നാലു റക്അത്തുള്ള നിസ്‌കാരം രണ്ടു റക്അത്തായി നിർവഹിക്കുന്നതിനെയാണ് സാങ്കേതികമായി ‘ഖസ്വ്ർ’ എന്നു വിളിക്കുന്നത്. ളുഹ്ർ, അസ്വർ എന്നീ രണ്ടു നിസ്‌കാരങ്ങളോ മഗ്‌രിബ്, ഇശാ എന്നിവയോ രണ്ടിലൊന്നിന്റെ സമയത്ത് ഒന്നിച്ചു നിർവഹിക്കുന്നതാണ് സംയുക്ത (ജംഅ്) നിസ്‌കാരം.
ദീർഘ യാത്രകളിൽ ജംഉ ചെയ്യാതെ തന്നെ ഖസ്വ്‌റും ഖസ്വ്‌റില്ലാതെ ജംഉം രണ്ടും ഒരുമിച്ചുമെല്ലാം ചെയ്യുന്നതിനു നിയമ തടസ്സമില്ല (ഫത്ഹുൽ അല്ലാം 3/99, ഹാശിയതു ശർഖാവീ 1/257).
ഇങ്ങനെ ചുരുക്കി നിസ്‌കരിക്കുന്നയാൾ പൂർത്തിയാക്കി നിസ്‌കരിക്കുന്നയാളെ തുടർന്നു നിസ്‌കരിക്കരുത്. അങ്ങനെ ചെയ്യുന്നപക്ഷം നിസ്‌കാരം അസാധുവാകും. എന്നാൽ ചുരുക്കി നിസ്‌കരിക്കുന്നയാളെ പൂർത്തിയാക്കി നിസ്‌കരിക്കുന്നവർക്കു തുടരുന്നതിന് നിയമ തടസ്സമില്ല.
ദീർഘ യാത്രക്കാരനായ ഇമാം ചുരുക്കിയാവും നിസ്‌കരിക്കുന്നതെന്നു ധരിച്ച് ഖസ്വ്‌റ് കരുതുകയും ഇമാം പൂർത്തിയാക്കുകയാണെന്നു ബോധ്യപ്പെടുകയും ചെയ്താൽ ഖസ്വ്‌റ് നിയ്യത്ത് ദുർബലപ്പെടുമെങ്കിലും നിസ്‌കാരം അസാധുവാകില്ല. പക്ഷേ മഅ്മൂമും പൂർത്തിയാക്കി തന്നെ നിസ്‌കരിക്കണം (മൗഹിബ 3/170).
ചുരുക്കി നിസ്‌കരിക്കുന്ന യാത്രികർ നിസ്‌കാരത്തിന്റെ പ്രാരംഭ തക്ബീറിൽ തന്നെ ഖസ്വ്ർ കരുതിയിരിക്കണം. നാലു ഘട്ടങ്ങളിൽ യാത്രയിൽ ഖസ്വ്ർ നിർബന്ധമാകും. ഒന്ന്: പിന്തിച്ച നിസ്‌കാരങ്ങൾ പൂർത്തിയാക്കി നിസ്‌കരിക്കുന്നപക്ഷം സമയം നഷ്ടപ്പെട്ടു ‘ഖളാ’ആകും വിധം സമയം വൈകുക. രണ്ട്: നിത്യ അശുദ്ധികൊണ്ടു പ്രയാസപ്പെടുന്നവർക്ക് രണ്ടു റക്അത്തായി ചുരുക്കുന്നപക്ഷം അശുദ്ധിയില്ലാതെ നിർവഹിക്കാൻ സാധിക്കുക. മൂന്ന്: വിസർജന ശങ്കയുള്ളയാൾ കാര്യം തീർത്തു ശുദ്ധി വരുത്തി വരുന്നപക്ഷം നിസ്‌കാരം ഖളാആവുകയും ചുരുക്കി നിർവഹിക്കുന്നപക്ഷം ശങ്കയോടെ തന്നെ സമയത്തു നിസ്‌കരിക്കാൻ കഴിയുക. നാല്: പൂർത്തിയാക്കി നിസ്‌കരിക്കുന്നപക്ഷം അറഫാ സംഗമം നഷ്ടപ്പെടുന്ന ഹജ്ജ് തീർത്ഥാടകൻ (തുഹ്ഫ 2/392-393 കാണുക).
നിസ്‌കരിച്ച ശേഷം
യാത്ര തടസ്സപ്പെട്ടാൽ
ആനുകൂല്യങ്ങൾ ലഭിക്കത്തക്ക ദീർഘ യാത്ര ആസൂത്രണം ചെയ്തിറങ്ങിയാൽ നാടിന്റെ പരിധി വിട്ടതു മുതൽ (ദൈർഘ്യം പിന്നിടും മുമ്പുതന്നെ) നിസ്‌കാരം ജംആയോ ഖസ്വ്‌റാക്കിയോ നിസ്‌കരിക്കാവുന്നതാണ് (ഫത്ഹുൽ അല്ലാം 3/103).
തദടിസ്ഥാനത്തിൽ നിസ്‌കാരം ചുരുക്കിയോ അല്ലാതെയോ നിർവഹിച്ച ശേഷം ഏതെങ്കിലും സാഹചര്യത്തിൽ യാത്ര ഒഴിവാക്കിയവർ നേരത്തെ നിർവഹിച്ച നിസ്‌കാരങ്ങൾ ആവർത്തിക്കേണ്ടതില്ലെന്നാണു നിയമം (മുഗ്‌നിൽ മുഹ്താജ് 1/524).
ഉദാഹരണമായി, ളുഹ്‌റ് നിസ്‌കാര സമയത്തു യാത്ര തുടങ്ങിയ ശേഷം ളുഹ്‌റിലേക്കു അസ്വറും ചേർത്തു രണ്ടും ഈരണ്ടു റക്അത്തുകളായി നിർവഹിച്ച ശേഷം യാത്ര അവസാനിപ്പിച്ചു തിരിച്ചു നാട്ടിലെത്തിയാൽ ളുഹ്‌റോ അസ്വർ ആഗതമായ ശേഷം അസ്വറോ വീണ്ടും നിർവഹിക്കേണ്ടതില്ല.
ദീർഘ യാത്രകളിൽ പൊതുവെ ജംആക്കി നിസ്‌കരിക്കുന്നതിനെക്കാൾ നല്ലത് അടിസ്ഥാന സമയത്തു തന്നെ നിർവഹിക്കുന്നതാണ്. എന്നാൽ ചില സാഹചര്യങ്ങളിൽ ജംആണ് ഉത്തമം. സഹയാത്രികർ മാതൃകയാക്കുന്ന വ്യക്തികൾ, ജംഅ് എന്ന മതാനുകൂല്യത്തോട് വിരക്തി തോന്നുന്നവർ എന്നിവർക്കു ജംഅ് അഭികാമ്യവും ജംഉം ഖസ്വ്‌റും ഒഴിവാക്കുന്നത് കറാഹത്തുമാണ്. ജംഇനെ കുറിച്ച് സഹയാത്രികർക്കു പരിചയപ്പെടുത്തുക, അതിന്റെ മതവിധികൾ പഠിപ്പിക്കുക എന്നിവയാണു മാതൃകാ വ്യക്തിത്വങ്ങൾക്കു ജംഅ് ഉത്തമമാകാൻ കാരണം (അൽഇംദാദ് 3/102, 3/159, അൽമവാഹിബുൽ മദനിയ്യ 3/154, 3/177).
ജംആക്കിയാൽ മാത്രം ജമാഅത്ത് ലഭിക്കുന്ന സാഹചര്യത്തിലും ജംആണ് അഭികാമ്യം (തുഹ്ഫ 2/394, അൽമവാഹിബുൽ മദനിയ്യ ശർഹു ബാഫള്ൽ സഹിതം 3/177).
പിന്തിച്ചുള്ള ജംഇനു മുമ്പ്
നാടണയാമോ?
പിന്തിച്ചു ജംആക്കുമ്പോൾ രണ്ടാമത്തെ നിസ്‌കാരം പൂർത്തിയായതിനു ശേഷം മാത്രം യാത്ര അവസാനിച്ചാലേ ആദ്യ നിസ്‌കാരം അദാആയി പരിഗണിക്കുകയുള്ളൂ. അല്ലാത്തപ്പോൾ ആദ്യ നിസ്‌കാരം ഖളാഇന്റെ പട്ടികയിലാണു വരിക. എന്നാൽ പിന്തിച്ചു ജംആക്കാൻ കരുതിയയാൾ യാത്ര അവസാനിക്കും മുമ്പായി നിസ്‌കരിച്ചു തീർക്കാതിരിക്കുന്നത് കുറ്റകരമല്ല. ഉദാഹരണമായി, ദീർഘ യാത്രയിൽ ളുഹ്ർ അസ്വറിലേക്കു പിന്തിച്ചു നിസ്‌കരിക്കാൻ കരുതിയ യാത്രികൻ വീട്ടിലെത്തിയ ശേഷം മാത്രം രണ്ടും നിസ്‌കരിക്കാൻ ആദ്യമേ ആസൂത്രണം ചെയ്തുപോയാൽ പോലും യാത്ര അവസാനിക്കും മുമ്പ് നിസ്‌കരിക്കാതിരിക്കുന്നത് കാരണം കുറ്റക്കാരനാകുന്നില്ല (അൽഫതാവൽ കുബ്‌റാ 1/124, 1/231 കാണുക).
ഉത്തമമേത്?
ആദ്യ നിസ്‌കാരം ആസന്നമായ വേളയിൽ മാത്രം വാഹനത്തിൽ നിന്നു പുറത്തിറങ്ങിയിരിക്കുന്നപക്ഷം മുൻകൂർ ജംആണ് അഭികാമ്യം. രണ്ടാമത്തെ നിസ്‌കാരത്തിന്റെ മാത്രം ആസന്ന വേളയിൽ പുറത്തിറങ്ങുന്നപക്ഷം പിന്തിച്ചുള്ള ജംആണു പഥ്യം. രണ്ടു സമയത്തും സഞ്ചരിച്ചു കൊണ്ടിരിക്കുകയോ പുറത്തിറങ്ങിയിരിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളിലെല്ലാം മുൻകൂർ ജംആണു അത്യുത്തമമെന്നാണ് ഇബ്‌നുഹജറിന്റെ (തുഹ്ഫ 2/394) പക്ഷം. എന്നാൽ ഈ രണ്ടു സാഹചര്യങ്ങളിലും പിന്തിക്കുന്നതാണ് പുണ്യകരമെന്ന് ഇമാം റംലി (നിഹായ 2/274) അഭിപ്രായപ്പെടുന്നു (ബുശ്‌റൽ കരീം പേ. 376, ഹാശിയതുൽ ബൈജൂരീ 1/414).
യാത്ര തീർന്നിട്ടും സമയമായില്ല!
ചുരുക്കിയോ അല്ലാതെയോ മുന്തിച്ചു നിസ്‌കരിച്ച ശേഷം ആദ്യ നിസ്‌കാരത്തിന്റെ സമയം അവസാനിക്കുന്നതിനു മുമ്പായി യാത്ര അവസാനിച്ചാൽ രണ്ടാമത്തെ നിസ്‌കാരം അതിന്റെ അടിസ്ഥാന സമയത്ത് ആവർത്തിക്കേണ്ടതില്ല. ഉദാഹരണമായി, ഒരാൾ ദീർഘ യാത്രയിലായിരിക്കെ ളുഹ്ർ ആസന്നമായപ്പോൾ ളുഹ്‌റിന്റെ കൂടെ അസ്വറും ചേർത്തു മുൻകൂറായി നിസ്‌കരിച്ച് അസ്വർ വാങ്കിനു മുമ്പ് വീടണഞ്ഞാൽ അസ്വറിന്റെ ബാധ്യത തീർന്നതിനാൽ വീണ്ടും നിർവഹിക്കേണ്ടതില്ല (തുഹ്ഫ 1/438).
യാത്രയൊടുങ്ങുന്ന സാഹചര്യങ്ങൾ
യാത്രക്കിടയിലോ ഒടുവിലോ തങ്ങാൻ ഉദ്ദേശ്യമില്ലെങ്കിൽ പോലും സ്വദേശത്ത് എത്തിപ്പെട്ടാൽ യാത്ര സാങ്കേതികമായി തടസ്സപ്പെട്ടതായി ഗണിക്കും. ഇനി തുടർന്നുള്ള യാത്ര ദീർഘമായാലേ ആനുകൂല്യങ്ങൾ ലഭിക്കൂ (തുഹ്ഫ 2/375, അൽമവാഹിബുൽ മദനിയ്യ ശർഹു ബാഫള്ൽ സഹിതം 3/161-163).
എന്നാൽ, യാത്ര തുടങ്ങിയത് സ്വദേശത്തു നിന്നല്ലാത്ത സാഹചര്യങ്ങളിൽ യാത്ര തുടങ്ങിയേടത്ത് തിരിച്ചെത്തുമ്പോൾ നാലു പൂർണ ദിവസത്തിലധികം അവിടെ താമസിക്കാൻ കരുതിയാൽ മാത്രമേ സാങ്കേതികമായി യാത്ര അവസാനിച്ചതായി കണക്കാക്കപ്പെടൂ. ഉദാഹരണമായി, ഒരാൾ ദിവസങ്ങളോ ആഴ്ചകളോ സാധാരണ തങ്ങുന്ന തന്റെ ജോലി സ്ഥലത്തുനിന്ന് ദീർഘയാത്ര പുറപ്പെട്ട് തിരിച്ചു ജോലിസ്ഥലത്തു മടങ്ങിയെത്തുമ്പോൾ അവിടെ നിന്ന് നാലു ദിവസത്തിനകം സ്വദേശത്തേക്കു പോകാൻ ആസൂത്രണം ചെയ്യുന്നു. എന്നാൽ സ്വന്തം നാടിന്റെ പരിധിയിലെത്തും വരെ യാത്രികന്റെ ഇളവുകളും ആനുകൂല്യങ്ങളും അയാൾക്ക് ബാധകമാണ് (തുഹ്ഫ 2/375, നിഹായ 2/254, അൽമവാഹിബുൽ മദനിയ്യ 3/163).
നാലു പൂർണ രാപ്പകലുകൾ ഒരിടത്തു താമസിക്കാൻ കരുതുന്നതോടെ യാത്ര അവസാനിച്ചതായി ഗണിക്കും. അതിൽ എത്തിപ്പെട്ട രാവ്/പകലുകൾ പുറപ്പെടുന്ന ദിവസത്തെ രാവ്/പകലുകൾക്കു പുറമെ നാലു ദിനരാത്രങ്ങൾ ഉണ്ടാവുകയാണ് വിവക്ഷ. അപ്പോൾ തിങ്കളാഴ്ച പകലിൽ ഒരിടത്ത് യാത്ര അവസാനിപ്പിച്ചാൽ അന്നത്തെ പകലൊഴിച്ച്, ചൊവ്വാഴ്ച രാവും പകലും മുതൽ വെള്ളിയാഴ്ച പകലു കഴിഞ്ഞ് സൂര്യനസ്തമിച്ചാൽ നാലു പൂർണ രാപ്പകലുകളായി.
തിങ്കളാഴ്ച പകൽ പിന്നിട്ടു ചൊവ്വാഴ്ച രാവിൽ ഒരിടത്തു തങ്ങാനുറച്ചാൽ ചൊവ്വാഴ്ച പകൽ മുതൽ വെള്ളിയാഴ്ച അസ്തമിച്ചു ശനിയാഴ്ച സൂര്യനുദിക്കുന്നതോടെ നാലു ദിവസം പിന്നിട്ടതായി കണക്കാക്കും (തുഹ്ഫ 2/377, മൗഹിബ ശർഹു ബാഫള്ൽ സഹിതം 3/164 കാണുക).
യാത്രക്കിടയിലെ മടക്കം
നിശ്ചിത സ്ഥലം ലക്ഷ്യമാക്കി യാത്ര തുടങ്ങി രണ്ടു മർഹല (132 കി.മീറ്റർ) പിന്നിട്ട ശേഷമോ അതിനു മുമ്പോ മനംമാറി യാത്രയവസാനിപ്പിച്ചു നാട്ടിലേക്കു തിരിക്കാൻ തീരുമാനിച്ചാൽ അവിടെ വെച്ചു യാത്ര സാങ്കേതികമായി അവസാനിച്ചതായും തിരിച്ചുപോക്കു പുതിയൊരു യാത്രയായി കണക്കാക്കുന്നതിനാലും ഇനിയങ്ങോട്ട് നാട്ടിലേക്കു രണ്ടു മർഹലയുണ്ടെങ്കിൽ മാത്രമേ മടക്കയാത്രയിൽ യാത്രികന്റെ ആനുകൂല്യങ്ങൾ അനുഭവിക്കാനാവൂ (തുഹ്ഫ, അൽമവാഹിബുൽ മദനിയ്യ 3/163, തർശീഹുൽ മുസ്തഫീദീൻ പേ.133).
യാത്രയുടെ ലക്ഷ്യസ്ഥാനത്തെത്തി അവിടെ നാലു പൂർണ ദിനങ്ങളിലധികം തങ്ങാൻ തീരുമാനിക്കാത്തപക്ഷം അവിടെ വെച്ചും തുടർന്നു നാടണയും വരെയും ഇളവുകളും ആനുകൂല്യങ്ങളും തുടരാവുന്നതാണ് (നിഹായ 2/254, മുഗ്‌നി 1/519).
യാത്രികന്റെ ദിക്കോ
വാഹനത്തിന്റ ദിശയോ?
യാത്രയിലെ ഐച്ഛിക നിസ്‌കാരങ്ങളിൽ കഴിയുന്നപക്ഷം തക്ബീറതുതഹർറും മാത്രം ഖിബ്‌ലക്കഭിമുഖമായും അല്ലാത്തവ യാത്രയുടെ ദിശയിലേക്കുമായി നിർവഹിക്കാൻ വകുപ്പുണ്ട്. വാഹനം സഞ്ചരിക്കുന്നതിനു എതിർ ദിശയിലേക്കോ വലത്/ഇടതു വശങ്ങളിലേക്കോ സീറ്റു ക്രമപ്പെടുത്തിയ വാഹനങ്ങളിൽ (ഉദാ: തീവണ്ടി, ജീപ്പ്) മുഖം മുന്നിട്ടു നിൽക്കുന്ന ദിശയാണു പരിഗണിക്കേണ്ടത് (ബുശ്‌റൽ കരീം പേ. 267, അൽമൻഹജുൽ ഖവീം പേ. 117).
ഇസ്മാഈൽ അഹ്‌സനി പുളിഞ്ഞാൽ