ഒരു മാതാവിന്‍റെ പ്രയാസമെത്രയാണെന്ന് നാം ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? കഴിഞ്ഞ കാലത്ത് അവര്‍ നമുക്കുവേണ്ടി സഹിച്ച ത്യാഗത്തിന്‍റെ ആഴങ്ങളിലേക്ക് എപ്പോഴെങ്കിലും നാം എത്തിനോക്കിയിട്ടുണ്ടോ? ഖുര്‍ആന്‍ പറഞ്ഞു: മാതാവ് പ്രയാസത്തിേന്മല്‍ പ്രയാസം സഹിച്ചാണ് അവനെ ഗര്‍ഭം ചുമന്ന് നടന്നത്.
നമ്മുടെ ഓര്‍മയെ തട്ടിയുണര്‍ത്തുകയാണ് ഖുര്‍ആന്‍. പൊടിപുരണ്ട ജീവിതത്താളുകള്‍ പിന്നോട്ടൊന്ന് മറിച്ചു നോക്കാന്‍ നാം സമയം കണ്ടെത്തേണ്ടതുണ്ട്. ഗര്‍ഭം ധരിച്ച് പത്തുമാസക്കാലം എന്തെല്ലാം ബുദ്ധിമുട്ടുകളാണ് നമുക്കു വേണ്ടി അവരനുഭവിച്ചത്. ജീവന്‍റെയും മരണത്തിന്‍റെയും സൂചിമുനയില്‍ നിന്ന് അവര്‍ നമ്മെ പ്രസവിച്ചു. പ്രസവത്തോടെ പ്രയാസം തീരുന്നുണ്ടോ? ഇല്ല, മറിച്ച് അത് ശതഗുണീഭവിക്കുകയാണ്. ദുര്‍ബലനായ പിഞ്ചുപൈതലിന് അമ്മിഞ്ഞപ്പാല്‍ നല്‍കി പരിപാലിച്ചു. നിലവിളി കേള്‍ക്കുമ്പോഴേക്ക് ഓടിയണഞ്ഞ് മാറോട് ചേര്‍ത്ത് ചുടുചുംബനം നല്‍കി സംരക്ഷിച്ചു. രോഗാവസ്ഥയില്‍ കണ്ണിമ ചിമ്മാതെ ശുശ്രൂഷിച്ചു കഴിഞ്ഞു കൂടി. ക്ഷീണം തലക്കു പിടിച്ചപ്പോഴും വിശ്രമിക്കാന്‍ സമയം കണ്ടില്ല. ആര്‍ക്കു വേണ്ടി? നമുക്കുവേണ്ടി മാത്രം. നമ്മുടെ മലവും മൂത്രവും ഒരു വൈമനസ്യവുമില്ലാതെ വെടുപ്പാക്കി. ഒരു ദിവസം തന്നെ എത്ര തവണ!
കാലത്ത് ഉറക്കമുണര്‍ന്ന് ആരാധനാ കര്‍മങ്ങള്‍ക്ക് ശേഷം വീട്ടുജോലികളില്‍ വ്യാപൃതയാകുന്ന മാതാവിന് ഒരു പക്ഷേ തന്‍റെ പശിയടക്കാന്‍ സമയം ലഭിക്കാറുണ്ടോ? വീട്ടംഗങ്ങള്‍ കൃത്യ സമയത്ത് ഭക്ഷണം അകത്താക്കുമ്പോള്‍ തന്‍റെ ക്ഷുത്തടക്കാതെ അടുത്ത സമയത്തേക്കുള്ള ഭക്ഷണം തയ്യാറാക്കുന്ന തിരക്കിലായിരുന്നില്ലേ അവര്‍?
രാത്രി വളരെ വൈകി ക്ഷീണിതയായി ഉറക്കറയിലെത്തുമ്പോഴേക്കും നിദ്ര കണ്‍പോളകളെ തഴുകിത്തുടങ്ങിയിട്ടുണ്ടാകും. അപ്പോഴാണ് നമ്മുടെ കരച്ചില്‍. എന്നിട്ടും ആ മാതൃ ഹൃദയം സ്നേഹമല്ലാതെ ചുരത്താറുണ്ടായിരുന്നില്ല.
ഒരു വൈമനസ്യവുമില്ലാതെ, ആരോടും പരാതി പറയാതെ അവര്‍ നമ്മെ ഹൃദ്യമായ താരാട്ടുപാടിയുറക്കി. അതിന്‍റെ ഈരടികള്‍ ഇപ്പോഴും നമ്മുടെ കര്‍ണപുടങ്ങളില്‍ അലയടിക്കാതിരിക്കുന്നില്ല. ദിനേന അനുഭവിക്കുന്ന ഈ കഷ്ടപ്പാടുകളില്‍ ഒരിക്കലും അവര്‍ പരിഭവം കാണിച്ചില്ല. ഇട്ടെറിഞ്ഞ് പോയതുമില്ല. സഹനത്തിന്‍റെ പ്രതിരൂപമായി എല്ലാം അവര്‍ ക്ഷമിച്ചു. എന്തിനു വേണ്ടി? നമ്മുടെ നന്മക്ക് വേണ്ടി മാത്രം. വര്‍ഷങ്ങളായി ഇത്തരം പ്രയാസങ്ങളുടെ ആറിലാണവര്‍ അക്കരപറ്റാന്‍ തുഴഞ്ഞു കൊണ്ടിരിക്കുന്നത്.
ഇതാണ് സ്നേഹം, നിര്‍മലവും നിര്‍വ്യാജവുമായ സ്നേഹം. ആ സ്നേഹവും കരുണയും കണ്ടില്ലെന്ന് നടിച്ചു കൂടല്ലോ. അതിനാല്‍ മാതാവിന് അര്‍ഹമായ സ്ഥാനം തന്നെ ഇസ്ലാം നല്‍കിയിട്ടുണ്ട്. മാതൃത്വത്തിന്‍റെ മാഹാത്മ്യത്തെ കുറിച്ച് മുത്ത്നബി(സ്വ) വാനോളം പറഞ്ഞിട്ടുണ്ട്. ഏറ്റവും വലിയ കരുണാപാത്രം ഉമ്മയാണെന്ന് അവിടുന്ന് അരുള്‍ ചെയ്തിട്ടുണ്ട്. പിതാവിനേക്കാള്‍ പ്രാമുഖ്യം സ്നേഹസാകല്യമായ മാതാവിനാണെന്ന് അവിടുന്ന് പഠിപ്പിച്ചിട്ടുണ്ട്.
മുന്‍ഗണന
നബി(സ്വ)യോട് ഒരാള്‍ ചോദിച്ചു അല്ലാഹുവിന്‍റെ തിരുദൂതരേ, ജനങ്ങളില്‍ ഞാന്‍ ഏറ്റവും നന്നായി സഹവര്‍ത്തിത്വം പുലര്‍ത്താന്‍ ബാധ്യതപ്പെട്ടതാരാണ്? അവിടുന്ന് പറഞ്ഞു: നിന്‍റെ മാതാവ്. പിന്നെ? നിന്‍റെ മാതാവ്. പിന്നെ? നിന്‍റെ മാതാവ്. പിന്നെയോ? നിന്‍റെ പിതാവ്.
മൂന്നും കഴിഞ്ഞ് നാലാം സ്ഥാനമാണ് പിതാവിനുള്ളത്. ആദ്യമൂന്നു സ്ഥാനവും മാതാവിനാണെന്നാണ് തിരുമൊഴി അര്‍ത്ഥമാക്കുന്നത്. ഈ സ്ഥാനാരോഹണം അര്‍ഹതപ്പെട്ടതു തന്നെയാണ്. അനര്‍ഹമായി അതിലൊന്നുമില്ല. അത്രക്കാണ് ഉമ്മയുടെ ത്യാഗം.
ഹസന്‍(റ) പറഞ്ഞല്ലോ; നന്മയുടെ നാലില്‍ മൂന്നുഭാഗവും മാതാവിനര്‍ഹതപ്പെട്ടതാണ്, ഒരു ഭാഗം പിതാവിനും.
സ്നേഹ നിധി
സ്ത്രീ അപലയും ചപലയുമായിരിക്കാം. പക്ഷേ സ്നേഹത്തിന്‍റെ കാര്യത്തില്‍ അവരെ അതിജയിക്കാന്‍ ഉലകില്‍ ആരുമില്ല. സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും മൂര്‍ത്തീമദ്ഭാവമാണവര്‍. നൊന്ത്പെറ്റ അരുമ സന്തതികളോട് അവളുടെ അലിവും വാത്സല്യവും വര്‍ണനാതീതമാണ്. ഈ കഥയൊന്ന് വായിച്ചു നോക്കൂ നിങ്ങള്‍:
നൂഹ് നബി(അ)യുടെ പ്രബോധന കാലം. ദീര്‍ഘമായ നൂറ്റാണ്ടുകള്‍ പ്രബോധനം ചെയ്തിട്ടും അംഗുലീപരിമിതരായ ആളുകളേ സത്യവിശ്വാസത്തിലേക്ക് കടന്നുവന്നുള്ളൂ. അവസാനം അവര്‍ക്കുമീതെ ജല പ്രളയം താണ്ഡവമാടി. അവരില്‍ ഒരാളോടു പോലും അല്ലാഹു കരുണ കാണിച്ചില്ല. കരുണ കാണിക്കുകമായിരുന്നെങ്കില്‍ അതൊരു മാതാവിനോടായിരുന്നേനേ എന്ന് തിരുമൊഴി.
ജല പ്രളയമുണ്ടായപ്പോള്‍ വെള്ളം ഉയരുന്നതിനനുസരിച്ച് ആ മാതാവ് തന്‍റെ കുഞ്ഞിന്‍റെ രക്ഷയോര്‍ത്ത് ഉയര്‍ന്ന സ്ഥലം തേടിയോടി. വെള്ളം അവിടേയുമെത്തി. അവസാനം അവര്‍ മലമുകളില്‍ കയറി. വെള്ളം ഇരച്ചു കയറി. താന്‍ മുഴുവനായും വെള്ളത്തിനടിയിലായപ്പോള്‍ തന്‍റെ പൊന്നോമനയെ കൈകളില്‍ ഉയര്‍ത്തിപ്പിടിച്ചു ആ സ്നേഹ പാത്രമായ മാതാവ്. താന്‍ മൃത്യു മരിച്ചാലും തന്‍റെ കുഞ്ഞ് രക്ഷപ്പെടണമെന്ന ആഗ്രഹമാണ് അവരെ അതിന് പ്രേരിപ്പിച്ചത് (അല്‍ ബിദായത്തു വന്നിഹായ).
വെന്തുരുകുന്ന ചൂട്കാരണം മാറിലെ പാല്പോലും വറ്റിയ ദയനീയ നിമിഷത്തില്‍ മകന്‍റെ പ്രാണരക്ഷാര്‍ത്ഥം സ്വഫാ മര്‍വ്വ മലകള്‍ക്കിടയില്‍ ഓടിനടന്ന് മാതൃത്വത്തിന്‍റെ മഹനീയ മാതൃക കാണിച്ചു തന്ന ഹാജറ ബീവി(റ)യുടെ ചരിത്രം സുവിതിതമാണല്ലോ.
തന്‍റെ രണ്ടുകുഞ്ഞുങ്ങളുമായി ഒരു സ്ത്രീ ആയിശ(റ)യുടെ വീട്ടില്‍ വന്നു. വിശപ്പുണ്ടെന്ന് കണ്ടിട്ടാവണം ആകെയുണ്ടായിരുന്ന മൂന്ന് ഈത്തപ്പഴങ്ങള്‍ മഹതി അവര്‍ക്ക് സമ്മാനിച്ചു. ഓരോ ഈത്തപ്പഴം വീതം രണ്ടുകുട്ടികള്‍ക്കും നല്‍കിയതിന് ശേഷം അവര്‍ തനിക്കുള്ള പങ്ക് എടുത്തുവെച്ചു. രണ്ടുപേരും വേഗം തങ്ങളുടെ വീതം അകത്താക്കിയതിന് ശേഷം ഉമ്മയെ ദയനീയമായി നോക്കി. മാതൃഹൃദയത്തില്‍ കാരുണ്യത്തിന്‍റെ ഉറവ പൊടിഞ്ഞു. തനിക്കുവേണ്ടി മാറ്റിവെച്ചിരുന്ന വിഹിതം രണ്ടായി ഭാഗിച്ച് അതും കുഞ്ഞുങ്ങള്‍ക്ക് തന്നെ നല്‍കി ആ സ്നേഹനിധിയായ മാതാവ്.
നബി(സ്വ) വന്നപ്പോള്‍ ഈ സംഭവം ആയിശ(റ) അവിടത്തോടുണര്‍ത്തി: അപ്പോള്‍ റസൂലിന്‍റെ പ്രതിവചനം ഇപ്രകാരമായിരുന്നു: തന്‍റെ സന്താനങ്ങളോട് കരുണ കാണിച്ച ആ മാതാവിന് അല്ലാഹു കരുണ ചെയ്യട്ടെ (ബുഖാരി).
താന്‍ പട്ടിണി അനുഭവിച്ചാലും തന്‍റെകുഞ്ഞുങ്ങളുടെ വയറെരിയരുതെന്ന് ചിന്തിക്കുന്ന ഉമ്മമാര്‍ കാരുണ്യമര്‍ഹിക്കുന്നവര്‍ തന്നെയാണ്.
മഹത്ത്വം
ഉമ്മയുടെ മുഖത്തേക്ക് സന്തോഷത്തോടെ നോക്കുന്നത് പോലും ഇബാദത്താണെന്ന് പഠിപ്പിച്ച നബി(സ്വ) മാതൃ മഹത്ത്വം ഉദ്ഘോഷിക്കുന്നത് കാണുക.
നബി(സ്വ) പറഞ്ഞു: നീ നിസ്കരിച്ചു കൊണ്ടിരിക്കെ നിന്‍റെ മാതാപിതാക്കള്‍ നിന്നെ വിളിച്ചാല്‍ മാതാവിന് നീ ഉത്തരം നല്‍കുക, പിതാവിന് ഉത്തരം ചെയ്യേണ്ടതില്ല.
സുന്നത്ത് നിസ്കാരമാണ് ഹദീസിലെ ഉദ്ദേശ്യം. റബ്ബിനോടുള്ള അഭിമുഖ സംഭാഷണമാണല്ലോ നിസ്കാരം. ആ സത്കര്‍മ വേളയിലും മാതൃഹൃദയം നോവരുതെന്നാണ് തിരുനബി(സ്വ)യുടെ അധ്യാപനത്തിന്‍റെ പൊരുള്‍. കാരണം അല്ലാഹുവിന്‍റെ പൊരുത്തം മാതാവിന്‍റെ പൊരുത്തത്തിലാണ്. നബി(സ്വ) പറഞ്ഞു: കാരുണ്യത്തോടെ ഒരാളും ഉമ്മയിലേക്ക് നോക്കുകയില്ല, ആ നോട്ടം കാരണമായി സ്വീകാര്യ യോഗ്യമായ ഒരു ഹജ്ജ് അവനുണ്ടായിട്ടല്ലാതെ. ഒരുദിവസം നൂറു തവണ.
കാലിന്‍ ചുവട്ടിലെ സ്വര്‍ഗം
റസൂല്‍(സ്വ) പറഞ്ഞു: ഉമ്മമാരുടെ കാലിന്‍ ചുവട്ടിലാണ് സ്വര്‍ഗ്ഗം.
മാതാവിന്‍റെ സ്നേഹം തുളുമ്പുന്ന ഹൃദയത്തിനും അനുകമ്പാ പൂര്‍ണമായ വാത്സല്യത്തിനും റസൂല്‍(സ്വ) നല്‍കിയ വലിയ സ്ഥാനമാണിത്. പിതാവിനേക്കാള്‍ ദുര്‍ബലയും സന്താനങ്ങളിലേക്ക് കൂടുതല്‍ ആവശ്യമുള്ളവരും മാതാവാണെന്നതിനാല്‍ മക്കള്‍ അവരോട് കാണിക്കേണ്ട ഏറിയ സ്നേഹത്തിലേക്കും ബഹുമാന പൂര്‍ണമായ പെരുമാറ്റങ്ങളിലേക്കും ഈ ഹദീസ് വഴികാണിക്കുന്നുണ്ട്.
തത്ത്വജ്ഞാനിയെന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച ലുഖ്മാന്‍(റ) തന്‍റെ മകനോട് സ്വര്‍ഗത്തില്‍ നിന്നെന്തെങ്കിലും കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. വിവേകശാലിയായ മകന്‍ അല്‍പനേരത്തിന് ശേഷം ഒരുപിടി മണ്ണുമായി അദ്ദേഹത്തിന്‍റെ അരികില്‍ വന്നു പറഞ്ഞു: ഇത് സ്വര്‍ഗത്തിലെ മണ്ണാണ്. മഹാന്‍ ചോദിച്ചു: എവിടെ നിന്നാണിത്? ഉമ്മയുടെ കാലിന്‍ ചുവട്ടില്‍ നിന്ന്- മകന്‍ പ്രതിവചിച്ചു.
മോചന മാര്‍ഗം
നരകം ഭയാനകമാണ.് ആളിക്കത്തുന്ന അഗ്നിയില്‍ നിന്ന് രക്ഷനേടാന്‍ ആഗ്രഹിക്കാത്തവരുണ്ടാകില്ല. പാപപങ്കിലമായ ജീവിതം നരകത്തിലേക്കുള്ള വഴിയാണ്. എന്നാല്‍ ചില സുകൃതങ്ങള്‍ക്ക് വലിയ ശക്തിയുണ്ടെന്ന് നബി(സ്വ) പഠിപ്പിച്ചതാണ്. ഉമ്മക്ക് ഗുണം ചെയ്യുന്നതും അവരോട് നന്മയോടെ വര്‍ത്തിക്കുന്നതും നരകമോചനത്തിനുള്ള നിമിത്തങ്ങളാണ്. ഉമ്മക്ക് സ്നേഹ ചുംബനം നല്‍കുന്നത് പോലും അത്തരമൊരു സുകൃതമാണ്.
തിരുനബി(സ്വ) പറയുന്നു: മാതാവിന്‍റെ നേത്രങ്ങള്‍ക്കിടയില്‍ ചുംബനം നല്‍കുന്നവന് അത് നരകത്തെ തൊട്ട് മറയാണ്. ഇബ്നു ഉമര്‍(റ) ഒരാളോട് ചോദിച്ചു: നീ നരക പ്രവേശം ഭയക്കുന്നുണ്ടോ? അദ്ദേഹം: ‘ഉവ്വ്.’ മഹാന്‍: എങ്കില്‍ നീ ഉമ്മക്ക് ഗുണം ചെയ്യുക.
ഉമര്‍(റ)ന്‍റെ അരികില്‍ പശ്ചാതാപ വിവശനായി ഒരാള്‍ വന്ന് പറഞ്ഞു: ഞാന്‍ ഒരു കൊല ചെയ്തിരിക്കുന്നു. ഉമര്‍(റ) പറഞ്ഞു: നിനക്ക് നാശം. നിന്‍റെ മാതാപിതാക്കളില്‍ ആരെങ്കിലും ജീവിച്ചിരിക്കുന്നുണ്ടോ? അയാള്‍ പറഞ്ഞു: അതേ. ‘ഉമ്മയാണോ?’ അല്ല, എന്‍റെ പിതാവാണ്. ‘എങ്കില്‍ അദ്ദേഹത്തിന് നീ ഗുണം ചെയ്യുക. നന്മ കാണിക്കുക.’ അയാള്‍ മടങ്ങിയപ്പോള്‍ ഉമര്‍(റ) പറഞ്ഞു: എന്‍റെ ആത്മാവ് ആരുടെ അധീനതയിലാണോ അവന്‍ തന്നെ സത്യം, ആ വ്യക്തിയുടെ മാതാവ് ജീവനോടെയിരിക്കുകയും അവര്‍ക്ക് ഗുണം ചെയ്യുകയും ചെയ്തിരുന്നെങ്കില്‍ അയാള്‍ നരകത്തിന്‍റെ ഇരയാകുകയില്ല എന്നാണ് എന്‍റെ പ്രതീക്ഷ (അല്‍ ബിര്‍റു വസ്വില).
ഒരാള്‍ ഇബ്നു അബ്ബാസ്(റ)നോട് ഗദ്ഗദത്തോടെ ചോദിച്ചു: ഞാന്‍ വിവാഹാന്വേഷണം നടത്തിയ ഒരു പെണ്ണ് എന്നെ ഇഷ്ടമല്ലെന്ന് പറഞ്ഞ് മറ്റൊരാളെ വരിച്ചു. അരിശം പൂണ്ട ഞാന്‍ നിര്‍ദാക്ഷിണ്യം അവളെ കൊലചെയ്തു. എനിക്ക് തൗബയുണ്ടോ? ഇബ്നു അബ്ബാസ്(റ)ന്‍റെ ചോദ്യം, നിന്‍റെ മാതാവ് ജീവിച്ചിരിപ്പുണ്ടോ? ‘ഇല്ല’ അയാള്‍ മറുപടി പറഞ്ഞു. നന്നായി അല്ലാഹു വിലേക്ക് തൗബ ചെയ്ത് മടങ്ങാനും സാധ്യമാകുന്നത്ര ഇബാദത്ത് ചെയ്യാനും ഇബ്നുഅബ്ബാസ്(റ) അയാളെ ഉപദേശിച്ചു. ഇതെല്ലാം ശ്രദ്ധയോടെ നോക്കി നില്‍ക്കുകയായിരുന്നു അത്വാഅ്ബ്നു യസാര്‍(റ). ഉമ്മയുണ്ടോ എന്ന് അങ്ങ് ചോദിച്ചത് എന്തിനാണെന്ന് ഇബ്നു അബ്ബാസ്(റ)നോട് അദ്ദേഹമാരാഞ്ഞു. അവിടുന്ന് പറഞ്ഞു: അല്ലാഹുവിലേക്കടുക്കാന്‍ ഉമ്മക്ക് ഗുണം ചെയ്യുക എന്നതിനേക്കാള്‍ ഉത്തമമായ മറ്റൊരു സത്കര്‍മവും എനിക്കറിയില്ല.
ഉദ്ധൃത സംഭവങ്ങളില്‍ അടിവരയിടേണ്ട ഭാഗം ഇതാണ.് ഉമ്മക്ക് ഗുണം ചെയ്യുന്നതും സ്നേഹം ചൊരിയുന്നതും നരക മോചനത്തിനും അല്ലാഹുവിലേക്കടുക്കാനും നിമിത്തമാകുന്ന സത്കര്‍മമാണ്.
കണ്ണ് പോയാലേ കണ്ണിന്‍റെ വിലയറിയൂ എന്നതു പോലെ സ്നേഹത്തിന്‍റെ ഫലവൃക്ഷവും വീടിന്‍റെ വിളക്കുമായ ഉമ്മ വേര്‍പിരിയുമ്പോഴേ അവരുടെ മഹത്ത്വവും സ്നേഹപ്പരപ്പും കാരുണ്യ ദീപ്തിയും നമുക്ക് ബോധ്യപ്പെടൂ.
ഇത് ഹാരിസ് ഇക്ലി, മാതാവിന്‍റെ നിര്യാണം നിമിത്തം തോരാത്ത കണ്ണീര്‍ വാര്‍ത്തു കൊണ്ടിരിക്കുകയാണദ്ദേഹം. എന്താണിത്ര കരയാന്‍? കണ്ടുനിന്ന ഒരാള്‍ അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം മറുപടി പറഞ്ഞു: എന്‍റെ സ്വര്‍ഗീയ കവാടങ്ങളിലൊന്ന് അടക്കപ്പെട്ടിട്ട് ഞാനെങ്ങനെ കരയാതിരിക്കും?
അവരൊക്കെ ഉമ്മയെ കണ്ടിരുന്നത് അവരുടെ സ്വര്‍ഗത്തിന്‍റെ കവാടമായിട്ടായിരുന്നു. നബി(സ്വ) പഠിപ്പിച്ചതും അങ്ങനെത്തന്നെയാണ്. ആ വാതില്‍ അടക്കപ്പെടുമ്പോള്‍ പൊരുളറിയുന്നവര്‍ക്ക് കരയാതിരിക്കാനാവില്ലല്ലോ.
മാതാവ്-2/ ദേവര്‍ഷോല അബ്ദുസ്സലാം മുസ്ലിയാര്‍