മുഹർറം അറബി കലണ്ടറിലെ ഒന്നാം മാസമാണ്. വർഷത്തിന്റെ ആരംഭത്തിൽ തന്നെ ‘മുഹർറം’ അഥവാ പവിത്രമായത് എന്നർത്ഥമുള്ള മാസം നിശ്ചയിച്ചിരിക്കുന്നത് ആ വർഷം എങ്ങനെയായിരിക്കണമെന്ന സന്ദേശം കൂടി നൽകുന്നുണ്ട്. മുഹർം എന്ന പദത്തിന് കൽപിക്കാവുന്ന അർത്ഥങ്ങൾക്കിണങ്ങിയ വിവരണങ്ങൾ പലതും കാണാം. ഇസ്ലാം മുഹർറം മാസത്തിന് പല മഹത്ത്വങ്ങളും ശ്രേഷ്ഠതകളും കൽപിച്ചിട്ടുണ്ട്. അതിനാൽ തന്നെ അവ മാനിക്കലും സുകൃതങ്ങളുടെ കാലമായി അതിനെ പരിഗണിക്കലും വിശ്വാസികളുടെ ബാധ്യതയാണ്.
മുഹർറം എന്നത് ഹറാം എന്ന ധാതുവിൽ നിന്ന് നിഷ്പന്നമായതാണ്. ഹറാം എന്നാൽ പവിത്രം, നിഷിദ്ധം എന്നൊക്കെയാണർത്ഥം. നിഷിദ്ധങ്ങൾ നിർവഹണത്തിന്റെ കാര്യത്തിലും ലഭ്യതയുടെ കാര്യത്തിലും വരാം. ഒന്നാമത്തേത് അരുതാത്തതിനെയും രണ്ടാമത്തേത് തടയപ്പെടുന്നതിനെയുമാണ് ഉദ്ദേശിക്കുന്നത്. പവിത്രമായ ഒരു കാലഘട്ടത്തിൽ അരുതായ്മകൾ ഗൗരവതരമായിത്തീരുന്നു. അങ്ങനെയാകുമ്പോൾ അരുതായ്മകൾ കുറയും. അരുതായ്മകൾ കുറഞ്ഞാൽ മേന്മയും ഗുണവും വർധിതമാകും. അതിനാൽ നിഷിദ്ധമാക്കപ്പെടുക പവിത്രമാക്കൽ തന്നെയാണ്.
തടയപ്പെടുക എന്ന ആശയം മാനവ ചരിത്രത്തിന്റെ ആദ്യഘട്ടത്തിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നു. ഒരു നിർദേശത്തെ അഥവാ ആജ്ഞയെ ധിക്കരിക്കുകയും ന്യായീകരിക്കുകയും ചെയ്തപ്പോൾ ഒരാൾ അഭിശപ്തനായിമാറി. നീങ്ങിപ്പോകാത്ത ശാപത്തിന്റെ പരിണതിയും അടിസ്ഥാനവും സത്യനിഷേധവും സ്വർഗ നിഷേധവുമാണ്. ഈ നിഷേധങ്ങൾ കർമവും ഫലവുമായിത്തീർന്നവനാണ് പിശാച്. ഇബ്ലീസിന് സ്വർഗനിഷേധമുണ്ടായതിനാലാണ് മുഹർറം അഥവാ നിഷേധിക്കപ്പെട്ട മാസം എന്നർത്ഥത്തിൽ പ്രഥമമാസത്തെ വിശേഷിപ്പിച്ചു തുടങ്ങിയത് എന്നും അഭിപ്രായമുണ്ട്.
നിരോധിത കാര്യങ്ങളിൽ ചിലത് സ്ഥലമോ കാലമോ സാഹചര്യമോ തേടുന്നതായിരിക്കാം. മുഹർറത്തിലെ നിരോധനങ്ങൾ വ്യത്യസ്തമാകുന്നതിവിടെയാണ്. സാഹചര്യം കാരണം ശീലിച്ചു വന്ന ചിലതിനെ ഗുരുതരമായി പരിഗണിക്കാനുള്ള ഉൾവിളി നമുക്കിവിടെ കാണാം. ഇസ്ലാം പൂർവകാലത്ത് തന്നെ ജനങ്ങൾക്കിടയിൽ ഇടക്കിടെ നടമാടിയിരുന്ന സംഘർഷങ്ങളും സംഘട്ടനങ്ങളും മുഹർറമിൽ അവർ നിറുത്തിവെച്ചിരുന്നു. എങ്കിലും ഈ തീരുമാനം മറികടക്കാനവർ ചില പഴുതുകൾ കണ്ടെത്തി. തങ്ങൾ കൽപിച്ചിരുന്ന മഹത്ത്വങ്ങൾ കാലവും സമയവും മാറ്റി നിശ്ചയിച്ചാണവർ ഇത് സാധ്യമാക്കിയിരുന്നത്. മുഹർറമിന്റെ പവിത്രതക്ക് നിരക്കാത്തത് ചെയ്യണമെന്ന് തീരുമാനിച്ചാൽ മുഹർറമിനുള്ള വിശുദ്ധി തൊട്ടടുത്ത മാസമായ സ്വഫറിലേക്ക് മാറ്റിവെക്കും. ‘നസീഅ്’ എന്നാണിതറിയപ്പെടുന്നത്. ഇതിനെ ഇസ്ലാം വിലക്കി. സത്യനിഷേധത്തിലെ വർധനവ് എന്നാണ് ഖുർആൻ ഇതിനെ വിശേഷിപ്പിച്ചത്.
തത്ത്വത്തിൽ മുഹർറമിന്റെ സവിശേഷത പൊതുവെ അംഗീകരിക്കപ്പെട്ടിരുന്നു. എങ്കിലും പ്രയോഗരീതിയിലും സമീപനത്തിലും താൽപര്യങ്ങളുടെ സ്വാധീനമുണ്ടായിരുന്നു. ആദ്യകാലത്ത് അറബികൾ 12 മാസങ്ങൾക്കും വ്യത്യസ്ത പേരുകൾ നൽകിയിരുന്നു. പിന്നീട് കാലത്തിനും അനുഭവത്തിനുമനുസരിച്ച് പുനർനാമകരണം നടത്തുകയുണ്ടായി. ഒന്നും രണ്ടും മാസങ്ങൾക്കു സ്വഫർ അവ്വൽ, സ്വഫർ സാനി എന്നായിരുന്നു പേരുകൾ. ഒന്നാം മാസത്തിന് അവർ നൽകിയ പരിഗണനയനുസരിച്ച് മുഹർറം എന്ന വിശേഷണം ഒന്നാം സ്വഫറിന് ലഭ്യമായി. പിന്നീട് ഒന്നാം മാസം മുഹർറം എന്നും രണ്ടാം മാസം സ്വഫർ എന്നും അറിയപ്പെട്ടു.
12 മാസങ്ങളുടെയും നാമങ്ങൾക്ക് അവരുടെ നടപടികളോടോ നിശ്ചയിക്കുന്ന കാലത്തെ ജീവിതസാഹചര്യങ്ങളോടോ ബന്ധമുള്ള പശ്ചാത്തലമുണ്ടായിരുന്നു. മുഹർറത്തിൽ യുദ്ധമായിക്കൂടെന്ന നിലപാടിലവരെത്തിയതിനു കാരണമിതാണ്: പ്രസ്തുത മാസത്തിൽ അവരിൽ ചിലർ നടത്തിയ ആക്രമണം വിജയം കണ്ടില്ല. അക്കാരണത്താൽ ആ മാസത്തിലിനി യുദ്ധം വേണ്ടെന്ന് അവർ നിശ്ചയിച്ചു. ആ മാസത്തിന് മുഹർറം എന്ന് പേരുവെക്കുകയും ചെയ്തു(നിഹായതുൽ ഇറബി ഫീ ഫുനൂനിൽ അദബ്).
ഇസ്ലാമിൽ കാലഗണനക്കുപയോഗിച്ചത് നിലവിലുള്ള മാസങ്ങളുടെ പേരുകൾ തന്നെയായിരുന്നു. രണ്ടാം ഖലീഫ ഉമർ(റ)വിന്റെ കാലത്ത് ഇസ്ലാമിക കലണ്ടറിന് ഹിജ്റ അടിസ്ഥാനപ്പെടുത്തി ഹിജ്റ വർഷം നിലവിൽ വന്നു. അപ്പോഴും ഹിജ്റ നടന്ന റബീഉൽ അവ്വലിനു പകരം മുഹർറം തന്നെ ഒന്നാം മാസമായി പരിഗണിക്കുകയായിരുന്നു. മുഹർറമിനു നബി(സ്വ)യിലൂടെ ലഭിച്ച അംഗീകാരവും മഹത്ത്വവും തന്നെയാണിതിനു കാരണം.
ഇസ്ലാമിൽ മുഹർറം യുദ്ധം നിഷിദ്ധമാവുക എന്നതിൽ മാത്രം പരിമിതമല്ല. പൂർവകാല സമൂഹത്തിൽ നടന്നുവന്നിരുന്ന അന്യായ യുദ്ധങ്ങൾ തന്നെ അതിക്രമമായിരുന്നുവല്ലോ. മുഹർറമിനെ അതിൽ നിന്നു മുക്തമാക്കാൻ അവർ സ്വയം തയ്യാറാവുകയുണ്ടായി. ഇസ്ലാം അനിവാര്യമായ ഘട്ടത്തിലാണ് യുദ്ധമെന്ന ആശയം തന്നെ അവതരിപ്പിക്കുന്നത്. അതും മുഹർറമടക്കം നാലു മാസങ്ങളിൽ ആയിക്കൂടാ എന്ന് നിഷ്കർഷിക്കുകയും ചെയ്തു. എന്നാൽ മതം ധർമസമരം അനുവദിക്കുന്നത് അനിവാര്യമായ ഘട്ടങ്ങളിലാണ്. അത് കൊണ്ട് തന്നെ അതിന് അരുതായ്മകളുടെയോ അതിക്രമത്തിന്റെയോ അവസ്ഥവരുന്നില്ല. ഈ മാസങ്ങളിൽ ആവശ്യമായ പ്രതിരോധത്തിന് അനുവാദവുമുണ്ടായി. പവിത്രമായ സ്ഥലത്തിന്റെ കാര്യത്തിലും വിധി സമാനം. വിശുദ്ധ ഭൂമിയിൽ അക്രമികളെത്തിയാൽ തുരത്തണം. പ്രതിക്രിയ (ഖിസ്വാസ്വ്) എന്നാണ് ഖുർആൻ ഇതിനെക്കുറിച്ച് പറഞ്ഞത്.
അടിസ്ഥാനപരമായി മുഹർറമിന്റെ പരിശുദ്ധി അതിൽ അതിക്രമങ്ങൾ നടന്നു കൂടാ എന്നതിലൂന്നിയുള്ളതാണ്. ധർമ സമരം അരുതാത്ത മാസങ്ങളെ കുറിച്ചു പറയുന്ന സൂക്തത്തിൽ നിന്ന് ഇത് വ്യക്തം.
ആകാശഭൂമികളെ സൃഷ്ടിച്ച അന്നുതന്നെ അല്ലാഹുവിങ്കൽ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണ്. അവയിൽ നാലെണ്ണം യുദ്ധം നിരോധിക്കപ്പെട്ട മാസങ്ങളും. ഇതാണ് ഋജുവായ നിയമം. അതിനാൽ അവയിൽ നിങ്ങൾ നിങ്ങളെത്തന്നെ അക്രമിക്കരുത് (അത്തൗബ. 36).
വിശുദ്ധ മാസങ്ങളിൽ അതിക്രമമരുതെന്നതിനർത്ഥം അല്ലാത്ത കാലങ്ങളിൽ അതാകാമെന്നല്ല. ഈ കാലത്തിൽ അത് തീരെ സംഭവിക്കാതിരിക്കാൻ വിശ്വാസികൾ അതീവ ജാഗ്രത പുലർത്തണമെന്നാണ്. ഈ നാല് മാസത്തെ പ്രത്യേകം പറഞ്ഞ് അക്രമം നിരോധിച്ചത് ഗൗരവം ബോധിപ്പിക്കുന്നു. ഈ മാസങ്ങളിൽ തെറ്റുകൾ പ്രവർത്തിക്കുന്നത് വിശുദ്ധ ഹറമുകളിലും ഇഹ്റാമിന്റെ അവസ്ഥയിലും തെറ്റുകൾ പ്രവർത്തിക്കുന്നതു പോലെ വലിയ ശിക്ഷ ലഭിക്കുന്ന കാര്യമാണ്. മറ്റ് മാസങ്ങളിലും സമയങ്ങളിലും അതിക്രമം നിഷിദ്ധമായിരിക്കെ ഈ നാലു മാസങ്ങളിലെ അക്രമ പ്രവർത്തനങ്ങളെ പ്രത്യേകമായി പറഞ്ഞത് അത് ഗുരുതരമാണെന്ന് വിവരിക്കുന്നതിനാണ് (തഫ്സീറു റൂഹുൽ ബയാൻ).
മുഹർറമടക്കമുള്ള മാസങ്ങൾക്ക് മഹത്ത്വം നൽകപ്പെട്ടത് അത് വിശ്വാസികൾക്ക് ഉപയോഗപ്പെടുത്താൻ കൂടിയത്രെ. അരുതാത്ത കാര്യങ്ങളിൽ നിന്നു മുക്തമായി നിർദിഷ്ട സദ്കർമാനുഷ്ഠാനങ്ങളിൽ താൽപര്യം വർധിപ്പിക്കണം. നബി(സ്വ) ധാരാളം ഹദീസുകളിലൂടെ മുഹർറമിന്റെ സവിശേഷതകളും പവിത്രതകളും പഠിപ്പിച്ചിട്ടുണ്ട്. മേൽ സൂക്തത്തിൽ നിന്ന് തന്നെ മുഹർറമിന്റെ മഹത്ത്വം മനസ്സിലാക്കാനാവും. അതിക്രമം കാണിക്കരുത് എന്ന ഭാഗം വിശദീകരിച്ച് ഇമാം ഖുർത്വുബി(റ) എഴുതി: നിങ്ങൾ തെറ്റുകൾ ചെയ്ത് സ്വന്തത്തോട് അതിക്രമം കാണിക്കരുത്. കാരണം അല്ലാഹു വല്ലതിനും മഹത്ത്വം കൽപിച്ചാൽ അതിന് ഒരു പവിത്രതയാണുണ്ടാവുക. എന്നാൽ രണ്ട് മാർഗേണയോ അതിലധികം മാർഗേണയോ ഒന്നിനെ മഹത്ത്വപ്പെടുത്തിയാൽ അതിന്റെ വിശുദ്ധി വർധിക്കും. അപ്പോൾ അതിലെ ദുഷ്കർമങ്ങൾക്കുള്ള ശിക്ഷയും ഇരട്ടിയാകും. കാരണം വിശുദ്ധ മാസത്തിൽ വിശുദ്ധ ഭൂമിയിൽ വെച്ച് അല്ലാഹുവിന് ഒരാൾ ഇബാദത്ത് ചെയ്താൽ അതിനുള്ള പ്രതിഫലം ഹറാമല്ലാത്ത മാസത്തിൽ വിശുദ്ധ ഭൂമിയിൽ അല്ലാഹുവിന് വഴിപ്പെട്ടവന്റെ പ്രതിഫലമല്ല. അതുപോലെ ഹറാമല്ലാത്ത മാസം വിശുദ്ധ നാട്ടിൽ അല്ലാഹുവിന് വഴിപ്പെട്ടാൽ അവന് ഹറമല്ലാത്ത നാട്ടിൽ ഹറാമല്ലാത്ത മാസങ്ങളിൽ അല്ലാഹുവിന് ഇബാദത്ത് ചെയ്തവന്റെ പ്രതിഫലവുമല്ല (തഫ്സീർ ഖുർത്വുബി).
അല്ലാഹുവിന്റെ മാസം എന്ന വിശേഷണമാണ് നബി(സ്വ) മുഹർറത്തിനു നൽകിയിരിക്കുന്നത്. ‘അല്ലാഹുവിന്റെ’ എന്ന പ്രയോഗം അവൻ അതിനു നൽകിയ മഹത്ത്വത്തെ വ്യക്തമാക്കുന്നു. അതിൽ വലിയ സന്ദേശവുമടങ്ങിയിട്ടുണ്ട്. മുഹർറത്തിൽ നാഥനിഷ്ടമില്ലാത്തതൊന്നും ചെയ്യരുത്. നിർദേശിക്കപ്പെട്ടതും അവനിഷ്ടമുള്ളതും ചെയ്യുകയും വേണം. മുഹർറമിനെ പരിഗണിക്കാൻ, അതിന്റെ മഹത്ത്വങ്ങളിൽ പ്രധാനമായ ‘അല്ലാഹുവിന്റേത്’ എന്നതു തന്നെ ധാരാളം മതി.
അടിമകളിൽ നിന്നു നാഥന് ഇഷ്ടപ്പെട്ട സദ്കർമങ്ങളിൽ പ്രധാനപ്പെട്ട ഒന്നായ നോമ്പിന് കൂടുതൽ പറ്റിയ കാലമാണ് മുഹർറം. അതിന്റെ പവിത്രത സ്രഷ്ടാവ് നിശ്ചയിച്ചതും മാറ്റപ്പെടാത്തതുമാണ്. റമളാൻ കഴിഞ്ഞാൽ പിന്നെ നോമ്പിന് ഉത്തമമായ മാസവും മുഹർറം തന്നെ. ഇസ്ലാമിക സമൂഹത്തിന്റെയും പ്രവാചകന്മാരുടെയും ചരിത്രത്തിൽ വിജയങ്ങളുടെയും വിമോചനങ്ങളുടെയും ധാരാളം കഥകളുറങ്ങുന്ന ദിനമാണ് ആശൂറാഅ്. മുഹർറം മാസത്തിലെ പത്താം നാളാണ് ആശൂറാഅ് എന്നറിയപ്പെടുന്നത്. അല്ലാഹുവിന്റെ ദിനങ്ങളെന്ന ഗണത്തിൽ ഇതും ഉൾപ്പെടുന്നു.
മുഹർറം പത്തിലെ നോമ്പ് വളരെ പ്രധാനപ്പെട്ട സുന്നത്താണ്. മുൻവർഷത്തെ പാപം പരിഹരിക്കാൻ അതു കാരണമാകും. തിരുനബി(സ്വ) അത് വളരെ പ്രാധാന്യത്തോടെയാണ് പഠിപ്പിച്ചത്. സ്വഹാബികൾ അതീവ താൽപര്യത്തോടെ ഏറ്റെടുക്കുകയും ചെയ്തു. ‘ആശൂറാഅ് നാളിലെ നോമ്പ് മുൻവർഷത്തെ ദോഷങ്ങൾക്ക് പ്രായശ്ചിത്തമായി അല്ലാഹു സ്വീകരിക്കുമെന്നാണ് ഞാൻ കണക്കാക്കുന്നത്’ (അഹ്മദ്). ‘ജാഹിലിയ്യാ കാലത്ത് ഖുറൈശികൾ ആശൂറാഅ് നോമ്പനുഷ്ഠിച്ചിരുന്നു. നബി(സ്വ) മദീനയിൽ ചെന്നപ്പോൾ അവിടുന്ന് ആശൂറാഇൽ നോമ്പെടുക്കുകയും നോമ്പനുഷ്ഠിക്കാൻ കൽപിക്കുകയും ചെയ്തു. പിന്നീട് റമളാൻ നോമ്പ് നിർബന്ധമാക്കപ്പെട്ടപ്പോൾ ആശുറാഇന്റെ നിർദേശം ഒഴിവാക്കുകയായിരുന്നു. ഉദ്ദേശിക്കുന്നവർ നോൽക്കുകയും അല്ലാത്തവർ ഉപേക്ഷിക്കുകയും ചെയ്തു (മുസ്ലിം).
മദീനയിലെ ജൂതന്മാർ ആശൂറാഇന് നോമ്പെടുത്തിരുന്നത് സുവ്യക്തം. മൂസാ(അ)നെയും അനുയായികളെയും രക്ഷപ്പെടുത്തിയ ദിനമാണെന്നതിനാലായിരുന്നു അത്. പ്രവാചകർ ആശൂറാഇനൊപ്പം താസൂആഅ് (മുഹർറം 9)ദിനത്തിലും നോമ്പെടുക്കാൻ പ്രചോദനം നൽകുകയുണ്ടായി. തിരുനബി(സ്വ) വളരെ താൽപര്യത്തോടെയാണ് ആശൂറാഅ് നോമ്പനുഷ്ഠിച്ചത്. ഇബ്നു അബ്ബാസ്(റ) പറയുന്നു: ശ്രേഷ്ഠത ലഭിക്കണമെന്ന നിലയിൽ റമളാനും ആശൂറാഅ് ദിനവുമല്ലാത്ത ഒന്നിൽ നോമ്പനുഷ്ഠിക്കുന്നതിൽ നബിതങ്ങൾ കണിശത പാലിച്ചിരുന്നില്ല (ശറഹുസ്സുന്ന).
റസൂൽ(സ്വ) ആശൂറാഇലെ നോമ്പിന്റെ കാര്യം സ്വഹാബത്തിനെ പ്രത്യേകമായി ഉണർത്തിയിരുന്നു. സലമത് ബ്നു അക്വഅ്(റ) പറഞ്ഞു: നബി(സ്വ) പുതുതായി വിശ്വസിച്ച ഒരാളെ ജനങ്ങൾക്കിടയിൽ അയച്ച്, ആരെങ്കിലും ഭക്ഷണം കഴിച്ചിട്ടുണ്ടെങ്കിൽ പകലിന്റെ ബാക്കി സമയം നോമ്പനുഷ്ഠിക്കട്ടെ. ഭക്ഷിച്ചിട്ടില്ലെങ്കിൽ അവനും നോമ്പെടുക്കട്ടെ. കാരണം ഇന്ന് ആശൂറാഅ് ദിനമാണ് എന്നു വിളിച്ചു പറയിപ്പിച്ചിരുന്നു (മുസ്ലിം).
നബി(സ്വ)യുടെ അറിയിപ്പുകാരന്റെ വിളംബരം കേട്ടാൽ സ്വഹാബികൾ നോമ്പനുഷ്ഠിക്കുകയും തങ്ങളുടെ കുട്ടികളെക്കൊണ്ട് നോമ്പെടുപ്പിക്കുകയും ചെയ്യുമായിരുന്നു. റുബയ്യിഅ് ബിൻത് മുഅവ്വിദ്(റ) എന്ന സ്വഹാബി വനിത പറഞ്ഞു: അന്ന് ഞങ്ങൾ നോമ്പെടുക്കുകയും കുട്ടികളെ നോമ്പെടുപ്പിക്കുകയും ചെയ്യുമായിരുന്നു. കുട്ടികൾ ഭക്ഷണത്തിനായി കരയുമ്പോൾ ഈത്തപ്പനപ്പട്ട കൊണ്ടുണ്ടാക്കിയ കളിക്കോപ്പുകൾ നൽകി നോമ്പുതുറക്കുന്ന സമയം വരെ അവരെ ശാന്തരാക്കുകാണ് ചെയ്തിരുന്നത് (ശറഹുസ്സുന്ന).
മുഹർറം തന്നെ നോമ്പുകാലമാണ്. ആശൂറാഅ് നോമ്പ് പ്രത്യേകം സുന്നത്തും. അതിന് ചരിത്രപരമായ പ്രചോദനം ധാരാളമുണ്ട്. മുഹർറത്തിലെ ഒരു നോമ്പ് തന്നെ വളരെ പ്രതിഫലമുള്ളതാണ്. ഇബ്നു അബ്ബാസ്(റ) പറയുന്നു: നബി തങ്ങൾ അരുളി; അറഫാദിനം നോമ്പനുഷ്ഠിച്ചവന് അത് രണ്ട് വർഷങ്ങൾക്കുള്ള പ്രായശ്ചിത്തമായിത്തീരും. മുഹർറം മാസത്തിൽ ഒരു നാൾ നോമ്പനുഷ്ഠിച്ചാൽ ഓരോ ദിവസത്തിനും മുപ്പത് ദിനങ്ങളിലെ നോമ്പിന്റെ പ്രതിഫലം രേഖപ്പെടുത്തും (ത്വബ്റാനി).
പുതുവർഷാരംഭം തന്നെ അല്ലാഹുവിനിഷ്ടപ്പെട്ട സദ്കർമമായ നോമ്പു കൊണ്ടാകുന്നതിലെ ശുഭലക്ഷണം ചെറുതല്ല. റമളാൻ കഴിഞ്ഞാൽ പിന്നെ നോമ്പിന്റെ മാസം മുഹർറമാണ് എന്ന ഹദീസിൽ നിന്ന് ഇതു മനസ്സിലാക്കാനാകും. ഇമാം ഹാഫിളുൽ ഇറാഖി(റ)യെ ശിഷ്യനായ ഇബ്നു ഹജരിനിൽ അസ്ഖലാനി(റ) ഉദ്ധരിക്കുന്നു: അൽഹാഫിള് അബുൽ ഫള്ൽ ഞങ്ങൾക്കുപദേശം നൽകി; വിശുദ്ധ മാസത്തിൽ അല്ലാഹുവിന് നോമ്പനുഷ്ഠിച്ച് കൊണ്ട് നീ വർഷത്തെ സമാരംഭിക്കുക. മുഹർറം പത്തിനും നീ നോമ്പെടുക്കുക. കഴിഞ്ഞ ഒരു വർഷത്തെ പാപങ്ങൾക്ക് അത് പരിഹാരമാകുന്നതാണ് (അൽ അമാലിൽ മുത്വ്ലഖ).
നോമ്പല്ലാത്ത സദ്കർമങ്ങൾക്കും മുഹർറം മാസവും ആശൂറാഉം നല്ല അവസരങ്ങളാണ്. ദരിദ്രർ, അവശതയനുഭവിക്കുന്നവർ, സ്വന്തം കുടുംബങ്ങൾ, കുട്ടികൾ എന്നിവർക്കെല്ലാം ഗുണം ചെയ്ത് പുണ്യം നേടുക. അതിലൂടെ ഹിജ്റ വർഷാരംഭത്തിന്റെ സന്ദേശം പുതുതലമുറക്കു പകരുക. പടിഞ്ഞാറിന്റെ ന്യൂഇയർ സംസ്കാരം നമ്മുടെ മക്കളും സമുദായവും ആശ്ലേഷിക്കുന്നതിൽ നിന്ന് മോചിപ്പിക്കുക. പകരം മുസ്ലിമിന്റെ പുതുവർഷാരംഭമായ മുഹർറത്തിന്റെ പവിത്രത അവരിൽ ഊട്ടിയുറപ്പിക്കുക.