മുൻഗാമികളുടെ ആദർശപാത ശരിയോ, അതോ തെറ്റോ?! ഉത്തരം വളരെ ലളിതമാണ്. മുൻഗാമികൾ നല്ലവരാണെങ്കിൽ അവരുടെ ആദർശവും നല്ലത്. അവർ വഴി പിഴച്ചവരാണെങ്കിൽ അവരുടെ ആദർശവും പിഴവു തന്നെ. മാർഗ്ഗ ഭ്രംശം പിണഞ്ഞ പൂർവ പിതാക്കന്മാരുടെ വഴിയിൽ തന്നെ ചലിക്കണമെന്ന് നിർബന്ധം പിടിക്കുന്നത് ഒട്ടും ശരിയല്ല. ബുദ്ധിശക്തിയെ നിഷ്‌ക്രിയമാക്കി മുൻഗാമികളുടെ പൈശാചിക പാതയിൽ അന്ധഗമനം നടത്തുന്നത് ന്യായീകരിക്കാൻ തരമില്ല. അത്തരം നിലപാടിനെ വിശുദ്ധ ഖുർആൻ ശക്തിയുക്തം വിമർശിക്കുന്നുണ്ട്. ഏതാനും വചനങ്ങളിലെ രോഷം കാണുക: അല്ലാഹു അവതരിപ്പിച്ച സത്യസന്ദേശത്തെ നിങ്ങൾ പിന്തുടരുവിൻ എന്ന് അവരോട് നിർദേശിക്കപ്പെട്ടാൽ അവർ പ്രതികരിക്കുന്നു ഞങ്ങളുടെ പൂർവ പിതാക്കന്മാരുടെ വഴി ഞങ്ങൾ പിന്തുടരുന്നു. പിശാച് അവരെ കത്തുന്ന നരകശിക്ഷയിലേക്കാണ് ക്ഷണിക്കുന്നതെങ്കിലോ?! (സൂറത്തു ലുഖ്മാൻ 21). സൂറത്ത് മാഇദ നൂറ്റി നാലാം വചനം കാണുക:
അല്ലാഹു അവതരിപ്പിച്ചതിലേക്ക്, റസൂലിലേക്ക് നിങ്ങൾ അടുത്ത് വരൂ എന്ന് അവരോട് ആവശ്യപ്പെട്ടാൽ അവർ തിരിച്ചു പറയുന്നു; ഞങ്ങളുടെ പൂർവ പിതാക്കന്മാരുടെ നിലപാട് മാത്രമേ ഞങ്ങൾക്ക് വേണ്ടൂ. അവരുടെ പിതാക്കന്മാർ ഒന്നും അറിയാത്തവരും സന്മാർഗം അണയാത്തവരും ആണെങ്കിലോ?!. നീച കൃത്യങ്ങളെയും ഹീന ചെയ്തികളെയും പൂർവ പിതാക്കന്മാരുടെ പേരിൽ ന്യായീകരിക്കാൻ ശ്രമിക്കുന്നവരെ ഖുർആൻ തിരുത്തുന്നു. അവർ വല്ല നീച കൃത്യവും ചെയ്യുമ്പോൾ പറയുന്നു: ഞങ്ങളുടെ പൂർവ പിതാക്കന്മാർ അപ്രകാരം ചെയ്യുന്നത് ഞങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. അല്ലാഹു ഞങ്ങളോട് അത് കൽപിക്കുകയും ചെയ്തിട്ടുണ്ട്. താങ്കൾ വ്യക്തമാക്കുക, തീർച്ചയായും അല്ലാഹു നീചവൃത്തിയൊന്നും കൽപിക്കുന്നതല്ല. നിങ്ങൾ അല്ലാഹുവിന്റെമേൽ അറിയാത്ത കാര്യം ജൽപിക്കുകയാണോ (സൂറത്തുൽ അഅ്‌റാഫ് 28) കാലാകാലങ്ങളിൽ രംഗത്ത് വന്ന പ്രവാചകന്മാർക്കെല്ലാം പൂർവ പിതാക്കന്മാരുടെ പേര് പറഞ്ഞ് തിന്മയിൽ അഭിരമിക്കുന്നവരെ നേരിടേണ്ടി വന്നിട്ടുണ്ട്: ഖുർആൻ ചൂണ്ടിക്കാണിക്കുന്നു: ഞങ്ങളുടെ പൂർവ പിതാക്കന്മാരെ ഞങ്ങൾ ഒരു പാതയിൽ കണ്ടിട്ടുണ്ട്, ഞങ്ങൾ അവരുടെ പാദമുദ്രകൾ അനുഗമിക്കുന്നു എന്ന് നാട്ടിലെ സുഖലോലുപന്മാർ പറഞ്ഞിട്ടല്ലാതെ താങ്കൾക്ക് മുന്നേ ഒരു പ്രദേശത്തേക്കും നാം പ്രവാചകനെ നിയോഗിച്ചിട്ടില്ല (സൂറത്തുസ്സുഖ്‌റുഫ് 23).
സനാതന മൂല്യങ്ങളിൽ നിന്നു വ്യതിചലിച്ച പൂർവികരെ കുറിച്ചാണ് ഇവിടെയെല്ലാം ഖുർആൻ വിർശിക്കുന്നത്. എന്നാൽ ഇതിനൊരു മറുവശമുണ്ട്. നന്മയിലും സന്മാർഗത്തിലും അടിയുറച്ച് നിന്ന പൂർവ പിതാക്കന്മാരെ മാതൃകയാക്കുകയും അവരുടെ ആദർശപാത മുറുകെ പിടിക്കുകയും ചെയ്യൽ അനിവാര്യമാണ്. പ്രവാചകന്മാർ പോലും ആ നിലപാടാണ് സ്വീകരിച്ചത്. യൂസുഫ് നബി(അ)യുടെ പ്രഖ്യാപനം കേൾക്കുക: ഞാൻ എന്റെ പൂർവ പിതാക്കന്മാരുടെ ആദർശ പാതയാണ് പിന്തുടരുന്നത്. അഥവാ ഇബ്‌റാഹീം, ഇസ്ഹാഖ്, യഅ്ഖൂബ് എന്നിവരുടെ (സൂറത്ത് യൂസുഫ് 38). യഅ്ഖൂബ് നബി മരണാസന്നനായപ്പോൾ മക്കളെ വിളിച്ചു ചോദിച്ചു: എന്റെ കാലശേഷം നിങ്ങൾ ആരെയാണ് ആരാധിക്കുക?!. പ്രവാചകന്മാർ ഉൾപെടുന്ന അവിടുത്തെ മക്കൾ തങ്ങളുടെ ഉറച്ച നിലപാട് വ്യക്തമാക്കിയത് ഇങ്ങനെ: ഞങ്ങൾ ആരാധിക്കുന്നത് താങ്കളുടെ ആരാധ്യനെയാണ്, (അതായത്) താങ്കളുടെ പൂർവ പിതാക്കന്മാരായ ഇബ്‌റാഹീം, ഇസ്മാഈൽ, ഇസ്ഹാഖ് എന്നിവരുടെ ഏക ഇലാഹിനെയാണ്. ഞങ്ങൾ അവനെ അനുസരിക്കുന്നു (സൂറത്തുൽ ബഖറ 133). സജ്ജനങ്ങളായ പൂർവ പിതാക്കന്മാരെ അവഗണിക്കുകയോ അപമാനിക്കുകയോ ചെയ്യരുത്. സച്ചരിതരായ പൂർവ പിതാക്കന്മാരുടെ വിശുദ്ധ സരണിയിൽ നിന്ന് വ്യതിചലിക്കുന്നിടത്താണ് മാർഗഭ്രംശം തുടങ്ങുന്നത്. പൂർവ പിതാക്കന്മാരുടെ സത്യസരണിയിൽ നിന്ന് മാറി ചിന്തിച്ചതാണ് അജ്ഞാതകാലത്തെ അറബികൾ വഴിപിഴക്കാൻ കാരണം. അത് കൊണ്ടാണ് വിശുദ്ധ ഖുർആനും തിരുനബി(സ്വ)യും അറബികളെ അവരുടെ പൂർവ പിതാവിന്റെ വഴിയിലേക്ക് തിരിച്ചുവിളിച്ചത്. സൂറത്ത് ആലു ഇംറാൻ ഉദ്‌ബോധിപ്പിക്കുന്നു: നിങ്ങൾ വ്യതിയാനമുക്തരായി ഇബ്‌റാഹീം നബിയുടെ പാത പിന്തുടർന്നു കൊള്ളണം. അദ്ദേഹം ബഹുദൈവ വിശ്വാസികളിൽ പെട്ടയാളല്ല (ആലു ഇംറാൻ 95). നിങ്ങളുടെ പൂർവ പിതാവ് ഇബ്‌റാഹീം നബിയുടെ പാത നിങ്ങൾ മുറുകെ പിടിക്കുക (സൂറത്തുൽ ഹജ്ജ് 78). പക്ഷേ എന്തു കൊണ്ടോ വഴിതെറ്റിയ ആദർശവും പ്രസ്ഥാനവും ആകർഷകമായി തോന്നുന്നവർക്ക് പൂർവ പിതാക്കന്മാരുടെ ഋജുവായ ആദർശം ഉൾക്കൊള്ളാൻ കഴിയുന്നില്ല. എത്ര നല്ല പ്രമാണങ്ങളെയും അവഗണിക്കാൻ അവർക്ക് ഒരു മനസ്സാക്ഷിക്കുത്തും അനുഭവപ്പെടുന്നുമില്ല. ഖുർആൻ തന്നെ വ്യക്തമായി പറയുന്നു: അവർ മുഴുവൻ പ്രമാണങ്ങളും കണ്ടാൽ പോലും വിശ്വസിക്കില്ല. അങ്ങനെ താങ്കളോട് തർക്കിക്കാൻ വേണ്ടി വരുമ്പോൾ സത്യനിഷേധികൾ പറയുന്നു ഇത് മുൻഗാമികളുടെ അന്ധവിശ്വാസങ്ങൾ മാത്രമാണെന്ന് (സൂറത്തുൽ അൻആം 25).
സന്മാർഗ ചാരികളായ മുൻഗാമികളെയും പൂർവ പിതാക്കളെയും തള്ളിക്കളയുന്നവർ ഏറ്റവും ഹീനമായ ആദർശ ഭാണ്ഡമാണ് വഹിക്കേണ്ടി വരുന്നത് എന്ന് കൂടി വിശുദ്ധ ഖുർആൻ ഉണർത്തുന്നു. എന്താണ് നിങ്ങളുടെ നാഥൻ അവതരിപ്പിച്ചത് എന്ന് അവരോട് ചോദിക്കപ്പെട്ടാൽ അവർ പറയുന്നത് അത് മുൻഗാമികളുടെ അന്ധവിശ്വാസങ്ങളാണെ
ന്നത്രെ. അന്ത്യനാളിൽ അവരുടെ പൂർണമായ പാപങ്ങളും വിവരമറിയാതെ അവർ വഴിപിഴപ്പിച്ചവരുടെ പാപങ്ങളും വഹിക്കാൻ വേണ്ടിയാണത്. അറിഞ്ഞുകൊള്ളുക അവരുടെ ചുമട് അതി നീചമാണ് (സൂറത്തുന്നഹ്ൽ 24, 25).

സുലൈമാൻ മദനി ചുണ്ടേൽ

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ