പഠനത്തോടൊപ്പം പ്രാധാന്യമര്‍ഹിക്കുന്നതാണ് പാഠനവും. എന്നു വെച്ചാല്‍ പഠിപ്പിക്കല്‍ അതായത് പ്രബോധനം ചെയ്യല്‍. ഇതറിയാത്തവരല്ല നാമാരും. ഓരോരുത്തരും അവരുടേതായ രീതിയില്‍ ഇത് നിര്‍വഹിക്കുന്നുമുണ്ട്. എന്നാലും എന്തൊക്കെയോ പന്തികേട് മുഴച്ചു നില്‍ക്കുന്നില്ലേ?
ഈയിടെ ഒരു കോളനി സന്ദര്‍ശിച്ചു. ഭൂരിപക്ഷവും മുസ്ലിംകള് താമസിക്കുന്നത്. അവിടെ ബന്ധങ്ങള്‍ക്ക് വിലക്കില്ല. എല്ലാവരും “സ്വന്ത’ക്കാര്. ഒരു യുവതി ആദ്യം ഹിന്ദുമതത്തിലേക്ക് മാറി ആ മതത്തെ മനസ്സിലാക്കിയോ ഇസ്ലാമില്‍ എന്തെങ്കിലും തകരാറു കണ്ടോ ഒന്നുമല്ല. മറിച്ച് വല വീശിപ്പിടിച്ച ചെക്കന്റെ “ആരോഗ്യം’ തിരിച്ചറിഞ്ഞ് മാത്രം. പിന്നീട് അവര്‍ രണ്ടുപേരും ഒന്നിച്ച് ക്രിസ്ത്യാനികളായി. ഈ മാറ്റത്തിന് അരിയും പയറുമാണ് കാരണമായത്. ഇപ്പോള്‍ ക്രിസ്ത്യാനി സംഘത്തിലെ തന്നെ മറ്റൊരു വിഭാഗത്തിലേക്ക് ഇവര്‍ കൂടുമാറിയിരിക്കുന്നു. ഇനിയെന്തൊക്കെ കുഴിയിലാണ് ചെന്നുപെടുകയെന്നറിയാന് താല്പര്യമുള്ളവര് കാത്തിരിക്കുക. മറ്റൊരു പെണ്‍കുട്ടിയെ നല്ല നിലയില്‍ കെട്ടിച്ചയച്ചു. കുറച്ചുകാലം ഭര്‍ത്താവിനോടൊപ്പം ജീവിച്ച് അവള് അദ്ദേഹത്തിന്റെ ബന്ധുവായ യുവാവിനൊപ്പം തിരിച്ചുവന്നു. ഇപ്പോള്‍ അവര്‍ തമ്മില്‍ ഭാര്യാ ഭര്ത്തൃകളിയഭിനയിക്കുന്നു!. ഒരു അന്യ സംസ്ഥാനക്കാരന് ആദ്യമൊരു മുസ്ലിമിനെകെട്ടി. പിന്നെ ഒരു കൃസ്ത്യാനിയെയും ഇപ്പോള്‍ രണ്ടുരാജ്ഞികള്ക്കൊപ്പം സസുഖം വാഴുന്നു. ഇങ്ങനെയൊക്കെ കേള്‍ക്കുമ്പോള്‍ ഇതെന്തായാലും അന്ത്യയാമത്തിലേക്കടുത്തിട്ടും സുന്നത്തുകല്ല്യാണം കഴിക്കാത്ത മുസ്ലിംകളുള്ള ആസാമിലെയൊ അതുമല്ലെങ്കില്‍ പിതാവിന്റെ മയ്യിത്ത് ദഹിപ്പിച്ചു കളയുന്ന പഞ്ചാബീ മുസ്ലിംകളുടെയോ അവസ്ഥയായിരിക്കുമെന്നു തെറ്റിദ്ധരിക്കാന്‍ വരട്ടെ. അല്ലെങ്കില്‍ “യേശുദേവന് ഈ വീടിന്റെ ഐശ്വര്യം’ എന്ന ബോര്‍ഡുവെച്ച തെക്കുഭാഗത്തെ മുസ്ലിമിന്റെയോ, “എന്തും പറയാം, പക്ഷേ ഗുരുജിയുടെ ഫോട്ടോ, എടുത്തുമാറ്റാന്‍ മാത്രം പറയരുത്’ എന്ന് ദയനീയമായര്ത്ഥിച്ച ശ്രീ ശ്രീ രവിശങ്കറിനെ പൂജിക്കുന്ന കോട്ടയത്തുകാരന്റെയോ അവസ്ഥയാണെന്നും വിചാരിക്കരുത്. അതുമല്ലെങ്കില്‍ ഇസ്ലാം കേട്ടു കേള്‍വിയായ കിളിമലക്കാരുടെ, പണിയായുധങ്ങള്‍ അമ്പലത്തില്‍ വെച്ച് പൂജിച്ചെടുക്കുന്നവരുടെ…. അല്ല അല്ല, ഈ കോളനി നമ്മുടെ ഹൃദയഭാഗത്താണുള്ളത്. മുസ്ലിം സംഘടനകളുടെ ആധിക്യം കൊണ്ടും സംഘട്ടനങ്ങള്‍ കൊണ്ടും വീര്‍പ്പുമുട്ടുന്ന മലപ്പുറം ജില്ലയില്‍ പെടുന്നു ഈ ഇരുണ്ട ഭാഗം. എന്തുകൊണ്ടിതിങ്ങനെ എന്ന് മനസ്സറിഞ്ഞ് കരയാനെങ്കിലുമായില്ലെങ്കില് നാമൊക്കെ എന്തു പ്രബോധകര്‍?
ദാരിദ്ര്യമാണ് വലിയൊരു വില്ലന്‍. അത് ചൂഷണം ചെയ്തു മതത്തിലാളെ കൂട്ടുകയാണ് കര്‍ത്താവിന്റെ മണവാട്ടികളും പുരോഹിതന്മാരും. ഫ്രാന്‍സിസ് മാര്‍പ്പാപ്പ മതം ആര്‍ക്കും അടിച്ചേല്‍പ്പിക്കരുതെന്ന് പരസ്യമായി പറഞ്ഞ് ജനകീയത അഭിനയിക്കുമ്പോള്‍ ദാരിദ്ര്യം, രോഗം, പ്രകൃതി ദുരന്തങ്ങള്‍ വരെ അതിനുള്ള ചീഞ്ഞളിഞ്ഞ വളമാക്കുകയാണ് കീഴ് ജീവനക്കാര്‍. പ്രേമമാണ് ഇതിനായുപയോഗിക്കുന്ന മറ്റൊരു ബ്രഹ്മാസ്ത്രം, ലൗജിഹാദ് വരുന്നെന്നു പറഞ്ഞ് കാടും നാടും ഭാരതമൊട്ടുക്കും തീ പരത്താനൊരുങ്ങുമ്പോള് തന്നെയും ആയിരക്കണക്കിന് മുസ്ലിം പെണ്‍കുട്ടികളെ തണ്ടും തടിയും കാണിച്ച് മതം മാറ്റുന്ന പ്രേമക്കുരുക്ഷേത്രയുദ്ധം തകൃതിയായി നടക്കുന്നു. അവസാനം കറിവേപ്പിലയുടെ പരിഗണനപോലും നല്‍കാതെ മര്‍ദിച്ച്, മാനം കളഞ്ഞ് ഉപേക്ഷിക്കപ്പെടുകയാണ് ഇതില്‍ മിക്ക പേരും. അമൃത ചാനലില്‍ ചെന്ന് കണ്ണീരൊലിപ്പിച്ച് പ്രേമക്കുരുക്ഷേത്ര യുദ്ധത്തിന്റെ ഭീകരത വിളിച്ചുപറഞ്ഞ ശ്വേതയെ ഓര്‍ക്കുക. ദീന് വേണ്ടവിധം മനസ്സിലാക്കുകയും ആത്മാര്‍ത്ഥതയോടെ ദീനീ പ്രവര്‍ത്തനം നടത്തുകയുമാണ് വേണ്ടത്.
വിശുദ്ധമതത്തെ കേട്ടു കേള്‍വിയില്‍ നിന്ന് മനസ്സകങ്ങളില്‍ കുടിയിരുത്താനായാല് ഇത്തരം ദു:ഖ വാര്‍ത്തകള്‍ കേട്ടു കേള്വികളായിത്തീരും. അതിന് ഉപരിപ്ലവങ്ങളായ പ്രവര്‍ത്തന ഗോഷ്ടികളല്ല വേണ്ടത്. മറിച്ച് ഹൃദയം തൊട്ടുള്ള ദഅ്വത്താണ് ആവശ്യം. അല്ലെങ്കില്‍ കുരിശു പരക്കുന്ന മുസ്ലിം വീടുകള്‍ ഇനിയും കാണേണ്ടിവരും. അതിനെ കുറിച്ചൊക്കെ നാം “ഒറിജിനല്‍ മുസ്ലിംകള്’ ചോദ്യം ചെയ്യപ്പെടുകയും ചെയ്യും!.