അറബി ഭാഷയിൽ കവിതകളും മദ്ഹുകളും എഴുതുന്ന ധാരാളം മലയാളി കവികൾ നമുക്ക് സുപരിചിതരാണ്. ഉമർ ഖാളിയും മഖ്ദൂമുമാരും വളപ്പിൽ അബ്ദുൽ അസീസ് മുസ്ലിയാരുമായിരുന്നു മുൻഗാമികൾ. പിൽക്കാലത്ത് തിരൂരങ്ങാടി ബാപ്പു മുസ്ലിയാരും വൈലത്തൂർ ബാവ മുസ്ലിയാരും കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്ലിയാരും അതിന് തുടർച്ചയേകി. ഇതിൽ ഇന്നും കേരള മുസ്ലിംകൾ കക്ഷിഭേദമന്യേ ചൊല്ലിപ്പോരുന്നതാണ് മർഹും കുണ്ടൂരുസ്താദ് രചിച്ച ആരംബപ്പൂവായ മുത്തുനബിയുടെ… എന്ന് തുടങ്ങുന്ന മദ്ഹ് കാവ്യം. അദ്ദേഹത്തിന്റെ രചനകളിൽ മാസ്റ്റർപീസും ഇതാണെന്നു പറയാം. എന്നാൽ പൊതുസമൂഹത്തിന് ഇത്ര പരിചയമില്ലാത്ത അനവധി രചനകൾ ഉസ്താദിന്റേതായുണ്ട്. എല്ലാ ഗുണങ്ങൾ നേടുവാൻ കുറ്റങ്ങളെല്ലാം നീങ്ങുവാൻ… എന്ന ബൈത്ത് ഉസ്താദിന്റെ മറ്റൊരു രചനയാണ്. അദ്ദേഹത്തിന്റെ രചനകളിൽ ഏറ്റവും വലുതും ധാരാളം നന്മകൾ നിറഞ്ഞതുമാണ് ഈ തവസ്സുൽ ബൈത്ത്. 177 വരികളുള്ള ഈ ബൈത്ത് വായിക്കുന്ന ഏതൊരാളും പറഞ്ഞുപോകും ഇത് മലയാളികൾക്ക് മാത്രമായി രചിക്കപ്പെട്ടതാണെന്ന്. അറബിയും മലയാളവും ഇടകലർന്ന ഈ കവിതയിൽ കേരളീയ സ്ഥലനാമങ്ങളും ധാരാളമായി പരാമർശിക്കുന്നതു കാണാം.
മുഹമ്മദ് നബി(സ്വ)യിലൂടെയാരംഭിക്കുന്ന ഈ ബൈത്തിൽ ഖുലഫാഉ റാശിദുകളും പ്രമുഖരായ ഇമാമീങ്ങളും ഔലിയാക്കളും കേരളീയ പണ്ഡിതരും അടങ്ങുന്ന ഏതാണ്ട് 156 മഹത്തുക്കളെ പരാമർശിക്കുന്നുണ്ട്. പൊതുസമൂഹത്തിനറിയാത്ത നിരവധി മഹത്തുക്കൾ ഇതിൽ കടന്നുവരുന്നു. ഇത് ആസ്വാദകരെ സംബന്ധിച്ച് അതിശയമുളവാക്കുന്നതാണ്.
ബൈത്ത് ആരംഭിക്കുന്നത് ഇങ്ങനെ:
യാ സ്വഫ്വത്തൽ ഇബാദി മുത്ത് റസൂലേ
മണം വീശിടും സുഗന്ധമോടെ ഹാലേ
യാ ഖൈറ ഖൽഖില്ലാഹി ഉത്തമ നാഥരേ
എല്ലാ ഗുണങ്ങൾക്കും ഇട തിരുദൂതരേ
ആമിന പെറ്റ അൽഅമീനായി വന്നേ
ഈമാനുടയോർക്ക് അമാനായി നിന്നേ..
മറ്റു രണ്ടിടങ്ങളിൽ അന്ത്യാക്ഷര പ്രാസത്തിനായി മലയാളത്തെ ആശ്രയിച്ചതായി കാണാം:
വ അലൽ വലിയ്യില്ലാഹി ഫീ ചെറുകുന്ന്
ഫബി ഹഖിഹിഗ്ഫിർ വ അലാ തീക്കുന്ന്
ഇത് പോലെ ഓമച്ചപ്പുഴ മൊയ്ല്യാർ പാപ്പയെ തവസ്സുലാക്കാൻ ഉപയോഗിച്ച വരിയും മലയാളം ഉൾക്കൊള്ളുന്നു:
വൽ ഹാഫിളിൽ മുവഖ്ഖരി ഓമച്ച
മുഈനി ഖൈറാത്തിൻ ബിലാ തകർച്ച
തൃച്ചിയിലെ നത്വ്ഹർഷാഹ് വലിയ്യിനെ പറ്റി ഇങ്ങനെ:
വ അലൽ വലിയ്യി നത്വ്ഹർ ബാദ്ഷ
സിദ്ഹു കറാമാത്തിൻ വ സിദ്ഹു പോരിശ…
ഇതിന് പുറമെ ധാരാളം കേരളീയ സ്ഥലനാമങ്ങളും ബൈത്തിൽ കാണാം: വൈലത്തൂർ, കടലുണ്ടി, ഓമച്ചപ്പുഴ, കരിങ്കപ്പാറ, മമ്പുറം തുടങ്ങിയവ ഉദാഹരണം. സ്ഥലപ്പേരുകൾക്ക് പുറമെ പതിയാപ്ല, സമസ്ത എന്നീ മലയാള പദങ്ങളും കവിതയിലുണ്ട്:
വ അലാ റഈസി സമസ്ത അബ്ദിൽ ബാരി
കസ്സയ്യിദിൽ വരക്കലി യാ ബാരീ…
വ അലാ വലിയ്യില്ലാഹി പാനായിക്കുളം
പുതിയാപ്പളൽ മശ്ഹൂരി ലഖബൻ കൽഅലം…
എന്നാൽ കൈപ്പറ്റ, ചാപ്പനങ്ങാടി, വെളിയങ്കോട് എന്നീ സ്ഥലപ്പേരുകൾ അറബിവൽകരിച്ച് കൈഫറ്റ, ജഫനി, ബിലങ്കൂത്തി എന്നാണു പയോഗിച്ചിട്ടുള്ളത്. ഇതെല്ലാം കൊണ്ടാണ് ഇത് മലയാളികൾക്ക് മാത്രമുള്ളതാണെന്ന് പറയുന്നത്. പ്രാസത്തിനായി അറബി വാക്കുകൾ കിട്ടാതെ വിഷമിക്കുന്ന ആളൊന്നുമല്ല കവി. ഒരു വരി നോക്കുക:
ഖുത്വുബുസ്സമാനി സയ്യിദി ഫീ മമ്പുറം
ഫല്ലാഹു യഹ്മീ വ യഖീനാ മിൻ ബറം…
ഇതു പോലെയുള്ള നിരവധി വരികൾ കവിതയിൽ കാണാം.
കവിയുടെ മാതൃഭാഷാ സ്നേഹം ഈ ബൈത്തിൽ നിന്നും മറ്റു കവിതകളിൽ നിന്നും നമുക്ക് ബോധ്യപ്പെടും. കേരളക്കര പാടി പരിചയിച്ച ആരമ്പപ്പൂവായ മുത്ത്നബിയുടെ… എന്ന മദ്ഹ് കാവ്യം യഥാർത്ഥത്തിൽ പൂർണ അറബി രചനയാണെങ്കിലും ജവാബായി ഉസ്താദ് തിരഞ്ഞെടുത്തത് മലയാളമാണ്. ജവാബിന്റെ പേരിലാണ് അത് പ്രസിദ്ധി നേടിയതെന്ന് പറയാം. അത്ഭുതം കണ്ട് ഞങ്ങൾ സന്തോഷത്തോടെ അൽഅമീനായ മുത്ത് ആവേശത്തോടെ… എന്ന അറബി ബൈത്തും ഇങ്ങനെയാണ് തുടങ്ങുന്നത്. ഇതിൽ നിന്നൊക്കെ മനസ്സിലാകുന്നത് ഉസ്താദ് തന്റെ കാവ്യ രചനയിലൂടെ പ്രധാനമായും ലക്ഷ്യമിട്ടത് മലയാളികളിൽ പ്രവാചക പ്രണയം ഊട്ടിയുറപ്പിക്കുകയായിരിക്കണം.
നബിചരിതം
ഈ കവിതയുടെ പ്രധാന ലക്ഷ്യം തവസ്സുലാണ്. അതിനായി കുണ്ടൂർ ഉസ്താദ് ആദ്യം നബിതങ്ങളെത്തന്നെയാണ് തിരഞ്ഞെടുത്തത്. കവിത പൂർണമായും അറബിയിലേക്ക് മാറുന്ന വരിയിൽ നിന്ന് തന്നെ ധാരാളം രഹസ്യങ്ങൾ വായിച്ചെടുക്കാനാവും:
സുബ്ഹാനല്ലദീ അസ്റാ ബിക…
ഇങ്ങനെയാണ് ആദ്യ വരി. പ്രസ്തുത വരിയിൽ നബിതങ്ങളുടെ മിഅ്റാജ് പരാമർശിച്ച് അല്ലാഹുവുമായി നടത്തിയ സംഭാഷണത്തിൽ അത്ഭുതം കൂറുന്നു. മറ്റു നബിമാർക്കൊന്നും ലഭിക്കാത്ത ഈ അനുഗ്രഹം സ്വപ്നത്തിൽ നടന്നതൊന്നുമല്ല. ഭൗതിക ശരീരം കൊണ്ട് തന്നെയാണ് സംഭവിച്ചിട്ടുള്ളതെന്ന് ആണയിട്ടാണ് നബിചരിതം പറയുന്നത്. അതിനു പുറമെ, സൂറതുൽ ഇസ്റാഇന്റെ ‘സുബ്ഹാനല്ലദീ അസ്റാ ബിഅബ്ദിഹി… എന്ന പ്രാരംഭ ആയത്തിനോട് സാമ്യത പുലർത്താനും കവി ശ്രമിച്ചിട്ടുണ്ട്. ഇഖ്തിബാസ് എന്ന് അറബി സാഹിത്യത്തിൽ പറയപ്പെടുന്ന രീതിയാണിത്. ഇസ്റാഇനെ വർണിക്കാനായി കവിക്ക് തന്റേതായ വരികളുണ്ടെങ്കിലും സൃഷ്ടിയായ തന്റെ വാക്യത്തേക്കാൾ ഉത്തമം സ്രഷ്ടാവായ അല്ലാഹുവിന്റേതാണെന്ന് വ്യക്തമാക്കുന്നു അദ്ദേഹം.
പിന്നീട് സ്വഹാബത്തിൽ നിന്നും നബിയുമായി വളരെയധികം ആത്മബന്ധമുണ്ടായിരുന്ന ഖുലഫാഉ റാശിദുകളെ പ്രത്യേകം വിശേഷണങ്ങൾ നൽകി തവസ്സുലാക്കുകയാണ്. നബിയുടെ കൂട്ടുകാരൻ അബൂബക്കർ(റ)വാണെന്നും ഉസ്മാൻ(റ) മരുമകനാണെന്നും ഹംസയും(റ) അബ്ബാസും(റ) പിതൃവ്യരാണെന്നും ഖദീജ(റ) ഭാര്യയും ഫാത്തിമ(റ) മകളാണെന്നും സൂചിപ്പിച്ച് അവരെ തവസ്സുലാക്കിയാണ് ബൈത്ത് വികസിക്കുന്നത്.
കവിതയിലെ രാഷ്ട്രീയം
രാഷ്ട്രീയത്തിൽ സർഗാത്മകമായി ഇടപെടുക എന്നത് കലാകാരന്മാരുടെ രീതിയാണ്. ഇരകളോടൊപ്പം നിന്ന് അവർക്ക് വേണ്ടി തൂലിക ചലിപ്പിക്കുന്നവരാണ് സമൂഹം ആദരിക്കുന്ന കവികളിൽ പലരും. ഉസ്താദും അതുപോലൊരു ഇടപെടൽ നടത്തുന്നത് ഈ ബൈത്തിലൂടെയാണ്. ഇരകൾക്കു വേണ്ടി മഹാന്മാരെ തവസ്സുലാക്കി പ്രാർത്ഥന നടത്തുന്നു അദ്ദേഹം. അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷിന്റെ ഭരണകാലത്തു മിഡിൽ ഈസ്റ്റിൽ അമേരിക്ക നടത്തിയ ആക്രമണങ്ങളിൽ ലോകം നടുങ്ങിയതാണ്. നിരപരാധികളായ പതിനായിരങ്ങൾ യാങ്കി സേനയുടെ നിഷ്ഠൂരതയിൽ മരണം വരിക്കുന്നത് കണ്ട് കവിക്ക് മിണ്ടാതിരിക്കാനാവില്ലല്ലോ. അദ്ദേഹം പാടി:
വ യദ്ഫഉൽ ളല്ലാമ ഫീ അംരീക
വ യൻസുറുൽ മള്ലൂമ ലാ തഫ്രീഖാ
ഇരകൾക്കു വേണ്ടി പ്രാർത്ഥിച്ചുകൊണ്ടാണ് ഭൗതിക കവികളിൽ നിന്ന് ഉസ്താദ് വ്യത്യസ്തനാവുന്നത്. ബൈത്തിൽ ബുഷിനെ പരിചയപ്പെടുത്തുന്നത് ‘ളല്ലാം’ എന്ന പദപ്രയോഗത്തിലൂടെയാണ്. അക്രമി എന്നല്ല, അക്രമത്തിന്റെ സമ്പൂർണൻ എന്ന് അർത്ഥം വരുന്ന പ്രയോഗമാണിത്. അന്നത്തേക്കു മാത്രമല്ല, എക്കാലത്തെയും പരാക്രമികൾക്കെതിരെയുള്ള സൂചനാ പദമായി ളല്ലാം നിലനിൽക്കുന്നതിലൂടെ വരുംകാലത്തോടും കവിത നീതി പുലർത്തും.
അറബി സാഹിത്യത്തിലെ മുബാലഗ (ലഃമഴഴലൃമശേീിഅതിശയോക്തി പ്രയോഗം) ആണിത്. ളാലിം, ളലൂം, മിള്ലാം തുടങ്ങിയ ശൈലികൾ ഇതിന് ഉപയോഗിക്കാമെങ്കിലും ളല്ലാം എന്ന മുബാലഗയുടെ ഏറ്റവും തീവ്രമായ പദം തന്നെയുപയോഗിച്ചത് കവിയുടെ പ്രതിഷേധത്തിന്റെ ആഴം വ്യക്തമാക്കുന്നുണ്ട്. ജോർജ് ബുഷ് പ്രസിഡൻഷ്യൽ കാലയളവിലെ അവസാനത്തിൽ ഇറാഖ് സന്ദർശിച്ചപ്പോൾ മുൻതളർ സൈദി എന്ന ഇറാഖീ ജേർണലിസ്റ്റിന്റെ ഷൂ ഏറിന് വിധേയനായി ലോകത്തിനു മുന്നിൽ നാണംകെട്ടതും ഇവിടെ ചേർത്തു വായിക്കാം.
കവിതയിൽ ഇടതേടുന്ന മഹാന്മാരുടെ പേര് പറഞ്ഞുപോവുക മാത്രമല്ല ചെയ്യുന്നത്. പലരുടെയും ചരിത്രം വിശദീകരിച്ചു കൊണ്ടാണ് തവസ്സുലാക്കുന്നത്. രിഫാഈ(റ)നെ പ്രതിപാദിക്കുമ്പോൾ മഹാന്റെ ജീവിതത്തിലെ പ്രസിദ്ധമായ തൃക്കര ചുംബനം സൂചിപ്പിക്കുന്നു. അതുപോലെ കുഞ്ഞി മരക്കാർ ശഹീദിന്റെ ചരിത്രം പറയാനായി മൂന്ന് ബൈത്തുകളാണ് ഉസ്താദ് മാറ്റിവച്ചത്:
വ അലാ ശഹീദി ദിൽ കറാമാതി ജലത്
കമൽ ഗസീലി ദിൽ മഖാമാതി അലത്
ഹുവ ബ്നു അബ്ദില്ലാഹി വ ബ്നു ആമിന
കുഞ്ഞിമരക്കാരിൻ ബി അമ്നിൽ മുഅ്മിന
വഹുവ ബിലങ്കൂത്തി ഹദീസു സിന്നി
അഖിബന്നികാഹി ഹാസ കൽ അസന്നി
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ആദ്യ രക്തസാക്ഷിയാണ് കുഞ്ഞിമരക്കാർ ശഹീദ്. ചാലിയത്തെ മമ്മസ്രായിലകത്ത് തറവാടിൽ അബ്ദുല്ലയുടെയും ആമിനയുടെയും മകനായാണ് ജനിച്ചതെങ്കിലും വെളിയങ്കോടാണ് താമസിച്ചിരുന്നത്. തന്റെ നിക്കാഹിന്റെ സദസ്സിൽ നിന്നാണ് അദ്ദേഹം പറങ്കികളോട് പോരാടാൻ ഇറങ്ങിത്തിരിച്ചത്. ഒരു മുസ്ലിം യുവതിയെ പറങ്കിപ്പട പിടിച്ചതറിഞ്ഞ് അവരുടെ കപ്പൽ ലക്ഷ്യമാക്കി നീങ്ങുകയും യുവതിയെ രക്ഷിക്കുകയും ചെയ്ത ശേഷമാണ് അദ്ദേഹം പറങ്കികളുടെ വാളിനിരയാകുന്നത്. നിക്കാഹിന്റെ പ്രായത്തിലാണ് സംഭവം നടക്കുന്നത്, ഈ പ്രായത്തെയാണ് ഹദീസുസ്സിന്നി എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ആ ചരിത്രം വിവരിച്ചു കൊണ്ടാണ് ഈ പ്രാർത്ഥന ഉസ്താദ് നടത്തുന്നത്:
യാ റബ്ബനാ സിദ്ഹുൽ കറാമതി വ സ്വിൻ
ഈമാനനാ ബി ജാഹിഹി ലനാ വ കുൻ
ബി ഹഖിഹി യാ ദാഫിഅഃ ദ്ഫഅ് മൻ ളലം
വ കുല്ല ശൈത്വാനിൻ അനാ വ മൻ റജം…
വിനയാന്വിതം
ബൈത്ത് ദീർഘിച്ചുപോകുന്നതിനിടയിൽ സ്വന്തം കാര്യവും കവി റബ്ബിനോട് ആവലാതിപ്പെടുന്നുണ്ട്:
യാ റബ്ബനാ ഇന്നീ ഉബൈദുക ഖാഥ്വിഉൻ
ബി ജാഹിഹിം തുഅ്ത്വിൽ മറാമ ജസീമാ…
എന്ന വരിയിലൂടെ താൻ ആരുമല്ല, ദോഷിയായ ഒരു ചെറുഅടിമ മാത്രമാണ്, നിസ്സാരനാണ് എന്നൊക്കെയാണ് കവി സൂചിപ്പിക്കുന്നത്. അബ്ദ് എന്ന് പറയാതെ ഉബൈദ് എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. അറബി സാഹിത്യത്തിൽ ഇതിന് തസ്ഗീർ എന്ന് പറയും. അടിമ എന്ന് വിളിക്കാൻ പോലും താൻ അർഹനല്ല, ചെറുഅടിമ മാത്രമാണ് താനെന്ന് സ്വയം നിസ്സാരവൽക്കരിക്കുകയാണ് ഉസ്താദ്. വ്യത്യസ്തമായ ഉപയോഗങ്ങൾ തസ്ഗീറിനുണ്ട്. അതിൽപ്പെട്ട തഹ്ഖീറിന്(നിസ്സാരവൽക്കരിക്കൽ) വേണ്ടിയാണ് ഇവിടെ ഉസ്താദ് അബ്ദ് എന്ന പദത്തെ തസ്ഗീർ ചെയ്തത്.
മറ്റൊരിടത്ത് ‘ഇർഹം ഉബൈദക ഖാത്വിഅൻ ലാ തുഖ്സിനാ’ എന്ന് പാടുന്നു. അവിടെയും ഉബൈദ് എന്ന് തന്നെയാണ് വിശേഷിപ്പിക്കുന്നത്. റഹ്മത്തിനെ ചോദിക്കുകയാണ് ഇതിലൂടെ ചെറുഅടിമ. തസ്ഗീറിന്റെ മറ്റൊരു ഉപയോഗമായ തറഹും (കാരുണ്യ തേട്ടം) ആണ് ഇവിടെ നമുക്ക് കാണാൻ സാധിക്കുന്നത്.
ഗുരുദക്ഷിണ
ഉസ്താദ് ബിരുദ പഠനം പൂർത്തിയാക്കിയത് 1883-ൽ സ്ഥാപിതമായ വെല്ലൂർ ബാഖിയാത്തുസ്സ്വാലിഹാത്തിൽ നിന്നാണ്. അതിന്റെ സ്ഥാപകൻ അബ്ദുൽ വഹാബ് ഹസ്റതി(റ)നു വേണ്ടിയും പ്രാർത്ഥന നടത്തുന്നുണ്ട്:
വ അലൽ വലിയ്യി ശംസി ലിൽ ഉലമഇ ഹുവൽ
ബാനീ ലി വെല്ലൂരിൻ ഹുദാ ബിലാ സലൽ
ഈ വരിയിലൂടെയാണ് മഹാഗുരുവിന് വേണ്ടി ഉസ്താദ് പ്രാർത്ഥിക്കുന്നത്. ഇതു പോലെ സ്വന്തം ഗുരുവായ കരിങ്കപ്പാറ ഉസ്താദിനും ഈ ബൈത്തിൽ ഒരിടം ശിഷ്യൻ കൊടുക്കുന്നു. കരിങ്കപ്പാറ ഉസ്താദിന് വേണ്ടി സ്വതന്ത്രമായ ഒരു മർസിയ്യത്ത് രചിച്ചിട്ടുണ്ടെങ്കിലും ഇവിടെയും നാലു വരി പ്രിയ ശിഷ്യൻ മാറ്റിവെച്ചു.
ശുഹദാക്കളെ മുൻനിർത്തി
ശുഹദാക്കളോട് ഉസ്താദിന് വലിയ സ്നേഹവും ആദരവുമുണ്ടെന്ന് കവിത ആദ്യാന്തം വായിക്കുന്ന ആർക്കും ബോധ്യപ്പെടും. ഉസ്മാൻ(റ)നെ തവസ്സുലാക്കാനാണ് ബൈത്തിൽ ശഹീദ് എന്ന പദം ആദ്യം ഉപയോഗിക്കുന്നത്. ഉസ്മാൻ(റ)നെ ശഹീദ് എന്ന വിശേഷണം പൊതുവെ പറയാറില്ല. യഥാർത്ഥത്തിൽ രക്തസാക്ഷിയായ മൂന്നാം ഖലീഫയെ ശഹീദെന്ന് ആണയിടുകയാണ് കവി. തുടർന്ന് ബദ്രീങ്ങളെയും ശുഹദാഇന്റെ നേതാവായ ഹംസ(റ)വിനെയും തവസ്സുലാക്കുന്നു. മമ്പുറം തങ്ങളുടെ കൂടെ രണാങ്കണത്തിലിറങ്ങി ശഹീദായ ഏഴ് ചേറൂർ ശുഹദാക്കൾ, പാലപ്പുറം ശഹീദ്, എരുമാടുള്ള സ്വൂഫി ശഹീദ്, ഏർവാടി ശുഹദാക്കൾ തുടങ്ങിയവരെയെല്ലാം സൂചിപ്പിച്ച് അവസാനിപ്പിക്കുന്നു. എന്നാൽ അധിനിവേശ ശക്തികൾക്കെതിരെ പടപൊരുതി ശഹീദായ കുഞ്ഞിമരക്കാർ ശഹീദിന്റെ(റ) രക്തസാക്ഷിത്വം വിവരിച്ചാണ് ഇടതേട്ടം. ശുഹദാക്കളിൽ മഹാന്റെ ചരിത്രം മാത്രമാണ് പറയുന്നത്.
കുഞ്ഞുവിന് ആദരം
കവികൾ വ്യക്തിപരമായ നൊമ്പരങ്ങളും വരികളിലേക്ക് പടർത്താറുണ്ട്. പ്രിയപ്പെട്ടവരുടെ വേർപ്പാട് കവിതകളായി പടച്ചവരേറെയുണ്ട്. ഉസ്താദിനുമുണ്ടായിരുന്നു യുവത്വം തുളുമ്പുന്ന പ്രായത്തിൽ നഷ്ടപ്പെട്ടൊരു മകൻ, കുണ്ടൂരിലെ കുഞ്ഞു. രാഷ്ട്രീയക്കാരുടെ കറുത്ത കരങ്ങളാൽ ഇളയ പുത്രൻ കുഞ്ഞു ഇരുപത്തിയൊന്നാം വയസ്സിൽ കൊല്ലപ്പെടുമ്പോൾ നയനം നനയാത്തവരായി ഏറെ ആരുമുണ്ടായിരുന്നില്ല.
വ അല ബ്നി അബ്ദിൽ ഖാദിരിൽ കുഞ്ഞു ഹുവൽ
ഹദീസു സിന്നൻ ഖുതില മിൻ ഗൈരി ഇലൽ
ഈ വരികളിലൂടെയാണ് ഉസ്താദ് കുഞ്ഞുവിനെ ഓർക്കുന്നത്. ഒരു കാരണവുമില്ലാതെ കൊല്ലപ്പെട്ടവനാണെന്ന് ഈ വരിയിൽ മകനെ കവി പരിചയപ്പെടുത്തുന്നു. ഇളയ മകനാവുക, ഒരു കാരണവുമില്ലാതെ വധിക്കപ്പെടുക ഈ രണ്ട് കാരണങ്ങളാൽ ആ പിതാവ് നന്നായി വേദനിച്ചിരുന്നുവെന്നത് വസ്തുതയാണ്. ഹദീസു സിന്നൻ, ഖുതില മിൻഗൈരി ഇലൽ എന്ന വാക്യങ്ങളിൽ നിന്ന് അത് വായിക്കാനാവുന്നു.
ആദർശബോധം
ഉസ്താദിന്റെ ആദർശബോധം അതിതീവ്രമായിരുന്നു. മൗലിദിനെതിരെ വഹാബികൾ ഉറഞ്ഞുതുള്ളുമ്പോൾ മൗലിദിലേക്ക് ക്ഷണിച്ചുകൊണ്ട് പാടിയ
ഫ ഖൂമൂ അഹിബ്ബനാ… എന്ന കവിതയിൽ അല്ലാഹു മദ്ഹ് ചെയ്തിട്ടുണ്ടല്ലോ, പിന്നെന്തു കൊണ്ട് നമുക്ക് പറ്റില്ല എന്ന ചോദ്യം ഉന്നയിക്കുന്നു. മറ്റൊരു സമയത്ത് കേരളത്തിലെ വഹാബികൾക്ക് സഊദിയുടെ ഭരണം കിട്ടിയാൽ പച്ച ഖുബ്ബ അടിച്ചു തകർക്കുമെന്ന് വഹാബി നേതാവ് പ്രസംഗിച്ചപ്പോൾ ഉസ്താദിന്റെ രോഷം ‘ഹാതി യാ വഹാബി മൻ മിസ്ലി അഹ്മദാ…’ എന്നാരംഭിക്കുന്ന കവിയതായി വർഷിച്ചു. അവൻ മതനിഷേധിയാണ്, പരാജയപ്പെട്ടവനാണ്, അവന് പ്രവാചക ഖുബ്ബയോട് അടുക്കാൻ കഴിയില്ല എന്ന് തീക്ഷ്ണമായാണ് ഈ വരികളിൽ കവി കോറിയിട്ടത്.
ഇതുകൊണ്ട് തന്നെയാണ് ആദർശത്തിനു വേണ്ടി കേരളത്തിൽ അങ്ങോളമിങ്ങോളം പടയോട്ടം നടത്തിയ സമസ്തയുടെ സ്ഥാപക നേതാക്കളെയും പിന്മുറക്കാരെയും ഈ തവസ്സുൽ ബൈത്തിൽ ഉൾപ്പെടുത്തിയത്. പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ, ഇകെ ഹസൻ മുസ്ലിയാർ, റശീദുദ്ദീൻ മൂസ മുസ്ലിയാർ, പറവണ്ണ മുഹ്യിദ്ദീൻ കുട്ടി മുസ്ലിയാർ, അഹ്മദ് കോയ ശാലിയാത്തി, പതി അബ്ദുൽ ഖാദിർ മുസ്ലിയാർ തുടങ്ങിയ ആദർശപോരാളികളായ നേതാക്കളെ തവസ്സുലാക്കുമ്പോൾ, ഇവരെന്ത് പേരിലാണോ അറിയപ്പെട്ടത് അതേ വിശേഷണം നൽകിയാണ് ഉസ്താദ് ഇടതേട്ടം:
വ അലൽ വലിയ്യി ശ്ശാലിയാത്തി വൽ പതി
ബി ഗീറത്തിൽ ബിദഇ ലി ദീനിൻ ഖദ് ഹുവീ
കമാ റശീദിദ്ദീനി മൂസാൻ കുട്ടി
വ അലാ വലിയ്യില്ലാഹി കോയാമുട്ടി
വൽ വാഇളിൽ റാദിഇ വഹാബിയ്യ
ഹസനിൻ വ പറവണ്ണ യലീ പാങ്ങിയ്യാ…
ബിദ്അത്തിനെ എതിർത്തവർ(ബി ഗീറത്തിൽ ബിദഇ), വഹാബികളെ വീഴ്ത്തിയവർ(റാദിഇ വഹാബിയ്യ) എന്നൊക്കെ വിശേഷണം നൽകിയാണ് കവി ഇവരെ തവസ്സുലാക്കുന്നത്.
ഇങ്ങനെ എല്ലാ നിലക്കും ശ്രദ്ധേയമായ തവസ്സുൽ ബൈത്താണ് ആശിഖുർറസൂൽ കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്ലിയാർ(ന:മ) രചിച്ചിട്ടുള്ളത്. പ്രവാചകാനുരാഗത്തിലും മഹാന്മാരോടുള്ള സമർപ്പണത്തിലും ചാലിച്ചതാണ് ആ വരികൾ.
പിഎം സുഹൈൽ മോങ്ങം