? നാട്ടിലാകെ കോവിഡ് 19 എന്ന മഹാമാരി പടർന്ന് പിടിച്ചിരിക്കുകയാണല്ലോ? ഇത്തരമൊരു പ്രതിസന്ധിയെ മുസ്‌ലിം സമൂഹം എങ്ങനെയാണ് നേരിടേണ്ടത്? ഇവ്വിഷയകമായി വല്ല പ്രവാചക നിർദേശങ്ങളുമുണ്ടോ? യഥാർത്ഥത്തിൽ പകർച്ചവ്യാധി എന്നത് ഇസ്‌ലാമിക വിശ്വാസ സംഹിത അംഗീകരിക്കുന്നുണ്ടോ?
റഈസുൽ ഉലമ: അതേ, പകർച്ചവ്യാധി ഉണ്ട്. പക്ഷേ അല്ലാഹു വേണ്ടുക വെച്ചാൽ (ഉദ്ദേശിച്ചാൽ) മാത്രമേ ഉണ്ടാവുകയുള്ളൂ. സബബ് (കാരണം) ഉണ്ടാകുമ്പോൾ മുസബ്ബബ് (കാര്യം) ഉണ്ടാകുമല്ലോ? മഴ പെയ്താൽ വെള്ളം താഴോട്ട് ഉറ്റിവീഴും. വീഴൂലാ എന്ന് പറഞ്ഞിട്ട് കാര്യമില്ല. വെള്ളം താഴോട്ട് പതിക്കാനാവശ്യമായ ഭൗതികമായ സബബുണ്ടായി എതാണ് കാരണം. അപ്പോൾ രോഗം ഉണ്ടാവാനുള്ള ഒരു സബബാണ് ആളുകൾ പരസ്പരം കലരുക എന്നുള്ളത്. അതുകൊണ്ട് നമ്മൾ സമ്പർക്കം പരമാവധി ഒഴിവാക്കുക. നാം നിയമങ്ങൾ കൃത്യമായി അനുസരിക്കണം. അതുകൊണ്ട് ഇത്തരം രോഗമുള്ളവരുമായി കലരണ്ട. അവരിൽ നിന്ന് വിട്ടുനിൽക്കുക. ഇതാണ് നബി(സ്വ) തങ്ങൾ പഠിപ്പിച്ചത്. വായും മൂക്കും പൊത്തുക (മാസ്‌ക് ധരിക്കുക), അകലം പാലിക്കുക, കൈ കഴുകുക തുടങ്ങി ഗവൺമെന്റിന്റെ നിർദേശങ്ങൾ നാം പാലിക്കണം. അതെല്ലാം ജാഗ്രതക്ക് നല്ലതാണ്. ഇതൊക്കെ ചെയ്താലും അല്ലാഹുവിന്റെ വേണ്ടുക ഉണ്ടെങ്കിൽ രോഗമുണ്ടാകും. ചെയ്തില്ലെങ്കിലും അല്ലാഹുവിന്റെ വേണ്ടുക ഉണ്ടെങ്കിലേ രോഗമുണ്ടാകൂ. ലോകത്ത് നടക്കുന്ന ഏതൊരു കാര്യവും ഉണ്ടാകുന്നത് അല്ലാഹുവിന്റെ വേണ്ടുക പ്രകാരം മാത്രമാണ്. ചില രോഗങ്ങൾക്ക് കുത്തിവെപ്പ് നടത്താൻ ആവശ്യപ്പെടാറുണ്ട്. അതും വേണ്ട എന്നല്ല ഇതിനർത്ഥം. പരിഹാരക്രിയകൾ ചെയ്യണം. അതെല്ലാം നല്ലതാണ്. നിയമം ധിക്കരിച്ച് ആരും ജീവിക്കരുത്. നിയമം പാലിക്കുകയാണ് വേണ്ടത്. അല്ലാത്തപക്ഷം പലർക്കും രോഗമുണ്ടാവുകയും അതൊക്കെ (അടിസ്ഥാനപരമായിത്തന്നെ) ഇത്തരം കാരണങ്ങൾ കൊണ്ടാണ് എന്ന് ജനങ്ങൾ പറയുന്ന സ്ഥിതി സംജാതമാകും. അതിനിട വരുത്തരുത്.
നിയന്ത്രണങ്ങൾ ആവശ്യമാണ്. നാമത് ഉൾക്കൊള്ളുകയും വേണം. പക്ഷേ, ഈ മഹാമാരി നിമിത്തം ഒരുപാട് നന്മകൾ മുടങ്ങിക്കിടക്കുകയാണ്. അല്ലാഹു എത്രയും പെട്ടെന്ന് ഈ രോഗത്തെ ഉയർത്തിക്കളയട്ടെ. മുസ്‌ലിമിനും അമുസ്‌ലിമിനുമൊന്നും അല്ലാഹു ഈ രോഗം കൊടുക്കാതിരിക്കട്ടെ. രോഗബാധിതർക്ക് അല്ലാഹു ശിഫാഅ് (ശമനം) നൽകട്ടെ…
? രോഗം പകരുകയില്ല (ലാ അദ്‌വ)എന്ന് ഹദീസിൽ ഉണ്ടല്ലോ?
അതേ, ലാ അദ്‌വ എന്ന് ഹദീസിലുണ്ട്. അതിന്റെ വിശദീകരണത്തെക്കുറിച്ച് പണ്ഡിതന്മാർ വ്യത്യസ്ത അഭിപ്രായങ്ങളാണ് പറഞ്ഞിട്ടുളളത്. പ്രകൃത്യാ(സ്വയമേവ) രോഗം പകരുകയില്ല എന്നാണിതിനർത്ഥം. ആദിയായ ഒരു സബബ് (ഭൗതിക കാരണം) എന്ന അർത്ഥത്തിൽ രോഗം പകരുകയില്ല എന്നല്ല. നാം നേരത്തെ വിശദീകരിച്ചതുപോലെ അല്ലാഹുവിന്റെ വേണ്ടുക ഉണ്ടെങ്കിലേ രോഗമുണ്ടാവുകയുള്ളൂ. അല്ലാഹു ഉദ്ദേശിച്ചിട്ടില്ലെങ്കിലും രോഗം പകരും എന്ന വിശ്വാസത്തെയാണ് ഈ ഹദീസിൽ നിഷേധിക്കുന്നത്. ഈ വ്യാഖ്യാനമാണ് തഹ്ഖീഖ് (കൃത്യം).
അദ്‌വ തീരെയില്ല എന്നു പറയാൻ പറ്റില്ല. കാൻസർ പോലെയുള്ള പല രോഗങ്ങളും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടരും എന്ന് ഭയപ്പെട്ടത് കാരണം ശരീരഭാഗങ്ങൾ മുറിച്ചുമാറ്റാറില്ലേ? ഹബീബായ നബിക്ക് അറിയാത്തതായി ഒന്നൂല്ല്യ. ഹഖാഇഖ് (വസ്തുതകൾ) നല്ലോണം അറിയുന്നയാളാണ് ഹബീബായ നബി. രോഗം വ്യാപിക്കുന്നത് നമ്മൾ തന്നെ കാണുന്നുണ്ട്. അപ്പോൾ തിരുനബി(സ്വ) പറഞ്ഞതിന്റെ അർത്ഥം തീരെ അദ്‌വ ഇല്ലാ എന്നല്ല, പ്രകൃത്യാ ഉണ്ടാവുകയില്ല എന്നാണ്. ആദിയായി ഉണ്ടാവുകയില്ല എന്നല്ല. ഒരു നാട്ടിൽ അസുഖമുണ്ടെന്ന് കേട്ടാൽ നിങ്ങൾ അങ്ങോട്ട് പോകേണ്ട. രോഗമുള്ള നാട്ടിൽ നിന്ന് ഇങ്ങോട്ടും വരേണ്ട എന്നു പറഞ്ഞതാരാണ്? അതും നബി തന്നെ. അപ്പോൾ ഇവയിലൂടെയൊക്കെ തിരുനബി(സ്വ) ജനങ്ങളുടെ അറിവുകളെയും വിശ്വാസത്തെയും സംസ്‌കരിക്കുകയാണ് ചെയ്യുന്നത്. ഖുർആൻ നബിയെക്കുറിച്ച് പറഞ്ഞതും അങ്ങനെയാണല്ലോ. അല്ലാഹുവിന്റെ ആയത്തുകൾ ജനങ്ങൾക്ക് ഓതിക്കൊടുക്കുകയും ജനങ്ങളെ സംസ്‌കരിക്കുകയും ചെയ്യുന്നവർ.
? നബി(സ്വ)ക്ക് എല്ലാ ഹഖാഇഖുകളും അറിയാമെന്ന് പറഞ്ഞല്ലോ. ഇത് പറയുമ്പോൾ ഭൗതികവാദികളും പുത്തൻവാദികളും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ഈത്തപ്പഴം പരാഗണം ചെയ്യുന്നവരോട് പരാഗണം ചെയ്തില്ലെങ്കിലും പ്രശ്‌നമില്ല എന്നു പറഞ്ഞു. അതുപ്രകാരം അവരതുപേക്ഷിച്ചു, പക്ഷേ ആ വർഷം വിളവ് കുറഞ്ഞു. ഇതറിഞ്ഞപ്പോൾ നബി(സ്വ) പറഞ്ഞു: ഞാൻ ദീനിന്റെ കാര്യം പറഞ്ഞാൽ നിങ്ങൾ സ്വീകരിക്കുക. ദുനിയാവിന്റെ കാര്യം പറയുമ്പോൾ ഞാനൊരു മനുഷ്യനാണെന്ന് മനസ്സിലാക്കുക. ദുനിയാവിന്റെ കാര്യം നിങ്ങൾക്കാണ് എേന്നക്കാൾ കൂടുതലറിയുക. ഈ ഹദീസിൽ നിന്ന് നബി തങ്ങൾക്ക് ദുനിയാവിന്റെ കാര്യങ്ങൾ മറ്റുള്ളവരുടെയത്ര അറിയുകയില്ല എന്നു വരുന്നില്ലേ?
ഹദീസിന്റെ അർത്ഥം വേണ്ട രൂപത്തിൽ മനസ്സിലാക്കാത്തത് കൊണ്ടുള്ള കുഴപ്പമാണത്. തൗഹീദ് പഠിപ്പിക്കാനാണ് റസൂൽ(സ്വ) വിന്നുള്ളത്. ഏതൊരു കാര്യവും അല്ലാഹുവിന്റെ വേണ്ടുകയുണ്ടെങ്കിലേ സംഭവിക്കുകയുള്ളൂ. അവന്റെ വേണ്ടുകയുണ്ടെങ്കിൽ ആദിയായ ഒരു സബബുമില്ലെങ്കിലും (മറ്റൊരു ഭൗതിക കാരണമില്ലെങ്കിലും) കാര്യം നടക്കും. ഈ വിശ്വാസം തൗഹീദിന്റെ ഭാഗമാണ്. ഇത് പഠിപ്പിക്കാനാണ് നബി വന്നിട്ടുള്ളത്. പരാഗണത്തിന്റെ വിഷയത്തിലും അതുതെയാണ് അവിടുന്ന് പറഞ്ഞതും. അല്ലാതെ നാം നേരത്തെ പറഞ്ഞതുപോലെ ആദിയായ സബബുമായി ബന്ധപ്പെടേണ്ട എന്നല്ല. ഇത് അവർക്ക് ബോധ്യപ്പെടുത്തി കൊടുക്കാനാണ് നിങ്ങൾ പരാഗണം ചെയ്തിട്ടില്ലെങ്കിലും ഖൈർ ഉണ്ടായേക്കാം എന്ന് പറഞ്ഞത്. അതായത് ഈത്തപ്പഴം ഉണ്ടാകുന്നതിന്റെയും ഉണ്ടാവാതിരിക്കുന്നതിന്റെയും യഥാർത്ഥ കാരണം അല്ലാഹുവിന്റെ വേണ്ടുകയാണ്. അവൻ ഉദ്ദേശിച്ചാൽ ഉണ്ടാകും, ഇല്ലെങ്കിൽ ഉണ്ടാവുകയില്ല. അതിനർത്ഥം പരാഗണം ചെയ്യണ്ട എന്നല്ല. രോഗം പ്രകൃത്യാ പകരുകയില്ല എന്നുപറഞ്ഞാൽ സമ്പർക്കം അതിന്റെ ആദിയായ സബബ് (ഭൗതിക കാരണം) അല്ല എന്നർത്ഥമില്ല. സമ്പർക്കം നടത്തിക്കോളൂ എന്നർത്ഥവുമില്ല എന്ന് നാം നേരത്തെ വിശദീകരിച്ചല്ലോ.
? ദീനിന്റെ കാര്യം പറഞ്ഞാൽ സ്വീകരിച്ചാൽ മതി ദുനിയാവിന്റെ കാര്യമാണെങ്കിൽ ഞാനുമൊരു മനുഷ്യനാണെന്ന് മനസ്സിലാക്കിക്കോളൂ എന്നു പറഞ്ഞല്ലോ.
എന്നല്ല നബി(സ്വ) പറഞ്ഞതിന്റെ താൽപര്യം. ഞാൻ പറയുന്നത് ദീനാണ്, തൗഹീദാണ് എന്നായിരുന്നു നിങ്ങൾ മനസ്സിലാക്കേണ്ടിയിരുന്നത്. അതിലെ ദീനിയ്യായ വശം ഉൾക്കൊണ്ട് അത് പ്രാവർത്തികമാക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. അല്ലാതെ വെറും ദുൻയവിയ്യായ ഒരു കാര്യമാണ് ഞാൻ പറഞ്ഞിരുന്നതെങ്കിൽ പരാഗണം നടത്തിയാൽ ഈത്തപ്പഴം കൂടുതലായി ഉണ്ടാകുമെന്ന് അറിയാത്ത ആളൊന്നുമല്ല ഞാൻ. നിങ്ങൾക്കിടയിൽ ജീവിക്കുന്ന, പഴങ്ങളെക്കുറിച്ചും അവയുടെ ലഭ്യതയെക്കുറിച്ചുമെല്ലാം നന്നായറിയുന്ന ഒരു മനുഷ്യൻ തന്നെയാണ് ഞാൻ എന്നാണതിനർത്ഥം.
? നിങ്ങളുടെ ദുനിയാവിനെക്കുറിച്ച് എേന്നക്കാൾ നിങ്ങൾക്കാണ് അറിയുക എന്ന് പറഞ്ഞതോ?
എന്നേക്കാൾ എന്നു പറഞ്ഞിട്ടില്ല. നിങ്ങൾക്ക് ആഖിറത്തിനെ കുറിച്ച് അറിയുന്നതിനേക്കാൾ നിങ്ങളുടെ ദുനിയാവിനെ കുറിച്ച് അറിയില്ലേ. നിങ്ങൾ ഇൽഖാഹ്(പരാഗണം) ചെയ്യുന്ന എല്ലാ വർഷവും ഒരു പോലെയാണോ ഉണ്ടാകുന്നത്? അല്ലല്ലോ. അക്കാര്യം നിങ്ങൾക്ക് നല്ലവണ്ണം അറിയില്ലേ? പരാഗണം ചെയ്താലും ചില വർഷങ്ങളിൽ വിളവ് കുറയാറില്ലേ? അതും നിങ്ങൾക്ക് അറിയില്ലേ? അപ്പോൾ ഇൽഖാഹ് ചെയ്യാത്തത് കൊണ്ടാണ് വിളവ് കുറഞ്ഞത് എന്ന നിങ്ങളുടെ കണ്ടുപിടുത്തം വിശ്വാസക്കുറവാണ്. ഇൽഖാഹ് ചെയ്താലും ആരാണ് ഉണ്ടാക്കുന്നത്. അല്ലാഹു തന്നെ. അപ്പോൾ ഇൽഖാഹ് ചെയ്യാത്തത് കൊണ്ടാണ് വിളവ് കുറഞ്ഞതെന്ന അന്ധവിശ്വാസം തിരുത്തപ്പെടണം. ജനങ്ങളുടെ അറിവിൽ സംഭവിക്കുന്ന കുറവുകളെ തിരുത്തി അവരെ തസ്‌കിയത്തിലേക്ക് മടക്കുകയാണ് ഇവിടെ ഉദ്ദേശ്യം.
ആദരവായ നബി തങ്ങൾക്ക് ഇത്തരം കാര്യങ്ങളൊന്നും അറിയുകയില്ല എന്ന് എങ്ങനെയാണ് പറയുക! നബി തങ്ങൾക്ക് ദീനിന്റെ കാര്യവും ദുനിയാവിന്റെ കാര്യവുമെല്ലാം നന്നായി അറിയും. നാൽപതാമത്തെ വയസ്സിലാണ് പ്രവാചകർ(സ്വ)ക്ക് നുബുവ്വത്ത് ലഭിക്കുന്നത്. അതുവരെ എല്ലാ കാട്ടിലും മേട്ടിലുമൊക്കെ അവിടുന്ന് കടന്നുചെന്നിട്ടുണ്ട്. ഒരു പഴം പറിക്കുകയാണെങ്കിൽ ഇത് എടുത്തോളൂ എന്ന് റസൂൽ(സ്വ) പറയും. ആ കറുത്തത് പറിച്ചോളൂ, അതായിരിക്കും രുചിയുണ്ടാവുക (ഉദാഹരണം) എന്നൊക്കെ നബി തങ്ങൾ പറയും. എല്ലാ വസ്തുക്കളുടെയും പ്രകൃതി റസൂലുല്ലാഹിക്ക് അറിയും.
? കൊറോണ വന്നപ്പോൾ ഭൗതികവാദികൾ ഉന്നയിച്ച ഒരു ചോദ്യം ഇങ്ങനെയാണ്: ഇപ്പോൾ എവിടെപ്പോയി നിങ്ങളുടെ പടച്ചവൻ? നിങ്ങൾ ദുആ ചെയ്തിട്ട് എന്താണുത്തരം കിട്ടാത്തത്?
ദുആക്ക് ഉത്തരം കിട്ടാൻ ചില നിബന്ധനകളൊക്കെയുണ്ട്. ഏറ്റവും പ്രധാനപ്പെട്ടത് ഹലാലായ ഭക്ഷണം കഴിക്കുക എന്നതാണ്. ഇപ്പൊ ഭക്ഷണം ഹലാലായി കിട്ടുക എന്നത് കുറവാണ്. ചോര നന്നാവണം. അതാണിപ്പോ ഇല്ലാത്തത്. ഇന്നത്തെ കാലത്തെ ഭക്ഷണവും സംസാരവും പ്രവൃത്തിയുമൊക്കെ പിഴച്ച കോലത്തിലാണ്. അതുകൊണ്ട് തന്നെ എല്ലാ ദുആക്കും പെട്ടെന്ന് ഉത്തരം കിട്ടിക്കൊള്ളണമെന്നില്ല. അല്ലാഹു കേൾക്കാത്തത് കൊണ്ടല്ല ഉത്തരം കിട്ടാത്തത്; സമയമാകാത്തത് കൊണ്ടാണ്. അതുകൊണ്ട് തൗബ ചെയ്ത് വീണ്ടുംവീണ്ടും ചോദിക്കുക തന്നെ. അപ്പൊ ഉത്തരം കിട്ടും.
? കോവിഡ് കാലത്ത് ചില പള്ളികളിൽ നിന്നൊക്കെ, പ്രത്യേകിച്ചും ഗൾഫ് നാടുകളിൽ സ്വല്ലൂ ഫീ രിഹാലികും എന്ന് വിളിച്ചുപറയുകയുണ്ടായല്ലോ. അതിന്റെ പശ്ചാത്തലമെന്താണ്?
ശക്തമായ മഴയും ചെളിയുമൊക്കെയുള്ള സന്ദർഭങ്ങളിൽ പള്ളിയിൽ പോയാൽ പള്ളി കൂടി വൃത്തികേടാവുന്ന അവസ്ഥയുണ്ടാകും. അതുകൊണ്ട് അത്തരം സന്ദർഭങ്ങളിൽ പള്ളിയിലേക്ക് വരേണ്ടതില്ല എന്നറിയിക്കാനാണ് അങ്ങനെ വിളിച്ചു പറയുന്നത്. കാറ്റും മഴയുമൊക്കെ ജമാഅത്തിനുള്ള ഉദ്‌റു(തടസ്സം)കളാണ്.
? കോവിഡ് കാലത്തേക്കും അത് ബാധകമാണല്ലേ?
സമ്പർക്കം കൊണ്ട് രോഗം പകരാൻ ഇടയുണ്ടെന്ന് അതിനെക്കുറിച്ചറിയുന്നവർ പറയുന്നുണ്ടല്ലോ. അപ്പോൾ പള്ളിയിൽ പോകാതിരിക്കാൻ അതും കാരണമായി (ഉദ്‌റായി).
? അങ്ങനെ പറയുന്നതായി കേട്ടത് ഗൾഫ് പള്ളികളിൽ നിന്നാണ്. കേരളത്തിലെ സുന്നി പള്ളികളിൽ നിന്നൊന്നും അങ്ങനെ വിളിച്ചുപറയുന്നതായി കേട്ടില്ല?
അറബിയിൽ പറയുന്നത് ഗൾഫ് പള്ളികളിൽ നിന്നേ കേൾക്കാനിടയുള്ളൂ. കേരളത്തിലെ പള്ളികളിൽ മലയാളത്തിൽ പറയും: ആരും പള്ളിയിൽ വരേണ്ടതില്ല, വീട്ടിൽ നിന്ന് നിസ്‌കരിച്ചാൽ മതി എന്ന്.
? അപ്പോൾ അത് വാങ്കിന്റെ ഭാഗമല്ലേ?
അത് വാങ്കിന്റെ ഭാഗമല്ല. അതൊരു ഇഅ്‌ലാൻ (അറിയിപ്പ്) മാത്രമാണ്. വാങ്ക് കലിമാതുൻ മഅ്‌ലൂമതാണ് (അറിയപ്പെട്ട വാചകങ്ങൾ).
? ഹയ്യഅലസ്സ്വലാ, ഹയ്യഅലൽ ഫലാഹ് എന്നതിന് പകരമായിട്ടാണല്ലോ അത് ചൊല്ലുന്നത്?
നമ്മുടെ മദ്ഹബിൽ അങ്ങനെയല്ല. വാങ്ക് പൂർണമായി കൊടുത്തതിന് ശേഷമാണ് ഇത് ചൊല്ലേണ്ടത്. ഇടയിൽ പറയുകയാണെങ്കിൽ തന്നെ വാങ്കിന്റെ പദങ്ങളുടെ മുവാലാത്ത് (തുടർച്ച) മുറിയാതെ പറയണം. ഹയ്യഅലസ്സ്വലാ, ഹയ്യഅലൽ ഫലാഹ് എന്നതൊക്കെ വാങ്കിന്റെ അർകാനുകളാണ് (അനിവാര്യ ഘടകങ്ങൾ). അതൊഴിവാക്കാൻ പാടില്ല.
? കൊറോണ കാലത്തെ ഭൗതികവാദിയുടെ ഒരു ചോദ്യം ഇങ്ങനെയാണ്: പടച്ചവനെന്തിനാണ് ഇത്തരം രോഗങ്ങൾ നൽകി മനുഷ്യനെ ഇടങ്ങേറാക്കുന്നത്? അല്ലാഹു കാരുണ്യവാനല്ലേ? കാരുണ്യവാന് ചേർന്നതാണോ ഇതൊക്കെ?
അല്ലാഹുവിന് കാരുണ്യം ചെയ്യൽ മാത്രമല്ല പണി. ഇടങ്ങേറാക്കലും അവന്റെ പണി തെന്നയാണ്. രക്ഷിക്കുന്നതും ശിക്ഷിക്കുന്നതും അവൻ തന്നെ. അല്ലാഹുവിന് രക്ഷിക്കാൻ മാത്രമേ കഴിയുകയുള്ളൂവെങ്കിൽ അവനെ പടച്ചവനെന്ന് വിശേഷിപ്പിക്കാൻ പറ്റുമോ? തെറ്റ് ചെയ്യുന്നവർക്ക് അവരുടെ തെറ്റിൽ നിന്ന് മടങ്ങുവാനും വീണ്ടുവിചാരം നടത്താനുമുള്ള അവസരങ്ങൾ നൽകുകയാണ് ഇതിലൂടെ അല്ലാഹു ചെയ്യുന്നത്. അവൻ പറഞ്ഞില്ലേ: അവർക്ക് നാം വലിയ ശിക്ഷകൾ ഒഴിവാക്കി ചെറിയ ശിക്ഷകൾ നൽകും, അവർ മടങ്ങുന്നതിന് വേണ്ടി എന്ന്. ആഖിറത്തിലേതാണ് വലിയ ശിക്ഷ. ദുനിയാവിലെ ഇത്തരം പരീക്ഷണങ്ങൾ ചെറിയ ശിക്ഷയും.
? അല്ലാഹു എന്തിനാണ് മനുഷ്യനെ പരീക്ഷിക്കുന്നത്? അറിയാത്ത കാര്യങ്ങൾ അറിയാൻ വേണ്ടി നടത്തുന്ന പ്രവൃത്തിയല്ലേ യഥാർത്ഥത്തിൽ പരീക്ഷ? അല്ലാഹുവിന് അതിന്റെ ആവശ്യമെന്താണ്? ഇതാണ് അവരുടെ മറ്റൊരു ചോദ്യം.
പരീക്ഷണമെന്നത് ഭാഷയിലെ ഒരു പ്രയോഗം മാത്രമാണ്. അറിയാത്ത കാര്യം അറിയാൻ വേണ്ടി ചെയ്യുന്ന പ്രവൃത്തി എന്ന അർത്ഥത്തിലല്ല അല്ലാഹു പരീക്ഷിക്കുന്നുവെന്ന് പറയുന്നത്. സൃഷ്ടികളിൽ ഒരു പരീക്ഷണമായി അത് ഭവിക്കാൻ വേണ്ടി എന്നാണതിനർത്ഥം. ഞാൻ മോശമായി ജീവിച്ചത് കൊണ്ടാണ് എനിക്കീ ദുർഗതി ഉണ്ടായതെന്ന് മനുഷ്യൻ മനസ്സിലാക്കണം. അങ്ങനെ അവൻ ആ വൃത്തികേടിൽ നിന്ന് മാറിനിൽക്കണം. ഞാൻ ഈ തെറ്റിൽ നിന്ന് പിന്തിരിയാനായി പടച്ചവൻ എനിക്ക് നൽകിയ ശിക്ഷയാണ് ഇത്. അവന് വിധേയപ്പെട്ട് ജീവിച്ചാൽ അവൻ തന്നെ ഈ ഇടങ്ങേറിൽ നിന്ന് എന്നെ രക്ഷപ്പെടുത്തും. അങ്ങനെ അവൻ അല്ലാഹുവിനെ കൊള്ളെ മടങ്ങും. അപ്പോൾ അവന്റെ വിശ്വാസം നന്നാവും, പ്രവൃത്തിയും നന്നാവും. അങ്ങനെ അല്ലാഹുവിന്റെ ഈ ശിക്ഷ അവനിൽ ഒരു പരീക്ഷണമായി മാറുകയും അതിന്റെ ഫലം അവനിൽ പ്രകടമാവുകയും ചെയ്യും. അപ്പോൾ പരീക്ഷണത്തിന് വേണ്ടി എന്നു പറഞ്ഞാൽ ഒരു പരീക്ഷണം പോലെ മനസ്സിലാക്കി അതിന്റെ ഗുണഫലം അവനിൽ ഉണ്ടാകാൻ വേണ്ടി എന്നാണർത്ഥം.
? മദീനത്ത് ദജ്ജാലും പകർച്ചവ്യാധിയും ഉണ്ടാവുകയില്ല എന്ന് ഹദീസിലുണ്ടെന്നും കൊറോണ വപ്പോൾ അത് തെറ്റാണെന്ന് തെളിഞ്ഞില്ലേ എന്നും ചില നിരീശ്വരവാദികൾ ചോദിക്കുന്നു.
മദീനത്ത് ദജ്ജാലും ത്വാഊനും ഉണ്ടാവുകയില്ല എന്നാണ് ഹദീസിലുള്ളത്. കൊറോണ ത്വാഊനാണെന്ന് ആരാണ് പറഞ്ഞത്. പകർച്ചവ്യാധികളെല്ലാം ത്വാഊനല്ല. പകർച്ചവ്യാധിക്ക് അറബിയിൽ വബാഅ് എന്നാണ് പറയുക. ത്വാഊൻ ഒരു വബാആണ്. എന്നാൽ എല്ലാ വബാഉം ത്വാഊനല്ല. മദീനയിൽ ചില പകർച്ചപ്പനികളൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷേ, ത്വാഊൻ ഇതുവരെ മദീനയിലുണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല.
? ജുമുഅ നിസ്‌കാരമൊക്കെ ഇപ്പോൾ പ്രതിസന്ധിയിലാണല്ലോ? നൂറാൾക്ക് മാത്രമേ ഒരു പള്ളിയിൽ പങ്കെടുക്കാവൂ എന്നാണ് നിയമം. അപ്പോൾ ചെറിയ പള്ളികളിലും ജുമുഅ തുടങ്ങി. ഒരു മഹല്ലിൽ ഒന്നിലധികം പള്ളികളിൽ ജുമുഅ സാധുവാകുമോ?
ഒരുമിച്ചുകൂടാൻ പ്രയാസമായാൽ അങ്ങനെ പല പള്ളികളിൽ ജുമുഅ നടത്തൽ കുഴപ്പമില്ല. പക്ഷേ നാൽപതാളുകൾ വേണം.
? ഒരു പള്ളിയിൽത്തന്നെ പല തവണകൾ പറ്റുമോ?
ശറഇൽ അതിന് വിരോധമില്ലെന്നാണ് എനിക്ക് മനസ്സിലാകുന്നത്. പക്ഷേ ഇപ്പോഴത്തെ നിയമം അതിനെതിരാണല്ലോ? നിയമവിരുദ്ധമായതൊന്നും നമ്മൾ ചെയ്യേണ്ട.
? ഇപ്പോൾ പഠനം മുഴുവൻ ഓൺലൈനിലായിരിക്കുകയാണല്ലോ. മുതഅല്ലിമുകൾക്ക് വല്ല നിർദേശങ്ങളും?
ചെറിയവരാണെങ്കിലും വലിയവരാണെങ്കിലും പഠനം വളരെ പ്രധാനമാണ്. ഫോൺ കൈയിലുണ്ടെന്ന് കരുതി അനാവശ്യങ്ങൾ കാണരുത്. ഗയ്ബതിലാണെങ്കിലും (ഉസ്താദുമാരുടെ അസാന്നിധ്യത്തിൽ) ക്ലാസ് നല്ലവണ്ണം ശ്രദ്ധിക്കണം. അല്ലെങ്കിൽ ദുൻയാവും ആഖിറവും നഷ്ടമാകും. ദുനിയാവിൽ അന്ധനായവനെ ആഖിറതിലും അന്ധനായി കൊണ്ടുവരുമെന്ന് ഖുർആൻ പറഞ്ഞത് ദുനിയാവിൽ ലക്ഷ്യബോധമില്ലാതെ ജീവിച്ച കൂട്ടരെക്കുറിച്ചാണ്.
(ഉസ്താദിന്റെ പഠനകാലത്തെ കുറിച്ച് അടുത്ത ലക്കത്തിൽ)
റഈസുൽ ഉലമ ഇ. സുലൈമാൻ മുസ്‌ലിയാർ/
ഡോ. ഫൈസൽ അഹ്‌സനി രണ്ടത്താണി