teen in narcotics- Malayalam

മദ്യ ദുരന്തങ്ങളുടെയും അതുമൂലമുണ്ടാകുന്ന മരണങ്ങളുടെയും കണക്കുകൾ പത്രവാർത്തകളിലൂടെ ദിനവും നമ്മുടെ മുമ്പിലെത്തുന്നു. അതുകണ്ട് നമ്മിൽ പലരും ഞെട്ടുകയും ചിലപ്പോൾ രോഷം കൊള്ളുകയും ചെയ്യുന്നു. ഇതിനുമൊക്കെ എത്രയോ അപ്പുറത്താണ് മയക്കുമരുന്ന് മൂലം പൊലിയുന്ന ജീവിതങ്ങളുടെ അംഗസംഖ്യ. അവരുടെ പ്രായമോ മുപ്പത് വയസ്സിൽ താഴെയുമാണ്. എന്നാൽ മയക്കുമരുന്ന് ദുരന്തങ്ങളുടെ മരണസംഖ്യയുടെ കണക്കെടുക്കാനാവുന്നേയില്ല. ഓരോ ദിവസവും നമ്മുടെ നാട്ടിൻപുറങ്ങളിലും നഗരപ്രദേശങ്ങളിലും മയക്കുമരുന്നിന്റെ ലഹരിയിൽ എരിഞ്ഞൊടുങ്ങുന്നത് കൗമാരപ്രായത്തിലുള്ള നിരവധി കുട്ടികളാണ്.

പുകവലി ശീലം കുറഞ്ഞു വരുമ്പോൾ തന്നെ ലഹരി വസ്തുക്കളുടെ ഉപയോഗം കൂടിവരുന്നതായാണ് കണക്കുകൾ. മദ്യപിക്കുമ്പോൾ വാസനയുണ്ടാകുമെന്ന് ഭയക്കുന്നവർക്കും മയക്കുമരുന്ന് അഭയമായി മാറുന്നുണ്ട്. നേരത്തെ അൻപത് വയസിനുമുകളിലുള്ളവരായിരുന്നു മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി ചികിത്സക്കെത്തിയിരുന്നതെങ്കിൽ ഇന്നവരുടെ പ്രായം പതിനാലാണ്. ബോറഡിമാറ്റാനാണ് 15 ശതമാനം മദ്യപിക്കുന്നത്. 45 ശതമാനം കുട്ടികളും പ്ലസ്ടുതലത്തിലെത്തുമ്പോൾ തന്നെ മാസത്തിൽ അഞ്ചോ ആറോ തവണ മദ്യപിക്കുന്നു. മെട്രോ നഗരങ്ങളിലെ കുട്ടികൾ പ്രതിവർഷം 3500നും 4500നും ഇടയിൽ രൂപ മദ്യപിക്കാനായി ചെലവഴിക്കുന്നു. 40 ശതമാനം പെൺകുട്ടികൾക്കും 15നും 17നും ഇടയിലുള്ള പ്രായത്തിൽ ആദ്യത്തെ മദ്യപാനാനുഭവമുണ്ടാകുന്നു. പ്രണയദിനം, ജന്മദിനം, സെന്റോഫ് മറ്റു ആഘോഷവേളകളിലൂടെയാണ് 70 ശതമാനമാളുകളും മദ്യപാനത്തിന് തുടക്കം കുറിക്കുന്നത്. ഇങ്ങനെ പോകുന്നു ദ അസോസിയേറ്റഡ് ചേംമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ഇന്ത്യയുടെ സോഷ്യൽ ഡവലപ്പ്‌മെന്റ് ഫൗണ്ടേഷൻ നടത്തിയ സർവേയിലെ വിവരങ്ങൾ. പത്ത് ഇന്ത്യൻ നഗരങ്ങളിൽ കേരളത്തിൽ നിന്ന് കൊച്ചിയെയാണ് അവർ ഉൾപ്പെടുത്തിയിരുന്നത്. സർവേയിൽ ഉൾപ്പെട്ടിട്ടില്ലാത്ത കേരളത്തിലെ മറ്റുനഗരങ്ങളുടെ കഥകളും ഇതിൽനിന്നും ഏറെയൊന്നും വിഭിന്നമല്ലെന്ന് സമീപകാലാനുഭവങ്ങൾ പറയുന്നു.

മദ്യപാനത്തേക്കാൾ ഭീകരമാണ് മയക്കുമരുന്നിന്റെ ഉപയോഗം. അതിൽ തന്നെ പുതിയപരീക്ഷണങ്ങൾ നടത്തുകയാണ് കൗമാരക്കാർ. ലഹരിയുടെ മായികലോകത്തേക്കുള്ള വാതായനങ്ങൾ അവർക്കുമുമ്പിൽ മലർക്കെ തുറന്നിട്ടിരിക്കുകയുമാണ്. സംസ്ഥാനത്തെ സ്‌കൂൾ കോളജുകൾ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വ്യാപാരം. വിൽക്കാനും വാങ്ങാനും ഹോൾസെയിലായി കൊണ്ടുവരുന്നതിനും വിദ്യാർഥികൾ. ചരട് വലിക്കാൻമാത്രം അന്തർ സംസ്ഥാന റാക്കറ്റുകൾ. വിപണനത്തിന് ഹൈടെക് സംവിധാനങ്ങളുമായി ഇങ്ങനെയൊരു മാഫിയ ഇവിടെ സജീവമാണെന്നറിയുമ്പോഴും അതിന്റെ ഭീകരാവസ്ഥ രക്ഷിതാക്കൾ വേണ്ടവിധത്തിൽ മനസ്സിലാക്കിയിട്ടില്ല.

 

തുടക്കം വിനോദയാത്രയിൽ

45ശതമാനം കുട്ടികളും അവരുടെ ഒഴിവുവേളകൾ എങ്ങനെ ചെലവഴിക്കുന്നുവെന്ന് രക്ഷിതാക്കൾ അറിയുന്നേയില്ല. വിനോദയാത്രക്കും മറ്റും പോകുന്നതിനിടയിൽ പുഴയിലും കടലിലും കുളിക്കാനിറങ്ങുന്ന കുട്ടികൾ അപകടത്തിൽപെട്ട് മരിക്കുന്നവാർത്ത പത്രങ്ങളിൽ വല്ലാതെ നിറയുന്നു. പക്ഷേ മരണത്തിനിരയാകുന്നവരിൽ മിക്കവരും മദ്യലഹരിയിലാണ് മരണപ്പെട്ടതെന്നകാര്യം മൂടിവെക്കപ്പെടുകയാണ് ചെയ്യുന്നത്. മയക്കുമരുന്നിന് അടിമയായിമാറുന്ന വ്യക്തിക്ക് വിവേകവും ഗുണദോഷ ചിന്താശക്തിയും നഷ്ടപെടുന്നതോടെ അത്യാഹിതങ്ങളിൽ എളുപ്പത്തിൽ ചെന്നുചാടാനുള്ള സാധ്യത ഏറെയാണ്. സാമൂഹിക, കുടുംബ ബന്ധങ്ങളിൽ നിന്നും അകലുന്നതോടെ പരാശ്രയ ജീവിയായി തീരാനും നിർബന്ധിതനാകുന്നു. ലഹരി പദാർഥങ്ങൾ ഉപേക്ഷിക്കുമ്പോഴുണ്ടാകുന്ന പ്രത്യാഘാതങ്ങളെ വൈദ്യശാസ്ത്രപരമായി ചികിത്സിച്ചുമാറ്റാൻ ഇന്ന് സംവിധാനങ്ങളുണ്ട്. വൈദ്യശാസ്ത്ര മനശാസ്ത്ര സംയുക്ത ചികിത്സകൊണ്ട് മാത്രമേ ഒരാൾക്ക് ഈ അവസ്ഥയിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കൂ. മയക്കുമരുന്നിനടിമയാവുകയെന്നത് ഒരുരോഗമാണ്. രോഗിയെ സമാധാനിപ്പിക്കുകയും അയാൾക്ക് നഷ്ടപ്പെട്ടുപോയ ആത്മവീര്യത്തെ വീണ്ടടുക്കുകയും ചെയ്യുക എന്നുള്ളതാണ് സാമൂഹിക ഉത്തരവാദിത്വമുള്ള എല്ലാവരുടെയും ബാധ്യത. പ്രശ്‌നങ്ങളെ പർവതീകരിക്കരുത്. എന്നാൽ ഉള്ള സത്യത്തെ അംഗീകരിക്കുകയും അതെക്കുറിച്ച് ഉണർന്ന് ചിന്തിക്കുകയും ചെയ്യുക.

ബാറുകൾ അടച്ചുപുട്ടുന്ന 2013നുമുമ്പുവരെ കേരളത്തിൽ ആകെ രജിസ്റ്റർചെയ്യുന്ന മയക്കുമരുന്നുകേസുകൾ ആയിരത്തിൽത്താഴെ. എന്നാൽ, 2017ൽ പൊലീസുമാത്രം 7105 കേസ് രജിസ്റ്റർചെയ്തു. എക്‌സൈസ് 1430 കേസും രജിസ്റ്റർചെയ്തു. കേരളത്തിലെത്തുന്ന മയക്കുമരുന്നിന്റെ അഞ്ചിലൊന്നുപോലും പിടിക്കപ്പെടുന്നില്ലെന്ന് എക്‌സൈസും പൊലീസും സമ്മതിക്കുമ്പോഴാണ് ഇതിന്റെ വ്യാപ്തി മനസിലാകുക.

മയങ്ങിക്കിടക്കുന്ന കൗമാരം ‘ബാറുകൾ പൂട്ടിയാലെന്താ… അതിനേക്കാൾ വലിയ ലഹരിയുടെ ലോകത്താണ് നമ്മുടെ മക്കൾ… എന്തുചെയ്യാം. ക്‌ളാസെടുക്കാനല്ല, കോളേജിലേക്ക് പോകാൻപോലും ഭയമാണ്.” പേരുപറയരുതെന്ന് അഭ്യർഥിച്ച് ഒരു കോളേജ് അധ്യാപകൻ നെടുവീർപ്പോടെ പറഞ്ഞ വാക്കുകൾ. ‘അവരുടെ ചുവന്ന കണ്ണുകളിൽ, എന്താണെന്ന് പറയാനാവില്ല.

 

ഇരുളുന്ന കാമ്പസ് കിനാവുകൾ

ലഹരിമരുന്നുകളിലേക്ക് എളുപ്പത്തിൽ വീഴുകയാണ് കുട്ടികൾ. ലഹരിയിൽ ലക്കുകെട്ട് അപകടമുണ്ടാക്കിയ ക്യാമ്പസ് കഥകൾ നിരവധിയുണ്ട്. തിരുവനന്തപുരത്ത് ഒരു കുട്ടിയുടെ ജീവൻപോലും നഷ്ടമാക്കിയത് ഈ ലഹരിയാണ്. ബാറുകൾ പൂട്ടിയശേഷമുള്ള കേരളത്തിലെ സാധാരണ ക്യാമ്പസ്സിലെ അവസ്ഥയാണിത്. രണ്ടുവർഷംമുമ്പ് വടക്കൻ കേരളത്തിലെ ഒരു എൻജിനീയറിങ് കോളേജിലെ വിദ്യാർഥിനിയെ കഞ്ചാവ് സഹിതം പിടികൂടി. ഉന്നത സ്വാധീനത്താൽ കേസൊക്കെ ഒതുങ്ങിപ്പോയെങ്കിലും ക്യാമ്പസ്സുകളിൽ ഇന്നും സുലഭമായി കഞ്ചാവും ബ്രൌൺഷുഗറും കിട്ടുന്നു. ഇപ്പോൾ പുകയ്ക്കുന്ന പൊടികൾക്ക് പകരം എൽസിഡി (ഘഇഉ ഘ്യലെഴശര അരശറ ഉശലവ്യേഹമാശറല) സ്റ്റിക്കറുകളും പ്‌ളാക്‌സ്‌മോ ട്രോക്‌സിമോ (ജഹമഃാീ ഠൃീഃശാീ)പോലുള്ള ഗുളികകളുമാണ്. ബംഗളൂരുവിൽനിന്നാണ് ഇത്തരം ഗുളികകൾ കുട്ടികൾക്ക് ലഭിക്കുന്നത്. ബാറുകൾ പൂട്ടിയതോടെ മണമില്ലാത്ത ഇത്തരം ലഹരിപദാർഥങ്ങൾക്ക് പിറകിലാണ് വിദ്യാർഥികളെന്ന് പൊലീസ് പറയുന്നു. ലഹരി ഉപയോഗിക്കുന്ന വിദ്യാർഥികൾ കളവ്, വാഹനമോഷണക്കേസുകളിൽ കൂടുതൽ ഉൾപ്പെടുന്നതായും പൊലീസ് കണക്കുകൾ.

കഞ്ചാവ് ഒരു കിലോയിൽ കൂടുതലോ ബ്രൌൺഷുഗർ അഞ്ച് ഗ്രാമിൽ കൂടുതലോ ഉണ്ടെങ്കിലേ എൻഡിപിഎസ് പ്രകാരം കേസിന് ശക്തിയുണ്ടാവൂ. ഇതിൽ കുറഞ്ഞ അളവിലാണെങ്കിൽ സ്‌റ്റേഷൻ ജാമ്യത്തിൽ ഇറങ്ങാം. ബാറുകൾ പൂട്ടിയപ്പോൾ കുട്ടികൾ ഈ ‘സുരക്ഷിത താവളത്തിലേക്ക് ‘ മാറിയതും അതുകൊണ്ടുതന്നെ.

 

ലഹരി പകരാൻ മാജിക് കൂണും

ലഹരിയിൽ പുതുവഴി തേടുന്ന യുവതലമുറയെ വലയിലാക്കാൻ മാജിക് കൂണും. കൊടൈക്കനാലിൽ തണുപ്പുള്ള കാലാവസ്ഥയിൽ വളരുന്ന സവിശേഷ ഇനം കൂണാണ് ലഹരി വസ്തുവായി ഉപയോഗിക്കുന്നത്. പച്ചയ്ക്കും ഉണക്കിയും ഉപയോഗിക്കുന്ന കൂണിൽ അടങ്ങിയ സിലോസിബിൻ എന്ന രാസവസ്തുവാണ് ലഹരി പകരുന്നത്. സിലോസിബിൻ ലഹരിനിരോധന പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും കൂൺ എൻഡിപിഎസ് പട്ടികയിൽ ഉൾപ്പെടാത്തതിനാൽ കൈയോടെ പിടിച്ചാലും പ്രതികൾക്കെതിരെ കേസെടുക്കാൻ എക്‌സൈസ് വകുപ്പിനാകില്ല. രാസപരിശോധന നടത്തി ഇതിലടങ്ങിയ രാസവസ്തു പരിശോധിച്ചു മാത്രമേ കേസെടുക്കാനാവൂ. നിലവിൽ കേരളത്തിൽ അതിനുള്ള സംവിധാനമില്ല.

കൊടൈക്കനാലിൽ വിനോദയാത്രയ്ക്ക് പോകുന്ന സംഘമാണ് കൂൺ ലഹരി സംഘത്തിന്റെ പ്രധാന ഇടപാടുകാർ. ലോഡ്ജുകളിൽ മുറിയെടുക്കുന്നവരെ ഇടനിലക്കാർവഴിയാണ് സംഘം സമീപിക്കുക. ഒരു ഡസൻ കൂണിന് 750 രൂപയാണ് വില. തേനിൽ മുക്കിയാണ് ഇവ കഴിക്കുക. ആറെണ്ണം കഴിക്കുമ്പോഴേക്കും ലഹരിക്ക് അടിപ്പെടും. ലഹരി ഒരാഴ്ചവരെ നിലനിൽക്കും എന്നതാണ് ഇതിന്റെ സവിശേഷത. തണുപ്പിൽ മാത്രമാണ് ഇതിന്റെ ലഹരി അനുഭവിക്കാനാവുക. അതിനാൽ ശീതീകരിച്ച മുറിയിലാണ് ഇതിന്റെ ഉപയോഗം. വീണ്കിടക്കുന്ന മരത്തിന്റെ അടിയിലാണ് ഇവ പ്രധാനമായും വളരുന്നത്. കുതിരച്ചാണകത്തിൽ ഇവ മുളപ്പിച്ചെടുക്കുന്നതായും വിവരമുണ്ട്.

എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധനയിൽ മാജിക് കൂണിന് മറ്റ് ലഹരിവസ്തുക്കളേക്കാൾ മാരക ശേഷിയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. തലച്ചോറിന് ഗുരുതര പ്രഹരമേൽപ്പിക്കുന്നതിനാൽ ഇതുപയോഗിച്ചവർക്ക് ഓർമശക്തി പൂർണമായും നഷ്ടപ്പെട്ട് മാനസികനില തകരുന്നു. ഇവർ പിന്നീട് പഴയ അവസ്ഥയിലേക്ക് മടങ്ങിവരുന്നില്ലെന്നും പഠനം തെളിയിക്കുന്നു. ഇത് ആത്മഹത്യയിലേക്കും അക്രമസ്വഭാവങ്ങളിലേക്കും നയിക്കുന്നതായും പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

 

ക്യൂട്ടക്‌സും വൈറ്റ്‌നറും

ഓപ്പിയം, ബ്രൌൺ ഷുഗർ, കഞ്ചാവ് എന്നിവക്ക് പുറമേ പൊതുവിപണിയിൽ സുലഭമായി ലഭിക്കുന്ന പല ഉൽപ്പന്നങ്ങളും പുതുതലമുറ ലഹരിക്ക് ഉപയോഗപ്പെടുത്തുന്നുണ്ട്. ഫെവി ക്വിക്, ഫെവി ബോണ്ട്, ക്യൂട്ടക്‌സ്, വൈറ്റ്‌നർ, പെട്രോൾ, മണ്ണെണ്ണ എന്നിവ പ്‌ളാസ്റ്റിക് പേപ്പറിലോ, ടവലിലോ ആക്കി ആവശ്യാനുസരണം മണംപിടിച്ച് ലഹരി നുണയുന്നവരുണ്ട്. അര ലിറ്ററിലേറെ ലഹരി അരിഷ്ടം കഴിക്കുന്നവരും നിത്യേന മൂന്ന് കുപ്പിയോളം കഫ് സിറപ്പ് അകത്താക്കുന്നവരും ഇവിടെയുണ്ട്. അടുത്തിടെ കണ്ണിനുള്ള തുള്ളിമരുന്നിന്റെ ഉപയോഗവും വർധിച്ചിട്ടുണ്ട്. സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നവരുടെ കണ്ണുകൾ ചുവന്ന് തുടുക്കുന്നത് തടയാൻ തുള്ളിമരുന്ന് കണ്ണിലൊഴിക്കുകയാണ്.

മാനസിക രോഗികൾക്ക് നൽകുന്ന ലൈസർജിക് ആസിഡ് ഡൈത്തിലാമൈഡും (ഹശലെൃഴശര മശെറ റശലവ്യേഹമാശറല) ലഹരിക്ക് ഉപയോഗിക്കുന്നു. മാഹിയിൽനിന്നാണ് ഈ മരുന്ന് കേരളത്തിലെത്തുന്നത്. 150 രൂപയുള്ള മരുന്നിന് കേരളത്തിൽ 1000 രൂപ വരെ ഈടാക്കുന്നു.

 

പേര് വസ്ത്രവിൽപ്പന; ലക്ഷ്യം കഞ്ചാവ്

മോട്ടോർ വാഹനങ്ങളിൽ എത്തി കഞ്ചാവുപൊതികൾ കൈമാറി മിന്നിമറയുന്ന കഞ്ചാവ് വിൽപ്പനക്കാരുടെ കാലം കഴിഞ്ഞു. ജോലി തേടി കേരളത്തിൽ എത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് ഇപ്പോൾ ലഹരി വിൽപ്പനയിലെ പ്രധാന കണ്ണികൾ. വസ്ത്ര വിൽപ്പനക്കാരായി വേഷം മാറി ഇത്തരക്കാർ ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്നതായാണ് എക്‌സൈസ് ഇന്റലിജൻസിന് ലഭിച്ച വിവരം. വസ്ത്രം വിൽക്കാനെന്ന പേരിൽ കറങ്ങി നടക്കുന്ന സംഘം ലഹരിമരുന്നിന് ഇടപാടുകാരെ കണ്ടെത്തും. ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവരെ കേന്ദ്രീകരിച്ചാണ് പ്രധാനവിൽപ്പന. മലയാളികളും ഇവരിൽനിന്ന് ലഹരി വാങ്ങുന്നുണ്ട്. കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും ഇവർ പ്രവർത്തിക്കുന്നതായാണ് വിവരം.

തമിഴ്‌നാട്ടിലെ ഉദുമൽപേട്ട, കമ്പം, തേനി എന്നിവിടങ്ങളിൽനിന്നാണ് കഞ്ചാവ് കേരളത്തിലേക്ക് കൂടുതൽ കൊണ്ടുവരുന്നത്. പുറമെ പാൻമസാലയടക്കമുള്ള ലഹരിവസ്തുക്കളും എത്തുന്നു. വാളയാർ, വേലന്താവളം, നടുപ്പുണി, ഗോപാലപുരം, മീനാക്ഷീപുരം, ഗോവിന്ദപുരം റൂട്ടുകൾ വഴിയാണ് കൂടുതലായും കഞ്ചാവ് എത്തുന്നത്. തമിഴ്‌നാടിന്റെ റൂട്ട് ബസുകൾക്ക് പുറമെ കെഎസ്ആർടിസിയിലും ചില സ്വകാര്യ ബസുകളിലുമായാണ് കഞ്ചാവ് കടത്തികൊണ്ടുവരുന്നത്. ചെറിയ പ്‌ളാസ്റ്റിക് കവറുകളിൽ കഞ്ചാവ് നിറച്ച് ബസിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ചാണ് കടത്ത്.

ആന്ധ്രാപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിൽ നിന്നുള്ളകഞ്ചാവ് ട്രെയിൻവഴി തിരുപ്പൂരിലെത്തിക്കും. അവിടെ നിന്നും ബസ്സുകളിൽ കേരളത്തിലേക്ക് കടത്തും. ആന്ധ്രയിൽ കിലോക്ക് 2500 രൂപയ്ക്കു ലഭിക്കുന്ന കഞ്ചാവ് കേരളത്തിൽ എത്തിച്ചാൽ ഇടനിലക്കാരന് 10,000 രൂപലഭിക്കും. ചെറിയ പാക്കറ്റുകളാക്കി വിറ്റാൽ 50,000 രൂപവരെ ഉണ്ടാക്കാം.

 

കൊറിയർ സർവീസിന്റെ മറവിലും

കഞ്ചാവിന്റെ ഉപയോഗം കൂടിയതുപോലെ നിരോധിക്കപ്പെട്ട പാൻ മസാലകളുടെ ഉപയോഗവും വൻതോതിൽ വർധിച്ചു. മറ്റു സംസ്ഥാനങ്ങളിൽനിന്നും വലിയ തോതിലാണ് ഇവ കടത്തുന്നത്. കൊറിയർ സർവീസിന്റെ മറവിൽ ലഹരിവസ്തു കടത്തുന്നതാണ് വ്യാപകമായ പുതുമാർഗം. ഇങ്ങനെ കടത്തിയ 3,000 പായ്ക്കറ്റ് പുകയില ഉൽപന്നങ്ങൾ കഴിഞ്ഞ ദിവസം കാസർകോട് റെയിൽവേ പൊലീസ് പിടികൂടിയതോടെയാണ് ഇത് പുറത്തായത്. തിരുവനന്തപുരത്തേക്ക് സാധനങ്ങളുമായി പോകുന്ന കൊറിയർ ഏജന്റാണ് വലിയ കാർഡ്‌ബോർഡ് പെട്ടിയിൽ ലഹരിവസ്തുക്കൾ കടത്തിയത്.

 

തീരദേശം വലിയ വിപണനകേന്ദ്രം

തീരദേശമാണ് ലഹരിമാഫിയയയുടെ ഏറ്റവും വലിയ വിപണനകേന്ദ്രം. മദ്യനിരോധനം വന്നതോടെ ഇതു ഇരട്ടിച്ചു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നടന്ന പല വേട്ടകളിലും കഞ്ചാവിനേക്കാൾ വീര്യം കൂടിയ മരുന്നുകൾ കണ്ടെടുത്തിട്ടുണ്ട്. കൊടുങ്ങല്ലൂർ, നാട്ടിക, ചാവക്കാട് തീരദേശങ്ങളിൽ സ്‌കൂൾ വിദ്യാർഥികൾ വരെ കഞ്ചാവ് അടിമകളും വിൽപനക്കാരുമാണ്. മണ്ണാർക്കാട്, ഇടുക്കി പ്രദേശങ്ങളിൽ നിന്നും ഒഡീഷ, ജാർഖണ്ഡ് തുടങ്ങിയിടങ്ങളിൽ നിന്നുമാണ് മയക്കുമരുന്ന്, വിശേഷിച്ച് കഞ്ചാവ് ജില്ലയിലെത്തുന്നത്. കണ്ടശ്ശാംകടവിൽ ലഹരിമാഫിയയെക്കുറിച്ച് പരാതിപ്പെട്ടതിന് സ്ത്രീകളുൾപ്പടെയുള്ളവരെ വീടുകയറി ആക്രമിച്ചതടക്കം പത്തോളം സംഭവങ്ങളാണ് ഒരു വർഷത്തിനുള്ളിൽ വിവിധഭാഗങ്ങളിലുണ്ടായത്. സ്‌കൂളുകൾ കേന്ദ്രീകരിച്ച് വലവിശാൻ പ്രത്യേകസംഘങ്ങളുണ്ട്. വളരെ മാന്യമായി വസ്ത്രധാരണം ചെയ്ത ഇവർ കുട്ടികളുമായി ചങ്ങാത്തം കൂടുകയും ആദ്യം ചെറിയ തോതിൽ മയക്കുമരുന്ന് കലർത്തിയ മിഠായിയും മറ്റും നൽകുകയുമാണ് പതിവ്. പിന്നീട് ഇവർ ഇതു വാങ്ങുന്നതിനുള്ള പണത്തിനായി ലഹരിയുടെ കച്ചവടക്കാരാവുന്നു. പ്രത്യേകതരം റിസ്റ്റ് ബാൻഡുകൾ, ഹെയർബാൻഡുകൾ. ഹെയർസ്‌റൈറൽ എന്നിവയാണ് ലഹരി ശൃംഖലയിൽപെട്ടവർ തിരിച്ചറിയാൻ ഉപയോഗിക്കുന്ന അടയാളങ്ങൾ. ഇതു കുട്ടികൾക്ക് സമ്മാനിക്കലും പതിവാണ്.

 

കൊച്ചി ലഹരിയുടെ ‘ഹബ്’

കഞ്ചാവുമുതൽ ഹാഷിഷ്, കൊക്കെയ്ൻ, ബ്രൌൺഷുഗർ തുടങ്ങി അധോലോകവിപണിയിൽ ഗ്രാമിന് ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരിവസ്തുക്കൾ കൊച്ചിയിലൂടെ ഒഴുകുകയാണ്. 2018ൽ ആകെ 56.84 കിലോ കഞ്ചാവ് പിടിച്ച സ്ഥാനത്ത് കഴിഞ്ഞ വർഷം വർഷം ആദ്യമൂന്നുമാസങ്ങളിൽത്തന്നെ 50 കിലോയോളം കഞ്ചാവ് പിടിച്ചു. 2018ൽ ലഹരിവസ്തുക്കൾ സംബന്ധിച്ച 655 കേസുകളാണ് രജിസ്റ്റർചെയ്തത്. ഇതിൽ 782 പേർ പ്രതികളായി. ആകെ 56.84 കിലോ കഞ്ചാവ് പിടിച്ചു. 112 ഗ്രാം ഹാഷിഷ്, 20 ഗ്രാം കൊക്കെയ്ൻ, 520 മില്ലിഗ്രാം ബ്രൌൺഷുഗർ, 2.88 ഗ്രാം എൽഎസ്ഡി, 165 ആംപ്യൂളുകൾ, 350 ലഹരിമരുന്നു ഗുളികകൾ എന്നിവയും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നതായി ആന്റി നാർക്കോട്ടിക് സെല്ലിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

കർണാടക അതിർത്തി ഗ്രാമമായ ബൈരക്കുപ്പയിൽ നിന്ന് വയനാട്ടിലേക്ക് മദ്യവും മയക്കുമരുന്നും ലഹരി വസ്തുക്കളും ഒഴുകുന്നു. കബനി നദിയിലെ മരക്കടവ് വഴിയാണ് കോഴിക്കോട്, വയനാട് ജില്ലകളിലേക്ക് ലഹരി കടത്ത് വ്യാപകമായത്. ബാറുകൾ പൂട്ടിയതിന് ശേഷം അനധികൃത മദ്യം കൈവശംവെയ്ക്കൽ, വിൽപ്പന, ചാരായവിതരണം, വാറ്റ് നിർമാണം എന്നിവയിൽ ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ മുൻ വർഷത്തേക്കാൾ വൻതോതിലുളള വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് എക്‌സൈസ് അധികൃതർ പറഞ്ഞു.

കഴിഞ്ഞ ആറുമാസത്തിനിടെ 1498 ലിറ്റർ അനധികൃത മദ്യമാണ്എക്‌സൈസ് അധികൃതർ ജില്ലയിൽ പിടികൂടിയത്. കേരളത്തിൽ തന്നെ വിൽക്കുന്ന ഇന്ത്യൻ നിർമിത മദ്യവും കർണാടക, തമിഴ്‌നാട്, മാഹി എന്നിവിടങ്ങളിൽ നിന്നും എത്തിക്കുന്ന അനധികൃത മദ്യവുമാണ് പിടികൂടിയത്. ഈ കാലയളവിൽ 17 കിലോയോളം കഞ്ചാവ്, 1064 ലിറ്റർ വാഷ്, 1885 ലിറ്റർ സ്പിരിറ്റ്, 35 ലിറ്റർ ചാരായം, 80,000 പാക്കറ്റ് ഹാൻസ് ഉൾപ്പടെ നിരവധി മറ്റു ലഹരി ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു.

 

മക്കൾ നമ്മുടേതല്ലാതാവുമ്പോൾ

മാസങ്ങൾക്ക് മുമ്പ് മലപ്പുറം അരിയല്ലൂരിൽ ഒരു ഗൃഹനാഥൻ ജീവനൊടുക്കി. സന്തോഷത്തോടെ ജീവിച്ച കുടുംബത്തിലുണ്ടായ ദുരന്തത്തിന്റെ കാരണം ദുരൂഹമായി. ക്രമേണ നാട്ടുകാർ ആ ഞെട്ടിക്കുന്ന വിവരമറിഞ്ഞു. മകൻ കഞ്ചാവിനടിമയാണെന്നറിഞ്ഞ് പ്രതീക്ഷകൾ നശിച്ചായിരുന്നു ആ അച്ഛൻ ജീവിതമവസാനിപ്പിച്ചത്.

‘ഇവനെ എവിടെയെങ്കിലും പൂട്ടിയിടാമോ….’ 15 തികയാത്ത മകനെ ചൂണ്ടി മലപ്പുറം നഗരവാസിയായ ഒരമ്മ ചൈൽഡ് ലൈൻ പ്രവർത്തകരോട് ചോദിച്ചു. കുടുംബാംഗങ്ങൾ കാൺകെ അശ്‌ളീല വീഡിയോ കാണുന്നതും വിവസ്ത്രനായി നടക്കുന്നതും പതിവാക്കിയ മകൻ ആ അമ്മയുടെ നെഞ്ചിലെ തീരാനോവായിരുന്നു. ഇവിടെയും വില്ലൻ കഞ്ചാവ് തന്നെ. ആറുമാസത്തിലധികമായി കഞ്ചാവിന് അടിമയാണ് മകനെന്ന് ആ അമ്മ അറിഞ്ഞത് കഴിഞ്ഞ ജൂലൈ മാസത്തിലാണ്.

ലഹരിയുടെ വഴികളിൽ മയങ്ങി കുടുംബങ്ങളുടെ താളംതെറ്റിച്ച ഈ രണ്ട് വിദ്യാർഥികളും കഞ്ചാവിൽനിന്ന് മോചനം നേടാനുള്ള ചികിത്സയിലാണ്. കേരളത്തിലങ്ങോളമിങ്ങോളം പുതുതലമുറ ലഹരിയുടെ പുതിയ തലങ്ങൾ തേടി ജീവിതവും ജീവനും ഹോമിക്കുകയാണ്.

 

കണ്ടുപിടിക്കാൻ വഴികളില്ല

സംസ്ഥാനത്ത് പുത്തൻ ലഹരി മരുന്നുകൾ തിരിച്ചറിയാൻ ആവശ്യമായ സൗകര്യങ്ങളില്ലെന്ന് എക്‌സൈസ് വകുപ്പും ചീഫ് കെമിക്കൽ എക്‌സാമിനറും ഹൈക്കോടതിയെ അറിയിച്ചത് കഴിഞ്ഞ മാസമാണ്. ലഹരി മരുന്ന് കേസിലുൾപ്പെട്ട ഒരു ഇതര സംസ്ഥാന തൊഴിലാളി നൽകിയ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് എക്‌സൈസ് നിലപാടറിയിച്ചത്.

ലഹരിമരുന്നുകളുടെ പരിശോധനാഫലം ലഭിക്കാൻ വൈകുന്നത് കേസുകളെ ബാധിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി സിംഗിൾ ബെഞ്ച് എക്‌സൈസ്, ഫോറൻസിക് സയൻസ് ലാബ് അധികൃതർ എന്നിവരുടെ വിശദീകരണം തേടിയിരുന്നു. ഇതിന് മറുപടിയായുള്ള സത്യവാങ്മൂലത്തിലാണ് എക്‌സൈസ് അധികൃതരും ചീഫ് കെമിക്കൽ എക്‌സാമിനറും പുതിയ തലമുറ ലഹരികൾ പരിശോധിക്കാൻ സംസ്ഥാനത്ത് സൗകര്യമില്ലെന്ന് കോതിയെ ബോധിപ്പിച്ചത്.

മയക്കുമരുന്ന് പരിശോധനയ്ക്കുള്ള ഡിറ്റക്ഷൻ കിറ്റുകൾ ലഭ്യമല്ല. മാജിക് മഷ്‌റൂം പോലെയുള്ളവ പരിശോധന വൈകിയാൽ തിരിച്ചറിയാനാവാത്ത വിധം നശിച്ചു പോകുന്ന ലഹരി വസ്തുക്കളാണ്. രാസ പരിശോധനാഫലം ഒരു വർഷത്തിലേറെ വൈകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇതെല്ലാം കുട്ടിക്രിമിനലുകൾക്ക് കൂടുതൽ വളംവെച്ചുകൊടുക്കുന്നു.

 

ജാഗ്രത അത്യാവശ്യമാണ്

 

യുവത്വം നാലുകാലിൽ

കേരളത്തിലെ 75% വിദ്യാർത്ഥികളും ജീവിതത്തിലൊരു തവണയെങ്കിലും ലഹരിയുടെ ആനന്ദം

അനുഭവിച്ചവരാണെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങൾ പുറപ്പെടുവിച്ച വാർത്തകൾ സൂചിപ്പിക്കുന്നത്.

ഇതിൽ, പരമ്പരാഗത ലഹരിവസ്തുക്കളായ മദ്യവുംകഞ്ചാവും മുതൽ ന്യൂജെൻ ലഹരികളായ ഘടഉയും മാജിക് കൂണുകളും വരെ ഉൾപ്പെടുന്നുണ്ടെന്നുള്ളതാണ് വസ്തുത. വേദനാ സംഹാരികൾ, കൂൾ ലിപ്‌സ്, പേപ്പർ കാൻഡി,കഫ്‌സിറപ്പുകൾ, നെയിൽ പോളീഷ്, പെയിന്റ് ആന്റ്ഗം തുടങ്ങി എല്ലാം. എന്താണിനി നമ്മുടെ കുഞ്ഞുങ്ങൾ, ഉന്മാദാവസ്ഥ സൃഷ്ടിക്കാനായി ബാക്കിവെച്ചിരിക്കുന്നത്.

ലഹരി മരുന്നുകളുടെ പ്രവർത്തനം നിമിത്തം കണ്ണുകൾ ചുവക്കുന്നത് പ്രതിരോധിക്കുവാനായി

വിദ്യാർത്ഥികളുപയോഗിക്കുന്ന ‘ഐഡ്രോപ്പു’കളെക്കുറിച്ച് ഡോക്ടർമാരും നൽകുന്നുണ്ട് മുന്നറിയിപ്പുകൾ ആരോഗ്യം തുലച്ചിട്ടാണെങ്കിലും ലഹരി ആസ്വദിക്കാനൊരുങ്ങുന്നവർ സ്വന്തത്തെയും വരും തലമുറയെയും നശിപ്പിക്കുയാണ് ചെയ്യുന്നത്.

 

കോഴിക്കോട് നഗരത്തിൽ മാത്രം നൂറോളം ലഹരി വിതരണ കേന്ദ്രങ്ങളുണ്ടെന്നാണ് പോലീസ് വകുപ്പ് സാക്ഷ്യപ്പെടുത്തുന്നത്. നഗരത്തിലെ വിദ്യാലയങ്ങളും ഹോസ്റ്റലുകളും കേന്ദീകരിച്ചാണ്

സംഘങ്ങളുടെ പ്രവർത്തനം. നഗരങ്ങളിലെ, ചില ‘ഷോപ്പിംഗ് മാളു’കൾപോലും ലഹരി വിൽപ്പനയുടെ രുചിയറിഞ്ഞുകഴിഞ്ഞു. ഇരകളായി തലകുനിക്കപ്പെട്ട നമ്മുടെ കുട്ടികൾ തന്നെ വെളിപ്പെടുത്തുന്ന

ഭീകര യാഥാർത്ഥ്യമാണിത്. ലഹരിയസ്തമിച്ചപ്പോഴുണ്ടായ നൈരാശ്യത്തിൽ, ചൂല്‌കൊണ്ടും, വിറക് കമ്പുകൊണ്ടും പെറ്റമ്മയെ മർദ്ദിച്ചവശയാക്കുന്ന 15 കാരിയും മയക്കുമരുന്നിന്റെയാലസ്യത്താൽ

ക്ലാസ്സുമുറിയിലെയവസാന ബെഞ്ചിൽ തലപൊക്കാനാവാതെ മതികെട്ടുറങ്ങുന്ന 14കാരനും ഉണ്ടാകുന്നത് നമ്മുടെ കൺമുമ്പിലാണ്. ഇതൊന്നും അന്യഗ്രഹജീവികളുടെ അത്ഭുതക്കാഴ്ചകളല്ല. നമ്മുടെയീ കൊച്ചുകേരളത്തിലെ കൊച്ചുകുരുന്നുകളുടെ ജീവിതക്കാഴ്ചകളാണ്.ജാഗ്രത വേണ്ടത് രക്ഷിതാക്കൾക്കാണ്. എന്റെ മകൻ അങ്ങനെ ചെയ്യില്ല എന്ന മനോഭാവം മാറ്റിവെച്ച് നമ്മുടെ സ്വന്തം കുരുന്നുകൾ മയക്കുമരുന്നിന്റെ മയക്കത്തിലേക്ക് ആണ്ടുപോകുന്നത് തിരിച്ചറിയാതെ പോകരുത്. അതിനുവേണ്ട മുൻകരുതലുകളും ജാഗ്രതയും ഉണ്ടാവണം.

You May Also Like
narcotics-malayalam

മതത്തെയും മഥിക്കുന്ന ലഹരി

ബുദ്ധി നൽകി അല്ലാഹു ആദരിച്ച ജീവിയാണ് മനുഷ്യൻ. മറ്റ് ജീവികളിൽ നിന്ന് അവനെ വേറിട്ട് നിറുത്തുന്നതും…

● അബ്ദുറഹ്മാൻ ദാരിമി സീഫോർത്ത്
Abuse of Narcotic

ലഹരിയില്‍ പുകയുന്ന ബാല്യങ്ങള്‍

സമയം രാവിലെ എട്ടു മണി. ഉദിച്ചുയരുന്ന സൂര്യകിരണത്തിനു നന്നേ ചൂട് കുറവ്. ദില്ലിയിലെ ഊടുവഴികളില്‍ തിരക്കേറിവരുന്നു.…

● പിഎസ്കെ മൊയ്തു ബാഖവി മാടവന
shaikh Rifaee R- malayalam

രിഫാഈ ശൈഖ്-2; ശൈഖ് രിഫാഇ(റ)യുടെ ആത്മീയ സാരഥ്യം

ശൈഖ് രിഫാഈ(റ) കുട്ടിപ്രായത്തിൽ സന്ദർശിച്ചിരുന്ന ഗുരുവര്യൻമാരിൽ പ്രധാനിയാണ് ശൈഖ് അബ്ദുൽമാലികിൽ ഖർനൂബി(റ). ഇടക്കിടെ അദ്ദേഹത്തിന്റെ പർണശാലയിൽ…

● അലവിക്കുട്ടി ഫൈസി എടക്കര