muthalaq-malayalam

മുത്വലാഖ് വിഷയത്തിൽ സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ ഉത്തരവ് സാമൂഹിക പ്രത്യാഘാതങ്ങൾക്കിടവരുത്തിയെന്നാണ് നിരീക്ഷണം. മുൻ ചീഫ് ജസ്റ്റിസ് ജെ.എസ് ഖഹാർ, ജസ്റ്റിസുമാരായ കുര്യൻ ജോസഫ്, ആർ.എഫ് നരിമാൻ, യു.യു ലളിത്, എസ് അബ്ദുൽ നസീർ  എന്നിവരടങ്ങുന്ന അഞ്ചംഗ കോൺസ്റ്റിറ്റിയൂഷണൽ ഫുൾ ബഞ്ചിലെ മൂന്നംഗ മെജോറിറ്റി ജഡ്ജുമാരുടെ തീരുമാനമനുസരിച്ചാണ് മുത്വലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത്. കേന്ദ്ര സർക്കാർ ആഗ്രഹിച്ചത് പോലുള്ളൊരു വിധി തന്നെ കോടതി പുറത്തുവിട്ടുവെന്നത് അത്യധികം ആശങ്ക പരത്തുന്നതാണ്. മുസ്‌ലിംകൾക്കിടയിൽ അനുവർത്തിച്ചു വരുന്ന ത്വലാഖിനെ പൂർണമായി നിരോധിക്കണമെന്നാണ് കേന്ദ്ര സർക്കാറിന്റെ താത്പര്യം. ബാബരി മസ്ജിദ് കേസിന് കാൽ നൂറ്റാണ്ട് കാലം കടന്നു പോയിട്ടും അന്തിമ വിധി പ്രസ്താവിക്കാത്ത കോടതി, അപ്രധാനവും മുസ്‌ലിംകളിലെ ന്യൂനാൽ ന്യൂനപക്ഷമായ ഒരു വിഭാഗത്തെ മാത്രം ബാധിക്കുന്നതുമായ മുത്വലാഖ് കൈകാര്യം ചെയ്ത രീതിയും വിധി പ്രസ്താവത്തിൽ കാണിച്ച ധൃതിയും അത്ഭുതപ്പെടുത്തുന്നതാണ്. മുത്വലാഖ് വിധിയിലെ കോടതി തീരുമാനങ്ങൾക്കപ്പുറം മറ്റു പല കോണുകളിലേക്കും മതേതര രാജ്യത്തിലെ പൗരർ ചിന്തിക്കേണ്ടതുണ്ടെന്നാണ് പറഞ്ഞു വരുന്നത്.

ഹിന്ദു പിന്തുടർച്ചാവകാശവുമായി ബദ്ധപ്പെട്ടുള്ള 2005-ലെ ഒരു കേസ് 2015 ഒക്ടോബറിൽ പരിഗണനക്ക് വന്നപ്പോൾ, മുസ്‌ലിം സ്ത്രീകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളോ അതു സംബന്ധിച്ച പരാതികളോ ഒന്നും മുമ്പിലില്ലാത്ത കോടതി പൊതുതാത്പര്യ ഹരജി  പ്രകാരം മുത്വലാഖ് സംബന്ധിയായി സ്വമേധയാ കേസെടുക്കുകയാണ് ചെയ്തത്. മുസ്‌ലിം സ്ത്രീകൾ ലിംഗ വിവേചനത്തിനും ചൂഷണത്തിനും ഇരയാകുന്നുവെന്ന് പറഞ്ഞ് സ്വമേധയാ പൊതുതാത്പര്യ ഹരജി രജിസ്റ്റർ ചെയ്യാൻ ജസ്റ്റിസ് എ.കെ ഗോയൽ അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു. ‘ഇപ്പോൾ പരിഗണിച്ച അപ്പീലുമായി ബന്ധമില്ലാത്തതാണെങ്കിലും ചില അഭിഭാഷകരുന്നയിച്ച ആശങ്കകളുടെ അടിസ്ഥാനത്തിലാണ് ഈ വിഷയത്തിലിടപെടുന്നതെ’ന്ന ആമുഖത്തോടെയാണ് ആദർശ് കുമാർ ഗോയൽ, അനിൽ ആർ ദേവ് എന്നീ ജഡ്ജുമാർ മുസ്‌ലിം മതാചാര കർമത്തിനുനേരെ കൊടുവാളുയർത്തിയത്. പൊതുതാത്പര്യത്തെ പരിഗണിച്ച് സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളിൽ കോടതിക്ക് നേരിട്ടിടപെടാൻ കഴിയുമെങ്കിലും ജസ്റ്റിസ് ഗോയലിന്റെ ഉള്ളിലിരുപ്പ് എത്രത്തോളം കളങ്ക പൂർണമായിരുന്നുവെന്ന് പിന്നീട് ബോധ്യപ്പെട്ടു.

 

മുത്വലാഖും ഭരണഘടനാപരിരക്ഷയും

മുത്വലാഖ് സംബന്ധിയായി ഉയരുന്നു പ്രശ്‌നങ്ങൾക്ക് പ്രതിവിധി കണ്ടെത്തിയത് ഭരണഘടനാ ബഞ്ചിനെ നിയമിച്ചുകൊണ്ടാണ്. മുത്വലാഖ് പോലോത്ത വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ കോടതിക്ക് ഇടപെടാൻ പറ്റുമോയെന്ന് പരിശോധിക്കേണ്ടതുണ്ട്. ഭാര്യയെ മൊഴിചൊല്ലുന്നതിലൂടെ സ്ത്രീക്കനുവദിക്കപ്പെട്ട മൗലികാവകാശങ്ങളുടെ ലംഘനം നടക്കുന്നുണ്ടെന്നാണ് 2015-ൽ ജഡ്ജിമാരായ അനിൽ ആർ ദേവും ആദർശ് കുമാർ ഗോയലും പറഞ്ഞത്. ഇന്ത്യൻ ഭരണഘടനയുടെ 14,15, 21 എന്നീ വകുപ്പുകളുടെ ലംഘനങ്ങളാണത്രെ മുസ്‌ലിം സ്ത്രീകൾക്ക് അനുഭവിക്കേണ്ടി വരുന്നതെന്നാണിവരുടെ പക്ഷം. നിയമത്തിനു മുമ്പിൽ തുല്യത, ജാതി/മതം/വർഗം എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനമില്ലാതിരിക്കുക, ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം എന്നീ മൗലികാവകാശങ്ങളുടെ ധ്വംസനം സംഭവിക്കുന്നുവെന്നും ഇവർ വാദിച്ചു. മുത്വലാഖ് മൂലം  ഭരണഘടന വിഭാവനം ചെയ്ത മൗലികാവകാശങ്ങളുടെ ലംഘനം സംഭവിക്കുന്നതിനാൽ തന്നെ മുത്വലാഖ് എന്ന സമ്പ്രദായം ഭരണഘടനാവിരുദ്ധമാണ് എന്നും അതു കൊണ്ടു തന്നെ മുത്വലാഖ് നിരോധിക്കണമെന്നുമുള്ള കൺക്ലൂഷനിലെത്താനാണ് ജസ്റ്റിസ് ഗോയൽ അടക്കമുള്ളവർ ശ്രമിച്ചത്.

ഇന്ത്യൻ ഭരണഘടനയുടെ മാഗ്‌നാകാർട്ടയായി അറിയപ്പെടുന്ന മൗലികാവകാശങ്ങളെ കുറിച്ച് ഭരണഘടനയുടെ മൂന്നാം ഭാഗത്തിലാണ് പറയുന്നത്. മൗലികാവകാശങ്ങൾക്ക് ഭംഗമായി വരുന്ന ഓർഡിനൻസ്, ഓർഡർ, ബൈലോ, റൂൾ, റെഗുലേഷൻ മുതലായ ചട്ടങ്ങൾ നിയമ സാധുതയില്ലാത്തതാണെന്നാണ് ഭരണഘടനയുടെ പതിമൂന്നാം വകുപ്പിൽ നിന്നു ലഭിക്കുന്ന ഉൾസാരം. മൗലികാവകാശങ്ങളുടെ ലംഘനമായി വല്ല നിയമവും നിർമിക്കപ്പെട്ടാൽ ഇതുപ്രകാരം ആ നിയമം അസാധുവായിരിക്കും. മൗലികാവകാശ പരിരക്ഷക്കു വേണ്ടി കോടതിയെ സമീപിക്കാനുള്ള അവകാശം ഇന്ത്യൻ പൗരനുണ്ട്. ഇവിടെ, വ്യക്തിനിയമ ചട്ടപ്രകാരം വല്ല മൗലിക അവകാശങ്ങൾക്കും ധ്വംസനം നേരിടേണ്ടി വന്നാൽ കോടതി മുഖാന്തരം പരിരക്ഷക്ക് ശ്രമിക്കാൻ പറ്റുമോ? ഇന്ത്യൻ നിയമവ്യവസ്ഥയുടെ അന്തരീക്ഷത്തിൽ ഉയർന്നുവരുന്നൊരു ചോദ്യമാണിത്. നിയമ പരിരക്ഷക്കു പറ്റുമോ ഇല്ലയോയെന്ന കൺഫ്യൂഷൻ ഭരണഘടനാനുഛേദം 13-നെ ആധാരമാക്കിയാണുയർന്നുവരുന്നത്. ഭരണഘടനയുടെ പതിമൂന്നാം വകുപ്പിൽ വ്യക്തിനിയമങ്ങൾ ഉൾപ്പെടുമെങ്കിൽ വ്യക്തിനിയമവുമായി ബന്ധപ്പെട്ട പരാതികൾ കോടതിക്കു സ്വീകരിക്കാം. ഭരണഘടനാടിസ്ഥാനത്തിൽ വിധികൾ പുറപ്പെടുവിപ്പിക്കാനും കഴിയും. വ്യക്തിനിയമങ്ങൾ ഈ അനുഛേദത്തിന്റെ കീഴിൽ വരില്ലായെന്നാണ് ഇന്ത്യൻ ജുഡീഷ്വറിയുടെ ചരിത്രനാൾവഴികൾ പറയുന്നത്. പതിമൂന്നാം വകുപ്പിന്റെ കീഴിൽ പേഴ്‌സണൽ ലോ വരില്ലായെന്ന നിഗമനമാണ് മുത്വലാഖ് ഭരണഘടനാ വിരുദ്ധമല്ലെന്ന തീർപ്പിലേക്ക് ജസ്റ്റിസ് ജെ.എസ് ഖഹാറിനെയും ജസ്റ്റിസ് എസ്.അബ്ദുൽ നസീറിനെയും കൊണ്ടെത്തിച്ചത്.

മുത്വലാഖ് സംബന്ധിയായുള്ള കേസുകൾ വിരളമാണെങ്കിലും സ്വാതന്ത്ര്യ ലബ്ധിക്കു മുമ്പുതന്നെ അതുമായി ബന്ധപ്പെട്ട കേസുകൾ കോടതികളിലെത്തിയിട്ടുണ്ട്. 1932-ലെ റാഷിദ് അഹ്മദിന്റെ പേഴ്‌സണൽ ലോയുമായി ബന്ധപ്പെട്ട കേസിൽ ബോംബെ ഹൈകോടതി പ്രസ്താവിച്ചത് ശരീഅത്ത് നിയമമനുസരിച്ച് നടപടി സ്വീകരിക്കാനാണ്. പിന്നീട് 1952-ലെ ബോംബെ ഹൈകോടതിയിൽ ഇതേ പ്രകാരമൊരു ഹരജി സമർപ്പിക്കപ്പെട്ടപ്പോഴും കോടതിക്ക് ഇടപെടാൻ പാടില്ലാത്ത മേഖലയാണിതെന്ന് പറഞ്ഞ് കേസ് തള്ളുകയാണുണ്ടായത്. പേഴ്‌സണൽ ലോയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കോടതി വഴിയല്ല പരിഹാരം കാണേണ്ടത്.

ഇന്ത്യയിലെ പല ഹൈകോടതികളിലും മുത്വലാഖ്, ബഹുഭാര്യത്വം പോലോത്ത വ്യക്തിനിയമവുമായി ബന്ധപ്പെട്ട പരാതികളുമായി സമീപിച്ച കക്ഷികളോടെല്ലാം ഭരണഘടനയനുസരിച്ച് പരിരക്ഷ നൽകാനാകില്ലെന്നാണ് കോടതികളുത്തരവിട്ടത്. 1986-ലാണ് പ്രമാദമായ ഷാബാനു ബീഗം കേസുമായി ബന്ധപ്പെട്ട് ഠവല ങൗഹെശാ ണലാീി ജൃീലേരശേീി ീള ഞശഴവെേ ീി ഉശ്ീൃരല അര േനിലവിൽ വരുന്നത്. മുസ് ലിം വ്യക്തി സ്വാതന്ത്ര്യത്തെ നിഷേധിച്ചു കൊണ്ട് പുറപ്പെടുവിച്ച വിധിയെ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി എതിർത്തുവെന്നും പേഴ്‌സണൽ ലോ അടിസ്ഥാനത്തിൽ പരിഹാരം നിർദേശിച്ചുവെന്നും ചേർത്തിവായിക്കുന്നത് അനുഗുണമായിരിക്കും. അതേ സമയം മുസ്‌ലിം വ്യക്തിനിയമത്തിൽപ്പെട്ട ചില വിഷയങ്ങളെ ചൊല്ലിയുള്ള കേസുകൾ ഏതാനും ഹൈകോടതികളിൽ എത്തിയപ്പോൾ ഭരണഘടനാ പരിധിയിൽ പെട്ടതാണെന്ന നിരീക്ഷണത്തിൽ കോടതി ഇടപെട്ടതായും അറിയുന്നു.

 

മതസ്വാതന്ത്ര്യത്തിനുള്ള അവകാശം

മതേതര മൂല്യങ്ങളെ ചേർത്തു പിടിച്ചാണ് ഇന്ത്യൻ ഭരണഘടന നിർമിക്കപ്പെട്ടത്. റഷ്യയെ പോലോത്ത രാഷ്ട്രങ്ങൾ മുന്നോട്ടുവെച്ചതുപോലെ മതരാഹിത്യത്തിലധിഷ്ടിതമല്ല ഇന്ത്യയുടെ മതേതര സങ്കൽപം. സർവ മതസ്ഥർക്കും അവരവരുടെ വിശ്വാസാചാരകർമങ്ങളിലധിഷ്ഠിതമായി മുന്നോട്ടു പോകാനുള്ള സ്വാതന്ത്ര്യമാണ് ഇന്ത്യൻ ഭരണഘടന നൽകുന്നത്. ഭരണഘടനയനുവദിക്കുന്ന മതസ്വാതന്ത്ര്യത്തിനുള്ള അവകാശം പൗരനു ലഭിക്കേണ്ട മൗലിക അവകാശമായാണ് ഗണിക്കുന്നത്. 25 മുതൽ 28 വരെയുള്ള അനുച്ഛേദങ്ങളിലാണ് മതസ്വാതന്ത്ര്യത്തെ കുറിച്ച് പ്രതിപാദിക്കുന്നത്. ഇഷ്ടപ്പെട്ട മതത്തിൽ വിശ്വസിക്കാനും മതകർമങ്ങൾ ചെയ്യാനും മതബോധനം നടത്താനുമുള്ള സ്വാതന്ത്ര്യം ഇന്ത്യയിലെ പൗരർക്കുണ്ട്. പൊതു ക്രമം, സദാചാരം, ആരോഗ്യം എന്നിവക്ക് ദോഷം വരുത്താത്ത വിധമായിരിക്കണം ഈ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തേണ്ടതെന്നു മാത്രം.

ത്വലാഖ്, മുത്വലാഖ് എന്നിവയെല്ലാം രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളിലെ ഭൂരിപക്ഷ വിഭാഗമായ മുസ്‌ലിം സമൂഹത്തിന്റെ ജീവിതഭാഗമാണ്. അതനുസരിച്ച് ജീവിക്കാൻ ഇന്ത്യൻ മുസ്‌ലിംകൾക്ക് മൗലികമായ അവകാശമുണ്ട്. ആ അവകാശത്തെ കളങ്കപ്പെടുത്തി പുതിയ സ്റ്റാറ്റിയൂട്ട് നിർമിക്കുകയെന്നത് ഭരണഘടനയോട് ചെയ്യുന്ന കൊടും പാതകമാണ്.

മുസ്‌ലിംകൾ ത്വലാഖിനെ പ്രോത്സാഹിപ്പിക്കുന്നവരല്ല. ത്വലാഖിനെ നിരുത്സാഹപ്പെടുത്തിയുള്ള ചരിത്രമാണ് മതത്തിലെവിടെയുമുള്ളത്. എന്നുകരുതി ത്വലാഖിനെയും  മുത്വലാഖിനെയും  മതധാരയിൽനിന്ന് പുറത്താക്കാൻ കഴിയില്ല. മുത്വലാഖ് നിരോധന നിയമം കൊണ്ടുവരുന്നതിലൂടെ മതാചാരമനുസരിച്ച് ജീവിക്കാനുള്ള വ്യക്തിയുടെ മൗലിക സ്വാതന്ത്ര്യത്തെയാണ് യഥാർത്ഥത്തിൽ ഛിദ്രമാക്കുന്നത്. ഭരണഘടനയുടെ ആണിക്കല്ലായി പരാമർശിക്കപ്പെട്ട മൗലിക അവകാശങ്ങളെ ഹനിച്ചു കൊണ്ടുള്ള ദേശീയോദ്ഗ്രഥനം ഭരണഘടനാവിരുദ്ധ(ആന്റി കോൺസ്റ്റ്യൂഷൻ) മാണെന്നല്ലാതെ പറയാനൊക്കില്ല. മതം നിരുത്സാഹപ്പെടുത്തിയെന്ന് കരുതി അത് മതകീയാചാരങ്ങൾക്കപ്പുറത്താണെന്ന ജസ്റ്റിസ് ജോസഫ് കുര്യനെ പോലുള്ള ജഡ്ജിമാരുടെ നിരീക്ഷണം ശരിയല്ല. മതവീക്ഷണങ്ങളെ മതാധീനമായി കാണുന്നത് മതത്തിന്റെ കെട്ടുറപ്പാണ്.

 

മുത്വലാഖിലെ നെല്ലും പതിരും

മുത്വലാഖ് ഇസ്‌ലാമികമാണെന്നതാണ് ശരി. നടേപറഞ്ഞതു പോലെ മുത്വലാഖിനെയും ത്വലാഖിനെയും മതം ഇഷ്ടപ്പെടുന്നില്ല. സൃഷ്ടികൾക്ക് സ്രഷ്ടാവനുവദിച്ച കാര്യങ്ങളിൽ അവനേറ്റം വെറുപ്പുള്ളത് ത്വലാഖ് ആണെന്നാണ് ഖുർആനിന്റെ വെളിപ്പെടുത്തൽ. സ്രഷ്ടാവിന്റെ കോപത്തിനിടവരുത്തുന്ന ത്വലാഖുമായി ബന്ധപ്പെടാൻ യഥാർത്ഥ വിശ്വാസിക്കാകില്ല. ജീവിതത്തിന്റെ ഇരു ധ്രുവങ്ങളിൽ കഴിഞ്ഞിരുന്ന രണ്ടു ജീവിതങ്ങളെ ഒരു പദോച്ചാരണത്തിലൂടെ ഇണ തുണയെന്ന ശ്രേഷ്ഠ ശ്രേണിയിലേക്ക് ചേർത്ത് അവർ തമ്മിലുള്ള ബന്ധത്തെ ഊട്ടിയുറപ്പിക്കുന്നതാണ് ഇസ്‌ലാമിലെ വിവാഹം. അതേസമയം, വിശാലതയിലേക്കു വ്യാപരിച്ച ഈ ഇണ തുണ ബന്ധം മുറിക്കാൻ ഭർത്താവിൽ നിന്നുള്ളൊരു പദോച്ചാരണം മതി. ത്വലാഖിലൂടെയാണ് ഈ ബന്ധം മുറിച്ചു മാറ്റപ്പെടുന്നത്. നിലവിലുള്ളൊരു ബന്ധത്തെ മുറിച്ചുകളയുന്നത് പാപമാണല്ലോ. സ്രഷ്ടാവ് ത്വലാഖ് ചൊല്ലുന്നവനോടു കോപിക്കാൻ കാരണവും അതു തന്നെ.

ത്വലാഖും മുത്വലാഖും ജീവിത ഭാഗമാകേണ്ടതുകൊണ്ടല്ലേ സ്രഷ്ടാവ് മതകാര്യമായി അവയെ എണ്ണിയത്. അനിവാര്യ ഘട്ടങ്ങളിൽ വിവാഹ മോചനം ചെയ്യുന്ന പതിവ് വിവിധ സമുദായങ്ങളിലുണ്ട്. ഇസ്‌ലാമിലെ വിവാഹ മോചന രീതികളാണ് ത്വലാഖും മുത്വലാഖും. നിയമങ്ങളും നിബന്ധനകളും പാലിച്ചു മാത്രമേ ഈ ബന്ധവിഛേദനം ചെയ്യാവൂ. ഒരു ശ്വാസത്തിൽ മൂന്ന് ത്വലാഖ് ചൊല്ലുന്നത് സ്ത്രീകളുടെ അവകാശത്തെ ഹനിക്കലാണ്. അത് നിരുത്സാഹപ്പെടുത്തണം. പക്ഷേ ചില അത്യാവശ്യ ഘട്ടങ്ങളിൽ എമർജൻസി ഡോറുപോലെ മുത്വലാഖിനെ ഉപയോഗപ്പെടുത്താം.

നിയമങ്ങളും നിബന്ധനകളും പാലിക്കാതെ മൊഴിചൊല്ലപ്പെട്ട സ്ത്രീകളാണ് നിയമ സഹായങ്ങൾക്കു വേണ്ടി കോടതികളെ സമീപിച്ചവരിലധികവും. അകാരണവും നിഷ്‌കരുണവുമായി മുത്വലാഖിനെ സ്ത്രീകൾക്കു മേൽ ഉപയോഗപ്പെടുത്തുന്ന ഭർത്താക്കന്മാരെ ശാസിക്കണം. ഇസ് ലാമിൽ പവിത്രമാക്കിയ വിവാഹ സങ്കൽപ്പത്തെ ഭൗതിക താത്പര്യങ്ങൾക്കു വേണ്ടി ചൂഷണം ചെയ്യുന്നത് കടുംപാതകവുമാണ്. മുത്വലാഖ് നിരോധിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ച ഷയറാബാനുവടക്കമുള്ള അഞ്ചു സ്ത്രീകളും നാടകീയാവസ്ഥയിലാണ് മൊഴിചൊല്ലപ്പെട്ടിട്ടുള്ളത്. ‘നിങ്ങളുടെ ഭാര്യമാരോട് മാന്യമായി പെരുമാറുക’ എന്ന ഖുർആനികാജ്ഞ ശിരസ്സാവഹിക്കാത്തവരാണിവിടെ പ്രതികളായിട്ടുള്ളത്. ചൂഷണമാർഗമായി മുത്വലാഖിനെ സമീപിക്കുന്നവർക്കെതിരെ ശക്തമായ നടപടി കോടതിക്ക് സ്വീകരിക്കുകയുമാകാം. പക്ഷേ ഇതിനുപകരം മുത്വലാഖ് തന്നെ നിരോധിക്കുന്നത് പുനഃപരിശോധന വേണ്ടതാണ്.

 

വിധിന്യാത്തിന്റെ പിന്നാമ്പുറങ്ങൾ

ആരോപിതരുന്നയിക്കുന്നത് പോലെ, ഇസ് ലാമിലെ പുരുഷാധിപത്യ അധികാരം നഷ്ടപ്പെടുമെന്ന് കരുതിയല്ല മുസ്‌ലിംകൾ കോടതിയുടെ മുത്വലാഖ് വിധിയെ എതിർക്കുന്നത്. മതവിശ്വാസത്തിലെ ഒരു കർമത്തെ കോടതി ശരീഅത്ത് വിരുദ്ധമെന്ന് പറഞ്ഞു വിധിക്കുന്നതിലെ ഔചിത്യം മനസ്സിലാകാത്തത് കൊണ്ടാണ്. മുസ്‌ലിംകൾ ചെയ്യുന്ന ഒരു കാര്യം ശരീഅത്ത് നിയമത്തിൽ പെട്ടതാണോ അല്ലയോയെന്ന് തീരുമാനിക്കേണ്ടത് മതത്തിൽ ജ്ഞാനാവഗാഹമുള്ളവരാണ്. ഇവിടെ 14 നൂറ്റാണ്ടിനടുത്തകാലം മുസ്‌ലിം സമൂഹത്തിൽ നാല് കർമശാസ്ത്ര സരണികളിൽ വ്യത്യാസമന്യേ  ആചരിച്ചുപോന്ന ഒരു കർമത്തെയാണ് കോടതി നിരോധിച്ചത്. ഈ വിധി ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങൾക്കെതിരാണ്. ബഹുസ്വരതയിലും മതേതരത്വത്തിലും വിശ്വസിക്കുന്നവർക്ക് ഏറെ അസ്വസ്ഥതയുണ്ടാക്കുന്ന ഏക പക്ഷീയ വിധി. കേന്ദ്ര സർക്കാറും കോടതികളും ഇതേപ്രകാരം ഓരോ മതകർമത്തെയും നിരോധിക്കുന്നതിലൂടെ ഇന്ത്യയുടെ ബഹുസ്വരതയെ തകർത്തെറിയുന്ന ഏക സിവിൽ കോഡ് തല ഉയർത്തുമോയെന്ന ആശങ്കക്ക് ഇത് ശക്തി പകർന്നിരിക്കുകയാണ്.

ഇന്ത്യയിലെ പൗരന്മാർക്കെല്ലാം ബാധകമാകുന്ന ഒരു സിവിൽ ബില്ല് കൊണ്ടുവരാനുള്ള ഒപ്ഷൻ ഭരണഘടനയുടെ നാൽപത്തിനാലാം വകുപ്പിൽ നൽകിയിട്ടുണ്ട്. ഈയൊരു ബില്ല് കൊണ്ടുവരുന്നതിലൂടെ ഇന്ത്യൻ മതേതര താത്പര്യത്തിന് എത്രമാത്രം ക്ഷതമേൽപ്പിക്കുമെന്ന് കൂലങ്ക ശമായി ആലോചിക്കേണ്ടതുതന്നെയാണ്. ഇന്ത്യൻ സാഹചര്യം ഒരു ഏക സിവിൽ നിയമത്തിലേക്കാവശ്യമായി വരുമ്പോൾ മാത്രമേ ഈയൊരു ബില്ലിനെ കുറിച്ചാലോചിക്കാവൂ എന്നാണ് ഭരണഘടനാശിൽപികളുടെ നിർദേശം. ഭരണഘടനാ ശിൽപി ഡോ.ബി.ആർ അംബേദ്കർ പറയുന്നു: ‘വ്യക്തി നിയമങ്ങൾ എടുത്ത് കളയാനുള്ള ബാധ്യതയൊന്നും ഭരണകൂടത്തിനില്ല. ഒരു ഭരണകൂടത്തിനും തങ്ങളുടെ അധികാരം മുസ്‌ലിം സമുദായത്തെ പ്രകോപ്പിക്കുന്ന തരത്തിൽ പ്രയോഗിക്കാനാകില്ല. ഭരണകൂടം അങ്ങനെ ചെയ്താൽ അതൊരു ബുദ്ധിശൂന്യമായ ഭരണകൂടമായിരിക്കുമെന്ന് ഞാൻ കരുതുന്നു’. യൂ.സി.സി നിലവിൽ കൊണ്ടു വരുന്നതിൽ താത്പര്യമില്ലാത്ത വ്യക്തിയായിരുന്നു ആർ.എസ്.എസിന്റെ സമുന്നത നേതാവായ ഗോൾവാൾക്കർ. ബഹുസ്വരതയെ ഹനിക്കുന്നതിനാൽ തന്നെ അദ്ദേഹം യു.സി.സിയുടെ ആവശ്യകതയെ അപലപിച്ചു.

നിലവിൽ മോദി സർക്കാറാണ് പൊതു സിവിൽ ബില്ലിന് വേണ്ടി വിയർപ്പൊഴുക്കി പണിയെടുക്കുന്നത്. അതിന്റെ ഭാഗമെന്നോണമാണ് മാസങ്ങൾക്കു മുമ്പ് അത്തരം ചോദ്യങ്ങളുൾകൊള്ളിച്ച് ഒരു ചോദ്യാവലി അവർ തയ്യാറാക്കിയതും. മുസ്‌ലിംകളുടെ മതകർമങ്ങളെ ബാധിക്കുന്ന രീതിയിലായിരുന്ന പ്രസ്തുത ചോദ്യാവലിയിലെ അധികവും. മുസ്‌ലിംകളെ അപരവത്ക്കരിച്ച് കാര്യസയിധ്യത്തിനുള്ള സർക്കാറിന്റെ  നീക്കം ദുരൂഹമാണ്. യു.സി.സിക്കു വേണ്ടി തൊള്ളകീറുന്നവരുടെ സ്വരം കേട്ടാൽ നിലവിൽ ദേശീയോദ്ഗ്രഥത്തിനിവിടെ തടസ്സം നിൽക്കുന്നത് മുസ്‌ലിംകളും അവരിലെ ആചാരക്രിയകളുമാണെന്നാണ് തോന്നുക. വിവാഹം, വിവാഹ മോചനം, സ്വത്തവകാശം തുടങ്ങിയ കാര്യങ്ങളിലെല്ലാം മുസ്‌ലിം സ്ത്രീ വിവേചനത്തിനിരയണെന്നും അതിനുള്ള പരിഹാരം യു.സി.സി നടപ്പിലാക്കൽ മാത്രമാണെന്നുമാണ് ഇവർ വാദിക്കുന്നത്. പൊള്ളയായ ഈ വാദം ശുദ്ധ ഭോഷത്തരവും. ഇവിടെ മുസ്‌ലിം സ്ത്രീകളെ പോലെ  അവകാശങ്ങൾ ലഭിച്ചവർ മറ്റേത് സ്ത്രീകളുണ്ട്. 1956-ലെ ഹിന്ദു പിന്തുടർച്ചാവകാശ നിയമം, 1995-ലെ ഹിന്ദു മാര്യേജ് ആക്ട് തുടങ്ങിയ ആക്ടുകളും നിയമങ്ങളും പ്രാബല്യത്തിൽ വന്നപ്പോഴാണ് ഹിന്ദു മതത്തിലെ സ്ത്രീകൾക്ക് അന്തസ്സ് വന്നത്. ഹിന്ദു സ്ത്രീകൾക്ക് മുമ്പ് സ്വത്തിൽ അവകാശമുണ്ടായിരുന്നില്ല. ഉപാധിരഹിതമായ ബഹുഭാര്യത്വവും ഹിന്ദു മതസ്ഥരിൽ നടമാടിയിരുന്നു. 1995-ലെ മാര്യേജ് ആക്ട് നിലവിൽ വന്നതോടെയാണ് ബഹുഭാര്യത്വം നിരോധിച്ചത്. ക്രിസ്ത്യൻ മതത്തിലെ അവസ്ഥയും വ്യത്യസ്തമല്ല.

ചുരുക്കത്തിൽ, മുസ്‌ലിം സമൂഹത്തിൽ മുത്വലാഖ് വ്യാപകമല്ലെന്ന ഈ സമ്പ്രദായത്തെ എല്ലാവരും എതിർക്കുന്നുവെന്നും മനസ്സിലാക്കുക. മതാംഗീകാരമുള്ളതായതിനാൽ മുത്വലാഖ് സമ്പ്രദായത്തെ പൂർണമായി നിരോധിക്കുന്നതിനു പകരം മുത്വലാഖിനെ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ സർക്കാറിന് നടപടി സ്വീകരിക്കാവുന്നതാണ്. അത് മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നില്ല. മതം മുത്വലാഖിനെ സാധൂകരിക്കുകയും സർക്കാർ നിരോധിക്കുകയും ചെയ്യുന്ന പക്ഷം വിശ്വാസികൾ മതപക്ഷത്തുനിൽക്കുകയാണ് ചെയ്യുക. മതത്തേക്കാൾ വലുതല്ല ഒന്നും. അതേസമയം മതപക്ഷത്തു ചേരാതെ മുത്വലാഖ് അസാധുവാക്കിയവരുടെ പക്ഷത്തു നിന്നാൽ മുസ്‌ലിമെന്ന നിലയിൽ ആത്മീയ ജീവിതത്തിൽ പുഴുക്കുത്തേൽക്കും. മുത്വലാഖ് ചൊല്ലുന്ന പക്ഷം ഭാര്യ അന്യസ്ത്രീയുടെ സ്ഥാനത്തായിത്തീരും. പിന്നീട് അവളുമായുള്ള ബന്ധം സാധുവല്ല. മുത്വലാഖ് ചൊല്ലപ്പെട്ടവളുമായുള്ള മുൻ ഭർത്താവിന്റെ ലൈംഗികശയനങ്ങളും ഇടപഴകലുകളെലുമെല്ലാം ഹറാമാണ്. ഈയൊരു വൈരുദ്ധ്യ വാദമില്ലാതിരിക്കാൻ കോടതി മുത്വലാഖ് വിധി പുനരന്വേഷിക്കണം.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ