നിസ്‌കാരത്തിൽ ആദ്യ റക്അത്തുകളിലാണല്ലോ സൂറത്ത് ഓതൽ സുന്നത്തുള്ളത്. എന്നാൽ മൂന്നും നാലും റക്അത്തുകളിൽ സൂറത്ത് ഓതാമോ. അതിന്റെ വിധിയെന്താണ്?
മുഹമ്മദലി വെട്ടിച്ചിറ

മൂന്നും നാലും റക്അത്തുകളിൽ സൂറത്ത് ഓതൽ സുന്നത്തില്ല. അനുവദനീയമാണ്. ഹറാമോ കറാഹത്തോ ഇല്ല. ഓതണം എന്നില്ല എന്നേയുള്ളൂ, ഓതരുതെന്നില്ല.
ഇമാം ഇബ്‌നു ഹജർ(റ) എഴുതി: മൂന്നും നാലും റക്അത്തുകളിൽ സൂറത്ത് ഓതൽ കറാഹത്താണെന്ന അഭിപ്രായം പ്രബലമല്ല. അവയിൽ സൂറത്ത് ഓതൽ സുന്നത്തില്ലെന്നും എന്നാൽ അത് സുന്നത്തിന് വിരുദ്ധമോ ഖിലാഫുൽ ഔലയോ അല്ലെന്നുമാണ് പ്രബലം (ശറഹുബാഫള്ൽ).
എന്നാൽ ഇമാമിന്റെ മൂന്നും നാലും റക്അത്തുകൾ മാത്രം ഇമാമിനൊപ്പം ലഭിക്കുകയും അവയിൽ ഫാതിഹ ഓതുകയും സൂറത്തിന് സമയം കിട്ടാതിരിക്കുകയും ചെയ്ത മസ്ബൂഖുകൾ ഇമാമിന്റെ സലാമിന് ശേഷം അവരുടെ മൂന്നും നാലും റക്അത്തുകൾ നിസ്‌കരിക്കുമ്പോൾ അവയിൽ സൂറത്ത് ഓതൽ സുന്നത്ത് തന്നെയാണ് (ഫത്ഹുൽ മുഈൻ 61).
മൂന്നും നാലും റക്അത്തുകളിൽ ഇമാമിന് മുമ്പ് മഅ്മൂമിന്റെ ഫാതിഹ പൂർത്തിയായാൽ അവന് ദുആഅ്/ഖുർആൻ പാരായണം ചെയ്യൽ സുന്നത്തുണ്ട്. ഖുർആൻ പാരായണമാണ് ഏറ്റവും നല്ലത് (ഫത്ഹുൽ മുഈൻ പേ. 62).

വക്കാലത്താക്കിയ പിതാവ്
നികാഹ് ചെയ്യൽ

മകളെ നികാഹ് ചെയ്തുകൊടുക്കാൻ ഒരാളെ വക്കാലത്ത് ഏൽപിച്ചു. പിതാവിന് എത്തച്ചേരാൻ കഴിയില്ലെന്ന് കരുതിയാണ് വകാലത്ത് ഏൽപിച്ചത്. പക്ഷേ പിന്നീട് ആ പിതാവ് നികാഹിന് എത്തിച്ചേരുകയുണ്ടായി. എങ്കിൽ ആരാണ് നികാഹ് ചെയ്തുകൊടുക്കേണ്ടത്. പിതാവോ ഏൽപിക്കപ്പെട്ടയാളോ?
സൂപ്പിക്കുട്ടി തിരൂരങ്ങാടി

പിതാവ് തന്നെ നികാഹ് ചെയ്തുകൊടുക്കാവുന്നതാണ്. വക്കാലത്ത് ഏൽപിച്ചുവെന്നതോ ഏൽപിക്കപ്പെട്ടവൻ സ്ഥലത്തുണ്ടെന്നതോ പിതാവ് നികാഹ് ചെയ്തുകൊടുക്കുന്നതിന് തടസ്സമല്ല.
വക്കാലത്തിൽ നിന്ന് പിന്മാറിയിട്ടില്ലെങ്കിൽ വക്കാലത്ത് ഏൽപിക്കപ്പെട്ടവൻ ചെയ്തുകൊടുത്താലും നികാഹ് ശരിയാവുന്നതാണ്. വക്കാലത്ത് ഏൽപിച്ചവൻ സ്ഥലത്തുണ്ടെന്നത് പ്രശ്‌നമല്ല.

ഒന്നിലധികം മയ്യിത്തുകൾ
വെക്കേണ്ടതെങ്ങനെ?

ഹാജറുള്ള ഒന്നിലധികം മയ്യിത്തുകളുടെ മേൽ ഒന്നിച്ച് ജനാസ നിസ്‌കാരം നിർവഹിക്കുമ്പോൾ എങ്ങനെയാണ് മയ്യിത്തുകളെ വെക്കേണ്ടത്. ഒന്നിനപ്പുറത്ത് മറ്റൊന്ന് എന്ന നിലയിലാണോ, തെക്കു-വടക്കായി നീളത്തിൽ ലൈനായാണോ വെക്കേണ്ടത്? വിശദീകരിച്ചാലും.
അബ്ദുല്ല ദാരിമി കോഴിക്കോട്

തെക്കു-വടക്കായി നീളത്തിൽ ലൈനായി വെക്കുകയല്ല, ഇമാമിന്റെ മുന്നിൽ ഒരു മയ്യിത്ത്, അതിനപ്പുറത്ത് മറ്റൊന്ന് എന്നിങ്ങനെ ഖിബ്‌ലയുടെ ഭാഗത്തേക്ക് ഒന്നിനപ്പുറം മറ്റൊന്ന് എന്ന നിലയിൽ വെക്കുകയാണ് വേണ്ടത് (തുഹ്ഫ 3/157, നിഹായ 2/492).

സഹോദര മക്കളിലെ അവകാശികൾ

മരണപ്പെട്ട വ്യക്തിയുടെ സഹോദരന്റെയും സഹോദരിയുടെയും മക്കളാണ് അവകാശികളായി ഉള്ളത്. ഇവരിൽ ആൺമക്കൾക്കും പെൺമക്കൾക്കും അവകാശമുണ്ടോ. അതോ ആൺമക്കൾക്ക് മാത്രമാണോ?
അബ്ദുല്ലത്വീഫ് കന്മനം

ചോദ്യത്തിൽ പറയപ്പെട്ട രൂപത്തിൽ സഹോദരന്റെ ആൺമക്കൾക്ക് മാത്രമാണ് അവകാശമുള്ളത്. സഹോദരന്റെ പെൺമക്കൾക്ക് അവകാശമില്ല. അപ്രകാരം തന്നെ സഹോദരിയുടെ ആൺമക്കൾക്കും പെൺമക്കൾക്കും അവകാശമില്ല. അവരെല്ലാം ദവുൽ അർഹാം എന്ന പൊതുകുടുംബത്തിൽ പെട്ടവരാണ്. പ്രത്യേക അവകാശികളിൽ ഉൾപെടുന്നവരല്ല (ഫത്ഹുൽ മുഈൻ).

ഖളായ നോമ്പും മുദ്ദും

23 വയസ്സ് മുതലാണ് ഞാൻ നോമ്പെടുക്കാനാരംഭിച്ചത്. അതുവരെ നോറ്റിരുന്നില്ല. 15ാം വയസ്സിൽ പ്രായപൂർത്തി കണക്കാക്കിയാൽ 8 വർഷത്തെ നോമ്പ് ഖളാആയിട്ടുണ്ട്. ഇത് എങ്ങനെയാണ് നിർവഹിക്കേണ്ടത്. മുദ്ദ് എത്ര വീതം നൽകണം. ഓരോ നോമ്പിന് ഓരോ മുദ്ദ് വീതം നൽകിയാൽ മതിയാകുമോ. അതോ ഓരോ വർഷത്തിനും ഓരോ മുദ്ദ് എന്ന നിലയിൽ ആദ്യവർഷത്തിന് 8, രണ്ടാം വർഷത്തിന് 7 എന്ന വിധത്തിൽ നൽകേണ്ടതുണ്ടോ?
എംഎസ് മാട്ടുമ്മൽ

ഒരു നോമ്പിന് ഒരു മുദ്ദ് എന്ന നിലയിൽ നൽകിയാൽ മതിയാവുകയില്ല. ഒരു നോമ്പ് ഒരു വർഷം പിന്തിച്ചതിന് ഒരു മുദ്ദ് എന്ന വിധത്തിൽ നൽകേണ്ടതാണ്. അപ്പോൾ ഒരു നോമ്പ് ഖളാഅ് വീട്ടാതെ 8 വർഷം പിന്തിച്ചിട്ടുണ്ടെങ്കിൽ ആ ഒരു നോമ്പിന് തന്നെ 8 മുദ്ദുകൾ നൽകേണ്ടതാണ്. അപ്രകാരം ഓരോ നോമ്പും എത്ര വർഷം ഖളാഅ് വീട്ടാതെ പിന്തിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കി ഒരു നോമ്പ് ഒരു വർഷം പിന്തിച്ചതിന് ഒരു മുദ്ദ് എന്ന തോതിൽ മുദ്ദുകൾ നൽകുകയും നോമ്പുകൾ ഖളാഅ് വീട്ടുകയും വേണം. നിർബന്ധമായിത്തീർന്ന നോമ്പുകളെല്ലാം നോറ്റുവീട്ടി എന്ന് ഉറപ്പിക്കാവുന്ന വിധത്തിൽ പരമാവധി എണ്ണം കണക്കാക്കി നോമ്പുകൾ നോറ്റു വീട്ടേണ്ടതാണ്.

ഇടവിട്ടുവരുന്ന മെൻസസ്

ഒരു സ്ത്രീക്ക് നാലു ദിവസം ആർത്തവമുണ്ടായി. പിന്നെ ഒരാഴ്ച ശുദ്ധിയായിരുന്നു. ആർത്തവം നിന്നിട്ടുണ്ടെന്ന ധാരണയിൽ അവൾ നിസ്‌കരിക്കുകയും നോമ്പെടുക്കുകയും ചെയ്തു. എന്നാൽ ഒരാഴ്ചക്ക് ശേഷം വീണ്ടും രക്തം കണ്ടു. അവൾ എന്തു ചെയ്യണം. ഇത് രോഗരക്തമാണെന്നു കരുതാമോ. അതോ ഹൈളാണോ. ശുദ്ധിയുള്ള ഒരാഴ്ചക്കാലത്തെ നിസ്‌കാരത്തിന്റെ പേരിൽ മെൻസസ് സമയത്ത് നിസ്‌കരിച്ചതിന്റെ കുറ്റമുണ്ടാകുമോ. ആ സമയത്ത് എടുത്ത നോമ്പുകൾ വീണ്ടും അനുഷ്ഠിക്കേണ്ടതുണ്ടോ? വിശദമായ മറുപടി പ്രതീക്ഷിക്കുന്നു.
റുക്‌സാന ഖലീൽ ചെറിയമുണ്ടം

ഇടവിട്ടുകൊണ്ട് രക്തം വന്നാൽ പലപ്പോഴായി രക്തം വന്ന സമയങ്ങൾ മാത്രം കൂട്ടിയാൽ 24 മണിക്കൂറിൽ കുറയാതിരിക്കുകയും രക്തം വന്ന സമയങ്ങളും ഇടവേളകളും ഒന്നിച്ച് 15 ദിവസത്തിൽ കൂടാതിരിക്കുകയും ചെയ്താൽ രക്തം വന്ന സമയങ്ങളും ആ സമയങ്ങൾക്കിടയിൽ രക്തം വരാത്ത ഇടവേളകളും എല്ലാം ആർത്തവ സമയമായി പരിഗണിക്കുന്നതാണ് (തുഹ്ഫ1/412).
4 ദിവസങ്ങൾക്കു ശേഷം രക്തം നിന്നപ്പോൾ ആർത്തവ സമയം അവസാനിച്ചിട്ടുണ്ടെന്ന് കരുതി നിസ്‌കാരവും നോമ്പും നിർവഹിച്ചതിൽ കുറ്റമില്ല. ആർത്തവം അവസാനിച്ചുവെന്ന ധാരണയിലാണല്ലോ അവ നിർവഹിച്ചത്. എന്നാൽ ഒരാഴ്ചക്കു ശേഷം വീണ്ടും രക്തം വരികയും മൊത്തം 15 ദിവസങ്ങൾക്കപ്പുറം പോയിട്ടുമില്ലെങ്കിൽ ആദ്യവും അവസാനവും രക്തം വന്ന സമയങ്ങളും അവക്കിടയിൽ രക്തം വരാതിരുന്ന ഇടവേളകളുമെല്ലാം ആർത്തവ സമയമാണെന്ന് വ്യക്തമായിരിക്കുന്നു. അപ്പോൾ ആ നോമ്പുകൾ ഖളാഅ് വീട്ടേണ്ടതാണെന്ന് മനസ്സിലാക്കാവുന്നതാണ്.

ചെറുശ്ശോല അബ്ദുൽ ജലീൽ സഖാഫി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ