ലോകത്തെ നന്മയിലേക്ക് ക്ഷണിക്കാനും സംസ്കരിച്ചെടുക്കാനും വേണ്ടിയാണ് മുഹമ്മദ്(സ്വ) നിയോഗിതനായിട്ടുള്ളത്. ഈ ദൗത്യനിർവഹണത്തിന് റസൂൽ(സ്വ)യുടെ അവലംബം വിശുദ്ധ ഖുർആനായിരുന്നു. ഖുർആനോതി ജനങ്ങളെ നന്മയിലേക്ക് നയിക്കുന്ന ഒരു ദൂതനെ നിയോഗിക്കണമെന്ന് കാലങ്ങൾക്കു മുമ്പേ ഇബ്റാഹീം നബി(അ) അല്ലാഹുവിനോട് ദുആ ചെയ്തിരുന്നു. കഅ്ബയുടെ നിർമാണം പൂർത്തിയായതിനു ശേഷം മഹാൻ പ്രാർത്ഥിച്ചു: അല്ലാഹുവേ, ഞങ്ങളുടെ സന്താനങ്ങളിൽ നിന്ന് നിനക്ക് വഴിപ്പെടുന്ന ഒരു ജനവിഭാഗത്തെ നീ സൃഷ്ടിക്കേണമേ. നിന്റെ വചനങ്ങൾ ഓതിക്കൊടുക്കുകയും ദിവ്യ, തത്ത്വജ്ഞാനങ്ങൾ പഠിപ്പിക്കുകയും അവരെ സംസ്കരിച്ചെടുക്കുകയും ചെയ്യുന്ന ഒരു ദൂതനെ അവരിൽ നിന്നുതന്നെ നീ അയക്കേണമേ (സൂറത്തുൽ ബഖറ 129).
ഈ രീതിയിലുള്ള പ്രവാചകരായി മുഹമ്മദ്(സ്വ)യെ നിയോഗിച്ചതിനെ കുറിച്ച് ഖുർആൻ പ്രസ്താവിക്കുന്നുണ്ട്. പക്ഷേ, ദൈവിക വചനങ്ങൾ ഓതിക്കേൾപ്പിക്കുകയും സംസ്കരിച്ചെടുക്കുകയും ചെയ്യുക എന്ന ദൗത്യം പരാമർശിച്ചതിനുശേഷം മാത്രമാണ് ഈ രണ്ട് ആയത്തുകളിലും വേദവും തത്ത്വജ്ഞാനങ്ങളും പഠിപ്പിക്കുന്ന കാര്യം പറയുന്നത്. അറിവുകൾ കൈമാറ്റം ചെയ്യുന്ന കേവല അധ്യാപകൻ എന്നതല്ല, മറിച്ച് ദൈവിക വചനങ്ങൾ ഉരുവിട്ടുകൊണ്ട് സമൂഹത്തിൽ പരിവർത്തനം സൃഷ്ടിക്കുക എന്നതാണ് റസൂലിനെ അയക്കുന്നതിന്റെ പ്രധാന ലക്ഷ്യമെന്ന് ഇത് സൂചിപ്പിക്കുന്നു.
ഈ ലക്ഷ്യസാക്ഷാത്കരണത്തിനുതകുന്ന രീതിയിലാണ് അല്ലാഹു ഖുർആൻ അവതരിപ്പിച്ചിട്ടുള്ളത്. ഖുർആനിനു മുന്നേയുള്ള വേദഗ്രന്ഥങ്ങൾ മുഴുവൻ ഭാഗങ്ങളും ഒറ്റത്തവണ ആയാണ് ഇറക്കിയത്. ഖുർആനാകട്ടെ 23 വർഷംകൊണ്ട് അൽപാൽപം സന്ദർഭോചിതമായാണ് ഇറങ്ങിയത്. രണ്ട് ചട്ടക്കുള്ളിൽ ക്രോഡീകൃതമായ ഒരു പെരുമാറ്റച്ചട്ടം കൈമാറുന്നതിനു പകരം ഓരോ സാഹചര്യത്തിലും അതിനനുസൃതമായ ദൈവിക വചനങ്ങൾ ഓതിക്കേൾപ്പിച്ച് സമൂഹത്തിൽ പരിവർത്തനം വരുത്തുകയായിരുന്നു നബി(സ്വ) ചെയ്തത്.
സദാചാരത്തിന്റെ സർവ സീമകളും ഭേദിച്ച ഒരു സമൂഹത്തെയായിരുന്നു നബി(സ്വ)ക്ക് പ്രബോധനത്തിനായി ലഭിച്ചിരുന്നത്. ‘നിസ്സംശയം, പ്രകടമായ വഴികേടിലായിരുന്നു അവർ’ എന്ന് ഖുർആൻ (ആലുഇംറാൻ 164) ആ സമൂഹത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇത്തരമൊരു വിഭാഗത്തെയാണ് നബി(സ്വ) ഖുർആനിലൂടെ എല്ലാ രീതിയിലും സംസ്കരിച്ചെടുത്തത്. മദ്യപാനം, വർഗീയത, വ്യഭിചാരം, അതിന്റെ രംഗങ്ങൾ ഗദ്യപദ്യ രൂപങ്ങളിൽ അഭിമാനപൂർവം ജനങ്ങൾക്കിടയിൽ വിളിച്ചുപറയുക, സ്ത്രീകൾക്കും കുട്ടികൾക്കും അനന്തരാവകാശം നൽകാതിരിക്കുക, അനാഥകളുടെ സ്വത്ത് അപഹരിക്കുക, തങ്ങളുടെ കുടുംബത്തിൽ നിന്ന് കൊല്ലപ്പെട്ടവർക്ക് പകരമായി ഘാതകന്റെ കുടുംബത്തിൽ നിന്ന് രണ്ടാളുകളെ അന്യായമായി തിരിച്ചുകൊല്ലുക, മരണപ്പെട്ട വ്യക്തിയുടെ സ്വത്ത് അനന്തരമെടുക്കുന്നതു പോലെ അയാളുടെ ഭാര്യയെയും അനന്തരമെടുക്കുക, എന്നിട്ട് മഹ്ർ(വിവാഹമൂല്യം) കൊടുക്കാതെ അവരെ വിവാഹം കഴിക്കുക, അല്ലെങ്കിൽ മറ്റൊരാൾക്ക് വിവാഹം ചെയ്തുകൊടുത്ത് മഹ്ർ സ്വന്തമാക്കുക, സ്ത്രീ തന്നെ സ്വന്തം സമ്പാദ്യം മോചനദ്രവ്യമായി നൽകാൻ, അല്ലെങ്കിൽ മരണപ്പെട്ട ശേഷം അവളുടെ സ്വത്ത് കരസ്ഥമാക്കുക എന്ന ദുരുദ്ദേശ്യത്തോടെ മറ്റൊരാൾക്കവളെ വിവാഹം ചെയ്തുകൊടുക്കാതിരിക്കുക തുടങ്ങിയവ അതിന്റെ ഉദാഹരണങ്ങളാണ്.
മക്കയിൽ ജീവിച്ച 13 വർഷം നൈതികതയുടെ അടിസ്ഥാനമായ ദൈവവിശ്വാസം സ്ഥാപിക്കാനായിരുന്നു തിരുനബി(സ്വ) കൂടുതൽ ശ്രദ്ധിച്ചത്. മതം മുന്നോട്ടുവെക്കുന്ന ആദർശമനുസരിച്ച് മാത്രമേ സദാചാര മൂല്യങ്ങളുടെ സംസ്ഥാപനം സാധ്യമാകൂ എന്നതിനാലാണ് ഇത്. മക്ക കാലഘട്ടത്തിൽ വളരെ കുറച്ചു മാത്രമേ വിധിവിലക്കുകൾ അവതരിപ്പിച്ചിരുന്നുള്ളൂ. മദീനയിലെത്തിയപ്പോഴാണ് കർമപരമായ കാര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിത്തുടങ്ങിയത്. ഈയൊരു വ്യത്യാസം ഖുർആനിലും കാണാവുന്നതാണ്. സദാചാര മൂല്യങ്ങളുടെ അടിസ്ഥാനമായ ദൈവവിശ്വാസമാണ് മക്കി സൂറത്തുകളിൽ പ്രധാനമായും പ്രതിപാദിക്കുക. മദനി സൂറത്തുകളിലാകട്ടെ ദൈവവിശ്വാസം സ്ഥിരപ്പെട്ടതിന്റെ ശേഷം പുലർത്തേണ്ട ശീലങ്ങളും വർജിക്കേണ്ട അശ്ലീലങ്ങളുമാണ് കൂടുതൽ.
ഖുർആനിലൂടെ നന്മയും തിന്മയും നബി(സ്വ) സമൂഹത്തെ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു: മാതാപിതാക്കൾക്കും കുടുംബക്കാർക്കും അനാഥകൾക്കും ദരിദ്രർക്കും നന്മ ചെയ്യുക (2: 83), ഭാര്യമാരോട് നല്ല രീതിയിൽ പെരുമാറുക. വെറുപ്പ് തോന്നുകയാണെങ്കിൽ ക്ഷമിക്കുക, നിങ്ങൾ ഒരു കാര്യം വെറുക്കുകയും അല്ലാഹു അതിൽ നന്മകൾ ഉൾക്കൊള്ളിക്കുകയും ചെയ്തെന്നു വന്നേക്കാം (4: 19), സമീപസ്ഥരും വിദൂരസ്ഥരുമായ അയൽക്കാരോട് നല്ല രീതിയിൽ വർത്തിക്കുക (4: 36), അനാഥകളുടെ നന്മക്കുവേണ്ടി പ്രവർത്തിക്കുക (2: 220), സത്യവിശ്വാസികൾ സ്നേഹിതന്മാരാണ്. സ്നേഹിതർക്കിടയിൽ രമ്യത ഉണ്ടാക്കുക (49: 10), സ്ത്രീകൾക്ക് ബാധ്യതകളുള്ളതുപോലെ തന്നെ അവർക്ക് ലഭിക്കേണ്ട അവകാശങ്ങളുമുണ്ട് (2: 228), നിങ്ങൾ ചെലവഴിക്കുന്നത് എന്തുതന്നെയായാലും അതിനു പകരം ലഭിക്കുന്നതാണ് (34: 39), സംതൃപ്തിയില്ലാതെ അന്യായമായി നിങ്ങളുടെ സ്വത്തുക്കൾ പരസ്പരം എടുത്തു ഭക്ഷിക്കരുത് (4: 29), നിങ്ങൾ ചെയ്ത വാഗ്ദാനങ്ങൾ പൂർത്തീകരിക്കുക (2: 270), വിനയാന്വിതരാവുക (26: 215), ആത്മദ്രോഹം അരുത് (2: 195).
ഇങ്ങനെ ഓരോ കാര്യത്തെ കുറിച്ചും നബി(സ്വ) സമൂഹത്തെ ഉണർത്തിക്കൊണ്ടേയിരുന്നു. നേരത്തെ ഇറങ്ങിയ വചനങ്ങൾ പലപ്പോഴും ആവശ്യാനുസരണം വീണ്ടും വീണ്ടും ഓതിക്കേൾപ്പിച്ചു. വ്യക്തമായ തിന്മകളിലും അശ്ലീലതയിലും കഴിഞ്ഞിരുന്ന അവരെ ‘എന്റെ ശിഷ്യന്മാർ നക്ഷത്ര സമാനരാണ്, അവരിൽ ആരെ നിങ്ങൾ അനുധാവനം ചെയ്താലും നന്മയിലെത്തിച്ചേരും’, ‘അല്ലാഹു അവരെയും അവർ അല്ലാഹുവിനെയും പൊരുത്തപ്പെട്ടിരിക്കുന്നു’ എന്നിങ്ങനെ വിശേഷിപ്പിക്കാൻ മാത്രം ഉന്നതമായ വിതാനത്തിലേക്ക് റസൂൽ(സ്വ) കൈ പിടിച്ചുയർത്തി. ‘ഈ മതം എത്തിയിരുന്നില്ലെങ്കിൽ ഞങ്ങൾ നന്മയിലധിഷ്ഠിതമായി ജീവിക്കുമായിരുന്നില്ല, സദഖ നൽകുകയോ നിസ്കരിക്കുകയോ ചെയ്യുമായിരുന്നില്ല’ എന്നവർ സന്തോഷപൂർവം പാട്ടുപാടി.
സംസ്കരണ പ്രക്രിയയുടെ മർമം
ഈയൊരു പരിവർത്തനത്തിന് പിന്നിലെ ചാലകശക്തി ആശയാദർശത്തിന്റെ ബലമോ ദൈവിക വചനങ്ങളുടെ സാഹിതീയതയോ മാത്രമായിരുന്നില്ല. മറിച്ച്, തിരുനബി(സ്വ)യുടെ വ്യക്തിത്വ മാഹാത്മ്യം കൂടിയായിരുന്നു. ‘നബിയേ, അങ്ങെങ്ങാനും പരുഷ സ്വഭാവക്കാരനായിരുന്നുവെങ്കിൽ അവർ അങ്ങയുടെ ചുറ്റു നിന്നും ഓടിപ്പോകുമായിരുന്നു…’ എന്ന ആയത്തിലൂടെ ഖുർആൻ തന്നെ നമ്മോടത് പറയുന്നുണ്ട്. മുഹമ്മദ് നബിക്ക് ദൈവിക സന്ദേശമെത്തിക്കുന്ന ഒരു പോസ്റ്റുമാന്റെ റോൾ മാത്രമേ ഉള്ളൂ, വ്യക്തിത്വത്തിന് പ്രാധാന്യമില്ല; ആശയത്തിനാണ് പ്രാധാന്യം, വ്യക്തികൾ കേവലം ആശയത്തിന്റെ വിതരണക്കാർ മാത്രമാണ്, നബി സാധാരണ മനുഷ്യനാണ് തുടങ്ങിയ വാദങ്ങളെ തീർത്തും നിരാകരിക്കുകയാണ് ഖുർആൻ ചെയ്യുന്നത്. ‘നബിയേ, അങ്ങയുടെ ജീവിതം തന്നെയാണ് സത്യം’, ‘ദിവ്യ സന്ദേശം ആരിൽ നിക്ഷേപിക്കണമെന്ന് അല്ലാഹുവിന് അറിയാം’ തുടങ്ങിയ ആയത്തുകളിലൂടെ അല്ലാഹു അത് ആവർത്തിക്കുന്നു. ആശയത്തിന് മാത്രമല്ല വ്യക്തിക്കും പ്രാധാന്യമുണ്ട് എന്നതുകൊണ്ടാണ് തിരുദൂതർക്കെതിരെ വന്ന ആരോപണങ്ങളെ ഖുർആനിലൂടെ തന്നെ അല്ലാഹു പ്രതിരോധിക്കുകയും വ്യക്തിയുടെയും ആശയത്തിന്റെയും പ്രാമാണികത്വം സ്ഥിരപ്പെടുത്തുകയും ചെയ്തത്.
‘തോന്നിയതൊക്കെ വിളിച്ചു പറയുന്നവരല്ല, ദിവ്യസന്ദേശാനുസരണം മാത്രം സംസാരിക്കുന്നവരാണ്’, ഇത് കവിയുടെ വരികളല്ല, പേക്കിനാവുകളല്ല, ഭ്രാന്തനല്ല, ആഭിചാരക്രിയ ചെയ്യുന്നവരല്ല, ഇതെല്ലാം മുഹമ്മദ് നബി സ്വന്തമായി പറഞ്ഞുണ്ടാക്കിയതാണ് എന്ന വാദമുണ്ടെങ്കിൽ ഇതിന് തത്തുല്യമായത് കൊണ്ടുവരൂ… തുടങ്ങിയ ആയത്തുകളിൽ നിന്ന് നമുക്കത് വായിച്ചെടുക്കാനാകും.
പ്രബോധന വേളയിൽ പാലിക്കേണ്ട ചിട്ടകളെക്കുറിച്ച് കൃത്യമായ നിർദേശങ്ങൾ ഖുർആനിലൂടെ അല്ലാഹു നബി(സ്വ)ക്ക് നൽകിയിട്ടുണ്ട്: ‘കാര്യങ്ങൾ അവരോട് ചർച്ച ചെയ്തു തീരുമാനിക്കൂ’, ‘ജനങ്ങളുടെ സകാത്ത് സംഭരിക്കുകയും ദുആ ചെയ്തുകൊടുക്കുകയും ചെയ്യുക, അങ്ങയുടെ ദുആ അവർക്ക് മന:ശാന്തി നൽകും’, ‘മൂസാ നബിയും ഹാറൂൻ നബിയും ഫിർഔനിന്റെ അടുക്കൽ പോയപ്പോൾ ആർദ്രമായ രീതിയിൽ സംസാരിക്കാനാണ് അവരോട് ആവശ്യപ്പെട്ടിരുന്നത്’. കേവലാശയങ്ങൾ മാത്രമല്ല, വ്യക്തിയുടെ ഗുണങ്ങൾ കൂടി സ്വഭാവസംസ്കരണ പ്രക്രിയയുടെ മർമമാണെന്നതുകൊണ്ടാണ് ഇത്തരം നിർദേശങ്ങൾ നൽകുന്നത്.
സംസ്കരണത്തിന്റെ രീതിശാസ്ത്രം
യുക്തിഭദ്രമായ ആശയങ്ങളും ഹൃദയഹാരിയായ ഭാഷയുമാണ് ഖുർആൻ സ്വീകരിച്ചിട്ടുള്ളത്. ധൈഷണികമായി ഉയർന്ന നിലവാരം പുലർത്തുന്ന വലിയ ആശയങ്ങൾ പോലും വളരെ ലളിതമായാണ് ഖുർആൻ അവതരിപ്പിക്കുക. ‘അല്ലാഹുവിന് പുറമേ മറ്റൊരു ദൈവം കൂടിയുണ്ടായിരുന്നുവെങ്കിൽ വാനഭുവനങ്ങൾ കുഴപ്പത്തിലായിത്തീരുമെന്ന് ഖുർആൻ പ്രസ്താവിക്കുന്നുണ്ട്.’ ചെറിയൊരു വചനമാണിതെങ്കിലും ധൈഷണികമായി വളരെ ഉയർന്ന നിലവാരം പുലർത്തുന്ന തെളിവാണ്. വചന ശാസ്ത്രപണ്ഡിതർ ഇത് വിശദീകരിച്ചെഴുതിയിട്ടുണ്ട്.
സദാചാര മൂല്യങ്ങൾ ശരിയാണെന്ന് സമ്മതിക്കാൻ ബുദ്ധി തന്നെ മതിയാകുമെങ്കിലും അവയെ സ്വജീവിതത്തിലേക്ക് സ്വാംശീകരിക്കാൻ മിക്ക ആളുകൾക്കും കേവലം സദാചാരബോധം മാത്രം മതിയാവുകയില്ല. മറിച്ച്, അതുൾക്കൊള്ളുന്ന വ്യക്തികളെ മാതൃകയാക്കിയാണ് അവർ ജീവിക്കുക. മൂല്യങ്ങളെ പ്രവർത്തിപഥത്തിൽ കൊണ്ടുവരാൻ മിക്ക ആളുകൾക്കും വ്യക്തിമാതൃകകൾ അത്യാവശ്യമാണ്. അതുകൊണ്ടുതന്നെയാണ് കഴിഞ്ഞുപോയ സൽവൃത്തരുടെ അവസ്ഥാവിശേഷങ്ങൾ വിശുദ്ധ ഖുർആൻ പലപ്പോഴായി എടുത്തുദ്ധരിക്കുന്നത്.
പരിവർത്തനത്തിന് യുക്തിപരവും വൈകാരികവുമായ രീതികളുണ്ട്. ഈ രണ്ടു രീതികളെയും ഖുർആൻ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. എന്ത് അക്രമവും ചെയ്യാം; കാരണം, ശിക്ഷിക്കുകയാണെങ്കിൽ തന്നെ നിർണിതമായ 40 ദിവസങ്ങൾ മാത്രമേ ദൈവം ഞങ്ങളെ ശിക്ഷിക്കുകയുള്ളൂ എന്ന് വിശ്വസിച്ചിരുന്ന ആളുകളോട് ഖുർആൻ ചോദിക്കുന്നു: ‘നിങ്ങളും അല്ലാഹുവും തമ്മിൽ ഇങ്ങനെ വല്ല കരാറും നിലനിൽക്കുന്നുണ്ടോ?’ ദുർന്യായം പറഞ്ഞ് അക്രമം ചെയ്യുന്നവരെ യുക്തിപരമായി അതിൽ നിന്ന് പിന്തിരിപ്പിക്കുന്നതാണ് ഇവിടെ കാണാൻ സാധിക്കുന്നത്.
സൂറത്തുൽ ബഖറ 47 മുതൽ 61 വരെയുള്ള ആയത്തുകളിൽ സത്യനിഷേധികൾക്ക് അല്ലാഹു ചെയ്ത അനുഗ്രഹങ്ങളെ കുറിച്ചാണ് വിവരിക്കുന്നത്. ഈ അനുഗ്രഹങ്ങളെല്ലാം നിങ്ങൾക്ക് ചെയ്തുതന്ന നാഥനെ അനുസരിക്കണമെന്ന നിർദേശവും വെക്കുന്നു. ഉണ്ട ചോറിന് നന്ദി കാണിക്കണം എന്നൊക്കെ പറയും പോലെ വൈകാരികമായ സമീപനമാണ് ഇവിടെ ഖുർആൻ സ്വീകരിക്കുന്നത്.
വളരെ മന:ശാസ്ത്രപരമായ സമീപനമാണ് ഖുർആനിന്റേത്. ഒരു സഹാബി മറ്റൊരു സഹാബിയെ സഹായിക്കാറുണ്ടായിരുന്നു. പക്ഷേ അദ്ദേഹത്തിൽ നിന്ന് മോശം പെരുമാറ്റമുണ്ടായപ്പോൾ സഹായം നൽകുന്നത് നിർത്തിക്കളഞ്ഞു. ഈ അവസരത്തിലാണ് ഖുർആൻ അവതരിക്കുന്നത്: ‘നിങ്ങൾ വിട്ടുവീഴ്ച ചെയ്യുക, അല്ലാഹു നിങ്ങൾക്ക് പൊറുത്തുതരുന്നത് നിങ്ങൾ ഇഷ്ടപ്പെടുന്നില്ലെയോ?’ ഈ ആയത്ത് കേട്ടപ്പോൾ ധനികനായ സ്വഹാബി തന്റെ നിലപാടിൽ നിന്ന് പിന്മാറുകയും പഴയപോലെ സഹായങ്ങൾ നൽകുന്നത് തുടരുകയും ചെയ്തു.
പ്രബോധിത സമൂഹത്തെ പൂർണമായും ഉൾക്കൊണ്ടാണ് നബി(സ്വ) ഓരോ മൂല്യവും നടപ്പിലാക്കിയതും അശ്ലീലങ്ങൾ എടുത്തുമാറ്റിയതും. മദ്യനിരോധനം നടപ്പാക്കിയത് ഇതിന്റെ വലിയ ഉദാഹരണമാണ്. മൂന്ന് ഘട്ടങ്ങളിലായാണ് അതു നടന്നത്. ‘മദ്യത്തിൽ വലിയ ദോഷങ്ങളുണ്ട്, ചില ഗുണങ്ങളും. ഗുണങ്ങളേക്കാൾ ദോഷങ്ങളാണ് അതിനുള്ളത്’ എന്നാണ് ആദ്യഘട്ടത്തിൽ പറഞ്ഞത്. ‘നിസ്കാര സമയത്ത് മദ്യപാനമരുത്’ എന്ന് രണ്ടാം ഘട്ടത്തിലും ‘വിശ്വാസികളേ, മദ്യപാനം പിശാചിന്റെ കെണിയാണ്. നിങ്ങൾക്കിടയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാനാണ് അവൻ ശ്രമിക്കുന്നത്. ഇനിയും നിങ്ങൾക്കത് നിർത്താനായില്ലേ?’ എന്നു മൂന്നാം ഘട്ടത്തിൽ ശക്തമായ താക്കീത് നൽകുകയും മദ്യപാനം പാടെ നിരോധിക്കുകയും ചെയ്തു. ഇതോടെ അവർ മദ്യപാനം അവസാനിപ്പിക്കുകയും സംഭരിച്ചുവെച്ചിരുന്നവ മുഴുവൻ ഒഴുക്കിക്കളയുകയും ചെയ്തു. സമൂഹത്തെ കൃത്യമായി മനസ്സിലാക്കി അതിനനുസരിച്ച് കാര്യങ്ങൾ നടപ്പിലാക്കിയതുകൊണ്ടാണ് ഇക്കാര്യത്തിൽ വിജയിക്കാൻ നബി(സ്വ)ക്ക് സാധിച്ചത്.
ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാത്തതിന്റെ ദുരന്തപരിണതി ലോകത്ത് പലപ്പോഴും ഉണ്ടായിട്ടുണ്ട്. 1920ൽ അമേരിക്കയിൽ പരിപൂർണമായ മദ്യനിരോധനം നടപ്പിലാക്കി. ഉൽപാദനം, കൈമാറ്റം, ഇറക്കുമതി, വിൽപ്പന എല്ലാം നിരോധിച്ചു. പക്ഷേ അധികകാലം നീണ്ടുപോയില്ല. ശക്തമായ പ്രക്ഷോഭത്തെ തുടർന്ന് 1933ൽ ആ നിയമം പിൻവലിക്കേണ്ടിവന്നു. പ്രബോധിത സമൂഹത്തെ മനസ്സിലാക്കാതെ, പരിഗണിക്കാതെ നിയമനിർമാണം നടത്തിയത് കാരണമാണിത് സംഭവിച്ചത്. ‘മൂസാ നബിയേ, നിങ്ങൾ പോകുന്ന നാട്ടിൽ അക്രമികളായ ഒരുപറ്റം ആളുകളുണ്ട്.’ ഗതകാല അമ്പിയാക്കൾക്ക് തങ്ങളുടെ സമൂഹത്തെ അറിഞ്ഞു പ്രബോധനം നടത്തണമെന്ന് നിർദേശം നൽകിയ ചരിത്രം അല്ലാഹു പറയുന്നതിലെ ഒരു ആവശ്യം ഇതാണ്.
സംസ്കരണ പ്രക്രിയയിൽ ഓരോ വ്യക്തിയും സ്വാഭാവികമായി അനുഭവിക്കേണ്ടിയും നേരിടേണ്ടിയും വരുന്ന ചില പ്രതിസന്ധികളുണ്ട്. ഒരുപക്ഷേ മാനസികമോ സാമൂഹികമോ ശാരീരികമോ ഒക്കെയാകാം അത്. ഈ പ്രതിസന്ധി തരണം ചെയ്യാനുള്ള മാർഗവും അല്ലാഹുവും നബി(സ്വ)യും പറഞ്ഞുതന്നിട്ടുണ്ട്. ‘നിങ്ങൾ ക്ഷമയും നിസ്കാരവും കൊണ്ട് സഹായം തേടുക’ (അൽബഖറ 153). പ്രയാസങ്ങൾ വരുമ്പോൾ നിസ്കരിക്കുകയും ക്ഷമിക്കുകയും വേണം എന്നാണ് നിർദേശിക്കുന്നത്. പ്രവർത്തിപഥത്തിൽ നബി(സ്വ) ഇത് ചെയ്തുകാണിക്കുകയുമുണ്ടായി. ‘ഇതൊക്കെയാണ് മൂല്യങ്ങൾ, ഇതനുസരിക്കണം’ എന്ന് കൽപ്പിച്ച് ജനങ്ങളെ അവരുടെ വഴിക്ക് വിടുന്നതിനു പകരം, അവരുടെ കൂടെ നിന്ന്, പ്രതിസന്ധികൾ തിരിച്ചറിഞ്ഞ് പരിഹാരം കണ്ടെത്തി ഉന്നതിയിലേക്കെത്തിക്കുന്ന ശ്രേഷ്ഠകരമായ ദൗത്യമാണ് ഇവിടെ തിരുനബി(സ്വ) നിർവഹിക്കുന്നത്. അതുകൊണ്ടാണ് പ്രവാചകർക്ക് വിജയിക്കാൻ സാധിച്ചതും.
നബി(സ്വ)യുടെ കാലഘട്ടത്തിൽ മാത്രമല്ല, ഏതു കാലത്തെയും സംസ്കരിക്കാനുള്ള ഗ്രന്ഥമാണ് ഖുർആൻ. പ്രവാചകരുടെ അനന്തരാവകാശികളായ പണ്ഡിതന്മാർ ഇന്നും ഖുർആൻ മുൻനിർത്തി അനന്തരാവകാശികൾ (വറസത്) എന്ന രീതിയിൽ പരിവർത്തനം നടത്തിക്കൊണ്ടിരിക്കുന്നു. കേവല പ്രബോധകൻ എന്നതിലുപരി ജനങ്ങളെ എല്ലാ കാലത്തും തിന്മയിൽ നിന്ന് നന്മയിലേക്ക്, ഇരുളിൽ നിന്ന് വെളിച്ചത്തേക്ക് നയിച്ചുകൊണ്ടുപോകാൻ പ്രാപ്തിയുള്ള അനേകായിരം വഴികാട്ടികളെ സൃഷ്ടിക്കുക കൂടിയാണ് റസൂൽ(സ്വ) ചെയ്തത്.
യാസീൻ സിദ്ദീഖ് നൂറാനി