വർഷങ്ങളെടുത്ത അന്വേഷണങ്ങളുടെയും റിപ്പോർട്ടുകളുടെയും ഫലമായി മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ തൊഴിൽ പ്രാതിനിധ്യ രംഗത്തെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ കൊട്ടിഘോഷിച്ച് നടപ്പാക്കിയ സിവിൽ സർവീസ് പരിശീലനവും സ്കോളർഷിപ്പും അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്.
ഈ രംഗത്തെ മുസ്ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ വാദിച്ചുറപ്പിക്കേണ്ട ഒരു സംഗതിയല്ല. സച്ചാർ കമ്മീഷനും പാലോളി കമ്മീഷനുമെല്ലാം അക്കമിട്ട് നിരത്തിയ വസ്തുതയാണ്. ഈ പരിതാപകരമായ അവസ്ഥ മുസ്ലിം സമുദായത്തിനു വന്നുഭവിക്കാനുണ്ടായ കാരണം കൂടി എല്ലാവരും – പ്രത്യേകിച്ച് ക്രൈസ്തവർ- മനസ്സിലാക്കണം. അധിനിവേശ ശക്തികളായ ബ്രിട്ടീഷുകാരോട് സന്ധിയില്ലാ സമരം നടത്തിയതിന്റെ പേരിൽ മുസ്ലിംകളുടെ ഭൂമിയും കൃഷിയും വീടുകളും ആരാധനാലയങ്ങളുമെല്ലാം 1921ലെ സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷുകാർ നശിപ്പിച്ചുകളഞ്ഞു. (ഈ ബ്രിട്ടീഷുകാർ ക്രിസ്ത്യാനികളായിരുന്നു എന്ന കാര്യം മുസ്ലിംകൾ എവിടെയും എടുത്തുപറയാറില്ല).
ആയിരങ്ങളെ കൊന്നുതള്ളി; നിരവധി പേരെ അന്തമാനിലേക്കും മറ്റും നാടുകടത്തി. അങ്ങനെ എല്ലാം നഷ്ടപ്പെട്ട, വിധവകളുടെയും അനാഥകളുടെയും കണ്ണീരും കരച്ചിലുമായി സങ്കടക്കടലിൽ കഴിയുകയായിരുന്നു ഈ സമുദായം. 1970കൾക്ക് ശേഷം ഗൾഫ് നാടുകളിലേക്ക് ചേക്കേറി പ്രതികൂല കാലാവസ്ഥയോട് മല്ലിട്ട് ചോര നീരാക്കി അധ്വാനിച്ചതുകൊണ്ടാണ് ഇന്നു കാണുന്ന നേരിയ പുരോഗതി മുസ്ലിം സമുദായം നേടിയെടുത്തത്. അപ്പോഴും സിവിൽ സർവീസിലും മറ്റു ഉദ്യോഗ, തൊഴിൽ മേഖലകളിലും ദളിതരേക്കാൾ പിന്നിലായിരുന്നു, ജനസംഖ്യയുടെ മുപ്പതു ശതമാനം വരുന്ന സമുദായം എന്ന വസ്തുത കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഈ ആശ്വാസ നടപടികൾ കൈകൊണ്ടത്. അതാണിപ്പോൾ വിദഗ്ധമായി അട്ടിമറിക്കപ്പെട്ടിരിക്കുന്നത്.
അട്ടിമറിയുടെ നാൾവഴികൾ
സച്ചാർ കമ്മീഷന്റെയും പാലോളി മുഹമ്മദ്കുട്ടി കമ്മിറ്റിയുടെയും റിപ്പോർട്ടിലെ ശിപാർശകളനുസരിച്ചാണ് ഇടതുപക്ഷ സർക്കാർ മുസ്ലിം യുവജനതക്കായി സിവിൽ സർവീസ്, യുപിഎസ്സി, പിഎസ്സി, ബാങ്കിംഗ് സർവീസ്, എൻട്രൻസ് തുടങ്ങിയ മത്സരപരീക്ഷകൾക്ക് ഹ്രസ്വകാല പരിശീലനം നൽകാൻ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലായി അഞ്ചു കേന്ദ്രങ്ങൾ തുടങ്ങിയത്. അതിൽ ഞങ്ങൾക്കും പങ്കാളിത്തം വേണമെന്നാവശ്യപ്പെട്ടു ചിലർ വന്നുവെന്നും അങ്ങനെ ഒരു കമ്മീഷന്റെ പഠനവുമില്ലാതെ, മുസ്ലിം സമുദായത്തിനനുവദിക്കപ്പെട്ടതിൽ നിന്നും 20 ശതമാനം മറ്റു ന്യൂനപക്ഷ സമുദായങ്ങൾക്കു കൂടി നൽകാൻ 31.10.2011ൽ അന്നത്തെ വി.എസ്. അച്യുതാനന്ദൻ സർക്കാർ ഉത്തരവിടുകയായിരുന്നു. ആശ്വാസ പദ്ധതിയുടെ അട്ടിമറി ആരംഭിക്കുന്നത് ഈ ഉത്തരവ് മുതൽക്കാണ്. ഇത് മുസ്ലിം സമുദായത്തിനായി അനുവദിക്കപ്പെട്ടതാണെന്നും പരാതിയുള്ളവർക്ക് പ്രത്യേക കമ്മീഷനെ വെച്ച് അന്വേഷിച്ചതിനു ശേഷം വേണ്ട നടപടികൾ സ്വീകരിക്കാമെന്നു പറയുന്നതിനു പകരം, മുസ്ലിം വിഭാഗത്തിന്റെ പേരിലുണ്ടായിരുന്ന കോച്ചിംഗ് സെന്ററുകളെ ന്യൂനപക്ഷങ്ങൾക്ക് മൊത്തം അവകാശപ്പെട്ടത് എന്ന രീതിയിലേക്ക് മാറ്റുകയാണുണ്ടായത്.
ശേഷം വന്ന യുഡിഎഫ് ഗവൺമെന്റിന്റെ അവസാന കാലത്ത് അഡ്വ. വീരാൻ കുട്ടിയുടെ നേതൃത്വത്തിലുള്ള ന്യൂനപക്ഷ കമ്മീഷൻ 80/20 എന്നതിനെ 60/40 എന്ന തോതിലേക്ക് മാറ്റാൻ ശിപാർശ ചെയ്തിരുന്നതായി ഈയിടെ റിപ്പോർട്ട് പുറത്തുവരികയുണ്ടായി. അത് പക്ഷേ എൽഡിഎഫ് സർക്കാർ പരിഗണിച്ചില്ലെന്നത് ആശ്വാസകരം തന്നെ.
പിന്നീട്, ന്യൂനപക്ഷങ്ങൾക്കവകാശപ്പെട്ടത് എങ്ങനെയാണ് 80%വും മുസ്ലിംകൾക്കു നൽകുക, ഇത് അനീതിയല്ലേ എന്നു ചോദിച്ചുകൊണ്ടാണ് ക്രൈസ്തവ സമുദായം മുന്നോട്ടുവന്നത്. അതായത്, പ്രസവിച്ചു കിടക്കുന്ന പെണ്ണിനായി തയ്യാറാക്കിയ മരുന്നിൽ നിന്ന് അൽപം പേറ്റെടുത്തവൾക്കും കൊടുത്തപ്പോൾ പകുതി തന്നെ തനിക്കും വേണമെന്ന് അവകാശപ്പെടുന്നതു പോലെ. പക്ഷേ അവരെ നമുക്ക് കുറ്റപ്പെടുത്താൻ പറ്റില്ല. നിലവിൽ ന്യൂനപക്ഷ ക്ഷേമവകുപ്പിനു കീഴിൽ ന്യൂനപക്ഷങ്ങൾക്കായുള്ള പദ്ധതി എന്ന പേരിലാണിതുള്ളത്. അതുകൊണ്ട് തന്നെയാണ് 80/20 എന്ന അനുപാതത്തെ ഹൈക്കോടതി റദ്ദ് ചെയ്തതും. ഭരണാധികാരികളിൽ നിന്നുണ്ടായ വീഴ്ച തന്നെയാണ് ഈ ആനുകൂല്യം മുസ്ലിംകൾക്ക് നഷ്ടപ്പെടാൻ കാരണമായത്.
ഇതേ കമ്മീഷനുകളുടെ ശിപാർശയനുസരിച്ച് നടപ്പാക്കിയ മറ്റൊരു പദ്ധതിയായിരുന്നു മുസ്ലിം പെൺകുട്ടികൾക്കായുള്ള സ്കോളർഷിപ്പ്, ഹോസ്റ്റൽ സ്റ്റൈപ്പന്റ് എന്നിവ. ഇതും അച്യുതാനന്ദൻ ഗവൺമെന്റിന്റെ കാലത്ത് 22.2.2011ന് ഇറക്കിയ ഉത്തരവിലൂടെ 80/20 എന്ന ക്രമത്തിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ മുസ്ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള പദ്ധതികളെല്ലാം പൊതുവിൽ ന്യൂനപക്ഷങ്ങൾക്കുള്ള പദ്ധതികളായി മാറി. ഇതിലുള്ള ഏറ്റവ്യത്യാസം ചൂണ്ടിക്കാണിച്ചാണ് വർഗീയ ധ്രുവീകരണമാഗ്രഹിക്കുന്നവരും ചില തെറ്റിദ്ധരിക്കപ്പെട്ട(?) ക്രൈസ്തവ വിഭാഗങ്ങളും ന്യൂനപക്ഷങ്ങളുടെ ആനുകൂല്യങ്ങളെല്ലാം മുസ്ലിംകൾ അടിച്ചുമാറ്റുന്നു എന്ന പ്രചണ്ഡമായ പ്രചാരണം നടത്തിയത്.
വാസ്തവത്തിൽ സംഭവിച്ചത് സമുദായത്തിന്റെ അവകാശങ്ങൾ മറ്റുള്ളവർ തട്ടിയെടുക്കുക മാത്രമല്ല, മുസ്ലിംകൾ അനർഹമായത് എന്തോ അപഹരിച്ചെടുക്കുന്നുവെന്ന ആരോപണം കേൾക്കേണ്ടിവന്നു എന്നതു കൂടിയാണ്. ഭരിക്കുന്നവർക്ക് സംഭവിച്ച ഒരു തെറ്റ് (സദുദ്ദേശ്യപരമാവാം) കാരണം മുസ്ലിം സമുദായം പഴികേൾക്കേണ്ടിവന്നുവെന്നത് സങ്കടകരമാണ്.
മദ്റസാധ്യാപകർക്ക് ഗവ. ശമ്പളം!
മുൻ ഡിജിപി സെൻകുമാർ അടക്കമുള്ള സംഘപരിവാർ അനുകൂലികൾ അടിച്ചുവിട്ട ആരോപണങ്ങൾ ചെറുതൊന്നുമായിരുന്നില്ല. കേരളത്തിൽ രണ്ടുലക്ഷം മദ്റസാധ്യാപകർക്ക് മാസാന്തം പതിനായിരക്കണക്കിന് രൂപ ശമ്പളം കൊടുക്കുന്നത് ഗവൺമെന്റാണത്രെ. ഇതിനു പുറമെ വിരമിച്ചാൽ മാസാന്തം ആയിരങ്ങൾ പെൻഷനും നൽകുന്നു. ഇതിനായി 2500 കോടി രൂപ ഗവൺമെന്റ് ചെലവഴിച്ചത്രെ. സെൻകുമാർ ഒരു സ്വകാര്യ ചാനലിൽ പറഞ്ഞത് ഇതെല്ലാം നിയമസഭയിൽ വ്യക്തമാക്കിയ കാര്യങ്ങളാണെന്നാണ്.
പത്തുപൈസയെങ്കിലും മദ്റസാധ്യാപകനെന്ന നിലക്ക് ഒരാൾക്കെങ്കിലും ലഭിച്ചിരുന്നെങ്കിൽ ഈ ആരോപണം നമുക്ക് സഹിക്കാമായിരുന്നു. പക്ഷേ, ഇതു നട്ടാൽ മുളക്കാത്ത കളവാണ്. പിന്നെ പെൻഷന്റെ കാര്യം പറയാം. മാസത്തിൽ നൂറുരൂപ വീതം വർഷത്തിൽ 1200 രൂപ പ്രീമിയം അടക്കുന്ന അധ്യാപകനാണ് തന്റെ ജീവിതാന്ത്യത്തിൽ രണ്ടായിരം രൂപ പെൻഷൻ ലഭിക്കുന്നത്. അനേകം പെൻഷൻ ഗുണഭോക്താക്കളുണ്ടെങ്കിലും ഇത്ര ഭീമമായ തുക പ്രീമിയം അടക്കുന്ന മറ്റാരുമില്ല. കർഷക പെൻഷന് മാസാന്തം അടക്കേണ്ടത് വെറും ഇരുപത് രൂപയാണ്. തന്നെയുമല്ല, മദ്റസാധ്യാപകർ അടക്കുന്ന തുക നേരിട്ട് ട്രഷറിയിൽ നിക്ഷേപിക്കപ്പെടുന്നതിനാൽ ഏതു സമയത്തുവേണമെങ്കിലും ഗവൺമെന്റിന് അതെടുത്ത് മറ്റ് ആവശ്യങ്ങൾക്ക് വേണ്ടി ചെലവഴിക്കാം. ഈ ഫണ്ടിലേക്ക് ഒന്നാം പിണറായി വിജയൻ സർക്കാർ ഒരു പൈസപോലും കൂട്ടിച്ചേർത്തിട്ടില്ല.
തെരഞ്ഞെടുപ്പ് സമയത്ത് പാതിരിമാരെ തടഞ്ഞുനിർത്തി പരസ്യമായാണ് ചില വർഗീയവാദികൾ മുസ്ലിംകൾക്കെതിരെ പ്രതികരിക്കണമെന്ന് ഈ കളവ് മുൻനിർത്തി ഉപദേശിച്ചത്. കേരളം മുഴുവൻ ചർച്ച ചെയ്ത സംഭവമാണത്. സെൻകുമാർ മുതൽ സീറോ മലബാർ സഭ വരെ ഗവൺമെന്റ് മുസ്ലിംകൾക്ക് അനർഹമായത് പലതും വാരിക്കോരി നൽകുന്നുവെന്നാരോപിച്ചിട്ടും അതു തിരുത്താനോ വിശദീകരണം നൽകാനോ ഉത്തരവാദപ്പെട്ടവർ അന്നൊന്നും തയ്യാറായില്ല. ഇത്ര പരസ്യമായി ഒരു സമുദായത്തിന്റെ പേരിൽ ഗവൺമെന്റുമായി ബന്ധപ്പെട്ട ആരോപണം ഉയർന്നതിനാൽ നിജസ്ഥിതി വിശദീകരിക്കേണ്ടിയിരുന്നത് സർക്കാറാണല്ലോ.
ഏതായാലും ഇക്കഴിഞ്ഞ ജൂൺ 10ന്, മദ്റസാധ്യാപകർക്ക് പൊതുഖജനാവിൽ നിന്നു ശമ്പളം നൽകുന്നില്ലെന്നും ജോലി ചെയ്യുന്നിടത്തെ സ്ഥാപന മാനേജ്മെന്റുകളാണ് വേതനം നൽകുന്നതെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിക്കുകയുണ്ടായി. ബജറ്റിൽ നിന്ന് വലിയൊരു വിഹിതം മദ്റസാധ്യാപകർക്കു ശമ്പളം നൽകാനായി ചെലവഴിക്കുന്നുവെന്ന വ്യാജം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതു ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും സോഷ്യൽ മീഡിയവഴി യഥാർത്ഥ വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്താൻ മദ്റസാധ്യാപക ക്ഷേമനിധി ബോർഡ് ശ്രമിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. നല്ലതു തന്നെ.
ഏതായാലും ഹൈക്കോടതി വിധിയോടെ, കൊട്ടിഘോഷിച്ച് നടപ്പാക്കിയതും ന്യൂനപക്ഷക്ഷേമം ഉറപ്പാക്കി മുന്നേറുന്നുവെന്നു പറഞ്ഞ് ഊറ്റം കൊണ്ടതെല്ലാം തകിടം മറിഞ്ഞിരിക്കുകയാണ്. കെടി ജലീൽ മന്ത്രിപദവി നഷ്ടപ്പെട്ടതിനു ശേഷമാണ് വിശദീകരണവുമായി എത്തിയത്. അതിലും ഈ ആശ്വാസ പദ്ധതിയുടെ ഗതി തിരിച്ചുവിട്ടത് മുൻ ഇടതുപക്ഷ സർക്കാരാണെന്ന് സൂചിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പന്ത് മുഖ്യമന്ത്രിയുടെ കോർട്ടിലാണുള്ളത്. പ്രത്യേകിച്ച് ന്യൂനപക്ഷ വകുപ്പു കൂടി കൈകാര്യം ചെയ്യുന്ന സാഹചര്യത്തിൽ മുസ്ലിം സമുദായത്തിനു പറയാനുള്ളത് ഈ പ്രശ്നം അടിയന്തര സ്വഭാവത്തോടെ പരിഹരിക്കണമെന്നാണ്.
ഹൈക്കോടതിയിൽ അപ്പീൽ പോകുന്നത് ഫലം ചെയ്യുമെങ്കിൽ ഗവൺമെന്റ് അത് ചെയ്യണം. അതല്ല, മുസ്ലിംകൾക്ക് മാത്രം തയ്യാറാക്കിയ പ്രത്യേക പാക്കേജ് ന്യൂനപക്ഷ പദ്ധതിയാക്കി അട്ടിമറിച്ചതാണ് ഈ ഗതി വരാൻ കാരണമായതെങ്കിൽ അതു തിരുത്തണം. മുസ്ലിം സമുദായത്തിന് അർഹതപ്പെട്ടത് നഷ്ടപ്പെടുകയും പുറമെ അനർഹമായത് തട്ടിയെടുത്തവരെന്ന ദുഷ്പേര് വീഴ്ത്തുകയും ചെയ്തതിൽ സമുദായത്തിൽ കടുത്ത അമർഷവും പ്രതിഷേധവും പുകഞ്ഞുകൊണ്ടിരിക്കുന്നു. ഇത് അവഗണിക്കുന്നത് അപകടമായിരിക്കും.
റഹ്മത്തുല്ലാഹ് സഖാഫി എളമരം