സമ്പർക്കം വഴി ജീവിച്ചിരിക്കുന്നവർക്ക് രോഗം പകരാതിരിക്കാൻ വേണ്ടി മയ്യിത്തിനെ കരിക്കണമെന്ന് നിർദേശിക്കപ്പെട്ടാൽ അങ്ങനെ ചെയ്യാമോ?
ശാഹിദ് എടവണ്ണപ്പാറ
പറ്റില്ല. മയ്യിത്തിനെ കരിച്ചുകളയൽ നിഷിദ്ധമാണ്. രോഗം പകരാതിരിക്കാനുള്ള രക്ഷാ മാർഗങ്ങൾ സ്വീകരിച്ച് മയ്യിത്തിനെ ഖബറടക്കേണ്ടതാണ്.
വ്യഭിചാരത്തിലെ കുട്ടി
പരസ്പരം ഇഷ്ടത്തിലായിരുന്ന സ്ത്രീയും പുരുഷനും വിവാഹത്തിനു മുമ്പ് ജനിച്ച പെൺകുട്ടിയെ വിവാഹം ചെയ്തു കൊടുക്കാൻ ആ പുരുഷന് പറ്റുമോ. അതിന് ഇസ്‌ലാമികമായി തടസ്സമുണ്ടോ? അത്തരം സാഹചര്യത്തിലുള്ള ഒരാൾ എന്തു ചെയ്യണം. ഈ മകൾക്കും പിതാവിനും പരസ്പരം അനന്തര സ്വത്തിന് അവകാശമുണ്ടോ?
സുബൈർ പന്താരങ്ങാടി
ആ പുരുഷൻ പ്രസ്തുത പെൺകുട്ടിയുടെ പിതാവല്ല. അതിനാൽ അവളെ നികാഹ് ചെയ്തു കൊടുക്കാൻ അദ്ദേഹത്തിന് അധികാരമില്ല. വ്യഭിചാരത്തിൽ ജനിച്ച കുട്ടിക്ക് പിതാവും പിതൃബന്ധുക്കളുമില്ലാത്തതിനാൽ അവളെ നികാഹ് ചെയ്തു കൊടുക്കാനുള്ള അനുവാദം ഖാളിക്കാണ്. ഖാളി നേരിട്ടോ പ്രതിനിധി മുഖേനയോ നികാഹ് ചെയ്തു കൊടുക്കേണ്ടതാണ്. അവളുടെ നികാഹ് നടത്താൻ ഖാളിയുമായി ബന്ധപ്പെടുകയാണ് വേണ്ടത്.
ആ പുരുഷനും അവളും തമ്മിൽ അനന്തരാവകാശമുണ്ടാവുകയില്ല. കാരണം അവർ തമ്മിൽ പിതൃ-പുത്ര ബന്ധമില്ല. വ്യഭിചാരത്തിൽ ജനിച്ച കുട്ടിയുടെ ജനനത്തിന് കാരണക്കാരനായ പുരുഷനെ ഇസ്‌ലാമിക നിയമമനുസരിച്ച് ആ കുട്ടിയുടെ പിതാവായി അംഗീകരിക്കില്ല.
സാനിറ്റൈസർ നജസാണോ?
സാനിറ്റൈസർ നജസാണെന്നും അല്ലെന്നും പറഞ്ഞു കേൾക്കുന്നു. ഏതാണ് ശരി. നജസാണെങ്കിൽ അതിന് എന്തെങ്കിലും ഇളവുണ്ടോ?
കുന്നത്ത് മൈമൂന വെണ്ണക്കോട്
സാനിറ്റൈസറുകളിൽ ആൽക്കഹോൾ ഉണ്ടെന്നും അത് സാധാരണ മദ്യത്തിൽ ഉപയോഗിക്കപ്പെടാത്തതും മാരക വിഷമാണെങ്കിലും അതും ലഹരി ദ്രാവകമാണെന്നുമാണ് അറിയാൻ കഴിഞ്ഞത്. അതനുസരിച്ച് സാനിറ്റൈസർ നജസാവുന്നു. ലഹരി ദ്രാവകങ്ങളും അതു ചേർന്ന വസ്തുക്കളും നജസാണ്.
നജസാണെങ്കിലും അനിവാര്യ ഘട്ടങ്ങളിൽ അതുപയോഗിക്കൽ അനുവദനീയമാണ്. പക്ഷേ, നിസ്‌കാരത്തിന് മുമ്പ് ശുദ്ധിയാക്കേണ്ടതാണ്.
എന്നാൽ നജസാണെന്ന പ്രചാരണമുണ്ടെങ്കിലും നജസാണെന്ന് ഉറപ്പില്ലാത്ത വസ്തുക്കളെ കുറിച്ച് പണ്ഡിതർക്കിടയിൽ രണ്ടഭിപ്രായങ്ങളുണ്ട്. അതിൽ പ്രബലമായത് അത് ശുദ്ധിയുള്ളതാണെന്ന നിലയിൽ ഉപയോഗിക്കാമെന്നാണെന്ന് കർമശാസ്ത്ര ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്.
കേക്ക് മുറിച്ച് ബർത്ത്‌ഡേ പാർട്ടി
കുട്ടി ജനിച്ച ദിവസം ഒരു കേക്ക് മുറിച്ചു വേണ്ടപ്പെട്ടവർക്ക് നൽകുന്നത് തെറ്റാണോ. അത് അന്യസമുദായത്തിന്റെ ആചാരം സ്വീകരിക്കലായി പരിഗണിക്കപ്പെടുമോ?
സഹ്‌ല ഫാത്തിമ തെങ്ങിലക്കടവ്
കുട്ടി ജനിച്ച ദിവസം കേക്ക് മുറിച്ച് വിതരണം ചെയ്യുന്നത് തെറ്റല്ല. കുട്ടി പിറന്നതിന്റെ പേരിലോ മറ്റോ സന്തോഷമുള്ള സമയങ്ങളിൽ കേക്കോ മറ്റു പലഹാരങ്ങളോ വിതരണം ചെയ്യുന്നത് നിരോധിക്കപ്പെട്ടതല്ല. പ്രത്യേക കാരണമില്ലെങ്കിൽ പോലും ചെയ്യാവുന്ന കാര്യമാണ് പലഹാര വിതരണവും അന്നദാനവും. നല്ല നിയ്യത്തോടെയാണെങ്കിൽ പ്രതിഫലാർഹവുമാണ്. എന്നാൽ മറ്റു മതക്കാരുടെ മതപരമായ ആചാരങ്ങൾ സ്വീകരിക്കാൻ പാടില്ല. തെറ്റായ വിശ്വാസങ്ങളൊന്നും ഉൾക്കൊള്ളാനും പാടില്ല. ആതൊന്നുമില്ലാതെ കേക്ക് മുറിച്ചു കൊടുക്കുന്നതും പലഹാരം വിതരണം ചെയ്യുന്നതും തെറ്റല്ല. അതു കൊണ്ട് മാത്രം അന്യസമുദായത്തിന്റെ ആചാരം സ്വീകരിച്ചു എന്നു വരില്ല.
ദുർബല വാക്യം ഫത്‌വക്ക് പറ്റുമോ?
ഇക്കാലത്ത് പല വിഷയങ്ങളിലും മസ്അല പറയുമ്പോൾ പല പണ്ഡിതരും പ്രബലമല്ലാത്ത അഭിപ്രായങ്ങൾ ഉദ്ധരിക്കുകയും അതനുസരിച്ച് പ്രവർത്തിക്കാമെന്ന് പറയുകയും ചെയ്യുന്നു. ഉദാഹരണത്തിന്, കുളിപ്പിക്കാനും തയമ്മും ചെയ്യാനും കഴിയാത്ത മയ്യിത്തിന്റെ മേൽ നിസ്‌കരിക്കാമെന്ന് പ്രബലമല്ലാത്ത അഭിപ്രായമുണ്ടെന്നും അതനുസരിച്ച് പ്രവർത്തിക്കാമെന്നും പറയുന്നു. ഇത് ശരിയാണോ? മദ്ഹബിലെ പ്രബലാഭിപ്രായമനുസരിച്ച് മാത്രമേ ഫത്‌വ ചെയ്യാവൂ എന്നല്ലേ നിയമം?
മൊയ്തീൻ കുട്ടി മൗലവി കന്യാകുമാരി
മദ്ഹബിലെ പ്രബല വിധികൊണ്ട് മാത്രമേ ഫത്‌വ ചെയ്യാവൂ; പ്രബലമല്ലാത്ത അഭിപ്രായം കൊണ്ട് ഫത്‌വ പാടില്ല എന്ന നിയമത്തിന്റെ വിവക്ഷ, ഒരു വിഷയത്തിൽ മദ്ഹബിലെ വിധി ഇന്നതാണെന്ന് നിരുപാധികമായി പറയുമ്പോൾ മദ്ഹബിലെ പ്രബല വിധി മാത്രമേ പറയാവൂ എന്നാണ്. അഥവാ മദ്ഹബിലെ പ്രബല വിധിയാണെന്ന് തെറ്റിദ്ധരിക്കാനിടയാവുന്ന വിധം നിരുപാധികമായി പ്രബലമല്ലാത്ത വിധി പറയാൻ പാടില്ല. അതേസമയം മദ്ബിലെ പ്രബല വിധി ഇന്നതാണെന്നും എന്നാൽ പ്രബലമല്ലാത്ത മറ്റൊരു നിയമമുണ്ടെന്നും അതനുസരിച്ച് പ്രവർത്തിക്കൽ അനുവദനീയമാണെന്നും പറയുന്നതിൽ തെറ്റില്ല.
ഈ രീതി ഇക്കാലത്ത് മാത്രമുണ്ടായതല്ല. മുൻകാലങ്ങളിലും പല പ്രശ്‌നങ്ങളിലും ദീനിയ്യായ മസ്വ്‌ലഹത്തും ആവശ്യവും പരിഗണിച്ച് ഇപ്രകാരം വിധികൾ പറയാറുണ്ട്. പ്രമുഖരായ കർമശാസ്ത്ര ഇമാമുകൾ വരെ ഈ രീതി സ്വീകരിച്ചിട്ടുണ്ട്. വാചകമില്ലാതെ കൊടുത്തു വാങ്ങലിലൂടെ വിൽക്കുകയും വാങ്ങുകയും ചെയ്യുക, ഫാസിഖിന് നികാഹിന്റെ വിലായത്തുണ്ടാവുക തുടങ്ങിയ പലതിലും മദ്ഹബിലെ പ്രബലമല്ലാത്ത അഭിപ്രായമനുസരിച്ച് അമൽ ചെയ്യാറുണ്ടെന്നും അപ്രകാരം ചെയ്യാമെന്നും ഇമാമുമാർ രേഖപ്പെടുത്തിയിട്ടുണ്ട്.
ചോദ്യത്തിൽ പരാമർശിച്ച മയ്യിത്ത് നിസ്‌കാരത്തിന്റെ കാര്യത്തിൽ തന്നെ കുളിപ്പിക്കാനും തയമ്മും ചെയ്തുകൊടുക്കാനും കഴിയാത്ത സാഹചര്യത്തിൽ മയ്യിത്ത് നിസ്‌കാരം പറ്റില്ലെന്നാണ് മദ്ഹബിൽ പ്രബലമെന്നും എന്നാൽ അത്തരം സാഹചര്യത്തിൽ രണ്ടുമില്ലാതെ തന്നെ മയ്യിത്ത് നിസ്‌കാരം നടത്തണമെന്ന അഭിപ്രായമുണ്ടെന്നും മയ്യിത്തിന്റെ ബന്ധുക്കളുടെ മന:സമാധാനത്തിനും അവഗണന ഒഴിവാക്കാനും അതനുസരിച്ച് പ്രവർത്തിക്കേണ്ടതാണെന്നും അല്ലാമ അബ്ദുൽ ഹമീദുശ്ശർവാനി(റ) രേഖപ്പെടുത്തിയിട്ടുണ്ട് (ഹാശിയതു തുഹ്ഫ 3/189).
ഇമാം കുർദി(റ) എഴുതി: പ്രബലമല്ലാത്തത് കൊണ്ട് ഫത്‌വ പറ്റില്ലെന്നതിന്റെ ഉദ്ദേശ്യം, അതാണ് മദ്ഹബിലെ പ്രബല വിധി എന്ന തോന്നലുണ്ടാക്കുന്ന വിധം അത് പറയാൻ പാടില്ലെന്നാണ്. അതേസമയം പ്രബലമല്ലെന്ന കാര്യം അറിയിച്ചുകൊണ്ട് അതനുസരിച്ച് പ്രവർത്തിക്കൽ അനുവദനീയമാണെന്ന് പറഞ്ഞുകൊടുക്കുന്നതിന് വിരോധമില്ല. അത്യാവശ്യമുണ്ടാകുമ്പോൾ പ്രത്യേകിച്ചും. പ്രബലമല്ലാത്ത വിധികളും ഇമാമുകൾ പറയുകയും അതനുസരിച്ച് പ്രവർത്തിക്കൽ അനുവദനീയമാണെന്ന് അവർ വ്യക്തമാക്കുകയും ചെയ്തതിൽ നിന്നു തന്നെ ഇക്കാര്യം വ്യക്തമാണ് (അൽഫവാഇദുൽ മദനിയ്യ പേ. 232).
ചെറുശ്ശോല അബ്ദുൽ ജലീൽ സഖാഫി