rohingya-malayalam

ക്രൂരമായ പീഡനങ്ങൾക്ക് വിധേയരായിക്കൊണ്ടിരിക്കുന്ന വിഭാഗമാണ് റോഹിംഗ്യൻ മുസ്‌ലിംകൾ. മുസ്‌ലിമായതിന്റ പേരിൽ സ്വന്തം നാട്ടിൽ ജീവിക്കാൻ അനുവദിക്കാതെ റോഹിംഗ്യൻ വംശജർ കുടിയിറക്കു ഭീഷണി നേരിടാൻ തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. 1948 മുതൽ ഇത് തുടരുന്നു. പലതരത്തിലുള്ള ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് പിന്നെ നാട്ടിൽ നിന്നു അവരെ പുറത്താക്കാൻ വേണ്ടിയുള്ള കോലാഹലങ്ങൾ നടന്നിട്ടുള്ളത്. ഇതെല്ലാം ചരിത്ര വസ്തുതകളാണ്.

അഹിംസയുടെ വക്താവായി അറിയപ്പെട്ട ശ്രീബുദ്ധന്റെ അനുയായികളായ ബുദ്ധമതക്കാരാണ് തുല്യതയില്ലാത്ത ഈ ക്രൂരവിനോദങ്ങൾ നടത്തുന്നത് എന്ന് പറയുന്നതിൽ വിരോധാഭാസമുണ്ട്. ടിബറ്റൻ മേഖലയിൽ നിന്ന് ചൈന പുറത്താക്കിയപ്പോൾ ദലൈലാമയുടെ നേതൃത്വത്തിലുള്ള ബുദ്ധിസ്റ്റുകൾക്ക് ഇന്ത്യയാണ് അഭയം നൽകിയത്. നമ്മുടെ സമീപ പ്രദേശമായ കർണ്ണാടകയിലേക്ക് ചെന്നാൽ അവിടത്തെ ഹുൻസൂർ, ഹുഷാൽ നഗർ  പ്രദേശത്ത് ആയിരക്കണക്കിന് ഏക്കറുകളുള്ള ഭൂമി നൽകി ഇന്ധിരാഗാന്ധിയുടെ ഭരണകാലത്ത് ബുദ്ധമതക്കാരായ സന്യാസികളെയും ബുദ്ധിസ്റ്റുകളെയും അവിടെ കുടിയിരുത്തിയത് നമുക്ക് കാണാനാകും. ഇന്ത്യ അവർക്ക് സൗകര്യം ചെയ്തുകൊടുക്കുകയായിരുന്നു. ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ അവർക്ക് ഭൂമി നൽകിയിട്ടുണ്ട്. അപ്രകാരം തന്നെ ചേരിചേരാ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ, മതേതരത്വത്തിന്റെ വ്യക്തമായ ഉദാഹരണമായി ലോകത്തിനു മുന്നിൽ തലയുയർത്തിനിന്ന ഇന്ത്യാ രാജ്യം റോഹിംഗ്യൻ മുസ്‌ലിംകളുടെ വിഷയത്തിൽ എടുത്ത നിലപാടുകൾ തികച്ചും രാജ്യത്തിന്റെ അന്തസത്തക്ക് നിരക്കാത്തതാണെന്ന് വ്യക്തമാണ്. അഭയാർത്ഥികളായ ഇന്ത്യയിലെ റോഹിംഗ്യൻ മുസ്‌ലിംകളെ തിരിച്ചയക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനിടയിലാണ് പ്രധാനമന്ത്രിയുടെ മ്യാൻമർ സന്ദർശനമെന്നതും ശ്രദ്ധേയം. അയൽ രാജ്യങ്ങളുമായുള്ള ബന്ധം സുദൃഢമാക്കുന്നതെല്ലാം കരണീയംതന്നെ.

റോഹിംഗ്യൻ മുസ്‌ലിംകൾ വളരെ ക്രൂരമായ പീഡനങ്ങൾക്കാണ് വിധേയമായിക്കൊണ്ടിരിക്കുന്നത്. ചുട്ടുപൊള്ളുന്ന മണൽ പരപ്പിൽ മലർത്തി കിടത്തുക, പൊട്ടിച്ചെറിഞ്ഞ കുപ്പിച്ചില്ലൂകൾക്കുമീതെ കിടത്തി കഴുത്തിൽ കയർ കെട്ടി വലിച്ചിഴക്കുക, പാറക്കല്ലുകൾകൊണ്ട് തല അടിച്ചു പൊളിക്കുക, പരസ്യമായി മൈതാനത്തു നിർത്തി കൈകാലുകൾ കെട്ടിയിട്ട് കഴുത്തറുക്കുക തുടങ്ങിയ ദൃശ്യങ്ങളാണ് മീഡിയകളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വലിയ മാധ്യമ നിയന്ത്രണങ്ങൾക്കിടയിലാണ് ഇതെന്ന് ഓർക്കുക. യാഥാർത്ഥ്യം പതിന്മട്ങ് തീവ്രമായിരിക്കും.

റോഹിംഗ്യൻ മുസ്‌ലിംകളെ തിരിച്ചയക്കുന്നത് ഭരണഘടനക്കും യു എൻ പ്രമേയങ്ങൾക്കും അഥവാ അന്താരാഷ്ട്ര നിയമങ്ങൾക്കും എതിരാണെന്ന വസ്തുത വിസ്മരിക്കരുത്. ശക്തമായ പ്രതിഷേധങ്ങൾക്കുനടുവിലും തിരിച്ചയക്കാനുള്ള തീരുമാനത്തിൽ ഒരു പുനരാലോചനപോലും നടത്തേണ്ടതില്ലെന്നും പുറത്താക്കുന്നതിന് പ്രത്യേക സേന രൂപവത്കരിക്കാനും റോഹിംഗ്യൻ മുസ്‌ലിംകൾ ഉൾപ്പെടെയുള്ള കുടിയേറ്റക്കാരെ സംബന്ധിച്ച് റിപ്പോർട്ട് നൽകാനും നാടുകടത്താനും സംസ്ഥാന അതോറിറ്റികൾക്ക് നമ്മുടെ കേന്ദ്രസർക്കാർ നിർദേശം നൽകിയിരിക്കുകയാണ്.

മ്യാൻമറിൽ നിന്ന് പലായനം ചെയ്തവരുടെ കണക്കുകൾ ഐക്യരാഷ്ട്രസഭ പറത്തുവിട്ടിരുന്നു. അയൽ രാജ്യമായ ബംഗ്ലാദേശിലേക്ക് മാത്രം 1,25,000 റോഹിംഗ്യൻ മുസ്‌ലിംകൾ പലായനം ചെയ്തിട്ടുണ്ടെന്ന് ഐ.ഒ.എം(കിലേൃിമശേീിമഹ ഛൃഴമിശമെശേീി ീള ങശഴൃമശേീി)ന്റെ കണക്കിൽ പറയുന്നു. ഇവർക്കുനേരെയുള്ള കലാപങ്ങൾ അടിച്ചമർത്തണമെന്നാവശ്യപ്പെട്ട് അനേകം രാജ്യങ്ങൾ രംഗത്തെത്തിയതോടെ ആംഗ് സാങ്ങ് സൂകി  സമ്മർദത്തിലായി. റോഹിംഗ്യകൾക്ക് മാനുഷിക പരിഗണനയും വികസന സഹായവും നൽകണമെന്ന് സമാധാന കാംക്ഷികളായ ലോകനേതാക്കൾ ആവശ്യപ്പെട്ടു. അക്രമങ്ങൾ അവസാനിപ്പിക്കാൻ സമ്മർദം ശക്തമാക്കുമെന്ന് ചില രാജ്യങ്ങൾ വ്യക്തമാക്കി. തുർക്കി പോലുള്ള രാജ്യങ്ങൾ വേണ്ട സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ബുദ്ധിസ്റ്റുകൾക്ക് ഭൂരിപക്ഷമുള്ള മ്യാൻമറിൽ റോഹിംഗ്യകൾക്കെതിരെ നടക്കുന്ന അതിഭീകരമായ വംശീയ അതിക്രമങ്ങൾ സൂകി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. രാജ്യത്തെ ന്യൂനപക്ഷ വിഭാഗത്തിനു വേണ്ടി സംസാരിക്കാൻ സൂകി ഇതുവരെ തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയം. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നാൽപതിനായിരത്തിലധികം റോഹിംഗ്യകൾ എത്തിച്ചേർന്നിട്ടുണ്ട്. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് പുറത്താക്കുന്നതിന് ഇന്ത്യ നിരത്തുന്ന ന്യായം. അതേസമയം ഒരു ക്രിമിനൽ കുറ്റകൃത്യങ്ങളിലും ഏർപ്പെടാതെ സാധാരണ തൊഴിൽ ചെയ്ത് ജീവിച്ച് കലാപം കെട്ടടങ്ങിയാൽ തിരിച്ചുപോകുമെന്നും അതുവരെ ഇവിടെ താമസിക്കാൻ അനുവദിക്കണമെന്നുമാണ് റോഹിംഗ്യകൾ താണുകേണപേക്ഷിക്കുന്നത്. കലാപം അവസാനിക്കുന്നതുവരെ അവരെ തിരിച്ചയക്കരുതെന്ന് ഐക്യരാഷ്ട്രസഭ എല്ലാ അംഗരാജ്യങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സമയത്താണ് ഇന്ത്യ അവരെ തിരിച്ചയക്കാനുള്ള തീരുമാനമെടുത്തിട്ടുള്ളത്. ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥികൾക്കുള്ള ഹൈക്കമ്മീഷനിൽ(യു എൻ എച്ച് സി ആർ) രജിസ്റ്റർ ചെയ്തവരാണ് ഇന്ത്യയിലുള്ള അഭയാർത്ഥികളിൽ പകുതിയിലധികവും. ഇതുപ്രകാരം ഐക്യരാഷ്ട്രസഭയുടെ നിർദേശം പാലിക്കാൻ ഇന്ത്യയും ബാധ്യസ്ഥമാണ്.

മ്യാന്മർ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് രാജ്യാന്തര തലത്തിൽ കടുത്ത വിമർശനത്തിനും പ്രതിഷേധത്തിനുമിടയാക്കിയിട്ടുണ്ട്. സൈനിക അക്രമം ശക്തമാക്കിയ സാഹചര്യത്തിൽ ഇപ്പോൾ അവരെ തിരിച്ചയക്കുന്നത് കൂട്ടക്കുരുതിക്ക് വിട്ടുകൊടുക്കലായിരിക്കുമെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും മനുഷ്യസ്‌നേഹികളും സൂചന നൽകിയിട്ടുണ്ട്. മനുഷ്യാവകാശങ്ങൾക്കുവേണ്ടി ലോകമൊട്ടുക്കും നടന്ന പോരാട്ടങ്ങളെ അംഗീകരിക്കുകയും പിന്തുണ നൽകുകയും പീഡിത വർഗങ്ങളോട് എക്കാലവും ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്ത പാരമ്പര്യമാണ് ഇന്ത്യക്കുള്ളത്. ഫലസ്തീനികളോടും ശ്രീലങ്കൻ തമിഴ് വംശജരോടും, ബംഗ്ലാദേശ്, ടിബറ്റൻ അഭയാർത്ഥികളോടും രാജ്യത്തിന്റെ നയം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വംശീയാക്രമണത്തിന് ഇരയായിക്കൊണ്ടിരിക്കുന്ന റോഹിംഗ്യകൾ  രക്ഷാവശ്യാർത്ഥം നമ്മുടെ രാജ്യത്തെത്തിച്ചേരുമ്പോൾ അവർക്ക് മാനുഷിക പരിഗണന നൽകിയെങ്കിലും അഭയം നൽകാനാണ് ജനാധിപത്യ മതനിരപേക്ഷ ഇന്ത്യ തയ്യാറാവേണ്ടത്.

ട്രംപ് നേതൃത്വം നൽകുന്ന അമേരിക്കയിൽ ഇന്ത്യൻ പൗരത്വം കുടിയിറക്കു ഭീഷണി നേരിടുകയും മറ്റു ചില രാജ്യങ്ങളിൽ വിവേചനങ്ങൾക്കും അവകാശധ്വംസനങ്ങൾക്കും ഇരകളായിക്കൊണ്ടിരിക്കുകയാണെന്ന വസ്തുത ഇന്ത്യൻ ഭരണകർത്താക്കൾ മറക്കരുത്.  റോഹിംഗ്യകൾക്കെതിരെ നിലപാടെടുക്കുന്നത് മറ്റു രാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യൻ വംശജർക്ക് നേരെയുള്ള വിവേചനത്തിനും അവഗണനക്കും ശക്തിപകരുക മാത്രമാണുണ്ടാവുക. 99% വരുന്ന റോഹിംഗ്യകളും സമാധാനപരമായി കഴിയുന്നവരാണ്. ബുദ്ധസന്യാസിമാരും സൈന്യവും നടത്തുന്ന വംശീയഹത്യയെ ന്യായീകരിക്കാൻ വേണ്ടിയാണ് റോഹിംഗ്യകളിൽ മൊത്തമായി തീവ്രവാദം ആരോപിക്കുന്നത്.

സമാധാന നൊബേൽ സമ്മാന ജേതാവായ ആംഗ് സാങ് സൂകി ഭരിക്കുന്ന മ്യാന്മറിൽ നിന്നാണ് മുസ്‌ലിംകൾക്കെതിരെ ആസൂത്രിതമായ വംശീയ ഉന്മൂലനത്തിന്റെ വാർത്തകൾ വരുന്നത് എന്നതിൽ വിരോധാഭാസമുണ്ട്. അക്രമിക്കപ്പെടുന്നത് മുസ്‌ലിംകളാണെങ്കിൽ അതു സ്വാഭാവികമായി കാണുന്ന പൊതുധാരണ തിരുത്തപ്പെടേണ്ടതാണ്. ഒരു ജനത അരികുവൽക്കരിക്കപ്പെടുകയും അകറ്റിനിർത്തപ്പെടുകയും ചെയ്യുമ്പോൾ അതൊരു മനുഷ്യാവകാശ പ്രശ്‌നമായാണു കാണേണ്ടത്. ഇതിനെതിരിലുള്ള പ്രതിഷേധങ്ങൾ കേവലം വാക്കുകളിൽ ഒതുങ്ങാനും പാടില്ല.

12 ലക്ഷത്തിലധികം മുസ്‌ലിംകൾ തിങ്ങിത്താമസിക്കുന്ന ഈ ദേശത്ത് കുടിയേറ്റമെന്ന് ആരോപണം നടത്തിയാണ് ബുദ്ധ തീവ്രവാദികൾ നരമേധം തൊഴിലാക്കിയിരിക്കുന്നത്. അഷിൻ വിരാതുവിന്റെ നേതൃത്വത്തിലുള്ള ‘969 ങീ്‌ലാലി’േഉം ക്രൂരമായ അതിക്രമങ്ങൾ അഴിച്ചുവിടുന്നുണ്ട്. സ്വന്തം രാജ്യത്തിന്റെ ഭാഗമായ ഒരു വിഭാഗത്തെ, അവർ രാജ്യത്തെ ഭൂരിപക്ഷ മതത്തിലല്ല വിശ്വസിക്കുന്നത് എന്ന കാരണത്താൽ മാത്രം അന്യരായും അപരരായും മുദ്രകുത്തി രാജ്യത്തുനിന്ന് പുറന്തള്ളാനുള്ള ശ്രമങ്ങളാണ് മ്യാന്മർ ഭരണകൂടത്തിന്റേത്. നിരപരാധികളുടെ ഈ ചോരക്കറ മായ്ച്ചുകളയാൻ മ്യാൻമറിന് ഒരിക്കലും സാധിക്കില്ല.

പ്രധാനമന്ത്രി മ്യാൻമർ സന്ദർശന വേളയിൽ സൂകിയെ വാനോളം പുകഴ്ത്തിയതും റോഹിംഗ്യകൾക്കു നേരെയുള്ള അക്രമങ്ങളെ സംബന്ധിച്ച് മൗനം ദീക്ഷിച്ചതും നമ്മുടെ രാജ്യം നാളിതുവരെ പുലർത്തിവന്ന മൂല്യങ്ങൾക്കും തത്ത്വാധിഷ്ഠിത സമീപനങ്ങൾക്കും എതിരാണെന്നകാര്യം പറയാതിരിക്കാൻ നിർവാഹമില്ല. വംശഹത്യക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോഴും ഇസ്‌റഈൽ മ്യാൻമറിന് ആയുധങ്ങൾ വിൽക്കുന്നത് തുടരുകയാണ്. നൂറിലധികം ടാങ്കുകളും സൈന്യത്തിന് സഞ്ചരിക്കാനുള്ള ബോട്ടുകളും മറ്റായുധങ്ങളും വിൽപന നടത്തിയതായി മനുഷ്യാവകാശ സംഘടനകൾ വെളിപ്പെടുത്തുന്നു. മ്യാൻമർ ഉദ്യോഗസ്ഥരും ആയുധവിൽപ്പനയുടെ കണക്കുകൾ സ്ഥിരീകരിച്ചതായി മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സൈന്യത്തിന്റെ പരിശീലനത്തിൽ ഇസ്‌റാഈലി ആയുധ കമ്പനി ടിഎആർ ഐഡിയൽ കൺസെപ്റ്റ്‌സ് പങ്കാളിത്തം വഹിച്ചിട്ടുണ്ട്. ഇസ്‌റാഈലിലെ മറ്റു സ്ഥാപനങ്ങളും പരിശീലനത്തിന് നേതൃത്വം വഹിച്ചതായി അറിയുന്നു. മ്യാൻമറിനെതിരെ യുഎസ് – യൂറോപ്യൻ യൂനിയൻ ആയുധ കയറ്റുമതി വിലക്ക് നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇസ്‌റാഈൽ ആയുധ ഇടപാട് തുടരുന്നതെന്ന് ഓർക്കണം.

സെമിറ്റിക് വർഗങ്ങളോടുണ്ടായിരുന്ന ചരിത്രപരമായ വിയോജിപ്പുകൾ ഇന്ന് തീവ്രമായ മുസ്‌ലിം വിരോധത്തിലെത്തിനിൽക്കുന്നു എന്ന് വേണം വിലയിരുത്താൻ.  മുസ്‌ലിംകളെ ഒരിക്കലും മനുഷ്യവർഗമായി കാണാൻ പാടില്ലെന്ന അലിഖിത ചിന്താധാരയാണ് യൂറോ – അമേരിക്കൻ ലിബറൽ നയങ്ങളെ അർബുദ സമാനമായി പിടിപെട്ടുകൊണ്ടിരിക്കുന്നത്.

പ്രതീക്ഷക്കൊത്ത് ഉയരാതിരുന്ന പല നൊബേൽ ജേതാക്കളുടെയും വിപരീത കൃത്യങ്ങളുടെ പേരിൽ ഖേദം പ്രകടിപ്പിച്ച് നൊബേൽ കമ്മിറ്റി പ്രതികരണം നടത്തിയ സംഭവങ്ങൾ ചരിത്രത്തിലുണ്ടായിട്ടുണ്ട്. 2009-ലെ നൊബേൽ ജേതാവായ ബരാക് ഒബാമ കമ്മിറ്റി പ്രതീക്ഷിച്ച സ്വപ്‌നങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നുവെന്ന് അന്നത്തെ നൊബേൽ സെക്രട്ടറിയായിരുന്ന ഗീൻ ലുംഡസ്ടാഡ് പരിതപിച്ചത് ഉദാഹരണം. ലക്ഷ്യസാക്ഷാത്ക്കാരത്തിന്റെ ഭാഗമായി നൊബേൽ നേടിയവരെങ്കിലും ജീവിതാന്ത്യംവരെ അതിന്റെ ധർമത്തിൽ നിർദേശിക്കപ്പെട്ട നിർണായക ഘടകങ്ങൾ കാത്തുസൂക്ഷിക്കണം. അത് കൃത്യമായി നിരീക്ഷിക്കപ്പെടുകയും ചെയ്യേണ്ടതാണ്. ഇതൊന്നും സക്രിയമായി നടക്കുന്നില്ലെങ്കിൽ ആ ചടങ്ങിന് നിലയും വിലയുമില്ലെന്ന് പറയേണ്ടിവരും. സൂകിയെയും മറ്റു നൊബേൽ ജേതാക്കളെയും ശാസിക്കാനോ ശിക്ഷിക്കാനോ ഒന്നും നോബൽ കമ്മിറ്റിക്ക് കഴിയുമെന്നും ഈ പറഞ്ഞതിനർത്ഥമില്ല. പൊതുവായി നൽകപ്പെടുന്ന ഇത്തരം വലിയ സാമൂഹിക അംഗീകാരങ്ങൾ കൂടുതൽ ഉത്തരവാദിത്വത്തോടെയും കാര്യശേഷിയോടെയും നടത്തേണ്ടതാണെന്ന വിചാരം രൂപപ്പെടണമെന്നാണ് ഇത്തരം കൃത്യവിലോങ്ങൾ സൂചിപ്പിക്കുന്നത്. ഇതു സാധ്യമായാൽ നൊബേൽ കമ്മിറ്റിയുടെയും ജേതാക്കളുടെയും വിശ്വാസ്യത കൂടുതൽ ബലപ്പെടുത്താനും സാധിക്കും.

എന്തായാലും ചേരിചാരാനയം രൂപീകരിക്കുകയും അതിന് നേതൃത്വം നൽകുകയും ചെയ്തുവന്ന ഇന്ത്യയുടെ സമീപകാല കളംമാറ്റലുകൾ നമുക്കപമാനമാണ്. ഇരകൾക്കൊപ്പം നിൽക്കാനുള്ള ആർജവം കാണിക്കാൻ ഭരണാധികാരികൾക്ക് ധൈര്യമില്ലെങ്കിൽ, നന്നെ ചുരുങ്ങിയത് വേട്ടക്കാരുടെ വിഴുപ്പലക്കലുകാരാവാതിരിക്കാനുള്ള പക്വതയെങ്കിലും നേടിയെടുത്തേ മതിയാകൂ.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ