വിനയത്തോടും അച്ചടക്കത്തോടും കൂടി നടക്കുക, അജ്ഞത നിമിത്തം തന്നെ അക്രമിക്കുന്നവർക്ക് മാപ്പ് നൽകുക, അർധരാത്രിയിൽ ധാരാളം നിസ്‌കരിക്കുക, നരകശിക്ഷയെ തൊട്ട് രക്ഷിതാവിനോട് കാവൽ ചോദിക്കുക, അമിതമാക്കാതെയും ലുബ്ധത കാണിക്കാതെയും മിതമായി ചെലവഴിക്കുക, അല്ലാഹുവിനോട് മറ്റൊന്നിനെയും പങ്കുചേർത്ത് ആരാധിക്കാതിരിക്കുക, കൊലപാതകവും വ്യഭിചാരവും ഉപേക്ഷിക്കുക, കള്ളസാക്ഷ്യം പറയാതിരിക്കുക, നിഷിദ്ധ കളിതമാശകളിലും അനാവശ്യങ്ങളിലും ഏർപ്പെടാതിരിക്കുക, അല്ലാഹുവിന്റെ വചനങ്ങൾ ഉദ്ധരിച്ച് ഉപദേശിച്ചാൽ അതിനെ അവഗണിക്കാതിരിക്കുക, കൺകുളിർമയാകുന്ന ഭാര്യാസന്താനങ്ങളെ ഞങ്ങൾക്ക് നൽകുകയും ഞങ്ങളെ സജ്ജനങ്ങളുടെ മുൻനിരയിൽ ആക്കുകയും ചെയ്യണേ എന്ന് ദുആ ഇരക്കുക എന്നിവ വിശുദ്ധ ഖുർആൻ 25/63-77 വചനങ്ങളിൽ അല്ലാഹുവിന്റെ സ്വീകാര്യരായ അടിമകൾക്ക് പറഞ്ഞ പന്ത്രണ്ട് ഉത്തമ വിശേഷണങ്ങളാണ്.

അനുവദനീയ മാർഗത്തിലേ ധനം സമ്പാദിക്കാവൂ. നന്മയിൽ മാത്രമേ അതു ചെലവഴിക്കാനും പാടുള്ളൂ. സമ്പത്ത് ദുർവ്യയം ചെയ്യുന്നവർ പിശാചിന്റെ സഹോദരന്മാരാണെന്നും പിശാച് രക്ഷിതാവിനോട് നന്ദികെട്ടവനാണെന്നും ഖുർആൻ (17/27). അല്ലാഹുവിന്റെ ഔദാര്യമാണ് സമ്പത്ത്. അത് നന്മയിൽ ചെലവഴിക്കൽ സമ്പത്ത് നൽകിയ രക്ഷിതാവിനോടുള്ള നന്ദിയും തിന്മയിൽ ചെലവഴിക്കൽ അവനോടുള്ള നന്ദികേടുമാണെന്ന് സാരം.

ധനം നന്മയുള്ള മാർഗങ്ങളിൽ ചെലവഴിക്കുമ്പോൾ അവലംബിക്കേണ്ട അനിവാര്യ നയമാണ് സ്വീകാര്യരായ അടിമകളുടെ വിശേഷണങ്ങളായി മുകളിൽ പറഞ്ഞത്. കേവലം, മിതം, അമിതം എന്നിവയിൽ മിതത്വം അവലംബിക്കുക. ഇത് അല്ലാഹു ഒരു അടിമയെ സ്വീകരിക്കാനുള്ള പൊതു നിബന്ധനകളിൽ ഒന്നാണ്. കാരണം, കേവലം എന്ന നയം ലുബ്ധതയാണ്. ലുബ്ധത ദുസ്വഭാവവും. സമ്പത്തിനോടുള്ള അമിത വിധേയത്വവും പ്രിയവുമാണ് ലുബ്ധതയുടെ നിദാനം. ജീവിതാവശ്യങ്ങൾ മിതമായി നിർവഹിക്കാൻ സമ്പത്ത് ഉണ്ടാകണം എന്നതിൽ കവിഞ്ഞ് സമ്പത്തിനെ സ്‌നേഹിക്കുന്നതും അത് നഷ്ടപ്പെടുന്നതോ ചെലവായിപ്പോകുന്നതോ ഭയപ്പെടുന്നതും അരുതായ്മയാണ്. അത് യഥാർത്ഥ വിശ്വാസിക്ക് ഉണ്ടാകാൻ പാടില്ല.

അമിതമായി ചെലവഴിച്ചാൽ ജീവിതാവശ്യങ്ങൾക്കായി പലപ്പോഴും മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയുണ്ടാകും. കടമായിട്ടോ ഔദാര്യമായിട്ടോ അപരനെ ആശ്രയിക്കൽ ഉപേക്ഷിക്കുന്നതാണ് ഉത്തമം. അമിത ചെലവ് ദാരിദ്ര്യത്തിലേക്കും എത്തിക്കും. മുന്നോട്ട് നടക്കാൻകഴിയാതെ വഴിമധ്യേ തളർന്നു വീണ ഒട്ടകത്തെപ്പോലെ എന്നാണ് ജീവിതാവശ്യങ്ങളിൽ മിതത്വം പാലിക്കാത്തത് നിമിത്തം ഉണ്ടാകുന്ന പ്രതിസന്ധിയെ വിശുദ്ധ ഖുർആൻ 17/29-ൽ ചിത്രീകരിച്ചത്. മിതത്വം പാലിക്കുന്നവന് അപരനെ ആശ്രയിക്കേണ്ടി വരില്ലെന്ന തിരുവചനം ശ്രദ്ധേയം.

ദരിദ്രർക്കും ഇടത്തരം സമ്പന്നർക്കും മാത്രമുള്ളതല്ല ചെലവഴിക്കുന്നതിലെ മിത നയം. അതിസമ്പന്നരും ഈ മാർഗം തന്നെയാണ് അവലംബിക്കേണ്ടത്. ‘സമ്പന്നർക്ക് മിതത്വം ഉത്തമഗുണമാണ്. ദരിദ്രർക്ക് മിതത്വം വളരെ ഉത്തമമാണ്. ആരാധനാ കർമങ്ങളിലും മിതത്വമാണ് ഏറ്റവും ഉത്തമം’ എന്ന് തിരുനബി(സ്വ). തന്റെയും തന്റെ ചെലവിൽ കഴിയുന്ന ഭാര്യ, മക്കൾ, മറ്റുള്ളവർ എന്നിവരുടെ ഭക്ഷണം, വസ്ത്രം, താമസം, ഗതാഗതം, പഠനം തുടങ്ങിയ ജീവിതാവശ്യങ്ങൾക്ക് പുറമേ ദാനധർമത്തിലും മിതത്വം പാലിക്കണമെന്നാണ് വിശുദ്ധ ഖുർആൻ 17/29 പഠിപ്പിക്കുന്നത്.

സാമ്പത്തികമായി തന്നേക്കാൾ ഉയർന്നവരെ അനുകരിക്കാനുള്ള താൽപര്യമാണ് പലപ്പോഴും അമിതമായി ചെലവഴിക്കാൻ നിമിത്തമാകുന്നത്. ഭൗതിക ആനന്ദങ്ങൾ പരമാവധി ആസ്വദിക്കാനുള്ള ത്വരയും ഇതിന് ഹേതുവാകാറുണ്ട്. രണ്ടിനും പരിഹാരം വിശുദ്ധ ഖുർആൻ തന്നെ പറയുന്നു: ‘സമ്പന്നർക്ക് നാം നൽകിയിട്ടുള്ള ഭൗതിക സൗകര്യങ്ങളും ആഡംബരങ്ങളും ആസ്വാദനങ്ങളും നിങ്ങൾ നോക്കരുത്. അവരെ പരീക്ഷിക്കാനാണ് ഇതൊക്കെ നാം നൽകിയിട്ടുള്ളത്. പരലോകത്ത് നിങ്ങളുടെ രക്ഷിതാവ് തയ്യാറാക്കി വെച്ചിട്ടുള്ള ഭക്ഷണവും പ്രതിഫലവുമാണ് നല്ലതും കാലാകാലം ശേഷിക്കുന്നതും’ (20/131).

ഒരാൾ തിരുനബി(സ്വ)യെ സമീപിച്ച് പറഞ്ഞു: തിരുദൂതരേ, ഞാൻ സമ്പന്നനാണ്. ഭാര്യാസന്താനങ്ങൾക്കു പുറമെ എനിക്ക് ബന്ധുമിത്രാദികളുമുണ്ട്. ഞാൻ എങ്ങനെയാണ് സമ്പത്ത് ചെലവഴിക്കേണ്ടത്? നബി(സ്വ) പറഞ്ഞു: നിന്റെ സമ്പത്തിന്റെ സകാത്ത് കൃത്യമായി കൊടുക്കുക. അത് നിന്റെ സമ്പത്ത് ശുദ്ധീകരിക്കാനുള്ള മാധ്യമമാണ് (അഥവാ സകാത്ത് കൊടുക്കാത്തവന്റെ സമ്പത്ത് മലിനമാണ്). നിന്റെ ബന്ധുമിത്രാദികളുമായി കുടുംബ ബന്ധം പുലർത്താൻ ആവശ്യമായത് അവർക്ക് വേണ്ടി ചെലവഴിക്കുക. യാചകന്റെയും അയൽവാസിയുടെയും ദരിദ്രന്റെയും ആവശ്യങ്ങൾ മനസ്സിലാക്കി അവർക്കും ആവശ്യമായത് കൊടുക്കുക.

ഭക്ഷണം, വസ്ത്രം, ഭവനം, വാഹനം, ചികിത്സ, സന്താനങ്ങളുടെ പഠനാവശ്യങ്ങൾ തുടങ്ങിയവയൊക്കെയാണല്ലോ കുടുംബ ചെലവുകൾ. ഇതിലൊക്കെ മിതത്വം പാലിക്കണം. ആവശ്യങ്ങൾ മനസ്സിലാക്കി ഓരോന്നും നിർവഹിച്ചാൽ മിതത്വം പാലിക്കാൻ അനായാസം സാധിക്കുന്നതാണ്. ഈ വിഷയങ്ങളിലൊക്കെ തന്നെക്കാൾ താഴ്ന്ന നിലവാരത്തിലുള്ളവനിലേക്ക് നോക്കാനും ഉയർന്ന നിലയിലുള്ളവനിലേക്ക് നോക്കാതിരിക്കാനും തിരുനബി(സ്വ) കൽപ്പിച്ചതിന്റെ ഒരു പൊരുൾ മിതത്വപാലനമാണ്.

സമ്പത്തിലും ഭക്ഷണം, പാനീയം, പാർപ്പിടം, വാഹനം തുടങ്ങിയ ജീവിതാവശ്യങ്ങളിലും മറ്റും തന്നെക്കാൾ താഴ്ന്നവനിലേക്ക് സദാ നോക്കുന്നവൻ എന്നും അവരേക്കാൾ മുന്നിലായിരിക്കും.

തീരെ രുചിയില്ലാത്തതും ഏറ്റവും വില കുറഞ്ഞതും തീരെ പോഷകം ഇല്ലാത്തതുമായ തനി പരുക്കൻ ഭക്ഷണം. വിശപ്പടങ്ങാൻ ഇത് മതിയാകുമെങ്കിലും ലുബ്ധതയാണത്. ഓരോ ഇനത്തിൽ പെട്ട ധാന്യങ്ങളോ മാംസമോ മത്സ്യമോ മറ്റു ആഹാര പദാർത്ഥങ്ങളോ നൂറ് രൂപ മുതൽ അഞ്ഞൂറ് രൂപ വരെയുള്ള വ്യത്യസ്ത നിലവാരത്തിൽ വിപണിയിൽ ലഭിക്കുമ്പോൾ ഏകദേശം മുന്നൂറു രൂപ വിലയുള്ളതിനെ മിതമായി ഗണിക്കാവുന്നതാണ്. എണ്ണത്തിലും മിതത്വം പരിഗണനീയം. ഏറ്റവും മുന്തിയ ഭക്ഷണത്തിനായി സദാ ആഗ്രഹിക്കുന്ന ശാരീരികേച്ഛയെ നിരുത്സാഹപ്പെടുത്തേണ്ടതാണ്.

വസ്ത്രങ്ങൾ ഏറ്റവും വില കൂടിയത്, ഉന്നത ഗുണനിലവാരമുള്ളത്, അമിത സൗന്ദര്യമുള്ളത്, പുതുപുത്തൻ ഫാഷൻ തുടങ്ങിയ ചിന്തകൾ അമിതത്വവും ആഡംബരവുമാണ്. വാഹനങ്ങൾ ഏറ്റവും പുതിയ മോഡൽ, ഏറ്റവും കൂടുതൽ പ്രചാരമുള്ളത്, അത്യാധുനിക സൗകര്യങ്ങളുള്ളത് എന്നും അമിതത്വം തന്നെ. തന്റെ യാത്രക്കും ആവശ്യത്തിനും മതിയാകുന്നതിൽ മിതമായത് എന്നതാണ് ശരി. സ്ഥിരമായി ഒരാൾക്ക് യാത്ര ചെയ്യാൻ ഏഴോ എട്ടോ പേർക്ക് സഞ്ചരിക്കാവുന്ന വാഹനം അമിത ചെലവിന്റെ ഭാഗമാണ്. തന്റെ അയൽവാസിയോ സഹോദരനോ സ്‌നേഹിതനോ വാങ്ങിയ വാഹനത്തേക്കാൾ മുന്തിയത് അല്ലെങ്കിൽ അതിന് തുല്യമായത് എന്ന ചിന്തയൊക്കെ അപകടം വിളിച്ചുവരുത്തും.

കുടുംബാംഗങ്ങളുടെ എണ്ണം, അവരുടെ നിലവാരം, ആവശ്യം എന്നതൊക്കെ പരിഗണിച്ച് മിതമായിരിക്കണം പാർപ്പിടം. ‘നിന്റെ ആവശ്യങ്ങൾക്ക് ഒരു മുറി, നിന്റെ ഭാര്യയുടെ ആവശ്യങ്ങൾക്ക് മറ്റൊരു മുറി, മൂന്നാമതൊരു മുറിയുണ്ടെങ്കിൽ അത് പിശാചിനുള്ളതാണ്’ എന്ന തിരുവചനം കുടുംബത്തിലെ അംഗങ്ങളെയും അവരുടെ ആവശ്യങ്ങളേയും പരിഗണിച്ചായിരിക്കണം പാർപ്പിടം എന്നു പഠിപ്പിക്കുന്നു. ഭാര്യയും രണ്ടു മക്കളുമുള്ളിടത്ത് മൂന്ന് മുറിയാണ് സാധാരണയായി ആവശ്യമുള്ളത്. പിന്നെ അതിഥികൾക്കായി ഒരു മുറി കൂടി ആവശ്യമെങ്കിൽ ആവാം. അതിനപ്പുറം അമിതമാണ്.

നാട്ടിലെ ഏറ്റവും പ്രശസ്തമായ സ്‌കൂളിൽ തന്നെ മക്കളെ ചേർത്തു പഠിപ്പിക്കണമെന്നുണ്ടോ? മക്കളുടെ ബുദ്ധിയും ഗ്രാഹ്യശക്തിയും നൈസർഗിക കഴിവുകളും മനസ്സിലാക്കി അവരുടെ ക്ഷേമത്തിന് യോജിക്കുന്ന വിദ്യാലയത്തിൽ പഠിപ്പിക്കുക എന്നതാണ് മിതത്വം. നിർബന്ധമില്ലെങ്കിൽ അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രിയിൽ തന്നെ ചികിത്സിക്കുക എന്നത് അമിതത്വമാണ്. സമൂഹത്തിൽ അഭിമാനത്തിനു മാത്രമായി അങ്ങനെ ചെയ്യുന്നവരുണ്ട്. രോഗത്തിനനുസരിച്ച് വിദഗ്ധനായ ഡോക്ടറെ കാണുക എന്നതാണ് മിതത്വം.

വെള്ളം, വൈദ്യുതി, ഫോൺ തുടങ്ങിയവയുടെ ഉപയോഗവും മിതമാകണം. ഫാൻ, എസി, ഫ്രിഡ്ജ്, വിളക്കുകൾ ഒക്കെ അനാവശ്യമായി പ്രവർത്തിപ്പിക്കുന്നത് അമിതത്വമാണ്. കുളിക്കിടെ ടാപ്പ് തുറന്നുവിട്ട് സോപ്പ് തേക്കുന്നതും അമിതത്വം തന്നെ. വസ്ത്രം അലക്കുമ്പോഴും പാത്രങ്ങൾ കഴുകുമ്പോഴുമൊക്കെ വെള്ളം നഷ്ടപ്പെടുന്നതു ശ്രദ്ധിക്കണം. കൃത്യമായ ആവശ്യങ്ങൾക്ക് വേണ്ടിയല്ലാതെ ഫോൺ വിളിക്കുന്നത് അമിതത്വം എന്നതിലുപരി ആയുസ്സിന്റെ നല്ലൊരു ഭാഗം അതിലൂടെ നഷ്ടപ്പെടുന്നുമുണ്ട്. ഭക്ഷണം പാകം ചെയ്യുമ്പോൾ ചേരുവകൾ ചേർക്കുന്നതിലും മിതത്വം പാലിക്കുക.

ദാനധർമങ്ങൾ, സമ്മാനങ്ങൾ തുടങ്ങി സാമൂഹിക ചെലവുകളിലും മിതത്വം പ്രതിഫലാർഹം. വലിയ സമ്പന്നർ പോലും യാചകർക്ക് നാണയത്തുട്ടുകളേ കൊടുക്കൂ എന്ന നയക്കാരാണ്. പോക്കറ്റിലോ പേഴ്‌സിലോ ഉള്ളതിൽ ഏറ്റവും ചെറിയ നോട്ട് ആണ് സംഭാവന നൽകുക, അല്ലെങ്കിൽ ചില്ലറ ഇല്ല എന്ന് പറയും. ഇതെല്ലാം കടുത്ത ലുബ്ധതയാണ്. ദൈനംദിനമോ ആഴ്ചയിലൊരിക്കലോ മാസാന്തമോ കഴിയുന്നത്ര സംഖ്യ നിക്ഷേപിച്ചോ കുറി ചേർന്നോ മാറ്റിവെക്കുന്നത് ഭാവിയിൽ പ്രയോജനം ചെയ്യും.

ഓരോ ദിവസവും ധർമം ചെയ്യണം. ദാനധർമവും സംഭാവനയുമൊക്കെ ഒരിക്കലും നഷ്ടപ്പെടാത്തതും ഇരട്ടിക്കുന്നതുമായ നിക്ഷേപമാണെന്നത് വിസ്മരിക്കരുത്. ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലാണ് അത് തിരികെ ലഭിക്കുക.

ബസ്സിൽ കയറുന്ന ഒരാൾ ഒരു ടിക്കറ്റ് മാത്രമാണ് എടുക്കാറുള്ളത്. എത്ര മുന്തിയ ബസ്സ് ആയാലും ഒരാൾക്ക് വേണ്ടി നാമാരും രണ്ടു ടിക്കറ്റ് എടുക്കാറില്ല. കണ്ടക്ടറുടെ കൈയിൽ ഉള്ള ടിക്കറ്റുകൾ മുഴുവൻ വാങ്ങാറുമില്ല. സമ്പത്ത് ചെലവഴിക്കുമ്പോഴും നാം അനുവർത്തിക്കേണ്ടത് ഇതേ നയമാണ്. വിപണിയിൽ ഉള്ളതൊക്കെ വാങ്ങിക്കൂട്ടുക, അല്ലെങ്കിൽ ഓഫറുകൾ ലഭിക്കുന്നതെല്ലാം സ്വന്തമാക്കുക, ഡിസ്‌കൗണ്ട് ഉള്ളതെല്ലാം ആവശ്യമില്ലെങ്കിലും വാങ്ങുക എന്നതൊന്നും ശരിയല്ല. ഉപയോഗത്തിന്  ഉചിതമായത് കരസ്ഥമാക്കുകയാണു വേണ്ടത്.

താൻ ഏതു വസ്ത്രം ധരിക്കണം, എന്ത് ആഹരിക്കണം, ഏതു രീതിയിൽ പാർപ്പിടം നിർമിക്കണം, ഏതു വാഹനത്തിൽ സഞ്ചരിക്കണം എന്നൊക്കെ നാട്ടിലെ വ്യവസായികളും വ്യാപാരികളും പരസ്യക്കമ്പനികളുമല്ല തീരുമാനിക്കേണ്ടത്. മറിച്ച് അവനവൻ തന്നെ തീരുമാനിക്കുക. എന്നിട്ട് മിതമായത് തിരഞ്ഞെടുക്കുക. എങ്കിൽ ജീവിത ഭാരം കുത്തനെ കുറയുകയും ആസ്വാദ്യകരമാവുകയും ചെയ്യാം.

അബ്ദുൽ ഹകീം സഅദി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ