ഒളിച്ചുവെക്കേണ്ട നിധിയാണ് രഹസ്യങ്ങൾ. രഹസ്യങ്ങൾക്ക് വലിയ പരിരക്ഷയാണ് ഇസ്‌ലാം കൽപിച്ചിട്ടുള്ളത്. ‘ഒരാൾ മറ്റൊരാളോട് ഒരു കാര്യം പറയുകയും പിന്നീട് ഇടത്തോട്ടോ വലത്തോട്ടോ തിരിഞ്ഞു നോക്കുകയും ചെയ്താൽ അതൊരു രഹസ്യമായെന്നും സൂക്ഷിച്ച് വെക്കപ്പെടേണ്ടതാണെന്നും’ തിരുനബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. തിരിഞ്ഞു നോക്കുന്നത് ആരും അത് കേൾക്കരുതെന്ന ജാഗ്രതയുടെ ഭാഗമാണെന്നും ആരോടും പറയരുതേ എന്നു പറയുന്നില്ലെങ്കിൽ പോലും ഇതൊരു രഹസ്യമായി കണക്കാക്കി കാത്തുകൊള്ളണമെന്നാണ് സാഹചര്യത്തിൽ നിന്ന് വായിച്ചെടുക്കേണ്ടതെന്നും പ്രസ്തുത ഹദീസിന്റെ വിശദീകരണത്തിൽ ഇമാമുമാർ വ്യക്തമാക്കുന്നു.
എന്നാൽ ആരോടും പറയരുതെന്ന ആമുഖത്തോടെ കൈമാറിയ വിഷയങ്ങൾ പോലും വെള്ളം ചേർത്തും അല്ലാതെയും പരസ്യപ്പെടുത്തുന്ന ഒരു കാലത്ത് വിശ്വാസ്യതയുടെ വേരറുക്കുകയാണ് സ്വകാര്യങ്ങൾ അനധികൃതമായി പ്രചരിപ്പിക്കുന്നവർ ചെയ്യുന്നത്. റബ്ബിന്റെ അനുഗ്രഹം ഉയർത്തപ്പെടാൻ വഴിയൊരുക്കുന്ന ദുഷ്‌ചെയ്തിയാണിത്. ഇഹത്തിലും പരത്തിലും വലിയ കഷ്ടതകളാണ് ഇത്തരക്കാർ നേരിടേണ്ടി വരിക. വ്യക്തികൾ തമ്മിൽ മാത്രമല്ല, കുടുംബങ്ങളും സമൂഹങ്ങളും രാഷ്ട്രങ്ങൾ തമ്മിൽപോലും നിലനിൽക്കുന്ന ബന്ധങ്ങളും സൗഹൃദങ്ങളും തകരാനും അതിൽ വിള്ളൽ സംഭവിക്കാനും ഈ പ്രവണത വഴിയൊരുക്കും.
മറ്റുള്ളവരുടെ രഹസ്യങ്ങളിലേക്ക് എത്തിനോക്കുന്നതും അത് പുറത്തെടുത്ത് ആഘോഷമാക്കുന്നതും ഗുരുതരമായ വീഴ്ചതന്നെയാണ്. അടച്ചിട്ട റൂമിലേക്കും വീടകങ്ങളിലേക്കും എത്തിനോക്കുന്നതും ഈ ഗണത്തിൽ തന്നെയാണ് ഉൾപ്പെടുക. വീടകങ്ങളിൽ അവിടെ താമസിക്കുന്നവർക്ക് സുരക്ഷിതത്വമുണ്ട്. അത് തകർക്കുന്ന നോട്ടം പോലും കുറ്റകരമാണ്. ദാമ്പത്യജീവിതത്തിലെ രഹസ്യങ്ങൾ വെളിപ്പെടുത്തുകയും കൊട്ടിപ്പാടുകയും ചെയ്യുന്നവരുണ്ട്. അല്ലാഹുവിന്റെയടുക്കൽ അവർക്ക് ഏറ്റവും മോശമായ ഇടമാണുള്ളതെന്നാണ് തിരുനബി(സ്വ) മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
രഹസ്യങ്ങൾ സ്വകാര്യങ്ങൾ തന്നെയാണ്. അങ്ങനെ ആവുന്നതിൽ സാമൂഹികവും ധാർമികവുമായ അനിവാര്യതകളുണ്ട്. എല്ലാം എല്ലാവരും അറിയണമെന്നും പരസ്യമാക്കണമെന്നും ആഗ്രഹിക്കുന്നത് നല്ല വിചാരമോ യുക്തിസഹമോ അല്ല.
സദസ്സുകളിൽ ചിലത് പൊതുസ്വഭാവമുള്ളതാണെങ്കിൽ മറ്റു ചിലത് രഹസ്യ സ്വഭാവമുള്ളതായിരിക്കും. പൊതുവായി ചർച്ച ചെയ്യുന്നതിൽ ഗുണമില്ല എന്നത് തന്നെയാകും രഹസ്യ ചർച്ചകളുടെ ന്യായം. അത്തരം ഇടങ്ങളിലെ വാർത്തകളും വർത്തമാനങ്ങളും പുറത്തുവിടുന്നതിൽ സമൂഹത്തിന് പ്രത്യേക ഗുണങ്ങളുണ്ടാവാനിടയില്ല. ഈ തിരിച്ചറിവാണ് സാമൂഹ്യബോധമുള്ളവർക്കുണ്ടാകേണ്ടത്. മറ്റുള്ളവരെ ബാധിക്കുന്നതും അവരുടെ ജീവിതവഴി മുടക്കുന്ന തരത്തിലുള്ളതുമായ രഹസ്യങ്ങൾ ചോർത്തുന്നതും പരസ്യപ്പെടുത്തുന്നതും വലിയ തെറ്റാണെന്ന് പറഞ്ഞല്ലോ. എന്നാൽ വിവാഹാലോചന പോലുള്ള അനിവാര്യ ഘട്ടങ്ങളിൽ ഇണകളെ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി ചതിയിലകപ്പെടാതിരിക്കാൻ സത്യമായവ പറയേണ്ടി വരും. അത്തരം ഘട്ടങ്ങളിൽ പോലും ഇതിലൂടെ ഒരു സാമൂഹിക ബാധ്യത നിറവേറ്റുക എന്നതിനപ്പുറം അവരുടെ രഹസ്യങ്ങളിലേക്ക് എത്തിനോക്കുന്ന സ്ഥിതി പാടില്ല. ആരുടെയും രഹസ്യങ്ങൾ പരസ്യമാക്കാതിരിക്കാനും അവരുടെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കാതിരിക്കാനും നാം സദാ ശ്രദ്ധിക്കണം. സോഷ്യൽ മീഡിയ വ്യാപകമായ ഇക്കാലത്ത് ഒരാളുടെ രഹസ്യങ്ങളും അയാൾ മറച്ചുവെക്കുന്നതും പൊതു ഇടങ്ങളിൽ എത്തിക്കാൻ അനുനിമിഷങ്ങൾ കൊണ്ടു സാധിക്കും. തികഞ്ഞ ജാഗ്രതയോടെയും കാര്യബോധത്തോടെയും പക്വതയോടെയും സമീപിച്ചെങ്കിൽ മാത്രമേ നാം മാന്യതയുള്ളവരാവൂ. എല്ലാറ്റിലുമുപരി അല്ലാഹുവിൽ വിശ്വസിക്കുന്ന നല്ലൊരു അടിമയാകൂ.

 

ഹാദി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ