മക്കയിലേക്കു വിദൂര ദിക്കുകളിൽ നിന്നു വരുന്ന തീർത്ഥാടകർ ഇഹ്‌റാം ചെയ്തു വരേണ്ട സ്ഥലങ്ങളെ മീഖാത് എന്നാണു സാങ്കേതികമായി വിളിക്കുന്നത്. തിരുനബി(സ്വ) നിർണയിച്ചു പഠിപ്പിച്ച മീഖാതുകൾ അഞ്ചെണ്ണമാണ്. അതിൽ നാലെണ്ണം ഇമാം ബുഖാരിയും മുസ്‌ലിമും(റ) (സ്വഹീഹുൽ ബുഖാരി 1526, സ്വഹീഹ് മുസ്‌ലിം 1181) ഉദ്ധരിച്ചിട്ടുണ്ട്. അത് ഇവയാണ്: മദീനാവാസികൾക്ക് ദുൽഹുലൈഫ, ശാമുകാർക്ക് അൽജുഹ്ഫ, നജ്ദുകാർക്ക് ഖർനുൽ മനാസിൽ, യമനികൾക്ക് യലംലം.
ഇറാഖികൾക്കു ദാതുൽ ഇർഖ് നിശ്ചയിച്ചതായി സുനനു അബീദാവൂദ് (ഹദീസ് നമ്പർ 1739), നസാഈ (ഹദീസ് നമ്പർ 2653) എന്നിവർ ഉദ്ധരിച്ച ഹദീസിലുണ്ട്. ഉദ്ധൃത മീഖാതുകൾ നിർണിത നാട്ടുകാർക്കു പുറമെ ആ വഴിക്കുവരുന്ന അന്യനാട്ടുകാർക്കും ബാധകമാണെന്ന പരാമർശവും ഹദീസുകളിൽ കാണാം.
നിർണിത മീഖാതുകൾക്കും മക്കാ ഹറമിനു വെളിയിലുള്ള പ്രദേശങ്ങൾക്കും മധ്യേയുള്ളവർ അവരുള്ള നാടിന്റെ പരിധിക്കുള്ളിൽ നിന്നും, ഹറമിനകത്തു താമസിക്കുന്നവർ (സ്വദേശി-വിദേശി എന്ന വ്യത്യാസമില്ലാതെ) ഹറമിനു വെളിയിലുള്ള ഏതെങ്കിലും പ്രദേശത്തു പോയും ഇഹ്‌റാം ചെയ്യുകയാണു വേണ്ടത്. എന്നാൽ ഹറമിനകത്തുനിന്ന് ഇഹ്‌റാം ചെയ്തു കർമങ്ങളിൽ ഏർപെടും മുമ്പ് പുറത്തുപോയി വന്നാലും മതിയാകും (തുഹ്ഫ 4/49-50).
ഓരോ മീഖാതിൽ നിന്നും മസ്ജിദുൽ ഹറാമിലേക്കുള്ള അകലം ഇങ്ങനെയാണ്:
ദുൽഹുലൈഫ 432 കിലോമീറ്റർ (പത്തു മർഹല).
ജുഹ്ഫ 188 കി.മീറ്റർ
ദാതു ഇർഖ് 114 കി.മീറ്റർ.
യലംലം 102.58 കി.മീറ്റർ (63.60 മൈൽ).
ഖർനുൽ മനാസിൽ (സൈലുൽ കബീർ) 81 കി.മീറ്റർ.
മക്ക ലക്ഷ്യമിടുന്നവർ പൊതുവെയും തീർത്ഥാടകർ വിശേഷിച്ചും ഇഹ്‌റാമില്ലാതെ ഏറെ ജാഗ്രത പുലർത്തേണ്ടതുണ്ട്.
ഹജ്ജോ ഉംറയോ ഉദ്ദേശ്യമുണ്ടായിട്ടും ഇഹ്‌റാം കരുതാതെ മീഖാത് വിട്ടുപോകുന്നത് (തിരിച്ചുപോകാൻ ആസൂത്രണം ചെയ്യാതെ) കുറ്റകരമാണെന്നതിൽ മുസ്‌ലിം ഉമ്മത്തിന്റെ സമവായമുണ്ടെന്ന് നിരവധി പണ്ഡിതർ രേഖപ്പെടുത്തിയിട്ടുണ്ട് (അൽമവാബിബുൽ മദനിയ്യ 4/411).
ഹജ്ജോ ഉംറയോ ഉദ്ദേശ്യമില്ലെങ്കിൽ പോലും ഇഹ്‌റാമിലല്ലാതെ മക്കയിൽ പ്രവേശിക്കുന്നത് കുറ്റകരമാണെന്നഭിപ്രായപ്പെട്ട നിരവധി പണ്ഡിതരുണ്ട്. ഇമാം ശാഫിഈ(റ)ക്കു പോലും ഇങ്ങനെ ദുർബലമായൊരു വീക്ഷണമുണ്ട് (ശർഹുൽ മുഹദ്ദബ് 7/16, ശർഹുന്നവവീ ലി സ്വഹീഹി മുസ്‌ലിം 8/72 കാണുക). ഇത്തരം വീക്ഷണങ്ങൾ മാനിച്ച് ഇഹ്‌റാമിലല്ലാതെ പ്രവേശിച്ചവർ ആടറുത്ത് വിതരണം ചെയ്യൽ പ്രത്യേകം സുന്നത്തുണ്ട് (അൽത്വാഫുസ്സത്താർ 1/305).
മദീനയും മക്കാ യാത്രയും
മക്കയിലെ പ്രവാസികളും സന്ദർശക വിസയിലെത്തി മക്കയിൽ തങ്ങി മദീനാ സന്ദർശനം കഴിഞ്ഞ് തിരിച്ചു മക്കയിലേക്കു തന്നെ മടങ്ങുന്നവരിൽ പലരും ബലിദാനം നിർബന്ധമാക്കുന്ന കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവരാണ്. മദീനയിൽ നിന്നു തിരിക്കുമ്പോൾ ‘ദുൽഹുലൈഫ’ മീഖാതു വഴി മക്ക ലക്ഷ്യമാക്കുന്നവരിൽ പലരും അടുത്ത ദിവസങ്ങളിൽ ഉംറ ഉദ്ദേശിക്കുന്നവരായിട്ടും ഇഹ്‌റാം ചെയ്യാതെയാണ് മക്കയിലേക്കു കടക്കുന്നത്. മക്കാ പ്രവേശന വേളയിൽ നിലവിലോ ഭാവിയിലോ ഉംറ നിർവഹിക്കണമെന്ന് ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിൽ ഉടനെയോ ഭാവിയിലോ ഉംറയിൽ ഏർപ്പെടും മുമ്പ് ദുൽഹുലൈഫയിലേക്കോ തത്തുല്യ ദൂരപരിധിയായ 432 കി.മീറ്ററിൽ കുറയാത്ത ദൂരദിക്കുകളിലോ പോയി വരണം. അല്ലാത്തപക്ഷം ആടറുത്തു വിതരണം ചെയ്യേണ്ടിവരും. എന്നാൽ മക്കാ ഹറമിലെ സ്ഥിരതാമസക്കാരോ പ്രവാസികളോ ആയിട്ടുള്ളവർ ഹജ്ജ്-ഉംറയേതര ലക്ഷ്യങ്ങളുമായി പ്രവേശിക്കുകയും സാഹചര്യങ്ങൾ അനുകൂലമാവുകയും താൽപര്യം ജനിക്കുകയും ചെയ്താൽ ഹജ്ജോ ഉംറയോ ചെയ്യുമെന്ന മനോഗതിയോടെ മക്കയണഞ്ഞവർക്കു മൗലിക ലക്ഷ്യം ഹജ്ജ്- ഉംറയല്ലാത്തതിനാൽ മീഖാത് വിടുമ്പോൾ മുഹ്‌രിമായിരിക്കണമെന്നില്ല (ബുശ്‌റൽ കരീം പേ. 613, ഫത്ഹുൽ അല്ലാം 4/253).
മക്കാ ഹറമിനു പുറത്തെവിടെയെങ്കിലും പോയിവന്നാൽ ബാധ്യത ഒഴിവാകുമെന്നാണ് ബഹുഭൂരിഭാഗം ആളുകളും ധരിച്ചുവശായിരിക്കുന്നത്. ഹറം പരിധിക്കുള്ളിൽ നിന്നു ഉംറ ആസൂത്രണം ചെയ്തവർക്കു മാത്രമാണ് ഹറം പരിധിവിട്ടു ഇഹ്‌റാം ചെയ്യാനുള്ള ആനുകൂല്യമുള്ളത്.
മീഖാതിനു ശേഷം, മക്കക്കു മുമ്പുള്ള പ്രദേശത്ത് എവിടെയെങ്കിലും ഒരു മാസമെങ്കിലും താമസിച്ച് മക്കയിലെത്തി ഉംറ ആസൂത്രണം ചെയ്തു മീഖാത് വിടുന്നവർ കുറ്റവിമുക്തരും ബലിദാന ബാധ്യതയില്ലാത്തവരുമാണെന്ന ശിഹാബുദ്ദീനു റംലി(റ)യുടെ (ഫതാവാ റംലി 2/81) ഫത്‌വ ഉദ്ധരിച്ച് ദുർബലരായ ആളുകൾ അത് അനുകരിക്കുകയും ദീർഘകാലം ഇഹ്‌റാമിന്റെ നിയന്ത്രണങ്ങൾ പാലിക്കാൻ ക്ഷമയുള്ളവർ ഇഹ്‌റാം ചെയ്തുതന്നെ വരാനുമാണു പിൽക്കാല പണ്ഡിതരുടെ നിർദേശം (അൽത്വാഫുസ്സത്താർ അലാ ഉംദതിൽ അബ്‌റാർ 1/314-316).
ഇടതോ വലതോ വശങ്ങളിൽ ഒന്നിലേറെ മീഖാതുകൾ വരുന്ന സാഹചര്യങ്ങളിൽ മക്കയോട് അകലം കൂടിയ മീഖാതാണു പരിഗണീയം. തുല്യ ദൂരമുള്ള രണ്ടു മീഖാതുകൾ ഇരുവശങ്ങളിൽ വരുന്നവർ ആദ്യം വരുന്ന മീഖാതാണു പരിഗണിക്കേണ്ടത്. ഇനി നിർണിത മീഖാതുകളിൽ ഒന്നും വശങ്ങളിൽ വരാത്ത/ വരുന്നതായി ബോധ്യംവരാത്ത സാഹചര്യങ്ങളിൽ മക്കയണയാൻ രണ്ടു മർഹലയെങ്കിലും ശേഷിക്കുന്ന ദൂരപരിധിയെത്തും മുമ്പ് ഇഹ്‌റാം കരുതുകയാണു വേണ്ടത് (തുഹ്ഫ 4/42).
ഇഹ്‌റാം ഉദ്ദേശ്യമുണ്ടായിട്ടും ഇഹ്‌റാമില്ലാതെ മീഖാത് വിട്ടുപോയാൽ കർമനിരതനാവും മുമ്പ്, വിട്ടുപോയ മീഖാതിലേക്കു തന്നെയോ തത്തുല്യ ദൂരപരിധിയിലോ പോയി വന്നാൽ ബലിദാന ബാധ്യത ഒഴിവാകും. എന്നാൽ തുല്യദൂരപരിധിയിലേക്കാണ് പോകുന്നതെങ്കിൽ അത് മറ്റൊരു മീഖാത് തന്നെയാകണോ വേണ്ടയോ എന്ന കാര്യത്തിൽ മദ്ഹബിൽ ഭിന്നസ്വരമുണ്ട്. ഇമാം ഇബ്‌നു ഹജർ (തുഹ്ഫ 4/45-46), ശംസുദ്ദീനു റംലി (നിഹായ 3/261) എന്നിവർ, അവഗണിച്ചുപോന്ന മീഖാതിനെക്കാൾ മക്കയിലേക്കു ദൂരം കുറയാത്ത ഏതു പ്രദേശത്തു പോയി വന്നാലും ബാധ്യത ഒഴിവാകുമെന്നു പ്രബലപ്പെടുത്തിയവരാണ്. എന്നാൽ ശൈഖുൽ ഇസ്‌ലാം (അസ്‌നൽ മത്വാലിബ് 1/460), ഖത്വീബു ശിർബീനി (മുഗ്‌നി 2/227) തുടങ്ങിയവർ, നേരത്തെ മറികടന്ന മീഖാതിനെക്കാൾ മക്കയിലേക്കു ദൂരം കുറയാത്ത മറ്റൊരു മീഖാതിലേക്കു തന്നെ പോയിവരൽ നിർബന്ധമാണെന്ന് സൂചിപ്പിച്ചവരാണ്. പരിണതപ്രജ്ഞരായ ഇമാമുകളുടെ വിയോജിപ്പുകൾ മാനിച്ച് നിർണിത മീഖാതോ ദൂരം കൂടിയ മറ്റൊരു മീഖാതു തന്നെയോ ആശ്രയിക്കുന്നതാണ് അഭികാമ്യം.
മീഖാതിലേക്കെത്തും മുമ്പ് ഇഹ്‌റാം ചെയ്യുന്നത് അനുവദനീയവും സാധുവുമാണെന്നതിൽ സ്വഹാബത്ത് മുതലുള്ള മുജ്തഹിദുകളുടെ സമവായമുണ്ട് (ഇബ്‌നുൽ ഖത്വാനുൽ ഫാസിയുടെ അൽഇഖ്‌നാ ഫീ മസാഇലിൽ ഇജ്മാഅ് 1/250, ശർഹുൽ മുഹദ്ദബ് 7/200 കാണുക).
മീഖാതിനു മുമ്പുതന്നെ ഇഹ്‌റാം ചെയ്യാമെങ്കിലും മീഖാതിൽ നിന്നു നിർവഹിക്കുന്നതാണ് അത്യുത്തമമെന്നാണ് മദ്ഹബ് (മിൻഹാജ് തുഹ്ഫ സഹിതം 4/49). വ്യോമയാന പാതയിലെ തങ്ങളുടെ ദിശയിൽ വരുന്ന മീഖാതിന്റെ കാര്യത്തിൽ ആശയക്കുഴപ്പമുള്ളപ്പോൾ യാത്രയുടെ ആദ്യ ഘട്ടത്തിൽ തന്നെ ഇഹ്‌റാം ചെയ്യുന്നതാണു സുരക്ഷിതം.
ഇസ്മാഈൽ അഹ്‌സനി പുളിഞ്ഞാൽ