ഇസ്‌റാഈലുമായി നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കാൻ യുഎഇ ഒപ്പുവെച്ച കരാർ രാഷ്ട്രീയ ഭൂകമ്പം സൃഷ്ടിച്ചിരിക്കുകയാണ്. മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങൾ രണ്ടായി പിളർന്നിരിക്കുന്നു. ഈജിപ്തും ജോർദാനും ഇത്തരമൊരു കരാറിനെ പിന്തുണക്കുമ്പോൾ ഖത്വർ എതിർപ്പ് പ്രകടമാക്കിയിരിക്കുന്നു. ഇസ്‌റാഈലുമായി ബന്ധം തുടർന്നാൽ യുഎഇയുമായുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിക്കുമെന്നാണ് തുർക്കി ഭീഷണി മുഴക്കുന്നത്. സ്വാഭാവികമായും ഇറാൻ രൂക്ഷ പ്രതികരണവുമായി രംഗത്തുണ്ട്. യുനൈറ്റഡ് അറബ് എമിറേറ്റ്‌സ് മുസ്‌ലിം ലോകത്തെ ചതിച്ചിരിക്കുന്നു, ഇത് പൊറുക്കാനാകില്ലെന്നാണ് ഇറാൻ പരമോന്നത നേതാവ് അലി ഖാംനഈ തുറന്നടിച്ചത്. ഈ സഖ്യം അപകടകരമാണ്. ജൂതരാഷ്ട്രത്തിന്റെ ക്രൂരതകൾക്ക് മുഴുവൻ പച്ചക്കൊടി കാണിക്കുന്നതിന് തുല്യമാണിതെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു. യുഎഇ ഞങ്ങളെ പിന്നിൽ നിന്ന് കുത്തിയെന്നാണ് ഫലസ്തീൻ പ്രതികരിച്ചത്. സഊദി ഒരു മധ്യമ നിലപാട് എടുക്കുന്നുവെന്നാണ് വിലയിരുത്താനാവുക. ഇത്തരമൊരു കരാറിന് സമയമായില്ലെന്ന് പറയുന്നു സഊദി വിദേശകാര്യ മന്ത്രാലയം. സ്വതന്ത്ര ഫലസ്തീൻ സാധ്യമാകും വരെ ഇസ്‌റാഈലുമായി നയതന്ത്ര ബന്ധത്തിന് സഊദിയില്ലെന്നാണ് അവരുടെ നിലപാടിന്റെ കാതൽ. എന്നാൽ കഴിഞ്ഞ ദിവസം അറബ് മേഖലയിൽ പര്യടനത്തിയ ജെയേർഡ് കുഷ്‌നറും ഇസ്‌റാഈൽ പ്രതിനിധികളും സഞ്ചരിച്ച വിമാനത്തിന് ടെൽഅവീവിലേക്ക് പറക്കാൻ സഊദി തങ്ങളുടെ എയർ സ്‌പേസ് അനുവദിച്ചുവെന്നത് പ്രത്യേകം കാണണം. അത് ചെറിയ കാര്യമല്ല. സാമ്പത്തിക, സൈനിക രംഗത്ത് ഇസ്‌റാഈലുമായി സഊദി ചില നീക്കുപോക്കുകൾ നടത്തുന്നുവെന്ന ആരോപണം ശരിവെക്കുന്നതാണ് ഈ ആകാശപ്പറക്കൽ. അതുകൊണ്ട് തൽകാലം ഒരു കരാറിന് സന്നദ്ധമാകുന്നില്ലെങ്കിലും സഊദി ഭാവിയിൽ യുഎഇയുടെ വഴിയിലേക്ക് വരുമെന്ന് തന്നെയാണ് കാണേണ്ടത്.
ട്രംപിന്റെ മരുമകനാണ് ജയേർഡ് കുഷ്‌നർ. ജൂതനാണ്. വൈറ്റ്ഹൗസിലെ പ്രധാന ഉപദേഷ്ടാവ്. വിദേശകാര്യ ബന്ധങ്ങളിൽ ട്രംപ് ഭരണകൂടം എങ്ങോട്ട് ചലിക്കണമെന്ന് നിശ്ചയിക്കുന്നത് ഈ മരുമകനാണ്. യുഎസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ ആണ് യുഎഇ-ഇസ്‌റാഈൽ കരാറിന് അസ്തിവാരമിട്ടതെങ്കിൽ അതിന് കോൺക്രീറ്റ് ബെൽറ്റ് വാർത്ത് ദൃഢപ്പെടുത്താൻ ഇറങ്ങിയിരിക്കുന്നത് കുഷ്‌നറാണ്. അദ്ദേഹം അറബ് പ്രമുഖരെ ഓരോരുത്തരെയും കണ്ട് യുഎഇയുടെ വഴിയിലേക്ക് ക്ഷണിക്കുന്ന തിരക്കിലാണ്. ബഹ്‌റൈനിൽ ചെന്നു. സഊദിയിൽ ചെന്നു. ഖത്വറും ഒമാനുമൊക്കെ ലിസ്റ്റിലുണ്ട്. സഊദിയിലെ സൽമാൻ രാജകുമാരനുമായി കുഷ്‌നർ നടത്തിയ ചർച്ച ഏറെ ഫലപ്രദമായിരുന്നുവെന്നാണ് വൈറ്റ്ഹൗസ് ട്വീറ്റ് ചെയ്തത്. ഫലസ്തീൻ വിഷയത്തിൽ സമാധാനപരമായ പരിഹാരമുണ്ടാക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് സൽമാൻ വാർത്താ കുറിപ്പിറക്കുകയും ചെയ്തു. കൂടുതൽ അറബ് രാജ്യങ്ങൾ ഇസ്‌റാഈലുമായി കരാറിലേർപ്പെടുമോ എന്ന ചോദ്യത്തിന് ‘പ്രതീക്ഷയോടെ കാത്തിരിക്കൂ’ എന്നായിരുന്നു കുഷ്‌നറുടെ മറുപടി. അറബ് മേഖലയിലെ അമേരിക്കൻ നാവിക ആസ്ഥാനം സ്ഥിതി ചെയ്യുന്ന ബഹ്‌റൈൻ എക്കാലത്തും യുഎസ് പറയുന്നതിന് അപ്പുറം നിന്നിട്ടില്ല. അറബ് മേഖലയുടെയും മുസ്‌ലിം സമൂഹത്തിന്റെയും താൽപര്യങ്ങൾ സംരക്ഷിക്കാൻ എമിറേറ്റ്‌സ് എന്നും മുന്നിലുണ്ടായിരുന്നുവെന്ന് ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസാ അൽ ഖലീഫ, കുഷ്‌നറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പറയുന്നതിന്റെ അർത്ഥവും മറ്റൊന്നല്ല.
ഏതായാലും യുഎഇ മുന്നോട്ട് തന്നെയാണ്. ഇസ്‌റാഈലുമായി പൂർണ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന് പിറകേ സാമ്പത്തിക സഹകരണ ഉടമ്പടിയിലും അവർ ഒപ്പിട്ടിരിക്കുകയാണ്. ഫൈനാൻഷ്യൽ കോ ഓപറേഷൻ ജോയിന്റ് കമ്മിറ്റിയും ഉണ്ടാക്കി. ചരിത്രത്തിലാദ്യമായി ഇസ്‌റാഈലി വാണിജ്യ വിമാനം അബൂദബിയിൽ ഇറങ്ങി. ഖാംനഈയുടെ ശാപവാക്കുകളോട് യുഎഇ വിദേശകാര്യ വക്താവ് ജമാൽ അൽമുശാറക് നടത്തിയ പ്രതികരണത്തിൽ ആ രാജ്യത്തിന്റെ നിലപാട് പൂർണമായി അടങ്ങിയിട്ടുണ്ട്: ‘സമാധാനത്തിലേക്കും സമൃദ്ധിയിലേക്കുമുള്ള പാത അതിവൈകാരികതയും വിദ്വേഷവുമല്ല.’ അകറ്റിനിർത്തലിന്റെയും തൊട്ടുകൂടായ്മയുടെയും കാലം കഴിഞ്ഞുവെന്നും പരസ്പരാശ്രിത ലോകത്ത് പരമാവധി സഹകരിച്ചു കൊണ്ട് സ്വന്തം താൽപര്യങ്ങൾ നേടിയെടുക്കുകയാണ് വേണ്ടതെന്നുമുള്ള തത്ത്വമാണ് യുഎഇ മുന്നോട്ട് വെക്കുന്നത്. ഈ ആശയം നടപ്പാക്കാനുള്ള സ്വാതന്ത്ര്യം ഒരു പരമാധികാര രാജ്യമെന്ന നിലയിൽ യുഎഇക്കുണ്ട്. ഫലസ്തീൻ രാഷ്ട്രം എക്കാലത്തേക്കും അസാധ്യമാക്കുമായിരുന്ന വെസ്റ്റ്ബാങ്ക് അധിനിവേശം ജൂതരാഷ്ട്രം നിർത്തിവെച്ചത് തങ്ങളുടെ പുതിയ നയത്തിന്റെ ആദ്യ ഗുണഫലമാണെന്ന് യുഎഇ അവകാശപ്പെടുന്നു. മേഖലയിലെ ശക്തമായ രാജ്യമെന്ന നിലയിൽ ഇസ്‌റഈലിനോട് ദീർഘകാലം ശത്രുതാപരമായ ബന്ധം സാധ്യമല്ല. അന്താരാഷ്ട്ര യാഥാർത്ഥ്യം കാണണം. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുക്കണം. പെട്രോ വിഭവത്തെ മാത്രം ആസ്പദമാക്കി മുന്നോട്ട് പോകാനാകില്ല. വൈവിധ്യവൽകരണത്തിലേക്ക് നീങ്ങിയേതീരൂ. ഫലസ്തീൻ രാഷ്ട്രത്തിനായുള്ള ഏത് ശ്രമവും ചർച്ചയുടെ വഴിയിലൂടെ മാത്രമേ വിജയം കാണുകയുള്ളൂ എന്നും യുഎഇ വിശദീകരിക്കുന്നു.
ആത്യന്തികമായി, യുഎഇ ഇപ്പോഴെടുത്ത നിലപാടിനെ ‘രാഷ്ട്രീയം’ എന്നതിനേക്കാൾ സാമ്പത്തികം എന്ന് വിലയിരുത്തുന്നതാകും ശരി. അറബ് ഭരണാധികാരികൾ പരസ്യമായി സമ്മതിക്കില്ലെങ്കിലും ചില ആഭ്യന്തര യാഥാർത്ഥ്യങ്ങൾ അവരെ ഇത്തരം എടുത്തുചാട്ടങ്ങൾക്ക് പ്രേരിപ്പിക്കുന്നുവെന്നും വിലയിരുത്താം. സഊദിയടക്കമുള്ള മിക്ക അറബ് രാജ്യങ്ങളിലും ആഭ്യന്തര വിമത പ്രതിസന്ധികളുണ്ട്. അതിൽ പലതും ശിയാ രാഷ്ട്രീയത്തിന്റെ ഉപോൽപന്നങ്ങളാണ്. രാജകുടുംബത്തിൽ തന്നെ അഭിപ്രായ ഭിന്നതകളുണ്ട്. മേഖലാപരമായ വടംവലികൾ വേറെയുമുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് ഇസ്‌റാഈലിനെ പോലെയുള്ള സൈനിക, സാങ്കേതിക ശക്തി കൂടെയുണ്ടാകണമെന്ന നിലപാടിലേക്ക് അവർ എത്തിച്ചേരുന്നത്.
യുഎഇ-ഇസ്‌റാഈൽ കരാറിന്റെ ഭാവി ഗുണഫലങ്ങൾ എന്തായിരിക്കുമെന്നത് പ്രവചനാതീതമാണ്. എന്നാൽ ഇതിന്റെ വർത്തമാനകാല ഗുണഭോക്താക്കൾ ആരായിരിക്കുമെന്ന് മനസ്സിലാക്കാൻ വലിയ ഗവേഷണത്തിന്റെ ആവശ്യമൊന്നുമില്ല. ആദ്യത്തെ ഗുണം കിട്ടാൻ പോകുന്നത് ഇസ്‌റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് തന്നെയാണ്. അദ്ദേഹം അവിടെ കടുത്ത അധികാര പ്രതിസന്ധിയിലാണ്. രാഷ്ട്രീയ എതിരാളികളായ ബ്ലാക്ക് ആൻഡ് വൈറ്റ് പാർട്ടിയുമായി സഖ്യമുണ്ടാക്കി ഭരണം സംരക്ഷിക്കേണ്ട ഗതികേട് ഒരു ഭാഗത്ത്. ആവശ്യത്തിന് അംഗബലമില്ല എന്നത് തന്നെയാണ് പ്രശ്‌നം. കോവിഡ് വ്യാപനം മറുഭാഗത്ത്. മൂന്ന് അഴിമതിക്കേസുകളിലാണ് അദ്ദേഹം വിചാരണ നേരിടുന്നത്. രാജ്യത്താകെ പ്രക്ഷോഭം ശക്തിയാർജിക്കുകയാണ്. നെതന്യാഹു രാജിവെക്കാതെ തെരുവുകൾ അടങ്ങില്ലെന്ന് പ്രക്ഷോഭകാരികൾ പ്രഖ്യാപിക്കുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക വസതി വളഞ്ഞ സമരക്കാരെ പോലീസ് ക്രൂരമായി മർദിച്ചിട്ടും പിൻമാറാൻ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ യുഎഇയുമായുള്ള കരാർ ആഘോഷിക്കുകയാണ് സർക്കാർ. ഹാരത്സ് അടക്കമുള്ള പത്രങ്ങൾ നെതന്യാഹുവിന്റെ വലിയ നേട്ടമായാണ് കരാറിനെ കൊണ്ടാടുന്നത്. ഇത് അദ്ദേഹത്തിന് നൽകുന്ന ആശ്വാസം ചില്ലറയല്ല.
ഈ കരാറിന്റെ മറ്റൊരു ഗുണഭോക്താവ് ഡൊണാൾഡ് ട്രംപാണ്. രണ്ടാമൂഴത്തിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അമേരിക്ക കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ്. ലോകത്ത് ഏറ്റവും വേഗത്തിൽ ചുരുങ്ങുന്ന സമ്പദ്‌വ്യവസ്ഥയാണ് അമേരിക്ക. ട്രംപ് ഭരണകൂടത്തിന്റെ എല്ലാ അഹങ്കാരങ്ങളെയും തകർത്തെറിഞ്ഞാണല്ലോ കോവിഡ് പടർന്നു പിടിച്ചത്. നാട്ടിലെ പരാജയങ്ങൾ മറച്ചു പിടിക്കാൻ വിദേശത്ത് ഒരു വിജയത്തിന് ട്രംപ് വല്ലാതെ കൊതിച്ചിരുന്നു. ഇറാനെതിരെ ഉപരോധം കൊണ്ടുവരാനുള്ള പ്രമേയം യുഎൻ രക്ഷാസമിതിയിൽ എട്ട്‌നിലക്ക് പൊട്ടി. സ്വന്തം അടുപ്പക്കാർ പോലും പിന്തുണച്ചില്ല. ഉത്തര കൊറിയയിൽ പോയി ചരിത്രം കുറിച്ചെങ്കിലും കിം ജോംഗ് ഉൻ എന്ന കിറുക്കനായ പയ്യനെ താൻ വിചാരിച്ചിടത്ത് നിർത്താൻ ട്രംപിന് സാധിച്ചിട്ടില്ല. ചൈനയുമായുള്ള വടംവലിയിൽ ഒരിഞ്ച് മുന്നേറാനായില്ല. അഫ്ഗാനിൽ താലിബാന് മുന്നിൽ ഓച്ചാനിച്ച് നിന്നിട്ടും രക്ഷയുണ്ടായില്ല. ഇങ്ങനെ സമ്പൂർണ പരാജയത്തിന്റെ പ്രതീകമായി നിൽക്കുമ്പോൾ കിട്ടിയ കച്ചിത്തുരുമ്പാണ് യുഎഇ കരാർ. അത് സ്വർണഹാരമാക്കി മാറ്റാൻ ട്രംപ് ഫാൻസ് മുഴുവൻ ഇറങ്ങി പുറപ്പെട്ടിരിക്കുകയാണ്. കൂടുതൽ അറബ് രാജ്യങ്ങളെ ഈ വഴിയിലേക്ക് കൊണ്ടുവരാൻ മരുമകനെ ഇറക്കിയിരിക്കുന്നത് ആഘോഷം ഒന്ന് കൊഴുപ്പിച്ചെടുക്കാനാണ്.
മൂന്ന് ചോദ്യങ്ങൾ
യുഎഇക്ക് അതിന്റെ നയം രൂപപ്പെടുത്താനുള്ള പരമാധികാരമുണ്ടെന്നും അത്തരം സ്വയം നിർണയങ്ങളാണ് വേണ്ടതെന്നും ന്യായീകരിക്കുമ്പോഴും മൂന്ന് ചോദ്യങ്ങളെ മുൻനിർത്തി മാത്രമേ ഈ കരാറിന്റെ നൈതികത വിലയിരുത്താനാകൂ. ഒന്നാമത്തെ ചോദ്യം: ഈ കരാർ ജിസിസി രാജ്യങ്ങൾക്കിടയിലും അറബ് ലീഗിലും എന്ത് ആഘാതമുണ്ടാക്കും എന്നതാണ്. ഖത്വറുമായുള്ള അഭിപ്രായഭിന്നതയും യമൻ വിഷയവുമൊക്കെ അറബ് രാജ്യങ്ങളിലുണ്ടാക്കിയ പിളർപ്പ് വലുതായിരുന്നുവല്ലോ. ആ മുറിവുകൾ ഒന്നും ഉണങ്ങിയിട്ടില്ല. ഖത്വറിനെതിരെ മാരകമായ ഉപരോധത്തിലേക്കെത്തിച്ച സംഭവവികാസങ്ങളിൽ അമേരിക്കക്കുള്ള പങ്ക് വ്യക്തമായിരുന്നു. ഇന്ന് അമേരിക്കൻ മാധ്യസ്ഥ്യത്തിൽ ഇസ്‌റാഈലുമായി അടുക്കുമ്പോൾ അത് മറ്റ് നിരവധി അകൽച്ചകൾക്ക് കാരണമാകുമോ എന്നാണ് പേടിക്കേണ്ടത്. മൂന്ന് കാര്യങ്ങളാണ് ഉപരോധത്തിന് കാരണമായി സഊദിയുടെ നേതൃത്വത്തിലുള്ള ചതുർരാഷ്ട്ര സംഘം പ്രധാനമായും മുന്നോട്ട് വെച്ചിരുന്നത്. ബ്രദർഹുഡ് അടക്കമുള്ള തീവ്രവാദി വിഭാഗങ്ങളോട് ഖത്വർ ബന്ധം പുലർത്തുന്നു. അൽജസീറ ചാനൽ ഇതിനായി ഉപയോഗിക്കുന്നു. ഇറാനുമായി ഗൂഢമായ കൈകോർക്കൽ നടക്കുന്നുണ്ട്. ജിസിസി പ്രമേയങ്ങൾ ഖത്വർ ലംഘിക്കുന്നു എന്നിവയായിരുന്നു അവ. മേഖലയെ അസ്ഥിരപ്പെടുത്താൻ ഖത്വർ ശ്രമിക്കുന്നുവെന്ന് ചുരുക്കം. കര, നാവിക, വ്യോമ അതിർത്തികൾ അടച്ചു. ഖത്വറുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചു. നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിച്ചു. അൽജസീറ സംപ്രേഷണം അവസാനിപ്പിക്കണം, ദോഹയിലെ തുർക്കി സൈനിക താവളം അടച്ചുപൂട്ടണം തുടങ്ങിയ 13 ഇന നിർദേശങ്ങൾ പിന്നീട് പുറപ്പെടുവിക്കുകയും ചെയ്തു സഊദി സഖ്യം. ഉപരോധം അവസാനിപ്പിക്കാൻ ബ്രിട്ടനും ജർമനിയും മറ്റും ഇടപെട്ടതിന്റെ പിറകേയാണ് ഈ 13 ഇന നിർദേശം വന്നത്. അത് പ്രശ്‌നം കൂടുതൽ സങ്കീർണമാക്കുകയാണ് ചെയ്തത്.
തുർക്കിയുമായും ഇറാനുമായും ശക്തമായ ബന്ധം സ്ഥാപിക്കുന്ന ഖത്വറിനെയാണ് പിന്നെ കണ്ടത്. തുർക്കിയുമായുള്ള ബന്ധം പരസ്യവും പ്രഖ്യാപിതവുമായിരുന്നുവെങ്കിൽ ഇറാനോടുള്ളത് തുടക്കത്തിൽ ഗോപ്യമായിരുന്നു. സഹായത്തിന്റെ രാഷ്ട്രീയം കളിക്കാൻ തന്നെയായിരുന്നു ഇറാന്റെ തീരുമാനം. അതവർക്ക് വലിയ ആനന്ദം പകരുന്നതായിരുന്നു. ഇറാന് പങ്കുണ്ടെങ്കിലും മുറിവ് ആഴത്തിലുള്ളതാക്കിയത് ഡൊണാൾഡ് ട്രംപിന്റെ നിലപാടുകളാണ്. ഉപരോധ പ്രഖ്യാപനത്തിന് തൊട്ടു പിറകേ റിയാദിലെത്തിയ ട്രംപ് ട്വീറ്റ് ചെയ്തത് ഇങ്ങനെയായിരുന്നു: ‘ഞാൻ സഊദി സുഹൃത്തുക്കളോട് ഭീകരവാദത്തെ കുറിച്ച് ആരാഞ്ഞു. അവർ ഖത്വറിലേക്ക് വിരൽചൂണ്ടി’. കൃത്യമായി സഊദിപക്ഷം പിടിക്കുകയാണ് ട്രംപ് ചെയ്തത്. ഖത്വർ എപ്പിസോഡിലെ അനുഭവം എന്താണ് പഠിപ്പിക്കുന്നത്? അമേരിക്ക നിഷ്‌കളങ്കമായി ഒന്നും ചെയ്യുന്നില്ല എന്ന് തന്നെ.
രണ്ടാമത്തെ ചോദ്യം: ഇസ്‌റാഈലിനെ എത്രമാത്രം വിശ്വസിക്കാം? ഇസ്‌റാഈലും യുഎസും പറയുന്ന ദ്വിരാഷ്ട്ര പരിഹാരം എത്രമാത്രം ഫലസ്തീൻ അനുകൂലമാണ്? ഇസ്‌റാഈൽ രൂപവത്കരണത്തിന് ശേഷമുള്ള സംഭവവികാസങ്ങളെ ഫലസ്തീൻ കാഴ്ചപ്പാടിൽ നിന്ന് കാണുന്നതിന് പകരം മധ്യപൗരസ്ത്യ ദേശത്തിന്റെയും അറബ് ലോകത്തിന്റെയും പൊതുവായ വീക്ഷണകോണിൽ നിന്നാണ് കാണേണ്ടത്. കാരണം, ഇസ്‌റാഈലിന്റെ അതിർത്തി വ്യാപന സ്വപ്നങ്ങളിൽ ഫലസ്തീനും ലബനാനും മാത്രമല്ല ഉള്ളത് എന്നത് തന്നെയാണ്. അത് ഈജിപ്തും ജോർദാനും ഇറാനും ഇറാഖും സിറിയയും അറബ് മേഖലയൊന്നാകെയും ഉൾപ്പെടുന്ന ഒന്നാണ്. സയണിസ്റ്റ് സ്‌നേക്ക് എന്ന് വിളിക്കപ്പെടുന്ന ഈ സ്വപ്ന അതിർത്തി പെട്ടെന്ന് നോക്കുമ്പോൾ അസംബന്ധമാണെന്ന് തോന്നാമെങ്കിലും സയണിസ്റ്റ് രാഷ്ട്രീയത്തിന് അത് ഗൗരവതരമായ ലക്ഷ്യം തന്നെയാണെന്നോർക്കണം. രാഷ്ട്രമില്ലാത്ത ജനതക്ക് ജനതയില്ലാത്ത രാഷ്ട്രമെന്ന നുണ ആവർത്തിച്ച് ടെൽഅവീവ് തലസ്ഥാനമായി ഇസ്‌റാഈൽ രാഷ്ട്രം അടിച്ചേൽപ്പിക്കാൻ സാധിച്ചുവെങ്കിൽ കൃത്യമായ പ്രതിരോധത്തിന്റെ അഭാവത്തിൽ ജൂതരാഷ്ട്രത്തിന് എങ്ങോട്ടു വേണമെങ്കിലും അതിക്രമിച്ച് കയറാമെന്ന് തന്നെ വിലയിരുത്തേണ്ടിവരും. 1967ലെ ആറ് ദിന യുദ്ധം ഇതിന് തെളിവാണല്ലോ. വെറും 132 മണിക്കൂറിനുള്ളിൽ സിറിയയിൽ നിന്ന് ജൂലാൻ കുന്നുകളും ജോർദാനിൽ നിന്ന് വെസ്റ്റ്ബാങ്കും കിഴക്കൻ ജറൂസലമും ഈജിപ്തിൽ നിന്ന് ഗാസയും സിനായിയും ജൂതരാഷ്ട്രം പിടിച്ചടക്കിയത് അന്നാണല്ലോ.
നിർദിഷ്ട ഫലസ്തീൻ രാഷ്ട്രത്തിന്റെ തലസ്ഥാനമാകേണ്ട കിഴക്കൻ ജറൂസലമടക്കം അന്ന് ഇസ്‌റാഈൽ നടത്തിയ അധിനിവേശത്തെ എല്ലാ അന്താരാഷ്ട്ര സമിതികളും കഴിഞ്ഞ അര നൂറ്റാണ്ടിലധികമായി തള്ളിപ്പറയുകയാണ്. ഒരു കാര്യവുമില്ല. ജൂതരാഷ്ട്രത്തെ നിലക്ക് നിർത്താൻ ആർക്കും സാധിക്കുന്നില്ല. ബരാക് ഒബാമയുടെ ഒന്നാമൂഴത്തിൽ അദ്ദേഹം നടത്തിയ അറബ് യാത്രക്കിടെ 1967ന് മുമ്പുള്ള അതിർത്തിയിൽ ദ്വിരാഷ്ട്ര പരിഹാരം വേണമെന്ന് പറഞ്ഞതിനെ ജൂത ലോബി കൈകാര്യം ചെയ്തത് മാത്രം നോക്കിയാൽ മതി ഇത് വ്യക്തമാകാൻ. ഒബാമ 1967 എന്ന് ഉച്ചരിച്ചത് മഹാപാതകമായാണ് അവതരിപ്പിക്കപ്പെട്ടത്. അമേരിക്ക ചരിത്രപരമായി ജൂതരാഷ്ട്രത്തിന് നൽകിവരുന്ന പിന്തുണയിൽ നിന്ന് ഒബാമ പിന്നോട്ട് പോയെന്ന് പ്രചാരണമുണ്ടായി. ഒബാമക്ക് ആ പ്രസ്താവന ആവർത്തിക്കാൻ സാധിച്ചില്ല. അത്രമേൽ 1967നെ ജൂതസംഘം പ്രധാനമായി കാണുന്നു. ഇനി ഏത് കരാർ വന്നാലും ഈ അതിർത്തിയിൽ നിന്ന് പിന്നോട്ട് പോകാൻ ഇസ്‌റാഈൽ തയ്യാറാകുമെന്ന് കരുതേണ്ടതില്ല. അൽഅഖ്‌സക്ക് മേലുള്ള അവകാശവാദം അംഗീകരിക്കുകയുമില്ല. അറബ് രാജ്യങ്ങൾ ഇസ്‌റാഈലുമായി നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കി ജൂതകൊട്ടാരങ്ങളിൽ വിരുന്നുണ്ണുമ്പോൾ ഫലസ്തീനികൾക്ക് കിട്ടുന്നത് എന്ത് എന്നതാണ് ചോദ്യം. ഇസ്‌റാഈൽ കാലങ്ങളായി വളച്ചുകെട്ടിയ മണ്ണിൽ നിന്ന് ഒരടി പിൻമാറാതെ എച്ചിൽ ബാക്കി കൊണ്ട് തൃപ്തിപ്പെടാനാണ് ഫലസ്തീന്റെ വിധിയെങ്കിൽ ലോകത്തെ മുഴുവൻ മനുഷ്യ സ്‌നേഹികളും അറബികളെ ചതിയൻമാരെന്ന് വിളിക്കും.
അടുത്ത ചോദ്യം: ഈ കരാർ എത്രമാത്രം വംശീയമാണ്? ഇറാനെ പേടിച്ചാണോ ഇസ്‌റാഈലുമായി കൈകോർക്കുന്നത്? പൊതുശത്രുവിനെതിരെ കൈകോർക്കുന്നുവെന്നാണല്ലോ നെതന്യാഹു ഈ കരാറിനെ വിശേഷിപ്പിച്ചത്. ഇതേ വികാരമാണ് യുഎഇക്കുമുള്ളതെങ്കിൽ ശിയാക്കളുടെ ‘കുത്തിത്തിരിപ്പ് രാഷ്ട്രീയ’ത്തിൽ നിന്ന് എന്ത് വ്യത്യാസമാണ് അറബ് രാഷ്ട്രങ്ങൾക്കുള്ളത്? ഫലസ്തീൻ അടക്കമുള്ള വിഷയങ്ങളിൽ വൈകാരികത കടത്തിവിട്ട് നേട്ടം കൊയ്യുന്ന തീവ്രവാദ ഗ്രൂപ്പുകൾക്കും അപകടകരമായ ശിഥിലീകരണ രാഷ്ട്രീയം കളിക്കുന്ന അമേരിക്കൻ ചേരിക്കും ചുട്ട മറുപടിയൊരുക്കണം. അതിന് നിരുപാധിക ഐക്യത്തിലേക്ക് മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങൾ ഉണരുകയാണ് വേണ്ടത്. ഖിലാഫത്ത് കാലം മുന്നോട്ട് വെച്ച ആ പ്രവാചകാനുയായി ബോധം സാധ്യമായാൽ ഏത് കരാറും തങ്ങൾക്ക് അനുകൂലമായി മാറ്റാനുള്ള വിലപേശൽ ശേഷി കൈവരും. എല്ലാ ഉടമ്പടികളും കരുത്തന്റെ താൽപര്യത്തിലാണ് എഴുതപ്പെട്ടിട്ടുള്ളത്. ദുർബലൻ അതിൽ ഒപ്പു ചാർത്തുന്നുവെന്നേയുള്ളൂ.
പിൻകുറി: യുഎസിൽ നിന്ന് എഫ് 35 ജെറ്റുകൾ വാങ്ങാനുള്ള കരാറിൽ യുഎഇ ഒപ്പുവെച്ചിട്ടുണ്ട്. എന്ത് വില കൊടുത്തും ഇത് തടയുമെന്നാണ് നെതന്യാഹു പറയുന്നത്. ഈ തർക്കം മുറുകിയാൽ ഇസ്‌റാഈൽ-യുഎഇ നയതന്ത്ര ഉടമ്പടി ചാപിള്ളയാകും. ഇക്കാര്യത്തിൽ അമേരിക്ക എന്ത് നിലപാടെടുക്കുമെന്ന് കാത്തിരുന്ന് കാണാം.
മുസ്തഫ പി എറയ്ക്കൽ