നോമ്പ് നിർബന്ധമാക്കുന്നതിന് അല്ലാഹു തിരഞ്ഞെടുത്ത മാസമാണ് വിശുദ്ധ റമളാൻ. മറ്റൊരു മാസത്തിലും വ്രതം നിർബന്ധമാക്കിയിട്ടില്ല. അല്ലാഹുവിന്റെ മാസം, ക്ഷമയുടെ മാസം, മാസങ്ങളുടെ നേതാവ് എന്നിങ്ങനെ തിരുനബി(സ്വ) വിശേഷിപ്പിച്ച മാസമാണിത്. ‘ഏറ്റവും ശ്രേഷ്ഠമായ മാസം റമളാനാകുന്നു. ദുൽഹിജ്ജയിലെ പത്തു ദിനങ്ങളെക്കാൾ അതിനു മഹത്ത്വമുണ്ട്. മാസങ്ങളുടെ നേതാവ് റമളാനാണെന്ന നബിവചനമാണ് ഇതിനാധാരം. അറഫ ദിനമാണ് ഏറ്റവും ശ്രേഷ്ഠ ദിനം. മാസങ്ങളുടെ നേതാവ് റമളാനും ദിവസങ്ങളുടെ നേതാവ് അറഫ ദിനവുമാണ്’ (ഹാശിയതുൽ ജമൽ 2/302).
ഖുർആൻ അവതരിച്ചുവെന്നതാണ് റമളാന്റെ ഏറ്റവും വലിയ സവിശേഷത. ‘നിങ്ങളിലാരെങ്കിലും പ്രസ്തുത മാസത്തിനു സാക്ഷ്യം വഹിച്ചാൽ നോമ്പെടുക്കട്ടെ’ (അൽബഖറ 185) എന്നാണ് ഖുർആനിക പ്രഖ്യാപനം. ഇബ്‌നു അബ്ബാസ്(റ) പറയുന്നു: റമളാൻ മാസത്തിലെ ഖദ്‌റിന്റെ രാവിൽ ലൗഹുൽ മഹ്ഫൂളിൽ നിന്ന് ഒറ്റത്തവണയായി ഇറക്കിയ ഖുർആൻ ഭൗമിക വാനത്തിലെ ബൈത്തുൽ ഇസ്സയിൽ സൂക്ഷിച്ചു. പിന്നീട് ജിബ്‌രീൽ(അ) ഇരുപത്തിമൂന്നു വർഷങ്ങളിലായി സന്ദർഭോചിതം തിരുനബി(സ്വ)ക്ക് അവതരിപ്പിച്ചു കൊടുത്തു (ഇബ്‌നു കസീർ 1/127). മറ്റു മൂന്നു വേദഗ്രന്ഥങ്ങളും റമളാൻ മാസത്തിലാണ് അവതരിപ്പിക്കപ്പെട്ടതെന്ന് ഖുർആൻ വ്യാഖ്യാതാക്കൾ രേഖപ്പെടുത്തുന്നതു കാണാം.
റമളാൻ മാസത്തിൽ സ്വർഗ കവാടങ്ങൾ തുറക്കപ്പെടുകയും നരക വാതിലുകൾ അടക്കപ്പെടുകയും പിശാചുക്കൾ തളക്കപ്പെടുകയും ചെയ്യും (മുസ്‌ലിം 2/758). റമളാൻ മാസത്തോടുള്ള ആദരസൂചകമായാണ് സ്വർഗം അലങ്കരിക്കപ്പെടുന്നത് (മജ്മഉസ്സവാഇദ് 3/142). ഇത്തരമൊരു വിശിഷ്ട മാസത്തിന്റെ പുണ്യം നഷ്ടപ്പെടാതിരിക്കാൻ തിരുദൂതർ സ്വഹാബികളെ മുൻകൂട്ടി ഉത്ബുദ്ധരാക്കുമായിരുന്നു. സൽമാനുൽ ഫാരിസി(റ) നിവേദനം. ശഅ്ബാൻ അവസാനത്തിൽ റസൂൽ(സ്വ) ഞങ്ങളെ അഭിസംബോധന ചെയ്തു പറയും: ജനങ്ങളേ, നിങ്ങൾക്ക് മഹത്തായ മാസം ആഗതമായിരിക്കുന്നു. ഐശ്വര്യപൂർണമായ മാസം, സഹസ്ര മാസങ്ങളേക്കാൾ പുണ്യം നിറഞ്ഞ ഒരു രാവുള്ള മാസം. ഈ മാസത്തിൽ നോമ്പെടുക്കൽ അല്ലാഹു നിർബന്ധമാക്കിയിരിക്കുന്നു. രാത്രി നിസ്‌കരിക്കൽ(തറാവീഹ്) പുണ്യമുള്ളതാണ്. പ്രസ്തുത മാസം ഒരാൾ ഒരു നന്മ ചെയ്താൽ മറ്റു മാസങ്ങളിൽ ഒരു നിർബന്ധകർമം നിർവഹിക്കുന്നതിനു സമാനമാണ്. ഒരു നിർബന്ധകർമം നിർവഹിക്കുന്നവൻ മറ്റു മാസങ്ങളിൽ എഴുപതു ഫർളുകൾ നിർവഹിച്ചവനു തുല്യമാണ്. അത് ക്ഷമയുടെ മാസമാണ്. ക്ഷമയുടെ പ്രതിഫലമോ സ്വർഗവും. അനുകമ്പയുടെ മാസമാണത്. വിശ്വാസിയുടെ ഭക്ഷണം വർധിപ്പിക്കപ്പെടുന്ന മാസം. ആരെങ്കിലും നോമ്പുകാരനെ തുറപ്പിച്ചാൽ അവന്റെ പാപങ്ങൾ പൊറുക്കുകയും നരകത്തിൽ നിന്നു മോചിപ്പിക്കുകയും ചെയ്യും…’ (ഇബ്‌നു ഖുസൈമ 1887).
അത്താഴവും തുറയും
വ്രതമനുഷ്ഠിക്കുന്നവർ ഫജ്‌റിനു മുമ്പ് അത്താഴം കഴിക്കൽ സുന്നത്താണ്. ‘നിങ്ങൾ അത്താഴം കഴിക്കുക. അത്താഴത്തിൽ ഐശ്വര്യമുണ്ട്’ (ബുഖാരി 2/678, മുസ്‌ലിം 2/ 770) എന്ന നബിവചനമാണ് ഇതിനാധാരം. അത്താഴം താമസിപ്പിക്കുന്നതാണ് നബിചര്യ. സ്വുബ്ഹ് വാങ്കു വിളിക്കുന്നതിനു മുമ്പ് അമ്പത് ഖുർആൻ സൂക്തങ്ങൾ ഓതാൻ സമയമുള്ളപ്പോഴായിരുന്നു തിരുദൂതർ അത്താഴം കഴിച്ചിരുന്നത് (ബുഖാരി 2/678, മുസ്‌ലിം 2/ 771).
സൂര്യൻ അസ്തമിച്ചു എന്നുറപ്പായാൽ നോമ്പു തുറക്കാം. സംശയത്തോടെ തുറക്കൽ നിഷിദ്ധം. നോമ്പുതുറ വേഗത്തിലാക്കുന്നതാണ് ഉത്തമം.’ നോമ്പുതുറ വേഗത്തിലാക്കുന്നിടത്തോളം ജനങ്ങൾ നന്മയിൽ നിലകൊള്ളുന്നവരായിരിക്കും’ (തുർമുദി 5/578) എന്ന നബിവചനം ഇതിനെ ദൃഢീകരിക്കുന്നു.
മൂന്ന് ഈത്തപ്പഴം ഉപയോഗിച്ച് നോമ്പ് തുറക്കുന്നതാണ് ശ്രേഷ്ഠകരം. അതില്ലെങ്കിൽ മൂന്നു കാരക്ക. അതുമില്ലെങ്കിൽ മൂന്നിറക്ക് വെള്ളം കുടിക്കുക. അനസ്(റ) നിവേദനം: തിരുനബി(സ്വ) നിസ്‌കരിക്കുന്നതിനു മുമ്പ് ഏതാനും ഈത്തപ്പഴം ഉപയോഗിച്ച് നോമ്പ് തുറക്കും. അതില്ലെങ്കിൽ ഏതാനും കാരക്കകൾ. അതുമില്ലെങ്കിൽ ഏതാനും ഇറക്കു വെള്ളം കുടിക്കും’ (അബൂദാവൂദ് 1/719).
ഉപേക്ഷിച്ചാൽ കൂലി ലഭിക്കുന്നതും പ്രവർത്തിച്ചാൽ നോമ്പ് അസാധുവാകാത്തതുമായ ചില കാര്യങ്ങളുണ്ട്. അമിതമായി വെള്ളം കവിൾ കൊള്ളുക, മൂക്കിൽ വെള്ളം കയറ്റി പിഴിയുക, അനാവശ്യമായി ഭക്ഷണം രുചിക്കുക, തുപ്പുനീർ സംഭരിച്ച് വിഴുങ്ങുക, വികാരം ഉത്തേജിപ്പിക്കുന്ന വിധത്തിൽ ചുംബിക്കുക, ഹിജാമ ചികിത്സ, കളികളിലും വിനോദങ്ങളിലും ഏർപ്പെടുക, മധ്യാഹ്ന ശേഷം ദന്തശുദ്ധി വരുത്തുക എന്നിവ അതിൽ ചിലതാണ്.
പരദൂഷണം, ഏഷണി, വ്യാജം പറയുക, അശ്ലീല ഭാഷണം, ശകാരം തുടങ്ങിയ അനാവശ്യ വാക്കുകളും കർമങ്ങളും വെടിയുക. അവ നോമ്പിന്റെ ഫലവും പ്രതിഫലവും നഷ്ടപ്പെടുത്തും. നബി(സ്വ) അരുളി: വ്യാജ വാക്കും പ്രവൃത്തിയും ഉപേക്ഷിക്കാത്തവർ ഭക്ഷണ പാനീയങ്ങൾ വെടിയുന്നതിൽ അല്ലാഹുവിന് ഒരാവശ്യവുമില്ല’ (ബുഖാരി 2/673).
തറാവീഹ്
റബ്ബിന്റെ സാമിപ്യം കൊതിക്കുന്നവർക്ക് അതു നേടിയെടുക്കാനുള്ള ഏറ്റവും നല്ല സമയമാണ് രാത്രി. തിരുദൂതർ(സ്വ) ദീർഘ സമയം നിസ്‌കാരത്തിൽ മുഴുകി രാത്രിയെ സജീവമാക്കിയിരുന്നു. രാത്രിയിൽ ആരാധനാനിരതരാകുന്നവരെ അല്ലാഹു വളരെ പ്രശംസിച്ചിട്ടുണ്ട്. അവർക്ക് അല്ലാഹു കരുതിവെച്ചിരിക്കുന്നത് കൺകുളിർപ്പിക്കുന്ന പ്രതിഫലമാണ് (അസ്സജദ). അന്ത്യയാമങ്ങൾക്ക് അല്ലാഹു കൂടുതൽ സവിശേഷത കൽപ്പിച്ചിട്ടുണ്ട്. മനസ്സ് ഏകാഗ്രമാവുകയും ആത്മാക്കൾ ആനന്ദം കൊള്ളുകയും ചെയ്യുന്ന ഈ സമയം നാഥനുമായി നന്നായി അടുക്കാൻ സാധിക്കുന്നു. പ്രാർഥനകൾക്ക് ഉത്തരം ലഭിക്കുന്നു. റമളാനിലാകുമ്പോൾ ഫലം ഇരട്ടിക്കുന്നു. നിസ്‌കാരം, ഖുർആൻ പാരായണം, ഇസ്തിഗ്ഫാർ, സ്വലാത്ത്, ദിക്‌റ്, ദുആ എന്നിവയിൽ ഏതു നിർവഹിച്ചാലും ഈ മഹത്ത്വം ലഭിക്കും.
റമളാന്റെ രാവുകളിൽ പ്രത്യേകം സുന്നത്തുള്ള നിസ്‌കാരമാണ് തറാവീഹ്. ഇരുപതു റക്അത്താണിത്. നബി(സ്വ)യുടെയും സ്വഹാബത്തിന്റെയും ചര്യയും (ബൈഹഖി 2/497) പരമ്പരാഗത മാതൃകയും അതാണ്. ‘ആരെങ്കിലും വിശ്വാസപൂർവം അല്ലാഹുവിന്റെ പ്രീതിയാഗ്രഹിച്ച് റമളാനിൽ തറാവീഹ് നിസ്‌കരിച്ചാൽ അവന്റെ പൂർവ പാപങ്ങൾ പൊറുക്കപ്പെടുമെന്ന് റസൂൽ(സ്വ) വാഗ്ദാനം ചെയ്തിട്ടുണ്ട് (ബുഖാരി, മുസ്‌ലിം). അവസാനത്തെ പത്തു രാവുകളിൽ അവൻ പരിധികളില്ലാതെ പ്രതിഫലം നൽകും. തറാവീഹിൽ ഖുർആൻ ഖത്മ് ചെയ്യുന്നതും പുണ്യകരം (അശ്ശർഹുൽ കബീർ 1/404-405).
ഇഫ്ത്വാർ
വ്രതമനുഷ്ഠിക്കുന്നവനു ലഭിക്കുന്ന സമാന പ്രതിഫലം നോമ്പ് തുറപ്പിക്കുന്നവനും ലഭിക്കും (തുർമുദി 3/171). നോമ്പ് തുറക്കുന്ന അവസരത്തിൽ വിശ്വാസികൾ സംഗമിക്കലും പരസ്പരം സ്‌നേഹം പങ്കിടലുമാണ് ഇഫ്ത്വാറിലെ രസതന്ത്രം. നോമ്പ്തുറക്കുള്ള അൽപം ആഹാരപാനീയങ്ങൾ നൽകിയാലും ഇതിന്റെ പ്രതിഫലം ലഭിക്കും. വയറു നിറയെ ആഹാരം നൽകിയാൽ കൂടുതൽ പ്രതിഫലാർഹമാണ്.
പ്രവാചകർ(സ്വ) അരുളി: ‘ആരെങ്കിലും റമളാനിൽ ഒരു നോമ്പുകാരനെ തുറപ്പിച്ചാൽ അതവന്റെ പാപങ്ങൾ പൊറുപ്പിക്കുന്നതും നരകത്തിൽ നിന്നു മോചിപ്പിക്കുന്നതുമാണ്. നോമ്പുകാരന്റെ കൂലിയിൽ നിന്ന് ഒട്ടും കുറയാതെ തുല്യ പ്രതിഫലം തുറപ്പിച്ചവനും ലഭിക്കും.’ അതു കേട്ടപ്പോൾ സ്വഹാബികൾ ചോദിച്ചു: തിരുദൂതരേ, നോമ്പുകാരനെ ഊട്ടാനാവശ്യമായ വിഭവങ്ങൾ ഞങ്ങളിൽ എല്ലാവർക്കും ലഭിക്കുകയില്ലല്ലോ? അവിടുന്ന് മറുപടിയേകി: ‘ഒരു കവിൾ പാലോ ഒരു കാരക്കയോ ഒരിറക്ക് വെള്ളമോ കൊടുത്ത് നോമ്പു തുറപ്പിച്ചവനും റബ്ബ് ഈ പ്രതിഫലം നൽകും. റമളാനിൽ ആരെങ്കിലും നോമ്പുകാരനെ വയറു നിറപ്പിച്ചാൽ അതവന്റെ പാപം പൊറുപ്പിക്കും. റബ്ബ് അവനെ എന്റെ തടാകത്തിൽ നിന്ന് പിന്നീടൊരിക്കലും ദാഹിക്കാത്ത വിധം പാനം ചെയ്യിക്കും. നോമ്പുകാരനു ലഭിക്കുന്ന സമാന പ്രതിഫലം ഒട്ടും കുറയാതെ തന്നെ തുറപ്പിച്ചവനും കിട്ടും (ഇബ്‌നു ഖുസൈമ 3/191).
ഉദാരനാവാം
മുസ്‌ലിം സമുദായത്തിന് അല്ലാഹു ധാരാളം അനുഗ്രഹങ്ങൾ വർഷിച്ച മാസമാണ് റമളാൻ. പതിവിലുപരി നന്മകൾക്ക് പതിന്മടങ്ങു പ്രതിഫലം നൽകുന്നു. കാരുണ്യം ചൊരിയുന്നു. ഖേദം പ്രകടിപ്പിക്കുന്ന പാപികൾക്ക് മാപ്പും നരകമുക്തിയും സമ്മാനിക്കുന്നു. സ്രഷ്ടാവ് പ്രകടിപ്പിക്കുന്ന ഈ ഉദാരത സൃഷ്ടികൾ പരസ്പരവും പുലർത്തേണ്ടതാണ്. അവശ വിഭാഗത്തിന് ആവശ്യാനുസൃതം സാമ്പത്തിക സഹായം നൽകൽ പൊതുവിലും റമളാനിൽ വിശേഷിച്ചും അത്യധികം പ്രശംസനീയവും പ്രതിഫലാർഹവുമാണ്. റമളാനായാൽ തിരുദൂതരുടെ ദാനധർമങ്ങൾക്ക് കാറ്റിന്റെ ഗതിവേഗം കൈവരുമായിരുന്നു (ബുഖാരി 2/672).
വിശപ്പിന്റെ വേദനയും വിഭവത്തിന്റെ മൂല്യവും മനസ്സിലാക്കി സാധുജനത്തോട് അനുകമ്പ പ്രകടിപ്പിക്കാൻ പ്രേരകമാണ് നോമ്പ്. നിർധനർക്ക് ശേഷി പോലെ ദാനം നൽകുമ്പോഴാണ് നോമ്പ് ഫലത്തിൽ പൂർണമാവുക.
ഇസ്‌ലാം നിർബന്ധമാക്കിയ ദാനമാണ് സകാത്ത്. ധനത്തിന്റെ സകാത്ത് നിർബന്ധമാകുന്നതിന് നിശ്ചിത പരിമാണവും വർഷവും തികയേണ്ടതുണ്ട്. നാട്ടിൽ ലഭ്യമായ സകാത്തവകാശികൾക്കാണ് നൽകേണ്ടത്. വർഷം തികയാത്ത മുതലിന് തികയുന്നതുവരെ വരെ പരിമാണം നിലനിൽക്കുമെന്ന പ്രതീക്ഷയുണ്ടെങ്കിൽ അതിന്റെ സകാത്ത് റമളാനിൽ മുൻകൂറായി നൽകി വർധിത പ്രതിഫലം കൈവരിക്കാവുന്നതാണ്. ദാതാവ് സകാത്ത് നൽകാനും സ്വീകർത്താവ് വാങ്ങാനും അപ്പോഴും അർഹരായിരിക്കുകയും വേണമെന്നു മാത്രം.
വർഷം തികയുന്ന സമയത്താണ് പ്രസ്തുത ധനത്തിന്റെ ഉടമ സകാത്ത് നൽകാൻ ബാധ്യസ്ഥനാവുക. അത് റമളാനിലായിക്കൊള്ളണമെന്നില്ല. അതിനാൽ കൂടുതൽ പ്രതിഫലം മോഹിച്ച് റമളാൻ വരെ സകാത്ത് നൽകുന്നത് വൈകിപ്പിക്കുന്നത് ശരിയല്ല. സ്വദഖ റമളാനിൽ വേറെ കൊടുക്കാം, സകാത്ത് സമയമായ ഉടൻ അവകാശികൾക്ക് നൽകട്ടെ എന്നാണ് സമ്പന്നർ ചിന്തിക്കേണ്ടത്. ഇപ്രകാരം പാവങ്ങളുടെ അവകാശം കൈവശം വെച്ച് വല്ല കാരണവശാലും കൈമോശം വന്നാൽ കുറ്റക്കാരാവുമെന്ന് ഓർക്കുക.
നിയ്യത്തോടു കൂടി പള്ളിയിൽ താമസിക്കുന്നതിനാണ് ഇഅ്തികാഫ് എന്നു പറയുക. നേർച്ചയാക്കിയാൽ നിർബന്ധമാകും. എല്ലാ സമയത്തും ഇതു സുന്നത്താണെങ്കിലും റമളാനിൽ, വിശിഷ്യാ അവസാന പത്തിൽ ശക്തമായ സുന്നത്താണ്. തിരുനബി(സ്വ) വഫാത്താകുന്നതുവരെ റമളാനിലെ അവസാന പത്തിൽ ഇഅ്തികാഫ് അനുഷ്ഠിച്ചിരുന്നു. അവിടത്തെ കാലശേഷം പത്‌നിമാരും അങ്ങനെ നിർവഹിച്ചിരുന്നു (ബുഖാരി 2/713, മുസ്‌ലിം 2/830).
അലി സഖാഫി പുൽപറ്റ