malappuram-malayalam

‘അവിടെ വലിയ കേന്ദ്രമുണ്ട്. കേരളത്തിലെ മലപ്പുറം ജില്ലയിൽ. അവിടെ മതപരിവർത്തനം നടക്കുന്നു. മാസത്തിൽ ആയിരത്തോളം പേരെ മതംമാറ്റുന്നു. ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്‌ലിംകളാക്കുന്നുവെന്നാണ് റിപ്പോർട്ട്. മെയ് മാസത്തിൽ ഞാനവിടെ പോയിരുന്നു. പൊലീസ് ഡയറക്ടർ ജനറലിനെയും ചീഫ് സെക്രട്ടറിയെയും കണ്ടു. മാസത്തിൽ ആയിരത്തോളം പേരെ ഈ കേന്ദ്രത്തിൽ വെച്ച് മതം മാറ്റുന്നുണ്ടെന്ന് ഞാനവരോട് പറഞ്ഞു. എന്താണ് കാരണം? ദാരിദ്ര്യം മുതലെടുത്താണോ മതംമാറ്റം? അവർ ഭീഷണിപ്പെടുത്തുന്നുണ്ടോ? തൊഴിലിനെക്കുറിച്ച് സംസാരിക്കുന്നുണ്ടോ? എന്താണ് അവർ ചെയ്യുന്നത് കണ്ടെത്തണം. ഇക്കാര്യം പുറത്തുവരികയാണ്’ – കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹൻസ്‌രാജ് ആഹിറിന്റേതാണ് ഈ വാക്കുകൾ. വൈക്കം സ്വദേശിയായ അഖില ഇസ്‌ലാം സ്വീകരിച്ച് ഹാദിയയാവുകയും ഷെഫിൻ ജഹാൻ എന്ന ചെറുപ്പക്കാരനെ വിവാഹം കഴിക്കുകയും ചെയ്തതിനെത്തുടർന്ന് ഉടലെടുത്ത നിയമയുദ്ധത്തിൽ എൻ ഐ എ അന്വേഷണം പ്രഖ്യാപിച്ച സുപ്രീം കോടതി ഉത്തരവിന് ശേഷമായിരുന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ ഈ പ്രതികരണം. ഹാദിയ കേസ് ‘ലവ് ജിഹാദി’ന് സമാനമാണെന്ന് എൻ ഐ എ കോടതിയിൽ പറയുകയും ചെയ്തിരുന്നു.

മൈസൂർ സുൽത്താനായിരുന്ന ടിപ്പുവിന്റെ പടയോട്ടക്കാലത്ത് മലബാറിലെ ക്ഷേത്രങ്ങൾ തകർക്കപ്പെട്ടത്, പടയോട്ടത്തിനിടെ ഹിന്ദുക്കൾക്കു നേരെ നടന്ന അതിക്രമങ്ങൾ, നിർബന്ധിത മതം മാറ്റങ്ങൾ ഒക്കെ വലിയ തോതിൽ പ്രചരിപ്പിക്കപ്പെടുന്നവയാണ്. ബ്രിട്ടീഷ് പട്ടാളത്തിന്റെ ഏജന്റുമാരായി നിന്ന സവർണ ഹിന്ദുക്കൾ, ക്ഷേത്രങ്ങളിൽ കേന്ദ്രീകരിച്ചപ്പോഴാണ് അവിടേക്ക് ടിപ്പുവിന്റെ പട നീങ്ങിയത് എന്ന വസ്തുതയെ കവച്ചുവെക്കും വിധത്തിൽ. 1921-ൽ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ഉയർന്ന മാപ്പിള കലാപവും ഹിന്ദുക്കളെ വംശഹത്യ ചെയ്യാൻ നടന്ന ശ്രമമായി ചിത്രീകരിക്കപ്പെടുന്നു. കലാപത്തെ, മുസ്‌ലിംകൾ നടത്തുന്ന ഒന്ന് മാത്രമായി കണ്ട്, ബ്രിട്ടീഷുകാരുടെ പക്ഷത്തു നിന്ന് ഒറ്റുകൊടുത്ത സവർണ ഹിന്ദുക്കൾക്കു നേർക്കാണ് ആക്രമണമുണ്ടായത് എന്നും അതിന് അടിസ്ഥാനം വർഗീയതയായിരുന്നില്ലെന്നും ബ്രിട്ടീഷുകാരുടെ ആധിപത്യത്തിനെതിരായ സമരം, ഭൂസ്വത്ത് കൈവശം വെച്ചിരുന്ന സവർണ ഹിന്ദുക്കൾക്കു നേർക്കുള്ള സമരമായി കൂടി വളർന്നതാണെന്നുമുള്ള ചരിത്ര വ്യാഖ്യാനത്തെ മറച്ചുവെച്ചാണ് 1921-ലെ സായുധ കലാപത്തെ ഹിന്ദുക്കളെ ഇല്ലാതാക്കാനുള്ള ശ്രമമായി ചിത്രീകരിക്കുന്നത്.

സ്വാതന്ത്ര്യത്തോടെ രാജ്യം വിഭജിക്കപ്പെടുകയും പാക്കിസ്ഥാൻ നിലവിൽ വരികയും ചെയ്തതോടെ ഇന്ത്യൻ യൂണിയനിൽ തുടരാൻ തീരുമാനിച്ച മുസ്‌ലിംകളൊക്കെ നേരിട്ട, വിഭജനത്തിന്റെ ഉത്തരവാദികളെന്ന അവാസ്തവം മലബാറിലെ മുസ്‌ലിംകളും നേരിടേണ്ടി വന്നു. തീവ്ര ഹിന്ദുത്വം ശക്തിയാർജിക്കാൻ തുടങ്ങിയതോടെ ആ അവാസ്തവം അടിക്കടി ഓർമിപ്പിക്കപ്പെടുന്ന സ്ഥിതിവിശേഷമുണ്ടായി. പാക്കിസ്ഥാനിലേക്ക് പോകൂ എന്ന് സംഘപരിവാര നേതാക്കൾ ആവർത്തിക്കുന്നത് ഇത് ഓർമിപ്പിക്കുന്നതിനാണ്. മുസ്‌ലിംകൾ ഭൂരിപക്ഷമുള്ള പ്രദേശങ്ങളെ പാക്കിസ്ഥാനെന്നോ മിനി പാക്കിസ്ഥാനെന്നോ വിശേഷിപ്പിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. ന്യൂനപക്ഷങ്ങളെ ഭീതിയിലാഴ്ത്തുക എന്നതിനൊപ്പം വിഭജനത്തിന് ഉത്തരവാദികളായ രാജ്യദ്രോഹികളാണ് ഇവരെന്ന് ഭൂരിപക്ഷത്തെ ബോധ്യപ്പെടുത്തുക എന്നത് കൂടിയാണ് ഇതിന്റെ ലക്ഷ്യം.

രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ (ആർ എസ് എസ്) നേതൃത്വത്തിൽ അരങ്ങേറിയ വർഗീയ ധ്രുവീകരണ ശ്രമങ്ങളും അതിന്റെ തുടർച്ചയായുണ്ടായ വർഗീയ കലാപങ്ങളും അത്രയൊന്നും ബാധിക്കാത്ത ഇടമായി കേരളം നിലകൊണ്ടിരുന്നു. 1969-ൽ മലപ്പുറം ജില്ല രൂപീകരിക്കാൻ ഇ എം എസ്സിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സപ്തകക്ഷി മന്ത്രിസഭ തീരുമാനിച്ചതോടെ, അത് വർഗീയ പ്രീണനമാണെന്ന ആരോപണം ഉയർന്നു. കോഴിക്കോട്, പാലക്കാട്, തൃശൂർ ജില്ലകളുടെ ഭാഗമായിരുന്ന പ്രദേശങ്ങൾ ചേർത്ത് പുതിയ ജില്ല രൂപീകരിക്കുന്നത് ഭരണസൗകര്യത്തിന് വേണ്ടിയാണെന്ന വാദവും പുതിയ ജില്ലയുടെ കീഴിൽ വരുന്ന പ്രദേശങ്ങളിൽ ഭൂരിപക്ഷം മുസ്‌ലിംകളാണെങ്കിലും ന്യൂനപക്ഷമായ ഇതര സമുദായക്കാർക്കും ഇത് പ്രയോജനകരമാണെന്ന വാദവും വൈകാതെ അംഗീകരിക്കപ്പെട്ടു. അതുകൊണ്ട് തന്നെ ഇതുന്നയിച്ച് വർഗീയധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമങ്ങൾ ഫലം കണ്ടില്ല. അന്നുതൊട്ടിന്നോളം കേരളത്തിൽ വർഗീയ സംഘർഷങ്ങൾ ഏറ്റവും കുറവുള്ള ജില്ലകളിലൊന്നാണ് മലപ്പുറമെന്നത് കേവല വസ്തുത മാത്രമാണ്. എന്നിട്ടും മതപരിവർത്തനം വ്യാപകമായി നടക്കുന്നുവെന്ന ആരോപണത്തിന്റെ പേരിൽ, ജില്ലയിൽ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളും ക്രിസ്ത്യാനികളും വലിയതോതിൽ പാർശ്വവത്കരിക്കപ്പെടുകയാണെന്ന ആരോപണത്തിന്റെ പേരിൽ, റംസാനിൽ ഭക്ഷണം കിട്ടുന്നില്ലെന്ന വ്യാജ പ്രചാരണത്തിന്റെ പേരിൽ ഒക്കെ മലപ്പുറം വാർത്തകളിൽ നിറയുന്നു.

2001-ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം മലപ്പുറത്ത് 68.5311 ശതമാനമാണ് മുസ്‌ലിംകൾ. 29.1664 ശതമാനം ഹിന്ദുക്കളും 2.2245 ശതമാനം ക്രിസ്ത്യാനികളും. 2011-ലെ സെൻസസ് പ്രകാരം മുസ്‌ലിംകൾ 7.24 ശതമാനവും ഹിന്ദുക്കൾ 27.6 ശതമാനവും ക്രിസ്ത്യാനികൾ 1.98 ശതമാനവുമാണ്. പ്രചരിപ്പിക്കപ്പെടും വിധത്തിൽ മതപരിവർത്തനം നടക്കുകയും ന്യൂനപക്ഷങ്ങൾ വലിയതോതിൽ സമ്മർദത്തിന് ഇരയാകുകയും ചെയ്തിരുന്നുവെങ്കിൽ ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും ജനസംഖ്യയിൽ വലിയ ഇടിവ് ഉണ്ടാകേണ്ടതായിരുന്നു. അതുണ്ടായിട്ടില്ല.   മുസ്‌ലിംകൾക്ക് ഭൂരിപക്ഷമുള്ള ജില്ലയിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും വലിയ പീഡനങ്ങൾ നേരിട്ടിരുന്നുവെങ്കിൽ ഇതര സ്ഥലങ്ങളിലേക്ക് കുടിയേറുന്ന ഈ വിഭാഗക്കാരുടെ എണ്ണം വർധിക്കേണ്ടതായിരുന്നു. അതും ഉണ്ടായിട്ടില്ലെന്നാണ് ജനസംഖ്യാ കണക്കെടുപ്പ് വ്യക്തമാക്കുന്നത്. ഉയരുന്ന പ്രചാരണങ്ങൾ, നിലനിൽക്കുന്ന സാമൂഹിക സാഹചര്യവുമായി യാതൊരുനിലക്കും ബന്ധമില്ലാത്തതാണെന്ന് ചുരുക്കം.

ഭീകരവാദത്തിന്റെ പ്രജനനകേന്ദ്രമായി കേരളം മാറുന്നു, കേരളത്തിലേക്ക് വൻതോതിൽ കുഴൽപ്പണം ഒഴുകുന്നു തുടങ്ങിയ പ്രസ്താവനകളും അതിനെ പിൻപറ്റിയുള്ള വാർത്തകളും ലക്ഷ്യമിടുന്നത് മലപ്പുറത്തെയാണ്. അര നൂറ്റാണ്ട് മുമ്പ് ഗൾഫ് രാജ്യങ്ങളിലേക്ക് ആരംഭിച്ച കുടിയേറ്റത്തിൽ വലിയൊരു പങ്ക് മലപ്പുറത്തു നിന്നും മലബാറിൽ നിന്നുമായിരുന്നു. അതിൽ തന്നെ കൂടുതലും മുസ്‌ലിംകൾ. അറബിക്കിലുള്ള സ്വാധീനമോ ആ ഭാഷയിലുള്ള പരിചയമോ ആണ് മുസ്‌ലിംകൾക്ക് ഈ അവസരം തുറന്നു നൽകുന്നതിൽ പ്രധാന പങ്കുവഹിച്ചത്. അതിലൂടെയുണ്ടായ സാമ്പത്തികമായ മുന്നേറ്റം, ഇത്തരം ആരോപണങ്ങൾക്കുള്ള കാരണങ്ങളിലൊന്നാണ്. അതേസമയം പ്രവാസികളായവർ നാട്ടിലേക്ക് അയച്ച പണം, കേരളത്തിന്റെ സാമൂഹിക – സാമ്പത്തിക മേഖലകളെ ഏത് വിധത്തിലാണ് പുരോഗതിയിലേക്ക് നയിച്ചത് എന്നത്, രാജ്യസ്‌നേഹബന്ധിതമായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ വേഗത്തിൽ മറക്കുകയും ചെയ്യും. ഈ പശ്ചാത്തലത്തിൽ കൂടി വേണം സമ്പത്തോ തൊഴിലോ ഒക്കെ വാഗ്ദാനം ചെയ്ത് മതം മാറ്റിക്കുന്നുവെന്ന ആരോപണത്തെ കാണാൻ.

തൊഴിലില്ലായ്മയും ദാരിദ്ര്യവും സാമൂഹികമായ അവഗണനയുടെ പ്രതിഫലനം കൂടിയാണ്. അത്തരം അവഗണനക്ക് ഇരയാകുന്നുവെന്ന തോന്നലുണ്ടാകുന്നവർ, അതിന് കാരണം തങ്ങളുടെ മതം കൂടിയാണെന്ന് തോന്നുന്നവർ സാമൂഹിക അന്തസ്സും കുറേക്കൂടി മെച്ചപ്പെട്ട സാമ്പത്തിക അവസ്ഥയുമുണ്ടാകുമെന്ന ധാരണയിൽ പുതിയ വിശ്വാസം തിരഞ്ഞെടുത്താൽ അതെങ്ങനെ അപരാധമായി മാറും? അത്തരക്കാരെ സ്വാഗതം ചെയ്യാനും അവർക്ക് മതം പരിചയപ്പെടുത്താനും അതിലേക്ക് മാറാനും വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തിയാൽ അതെങ്ങനെ കുറ്റകരമാകും? സാമൂഹികമായ പിന്നാക്കാവസ്ഥയിൽ നിന്നുള്ള മോചനം വാഗ്ദാനം ചെയ്തും ആ വാഗ്ദാനം ഒരുപരിധി വരെ പാലിച്ചുമാണ് ക്രിസ്തീയ സഭകൾ, സ്വന്തം വിശ്വാസത്തിലേക്ക് ആളെക്കൂട്ടുന്നത്. മതദർശനങ്ങൾ പ്രചരിപ്പിക്കാൻ ഭരണഘടന അവകാശം നൽകുന്നുമുണ്ട്. അത്തരം മതംമാറ്റങ്ങളിലൂടെ ഹിന്ദു മതം ദുർബലപ്പെടുമെന്നാണെങ്കിൽ ആ മതം ഇന്ത്യൻ യൂണിയനിൽ ഇതിനകം തന്നെ തീരെ ദുർബലമായി മാറേണ്ടതാണ്. ന്യൂനപക്ഷങ്ങൾ മഹാഭൂരിപക്ഷം വരുന്ന മലപ്പുറം ജില്ല, ന്യൂനപക്ഷങ്ങളുടെ മാത്രം ജില്ലയായി മാറേണ്ടതുമാണ്. ഇത് രണ്ടും സംഭവിച്ചിട്ടില്ലാത്തതിനാൽ മതപരിവർത്തനത്തെക്കുറിച്ചുള്ള ഊതിവീർപ്പിച്ച കണക്കുകളും അഭ്യൂഹങ്ങളും ചിലരുടെ രാഷ്ട്രീയ അജണ്ടകൾ നടപ്പാക്കിയെടുക്കാനുള്ള ഉപാധികൾ മാത്രമാണ്.

സംഘപരിവാർ സംഘടനകൾക്ക് പുറത്തുള്ളവരും അപൂർവമായി ഇത്തരം നിക്ഷിപ്ത അജണ്ടകളുമായി രംഗത്തെത്തിയിട്ടുണ്ട് എന്ന വസ്തുത കാണാതിരിക്കാനാകില്ല. മലപ്പുറത്തെ വിദ്യാർത്ഥികൾ പ്രവേശനപ്പരീക്ഷകളിലും മറ്റും നേടുന്ന വലിയ വിജയത്തിൽ സംശയം പ്രകടിപ്പിക്കുകയും 20 കൊല്ലം കൊണ്ട് മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമാക്കി കേരളത്തെ മാറ്റാൻ ശ്രമം നടക്കുന്നുവെന്ന് ആരോപിക്കുകയും ചെയ്ത സി പി എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ ഉദാഹരണം. ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കുകയും സമുദായ സംഘടനകളുടെ പിന്തുണ നേടിയെടുത്ത്, സി പി എമ്മിലെ ഗ്രൂപ്പ് പോരിൽ മേൽക്കൈ ഉണ്ടാക്കുകയും ചെയ്യുക എന്ന കേവല അജണ്ടയോടെയായിരുന്നു വി എസ്സിന്റെ അത്തരം നീക്കങ്ങൾ.

ഇപ്പോൾ ഹാദിയ കേസിന്റെ മറപിടിച്ച്, മാസത്തിൽ ആയിരത്തോളം മതപരിവർത്തനം മലപ്പുറത്ത് നടക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കുറ്റപ്പെടുത്തുമ്പോൾ, കേരളത്തിലെ ഇതര മേഖലകളിലുള്ള ഹിന്ദു വിശ്വാസികളിലൊക്കെ വെറുപ്പിന്റെ വിത്തുപാകുകയും അതിലൂടെ വോട്ട് രാഷ്ട്രീയത്തിൽ നേട്ടമുണ്ടാക്കുകയുമാണ് ഉദ്ദേശ്യം. പലകുറി പരീക്ഷിച്ച ആയുധം, പുതിയ സാഹചര്യത്തിൽ വീണ്ടും പ്രയോഗിക്കുകയാണ്. ‘ലവ് ജിഹാദ്’ എന്ന വ്യാജ പ്രചാരണത്തിന് സാധൂകരണം നൽകാൻ ഹാദിയ കേസിലൂടെ സാധിക്കുമെന്നും അതോടെ മാസത്തിൽ ആയിരം മതംമാറ്റമെന്ന കണക്ക് ഭൂരിപക്ഷ സമുദായത്തിന് വിശ്വാസയോഗ്യമാകുമെന്നും അവർ കണക്ക് കൂട്ടുന്നുണ്ടാകണം.

മലപ്പുറത്ത് ക്ഷേത്രങ്ങളിൽ അടുത്തിടെ നടന്ന മോഷണങ്ങളും അതേത്തുടർന്നുണ്ടായ പ്രചാരണങ്ങളും ഇതിനൊപ്പം പരിഗണിക്കണം.  മുസ്‌ലിം ഭൂരിപക്ഷമുള്ള ജില്ലയിൽ ഹിന്ദു ക്ഷേത്രങ്ങൾ ആക്രമിക്കപ്പെടുന്നുവെന്ന മട്ടിലായിരുന്നു പ്രചാരണം. മോഷണക്കേസിൽ ഹിന്ദു നാമധാരിയായ ഒരാൾ അറസ്റ്റിലാകുകയും വിഗ്രഹാരാധനയോടുള്ള എതിർപ്പാണ് മോഷണത്തിന് കാരണമെന്ന് അയാൾ പോലീസിന് മൊഴി നൽകുകയും ചെയ്തതോടെ സംഘ പരിവാർ പ്രചാരണം വിഫലമാകുകയായിരുന്നു. മലപ്പുറത്ത് ക്ഷേത്രങ്ങൾക്ക് രക്ഷയില്ലെന്ന മട്ടിലുള്ള പ്രചാരണം വർഗീയ സംഘർഷത്തിന് വഴിമരുന്നിടുന്നതായിരുന്നു. അത്തരമൊരു സംഘർഷം സൃഷ്ടിച്ചെടുത്താൽ ഭൂരിപക്ഷ ഏകീകരണം എളുപ്പത്തിൽ സാധ്യമാകുമെന്ന തോന്നലിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രചാരണമെന്ന് സംശയിക്കണം. അതിന്റെ മറ്റൊരു മുഖമാണ് ‘ലവ് ജിഹാദി’നെ സംശയിക്കാൻ പാകത്തിലുള്ള മതപരിവർത്തനമെന്ന എൻ ഐ എയുടെ അഭിപ്രായവും അതേത്തുടർന്നുള്ള മന്ത്രിയുടെ പ്രസ്താവനയും.

ആരുടെയും നിർബന്ധം മൂലമല്ല താൻ മതംമാറിയത് എന്നാണ് ഹാദിയ എന്ന പെൺകുട്ടി ഇതുവരെ പറഞ്ഞിട്ടുള്ളത്. ഇക്കാര്യം അവർ കോടതിയിൽ ബോധിപ്പിച്ചാൽ അവസാനിക്കാവുന്ന അഭ്യൂഹക്കുമിള മാത്രമേ നിലനിൽക്കുന്നുള്ളൂ. പക്ഷേ, ഹാദിയയുടെ മൊഴി രേഖപ്പെടുത്തും മുമ്പ് വിശാലമായ അന്വേഷണത്തിന് വഴിതുറന്ന ന്യായാസനങ്ങളും അതിലേക്ക് നയിക്കാൻ പാകത്തിൽ കോടതിയിൽ നിലപാടെടുക്കുന്ന കേന്ദ്ര സർക്കാറും അതിന്റെ അന്വേഷണ ഏജൻസിയും തുറന്നുകിട്ടിയ അവസരം പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുകയാണ്. വസ്തുത ജനത്തെ അറിയിക്കാൻ ഉത്തരവാദിത്തമുള്ള ഭരണകൂടവും നീതിന്യായ സംവിധാനവും സംശയങ്ങൾക്ക് കനമേറ്റാൻ ശ്രമിക്കുമ്പോൾ സംഘപരിവാര അജണ്ടയുടെ നടത്തിപ്പിനാണ് കളമൊരുങ്ങുക. അതിൽ പ്രകോപിതരാകാതിരിക്കേണ്ട ഉത്തരവാദിത്തം കൂടി ന്യൂനപക്ഷങ്ങൾക്ക്, വിശിഷ്യാ മുസ്‌ലിംകൾക്ക് മേലാണുള്ളത്. ‘ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്‌ലിംകളാക്കുകയാണ്’ എന്ന് വസ്തുതകളുടെ പിൻബലമില്ലാതെ, വർഗീയവിഷം വമിപ്പിക്കുന്ന മന്ത്രിയും ആ വിഷം ഏറ്റെടുത്ത് വമിപ്പിക്കുന്നവരും നിയമത്തിന് മുന്നിൽ സുരക്ഷിതരായിരിക്കുകയും അതിനോട് വിയോജിക്കുന്നവർ പ്രതികളാകുകയും ചെയ്യുന്ന അവസ്ഥയിൽ വസ്തുതകൾ ജനത്തിന് മുന്നിലെത്തിക്കേണ്ട ബാധ്യതയുണ്ട് ഉത്തരവാദിത്തമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക്. അവർ നിസ്സംഗരോ നിസ്സഹായരോ ആകുന്ന കാഴ്ചയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്, അതാണ് കൂടുതൽ ദയനീയവും ഗുരുതരവും.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ