്തതകൾക്കൊപ്പം സവിശേഷതകൾ സംവഹിക്കുന്നതാണവയിൽ പലതും. പഞ്ചേന്ദ്രിയങ്ങളെയും അവയ്ക്കപ്പുറത്തുള്ള ബുദ്ധിയെയും സുഖിപ്പിക്കുന്ന പ്രത്യേകവും വ്യത്യസ്തവുമായ രൂപങ്ങൾ, നിറങ്ങൾ, രുചികൾ, ഭാവങ്ങൾ, ചലനരീതികൾ ഇവയ്ക്കിടയിലുണ്ട്. ചിലതിനു മേന്മകൾ കൂടുതലാണ്; മറ്റുചിലതിനു മേൻമ കുറവും. പ്രകൃതിയെ സ്രഷ്ടാവ് സംവിധാനിച്ചതങ്ങനെയാണ്.
എല്ലാം അവന്റെ നിശ്ചയങ്ങൾ. പ്രത്യേക പരിഗണന നൽകിയ സമയങ്ങൾ, സവിശേഷ ആദരവ് കൊടുത്ത സ്ഥലങ്ങൾ, ബഹുമാനം ഏറെ നൽകിയ വ്യക്തികൾ, വർഗങ്ങൾ. പഴവർഗങ്ങൾക്കിടയിലും അധിക മേൻമയുള്ളവയുണ്ടല്ലോ. എല്ലാം ഒരേ വെള്ളം നനച്ച് വളർത്തപ്പെടുന്നവയാണെങ്കിലും അവയിൽ ചിലതിനെ മറ്റു ചിലതിനേക്കാൾ അല്ലാഹു ശ്രേഷ്ഠഗുണം നൽകി ആദരിച്ചിട്ടുണ്ട്. അതിൽ ചിന്തിക്കുന്ന ജനങ്ങൾക്ക് ദൃഷ്ടാന്തമുണ്ട് (റഅ്ദ്/4).
ഭക്ഷണം ഓഹരിവെക്കുന്നതിലും കാണാം ചില അളവു വ്യത്യാസങ്ങൾ. അല്ലാഹു നിങ്ങളിൽ ചിലർക്ക് ചിലരേക്കാൾ ഭക്ഷണ കാര്യങ്ങളിൽ സവിശേഷ പരിഗണന നൽകിയിരിക്കുന്നു (നഹ്ൽ/71). മനുഷ്യപുത്രൻമാർക്ക് പൊതുവെ മറ്റു സൃഷ്ടികളേക്കാൾ അല്ലാഹു ആദരവു നൽകി; സഞ്ചാരസൗകര്യം ഒരുക്കി, ഭക്ഷണം നൽകി; തന്റെ ഇതര സൃഷ്ടികളിലാർക്കും നൽകാത്ത പരിഗണനയും പ്രദാനിച്ചു (ഇസ്‌റാഅ്/70).
സ്ത്രീയും പുരുഷനും പദവിയിലും സ്ഥാനമാനങ്ങളിലും വ്യത്യസ്തരാണ്. പുരുഷന് അധികമേൻമയുണ്ട്. അല്ലാഹുവിന്റെ സംവിധാനമങ്ങനെയാണ്. പുരുഷനു നൽകിയ അധിക പദവി സ്ത്രീ വ്യാമോഹിച്ചിട്ടുകാര്യമില്ല; അവനത് വിലക്കിയിരിക്കുന്നു (നിസാഅ്/32-34). പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട പ്രവാചകന്മാർക്കിടയിൽ പോലും സകലരും സമാന പദവിയിലല്ലല്ലോ; ചിലർക്ക് മികവേറെയാണ് (2/253,17/55).
ഇവയൊന്നും സൃഷ്ടികളുടെ തെരഞ്ഞെടുപ്പല്ല; വ്യത്യസ്തകളും സവിശേഷതകളും അധികമേൻമകളും സ്രഷ്ടാവിന്റെ ദാനമാണ്; നിശ്ചയമാണ്. തനിക്കുയാതൊരു പങ്കുമില്ലാത്ത ജൻമം, ദേശം, വർഗം, ശരീരഘടന എന്നിത്യാദിയിലൂന്നി അഹങ്കരിക്കാനും മറ്റുള്ളവരെ ഇകഴ്ത്താനും മനുഷ്യന് അർഹതയില്ല. വ്യത്യസ്തതകളെ ആസ്വദിക്കുകയും അതിലെ സ്രഷ്ടാവിന്റെ വൈദഗ്ധ്യം വായിച്ചെടുക്കുകയും ചെയ്യുന്നതോടൊപ്പം, സവിശേഷ ഗുണങ്ങളുള്ളതിനെ അർഹിക്കുന്ന വിധം ബഹുമാനിക്കാനും പരിഗണിക്കാനും മനുഷ്യൻ പഠിക്കണം. അതാണ് പ്രകൃതിയോടും സ്രഷ്ടാവിനോടും പ്രകടിപ്പിക്കാനുള്ള മര്യാദ.
മനുഷ്യരെ തട്ടുകളാക്കിയത് ഫറോവ
അധികമായി ലഭിച്ച അനുഗ്രഹങ്ങളുടെ ബലത്തിൽ അഹങ്കരിക്കാനും കീഴ്ത്തട്ടിലുള്ളവരോട് അക്രമം ചെയ്യാനും ചരിത്രത്തിൽ മികച്ചുനിന്നത് ഈജിപ്തു ഭരിച്ച ഫറോവമാരാണെന്നു വിശുദ്ധ ഖുർആൻ കുറ്റപ്പെടുത്തുന്നു: നിശ്ചയം ഫറോവ നാട്ടിൽ അഹങ്കാരം കാണിച്ചു; ദേശവാസികളെ അയാൾ തട്ടുകളാക്കിവെച്ചു. ഒരു വിഭാഗത്തെ അയാൾ അധഃസ്ഥിതരായി ഗണിച്ചു (ഖസ്വസ്വ്/04). ജനങ്ങളെ ചൂഷണം ചെയ്തു സുഖലോലുപരായി വാണിരുന്ന മേലാള വർഗം, തങ്ങളുടെ ‘ഔന്നത്യം’ നിലനിറുത്താൻ ചെയ്തുപോന്ന കുടില തന്ത്രങ്ങളിലൊന്നായിരുന്നു പ്രജകളെ തട്ടുകളാക്കി വിഭജിക്കുകയെന്നത്. പ്രജകൾക്കിടയിൽ സമവായം രൂപപ്പെടാതിരിക്കാനും അവർ ഒന്നിച്ചുനിന്നു സിംഹാസനം ആക്രമിക്കാതിരിക്കാനുമാണ് ഈ ‘പൊളിട്രിക്‌സ്’ സ്വീകരിച്ചുപോന്നത് (തഫ്‌സീർ അബുസ്സുഊദ് കാണുക).
കോപ്റ്റിക് (ഖിബ്ഥി) വംശജനായ ഫറോവ തന്റെ വംശത്തിന് സവർണപദവി നൽകി. സാധാരണ പൊതുജനം അധഃസ്ഥിതരും. അവർക്ക് വർണമില്ല, വർണനകളില്ല. വരേണ്യ കുലമഹിമയുമില്ല. ഇത്തരമൊരു സവർണ കോപ്റ്റിക് വംശീയവാദി ദുർബലനായ അവർണ ദേശവാസിയെ അനർഹമായി ആക്രമിക്കുകയും പ്രഹരിക്കുകയും ചെയ്യുന്നതുകണ്ടപ്പോൾ മൂസാ നബി(അ)ന് ധർമരോഷമുയർന്നു; മനുഷ്യസ്‌നേഹം തിരതല്ലി, പ്രതികരണശേഷി കർമസജ്ജമായി. വംശീയതക്കെതിരെയുള്ള യുവതയുടെ ചരിത്രത്തിലെ ആ ആദ്യ പ്രതികരണത്തിന്റെ ദൃക്‌സാക്ഷി വിവരണം വിശുദ്ധ ഖുർആനിൽ വായിക്കാം: നാട്ടുകാരുടെ ശ്രദ്ധയിൽ പെടാത്തവിധം അദ്ദേഹം പട്ടണത്തിൽ കടന്നുചെന്നപ്പോൾ രണ്ടു ചെറുപ്പക്കാർ പരസ്പരം പൊരുതുന്നതദ്ദേഹം കണ്ടു. ഒരാൾ തന്റെ സ്വന്തം വംശക്കാരൻ, രണ്ടാമൻ അദ്ദേഹത്തിന്റെ ശത്രു വംശജനും. സ്വന്തം വംശക്കാരൻ ശത്രുവിനെതിരെ തന്നോട് സഹായം തേടി. പൊടുന്നനെ മൂസാ ശത്രുവംശജനെ മുഷ്ടി ചുരുട്ടി ഇടിച്ചു. അതോടെ അയാളുടെ കഥ കഴിഞ്ഞു (ഖസ്വസ്വ്/15).
ഹത്യയുദ്ദേശിച്ച് ഇടിച്ചതല്ലെങ്കിലും കരുത്തനായ മൂസാ(അ)യുടെ ഇടി കനത്തതായിരുന്നു. അബദ്ധം പിണഞ്ഞതിൽ മൂസാനബി(അ) ഖേദിച്ചു. പക്ഷേ, നിരപരാധിയെ സഹായിക്കാതെ കേവലം കാഴ്ചക്കാരനായി നിൽക്കുകവഴി അപരാധിക്കു സഹായം ചെയ്യുന്നവനായില്ലല്ലോ എന്ന അഭിമാന ചിന്ത മൂസാ നബി(അ) അല്ലാഹുമായി പങ്കുവെക്കുന്നുണ്ട് (അപരാധത്തിനെതിരെ പ്രവർത്തിക്കാതിരിക്കുന്നവൻ അപരാധത്തിലെ കൂട്ടാളിയാണെന്ന് തത്ത്വം). പിന്നീട്, വംശീയ വാദികളും മാനവ വിരുദ്ധരുമായ ഫറോവമാരെ പരസ്യമായി നേരിടുവാൻ തന്നെ മൂസാ നബിക്കു നിർദേശം ലഭിച്ചു. ഒടുവിൽ ഫറോവയും സൈന്യവും നൈൽ നദിയിൽ നിമഞ്ജനം ചെയ്യപ്പെടുവോളം ആ മനുഷ്യസ്‌നേഹിയുടെ വിപ്ലവം തുടർന്നു.
മനുഷ്യ സമത്വത്തിന്റെ മാഗ്‌നാകാർട്ട
മനുഷ്യവംശം ഒരാണിൽ നിന്നും ഒരു പെണ്ണിൽ നിന്നുമാണ് ഉയിർക്കൊണ്ടത്. ആദവും ഹവ്വയും നമ്മുടെ മാതാപിതാക്കൾ. ആദ്യമനുഷ്യൻ ആദം(അ)മാണല്ലോ ആദ്യപ്രവാചകൻ. അല്ലാഹു പ്രത്യേകം ആദരിച്ചു നൽകുന്ന പദവിയാണ് പ്രവാചകത്വം. സംസ്‌കാര സമ്പന്നൻ, ധർമനിഷ്ഠൻ. ഉന്നതങ്ങളിൽ അല്ലാഹുവുമായി ആശയ വിനിമയം സാധിച്ച മഹാപുരുഷൻ. അവിടുത്തെ സന്താന പരമ്പരയാണ് ഭൂമിയിലെ സകല മനുഷ്യരും. പിതാവില്ലാതെ ജനിച്ച ഈസാ(അ) പ്രവാചകനു പോലും മാതാവുണ്ടല്ലോ. എല്ലാ മനുഷ്യ പുത്രനും അഭിമാനിക്കാം തന്റെ മാതാപിതാക്കളെക്കുറിച്ച്. സ്വർഗത്തിൽ നിന്നിറങ്ങിയ വിശിഷ്ടാതിഥികളായിരുന്നു അവർ. പാരമ്പര്യത്തിന്റെ കാര്യത്തിൽ മനുഷ്യപുത്രന്മാർ ആരും പിന്നില്ല. കൃത്യമായ അഡ്രസ്സുണ്ട് മനുഷ്യന്. തറവാടിത്തമുണ്ട്. അല്ലാഹു മനുഷ്യനു നൽകിയ ആദരവുകളിലൊന്നത്രെയിത്. പരമ്പര പരിശോധിച്ചാൽ ആദം-ഹവ്വയിൽ ചെന്നവസാനിക്കാത്ത മനുഷ്യരാരുണ്ട്? ഉണ്ടാകാൻ സാധ്യമല്ലെന്ന് വിശുദ്ധ ഖുർആന്റെ പ്രഖ്യാപനം വിളിച്ചോതുന്നു: ‘ഹേ മനുഷ്യരേ, നിങ്ങളെ നാം പടച്ചിട്ടുള്ളത് ഒരാണിൽ നിന്നും ഒരു പെണ്ണിൽ നിന്നുമാകുന്നു’ (49/13).
പിന്നീട് മനുഷ്യർ വർധിച്ചപ്പോൾ വർഗവും വംശവും ഉണ്ടായിവന്നു. ആർജിതശേഷികളും പ്രത്യേക സാമൂഹ്യ സാഹചര്യങ്ങളും ചില വർഗങ്ങൾക്ക്/വംശങ്ങൾക്ക് സവിശേഷ സ്ഥാനം നേടിക്കൊടുത്തു. ധനാഢ്യത, രാജപദവി, ശരീരകരുത്ത്, ജ്ഞാനശക്തി, ഭക്തി തുടങ്ങിയവ ചിലർക്ക് പ്രത്യേക മഹത്ത്വവും അന്തസ്സും നേടിക്കൊടുത്ത ഘടകങ്ങളാണ്. പരമ്പര പരിശോധിച്ചാൽ സകലരും ആദം സന്തതികൾ തന്നെ, രാജാവാകട്ടെ, പ്രജയാകട്ടെ. കുലീനനാകട്ടെ, കുചേലനാകട്ടെ. സാമൂഹ്യ ശാസ്ത്ര ചരിത്രകാരൻ അല്ലാമാ ഇബ്‌നു ഖൽദൂൻ പറയുന്നു:
അന്തസ്സ് മനുഷ്യരിൽ ഉണ്ടായിവരുന്ന ഒന്നാണ്. അതു ഉണ്ടായിവരുകയും ഇല്ലാതാകുകയും ചെയ്യുന്നു. സൃഷ്ടികളിൽ ഒരാൾക്കും, ആദം(അ) മുതൽ ആ വ്യക്തിവരെ, ഇടതടവില്ലാതെ അയാളുടെ പിതാക്കന്മാർക്കെല്ലാം ശ്രേഷ്ഠ ഹൃദയങ്ങളുണ്ടായിരുന്നതായി കാണപ്പെടുന്നില്ല (മുഖദ്ദിമ, മുട്ടോണിശ്ശേരിയുടെ പരിഭാഷയിൽ നിന്നും, പേ 169).
ഏതൊരു കുലമഹിമയ്ക്കും അന്തസ്സിനും, അതില്ലാതിരുന്ന സ്ഥിതി മുമ്പുണ്ടായിരുന്നുവെന്നും പിന്നീടില്ലാതായിട്ടുണ്ടെന്നും ഇബ്‌നു ഖൽദൂൻ സമർത്ഥിക്കുന്നുണ്ട്. എത്രയെത്ര രാജകുടുംബങ്ങൾ വഴിയാധാരമായിട്ടുണ്ട്. അടിമകളായിരുന്നവർ രാജകുടുംബങ്ങളായി വിലസിയിട്ടുണ്ട്.
മനുഷ്യരെല്ലാം വംശപരമായി ആദം പുത്രന്മാരാണെന്നു ചുരുക്കം. പിന്നീട് ഗോത്രങ്ങളും സമുദായങ്ങളുമായിത്തീർന്നു. അറബിയും അനറബിയുമുണ്ടായി. പൗരസ്ത്യനും പാശ്ചാത്യനുമുണ്ടായി. വെളുത്തവനും കറുത്തവനുമായിത്തീർന്നു. ഈ വക വിഭജനങ്ങൾക്കൊന്നും അല്ലാഹുവിങ്കൽ പ്രത്യേക പരിഗണനയില്ല. അവൻ വിശ്വാസവും ഭക്തിയും മാത്രമാണ് പരിഗണിക്കുക. മനുഷ്യർക്കിടയിൽ വളർന്നുവന്ന പരിഗണനകൾ അല്ലാഹു നിരാകരിക്കുന്നില്ല. പക്ഷേ, ഒരു ഭാഗത്ത് അഹങ്കാരവും അക്രമവാസനയും മറുഭാഗത്ത് നിന്ദ്യതയും പീഡിതാവസ്ഥയും രൂപപ്പെടാൻ അവൻ സമ്മതിക്കുന്നില്ല. അവന്റെ നിയമങ്ങളിൽ മനുഷ്യനെന്ന നിലക്കുള്ള പക്ഷപാതമില്ല. എല്ലാവർക്കും ഇസ്‌ലാം കാര്യം അഞ്ചുതന്നെ. ഈമാൻ കാര്യം ആറും. ഏതു വംശത്തിൽ, നാട്ടിൽ പിറന്നവനാണെങ്കിലും ശിക്ഷാനിയമങ്ങൾ ഒരുപോലെ ബാധകമാണ്. മുഹമ്മദ് നബി(സ്വ)യുടെ പുത്രി ഫാത്വിമ മോഷ്ടിച്ചാൽ പോലും കൈവെട്ടും. നീതിബദ്ധമാണ് ഇസ്‌ലാമിക നിയമം. വൻസ്രാവുകൾ രക്ഷപ്പെടാൻ പഴുതില്ല. ചെറുമീനുകൾ കുരുങ്ങാൻ പ്രത്യേക വലയുമില്ല.
മനുഷ്യരിൽ മഹത്ത്വമേറിയവരുണ്ട്
ആദമിന്റെ പുത്രന്മാരെന്ന നിലയിൽ ചീർപ്പിന്റെ പല്ലുകൾ പോലെ സമന്മാരാണ് മനുഷ്യർ. പക്ഷേ, പിന്നീട് സംജാതമായ ഒട്ടേറെ കാരണങ്ങളാൽ ചിലർ വ്യത്യസ്തരാണ്. പാരമ്പര്യം പരിശോധിച്ചാൽ ചിലർ വ്യത്യസ്തരാകുന്നതു കാണാം. ആദം നബിവരെ പൂർവപിതാക്കളൊന്നൊഴിയാതെ അന്തസ്സുള്ളവരും ശ്രേഷ്ഠരുമാണെന്നു അവകാശപ്പെടാൻ ആർക്കാണു കഴിയുക? നബി(സ്വ)ക്കല്ലാതെ. ഇബ്‌നുഖൽദൂൻ പറയുന്നു:
ഇതിൽ നിന്നും ഭിന്നമായി നബിതിരുമേനി(സ്വ) മാത്രമേയുള്ളൂ. അവിടുത്തേക്കുള്ള ദൈവികാനുഗ്രഹമായും നബിയിലടങ്ങിയ ദൈവിക രഹസ്യം സൂക്ഷിക്കപ്പെടുന്നതിനു വേണ്ടിയുമായിരുന്നു അത് (മുഖദ്ദിമ).
തിരുനബി(സ്വ)യുടെ പിതൃപരമ്പരയിൽ ആരും വ്യഭിചാര പുത്രന്മാരില്ല. സമൂഹത്തിൽ നിന്ദ്യരായി അടിമത്തമോ മറ്റോ ചുമക്കേണ്ടി വന്നിട്ടില്ല. ദൈവനിഷേധികളോ ബഹുദൈവ വിശ്വാസികളോ ആയി ആരും ഉണ്ടായിരുന്നില്ലെന്നും ചേർത്തുവായിക്കണം. അതിനാൽ തിരുനബി(സ്വ)യുടെ പുത്രപരമ്പരക്ക് പിൽക്കാലത്തും ഈ വക പോറലുകൾ സംഭവിച്ചില്ലെങ്കിൽ വിശുദ്ധ പാരമ്പര്യം അർഹിക്കുന്നുണ്ട്. നേട്ടത്തെ അഭിനന്ദിക്കാനും നേടിയവരെ ആദരിക്കാനും വിശ്വാസി മാതൃക കാണിക്കുന്നു. അതിനാൽ പ്രവാചക പരമ്പരയോട് അവർക്ക് പ്രത്യേക ബഹുമാനമാണ്. വിശ്വാസം, ഭക്തി, ചാരിത്ര്യം എന്നിവയിൽ ഭംഗം വരുമ്പോൾ ആ ബഹുമാനം പിൻവലിക്കാനും അവർ തയ്യാറാണ്.
വിവിധ ഗോത്രങ്ങളും സമുദായങ്ങളുമായി വിഭജിക്കപ്പെട്ട സ്വന്തം മേൽവിലാസം ഉറപ്പുവരുത്തുന്ന സാമൂഹ്യ ഘടനയാണ് മനുഷ്യന്റേത്. എങ്കിലും ‘വിശ്വാസി’ എന്ന നിലയിൽ ഒരു ഗോത്രത്തിന്റെ/സമുദായത്തിന്റെ പഴക്കം അളന്ന് മഹിമ ചുമത്തുന്ന രീതി ഇസ്‌ലാമികാധ്യാപനങ്ങളിലൊന്നാണ്. വേരിന്റെ ആഴം മരത്തിന്റെ ബലമാണല്ലോ; ഇസ്‌ലാമിന്റെ പാരമ്പര്യത്തിന്റെ പഴക്കം മുസ്‌ലിം വൃക്ഷത്തിന്റെ കരുത്തിന്റെ അടയാളമായാണ് ഗണിക്കുക. ഈ യോഗ്യതയുടെ അടിസ്ഥാനത്തിൽ അവന് പ്രത്യേക പദവിയുണ്ട്. അതായത് ഒരു പാരമ്പര്യ മുസ്‌ലിമും ഒരു പുതുമുസ്‌ലിമും നിസ്‌കരിക്കാനെത്തിയെന്നിരിക്കട്ടെ; പാരമ്പര്യ മുസ്‌ലിം ഇമാമാകണം. പുതു മുസ്‌ലിം പിന്നിലും. അവർ ഏതു വംശജരും നാട്ടുകാരുമായിക്കൊള്ളട്ടെ. നിസ്‌കാര നിയമങ്ങളിൽ നിപുണനായ ഒരാളും അതില്ലാത്ത മറ്റൊരാളും സംഗമിച്ചാൽ നിയമജ്ഞനാണ് മുന്നിൽ നിൽക്കുന്നത്. പാരായണ വിദഗ്ധനും അജ്ഞനും സംഗമിച്ചാൽ വിദഗ്ധൻ നേതൃത്വം നൽകണം. അങ്ങനെയുള്ള പ്രത്യേക പരിഗണനകൾ ഇസ്‌ലാമിലുണ്ട്. അത് വിജ്ഞാനത്തിന്റെ കൂടി പേരിലുള്ളതാണ്.
വിവാഹ ബന്ധത്തിലൂടെ വിവിധ കുടുംബങ്ങളൊന്നിക്കുമ്പോൾ, കുലീനതയെന്നപോലെ തൊഴിൽ പദവിയും പരിഗണിക്കപ്പെടണം (അവിഹിത സംസർഗം, അവിശ്വാസം തുടങ്ങിയ കാരണങ്ങളുണ്ടെങ്കിൽ ഖുറൈശിയാണെങ്കിലും കുലീനത മുറിഞ്ഞുപോകും). എല്ലുമുറിയെ പണിയെടുക്കുന്ന തൊഴിലാളികളെ ലാസ്റ്റ് ഗ്രേഡിലേക്ക് തള്ളുന്ന ഗ്രേഡിംഗ് സിസ്റ്റമല്ല ഇസ്‌ലാമിലേത്. വൃത്തി, അനുവദനീയത, സത്യസന്ധത, സാമൂഹ്യ പ്രാധാന്യം തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഇസ്‌ലാം തൊഴിലിനെ ഗ്രേഡ് ചെയ്യുന്നത്. ഏറ്റവും മികച്ച തൊഴിൽ കൃഷിയും കച്ചവടവും തന്നെ.
(തുടരും)
സ്വാലിഹ് പുതുപൊന്നാനി