മദീനാ പള്ളിയിൽ വന്ദ്യവയോധികനായ ഒരു പണ്ഡിതഗുരുവും ശിഷ്യനും ഇരിക്കുമ്പോൾ ഒരാൾ കയറിവന്നു. ആഗതൻ തന്റെ സങ്കടത്തിന് പരിഹാരം തേടി വന്നതാണ്. അദ്ദേഹം പ്രശ്‌നം അവതരിപ്പിച്ചു.

‘ഞാൻ പ്രാവ് കച്ചവടക്കാരനാണ്. നല്ല സ്വരത്തിൽ കുറുകുന്നയിനം പ്രാവുകളെയാണ് ഞാൻ വിൽപന നടത്തിവരുന്നത്. ഇന്ന് ഒരു പ്രാവിനെ വിറ്റു. വാങ്ങിയവൻ അത് കുറുകുന്നില്ലെന്ന് പറഞ്ഞു തിരിച്ചുകൊണ്ടുവന്നു. ഞാനയാളോട് ആണയിട്ടു പറഞ്ഞു. ഇത് കുറുകി ശബ്ദിക്കുന്നത് തന്നെയാണ്. അഥവാ കുറുകുന്നില്ലെങ്കിൽ എന്റെ ഭാര്യ ത്വലാഖാണ്. പക്ഷേ, കക്ഷി സമ്മതിച്ചില്ല. ഇതിനെന്താണ് പരിഹാരം? എന്റെ ഭാര്യ ആ പറഞ്ഞ വാക്കുകൊണ്ട് വിവാഹമോചിതയാകുമോ?

പണ്ഡിതഗുരു മറുപടി പറഞ്ഞു: തീർച്ചയായും നിന്റെ ഭാര്യ ത്വലാഖായിരിക്കുന്നു. ഇനി അവളെ സമീപിക്കാൻ നിനക്ക് ഒരു വഴിയുമില്ല.

ആഗതൻ സങ്കടപ്പെടുന്നത് കണ്ട് ശിഷ്യൻ ഗുരുവിനോടുള്ള സകല ആദരവുകളും പാലിച്ചുകൊണ്ട് ഒരു ചോദ്യമുന്നയിച്ചു: ‘താങ്കളുടെ പ്രാവ് തീരെ കുറുകാത്തതാണോ, അതല്ല ഇടക്കിടെ കുറുകുകയും പിന്നെ ശബ്ദിക്കാതിരിക്കുന്നതുമാണോ?

‘തീരെ ശബ്ദിക്കാതിരിക്കുന്നതല്ല.’

എങ്കിൽ, കൂടുതൽ ഏതാണ് ഉണ്ടാവുക, ശബ്ദിക്കലോ ശബ്ദിക്കാതിരിക്കലോ?

‘ശബ്ദിക്കലാണ്.’

‘എന്നാൽ നിന്റെ ഭാര്യയുടെ ത്വലാഖ് പോയിട്ടില്ല’ ശിഷ്യൻ ഫത്‌വ നൽകി.

ആഗതന് സന്തോഷമായി. ഗുരു ശിഷ്യന്റെ നേരെ പുഞ്ചിരി തൂകി ചോദിച്ചു: ‘മോനേ, എവിടെ നിന്നാണ് ഈ മസ്അല നീ കണ്ടെത്തിയത്?

‘ഗുരോ, അങ്ങ് എന്നെ പഠിപ്പിച്ച ഒരു നബി വചനത്തിൽ നിന്നാണ് ഞാനിത് മനസ്സിലാക്കിയതും ഗവേഷണം ചെയ്തതും. ഖൈസിന്റെ പുത്രി ഫാത്വിമ(റ) വിവാഹമോചിതയായപ്പോൾ പുനർ വിവാഹാലോചനയുമായി നബി(സ്വ)യെ സമീപിച്ച ഹദീസ്. ‘എനിക്കിപ്പോൾ രണ്ടു പേരുടെ ആലോചന വന്നിട്ടുണ്ട്. ഒന്ന് മുആവിയ, രണ്ട് അബൂജഹ്മ്. ഞാനാർക്കാണ് സമ്മതം നൽകേണ്ടത്? തിരുമേനി(സ്വ) മറുപടി പറഞ്ഞു: മുആവിയ ദരിദ്രനാണ്. ജീവിക്കാൻ ധനമില്ലാത്തവനാണ്. അബൂജഹ്മാകട്ടെ തോളിൽ നിന്ന് വടി താഴെവെക്കില്ല (നിരന്തരം യാത്രയിലായിരിക്കും). അബൂജഹ്മ് ഭക്ഷണം കഴിക്കും, വിശ്രമിക്കും, കിടന്നുറങ്ങും. ഇതെല്ലാം നബി(സ്വ)ക്കറിയാം. ആ സമയത്തൊന്നും വടി തോളിലുണ്ടാവുകയില്ലല്ലോ. എന്നിട്ടും നബി(സ്വ)യുടെ വചനം വടി താഴെ വെക്കില്ലെന്നാണ്. അധിക സമയവും അങ്ങനെയായതു കൊണ്ട് മുഴുസമയമാക്കി പറഞ്ഞു. അതുപ്രകാരം ഇദ്ദേഹത്തിന്റെ പ്രാവ് അധികസമയവും കുറുകുന്നതാണ്. കുറച്ചു സമയം മാത്രമേ അതിൽ നിന്നൊഴിവുള്ളൂ. അധിക സമയം കുറുകുന്നതായതു കൊണ്ട് മുഴുസമയമായി പ്രഖ്യാപിച്ചാണ് ത്വലാഖ് പോകില്ലെന്ന് പറഞ്ഞത്. ഗുരു അത്ഭുതം കൂറുകയും അന്നുമുതൽ ഫത്‌വ നൽകാനുള്ള അനുവാദം നൽകുകയും ചെയ്തു. രണ്ടു മദ്ഹബിന്റെ ഇമാമുകളാണ് ഗുരുവും ശിഷ്യനും. ഗുരു മാലിക്(റ)വും ശിഷ്യൻ ഇമാം ശാഫിഈ(റ)വും. മദീനയിൽ വിജ്ഞാനം തേടിയെത്തിയ ഇമാം ശാഫിഈ(റ)ന് പതിനാല് വയസ്സായിരുന്നു പ്രായം.1

ലോകമൊട്ടാകെ വ്യാപിച്ചുകിടക്കുന്ന ശാഫിഈ മദ്ഹബ് പ്രചരിപ്പിച്ചതിലും വിജ്ഞാന വിസ്‌ഫോടനം നടത്തിയതിലും വലിയ പങ്കാണ് ഇമാമിന്റെ ശിഷ്യന്മാർക്കുള്ളത്. പർവതസമാനങ്ങളായ പണ്ഡിതരാണ് അവരോരോരുത്തരും. ശാഫിഈ(റ) കർമശാസ്ത്രം, ഹദീസ് തുടങ്ങിയ വിജ്ഞാനങ്ങൾ നേടുന്നതിന് ഗുരുനാഥന്മാരായി സ്വീകരിച്ച 99 പേരുടെ പട്ടിക ഹാഫിള് ഇബ്‌നു ഹജറുൽ അസ്ഖലാനി(റ) വിവരിച്ചിട്ടുണ്ട്.2

ഫലസ്തീനിലെ ഗസ്സയിൽ പിറന്ന ഇമാം വിജ്ഞാന ശേഖരണാർത്ഥം മക്ക, മദീന, യമൻ, ബഗ്ദാദ്, ഈജിപ്ത് എന്നീ നാടുകളിൽ സഞ്ചരിച്ചിട്ടുണ്ട്. മാലിക്(റ) ഇമാമിൽ നിന്ന് വിജ്ഞാനം നുകരാനാണ് മദീനയിലെത്തിയത്. ഇമാം വഫാത്താകുന്നതുവരെ മദീനയിൽ തങ്ങി. ശേഷം യമനിൽ പോയി. യമനിൽ നിന്നാണ് ബഗ്ദാദിലെത്തിയത്. ബഗ്ദാദിൽ മൂന്നു തവണ വന്നിട്ടുണ്ട്. ഈ യാത്രയിലാണ് ഇമാമിന്റെ ഗവേഷണ ധിഷണകൾ ഗ്രന്ഥമായി രൂപപ്പെടുകയും ശിഷ്യന്മാരെ ഏൽപിക്കുകയും ചെയ്തത്. ബഗ്ദാദിലെ ജീവിതത്തിനിടയിൽ രൂപപ്പെട്ട കർമശാസ്ത്ര പ്രശ്‌നങ്ങൾ ‘ഖദീമ്’ എന്ന പേരിലാണ് അറിയപ്പെടുന്നത്. അവ പ്രചരിപ്പിക്കുന്നതിന് കാർമികത്വം വഹിച്ചത് ഹസനുബിൻ മുഹമ്മദുസ്സഅ്ഫറാനി, അഹ്മദ് ബിൻ ഹമ്പൽ(റ), അബൂസൗർ(റ), അബൂ അലിയ്യുൽ കറാബീസി(റ) എന്നീ നാലു ശിഷ്യന്മാരായിരുന്നു.

മദീനാ ജീവിതത്തിൽ മാലികി ഇമാമിൽ നിന്ന് ശേഖരിച്ച മാലികി ഫിഖ്ഹിനും ഇറാഖീ ജീവിത കാലത്തു ശേഖരിച്ച ഹനഫി ഫിഖ്ഹിനുമിടയിൽ വേറിട്ട ശബ്ദമായിരുന്നു ശാഫിഈ ഇമാമിന്റേത്. പഴമയെ തള്ളാതെയുള്ള മഹാന്റെ പുതിയ ചിന്തകളും ഗവേഷണങ്ങളും ശിഷ്യഗണങ്ങളെ അത്യധികം ആകർഷിച്ചു.3

അക്കാലത്തെ ഏറ്റവും വലിയ ഹദീസ് പണ്ഡിതനായിരുന്ന അബ്ദുറഹ്മാൻ ബിൻ മഹ്ദി കർമജ്ഞാനങ്ങളുടെ നിദാനശാസ്ത്രത്തിൽ ഒരു ഗ്രന്ഥരചന നടത്താൻ ശാഫിഈ(റ)യോടാവശ്യപ്പെട്ടു. അങ്ങനെയാണ് ഇമാമിന്റെ അർരിസാല എന്ന ആധികാരിക ഗ്രന്ഥം വെളിച്ചം കണ്ടത്. ആ ഗ്രന്ഥം ഏറെ ആകർഷിക്കപ്പെട്ടു. ശിഷ്യനായ ഇമാം അഹ്മദുബിൻ ഹമ്പൽ(റ) സകല നിസ്‌കാരങ്ങളിലും ശാഫിഈ(റ)ക്ക് വേണ്ടി പ്രാർത്ഥിക്കാൻ തുടങ്ങിയത് ആ ഗ്രന്ഥത്തിൽ ആകൃഷ്ടനായാണ്.

ഇമാമിന്റെ രിസാല രണ്ടെണ്ണമുണ്ട്. പഴയ വീക്ഷണങ്ങൾ രേഖപ്പെടുത്തിയതിനു പുറമെ ഈജിപ്തിലെത്തിയതിനു ശേഷം പുതിയ വീക്ഷണ സമാഹാരമായ രിസാല വേറെയുണ്ട്. മറ്റൊരു പ്രധാന ശിഷ്യനായ ഇമാം മുസ്‌നി(റ) പറയുന്നതു കാണുക: അർരിസാല എന്ന ശാഫിഈ(റ)ന്റെ ഗ്രന്ഥം അഞ്ഞൂറിലധികം തവണ ഞാൻ പാരായണം ചെയ്തിട്ടുണ്ട്. ഓരോ തവണ വായിക്കുമ്പോഴും പുതിയ വിജ്ഞാനങ്ങൾ എനിക്ക് കൈവന്നിട്ടുണ്ട്.4

രിസാല പുറത്തുവന്നതോടു കൂടി അനുകൂലികളും പ്രതികൂലികളുമായ സകല പണ്ഡിതരും ശാഫിഈ സരണി അംഗീകരിച്ചു. ബഗ്ദാദിൽ വെച്ചുതന്നെ ഇമാമിന്റെ ഖദീമായ വീക്ഷണങ്ങൾ വിവരിക്കുന്ന അൽഹുജ്ജ എന്ന ഗ്രന്ഥവും വെളിച്ചം കണ്ടു. അതിലെ വീക്ഷണങ്ങൾ പ്രധാനമായും പ്രചരിപ്പിച്ചത് നടേ പറഞ്ഞ നാല് ശിഷ്യന്മാരാണ്. അവരിൽ ഏറ്റവും പ്രഗത്ഭൻ സഅ്ഫറാനി(റ) ആയിരുന്നു.

ഹിജ്‌റ 199-ൽ ഇമാം ബഗ്ദാദ് വിട്ടു ഈജിപ്തിലെത്തി. മാറിവരുന്ന ഭരണകർത്താക്കളുടെ വിശ്വാസ മനോഗതിക്കനുസരിച്ച് സമീപനങ്ങളിലും മാറ്റം വന്നുകൊണ്ടിരുന്നു. ഹാറൂൻ റശീദിന്റെ മകൻ മഅ്മൂൻ അധികാരമേറ്റപ്പോൾ പുതിയ ചിന്താഗതികൾ ഇറാഖിൽ തല പൊക്കാൻ തുടങ്ങി. അതോടെ കൂടുതൽ വിജ്ഞാന പ്രചാരണത്തിനു പറ്റിയ നാടായി ഈജിപ്തിനെ ഇമാം തിരഞ്ഞെടുത്തു. വന്ദ്യമാതാവ് തന്നെ ഗർഭം ചുമന്ന കാലത്ത് കണ്ട ഒരു സ്വപ്നത്തിന്റെ പുലർച്ചകൂടിയായി അതുമാറി. ഒരു നക്ഷത്രം തന്നിൽ നിന്ന് പുറപ്പെട്ട് ഈജിപ്തിൽ പതിച്ച് പൊട്ടിപ്പിളർന്ന് ഭൂലോകത്തെ വിവിധ ഖണ്ഡങ്ങളിൽ ചീളുകൾ പതിച്ചു എന്നായിരുന്നു സ്വപ്നം.

കേവലം നാലു വർഷമാണ് ഇമാം ഈജിപ്തിൽ ജീവിച്ചത്. കൈറോവിലെ ഫുസ്താതിലുള്ള പ്രശസ്ത പള്ളിയായ മസ്ജിദ് അംറുബിൻ ആസിൽ ദർസ് തുടങ്ങി. നേരം പുലർന്നാൽ എഴുന്നൂറിലധികം വാഹനങ്ങളിൽ ജനം ആ അധരത്തിലെ വിജ്ഞാനം നുകരാൻ ഈജിപ്തിന്റെ നാനാ ഭാഗത്ത് നിന്നും ദിനേനെ എത്തിക്കൊണ്ടിരുന്നു. അക്കാലത്ത് കർമശാസ്ത്രത്തിൽ ഹനഫി, മാലികി വീക്ഷണങ്ങളാണ് ഈജിപ്തുകാർ സ്വീകരിച്ചിരുന്നത്. ഇമാമിന്റെ ദർസും വിജ്ഞാന പ്രചാരണവും തുടങ്ങിയതോടെ വീക്ഷണങ്ങൾ മാറിമറിഞ്ഞു. സകലരും ഇമാമിനെ അംഗീകരിക്കാൻ തുടങ്ങി. മുസ്‌നി(റ) ബുവൈത്വി(റ), മകൻ മുഹമ്മദ്(റ), അബ്ദുല്ലാഹിബ്‌നു അബ്ദുൽ ഹകീം തുടങ്ങിയ പ്രമുഖ ശിഷ്യന്മാരെല്ലാം മുമ്പ് മാലികി വീക്ഷണക്കാരായിരുന്നു.

ഇമാമിന്റെ പുതിയ വീക്ഷണങ്ങൾ (ജദീദ്) പഠിക്കാൻ ജനങ്ങൾ തിങ്ങിക്കൂടി. അതിന്റെ പ്രചാരകരും റിപ്പോർട്ടറുമായ ആറ് പ്രഗത്ഭ ശിഷ്യന്മാർ ഇവരാണ്:

ബുവൈത്വി(റ)/മരണം ഹിജ്‌റ 231

ഹർമലത്തുബിൻ യഹ്‌യ(റ)/ഹി.243

റബീഅ്ബിൻ സുലൈമാൻ ജീസ(റ)/ഹി. 256

ഇസ്മാഈലുബിൻ യഹ്‌യ മുസ്‌നി(റ)/ഹി. 264

റബീഅ് ബിൻ സുലൈമാൻ അൽ മുറാദി(റ)/ഹി. 270

യൂനുസ് ബിൻ അബ്ദുൽ അഅ്‌ലാ(റ)/ഹി. 264.

ഇവർ മാമലകൾ പോലെ പ്രശസ്തരും വിജ്ഞാന ഭാണ്ഡങ്ങളുമായിരുന്നു. മദ്ഹബിന്റെ പ്രചാരകർ എന്നെഴുതുമ്പോൾ ഏതാനും സാധാരണ പണ്ഡിതർ ധരിച്ചുപോകരുത്. ത്വബഖാതു ശാഫിഇയ്യയിൽ ഇമാം സുബ്കി(റ) ബുവൈത്വിയെ പരിചയപ്പെടുത്തുന്നതിങ്ങനെ:

കിടയറ്റ പണ്ഡിതൻ, താർക്കികൻ, കർമശാസ്ത്ര വിശാരദൻ, വിജ്ഞാന പർവതം, ശാഫിഈ(റ) വചനങ്ങൾ സമാഹരിച്ച മുഖ്തസർ എന്ന ഗ്രന്ഥത്തിന്റെ കർത്താവ്, ജീവിത സമയം മുഴുക്കെ ദിക്ർ, ഇൽമ് പ്രചരിപ്പിച്ച മഹാത്മാവ്.

ഫത്‌വകൾ നൽകുന്നതിന് ശാഫിഈ(റ) ചുമതലപ്പെടുത്തിയിരുന്നത് ബുവൈത്വിയെയായിരുന്നു. തന്റെ കാലശേഷം ശിഷ്യഗണങ്ങൾക്ക് നേതൃസ്ഥാനം വഹിക്കാനും ദർസ് നടത്താനും ചുമതലപ്പെടുത്തിയിരുന്നതും അദ്ദേഹത്തെ തന്നെ. അങ്ങനെ ആ ശിഷ്യൻ മുഖേന ശാഫിഈ മദ്ഹബ് ആയിരക്കണക്കിന് പണ്ഡിതർ വഴി ലോകത്തിന്റെ മുക്ക് മൂലകളിലെത്തി.

മാലികി മദ്ഹബുകാരനായിരുന്ന മുഹമ്മദ് ബിൻ ഹകം ശാഫിഈ സരണിയിലേക്ക് മാറുകയും ഇമാമിനെ പരിചയപ്പെടാൻ ധാരാളം പ്രധാനികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. ഇമാം ഒരു മദ്ഹബല്ല ഇസ്‌ലാം ശരീഅത്ത് തന്നെയാണ് എന്നാണദ്ദേഹം പ്രചരിപ്പിച്ചിരുന്നത്. പക്ഷേ, അദ്ദേഹത്തെ ചൂണ്ടി ഇമാം ഒരിക്കൽ പ്രവചിച്ചു: നീ എന്റെ മദ്ഹബ് വിട്ട് ഒഴിഞ്ഞുപോകും.’ ജനങ്ങൾ അത്ഭുതം കൂറി. അത് സംഭവിച്ചതിങ്ങനെയാണ്. ശാഫിഈ(റ) രോഗബാധിതനായപ്പോൾ ഇമാമിന്റെ സീറ്റിലിരുന്ന് ദർസ് നടത്താൻ ഇബ്‌നുൽ ഹകം അത്യാഗ്രഹം കാണിച്ചു. ഇമാം അതിനു അനുവദിക്കാതെ ബുവൈത്വി(റ)യെയാണ് ചുമതലപ്പെടുത്തിയത്. തുടർന്ന് ഇബ്‌നു ഹകം പഴയ ഫിഖ്ഹിലേക്കു തന്നെ ഒഴിഞ്ഞുപോയി. അപ്പോൾ ഇമാമിന്റെ ദീർഘദർശനം പുലരുകയും ചെയ്തു.5

ഖുർആൻ സൃഷ്ടിവാദം കൊടുമ്പിരി കൊണ്ടപ്പോൾ ബുവൈത്വി(റ) സത്യത്തിൽ ഉറച്ചുനിന്നു. പുതിയ വാദം അംഗീകരിക്കാൻ ഒരുനിലക്കും വഴങ്ങിയില്ല. അതോടെ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ബഗ്ദാദിലെ ജയിലിലടച്ചു. പരലോക വിജയം പ്രതീക്ഷിച്ച് എല്ലാം ക്ഷമിച്ച അദ്ദേഹം ഹി. 231-ൽ ജയിലിൽ വെച്ച് മരണം പൂകി.

ബുവൈത്വി(റ)യെ ജയിലിലടച്ചപ്പോൾ ദർസും വിജ്ഞാന പ്രചാരണവുമായി മുഴുസമയം സജീവമായത് ശാഫിഈ(റ)യുടെ മറ്റൊരു പ്രധാന ശിഷ്യനായ ഇമാം മുസ്‌നി(റ) ആയിരുന്നു. നിരവധി ഗ്രന്ഥങ്ങളുടെ കർത്താവായ മുസ്‌നി(റ)യെ ‘മദ്ഹബിന്റെ സഹായി’ എന്ന അപരനാമം നൽകി ഇമാം ആദരിച്ചിരുന്നു.6

ഒരിക്കൽ ഇമാം പറഞ്ഞു: ‘മുസ്‌നി പിശാചുമായി സംവാദം നടത്തിയാൽ അദ്ദേഹം അവനെയും തോൽപ്പിക്കും.’ മുസ്‌നിയുടെ യൗവന കാലത്താണ് ശാഫിഈ(റ) ഈ പ്രസ്താവന നടത്തിയത്. അതിനു ശേഷം നീണ്ട് ആറു പതിറ്റാണ്ട് മുസ്‌നി ജീവിച്ചു. ഇക്കാലമത്രയും ലോകത്തിന്റെ നാനാ ദിക്കുകളിൽ നിന്നും മുസ്‌നി(റ)യിൽ നിന്നുള്ള വിജ്ഞാന സമ്പാദനത്തിനായി ജനങ്ങൾ വന്നുകൊണ്ടിരുന്നു. മുസ്‌നി(റ)യുടെ പ്രശസ്ത ഗ്രന്ഥമാണല്ലോ മുഖ്തസറുൽ മുസ്‌നി. ശാഫിഈ മദ്ഹബിന്റെ ചെറുതും വലുതുമായ സകല നിദാനങ്ങളും വിവരിച്ച ഗ്രന്ഥമാണത്. ശാഫിഈ മദ്ഹബ് പ്രചരിക്കുന്നതിൽ ആ ഗ്രന്ഥവും ഗ്രന്ഥകർത്താവിന്റെ ശേഷിയും ചില്ലറ പങ്കല്ല വഹിച്ചത്.

ഇബ്‌നു ഖുസൈമിൽ നിന്ന് ഇമാം ബൈഹഖി(റ) റിപ്പോർട്ട് ചെയ്യുന്നതു കാണുക: മുഖ്തസർ എന്ന ഗ്രന്ഥത്തെപ്പറ്റി ഗ്രന്ഥകർത്താവ് തന്നെ പറയുന്നു. ഇരുപത് വർഷം പണിപ്പെട്ടാണ് ഞാനത് രചിച്ചത്. രചനാകാലത്ത് എട്ടു തവണ ഞാനത് മാറ്റിയെഴുതിയിട്ടുണ്ട്. ഓരോ തവണയും ഒരുങ്ങുന്നതിനു മുമ്പായി മൂന്ന് നാൾ നോമ്പെടുക്കുകയും കുറേയധികം നിസ്‌കരിക്കുകയും ചെയ്തതിനു ശേഷമാണ് രചന തുടങ്ങിയിട്ടുള്ളത്.7

ശാഫിഈ ഇമാമിന്റെ ഒന്നാം ശിഷ്യതലമുറയിൽ പെട്ട മുസ്‌നി(റ)യെ പോലുള്ളവർ ഗവേഷണ ശക്തിയും കഴിവും മികച്ചവരായിരുന്നു. അവരുടെ ഗവേഷണങ്ങൾ മദ്ഹബിൽ ഒതുങ്ങി നടന്നിട്ടുണ്ട്. ഗവേഷണ ഫലങ്ങൾ പുറംലോകം കണ്ടിട്ടുമുണ്ട്. എന്നാൽ അത് ഇമാമിന്റെ നിദാന ശാസ്ത്രത്തിൽ ഒതുങ്ങിനിന്നു കൊണ്ടായിരുന്നു. അവിടുത്തെ അഭിപ്രായങ്ങളെ മറികടക്കുകയോ രണ്ടും വേർതിരിയാത്ത വിധം കൂട്ടിക്കുഴക്കുകയോ ചെയ്തിട്ടില്ല. ഒരു വിഷയത്തിൽ ശാഫിഈ(റ)യുടെ അഭിപ്രായങ്ങളുടെ അടിത്തറയിൽ നിന്ന് കൊണ്ട് അതിൽ നിന്ന് വേറിട്ട അഭിപ്രായം ഉണ്ടാക്കിയെടുത്തിട്ടുണ്ടെങ്കിൽ മാത്രമേ മദ്ഹബിന്റെതായി പരിഗണിക്കാറുള്ളൂ. അതുരണ്ടും വേറിട്ട് മനസ്സിലാക്കാനുള്ള സൂചികകൾ മുസ്‌നി(റ)യുടെ വാക്കുകളിൽ തന്നെ കാണാറുണ്ട്. ചുരുക്കത്തിൽ, ശാഫിഈ മദ്ഹബ് ശിഷ്യ ഗണങ്ങളാൽ പ്രചരിപ്പിക്കപ്പെട്ടത് മൗലികത സംരക്ഷിച്ചുകൊണ്ടാണ്.

ശാഫിഈ(റ)യുടെ വാക്കുകളും വചനങ്ങളും സംരക്ഷിക്കുന്ന വിഷയത്തിൽ എല്ലാ ശിഷ്യ ഗണങ്ങളും തീവ്രത പുലർത്തിയിട്ടുണ്ട്. അതിസൂക്ഷ്മമായാണ് അവർ വിജ്ഞാനം കൈകാര്യം ചെയ്തത്. ഇമാമിന്റെ മറ്റൊരു ശിഷ്യനാണ് റബീഅ് ബിൻ സുലൈമാൻ. (ഈ പേരിൽ രണ്ടു ശിഷ്യരുണ്ട്. ഇരുവരുടെയും പിതാവിന്റെ പേരും ഒന്നാണ്. നാടുകൊണ്ടാണ് വേർതിരിച്ച് മനസ്സിലാക്കുന്നത്.) മുറാദി എന്ന പേരിലാണറിയപ്പെട്ടത്. അദ്ദേഹത്തോടൊരിക്കൽ ഇമാം പറഞ്ഞു: മകനേ, വിജ്ഞാനം ഭക്ഷണമാക്കി തീറ്റിക്കാൻ സാധിക്കുമായിരുന്നെങ്കിൽ നിനക്ക് ഞാനങ്ങനെ തിന്നാൻ തരുമായിരുന്നു. ഒരക്ഷരം പോലും തെറ്റാതെ സത്യസന്ധമായി ഗുരുവിന്റെ വചനങ്ങൾ ഉദ്ധരിച്ചിരുന്ന ശിഷ്യനായിരുന്നു റബീഅ്. വായനക്കിടയിൽ ഏതാനും പേജുകൾ നഷ്ടമായാൽ അപ്പോൾ ശാഫിഈ(റ) പറഞ്ഞുവെന്നോ ബുവൈതി(റ) ശാഫിഈ(റ)യിൽ നിന്ന് നിവേദനം ചെയ്തുവെന്നോ പറഞ്ഞുകൊണ്ടാണ് സൂക്ഷ്മത പുലർത്തിയിരുന്നത്.

ശാഫിഈ(റ) സ്ഥിരമായി ശിഷ്യന്മാരോട് നടത്തിയിരുന്ന ഉപദേശം ഇങ്ങനെ വായിക്കാം: പണ്ഡിതരോട് അവർക്ക് വിവരമുള്ളതും ഇല്ലാത്തതും ചോദിക്കപ്പെടും. വിവരമുള്ളതിൽ ഉറച്ചുനിൽക്കണം. ഇല്ലാത്തത് പഠിച്ചു പറയണം. പഠിക്കാൻ വിമുഖത കാണിക്കുന്നവരാണ് ജാഹിലുകൾ.8

റഫറൻസ്;

  1. നൂറുൽ അബ്‌സാർ/329
  2. തവാലി തഅ്‌സീസ്
  3. ഇമാമുൽ ഹറമൈനിയുടെ നിഹായയുടെ ആമുഖം/107
  4. രിസാലതു തൻബീഹ്/5
  5. മീസാനുശ്ശഅ്‌റാനി 1/50
  6. ശർഹുൽ മുഹദ്ദബ് 1/107
  7. രിസാലതു തൻബീഹ്/18
  8. സിയറു അഅ്‌ലാമിന്നുബലാഅ് 10/45

പിഎസ്‌കെ മൊയ്തു ബാഖവി മാടവന

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ