സ്നേഹം… ഏറ്റവും വിശുദ്ധവും സുന്ദരവും അമൂല്യവുമായ വികാരവും വിചാരവുമാണ്. അല്ലാഹു പ്രദാനിച്ച് മനുഷ്യരിലൂടെയും ഇതര ജീവജാലങ്ങളിലൂടെയും ഒഴുകിപ്പരന്ന് പ്രപഞ്ചം മുഴുവന്‍ തണുപ്പും കുളിരുമായി സ്നേഹം നിറഞ്ഞു നില്‍ക്കുന്നു. ഭാഷക്കും വ്യാഖ്യാനങ്ങള്‍ക്കും വഴങ്ങാത്ത മധുരാനുഭവമാണ് സ്നേഹം. മാപിനികള്‍ക്കോ ഭൗതികോപകരണങ്ങള്‍ക്കോ അളന്നു തിട്ടപ്പെടുത്താന്‍ കഴിയാത്ത അതുല്യാനുഭവം. മാനവിക ലോകം തലമുറകളായി സാക്ഷ്യപ്പെടുത്തിയ അലൗകികവും ആത്മീയവുമായ നിത്യസത്യം; യാഥാര്‍ത്ഥ്യവും.
സ്നേഹമെന്ന അതുല്യവികാരത്തെ കൃത്യമായി നിര്‍വചിക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. മനുഷ്യനിര്‍മിത വാക്കുകള്‍ക്കും ഭാഷകള്‍ക്കും വഴങ്ങുന്നതല്ല അത്. സ്നേഹവായ്പിന്റെ നിമിത്തങ്ങളെക്കുറിച്ച് പറയാനേ അതിബുദ്ധിമാന്മാര്‍ക്ക് പോലും കഴിഞ്ഞിട്ടുള്ളൂ. ദാര്‍ശനിക പണ്ഡിതരും പ്രഗത്ഭരായ എഴുത്തുകാരും കവികളുമെല്ലാം സ്നേഹത്തെക്കുറിച്ച് വിശദമായി ഉപന്യസിച്ചിട്ടുണ്ട്.
സ്നേഹസ്വരൂപനായ അല്ലാഹു മനുഷ്യന്റെ ഹൃദയത്തില്‍ നിക്ഷേപിച്ച മനോഹരമായ മധുവാണ് സ്നേഹം. സ്നേഹകാരുണ്യമില്ലാത്ത ഒരു ലോകത്തെക്കുറിച്ചോ ജീവിതത്തെ സംബന്ധിച്ചോ ചിന്തിക്കാന്‍ പോലും സാധ്യമല്ല. സ്നേഹം, ദയ, ആര്‍ദ്രത തുടങ്ങിയ കാരുണ്യത്തിന്റെയും സാന്ത്വനത്തിന്റെയും വികാരവിചാരങ്ങളാണ് പ്രപഞ്ചത്തിന്റെ സന്തുലിതാവസ്ഥയുടെ സുപ്രധാന ഘടകം.
എട്ട് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജീവിച്ച ദാര്‍ശനിക പണ്ഡിതന്‍ ഖാളി ഇയാള് (ഹി. 476544) സ്നേഹത്തെ കുറിച്ച് നടത്തിയ സമഗ്രമായ വീക്ഷണം ഇങ്ങനെയാണ്: ‘മനുഷ്യന്റെ അഭിരുചിയോട് ഒരു വസ്തുവോ വ്യക്തിയോ ഔചിത്യം പുലര്‍ത്തുന്നതുമൂലം അവന് ആ വസ്തുവോട് അല്ലെങ്കില്‍ ആ വ്യക്തിയോട് ഉണ്ടാകുന്ന പ്രതിപത്തിയാണ് സ്നേഹം. പ്രധാനമായും മൂന്ന് സംഗതികളാണ് സ്നേഹത്തിനാധാരമായ ഔചിത്യത്തിന് കാരണമായി വര്‍ത്തിക്കുന്നത്. 1. ഒരു വ്യക്തി അവന്റെ പഞ്ചേന്ദ്രിയങ്ങള്‍ക്ക് ഗോചരീഭവിക്കുന്നത് കൊണ്ട് അവന് ആസ്വാദനമുണ്ടാവുക. സുന്ദര രൂപങ്ങളോടും സുരഭില നാമങ്ങളോടും മധുര ശബ്ദങ്ങളോടും രുചികരമായ ആഹാരപാനീയങ്ങളോടും മനുഷ്യന്‍ സ്നേഹം പ്രകടിപ്പിക്കുന്നത് ഇക്കാരണത്താലാണ്. 2. ഒരു വ്യക്തിയുടെ ശ്രേഷ്ഠമായ ആന്തരിക ഗുണങ്ങളെ സംബന്ധിച്ച് ബുദ്ധി മുഖേനയുണ്ടാകുന്ന ഗ്രഹണാസ്വാദനംപണ്ഡിതര്‍, സച്ചരിതര്‍, ധര്‍മിഷ്ഠര്‍, ബൗദ്ധികര്‍ തുടങ്ങിയവരോടുള്ള സ്നേഹവായ്പ് ഈ ഗണത്തില്‍ പെടുന്നു. ഇതു പ്രകൃതി സഹജമാണ്. 3. ഒരു വ്യക്തിയില്‍ നിന്ന് ഉപകാരമോ അനുഗ്രഹമോ ലഭിക്കുകഉപകാരവും ഗുണവും ചെയ്യുന്നവരോടുള്ള സ്നേഹവായ്പ് മനുഷ്യപ്രകൃതമാണ്’ (അശ്ശിഫാ 2/23).
സാധാരണ ഗതിയില്‍ സ്നേഹിക്കപ്പെടാന്‍ കാരണമാകുന്ന മൂന്ന് കാര്യങ്ങളുണ്ട്. സൗന്ദര്യം പോലുള്ള ബാഹ്യഗുണങ്ങളാണതിലൊന്ന്. വിജ്ഞാനം പോലുള്ള ആന്തരിക ഗുണങ്ങളാണ് മറ്റൊന്ന്. ഒരാളില്‍ നിന്ന് ലഭിക്കുന്ന നന്മകളും ഉപകാരങ്ങളുമാണ് പിന്നെയൊന്ന്. മൂന്നിനും ശാഖകളും ഉപശാഖകളുമുണ്ട്. അവയൊക്കെ സ്നേഹത്തിനാധാരമാണ്. ഒരു വ്യക്തിയിലൊത്തു ചേര്‍ന്ന ഗുണങ്ങളുടെ എണ്ണത്തിന്റെയും വണ്ണത്തിന്റെയും അനുപാദമനുസരിച്ചായിരിക്കും സ്നേഹത്തിന്റെ ഏറ്റക്കുറച്ചിലുണ്ടാവുന്നത്. സുന്ദര വസ്തുവോടും അതിസുന്ദര വസ്തുവോടുമുള്ള സ്നേഹം തുല്യമാകില്ല. പണ്ഡിതനോടും മഹാപണ്ഡിതനോടും ചെറിയ ഗുണം ചെയ്തവരോടും വലിയ ഉപകാരം ചെയ്തവരോടും പല ഗുണങ്ങള്‍ ചെയ്തവരോടുമുള്ള സ്നേഹപ്രകടനം ഒരിക്കലും ഒരുപോലെയാകില്ല.
സ്നേഹത്തിന്റെ മുഖങ്ങള്‍
സ്നേഹത്തിന് പല മുഖങ്ങളുണ്ട്. നാം അല്ലാഹുവിനെ സ്നേഹിക്കുന്നു. പ്രവാചകരെ സ്നേഹിക്കുന്നു. മഹാന്മാരെയും മാതാപിതാക്കളെയും സ്നേഹിക്കുന്നു. ഇണകളെ, സുഹൃത്തുക്കളെ, അഗതികളെ, അയല്‍ക്കാരെ, പ്രത്യയശാസ്ത്രങ്ങളെ… അങ്ങനെ പലരെയും പലതിനെയും സ്നേഹിക്കുന്നു. ഈ സ്നേഹങ്ങള്‍ക്കൊക്കെയും വിവിധ ഭാവങ്ങളും വിഭിന്ന മുഖങ്ങളുമാണുള്ളത്. സ്നേഹം, പ്രേമം, അനുരാഗം, ഇഷ്ടം എന്നിങ്ങനെയുള്ള മാനസികാവസ്ഥകള്‍ അതിന്റെ ഏറ്റവും വിശുദ്ധവും ഉന്നതവുമായ രൂപത്തില്‍ നല്‍കേണ്ടത് അല്ലാഹുവിനാണ്. കാരണം, നമ്മെ ഏറ്റവും സ്നേഹിക്കുകയും സൃഷ്ടിച്ചു പരിപാലിക്കുകയും ചെയ്യുന്നത് അവനാണ്. നമ്മുടെ ഐഹിക വിജയവും പാരത്രികമോക്ഷവുമെല്ലാം അവന്റെ ഉദാരമായ സ്നേഹം കൊണ്ട് സൗജന്യമായി ലഭിക്കുന്നതാണ് ‘സത്യവിശ്വാസികള്‍ സര്‍വോപരി അല്ലാഹുവിനെയാണ് സ്നേഹിക്കുന്നത്’ എന്നു ഖുര്‍ആന്‍ പ്രഖ്യാപിച്ചത് അതുകൊണ്ടാണ് (അല്‍ബഖറ/165).
അനശ്വര പ്രേമത്തിന്റെ പ്രതീകങ്ങളായി ഉന്മാദാവസ്ഥയിലെത്തിയാല്‍ പോലും അത്യഗാധമായ ദൈവിക സ്നേഹമാണ് സത്യവിശ്വാസിയുടെ ഐഡന്‍റിറ്റി ആകേണ്ടതെന്നാണ് ഖുര്‍ആന്റെ ഉല്‍ബോധനം. മാതാവിന് തന്റെ കുഞ്ഞിനോടുള്ളതിനേക്കാള്‍ അനേകയിരട്ടി സ്നേഹമാണ് അല്ലാഹുവിന് അവന്റെ വിനീത ദാസന്മാരോടുള്ളത്. സര്‍വ സങ്കല്‍പത്തിനുമപ്പുറത്തുള്ള ദൈവിക സ്നേഹത്തിന്റെ ഉന്നത ശ്രേണിയാണിത്. സകലമാന സ്നേഹത്തിന്റെയും ഉറവിടം അല്ലാഹുവാണ്. അവനില്‍ നിന്ന് കനിഞ്ഞ് കിട്ടാത്ത ഒരു സ്നേഹവും എവിടെയും ഇല്ലതന്നെ. ഏതു തരം സ്നേഹവും അല്ലാഹുവോട് കടപ്പെട്ടതും ആത്യന്തികമായി അവനിലേക്ക് മടങ്ങുന്നതുമാണ്. അല്ലാഹുവിന്റെ നൂറ് കാരുണ്യത്തില്‍ നിന്ന് ഒന്ന് മാത്രമേ പ്രപഞ്ചമാകെ വിതരണം ചെയ്തിട്ടുള്ളൂ. ബാക്കി തൊണ്ണൂറ്റി ഒമ്പതും അവന്റെ ഇഷ്ടദാസന്മാരെ പരലോകത്ത് സന്തോഷിപ്പിക്കാന്‍ സൂക്ഷിച്ച് വെച്ചതാണ്.
കോടാനുകോടി അനുഗ്രഹങ്ങള്‍ നല്‍കിയ അല്ലാഹുവിനെ അത്യഗാധമായി സ്നേഹിക്കാതിരിക്കാന്‍ ശരിയായ വിശ്വാസിക്കാകില്ല. സത്യവിശ്വാസം, സന്മാര്‍ഗം, വായു, വെള്ളം, ആരോഗ്യം, ഭക്ഷണം, വസ്ത്രം, സന്താനം, സമ്പത്ത് തുടങ്ങിയ ആത്മീയവും ഭൗതികവുമായ സര്‍വ കാര്യങ്ങളും അല്ലാഹുവിന്റെ അപാരമായ അനുഗ്രഹങ്ങളാണ്. അവയിലൊക്കെ നമ്മുടെ പങ്ക് അനുഭവിക്കല്‍ മാത്രമായിരിക്കും. തന്റെ സ്രഷ്ടാവും യജമാനനും ഉടമസ്ഥനും അന്നദാതാവും നിയന്താവുമായ അല്ലാഹുവെ തന്നെയാണ് നാം ഏറ്റവും കൂടുതല്‍ സ്നേഹിക്കേണ്ടത്. ഇത് ബുദ്ധിയുടെ തന്നെ തേട്ടമാണ്. പ്രമാണങ്ങള്‍ ഇത് സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.
സ്നേഹവിപ്ലവം
വിശ്വാസത്തിന് മധുരം പകരുന്ന അതുല്യമായ വികാരമാണ് അല്ലാഹുവോടും അവന്റെ ഹബീബായ മുത്തുനബി(സ്വ)യോടുമുള്ള സ്നേഹപ്രകടനം. ‘അല്ലാഹുവെ സ്നേഹിക്കുകയും അല്ലാഹു സ്നേഹിക്കുകയും ചെയ്യുന്ന ദാസനാവുക’ എന്നതാണ് സത്യവിശ്വാസിയുടെ സവിശേഷ മാതൃകയെന്ന് ഇസ്‌ലാം.
‘മൂന്ന് സവിശേഷതകള്‍ സമ്മേളിച്ചവന്‍ സത്യവിശ്വാസത്തിന്റെ മാധുര്യം ആസ്വദിച്ചു. അല്ലാഹുവും അവന്റെ റസൂലും മറ്റെല്ലാറ്റിനെക്കാളും പ്രിയപ്പെട്ടവരായിരിക്കുക. അല്ലാഹുവിന്റെ പ്രീതി മാത്രം ഉദ്ദേശിച്ച് മനുഷ്യനെ സ്നേഹിക്കുക. സത്യനിഷേധത്തില്‍ നിന്ന് അല്ലാഹു രക്ഷപ്പെടുത്തിയ ശേഷം അതിലേക്കുള്ള മടക്കം നരകത്തിലേക്ക് എറിയപ്പെടുന്നത് പോലെ അനിഷ്ടകരമായിരിക്കുക’ (മുസ്‌ലിം).
വിശ്വാസ മാധുര്യം ലഭിക്കുക എന്നത് സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം സുപ്രധാന ആവശ്യമാണ്. അനിവാര്യമായ അഭിലാഷമാണ്. അത് എങ്ങനെ എവിടുന്ന് ലഭിക്കുമെന്ന് അന്വേഷണത്തിലുമാണ്. വിശ്വാസരുചി ആസ്വദിക്കാന്‍ വിശ്വപ്രവാചകന്‍ നിര്‍ദേശിച്ച മൂന്നു കാര്യങ്ങളുണ്ട്. മൂന്നും വിശ്വാസപരമാണ്. അല്ലാഹു, ദീന്‍, മുഹമ്മദ് നബി(സ്വ) എന്നീ വിശ്വാസങ്ങളെ സംതൃപ്തിയോടെ ഉള്‍ക്കൊള്ളുക എന്നതാണത്. ‘അല്ലാഹുവിനെ റബ്ബായും ഇസ്‌ലാമിനെ മതമായും തിരുനബിയെ അല്ലാഹുവിന്റെ പ്രവാചകരായും തൃപ്തിപ്പെട്ടവന്‍ സത്യവിശ്വാസത്തിന്റെ രുചി ആസ്വദിച്ചു’ (മുസ്‌ലിം).
വെറും വിശ്വാസവും സംതൃപ്തമായ വിശ്വാസവും തമ്മില്‍ ഏറെ അന്തരമുണ്ട്. സംതൃപ്തമായി ഉള്‍ക്കൊണ്ടാല്‍ ഒരിക്കലും ആ ബന്ധം മുറിയില്ല. അതുകൊണ്ട് തന്നെയാണ് ഇസ്‌ലാമിനെ സംതൃപ്തമായി ഉള്‍ക്കൊള്ളാന്‍ ആശ്യപ്പെടുന്നത്. സംതൃപ്തിയാണ് സ്നേഹത്തിന്റെ ഭാഷ. വിശ്വസിക്കൂ എന്നത് ഒരു ആജ്ഞയാണ്. സ്നേഹത്തിന് പക്ഷേ, ആജ്ഞയുടെ സ്വരമില്ല. സ്നേഹഭാഷ ഹൃദയത്തിന്റെ തൊട്ടുണര്‍ത്തലാണ്. സ്നേഹം അറിഞ്ഞു നല്‍കേണ്ടതാണ്. ‘സ്നേഹവായ്പ് വറ്റിപ്പോയവന് ഈമാനില്ലെന്ന’ പ്രവാചകവചനം എന്തുമാത്രം ശ്രദ്ധേയമാണ്!
പ്രവാചകസ്നേഹം
വിശ്വാസമാധുര്യത്തിന്റെയും സംതൃപ്ത വിശ്വാസത്തിന്റെയും രണ്ടാം ഭാഗം പ്രവാചക സ്നേഹമാണ്. അത് നമ്മുടെ ഐഡന്‍റിറ്റിയുടെ ഭാഗമാണ്. അല്ലാഹുവില്‍ നിന്ന് ലഭിക്കുന്ന ഏതൊരനുഗ്രഹത്തിനും നിമിത്തമായിട്ടുള്ള തിരുനബി(സ്വ)യെ സൃഷ്ടികളിലേറ്റവും കൂടുതല്‍ സ്നേഹിക്കാത്തവന്‍ സത്യവിശ്വാസിയാകില്ല. നമുക്ക് സത്യസന്ദേശമെത്തിച്ചു തന്നതും സന്മാര്‍ഗത്തിന്റെ പ്രായോഗിക രൂപങ്ങള്‍ പഠിപ്പിച്ച് തന്നതും മുത്ത് നബി(സ്വ)യാണ്. അവിടുന്ന് സ്വന്തത്തേക്കാളും കുടുംബത്തേക്കാളുമപ്പുറം അനുയായികളെ സ്നേഹിക്കുകയും അവര്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിക്കുകയും ചെയ്തു. തനിക്ക് ലഭിച്ച അധികാരാംഗീകാരങ്ങളും സുഖാനുഭൂതികളും ത്യജിച്ച് ലാളിത്യത്തിന്റെ വിശ്വരൂപം സ്വീകരിക്കുകയായിരുന്നു. ആദര്‍ശ പ്രചോദിതമായ സ്നേഹവിപ്ലവത്തിലൂടെ അവിടുന്ന് ലോകത്തെ കീഴടക്കുകയായിരുന്നു. അങ്ങനെ അത് മൊത്തം ലോകത്തെ തന്നെ മാറ്റിമറിക്കുന്ന സ്നേഹഗാഥകള്‍ക്ക് വഴിതുറന്നു. സ്നേഹത്തിന്റെ എല്ലാ നിമിത്തങ്ങളും സമഗ്രവും സമ്പൂര്‍ണവുമായി മുത്തുനബിയില്‍ ഒത്തുചേരുകയും ചെയ്തു. എല്ലാവരാലും എപ്പോഴും ഏറ്റവും സ്നേഹിക്കപ്പെടാന്‍ അര്‍ഹരായി. അവിടുത്തെ അതുല്യമായ വ്യക്തിപ്രഭാവത്തെ ശത്രുമിത്ര ഭേദമന്യേ രേഖപ്പെടുത്തി.
പരസ്പര സ്പര്‍ധയുടെ ഉമിത്തീയില്‍ നിന്ന് ലോക ജനതയെ പരസ്പര സ്നേഹത്തിന്റെയും ഗുണകാംക്ഷയുടെയും ഉത്തുംഗതയിലേക്ക് ഉയര്‍ത്താന്‍ സാധിച്ചത് തിരുനബി(സ്വ)ക്ക് അവരോടുണ്ടായിരുന്ന അനുപമമായ സ്നേഹവായ്പാണ്. നിര്‍ലോഭമായ ആ സ്നേഹം തന്നെയാണ് അവര്‍ പുണ്യനബി(സ്വ)ക്ക് തിരിച്ചു നല്‍കിയതും. അനുയായികളെ അതിരറ്റു സ്നേഹിക്കുകയും പരസ്പരം സ്നേഹിക്കാന്‍ അവരെ പഠിപ്പിക്കുകയും അത് പ്രായോഗിക തലത്തില്‍ പ്രതിഫലിപ്പിക്കുകയും പ്രകൃതിയിലേക്കും ജീവജാലങ്ങളിലേക്കും സ്നേഹം പ്രസരിപ്പിക്കുകയും ചെയ്തു. തിരുദൂതര്‍ പറഞ്ഞു: ‘ജനങ്ങളോട് കരുണ കാണിക്കാത്തവരോട് കരുണാവാരിധിയായ അല്ലാഹുവും കരുണ കാണിക്കില്ല. സൗമ്യത സകലത്തേയും സുന്ദരമാക്കുന്നു. അതിന്റെ അഭാവം സകലതിനെയും വികലമാക്കുകയും ചെയ്യുന്നു.’
പ്രപഞ്ചത്തോളം വിശാലമായ സ്നേഹവായ്പിന്റെ അത്യുജ്ജ്വലമായ ഒട്ടേറെ ഉദാഹരണങ്ങള്‍ പ്രവാചക ജീവിതത്തില്‍ പ്രകടമായിരുന്നു. വഴിയരികിലെ വൃദ്ധയോട്, ചിറകൊടിഞ്ഞ പക്ഷിയോട്, വെള്ളത്തില്‍ വീഴുന്ന ഉറുമ്പിനോട്, ദാഹിച്ചു വലയുന്ന നായയോട്, ചുമടുമായി വിഷമിക്കുന്ന അബലരോട്, കൊച്ചു കുഞ്ഞുങ്ങളോട്, അവശതയനുഭവിക്കുന്നവരോട്, എല്ലാമുള്ള സ്നേഹകാരുണ്യമാണ് റസൂല്‍(സ്വ) തന്നെ സ്നേഹിക്കുന്നവരില്‍ നിന്നാവശ്യപ്പെടുന്നത്. നിരവധി നബിവചനങ്ങളിലായി ഈ സ്നേഹപാഠങ്ങള്‍ ആവര്‍ത്തിച്ചു പഠിപ്പിക്കപ്പെടുന്നു. ആര്‍ദ്രത വറ്റിയിട്ടില്ലാത്ത ആധുനിക ബുദ്ധിജീവികള്‍ പോലും ഇത്തരം സാന്ത്വന വചനങ്ങളില്‍ ആകൃഷ്ടരായി കൊണ്ടിരിക്കുന്നു. മാനവികതയുടെയും സഹജീവി സ്നേഹത്തിന്റെയും മുഴുവന്‍ സാരങ്ങളും അന്തര്‍ഭവിച്ചു നില്‍ക്കുന്ന വിശുദ്ധ വചനം എന്തുമാത്രം ശ്രദ്ധേയമാണ്. ‘ഭൂമിയിലുള്ളവരോട് കരുണ കാണിക്കൂ, ആകാശത്തിന്റെ അധിപന്‍ നിങ്ങളോടും കരുണ കാണിക്കും.’ ആകാശം പോലെ വിശാലമായ വിശുദ്ധ ഹൃദയത്തിന്റെ ഉടമ അക്ഷരാര്‍ത്ഥത്തില്‍ കാരുണ്യസാഗരം തന്നെ.
ആള്‍ബലം കൊണ്ടോ ആയുധശേഖരം കൊണ്ടോ സാമ്പത്തിക സഹായം കൊണ്ടോ അല്ല അവിടുന്ന് ലോക വന്‍ ശക്തികളെ കീഴടക്കിയത്. സ്നേഹമസൃണമായ പെരുമാറ്റ ചട്ടങ്ങളിലൂടെയായിരുന്നു. സായുധ വിപ്ലവത്തേക്കാള്‍ സ്വാധീനം സ്നേഹ വിപ്ലവത്തിനായിരുന്നു.
ഒരിക്കല്‍ അവിടുന്ന് പറഞ്ഞു: ‘എനിക്കെന്റെ സുഹൃത്തുക്കളെ കാണാന്‍ കൊതിയാകുന്നു. അനുചരന്മാര്‍ ചോദിച്ചു, ഞങ്ങളല്ലെയോ അവിടുത്തെ സുഹൃത്തുക്കള്‍? അല്ല! നിങ്ങളെന്റെ സ്വഹാബികളാണ്. എന്റെ സുഹൃത്തുക്കള്‍ എന്നെ കാണുകയോ അനുഭവിക്കുകയോ ചെയ്യാതെ അങ്ങേയറ്റം എന്നെ സ്നേഹിക്കുന്നവരാണ്.’
കഅ്ബാലയത്തിനകത്ത് കയറി നിസ്കരിച്ച ദിവസം വീട്ടില്‍ വിഷണ്ണനായിരിക്കുന്നത് കണ്ട് ഭാര്യ ആഇശ(റ) പ്രവാചകരോടു ചോദിച്ചു: അവിടുന്ന് ദുഃഖിച്ചിരിക്കുന്നതെന്തിന്? നബി(സ്വ)യുടെ പ്രതികരണം ഇങ്ങനെയായിരുന്നു: ‘കഅ്ബക്കകത്തു വെച്ചുള്ള എന്റെ ഈ നിസ്കാര വിവരം പില്‍ക്കാലത്തുള്ള അനുയായികള്‍ അറിയുകയും അവര്‍ ആവേശപൂര്‍വം കഅ്ബാലയത്തില്‍ വന്ന് അകത്തുകയറാന്‍ ഒരുങ്ങുകയും അതവര്‍ക്ക് സാധിക്കാതെ വരുകയും ചെയ്താല്‍ അവര്‍ക്കുണ്ടായേക്കാവുന്ന മാനസിക സംഘര്‍ഷം ഓര്‍ത്താണ് ഞാന്‍ പ്രയാസപ്പെട്ടിരിക്കുന്നത്.’ ലോകാവസാനം വരെ ജനിക്കാനിരിക്കുന്ന മുഴുവന്‍ അനുയായികളുടെയും വേദനകളും വേവലാതികളും ഉള്‍ക്കൊള്ളാന്‍ മാത്രം വിശാലമായിരുന്നു അവിടുത്തെ ഹൃദയം.
സ്നേഹപ്രാര്‍ത്ഥനകള്‍
സത്യവിശ്വാസികള്‍ അല്ലാഹുവോടും അവന്റെ റസൂലിനോടും അതിതീവ്രമായ അനുരാഗമുള്ളവരാണ്. സ്നേഹമാണ് അഖിലസാരമൂഴിയില്‍ എന്ന കവിഭാഷ്യം ശ്രദ്ധേയം. ഈ സ്നേഹത്തിന്റെ പ്രകാശമാണ് വിശ്വാസത്തിന്റെ മനക്കണ്ണാടിയില്‍ പ്രതിഫലിക്കുന്നത്. അവര്‍ അല്ലാഹുവിനെയും അല്ലാഹു അവരെയും സ്നേഹിക്കുന്നു. അങ്ങനെ സ്നേഹിക്കുന്നവരാകാന്‍ അവര്‍ ആശിക്കുകയും അതിനുവേണ്ടി സദാ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു: ‘അല്ലാഹുമ്മ ഇന്നീ അസ്അലുക ഹുബ്ബക വഹുബ്ബ മന്‍ യുഹിബ്ബുക വഹുബ്ബ അമലിന്‍ യുഖര്‍റിബുനീ ഇലാ ഹുബ്ബിക്.’ അല്ലാഹുവേ ഞാന്‍ നിന്റെ സ്നേഹം ഇരക്കുന്നു. നിന്നെ സ്നേഹിക്കുന്നവരുടെ സ്നേഹത്തെയും നിന്റെ സ്നേഹത്തിലേക്ക് എന്നെ അടുപ്പിക്കുന്ന പ്രവൃത്തിയോടുള്ള സ്നേഹത്തെയും നിന്നോട് ഞാന്‍ ചോദിക്കുന്നു.
തീവ്രമായ സ്നേഹാനുരാഗ വികാരവായ്പ് പതഞ്ഞുപൊങ്ങുന്ന അനുകരണീയമായ മറ്റൊരു സ്നേഹ പ്രാര്‍ത്ഥന കാണുക: ‘അല്ലാഹുമ്മ ഇജ്അല്‍നീ… അല്ലാഹുവേ, നീ എന്നെ എന്റെ ഹൃദയം കൊണ്ട് മുഴുവനായും നിന്നെ സ്നേഹിക്കുന്നവനാക്കേണമേ. എന്റെ സകല പരിശ്രമം കൊണ്ടും നിന്നെ തൃപ്തിപ്പെടുത്തുന്നവനാക്കേണമേ. അല്ലാഹുവേ, എന്റെ ഹൃദയത്തിലെ സ്നേഹം മുഴുവന്‍ നിനക്കാക്കേണമേ. എന്റെ പ്രയത്നങ്ങളഖിലവും നിന്റെ തൃപ്തിയിലാക്കേണമേ.’
വിശ്വാസിയുടെ മനോമസ്തിഷ്കങ്ങള്‍ നിഷ്കളങ്കമായ സ്നേഹാനുരാഗത്താല്‍ നിറഞ്ഞു നില്‍ക്കുന്ന ആദര്‍ശ പ്രചോദിതവും ആത്മീയ ചൈതന്യം ലഭിക്കുന്നതുമായ പ്രാര്‍ത്ഥനയാണിത്. അത്യഗാധമായ ഈ സ്നേഹം തന്നെയാണ് വിശ്വാസി ലോകത്തിന്റെ ഹൃദയത്തില്‍ നിന്ന് പ്രവാചകനിലേക്ക് പടരുന്നത്. സ്നേഹം നേടാന്‍ നിരന്തര പഠന പ്രവര്‍ത്തനങ്ങളും നിതാന്തമായ പ്രാര്‍ത്ഥനകളും ആവശ്യമാണ്. പ്രാര്‍ത്ഥന സത്യവിശ്വാസിയുടെ ആയുധമാണെന്നാണ് പ്രവാചകാധ്യാപനം.
സ്നേഹസന്ദേശം
അല്ലാഹുവിന്റെ സ്നേഹം ലഭിക്കാന്‍ സൃഷ്ടികള്‍ പരസ്പരം സ്നേഹിക്കണമെന്നും ഏതു സ്നേഹ പ്രകടനങ്ങളും അല്ലാഹുവിന്റെ തൃപ്തി മുന്‍നിര്‍ത്തി മാത്രമായിരിക്കണമെന്നുമുള്ള ഇസ്‌ലാമിന്റെ ഉല്‍ബോധനം എക്കാലത്തും ദാര്‍ശനികവും ധൈഷണികവുമാണ്.
‘തനിക്കുവേണ്ടി ആഗ്രഹിക്കുന്നതെല്ലാം എല്ലാ സത്യവിശ്വാസികള്‍ക്ക് വേണ്ടിയും ആഗ്രഹിക്കുക’ പ്രപഞ്ചത്തോളം വിശാലമായ ഈ പ്രവാചക വചനം അതിരുകളില്ലാത്ത സ്നേഹപ്രപഞ്ചമാണ് സൃഷ്ടിക്കുന്നത്. വിദ്വേഷത്തിന്റെയും കാലുഷ്യത്തിന്റെയും കനല്‍പഥങ്ങളില്‍ നടന്നുനീങ്ങുന്ന ആധുനിക മനുഷ്യന്റെ വരണ്ടുണങ്ങിയ ഹൃദയത്തിന് തണുപ്പ് ലഭിക്കുന്ന സ്നേഹാര്‍ദ്രതയുടെ സുന്ദരമായ സന്ദേശമാണിത്. ദേശഭാഷകള്‍ക്കതീതമായ സ്നേഹം.
അല്ലാഹുവിന് വേണ്ടി സ്നേഹിക്കുക, ഒരുമിച്ചു കൂടുക, ബന്ധം സ്ഥാപിക്കുക, സന്ദര്‍ശിക്കുക, പരസ്പരം സഹായിക്കുക. അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി വെറുക്കേണ്ടവനെയും വെറുക്കേണ്ടതിനെയും വെറുക്കുക. അകന്നു നില്‍ക്കേണ്ടവരില്‍ നിന്ന് അകലുക. മാറ്റിനിര്‍ത്തേണ്ടവരെ മാറ്റിനിര്‍ത്തുക. എല്ലാം അല്ലാഹുവിന്റെ മാര്‍ഗത്തിലാവുക, സ്വന്തം താല്‍പര്യങ്ങള്‍ക്കു വേണ്ടിയാവരുത്.
‘സ്നേഹമില്ലാത്തവന് ഈമാനില്ല.’ എന്തുമാത്രം അര്‍ത്ഥഗര്‍ഭമാണീ പ്രവാചകവചനം! സ്നേഹിച്ചു ഭരിക്കുക, സ്നേഹത്താല്‍ കീഴടക്കുക, സ്നേഹവിപ്ലവം സൃഷ്ടിക്കുക.

 

ശുകൂര്‍ സഖാഫി വെണ്ണക്കോട്

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ