വിശുദ്ധ ഇസ്‌ലാമിന്റെ ആവിർഭാവത്തിനും മുമ്പ് ജാഹിലിയ്യാ കാലഘട്ടത്തിൽ തന്നെ അറബികൾ ഏറെ ബഹുമാനിച്ചുപോരുന്ന നാലു മാസങ്ങളിൽ ഒന്നാണ് വിശുദ്ധ റജബ്. ദുൽഖഅ്ദ, ദുൽഹിജ്ജ, മുഹർറം എന്നിവയാണ് മറ്റു മൂന്നു മാസങ്ങൾ. നിരന്തരം യുദ്ധങ്ങളിൽ ഏർപ്പെട്ടിരുന്ന അറേബ്യൻ ഗോത്രങ്ങൾ പവിത്രമായ ഈ മാസങ്ങളിൽ മാത്രമായിരുന്നു ആയുധം താഴെ വെച്ചിരുന്നത്.
അല്ലാഹു പറയുന്നു: ‘അല്ലാഹു ഭുവനവാനങ്ങളെ പടച്ച കാലം മുതൽ മാസങ്ങളുടെ എണ്ണം അവന്റെയടുക്കൽ പന്ത്രണ്ടാകുന്നു. അതിൽ നാലെണ്ണം (യുദ്ധം നിഷിദ്ധമായ) ആദരണീയ മാസങ്ങളാണ്. അതാണ് ഋജുവായ മതം. അതുകൊണ്ട് ആ വിശുദ്ധ മാസങ്ങളിൽ നിങ്ങൾ (യുദ്ധത്തിനിറങ്ങി) ആത്മദ്രോഹം ചെയ്യരുത്’ (ഖുർആൻ 9:36). ഈ ആയത്തിന്റെ വിശദീകരണത്തിൽ ഹാഫിള് ഇബ്‌നു കസീർ കുറിക്കുന്നു: ഖതാദ(റ)യിൽ നിന്ന് നിവേദനം: നാല് പവിത്ര മാസങ്ങളിൽ അതിക്രമം കാണിക്കുന്നത് മറ്റു മാസങ്ങളിൽ അതിക്രമം കാണിക്കുന്നതിനെക്കാൾ ഗൗരവതരമാണ്. അതിക്രമം ഏതു സമയത്തും നിഷിദ്ധമാണെങ്കിലും ഈ മാസങ്ങളെ അല്ലാഹു ആദരിച്ചതിനാലാണ് ഇവയിൽ ഗൗരവമേറുന്നത് (തഫ്‌സീർ ഇബ്‌നുകസീർ 2/433). അല്ലാഹു ആദരിച്ചതിനോടുള്ള ആദരവാണല്ലോ സത്യവിശ്വാസിയുടെ മുഖമുദ്ര. അല്ലാഹുവിന്റെ മതചിഹ്നങ്ങൾ ഒരാൾ ആദരിക്കുന്നുവെങ്കിൽ അത് ഹൃദയങ്ങളിലെ സൂക്ഷ്മതയിൽ നിന്നുത്ഭൂതമാകുന്നതു തന്നെ! (ഖുർആൻ 22/32).
നിഷിദ്ധമാക്കപ്പെട്ട മാസത്തിൽ യുദ്ധം ചെയ്യുന്നതിനെക്കുറിച്ച് താങ്കളോടവർ ചോദിക്കുന്നു. പറയുക; ആ മാസത്തിൽ യുദ്ധം ചെയ്യൽ മഹാപാതകമാണ് (2/217). ഇതര മാസങ്ങളിൽ നിന്നും ഈ മാസങ്ങൾക്കുള്ള വലിയ മഹത്ത്വം മനസ്സിലാക്കിത്തരാനാണ് അല്ലാഹു ഇവയെ പ്രത്യേകം ശ്രേഷ്ഠമാക്കിയതും യുദ്ധവും അക്രമവും നിഷിദ്ധമാക്കിയതുമെന്ന് ശൈഖ് ജീലാനി(റ) പറയുന്നുണ്ട് (അൽഗുൻയ 1/317).
കൊലപാതകം പൊതുവെ വൻകുറ്റവും നിഷിദ്ധവുമാണ്. കൊന്നവന് പ്രതിക്രിയയായോ നഷ്ടപരിഹാരമായോ തക്കതായ ശിക്ഷ നൽകണമെന്നും മതം അനുശാസിക്കുന്നു. നഷ്ടപരിഹാരമായി 100 ഒട്ടകങ്ങളാണ് നൽകേണ്ടത്. മന:പൂർവമായുള്ള കൊലപാതകത്തിലും അബദ്ധവശാലുള്ള കൊലപാതകത്തിലും തുല്യാനുപാതത്തിലല്ല നഷ്ടപരിഹാരം നൽകേണ്ടത്. മന:പൂർവമുള്ളതിൽ മുസല്ലസ (ഒട്ടകങ്ങൾ മൂന്നിനമായി നൂറ് തികക്കൽ)യും അബദ്ധമായി സംഭവിച്ചതിൽ മുഖമ്മസ (അഞ്ചിനമായി നൂറ് തികക്കൽ)യും നൽകണമെന്നാണ് വിധി. അതേസമയം റജബ് ഉൾപ്പെടെയുള്ള പവിത്ര മാസങ്ങളിലോ, മക്കയിലെ ഹറം പ്രവിശ്യയിലോ, അടുത്ത രക്തബന്ധമുള്ളവർ(മഹ്‌റമുകൾ)ക്ക് നേരെയോ നടത്തുന്ന കൊലപാതകം അബദ്ധത്തിലാണെങ്കിലും മുസല്ലസയായി തന്നെ നൂറ് ഒട്ടകങ്ങൾ നൽകണം, അഥവാ മന:പൂർവമുള്ള കൊലപാതകത്തിന്റെ നഷ്ടപരിഹാരം തന്നെ നൽകണം. റമളാൻ മാസത്തിലോ ഇഹ്‌റാമിലായിട്ടോ ആണെങ്കിൽ പോലും ഇത്ര ഗൗരവമില്ല. ഇമാം ഇബ്‌നു ഹജറിൽ ഹൈതമി(റ) വിവരിക്കുന്നു: ‘ഈ മൂന്ന് സാഹചര്യങ്ങളുടെയും പവിത്രത മാനിച്ചുകൊണ്ടാണ് ശരീഅത്ത് ഇവയിൽ നിയമം കടുപ്പിച്ചത്’ (തുഹ്ഫ 8/453).
ഹദീസിൽ ഈ മാസങ്ങളെ പരിചയപ്പെടുത്തുന്നിടത്ത് ‘റജബു മുളർ’ എന്ന പേരിലാണ് റജബ് മാസത്തെ വിശേഷിപ്പിക്കുന്നത്. ‘ജുമാദായുടെയും ശഅ്ബാന്റെയും ഇടയിലുള്ളത്’ എന്നും കൂട്ടിച്ചേർക്കുന്നു. മറ്റു മൂന്നു മാസങ്ങൾ കൂടാതെ റജബിനെ പ്രത്യേകം വിശേഷണങ്ങൾ വെച്ച് പറയുമ്പോൾ തന്നെ റജബിന്റെ മഹത്ത്വം സുവ്യക്തമാകുന്നു. ‘റജബു മുളർ’ എന്നു വിശേഷിപ്പിക്കുന്നതുകൊണ്ടുള്ള വിവക്ഷ ബനൂമുളർ ഗോത്രക്കാരായിരുന്നു റജബ് മാസത്തെ ബഹുമാനിക്കുന്നതിൽ മുൻപന്തിയിലുണ്ടായിരുന്നത് എന്നതാണ് (അൽഗുൻയ 1/320, ശർഹു മുസ്‌ലിം 1/168).

റജബെന്നാൽ

ആദരിക്കൽ എന്നർഥമുള്ള തർജീബ് എന്ന അറബി മൂലപദത്തിൽ നിന്നാണ് റജബ് എന്ന പേര് നിഷ്പന്നമായിട്ടുള്ളത്. ഇതര മാസങ്ങളെക്കാൾ അറബികൾ റജബിനെ ആദരിക്കുന്നു എന്നതുതന്നെയാണ് കാരണം (ഇആനത്ത് 2/307). നിരവധി പേരുകൾ റജബ് മാസത്തിന് പണ്ഡിതന്മാർ നൽകുന്നുണ്ട്. ആകെ 14 പേരുകൾ എന്നും 17 പേരുകൾ എന്നും പറയപ്പെട്ടിട്ടുണ്ട് (ലത്വാഇഫുൽ മആരിഫ് 117). നാമവിശേഷണങ്ങളുടെ ആധിക്യം ഏതൊരു വസ്തുവിന്റെയും മഹിമയെ വിളിച്ചറിയിക്കുന്നുണ്ടല്ലോ.
ശൈഖ് ജീലാനി(റ) പറയുന്നു: റജബ് എന്നതിൽ മൂന്നക്ഷരങ്ങളാണ്. ആദ്യത്തെ അക്ഷരമായ റാഅ് അല്ലാഹുവിന്റെ റഹ്‌മത്തിനെ സൂചിപ്പിക്കുന്നു. രണ്ടാമത്തെ അക്ഷരമായ ജീം അല്ലാഹുവിന്റെ ഔദാര്യത്തെയും (ജൂദ്) ഒടുവിലത്തെ ബാഅ് അല്ലാഹുവിൽനിന്നുള്ള ഗുണത്തെയും (ബിർറ്) സൂചിപ്പിക്കുന്നു. അഥവാ റജബ് മാസമുടനീളം അടിമകൾക്ക് അല്ലാഹുവിൽനിന്നുള്ള കുറ്റമില്ലാത്ത കാരുണ്യവും പിശുക്കില്ലാത്ത ഔദാര്യവും വറ്റിപ്പോകാത്ത ഗുണകാംക്ഷയും ലഭിച്ചുകൊണ്ടിരിക്കും (ഗുൻയ 1/319). ദുന്നൂനിൽ മിസ്വ്‌രി(റ) പറയുന്നതായി ഗുൻയയിൽ ഉദ്ധരിക്കുന്നു: റജബ് വിത്തു വിതക്കാനുള്ള മാസവും ശഅ്ബാൻ നട്ടുവളർത്താനുള്ള മാസവും റമളാൻ കൊയ്‌തെടുക്കാനുള്ള മാസവുമാണ്. വിതച്ചതല്ലേ കൊയ്യാനാവൂ. വിതക്കാനുള്ള അവസരം (റജബ് മാസം) നഷ്ടപ്പെടുത്തിക്കളഞ്ഞവർ മറ്റുള്ളവർ കൊയ്‌തെടുക്കുമ്പോൾ (റമളാനിൽ) ഖേദിക്കേണ്ടിവരും.
മറ്റു ചില സ്വാലിഹീങ്ങൾ പറയുന്നു: വർഷത്തെ ഒരു വൃക്ഷമായി സങ്കൽപിച്ചാൽ റജബ് മരത്തിന് ഇല മുളക്കുന്ന വേളയും ശഅ്ബാൻ ഫലങ്ങൾ കായ്ക്കുന്ന ഘട്ടവും റമളാൻ ഫലങ്ങൾ പറിച്ചെടുക്കാനുള്ള സമയവുമാണ് (ഗുൻയ 1/326). റജബ് മാസത്തിൽ മുഅ്മിനിന്റെ ശരീരം ഇബാദത്തുകളാകുന്ന ഫലങ്ങൾ കൊണ്ട് സമ്പന്നമാകണം. കണ്ണുകൊണ്ട് കരയണം, കാതുകൊണ്ട് സദ്‌വചനങ്ങൾ കേൾക്കണം, കൈകൾ സ്വദഖ ചെയ്യണം, കാലുകൾ കൊണ്ട് പള്ളികളിലേക്കും മറ്റും നടന്നുനീങ്ങണം, നാവ് സ്രഷ്ടാവിന്റെ ദിക്‌റിൽ ലയിക്കണം.

അഞ്ചു രാത്രികൾ

വർഷത്തിൽ അഞ്ച് രാത്രികൾ ദുആക്ക് ഇജാബത്ത് ലഭിക്കുന്നവയാണെന്ന് പല മഹാന്മാരും പറഞ്ഞിട്ടുണ്ട്. അതിൽ പെട്ടതാണ് റജബിലെ ആദ്യരാത്രി. ഇമാം ശാഫിഈ(റ) പറയുന്നു: ‘അഞ്ചു രാത്രികളിൽ ദുആ ചെയ്താൽ ഉത്തരം നൽകപ്പെടും. വെള്ളിയാഴ്ച രാവ്, വലിയ പെരുന്നാൾ രാവ്, ചെറിയ പെരുന്നാൾ രാവ്, റജബ് ആദ്യരാവ്, ശഅ്ബാൻ പതിനഞ്ചാം രാവ് എന്നിവയാണവ’ (അൽഉമ്മ് 1/261, ലത്വാഇഫ് 13, ശർഹുൽ മുഹദ്ദബ് 5/42) ഈ രാത്രികളിൽ ദുആകൾ സ്വീകരിക്കപ്പെടുമെന്നും പ്രാർഥന പ്രത്യേകം സുന്നത്താണെന്നും ഇമാം റംലിയും പറയുന്നു (നിഹായ 2/397). റജബിന്റെ ഒന്നാം രാവിൽ ചൊല്ലാനുള്ള പ്രത്യേക ദുആ ശൈഖ് ജീലാനി(റ)യുടെ ഗുൻയ 1/328ൽ വിവരിക്കുന്നുണ്ട്.
ഇമാം ഗസ്സാലി(റ) കുറിച്ചു: ‘റജബ് മാസത്തിലെ ആദ്യരാവുൾപ്പെടെയുള്ള പതിനഞ്ച് രാവുകൾ സുകൃതങ്ങൾ കൊണ്ട് ധന്യമാക്കൽ ശക്തമായ സുന്നത്തുണ്ട്. കൂടുതലായി വിറ്റഴിഞ്ഞുപോകുന്ന സീസൺ സമയങ്ങളെ കച്ചവടക്കാർ മുതലെടുക്കുന്നതു പോലെ സത്യവിശ്വാസികൾ ഈ രാവുകളെ മുതലെടുക്കണം’ (ഇഹ്‌യ 1/361). ‘അല്ലാഹു അടിമയെ ഇഷ്ടപ്പെട്ടാൽ ശ്രേഷ്ഠവേളകളിൽ അവന് സുകൃതങ്ങൾ ചെയ്യാൻ തോന്നിപ്പിക്കും. അവനെ ഇഷ്ടപ്പെട്ടില്ലെങ്കിൽ ആ സമയങ്ങളിൽ മോശമായ പ്രവൃത്തികളിലായിരിക്കും അടിമ ഏർപ്പെടുക’ (ഇഹ്‌യ 1/188).

ദുആയുടെ സ്വീകാര്യത

റജബിലെ ദുആ തിരസ്‌കരിക്കപ്പെടാറില്ല എന്നത് ജാഹിലിയ്യാ കാലം മുതലേ വിശ്വസിച്ചുപോരുന്നതാണ്. മക്കയിലെ ഗോത്രവിഭാഗങ്ങൾ തങ്ങളുടെ ശത്രുഗോത്രങ്ങൾക്കെതിരിൽ ദുആ ചെയ്തിരുന്നത് റജബിലായിരുന്നുവെന്നും അവരുടെ ദുആ സ്വീകരിക്കപ്പെട്ടിരുന്നുവെന്നുമുള്ള സംഭവങ്ങൾ അൽഗുൻയയുൾപ്പെടെയുള്ള ഗ്രന്ഥങ്ങളിൽ കാണാം. ‘നിങ്ങൾ റജബിൽ പാപമോചനം അധികരിപ്പിക്കുക. റജബ് മാസമെത്തിയാൽ അല്ലാഹു ധാരാളമാളുകളെ നരകത്തിൽ നിന്ന് മോചിപ്പിക്കുന്നതാണ്’ എന്ന് ഹദീസിലുണ്ട്. അതുകൊണ്ട് തന്നെ മഹാന്മാരിൽ പലരും രോഗം വന്നാൽ റജബ് വരെ ആയുസ്സ് നീട്ടിത്തന്ന് റജബിൽ മരിപ്പിക്കണേ എന്ന് ദുആ ചെയ്യാറുണ്ടായിരുന്നു.
റജബിൽ പ്രാർഥിക്കാനുള്ള പ്രത്യേക ദുആ റസൂൽ(സ്വ) തന്നെ പഠിപ്പിക്കുന്നുണ്ട്. അനസ്(റ)വിൽ നിന്ന് നിവേദനം: റജബ് മാസമായാൽ നബി(സ്വ) ‘അല്ലാഹുമ്മ ബാരിക് ലനാ…’ എന്ന് തുടങ്ങുന്ന ദുആ ചൊല്ലുമായിരുന്നു. അല്ലാഹുവേ, ഞങ്ങൾക്ക് റജബിലും ശഅ്ബാനിലും ബറകത്ത് ചെയ്യണേ, റമളാനിലേക്ക് ഞങ്ങളെ എത്തിക്കുകയും ചെയ്യേണമേ… എന്നാണ് ഈ ദുആയുടെ അർഥം. ഇത് ളഈഫായ ഹദീസാണെങ്കിലും അമൽ ചെയ്യൽ അനുവദനീയമാണെന്ന് തദ്കിറതുൽ മൗളൂആത്തിൽ (പേ. 117) കാണാം. മജ്മഉസ്സവാഇദിൽ (3/140) ഇമാം ഹാഫിളുൽ ഹൈസമിയും ഈ ഹദീസിനെ ശരിവെക്കുന്നുണ്ട്. മുൻഗാമികൾ ചൊല്ലിവരുന്ന ഈ ദുആ വിമർശിക്കപ്പെടേണ്ടതില്ലെന്ന് ഇമാമുമാരുടെ ഉദ്ധരണങ്ങളിൽ നിന്നും മനസ്സിലാക്കാം. ശ്രേഷ്ഠ ദിനങ്ങൾ എത്തുന്നതുവരെ ആയുസ്സ് നീട്ടിക്കിട്ടാൻ തേടാമെന്നതിന് ഈ ഹദീസ് തെളിവാണെന്ന് ഇബ്‌നു റജബിൽ ഹമ്പലി(റ) പറഞ്ഞിട്ടുണ്ട് (ലത്വാഇഫ് 121).

അതീറ

റജബ് മാസത്തിൽ ജാഹിലിയ്യാ കാലം മുതൽക്കേ അറബികൾ ചെയ്തുവന്നിരുന്ന ബലികർമമാണ് അതീറ, അഥവാ റജബിലെ ആദ്യ പത്ത് ദിനത്തിൽ അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചുകൊണ്ട് നടത്തുന്ന മൃഗബലി. ഇത് അനുവദനീയമാണെന്നും നിഷിദ്ധമാണെന്നുമുള്ള അഭിപ്രായഭിന്നതകളുണ്ടെങ്കിലും ശാഫിഈ മദ്ഹബനുസരിച്ച് പുണ്യകരം തന്നെയാണ്. ഇമാം ഇബ്‌നു ഹജറിൽ ഹൈതമി(റ) പറയുന്നു: നമ്മുടെ മദ്ഹബിൽ പ്രബലമായിട്ടുള്ളത് അതീറയും ഫറഉം സുന്നത്തായ കർമങ്ങളാണ് എന്നതാണ് (അതീറ എന്നാൽ റജബ് ആദ്യ പത്ത് ദിനത്തിൽ നടത്തുന്ന അറവും ഫറഅ് എന്നാൽ പെൺമൃഗങ്ങൾക്ക് ആദ്യമായുണ്ടാകുന്ന കുഞ്ഞിനെ ബറകത്തും സന്താന വർധനവുമുദ്ദേശിച്ചുകൊണ്ട് നടത്തുന്ന അറവുമാണ്). കാരണം ഇവ രണ്ടുകൊണ്ടും അല്ലാഹുവിന്റെ തൃപ്തിയല്ലാതെ മറ്റൊന്നും ഉദ്ദേശിക്കപ്പെടുന്നില്ല (തുഹ്ഫ 9/377).
ഇതിന് വിശദീകരണമായി ഇമാം ശർവാനി(റ) എഴുതുന്നു: സുന്നത്തായ അറവുകളിൽ ശ്രേഷ്ഠമായവ ഹദ്‌യകൾ, ഉള്ഹിയ്യ, അഖീഖ, അതീറ, ഫറഅ് എന്നിവയാണെന്ന് ഇബ്‌നു സുറാഖ രേഖപ്പെടുത്തിയിട്ടുണ്ട് (ഹാശിയതു ശർവാനി). ഇങ്ങനെ അറുക്കുന്ന മൃഗത്തിന്റെ മാംസം പാവപ്പെട്ടവർക്ക് വിതരണം ചെയ്യൽ പുണ്യകരമാണെന്നും സ്വദഖയാകുമെന്നും ഇമാം നവവി(റ)യും കുറിക്കുന്നു (ശർഹു മുസ്‌ലിം 13/137).

റജബും വ്രതവും

റജബ് മാസം മുഴുവനും നോമ്പനുഷ്ഠിക്കൽ പുണ്യകരമാണ്. റമളാൻ കഴിഞ്ഞാൽ നോമ്പെടുക്കാൻ ഏറ്റവും ശ്രേഷ്ഠമായ മാസം മുഹർറവും പിന്നെ റജബുമാണ് (നിഹായ 3/211, ഫത്ഹുൽ മുഈൻ 204). എന്നാൽ റജബിൽ നോമ്പനുഷ്ഠിക്കൽ ബിദ്അത്താണെന്നും അതു സംബന്ധമായുള്ള ഹദീസുകൾ മൗളൂആണെന്നും പറഞ്ഞുനടക്കുന്നവരുണ്ട്. ജാഹിലിയ്യ കാലത്തെ അറബികളോട് സാദൃശ്യമാകലാണ് റജബ് മാസത്തെ ആദരിക്കലെന്നാണ് ഇക്കൂട്ടർ വാദിക്കുന്നത്. അത്തരക്കാർക്കുള്ള മറുപടി ഇബ്‌നു ഹജറിൽ ഹൈതമി(റ) നൽകുന്നത് കാണുക: ‘ജനങ്ങളെ റജബിലെ നോമ്പിൽ നിന്ന് അകറ്റിനിർത്താൻ ശ്രമിക്കുന്നത് വിവരമില്ലായ്മയും വാചകക്കസർത്തുമാണ്. ജാഹിലിയ്യ കാലത്തുള്ളവർ റജബ് മാസത്തെ ആദരിച്ചെന്ന് കരുതി നമ്മൾ ആദരിക്കുന്നത് അവരെ അനുകരിക്കലാവില്ല. ആദരവിന്റെ പേരിൽ അവർ ചെയ്തതെല്ലാം നിഷിദ്ധമാണെന്നും പറയാനാവില്ല. ശരീഅത്ത് വിരോധിക്കാത്തതും മദ്ഹബിന്റെ നിയമങ്ങളോട് എതിരാവാത്തതുമായ കാലത്തോളം ഏതൊരു നല്ല കാര്യവും ഉപേക്ഷിക്കേണ്ടതില്ല. റജബിലെ വ്രതത്തിന്റെ വിഷയത്തിൽ നിരവധി മൗളൂആയ ഹദീസുകൾ വന്നിട്ടുണ്ടെന്നത് ശരിതന്നെ. പക്ഷേ, നമ്മുടെ ഇമാമുമാരാരും അത്തരം ഹദീസുകളെ അവലംബിച്ചിട്ടില്ല. മൗളൂഅല്ലാത്ത ഹദീസുകളും വന്നിട്ടുണ്ട്. ഇമാം ബൈഹഖി(റ) ഉദ്ധരിക്കുന്നു: അനസ്(റ)വിൽ നിന്ന് നിവേദനം: ‘നിശ്ചയം സ്വർഗത്തിൽ റജബ് എന്ന് പേരുള്ള ഒരു നദിയുണ്ട്. പാലിനേക്കാൾ വെളുത്തതും തേനിനേക്കാൾ മധുരിക്കുന്നതുമാണ് അതിലെ വെള്ളം. റജബ് മാസത്തിൽ നോമ്പനുഷ്ഠിക്കുന്നവർക്ക് അല്ലാഹു അതിൽനിന്നും കുടിപ്പിക്കും.’ മറ്റൊരു ഹദീസിൽ ‘റമളാൻ കഴിഞ്ഞാൽ പിന്നെ റജബിലും ശഅ്ബാനിലുമല്ലാതെ തിരുദൂതർ നോമ്പനുഷ്ഠിച്ചിട്ടില്ല’ എന്നും കാണാം. ഈ രണ്ട് ഹദീസുകൾ ളഈഫാണെങ്കിലും മൗളൂഅ് അല്ല. ളഈഫായ ഹദീസുകൾ കൊണ്ട് അമൽ(അനുഷ്ഠാനം) ചെയ്യാമെന്നത് സ്ഥിരപ്പെട്ടതാണല്ലോ. അതിനാൽ തന്നെ റജബിലെ നോമ്പ് പുണ്യമാണെന്നതിന് ളഈഫായ ഹദീസുകൾ തന്നെ മതിയാകുമെന്നും ഇബ്‌നുഹജർ(റ) തീർത്തുപറയുന്നു (ഫതാവൽ കുബ്‌റാ 2/53-55).
ഹാഫിള് ഇബ്‌നു ഹജർ അൽഅസ്ഖലാനി(റ) കുറിച്ചതിങ്ങനെ: ‘റജബ് മാസത്തിന്റെ ശ്രേഷ്ഠത അറിയിക്കുന്നതിലും അതിൽ പ്രത്യേകമായി നോമ്പോ നിസ്‌കാരമോ ഉണ്ടെന്നതിലും സ്വഹീഹായ ഒരു ഹദീസും വന്നിട്ടില്ല’ (തബ്‌യീനുൽ അജബ്). ഇമാം അസ്ഖലാനി(റ)യുടെ ഈ വാചകമെടുത്ത് റജബിന്റെ ശ്രേഷ്ഠതയെയും നോമ്പിനെയും വിമർശിക്കുന്നവരുണ്ട്. അവർക്കുള്ള മറുപടി ഇമാം തന്നെ തുടർന്നു പറയുന്നു: ‘എങ്കിലും അമൽ ചെയ്യുന്നതിൽ പണ്ഡിതലോകം ളഈഫായ ഹദീസുകളെ തന്നെ മതിയാക്കിയത് സുവ്യക്തമാണല്ലോ.’ ശേഷം റജബിന്റെ ശ്രേഷ്ഠതയറിയിക്കുന്ന ഒരു ഹദീസ് കൂടി ഉദ്ധരിക്കുന്നു: നബി(സ്വ)യോട് ഉസാമതു ബിൻ സൈദ്(റ) ചോദിച്ചു: ‘ശഅ്ബാനിൽ നോമ്പനുഷ്ഠിക്കുന്നതു പോലെ മറ്റു മാസങ്ങളിൽ അങ്ങ് നോമ്പെടുക്കുന്നതായി കാണുന്നില്ലല്ലോ.’ അവിടന്ന് മറുപടിയേകി: ‘റജബിന്റെയും റമളാന്റെയും ഇടയിൽ ജനങ്ങൾ അശ്രദ്ധയോടെ നോക്കിക്കാണുന്ന മാസമാണല്ലോ ശഅ്ബാൻ’ (നസാഈ). റജബിനെയും റമളാനിനെയും പരിഗണിക്കുന്നതു പോലെ ശഅ്ബാനെ ആരും ശ്രദ്ധിക്കാത്തതിനാലാണ് നബി(സ്വ) പ്രത്യേകം നോമ്പെടുത്ത് പരിഗണിച്ചത്. റജബിനെ റമളാൻ മാസത്തോട് ചേർത്തു പറയുന്നതിൽ തന്നെ റജബിന് മഹത്ത്വമുണ്ടെന്ന് വരുന്നു (തബ്‌യീനുൽ അജബ് 7/201).
മുല്ലാ അലിയ്യുൽ ഖാരി(റ) പറയുന്നു: അമൽ ചെയ്യാൻ ളഈഫായ ഹദീസുകൾ തന്നെ പരിഗണിക്കാം. കൂടാതെ റജബിലെ നോമ്പിന്റെ ശ്രേഷ്ഠതയറിയിക്കുന്ന ബലഹീന ഹദീസുകൾ നിരവധിയുള്ളതിനാൽ അവ തെളിവിനു സ്വീകരിക്കാൻ പര്യാപ്തമാവും വിധം ശക്തമായവയാണ് (അൽഅദബ് ഫീ റജബ് 30).
റജബ് മാസത്തിൽ ചിലയിടങ്ങളിൽ നടന്നുവന്നിരുന്ന പ്രത്യേക നിസ്‌കാരമാണ് റഗാഇബ് നിസ്‌കാരം. റജബിലെ ആദ്യ വെള്ളിയാഴ്ച രാവിൽ ഇശാ മഗ്‌രിബിനിടയിൽ 12 റക്അത്തായി നിർവഹിക്കുന്ന ഈ നിസ്‌കാരം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല. ഇബ്‌നു ഹജർ(റ) പറയുന്നു: ‘റഗാഇബ് എന്നറിയപ്പെടുന്ന നിസ്‌കാരവും ശഅ്ബാൻ പകുതിയിലെ സുന്നത്ത് നിസ്‌കാരവും പിഴച്ച ബിദ്അത്തും അതിൽ വന്നിട്ടുള്ള ഹദീസുകൾ മൗളൂഉമാണ്’ (തുഹ്ഫ 2/239). ഇമാം നവവി(റ) എഴുതി: റജബ് ആദ്യ വെള്ളിയാഴ്ച രാവിൽ നിർവഹിക്കുന്ന 12 റക്അത്ത് റഗാഇബ് നിസ്‌കാരം, ശഅ്ബാൻ പകുതിയുടെ രാത്രിയിലെ 100 റക്അത്ത് നിസ്‌കാരം എന്നിവ പിഴച്ചതും എതിർക്കപ്പെടേണ്ടതുമായ ബിദ്അത്താണ് (ശർഹുൽ മുഹദ്ദബ് 4/56).

96 നോമ്പ്

പൂർവിക കാലംതൊട്ടേ നമ്മുടെ നാടുകളിൽ പ്രചാരത്തിലുള്ള ഒന്നാണ് 96 ദിവസം തുടർച്ചയായി നോമ്പനുഷ്ഠിക്കൽ. റജബ്, ശഅ്ബാൻ, റമളാൻ മാസങ്ങളിലെ മുപ്പത് ദിവസങ്ങളും ശവ്വാൽ മാസത്തിൽ ആറ് ദിവസവുമുൾപ്പെടെ നോമ്പനുഷ്ഠിക്കുന്നതാണിത്. ഇന്നും ഈ രൂപത്തിൽ നോമ്പനുഷ്ഠിക്കുന്നവരുണ്ട്. 96 നോമ്പ് എന്നറിയപ്പെടുന്ന ഈ ശൈലിയെ കുറിച്ച് അല്ലാമാ അഹ്‌മദ് കോയ ശാലിയാത്തി(റ)യോട് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ: ‘റജബ്, ശഅ്ബാൻ മാസങ്ങളിലും ശവ്വാൽ ആറ് ദിവസങ്ങളിലും നോമ്പനുഷ്ഠിക്കൽ സുന്നത്തുള്ളതാണെന്ന് കർമശാസ്ത്ര പണ്ഡിതർ വ്യക്തമാക്കിയിട്ടുള്ളതാണ്. റമളാൻ മാസമാണെങ്കിൽ നിർബന്ധമായ നോമ്പിന്റെ കാലവുമാണ്.’ തുടർന്ന് പറയുന്നു: ‘നമ്മുടെ പൂർവികർ നന്മയിലേക്ക് കൂടുതൽ അടുത്തവരും അതിനോട് താൽപര്യമുള്ളവരുമായിരുന്നല്ലോ. എന്നാൽ പിൽക്കാലത്ത് വന്നവർ അലസരും മുൻഗാമികളുടെ ശ്രേഷ്ഠാരാധനകളെ തള്ളിപ്പറയുന്നവരുമായി മാറിയിരിക്കുന്നു’ (ഫതാവാ അസ്ഹരിയ്യ 135, 136). മുൻഗാമികൾ പുലർത്തി പോന്നിരുന്ന 96 നോമ്പ് എന്ന സംവിധാനത്തെ തള്ളിപ്പറയേണ്ടതില്ലെന്ന് ഇതിൽ നിന്നും മനസ്സിലാക്കാം.

ഇസ്തിഗ്ഫാർ

റജബ് മാസത്തിൽ അല്ലാഹുവിനോട് മാപ്പിരക്കുന്നത് അധികരിപ്പിക്കണമെന്ന് ഹദീസിൽ വന്നിട്ടുണ്ട്. ‘നിങ്ങൾ റജബിൽ ഇസ്തിഗ്ഫാർ അധികരിപ്പിക്കുക. നിശ്ചയം റജബ് മാസത്തിലെ ഓരോ നിമിഷവും അല്ലാഹു നിരവധി ആളുകൾക്ക് നരകമോചനം നൽകുന്നതാണ്’ (ദൈലമി 1/81). ഈ ഹദീസ് ഇമാം സുയൂത്വി(റ) ജാമിഉൽ ഹദീസിലും (5/374) ഉദ്ധരിക്കുന്നുണ്ട്. റജബ് മാസം പാപമോചനത്തിന്റെ മാസവും ശഅ്ബാൻ നബി(സ്വ)യുടെ മേലുള്ള സ്വലാത്തിന്റെ മാസവും റമളാൻ ഖുർആൻ പാരായണത്തിന്റെ മാസവുമാണെന്ന് പണ്ഡിതർ പഠിപ്പിക്കുന്നു (കൻസുന്നജാഹി വസ്സുറൂർ 138).
ഇസ്തിഗ്ഫാറിന്റെ മഹത്ത്വങ്ങളും നേട്ടങ്ങളും നിരവധിയാണ്. ഈമാനിന്റെ മാധുര്യം ലഭിക്കാനും അല്ലാഹുവിലേക്ക് കൂടുതൽ അടുക്കാനും പൈശാചിക സ്വാധീനങ്ങളിൽ നിന്ന് അകലാനും സമ്പത്തിലും സന്താനത്തിലും അഭിവൃദ്ധി പ്രാപിക്കാനും വിഷമഘട്ടങ്ങളിൽ നിന്ന് മോചനം ലഭിക്കാനും എല്ലാത്തിലുമുപരി മലക്കുകളുടെ ദുആ ലഭിക്കാനും ഇസ്തിഗ്ഫാർ അധികരിപ്പിക്കുന്നതിലൂടെ സാധ്യമാവുമെന്ന് പണ്ഡിതന്മാർ പഠിപ്പിച്ചു. ഒരു സംഭവം കൂടി വിവരിക്കാം: തിരുനബി(സ്വ)യുടെ പൗത്രനായ ഹസൻ(റ) വിനോട് മുആവിയ(റ)യുടെ പാറാവുകാരിലൊരാൾ പറഞ്ഞു: ‘ഞാൻ വലിയ ധനികനാണ്. പക്ഷേ എനിക്ക് തീരെ മക്കളില്ല. മക്കളുണ്ടാകാനുള്ള വല്ല സംഗതിയും എനിക്ക് പഠിപ്പിച്ചുതരൂ…’ ഹസൻ(റ) പറഞ്ഞു: നിങ്ങൾ ഇസ്തിഗ്ഫാർ അധികരിപ്പിക്കുക.’ ഇതനുസരിച്ച് അദ്ദേഹം ഒരു ദിവസം 700 ഇസ്തിഗ്ഫാർ വരെ ചൊല്ലാറുണ്ടായിരുന്നു. തൽഫലമായി അല്ലാഹു പത്ത് സന്താനങ്ങളെ നൽകുകയും ചെയ്തു. ഇതറിഞ്ഞ ഖലീഫ മുആവിയ(റ) പാറാവുകാരനോട് ഇസ്തിഗ്ഫാർ നിർദ്ദേശിക്കാനുള്ള കാരണമെന്തെന്നന്വേഷിക്കാൻ പറഞ്ഞു. അടുത്ത തവണ ഹസൻ(റ) ഖലീഫയെ കാണാൻ വന്നപ്പോൾ പാറാവുകാരൻ തന്നെ ചെന്ന് കാരണമന്വേഷിച്ചു. അവിടുന്ന് പറഞ്ഞു: ‘ഇസ്തിഗ്ഫാർ ചൊല്ലിയാൽ നിങ്ങളുടെ കഴിവുകളെ അവൻ ഇരട്ടിപ്പിച്ചു തരും’ എന്ന് സൂറത്തുൽ ഹൂദിലും ‘നിങ്ങൾക്ക് സന്താനങ്ങളും സമ്പത്തും വർധിപ്പിച്ചുതരും’ എന്ന് സൂറത്തുന്നൂഹിലുമായി ഖുർആൻ പറയുന്നത് നിങ്ങൾ കേട്ടിട്ടില്ലേ!?’ (തഫ്‌സീർ നസഫി 2/67).
ഇത്രയേറെ പവിത്രതയേറിയ ഈ മാസത്തെയും അതിലെ സൽകർമങ്ങളെയും വേണ്ട രൂപത്തിൽ നിർവഹിക്കുകയാണ് നമ്മുടെ ബാധ്യത. പരലോക വിജയമാണല്ലോ എല്ലാവരും ആഗ്രഹിക്കുന്നത്.

അബൂബക്കർ അഹ്‌സനി പറപ്പൂർ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

കുടുംബ ബന്ധത്തിന്റെ വില; വിലാപവും

സാമൂഹിക വ്യവസ്ഥയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത സ്ഥാപനമാണ് കുടുംബം. സുസജ്ജവും ആരോഗ്യപൂർണവുമായ കുടുംബങ്ങളാണ് സമൂഹത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നത്.…

● കെഎംഎ റഊഫ് രണ്ടത്താണി