പ്രവാചക സ്നേഹത്തിന്റെ പ്രവിശാല ലോകത്ത് അനേകം രചനകൾ നടത്തി വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ സ്വൂഫി പണ്ഡിതനും ഗ്രന്ഥകാരനുമായ അഅ്ലാ ഹസ്റത് എന്ന പേരിൽ വിശ്രുതനായ ഇമാം അഹ്മദ് റസാഖാൻ ബറേൽവി (ക്രി. 1856-1921)യുടെ മാസ്റ്റർപീസ് കാവ്യമാണ് ലാകോം സലാം.
ഉത്തരേന്ത്യൻ മുസ്ലിംകളിൽ ആദർശ ബോധവും ഇസ്ലാമിക സംസ്കാരവും സന്നിവേശിപ്പിക്കുന്നതിൽ മഹാനവർകൾ കാണിച്ച ഔത്സുക്യം എടുത്തു പറയേണ്ടതാണ്. പ്രവാചക സ്നേഹത്തിലൂടെ അറിവും വിശ്വാസദാർഢ്യവും പകർന്ന് വ്യതിയാന ചിന്തകളെ ഫലപ്രദമായി പ്രതിരോധിച്ച സ്വൂഫി പണ്ഡിതനാണദ്ദേഹം. വഹാബിസം ഉത്തരേന്ത്യയിൽ ചുവടുറപ്പിക്കാൻ ശ്രമിച്ചപ്പോൾ ഉടനടി ജനങ്ങളിൽ ബോധവത്കരണം നടത്താൻ അദ്ദേഹം കാണിച്ച ബദ്ധശ്രദ്ധ ശ്രദ്ധേയം തന്നെ.
അനിതര സാധാരണമായ സർഗാത്മകതയും വേറിട്ട ശൈലിയും കൈമുതലാക്കിയ മഹാനവർകൾ ഭാഷാ ശാസ്ത്രം, കർമശാസ്ത്രം, നിദാന ശാസ്ത്രം, ചരിത്രം, ഖണ്ഡനം തുടങ്ങിയ വിഷയങ്ങളിൽ നൂറുകണക്കിന് ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.
നൂറ്റി എഴുപത്തിയൊന്ന് വരികളിലായി നബിയിമ്പത്തിന്റെ കടലിരമ്പം തീർത്ത ഈ കാവ്യത്തിന്റെ ആരംഭം തന്നെ ‘കാരുണ്യത്തിന്റെ ജീവാത്മാ’വിന് ലക്ഷോപലക്ഷം സലാം, സന്മാർഗത്തിന്റെ കെടാവിളക്കിനു ലക്ഷോപലക്ഷം സലാം’ എന്നാണ്. വി. ഖുർആനിൽ നബി(സ്വ)യുടെ പ്രധാന സ്വഭാവമായി പരിചയപ്പെടുത്തിയ കാരുണ്യ പരാർശമാണ് പ്രഥമമായി കവി ചേർക്കുന്നത്. ‘ലോകർക്ക് കാരുണ്യമായിട്ടല്ലാതെ അങ്ങയെ നാം അയച്ചിട്ടില്ല.’ (17/107) ‘തീർച്ചയായും നാം (ദൂതന്മാരെ) നിയമിച്ചു കൊണ്ടിരിക്കുന്നു. താങ്കളുടെ രക്ഷിതാവിൽ നിന്നുള്ള ഒരു കാരുണ്യമാണത്.’ (25/5-6) ‘അവരോട് നബി(സ്വ) സദാചാരം കൽപ്പിക്കുകയും ദുരാചാരത്തിൽ നിന്ന് വിലക്കുകയും ചെയ്യുന്നു. അവർ അവർക്കത് നല്ല വസ്തുക്കൾ അനുവദനീയമാക്കുകയും ചീത്ത വസ്തുക്കൾ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവർക്കുണ്ടായിരുന്ന വിലങ്ങുകളും അവർ ഇറക്കിവെക്കുകയും ചെയ്യുന്നു.’ (9/157) തുടങ്ങിയ തിരുനബി(സ്വ)യുടെ കാരുണ്യ സ്പർശങ്ങൾ പരാമർശിക്കുന്ന സൂക്തങ്ങളുടെ ആശയമാണ് റസാഖാൻ ആദ്യം തന്നെ രേഖപ്പെടുത്തുന്നത്.
തിരുനബി(സ്വ) വിശുദ്ധ ഹറമിന്റെ രാജാവും സ്വർഗത്തിന്റെ നേതാവും പാപികളുടെ ശുപാർശകനുമാണെന്ന് പറഞ്ഞു തുടരുന്ന അദ്ദേഹം അവിടുത്തെ മറ്റുള്ള അമാനുഷികതകളിലേക്കാണ് നീങ്ങുന്നത്. മുഅ്ജിസതുകളിൽ പ്രധാനമായ ഇസ്രാഉം മിഅ്റാജുമാണ് ആദ്യ വർണനയിൽ വിരിയുന്നത്. നബി(സ്വ) ഒരു സാധാരണ മനുഷ്യനല്ലെന്നും രാത്രിയുടെ അൽപ്പ സമയത്തിനുള്ളിൽ മസ്ജിദുൽ ഹറാമിൽ നിന്ന് മസ്ജിദുൽ അഖ്സയിലേക്കും അവിടെ നിന്ന് ഏഴ് ആകാശങ്ങളിലേക്കും അതിനുമപ്പുറത്തേക്കും സഞ്ചരിച്ച് തിരിച്ചുവരാൻ സാധാരണ മനുഷ്യന് കഴിയില്ലെന്നും ബോധ്യപ്പെടുത്തി തിരുനബി(സ്വ)യുടെ സവിശേഷത വ്യക്തമാക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. ജിബ്രീൽ(അ)ന്റെ കൂടെ സഞ്ചരിക്കാൻ സാധിച്ചതു കൊണ്ട് നബി(സ്വ)യുടെ ശാരീരിക ശക്തിയും സാധാരണമല്ലെന്ന് ബോധ്യപ്പെടുത്തുന്നു.
ഭാവനയുടെ ഒഴുക്കോടൊപ്പം ആഖ്യാന ശൈലിയുടെ അലങ്കാരമാണ് ലാഖോം സലാമിനെ ഇതര കീർത്തനങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. മുത്ത് നബി(സ്വ) വാനലോകത്തെ സൗന്ദര്യവും ഭൗമിക ലോകത്തെ സുഗന്ധവുമാണെന്ന് പരിചയപ്പെടുത്തുന്ന അദ്ദേഹം ചന്ദ്രനെ പിളർത്തിയ സംഭവവും അസ്തമിച്ച സൂര്യനെ തിരികെ വിളിച്ചു വരുത്തിയ അത്ഭുതവും നന്നായി വർണിക്കുന്നുണ്ട്. തിരുനബി(സ്വ)യുടെ പ്രവാചകത്വം അംഗീകരിക്കണമെങ്കിൽ വ്യക്തമായ ദൃഷ്ടാന്തം കാണിച്ചു തരണമെന്ന് അവിശ്വാസികൾ ശഠിച്ചപ്പോൾ ചന്ദ്രൻ പിളർന്ന ചരിത്രമാണ് ഈ വരിയിലെ പ്രതിപാദനം. ‘ആ സമയം അടുത്തു. ചന്ദ്രൻ പിളരുകയും ചെയ്തു.’ (സൂറതുൽ ഖമർ 1) എന്ന ഖുർആൻ സൂക്തവും ഇമാം മുസ്ലിം (റ) റിപ്പോർട്ട് ചെയ്യുന്ന ‘നബി(സ്വ)യുടെ കാലത്ത് ചന്ദ്രൻ രണ്ടായി പിളർന്നു. അവരോട് നബി(സ്വ) പറഞ്ഞു: നിങ്ങൾ സാക്ഷികളാവുക തുടങ്ങിയ ഹദീസുകളുമാണ് ഇവിടെ കവിതയായി വിരിയുന്നത്. അലി(റ)വിന്റെ മടിയിൽ തല വെച്ച് നബി(സ്വ) ഉറങ്ങിപ്പോയതു നിമിത്തം ഒരു ദിവസത്തെ അസ്വർ ഖളാആയപ്പോൾ മഹാനവർകൾക്ക് വിഷമം തോന്നുകയും ഉറക്കത്തിൽ നിന്നെഴുന്നേറ്റ നബി(സ്വ) കാര്യം മനസ്സിലാക്കി, സൂര്യനെ തിരിച്ചു വിളിച്ച് അലി(റ)വിന്റെ നിസ്കാര ശേഷം വീണ്ടും അസ്തമിപ്പിക്കുകയും ചെയ്ത സംഭവമാണ് ഈ വരിയിലെ മറ്റൊരു വിവരണം.
പ്രവാചകാനുരാഗത്തിന്റെ തീവ്രത ജനമനങ്ങളിൽ സൃഷ്ടിക്കപ്പെടാൻ പ്രമാണബദ്ധമായ വിവരണം കൂടി അനിവാര്യമാണെന്നു മനസ്സിലാക്കിയ കവി നവീന വാദികളുടെ സുന്നത്ത് പിൻപറ്റലാണ് പ്രവാചക സ്നേഹമെന്ന വികല വാദത്തിന്റെ മുനയൊടിക്കുന്നുമുണ്ട്. നബി(സ്വ)യുടെ അദൃശ്യജ്ഞാനവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന ആരോപണങ്ങൾക്ക് അക്കമിട്ടു മറുപടി പറയാനും തന്മൂലം തിരുനബി(സ്വ)യുടെ മഹനീയ വ്യക്തിത്വം മാലോകർക്കു മുന്നിൽ തുറന്നു കാട്ടി അവിടത്തോടുള്ള സ്നേഹം ഊട്ടിയുറപ്പിക്കുകയാണ് റസാഖാൻ ചെയ്യുന്നത്. ‘അദൃശ്യങ്ങളറിയുന്ന നബി(സ്വ)’യെന്ന എടുത്തു പറച്ചിൽ ‘അല്ലാഹു അദൃശ്യകാര്യങ്ങളറിയുന്നവനാണ്. അവൻ ഇഷ്ടപ്പെട്ട പ്രവാചകനല്ലാതെ അദൃശ്യജ്ഞാനം വെളിപ്പെടുത്തുകയില്ല.’ (72/27) തുടങ്ങിയ ഖുർആനിക സൂക്തങ്ങളുടെ വെളിപ്പെടുത്തലാണ്.
സത്യവിശ്വാസികളുടെ മഹാ നേതാവ് സർവരോടും കൃപയും കരുണയുമുള്ളവരാണെന്നും നിരാശ്രയരുടെ അത്താണിയാണെന്നും കവി ഊന്നിപ്പറയുന്നുണ്ട്. ആദ്യമായി ദിവ്യസന്ദേശമിറങ്ങിയപ്പോൾ ഭയന്ന് നബി(സ്വ)യെ ബീവി ഖദീജ(റ) സമാശ്വസിപ്പിച്ചതിങ്ങനെയാണല്ലോ: ‘അല്ലാഹുവാണ് സത്യം. അല്ലാഹു അങ്ങയെ ഒരിക്കലും പരാജയപ്പെടുത്തുകയില്ല. കാരണം അങ്ങ് കുടുംബ ബന്ധങ്ങൾ ചേർക്കുകയും അശരണരെ ഏറ്റെടുക്കുകയും ദരിദ്രർക്കു നൽകുകയും അതിഥികളെ സൽക്കരിക്കുകയും സത്യമാർഗങ്ങളിൽ സഹായിക്കുകയും ചെയ്യുന്നു.’
മുത്ത് നബി(സ്വ) ഉടയ തമ്പുരാന്റെ അനുഗ്രഹമാണെന്നും സർവ ലോകർക്കും പ്രതീക്ഷയാണെന്നും വ്യക്തമാക്കുന്ന കവി പ്രവാചകാനുരാഗത്തിന്റെ നിദാനം സ്പഷ്ടമാക്കുക കൂടിയാണ് ചെയ്യുന്നത്. ‘തീർച്ചയായും സത്യവിശ്വാസികളിൽ നിന്നു തന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവർക്ക് നൽകിയിട്ടുള്ളത്.’ (3/164)
സമീപത്തുള്ളതും വിദൂരത്തുള്ളതും കേൾക്കുന്ന നേതാവ് മുത്ത് നബി(സ്വ)യെന്ന പ്രസ്താവനയിലൂടെ അവിടുത്തെ ശ്രവണ വിശേഷങ്ങളിലേക്കാണ് കവി വെളിച്ചം വീശുന്നത്. അബൂദർറ്(റ)വിൽ നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ‘നിശ്ചയം നിങ്ങൾ കാണാത്തതു ഞാൻ കാണുന്നുണ്ട്. നിങ്ങൾ കേൾക്കാത്തത് ഞാൻ കേൾക്കുന്നുണ്ട്. ആകാശം ഇപ്പോൾ ഒരു ശബ്ദം പുറപ്പെടുവിച്ചു. ആകാശത്തിന് അതിനുള്ള അവകാശവുമുണ്ട്. ആകാശത്ത് മലക്കുകൾ സുജൂദിൽ വീഴാത്തതായി നാലു വിരൽ വെക്കാനുള്ള സ്ഥലം പോലുമില്ല.’ (തുർമുദി)
തിരുനബി(സ്വ)യുടെ സവിശേഷതകൾ എണ്ണിപ്പറഞ്ഞ കവി അവിടുത്തെ പ്രധാന സ്വഭാവമായ ശുപാർശയെപ്പറ്റിയാണ് പിന്നീട് സംസാരിക്കുന്നത്. ഇതര നബിമാരിൽ നിന്ന് വ്യത്യസ്തമായി അവിടുത്തെ സമുദായത്തിനു വേണ്ടി നബി(സ്വ) പ്രത്യേകം ശ്രദ്ധ ചെലുത്തുന്നത് കൂടി വരികളിൽ നിന്ന് വായിക്കാവുന്നതാമ്. ഇമാം മുസ്ലിം (റ) നിവേദനം ചെയ്ത ഒരു ഹദീസിൽ കാണാം: അബൂഹുറയ്റ(റ) പറയുന്നു: നബി(സ്വ) പറഞ്ഞു: ‘ഓരോ നബിക്കും ഉത്തരം ലഭിക്കുന്ന ഒരു പ്രാർത്ഥനയുണ്ട്. എല്ലാവരും ആ പ്രാർത്ഥന ദുനിയാവിൽ വെച്ച് ഉപയോഗപ്പെടുത്തിക്കഴിഞ്ഞു. എന്റെ പ്രാർത്ഥന അന്ത്യദിനത്തിൽ എന്റെ സമുദായത്തിനു വേണ്ടി ശുപാർശക്ക് മാറ്റി വെച്ചിരിക്കുന്നു. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം എന്റെ സമൂഹത്തിലെ ശിർക്ക് ചെയ്യാത്തവർക്ക് അത് ലഭിക്കുന്നതുമാണ്.’ (സ്വഹീഹ് മുസ്ലിം 296)
സാധാരണമായി ഒരാൾ സ്നേഹിക്കപ്പെടാനുള്ള സർവ ഗുണങ്ങളും മുത്ത് നബിയിലുണ്ടെന്ന് പറയാനുള്ള ശ്രമം കവി തുടരുന്നതായാണ് ശേഷമുള്ള വരികളിൽ നിന്ന് വ്യക്തമാകുന്നത്. അവിടുത്തെ ആകാര സൗഷ്ടവവും അംഗലാവണ്യവും ഏതൊരാളെയും അതിശയപ്പെടുത്തുന്നതാണെന്ന് കവി സൂചിപ്പിക്കുന്നുണ്ട്. മുത്ത് നബിയെ പറ്റി അബൂബക്ർ(റ)വിന്റെ പ്രസ്താവന ഇതോടൊപ്പം ചേർത്തു വായിക്കേണ്ടതാണ്. ‘നബിതങ്ങൾ അതികായനോ ഹ്രസ്വകായനോ ആയിരുന്നില്ല. പ്രത്യുത, ചുവപ്പുകലർന്ന വെളുത്ത നിറവും ഒത്ത ശരീരവുമുള്ള വ്യക്തിയായിരുന്നു. നീട്ടി വളർത്താത്ത ഒതുങ്ങിയ മുടി, തെളിമയുള്ള നെറ്റിത്തടം, നീണ്ട മൂക്ക്, മൃദുലമായ കവിൾതടങ്ങൾ, അകന്ന പല്ലുകൾ, കറുത്ത കൺമണികൾ, വെള്ളിക്കിണ്ടി പോലെയുള്ള കഴുത്ത് എന്നിവ നബി(സ്വ)യുടെ സവിശേഷതയായിരുന്നു. അവിടുത്തെ രണ്ട് ചുമലുകൾക്കിടയിൽ പ്രവാചക മുദ്രയുണ്ടായിരുന്നു.’ (തുർമുദി)
‘റോസോപൂവിന്റെ ദളങ്ങൾ പോലെ പരിമളം പരത്തുന്ന ചുണ്ടുകൾ’ എന്ന് നബി(സ്വ)യെ കുറിച്ചുള്ള കവിയുടെ പരാമർശം അവിടുത്തെ ശാരീരിക സൗന്ദര്യത്തിന്റെ വർധനവാണ് തെളിയിക്കുന്നത്. പ്രസന്നമായ മുഖം, നീളമുള്ള കറുപ്പ് കൺപീലികൾ, വളഞ്ഞു നീണ്ട പുരികം, ആകർഷണീയ സംസാരം, നിവർന്ന ശരീരഘടന എന്നിങ്ങനെയുള്ള വ്യക്തിസൗന്ദര്യത്തിന്റെ സർവതലങ്ങളെയും സ്പർശിക്കുന്ന വിധത്തിലായിരുന്നു നബി(സ്വ)യുടെ ശരീരഘടന.
മുത്ത് റസൂൽ(റ)യുടെ മുഖസൗന്ദര്യ വർണനക്കു ശേഷം അവിടുത്തെ ശബ്ദ സൗന്ദര്യത്തെ കുറിച്ചാണ് കവി വാചാലനാവുന്നത്. പ്രവാചകർ(സ്വ)യുടെ വാക് ചാതുരിയും സാഹിത്യസമ്പുഷ്ടമായ ശൈലിയും ആരെയും അതിശയപ്പെടുത്തുന്നതായിരുന്നല്ലോ. നബി(സ്വ)യുടെ സംസാരത്തിന്റെ ആകർഷകത്വത്തെ സംബന്ധിച്ച് ഇമാം ഗസ്സാലി രേഖപ്പെടുത്തിയതിന്റെ സംക്ഷിപ്തം ഇങ്ങനെ വായിക്കാം: ‘ജനങ്ങളിൽ ഏറ്റവും മധുരമായും സാഹിത്യ ശൈലിയിലുമായിരുന്നു നബി(സ്വ)യുടെ സംസാരം. നീട്ടിപ്പരത്തി പറയുന്നതിനു പകരം കോർത്തിണക്കിയ മുത്ത് മണികൾ പോലെയായിരുന്നു അവർ സംസാരിച്ചിരുന്നത്. കേൾക്കുന്നവർക്ക് മനസ്സിലാക്കാനും ഹൃദിസ്ഥമാക്കാനും സാധിക്കുന്ന വിധം സംസാരത്തിൽ അടക്കമുണ്ടായിരുന്നു.’ (ഇഹ്യ)
തിരുനബി(സ്വ)ക്ക് അല്ലാഹുവുമായുള്ള അഭേദ്യ ബന്ധവും അല്ലാഹുവിന് അവിടത്തോടുള്ള അഗാധ സ്നേഹവും സ്പഷ്ടമായി വിവരിക്കാനും കവി ചില വരികൾ നീക്കി വെക്കുന്നതു കാണാം. അവിടുത്തെ പ്രാർത്ഥനയും ആഗ്രഹങ്ങളും അല്ലാഹു സാധിപ്പിച്ചു കൊടുത്തിട്ടുണ്ടെന്ന സലക്ഷ്യ സമർത്ഥനമാണ് ഇത്തരം വരികളിൽ പ്രകടമാകുന്നത്. നിസ്കാരത്തിലെ ഖിബ്ല മാറ്റം ഇതിനൊരു ഉദാഹരണവുമാണ്. ബറാഅ്(റ)യിൽ നിന്ന് നിവേദനമുള്ള ഒരു ഹദീസ് ഇമാം ബുഖാരി(റ) റിപ്പോർട്ട് ചെയ്യുന്നുണ്ട്. ‘നബി(സ്വ) മദീനയിലേക്ക് വന്നപ്പോൾ പതിനാറോ പതിനേഴോ മാസം ബൈതുൽ മുഖദ്ദസിലേക്ക് തിരിഞ്ഞാണ് നിസ്കരിച്ചത്. എന്നാൽ കഅ്ബക്ക് അഭിമുഖമായി നിൽക്കാനായിരുന്നു നബി(സ്വ)ക്ക് ഇഷ്ടം. അപ്പോഴാണ് ‘തീർച്ചയായും താങ്കളുടെ മുഖം കഅ്ബയിലേക്ക് തിരിഞ്ഞു കൊണ്ടിരിക്കുന്നത് ഞാൻ കാണുന്നുണ്ട്. അതുകൊണ്ട് തന്നെ താങ്കൾക്ക് ഇഷ്ടമുള്ള ഖിബ്ലയിലേക്ക് അങ്ങയെ നാം തിരിക്കുകയാണ്’ എന്ന സൂക്തം അവതീർണമാകുന്നത്. തുടർന്ന് നബി(സ്വ) നിസ്കാരത്തിൽ കഅ്ബയിലേക്ക് തിരിയുകയും ചെയ്തു. (സ്വഹീഹുൽ ബുഖാരി 6711)
പ്രകീർത്തകന് പ്രണയ നായകനോട് അതീവ സ്നേഹം തോന്നാൻ പല കാരണങ്ങളുമുണ്ടെന്ന് വ്യത്യസ്ത വരികളിലൂടെ പ്രതിപാദിക്കുന്ന കവി അവിടുത്തെ അമാനുഷിക സംഭവങ്ങളും അതിനൊരു കാരണമാണെന് വ്യക്തമാക്കുന്നുണ്ട്. വിരലുകൾക്കിടയിലും കറാമത്തുള്ളവരാണ് എന്റെ പ്രേമഭാജനമെന്ന പ്രസ്താവന ശ്രദ്ധേയമാണ്. അനസ്(റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസ് കാണുക: ‘സൗറാഅ് എന്ന സ്ഥലത്തു വെച്ച് നബി(സ്വ) വെള്ളമുള്ള ഒരു പാത്രം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. തുടർന്ന് അവിടുത്തെ തൃക്കരം ആ പാത്രത്തിൽ വെച്ചു. ഉടനെ തിരുനബി(സ്വ)യുടെ വിരലുകൾക്കിടയിൽ നിന്ന് ജലം വരാൻ തുടങ്ങി. ശേഷം എല്ലാ സ്വഹാബികളും വുളൂഅ് ചെയ്തു. അവർ മുന്നൂറിൽ പരം പേരുണ്ടായിരുന്നു.’ (മുസ്ലം)
മുത്ത് നബി(സ്വ) പിറന്ന മണ്ണിനെ പരാമർശിച്ചു പോലും അല്ലാഹു ഖുർആനിൽ സത്യം ചെയ്യുന്നുണ്ടെന്ന കവി വചനം പ്രണയനായകനിലെ അതിസൂക്ഷ്മ വസ്തുതകൾ പോലും പ്രകീർത്തകൻ കോറിയിടുന്നുണ്ടെന്ന് തെളിയിക്കുന്നതാണ്. ‘ഈ രാജ്യത്തെ (മക്ക) കൊണ്ട് ഞാൻ സത്യം ചെയ്തു പറയുന്നു. അങ്ങാകട്ടെ ഈ രാജ്യത്തെ നിവാസിയാണു താനും’ എന്ന ഖുർആനിലെ തൊണ്ണൂറാം അധ്യായത്തിലെ ഒന്ന്, രണ്ട് വചനങ്ങളാണ് പ്രസ്തുത വരികളിലെ പരാമർശം.
തിരുനബി(സ്വ) വാഴ്ത്തപ്പെടാൻ ഏറ്റവും അർഹനാണെന്നും അവിടുത്തെ ജനന സമയം തന്നെ അത് കുറിക്കുന്നുണ്ടെന്ന് ജനനവുമായി ബന്ധപ്പെട്ട സംഭവങ്ങൾ സൂചിപ്പിച്ചുകൊണ്ട് റസാഖാൻ അനുസ്മരിപ്പിക്കുന്നു. അവിശ്വാസികൾ ആദരപൂർവം കൊണ്ടു നടക്കുകയും ഉത്സവം നടത്തുകയും ഒരുമിച്ചുകൂടി ആഘോഷത്തിൽ പങ്കുചേരുകയും ചെയ്തിരുന്ന വിഗ്രഹങ്ങൾ തലകുത്തി വീണതും കപ്പലോടിക്കാൻ മാത്രം നീളവും വീതിയുമുള്ള സാവ തടാകം വറ്റിയതും ആയിരം കൊല്ലമായി അണയാത്ത പേർഷ്യക്കാരുടെ ആരാധ്യവസ്തുവായ തീ ഒരു സുപ്രഭാതത്തിൽ അണഞ്ഞതും പേർഷ്യൻ ചക്രവർത്തി, അനൂശർവാനിന്റെ കൊട്ടാര മുകളിലുണടായിരുന്ന 22 ഗോപുരങ്ങളിൽ 14 ഗോപുരങ്ങൾ അടർന്നു വീണതും മുത്ത് നബി(സ്വ)യുടെ ജനന സമയത്ത് പ്രകാശം പ്രത്യക്ഷപ്പെടുകയും അതിന്റെ വെളിച്ചത്തിൽ ശാമിലെ ബുസ്വ്റ പട്ടണത്തിലെ കൊട്ടാരങ്ങൾ ആമിന ബീവി(റ) കണ്ടതുമെല്ലാം കവിയുടെ മനസ്സിൽ മിന്നി മറിയുന്നുണ്ട്.
‘ആരുടെ ആഗമനം കൊണ്ടാണോ കൃഷിയിടങ്ങൾ പച്ച പിടിക്കുകയും അകിടുകൾ നിറയുകയും മുലകുടി പ്രായത്തിന്റെ മാസ്മരികത വെളിവാവുകയും ചെയ്തത്, അവർക്ക് ലക്ഷോപലക്ഷം സലാം’ എന്ന വരി ഹലീമ ബീവിയുടെ പ്രസ്താവനകൾ അതേപടി പകർത്തിയതാണ്. തിരുനബി(സ്വ)യുടെ മുലകുടി പ്രായത്തെപ്പറ്റി അവർ പറഞ്ഞത് ചരിത്രഗ്രന്ഥങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ‘മുലയൂട്ടാൻ വേണ്ടി മുഹമ്മദ് എന്നു പേരുള്ള കുട്ടിയെ സ്വീകരിച്ചതു നിമിത്തം അവരുടെ പ്രായം ചെന്ന പെണ്ണൊട്ടകത്തിനും ആടുകൾക്കും പാൽ വർധിച്ചു. എല്ലാ കാര്യങ്ങളിലും അനിതര സാധാരണമായ അഭിവൃദ്ധി കണ്ടു തുടങ്ങി. കുഞ്ഞോടൊത്തുള്ള യാത്രയിൽ ഹലീമയുടെ വാഹനം മറ്റെല്ലാ വാഹനങ്ങളുടെയും മുന്നിലെത്തി. കുഞ്ഞാവട്ടെ നടക്കുന്ന പ്രായത്തിന് മുമ്പ് നടക്കാനും സംസാര പ്രായത്തിനു മുമ്പുതന്നെ സംസാരിക്കാനും തുടങ്ങി. ഇതു കണ്ട ബനൂ സഅ്ദ് ഗോത്രക്കാർക്ക് അതിശയം തോന്നി. പിന്നീടവർ ആർക്കെങ്കിലും വല്ല രോഗവുമുണ്ടായാൽ തോൽപ്പാത്രത്തിൽ നിന്ന് വെള്ളം കുടിക്കുന്ന സ്ഥലത്ത് ആ കുഞ്ഞിന്റെ വൈവെക്കുകയും ശേഷം അവർ വെള്ളം കുടിക്കുകയും അങ്ങനെ അവരുടെ രോഗം മാറുകയും ചെയ്തിരുന്നു. (അൽ ബിദായു വന്നിഹായ)
കാവ്യ ഹൃദയത്തിലെ സ്നേഹ നൊമ്പരങ്ങൾ അനുഗൃഹീത തൂലികത്തുമ്പിലൂടെ നിർഗളിക്കുമ്പോഴുള്ള അനുവാചക ഹൃദയത്തിലെ പരിവർത്തനങ്ങൾ ലാഖോം സലാമിലുണ്ടെന്നത് അനുഭവ വേദ്യമായ യാഥാർത്ഥ്യമാണ്. കവിയുടെ മനസ്സിൽ നിറഞ്ഞു പൊങ്ങുന്ന അടക്കാനാവാത്ത പ്രണയത്തിന്റെ പ്രക്ഷുബ്ധത ഓരോ വരികളിലും കാണാവുന്നതുമാണ്. ഇതപ്യന്തം തിരുനബി(സ്വ)യുടെ മാഹാത്മ്യങ്ങൾ ഉൾപ്പെടുത്തുന്ന കവി അവസാന ഭാഗത്ത് സർവ സ്വഹാബികളെയും തിരുനബി ഭാര്യമാരെയും മക്കളെയും അഹ്ലു ബൈത്തിനെയും മഹാന്മാരായ മദ്ഹബിന്റെ ഇമാമുമാരെയും പൂർവ സൂരികളായ മഹത്തുക്കളെയും ഉൾപ്പെടുത്തുകയും അവർക്ക് വേണ്ടി പ്രാർത്ഥന നിർവഹിക്കുകയും ചെയ്താണ് വിരമിക്കുന്നത്. മഹ്ശറിൽ നിസ്സഹായരായി നിൽക്കുമ്പോഴും അവിടുത്തെ സവിധത്തിൽ വന്ന് സ്വലാത്ത് ചൊല്ലാനും സാധിക്കണമെന്ന ആശ തിരുനബിക്ക് മുമ്പിൽ സമർപ്പിച്ചാണ് കവി തന്റെ പ്രണയകാവ്യം അവസാനിപ്പിക്കുന്നത്.