നല്ല വൃത്തിയും ഭംഗിയുമുള്ള യൂണിഫോം ധരിച്ച് ചിട്ടയോടെ ഒരേ അകലത്തിൽ നിന്ന്, ഒരേ ഉയരത്തിൽ കൈകളുയർത്തി, ഒരേ ശൈലിയിൽ പ്രസരിപ്പോടെ പ്രാരംഭ പ്രാർഥന ചൊല്ലുന്ന മദ്റസ വിദ്യാർഥികളുടെ വീഡിയോ ദൃശ്യം കണ്ട് ഇത് ഏത് മദ്റസയിലെ കുട്ടികളാണെന്ന് അന്വേഷിച്ചു. നല്ല ട്രെയിനിങ്ങും അച്ചടക്കവും അനുസരണയും പ്രായത്തിനൊത്ത അറിവുമുള്ള വിദ്യാർഥികളാണ് ആ കുട്ടികളെന്ന് വീഡിയോ കണ്ടാൽതന്നെ നമുക്ക് മനസ്സിലാവും.
ഒറ്റയടിക്ക് ഏവരുടെയും മനസ്സു കവരുന്ന, പൂർണമായും കാണാൻ പ്രേരിപ്പിക്കുന്ന ഈ ദൃശ്യം കണ്ടതിന് പിറകെയാണ് തിരൂർ ആലത്തിയൂരിനടുത്തുള്ള പുവാംകുളങ്ങര മിഫ്താഹുസ്സുന്ന മദ്റസയിലെ പ്രാരംഭ പ്രാർഥനയാണ് ഇതെന്നറിയുന്നത്. മിഫ്താഹുസ്സുന്നയെ കുറിച്ച് ആ ഭാഗത്തുള്ളവർ വീണ്ടും കുറെ നല്ല വിശേഷണങ്ങൾ പറഞ്ഞു. അവിടത്തെ ഉസ്താദുമാരുടെ അധ്യാപന രീതിയെക്കുറിച്ചും വിദ്യാർഥികളുടെ സ്വഭാവത്തെയും സക്രിയതയെയും കുറിച്ചെല്ലാം. അതൊരു മാതൃകാ മദ്റസയാണെന്ന ധ്വനിയുണ്ടായിരുന്നു മിഫ്താഹുസ്സുന്നയെക്കുറിച്ച് പറയുന്നവരുടെയെല്ലാം സംസാരത്തിൽ. അങ്ങനെയാണ് ആ മദ്റസ നേരിൽകാണാൻ യാത്രതിരിക്കുന്നത്. ആ മദ്റസയെ ഇത്ര മനോഹരവും വിദ്യാർഥികളെ ഇത്ര സക്രിയവും ആക്കുന്നതിന് പിന്നിലുള്ള ഊർജമെന്തെന്ന് അറിയലായിരുന്നു ആ യാത്രയുടെ പ്രേരണ.
തിരൂരിൽ നിന്ന് ആലത്തിയൂരിലേക്കുള്ള ആ ചെറിയ ബസ് യാത്രക്കിടെ എന്റെ ഉള്ളിൽ ആ മദ്റസയുടെ കുറെ രൂപങ്ങൾ തെളിഞ്ഞു വന്നു. മുമ്പ് കണ്ട ദൃശ്യങ്ങൾ എല്ലാം വളരെ മനോഹരമായതിനാൽ ആ മദ്റസയുടെ ബിൽഡിങ്ങും മറ്റ് സൗകര്യങ്ങളും ഏറെ മികച്ചതാവുമെന്ന് ഉള്ളു പറഞ്ഞു. പ്രധാന റോഡിൽ ബസിറങ്ങി മിഫ്താഹുസ്സുന്നയിലെത്തുന്നത് വരെ വലിയ മദ്റസാ കെട്ടിടമാവും എന്നെയും കാത്തിരിക്കുന്നത് എന്നായിരുന്നു എന്റെ പ്രതീക്ഷ. എന്നാൽ ഒരു ശരാശരി വലുപ്പമുള്ള, ഉള്ളത് ഒറ്റനോട്ടത്തിൽ തന്നെ മനോഹരമായ ഒരു കെട്ടിടത്തിന് മുന്നിലാണ് കൂടെ വന്ന ആൾ വണ്ടി നിർത്തിയത്. ‘ദാ, ഇതാണ് നമ്മുടെ മദ്റസ’ വയലുകൾ പശ്ചാത്തല ഭംഗിയൊരുക്കിയ ആ ഒരുനില കെട്ടിടം ചൂണ്ടി അയാൾ പറഞ്ഞു. ചെന്നുകയറുമ്പോൾ തന്നെ മദ്റസയുടെ അകവും പുറവും വൃത്തിയാക്കുന്ന നാട്ടുകാരും വിദ്യാർഥികളും. മദ്റസാ പ്രവേശനോത്സവത്തിനുള്ള ആരവമാണ് അവിടെയാകെ. അതിനിടയിൽ ആ മദ്റസ കാണിച്ചുതന്ന് മിഫ്താഹുസ്സുന്നയുടെ ഉദയവും വികാസവുമെല്ലാം പറഞ്ഞുതുടങ്ങി ആ നാട്ടുകാരുടെ പ്രിയപ്പെട്ട ശമീർ ഷാൻ ഉസ്താദ്.
അനിവാര്യതയുടെ തുടക്കം
പാരമ്പര്യമായി സാമ്പ്രദായിക മദ്റസാ സംവിധാനം നിലനിന്നുവന്നിരുന്ന ഒരു നാട്ടിൽ ചില അനിവാര്യതകളെ തുടർന്നാണ് മിഫ്താഹുസ്സുന്നക്ക് തുടക്കം കുറിക്കുന്നത്. നാട്ടിലെ എല്ലാവരുടെയും പിന്തുണയോടെയും സഹായത്തോടെയും നടന്നുപോന്നിരുന്ന മദ്റസയിൽ പുതുതായി വന്ന ഒരു അധ്യാപകൻ സുന്നി നേതാക്കളെയും ഉസ്താദുമാരെയും കുറിച്ച് മോശം പരാമർശങ്ങളും ചിത്രീകരണങ്ങളും നടത്താനും വിദ്യാർഥികളായ കുഞ്ഞുമക്കൾക്കിടയിൽ വേർത്തിരിവും ഭിന്നിപ്പും കാണിക്കാനും തുടങ്ങി. അതേത്തുടർന്ന് സുന്നിപ്രവർത്തകർ മാനേജ്മെന്റുമായി ഇടപെടലുകൾ നടത്തിയെങ്കിലും അവരത് ഗൗനിച്ചില്ല. അങ്ങനെയാണ് തങ്ങളുടെ മക്കൾക്ക് പഠിക്കാൻ നല്ല അന്തരീക്ഷം സൃഷ്ടിക്കണമെന്ന ലക്ഷ്യത്തോടെ മിഫ്താഹുസ്സുന്നക്ക് തുടക്കം കുറിക്കുന്നത്. സാധാരണ ഒരു മദ്റസയായി തുടങ്ങിയെങ്കിലും ആ രീതിയിൽ നിന്ന് മദ്റസയെയും അവിടത്തെ കുട്ടികളെയും നാ നാട്ടുകാരുടെ മനോഭാവത്തെയും മാറ്റുന്നത് ഷമീർ ഉസ്താദിന്റെ വരവോടെയാണ്. തുടക്കം മുതൽ മദ്റസയെ വ്യത്യസ്ത രൂപത്തിൽ വഴിനടത്തിയ ശമീർ ഉസ്താദിന്റെ ഇടപെടൽ കുട്ടികൾ മതം പഠിക്കുന്ന ഒരു ഇടം എന്നതിൽ നിന്ന് നാട്ടുകാരുടെ ഒരു ആശ്രയകേന്ദ്രം എന്ന അവസ്ഥയിലേക്ക് അതിനെ മാറ്റി.
മാറിയ മദ്റസാ രീതികൾ
മദ്റസയിലെത്തുന്ന കുട്ടികളിൽ മദ്റസയോട് കൂടുതൽ താൽപര്യവും ഇഷ്ടവും ഉസ്താദുമാരോട് ബഹുമാനവും സ്നേഹവും വളർത്തുന്ന രൂപത്തിലുള്ള സമീപനവും പ്രവർത്തനങ്ങളുമായിരുന്നു ഉസ്താദുമാരുടേത്. ഓരോ കുട്ടിയോടും അവന്റെ ചുറ്റുപാടിനും പഠന നിലവാരത്തിനും അനുസരിച്ച് ഇടപെട്ടു. അത് കുട്ടികളുടെ മനോനിലയും ആത്മവിശ്വാസവും വലിയതോതിൽ ഉയർത്തി. പഠനരീതിയാണ് കുട്ടികൾക്ക് മദ്റസയോടുള്ള താൽപര്യത്തെ നിർണയിക്കുന്നത് എന്നറിഞ്ഞ് അതിൽ തങ്ങളുടേതായ മാറ്റങ്ങൾ വരുത്തി. വടിയും അടിയും ഈ മദ്റസയിൽ അന്യമായി. പഠിക്കാൻ പറയാതെ തന്നെ അവർ പഠിച്ചുവരാൻ തുടങ്ങി. അച്ചടക്കം ഓരോരുത്തരും സ്വമേധയാ പുലർത്തി.
വിദ്യാർഥികൾക്കെല്ലാം യൂണിഫോം നടപ്പിലാക്കിയതായിരുന്നു പ്രകടമായ മാറ്റങ്ങളിൽ ഒന്ന്. ഈ വിഷയം രക്ഷിതാക്കൾക്ക് മുന്നിൽ അവതരിപ്പിച്ചപ്പോൾ അവർ അവരുടേതായ സ്വാഭാവിക ബുദ്ധിമുട്ടുകൾ പറഞ്ഞു. തികച്ചും സാധാരണക്കാരായ, അന്നന്നത്തെ ജോലികൊണ്ട് ഉപജീവനം നടത്തുന്ന ബഹുഭൂരിഭാഗം രക്ഷിതാക്കളുള്ള ആ മദ്റസയിൽ അവർക്ക് ഭാരമാവാത്ത രൂപത്തിൽ തന്നെ യൂണിഫോം നടപ്പിലാക്കി. ഉസ്താദ് തന്നെ തുണി വാങ്ങി ടെയ്ലറായ തന്റെ പത്നിയെക്കൊണ്ട് എല്ലാവർക്കും തയ്ച്ചുനൽകി. ആൺകുട്ടികൾക്ക് വെള്ളനിറത്തിലുള്ള കുർത്തയും പാന്റ്സും തൊപ്പിയും പെൺകുട്ടികൾക്ക് പർദയും റോസ് മഫ്തയും. വിദ്യാർഥികളെല്ലാം യൂണിഫോം ഇട്ട് മദ്റസയിലെത്തുന്നത് കണ്ട് നാട്ടുകാർക്കും വലിയ സന്തോഷമായി, ആശ്ചര്യവും. ആ നാട് അന്നുവരെ കാണാത്ത, സങ്കൽപിക്കാത്ത കാഴ്ചയായിരുന്നു അത്. അതിൽ പിന്നെ തങ്ങളുടെ മക്കളുടെ മതപരമായ കാര്യങ്ങളെല്ലാം ആ ഉസ്താദ്തന്നെ നോക്കുമെന്ന വിശ്വാസം വന്നു എല്ലാവർക്കും. ഉസ്താദ് ഒരു പദ്ധതി അവതരിപ്പിച്ചാൽ ആരും എതിരുനിൽക്കില്ലെന്നായി. കാരണം അവർക്കത്രയും വിശ്വാസവും പ്രതീക്ഷയുമുണ്ടായിരുന്നു ഉസ്താദുമാരിൽ. അവർ ചെയ്യുന്നതെല്ലാം മക്കളുടെ നന്മക്ക് വേണ്ടിയാണെന്ന പൂർണ ബോധ്യവും.
അധ്യാപന രീതിയിൽ മാറ്റങ്ങൾ കൊണ്ടുവന്നതിന്റെ തുടർച്ചയെന്നോണം കുട്ടികളിൽ അദബും അച്ചടക്കവും കൂടുതൽ പ്രകടമായിത്തുടങ്ങി. എല്ലാവർക്കും ഉസ്താദുമാരോട് വലിയ ബഹുമാനവും സ്നേഹവും. എന്ത് വിഷയമുണ്ടെങ്കിലും ഉസ്താദുമാരുടെ അടുക്കൽ പറഞ്ഞു. ഉസ്താദുമാർ അവർക്ക് അനുയോജ്യമായ പരിഹാരവും മാർഗങ്ങളും ദിശയും കാണിച്ചുനൽകി. മദ്റസ ആരംഭിക്കുന്ന സമയത്തുള്ള ഫാത്തിഹയും പ്രാരംഭ പ്രാർഥനയും നല്ല രീതിയിലും ശൈലിയിലും കുട്ടികളെ പഠിപ്പിക്കാൻ ഉസ്താദുമാർ ആവിഷ്കരിച്ച ലളിതമായ രീതി ഏറെ പ്രശംസ പിടിച്ചുപറ്റി. പല സ്ഥലത്തും മുതിർന്ന കുട്ടികൾ ചൊല്ലുന്നത് കേട്ട് നിൽക്കുന്ന രീതിയാണല്ലോ ഉള്ളത്. ചൊല്ലുന്ന കുട്ടികളുടെ ഖിറാഅത്തിൽ എന്തെങ്കിലും തെറ്റുകളുണ്ടെകിൽ കേട്ടുനിൽക്കുന്നവർ അതാണ് ശരിയെന്ന് കരുതും. വിശേഷിച്ചും മദ്റസയിൽ പുതുതായി വന്ന ചെറിയ ക്ലാസിലുള്ളവർ. അതിനൊരു പരിഹാരമായി നല്ല ശൈലിയിൽ തജ്വീദ് നിയമങ്ങൾ പാലിച്ച് ഫാത്തിഹ ഓതുന്ന ഓഡിയോ ക്ലിപ്പ് മദ്റസ തുടങ്ങുന്ന സമയത്ത് പ്ലേ ചെയ്തു. കുട്ടികൾ എന്നും അതിനൊപ്പം ഫാത്തിഹ ഓതി. അങ്ങനെ ക്രമേണ അവരുടെ ഓത്ത് നന്നായി. ഒന്നാം ക്ലാസിലെ കുട്ടികൾ വേഗത്തിൽ തന്നെ ഫാത്തിഹ നന്നായി പഠിച്ചു. ഫാത്തിഹ ഓതുമ്പോൾ കൈകൾ ഉയർത്താനും അവിടെ പഠിപ്പിച്ചു. പഠിപ്പിച്ചതൊന്നും ആ മദ്റസയിൽ പാഴായി പോവാത്തതിനാൽ തുടങ്ങുന്ന സമയത്ത് ബെൽ അടിക്കുമ്പോൾ തന്നെ കുട്ടികൾ സംസാരം നിർത്തി കൈ മേൽപ്പോട്ടുയർത്തി അദബോടെ ഫാത്തിഹ ഓതിത്തുടങ്ങി. ഫാത്തിഹക്ക് ശേഷമുള്ള പ്രാർഥനാ ഗീതവും ഇതേ രീതിയിൽ തുടർന്നു.
കർശന ചിട്ടകൾ പോലെ സങ്കീർണമായതൊന്നും കുട്ടികൾക്ക് അനുഭവപ്പെടാത്ത രൂപത്തിൽ ഓരോ ക്ലാസിലും ഉസ്താദുമാർ പഠിപ്പിച്ചപ്പോൾ പഠന നിലവാരം ഏറെ ഉയർന്നു. മൂല്യനിർണയത്തിലും അത് പ്രകടമായി. കേവലം പരീക്ഷ അടിസ്ഥാനമാക്കി പഠിക്കുന്നതിനപ്പുറത്തേക്ക് പാഠപുസ്തകത്തിലെ ഓരോ അറിവും ജീവിതത്തിൽ പകർത്തുന്നതിലേക്ക് ഇവിടത്തെ കുട്ടികൾ വളർന്നു. ഉസ്താദുമാർ ആ രീതിയിൽ അവരെ ഏറെ പ്രചോദിപ്പിച്ചു.
സിലബസിനപ്പുറത്തെ പാഠങ്ങൾ
മദ്റസാ സിലബസിനും പാഠപുസ്തകത്തിനും അപ്പുറത്തേക്ക് കുട്ടികളെ സജീവമാക്കുന്നതിൽ സദാ ശ്രദ്ധപുലർത്തി ഇവിടത്തെ ഉസ്താദുമാർ. ബുർദയിലും മൗലിദിലുമെല്ലാം നല്ല ഉത്സാഹമുള്ള ആളായിരുന്നു ശമീർ ഉസ്താദ് എന്നതിനാൽ തന്റെ വിദ്യാർഥികളിലും ആ ഉത്സാഹം നിറച്ചു. മദ്റസ സമയത്തും സ്കൂൾ ഒഴിവുള്ളപ്പോഴും നല്ല ശൈലിയിൽ കുട്ടികൾ ബുർദയും മൗലിദുകളും ചൊല്ലാൻ പഠിച്ചു. ക്രമേണ ആ ഉസ്താദ് അവരെയും കൂട്ടി മരണ വീടുകളിലും കല്യാണ വീടുകളിലും മറ്റും ഈ ബൈത്തുകൾ ചൊല്ലിപ്പിച്ചു. ആകർഷകമായ യൂണിഫോം ധരിച്ച് നല്ല ശൈലിയിൽ ചൊല്ലുന്നത് ഏവരുടെയും മനം കവർന്നു. പിന്നെപ്പിന്നെ ആ നാട്ടിലെ അറിയപ്പെട്ട ബുർദ സംഘമായി മദ്റസ വിദ്യാർഥികൾ മാറി. കേവലം ബുർദ-മൗലിദ് സംഘം എന്നതിനപ്പുറം ഒഴിവ് വേളകൾ എല്ലാം മദ്റസയെ ചുറ്റിപ്പറ്റി വിനിയോഗിക്കുന്ന രൂപത്തിലേക്ക് വിദ്യാർഥികൾ പരുവപ്പെട്ടു. ‘ഉസ്താദേ, ഇന്ന് സ്കൂളില്ല, ഞങ്ങൾ മദ്റസയിൽ വരട്ടെ’ എന്ന് കുട്ടികൾ സ്വയം ആവശ്യപ്പെടുന്നിടത്തേക്കെത്തി കാര്യങ്ങൾ. അധാർമിക പ്രവർത്തനങ്ങളിൽ ഒന്നും പെട്ടുപോവാതെ ദീനീ ചുറ്റുപാടിൽ തന്നെ കുട്ടികൾ വളരാൻ ഇതേറെ സഹായിച്ചു.
റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യ ദിനം പോലുള്ളവ വളരെ സമുചിതമായി തന്നെ അവിടെ ആഘോഷിച്ചു. മദ്റസയിലെ ഏത് കുട്ടിയും ആരുടെ മുന്നിലും ഏത് വേദിയിലും എഴുന്നേറ്റുനിന്ന് രണ്ടുവാക്ക് സംസാരിക്കാൻ ഈ പരിപാടികൾ അവരെ പ്രാപ്തരാക്കി. കാര്യമായി സംസാരിക്കാൻ അറിയില്ലെങ്കിലും തന്റെ വിദ്യാർഥികൾ എല്ലാം അത്യാവശ്യം പറയാൻ കഴിയുന്നവരാവണമെന്ന് ആ ഉസ്താദ് അതിയായി മോഹിച്ചു. നബിദിന പരിപാടികളിൽ എല്ലാ കുട്ടികൾക്കും പ്രസംഗാവസരം നൽകി അവരെ ഈ രൂപത്തിൽ പരിശീലിപ്പിച്ചു. സ്ഥലത്തെ പ്രധാന അങ്ങാടികളെല്ലാം കവർ ചെയ്യുന്ന രൂപത്തിൽ നബിദിന വിളംബര റാലികൾ എല്ലാ വർഷവും നടത്തി. റാലികളിൽ ഈ ചെറിയ മക്കൾ തന്നെ ഓരോ കവലയിലും തെല്ലും പതറാതെ സംസാരിച്ചു. റാലികളിൽ അവർ തന്നെ ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചു. ഇവിടെ ഉസ്താദുമാർ കേവലം കാഴ്ചക്കാർ!
നാട്ടുകാരുടെ ഇടം
വിദ്യാർഥികൾ മദ്റസയിൽ സജീവമായതിനൊപ്പം രക്ഷിതാക്കളും മദ്റസയുടെ ഭാഗമായിത്തുടങ്ങി. അവർ മുഴുസമയവും എല്ലാ പിന്തുണയും നൽകി. മാനേജ്മെന്റ് ക്രിയാത്മകമായിത്തന്നെ കൂടെ നിന്നു. നാട്ടിലെ ഒരു പൊതുവേദിയായി മദ്റസ മാറാൻ അധികകാലമൊന്നുമെടുത്തില്ല. മദ്റസാ സമയം മാത്രം തുറക്കുന്ന ഒരിടം എന്നതിൽ നിന്ന് മുഴുസമയവും ആളനക്കമുള്ള സ്ഥലമായി അത് മാറി. ഒഴിവുവേളകളിൽ കുട്ടികളുടെയും നാട്ടുകാരുടെയും സർഗാത്മക-കൈത്തൊഴിൽ, സ്കിൽ ഡെവലപ്മെന്റ് പരിശീലനത്തിനുള്ള വേദിയായി മദ്റസയെ മാറ്റാനാണ് ഇവരുടെ പ്ലാൻ.
മദ്റസയുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും നാട്ടുകാരിവിടെ മുഖം തിരിച്ചില്ല. ഉള്ള സാമ്പത്തികവും കഴിയുന്ന മെയ്യധ്വാനവും വെച്ച് അവർ മദ്റസയെ വിപുലപ്പെടുത്തി. ഉസ്താദ് നിർദേശിക്കുന്ന ഒന്നിനും തടസ്സം നിന്നില്ല. നാട്ടിൽ എസ്ബിഎസ് സജീവമായി, എല്ലാ വീടുകളിലും സുന്നത്ത് മാസിക സ്വമേധയാ വായിച്ചുതുടങ്ങി.
നാട്ടുകാരുമായും വിദ്യാർഥികളുമായും സദാ ഇടപെടുന്ന ഒരു ഉസ്താദ് ഉണ്ടായി എന്നതാണ് ഈ സ്ഥാപനം ഇത്രമേൽ പുരോഗതിയിലെത്തുന്നതിനും ജനകീയമാകുന്നതിനും നിദാനമായത്. തന്നാലാവുന്ന വിധം അദ്ദേഹം കുട്ടികൾക്ക് അറിവും വെളിച്ചവും നൽകി. പുറമേ നിന്ന് നിപുണരായ ആളുകളെ കൊണ്ടുവന്നു കുട്ടികളെ പരിശീലിപ്പിച്ചു. നാടിന്റെയും കുട്ടികളുടെയും ദീനീ പുരോഗതിയിൽ സജീവശ്രദ്ധയുള്ള ഒരു ഉസ്താദെങ്കിലും ഒരു മദ്റസയിലുണ്ടെങ്കിൽ ആ നാടാകെ മാറുമെന്ന് പുവാംകുളങ്ങരയിലെ അനുഭവങ്ങൾ പറയുന്നുണ്ട്.
മുബശ്ശിർ മുഹമ്മദ്