യുക്തിവാദികളുടെയും നാസ്തികരുടെയും ആഗോള ആചാര്യന്മാരായ ക്രിസ്റ്റഫര്‍ ഹിച്ചന്‍സ്, റിച്ചാര്‍ഡ് ഡോക്കിന്‍സ്, ഡാനിയല്‍ ഡെനറ്റ്, മൈക്കല്‍ ഒന്‍ഫ്രെ പോലുള്ളവരുടെ മതവിരുദ്ധ മാനിഫെസ്റ്റോകളെല്ലാം വലിച്ചെറിഞ്ഞ് ബുദ്ധിജീവികളും ശാസ്ത്ര പ്രതിഭകളും മതങ്ങളിലേക്കും ആത്മീയതയിലേക്കും മടങ്ങിപ്പോകുന്ന സവിശേഷ ചരിത്രസന്ദര്‍ഭമാണിത്.
ഭൗതികവാദ ചിന്തകളെല്ലാം മതങ്ങളുടെ സര്വാധിപത്യത്തിന് മുമ്പില്‍ പകച്ച് നില്ക്കുന്നു. ഫാഷിസം, നാസിസം, ഭീകരവാദം, വംശീയത, വര്‍ഗീയത, വര്‍ണവെറി, സാമ്രാജ്യത്വം തുടങ്ങി മനുഷ്യജീവിതത്തെ ആകമാനം വിറപ്പിച്ച് നിര്‍ത്തുന്ന സംഹാരാത്മക വിദ്വേഷ തത്ത്വചിന്തകള്‍ക്കെല്ലാം കാരണമായ, ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തവും (1859) ഫോയര്‍ ബാഹിന്റെ (1804-1872) ഭൗതികവാദവും ഹെഗലിന്റെ (1770-1831) വൈരുദ്ധ്യാത്മകവാദവും കടപുഴകിയിരിക്കുകയാണ്. നാസ്തികചിന്തയുടെ വേരുകളെല്ലാം പറിഞ്ഞ് യുക്തിവാദികളെല്ലാവരും ‘ഡിങ്കമായാവിലുട്ടാപ്പിസ്റ്റ്’ യുക്തിയില്‍ കറങ്ങിത്തിരിഞ്ഞ് പതറിപ്പരുങ്ങി വിറങ്ങലിച്ചുനില്ക്കുന്നു. ശാസ്ത്രീയ ഗവേഷണാന്വേഷണ പഠനങ്ങള്‍ വികസിക്കുംതോറും സൃഷ്ടിവാദികള്‍ ജയിച്ച് നില്‍ക്കുകയും നിരീശ്വരവാദികള്‍ക്ക് വംശനാശം സംഭവിക്കുകയും ചെയ്യുന്നു.
കുലം മുടിഞ്ഞ്പോവുന്ന യുക്തിവാദചിന്തകളെ സംരക്ഷിക്കാന്‍ വേണ്ടി കിണഞ്ഞ് പരിശ്രമിച്ച് കൊണ്ടിരിക്കുന്ന സല്മാന് റുഷ്ദിയെപ്പോലുള്ള അന്തര്‍ദേശീയ എഴുത്തുകാരും സി രവിചന്ദ്രനെപ്പോലുള്ള മലയാള ചാര്വാകന്മാരും നിര്‍ത്താതെ ബഹളം വച്ചിട്ടും ആരും മതങ്ങളെ കുടഞ്ഞെറിയുന്നില്ല എന്നത് കൗതുകകരം തന്നെ. കാറ്റൊഴിഞ്ഞ്പോവുന്ന യുക്തിചിന്തയുടെ പ്രതിരോധാര്‍ത്ഥം രചിക്കപ്പെട്ട കൃതികളിലെല്ലാം അബദ്ധങ്ങളുടേയും വൈരുദ്ധ്യങ്ങളുടേയും ഘോഷയാത്രയാണ്. സമൃദ്ധമായ നുണകള്‍ നിറഞ്ഞ രവിചന്ദ്രന്റെ ‘നാസ്തികനായ ദൈവം’ വായിച്ച് നിരവധിയാളുകള്‍ സ്വതന്ത്രചിന്ത ആശ്ലേഷിക്കുകയല്ല, വലിച്ചെറിയുകയാണ്.
പ്രപഞ്ചത്തിലേയും ചരിത്രത്തിലേയും ദൈവസാന്നിദ്ധ്യത്തെ നിഷേധിക്കാന്‍ വേണ്ടി നിരീശ്വര ബുദ്ധിജീവികള്‍ കെട്ടിയെഴുന്നള്ളിച്ച സാക്ഷാല്‍ ഡാര്‍വിനിസം തന്നെ സൃഷ്ടിവാദത്തിന്റെ ശക്തമായ തെളിവാണെന്നും പരിണാമം ദൈവലീലയാണെന്നും ശാസ്ത്രലോകം തുറന്ന് പറയുന്ന അപൂര്വസന്ദര്ഭമാണിത്. ബ്രൗണ്‍ യൂണിവേഴ്സിറ്റി പ്രഫസര്‍ കെന്നത്ത് മില്ലറിന്റെ Finding Darwin’s God’ എന്ന പുസ്തകം ഇക്കാര്യം സമര്‍ത്ഥിക്കുന്നുണ്ട്. ‘The Origin of Species’ന്റെ അവസാന ഭാഗത്ത് പരിണാമദശയിലെ ആദ്യ ജീവകണികയെ ദൈവമാണ് സൃഷ്ടിച്ചത് എന്ന സത്യത്തിലേക്ക് ഡാര്‍വിനു തന്നെ വഴുതി വീഴേണ്ടിവന്നു. റൊണാള്‍ഡ് ഫിഷര്‍, ഹാല്ഡേന് പോലുള്ള നിരവധി ഉന്നത ശാസ്ത്രജ്ഞര്‍ ഡാര്‍വിനിസത്തെ ദൈവത്തിന്റെ ഡിസൈന്‍ ഇന്റലിജന്‍സിന്റെ ശാസ്ത്രീയ തെളിവായി അവതരിപ്പിക്കുകയുണ്ടായി. ഫ്രെഡ് ഹോയില്‍ മൈക്കല്‍ ബഹെ പോലുള്ള ശാസ്ത്ര നിരീക്ഷകര്‍ ഡാര്വിനിസത്തിലൂടെ ദൈവവിശ്വാസികളായവരാണ്. മൈക്കല്‍ ബഹെയുടെ ‘Darwin’s Black Box’ വായിച്ച് ധാരാളം ശാസ്ത്രപണ്ഡിതര്‍ നാസ്തികവാദം കുടഞ്ഞെറിഞ്ഞ് മതവിശ്വാസികളായിട്ടുണ്ട് എന്നത് യുക്തിവാദികളെ നിരന്തരം അലോസരപ്പെടുത്തുന്നതത്രെ.
മാര്ട്ടിന് റീസിന്റെ ആന്ത്രോപിക് സിദ്ധാന്തവും സ്മോലിന്റെ മള്ട്ടിവേഴ്സസ് സങ്കല്പവും പ്രപഞ്ചസൃഷ്ടിപ്പിന് പിന്നിലെ ആസൂത്രകനായ ദൈവത്തിലേക്ക് വിരല്‍ ചൂണ്ടുന്ന ശാസ്ത്രസിദ്ധാന്തങ്ങളാണെന്ന് ഡോക്കിന്‍സിനു തന്നെ സമ്മതിക്കേണ്ടിവന്നു. ‘ഗോഡ് ഡില്യൂഷന്’ മുഴുവന്‍ പേജുകളിലും സ്വന്തം നിലപാടുകളെ തന്നെ തിരുത്തുന്ന വിചിത്രമായ വാദങ്ങളവതരിപ്പിക്കുന്ന നിരീശ്വരവാദികളുടെ ആഗോള ബുദ്ധിജീവിയുടെ പരിഭ്രാന്തി കാണുമ്പോള്‍ പുസ്തകത്തിന്റെ ശീര്‍ഷകം, ‘ഡോക്കിന്‍സ് ഡില്യൂഷന്’ എന്ന് മാറ്റിയെഴുതണമെന്ന് തോന്നിപ്പോവും. അലിസ്റ്റര്‍ മഗ്രാത്തിന് ഇതേ പേരില്‍ ഒരു രചന തന്നെയുണ്ട്.
തുടങ്ങിയ പോയിന്റില്‍ നിന്നും ഒരടി പോലും മുന്നോട്ട് പോവാന്‍ കഴിയാതെ, പത്തൊമ്പതാം നൂറ്റാണ്ടിലെ പഴകിപ്പുളിച്ച ഊഹങ്ങളെ ഉയര്‍ന്ന ശാസ്ത്ര സത്യങ്ങളായി അവരോധിക്കുന്ന ഡോക്കിന്സിനെ കാര്യവിവരമുള്ള ഒരു കൂട്ടം ശാസ്ത്രപ്രതിഭകള്‍ പരിഹസിച്ചത് ഡോക്കിന്‍സ് തന്നെ ‘ഗോഡ് ഡില്യൂഷനില്‍’ പങ്കുവെക്കുകയുണ്ടായി.
സ്റ്റീഫന്‍ ഗൗള്‍ഡ് വിളിച്ചത് പോലെ ഡാര്വീനിയന് ഫണ്ടമെന്റലിസ്റ്റായ ഡോക്കിന്സിനെ ടെമ്പിള്ടണ് മത-ശാസ്ത്ര കോണ്‍ഫറന്‍സില്‍ വച്ച് ശാസ്ത്രജ്ഞര്‍ തന്നെ you are so nineteenth century’ എന്ന് വിളിച്ചത് അര്‍ഹമായ അംഗീകാരം തന്നെയാണെന്ന് നാസ്തികചിന്ത പ്രചരിപ്പിക്കാന്‍ കെട്ടിയെഴുന്നെള്ളിച്ച അബദ്ധങ്ങളും അസംബന്ധങ്ങളും വായിച്ചാല്‍ ആരും സമ്മതിക്കും.
ആസ്ട്രോ ഫിസിക്സ്, ആസ്ട്രോ ബയോളജി, ആസ്ട്രോ കെമിസ്ട്രി, കോസ്മോളജിയിലെ പുതിയ കണ്ടെത്തലുകള്‍ എന്നിവയെല്ലാം സജീവമായതോടെ ഡോക്കിന്‍സ് ഉള്‍പ്പെടെയുള്ള നിരീശ്വരാചാര്യന്മാര് പത്തൊമ്പതാം നൂറ്റാണ്ടിലെ മാറാപ്പും പേറിനടക്കുന്നവരാണെന്ന ഇംഗ്ലണ്ടിലെ ശാസ്ത്രജ്ഞരുടെ അഭിപ്രായം തീര്‍ത്തും ശരിയാണെന്ന് എല്ലാവര്ക്കും ബോധ്യപ്പെട്ടിരിക്കുകയാണ്. ക്വാണ്ടം മെക്കാനിക്സും ന്യൂക്ലിയര്‍ ഫിസിക്സും മുന്നോട്ട് വച്ച അതുല്യമായ അന്വേഷണ സാധ്യതകള്‍, പുരാതന നാസ്തിക ചിന്തകളെ തകിടം മറിക്കുകയും അതിസങ്കീര്‍ണമായ പ്രപഞ്ചത്തിന് ഒരു ഡിസൈനര്‍ (സ്രഷ്ടാവ്) അനിവാര്യമാണെന്നും ശാസ്ത്രീയമായി തന്നെ തെളിയിച്ചു.
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ നിരീശ്വര-നിര്‍മത ചിന്തകള്‍ക്ക് ബലം നല്‍കുമെന്ന് തോന്നിയ ശാസ്ത്ര നിരീക്ഷണങ്ങള്‍ ഫിസിക്സിലെ അത്ഭുതപ്പെടുത്തുന്ന സബ്ആറ്റമിക് കണങ്ങളിലൂടെ സൂക്ഷ്മപ്രപഞ്ചത്തെ സംബന്ധിച്ച പഠനങ്ങളിലേക്കുള്ള വഴിതുറക്കുകയുണ്ടായി. മാക്സ് പ്ലാങ്കിന്റെ ക്വാണ്ടം തിയറി വികസിച്ചതോടെ ശാസ്ത്രലോകമൊന്നടങ്കം ഭൗതികവാദത്തിന്റെ കുരുടന് കാഴ്ചപ്പാടുകള്‍ കടപുഴക്കിയെറിഞ്ഞിരിക്കുകയാണ്. ഇനി മതങ്ങളിലേക്കും അവിടെ നിന്ന് വിശുദ്ധ ഇസ്ലാമിലേക്കുമുള്ള അകലം കുറയുകയാണ്.
അതു കൊണ്ടുതന്നെയാണ്, വളര്‍ന്നുവരുന്ന ശാസ്ത്ര ഗവേഷകര്‍ മതങ്ങളേയും ആത്മീയ കള്‍ട്ടുകളേയും ആശ്രയിക്കുന്നത്. യുക്തിവാദത്തിന്റെ പരിണാമവാലുകള് ഇനിയും മുറിഞ്ഞുപോകാത്തവരെ ഇത്രമേല്‍ വിറപ്പിക്കുന്നതും വിറളി പിടിപ്പിക്കുന്നതും ഇതു തന്നെ. സാംസ്കാരിക കേരളത്തിലെ സര്‍വ സ്വതന്ത്രരായ നാസ്തികരുടെ എഴുത്തുകളിലും പ്രഭാഷണങ്ങളിലും നുരഞ്ഞ് വരുന്ന പകയും വെറിയും ഇതിന്റെ ഉപോല്പന്നമാണ്. നിലനില്പിന് വേണ്ടിയുള്ള സമരത്തില്‍ അര്‍ഹതയില്ലാത്ത കാരണത്താല്‍ ഇനിയൊരിക്കലും കുഴച്ചെടുക്കാന്‍ ഫോസിലുമില്ലാത്ത രൂപത്തില്‍ നാസ്തികവാദം തോറ്റുപോകുന്നു. പ്രകൃതി നിര്‍ധാരണം ഇത്ര മനോഹരമായി വേറെയെവിടെയും കാണാനാവില്ല. ജപമാല പിടിച്ച് പള്ളിപ്പടി ഇറങ്ങി വരുന്ന മാര്‍ക്സും ‘ഒറിജിന്‍ ഓഫ് സ്പീഷിസ്’ ദൈവത്തിന് സമര്‍പ്പിക്കുന്ന ഡാര്‍വിനും ദൈവം സത്യമാണെന്ന് ആര്‍ത്ത് വിളിക്കുന്ന നീഷേയും പുതിയ കവിതകളില്‍ ഇടം പിടിക്കുന്ന തിരിച്ചറിവിന്റെ ലോകത്തെ നാം കാണുന്നു.
ശാസ്ത്ര പഠനങ്ങളും ഗവേഷണ സാധ്യതകളും പാരമ്യത്തിലുള്ള അമേരിക്കയില്‍ നിരീശ്വര ചിന്തകര്‍ അനുഭവിക്കുന്ന ബീഭത്സമായ ഒറ്റപ്പെടലിന്റെ വേദന പങ്ക്വെക്കുന്ന രചനകള്‍ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. നറ്റാലി ആംഗിയര്‍ ന്യൂയോര്‍ക്ക് ടൈംസിലെഴുതിയ ‘കണ്‍ഫഷന്‍സ് ഓഫ് എ ലോണ്‍ലി എത്തീസ്റ്റ്’ അതിലൊന്നാണെന്ന് പറഞ്ഞ് നിരീശ്വരവിശ്വാസികള്‍ തന്നെ വിതുമ്പുന്നുണ്ട്. നാസ്തികനായ ദൈവത്തിലും ഈ പരിദേവനം ഒളിപ്പിച്ചുവെക്കുന്നില്ല.
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന മാര്‍ക്സിയന്‍ വീക്ഷണവും ദൈവം മരിച്ചുവെന്ന ഫ്രെഡറിക് നീഷേയുടെ പ്രഖ്യാപനവും ദൈവം ഉന്നതനല്ലെന്ന ക്രിസ്റ്റഫര്‍ ഹിച്ചന്‍സിന്റെ കാഴ്ചപ്പാടും മതം വിഷമാണെന്ന മാവോ സെ തുങ്ങിന്റെ മുദ്രാവാക്യവും സകല തിന്മകളുടെയും വേരാണെന്ന ഡോക്കിന്‍സിന്റെ അലമുറയുമെല്ലാം തട്ടിത്തെറിപ്പിച്ചാണ് ആധുനിക ശാസ്ത്രലോകവും ചിന്തകരും ദൈവത്തേയും മതചിന്തകളേയും വാരിപ്പുണരുന്നത്. മതചിന്തകളുടെ അനുസ്യൂതമായ ഈ വളര്‍ച്ചയും നാസ്തികതയുടെ പതനവും കണ്ട് തന്റെ ‘The God Delusion’ല്‍ വിലപിക്കുന്ന ഡോക്കിന്സിനെ കാണുമ്പോള്‍ സത്യത്തില്‍ നമുക്ക് ചിരിപൊട്ടും.
സല്മാന് റുഷ്ദിയുടെ The Ground Beneath Her Feet, The Enchatnress of Florence എന്നീ നോവലുകള്‍ കുലം മുടിഞ്ഞ് പോവുന്ന യുക്തിവാദികളുടെ നിലനില്‍പ്പിനായുള്ള തീവ്രമായ ശ്രമങ്ങളാണ്. യുക്തിവാദിയായ കേന്ദ്ര കഥാപാത്രം സര് ഡാരിയസും ദൈവവിശ്വാസിയായ ഭാര്യ ലേഡി സ്പെന്ഡയും തമ്മിലുള്ള തര്‍ക്കങ്ങളെല്ലാം മതങ്ങളുടെ സര്വാധിപത്യത്തെക്കുറിച്ചാണ്. ന്യൂ എയ്ജ് സ്പിരിച്വാലിറ്റിയില് യുക്തിചിന്തകളെല്ലാം ഇടിഞ്ഞ്പൊളിഞ്ഞ് പോവുന്നതില്‍ ലിബറല്‍ കൂലിയെഴുത്തുകാരെല്ലാം അങ്കലാപ്പിലാണെന്ന് ഇത്തരം രചനകള്‍ തെളിയിക്കുന്നു. മതരോഷം പ്രകടിപ്പിക്കുന്ന ഓരോ വാക്കിലും യുക്തിവാദികള്‍ അനുഭവിക്കുന്ന സ്വത്വപ്രതിസന്ധി വായനക്കാര്‍ക്ക് ബോധ്യപ്പെടും.
സൃഷ്ടിലോകത്തിലെ ഓരോ അണുകണം പരിശോധിക്കുമ്പോഴും അതിലടങ്ങിയ അപാരമായ ബൗദ്ധികാസൂത്രണം നമുക്ക് വെളിപ്പെടുത്തിത്തരുന്നത് പ്രപഞ്ചം അല്ലാഹുവിന്റെ സൃഷ്ടിയാണെന്നാണ്. ആസ്തിക്യത്തിന്റെ മുഖ്യമായ തെളിവായി അല്ലാഹുതന്നെ അവതരിപ്പിച്ചത് ആകാശ ഭൂമികളിലും സൂര്യചന്ദ്രനക്ഷത്രാദിഗ്രഹങ്ങളിലും മനുഷ്യനുള്‍പ്പടെയുള്ള ജീവിവര്ഗങ്ങളിലുമെല്ലാം ഉള്ളടങ്ങിയ, ഭാവനയില്‍ പോലും ഗ്രാഹ്യമാവാത്ത രൂപത്തിലുള്ള വിസ്മയാവഹമായ ആസൂത്രണവും അതിമനോഹരവും സങ്കീര്‍ണവുമായ സുബദ്ധ ഘടനയുമാണ്. ശാസ്ത്രത്തിന്റെ പുതിയ കണ്ടെത്തലുകളെല്ലാം ഇക്കാര്യം കൂടുതല്‍ വെളിപ്പെടുത്തുന്നവയാണ്. അതായത്, നിരീശ്വരവാദികളുടെ വേദപുസ്തകമായിരുന്ന ശാസ്ത്ര-ഗവേഷണ ഗ്രന്ഥങ്ങളെല്ലാം ദൈവത്തിന്റെ ആസൂത്രണ മികവിനെ കുറിച്ച് വാചാലമാകുമ്പോള്‍ യുക്തിചിന്തകരെല്ലാം തലകീഴായി വീഴുക സ്വാഭാവികം.
സൃഷ്ടിവാദം സമര്‍ത്ഥിക്കാന്‍ മധ്യകാല യൂറോപ്യന്‍ ദാര്‍ശനികനായ തോമസ് അക്വിനാസ് തന്റെ സുമ്മ തിയോളജിക്കയില്‍ എഴുതിയ വാദങ്ങളും തെളിവുകളുമെല്ലാം വിശുദ്ധ ഖുര്‍ആനും തിരുഹദീസുകളും സമര്‍പ്പിച്ച ധൈഷണിക ദൃഷ്ടാന്തങ്ങളുടെ പുനരവതരണമായിരുന്നു. ഇമാം ഗസ്സാലി, ഇമാം റാസി തുടങ്ങിയ ഇസ്ലാമിക ദൈവശാസ്ത്രജ്ഞര്‍ അവതരിപ്പിച്ച തെളിവുകളെ ദാര്‍ശനികമായി അവതരിപ്പിച്ചാണ് അക്വിനാസ് നാസ്തികരെ തറപറ്റിച്ചത് എന്ന് ‘Proofs for Eterntiy, Creation and Existence of Gods in Medieval Islamic and Jewish Philosophy’ യില്‍ കാണാം.
നാസ്തികചിന്തയില്‍ മൂടുറച്ചുപോയ നിരീശ്വരയുക്തിവാദികള് എത്രതന്നെ മലക്കം മറിഞ്ഞിട്ടും യുക്തിബോധമുള്ള മനുഷ്യരെല്ലാം ശാന്തിയും സമാധാനവും തേടി മതങ്ങളിലേക്കും ആധ്യാത്മികതയിലേക്കും വലിഞ്ഞുകയറുന്നതെന്ത് കൊണ്ടായിരിക്കും?
വരണ്ട പദാര്‍ത്ഥവാദത്തിന്റെ ആപത്കരമായ ദുരന്തഫലമായി, പൈശാചിക പേക്കുത്തുകളുടെയും നാറുന്ന നെറികേടുകളുടെയും പാഴ്നിലമായി മാറിയ ലോകം നന്മയുടെ വെളിച്ചമുള്ള ആത്മീയ ദര്‍ശനങ്ങളെ തേടിപ്പോയതില്‍ അതിശയമില്ല. പ്രസിദ്ധ ഇംഗ്ലീഷ് കവി ടിഎസ് എലിയറ്റ് ‘The Waste Land’ ല്‍ ഈ സവിശേഷ സാഹചര്യത്തെ മനോഹരമായി ആവിഷ്കരിച്ചിട്ടുണ്ട്.
സകല തിന്മകളുടേയും ശാസ്ത്രീയാടിത്തറയായ ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തവും വൈരുദ്ധ്യാധിഷ്ഠിത പദാര്ത്ഥവാദമെന്ന സൂക്ഷ്മതലത്തില്‍ സംഹാരാത്മകമായ മാര്‍ക്സിസവും കണ്‍ഫ്യൂഷസിന്റെ ആനന്ദസിദ്ധാന്തവും സിഗ്മണ്ട് ഫ്രോയ്ഡിന്റെ ലൈംഗിക കാഴ്ചപ്പാടുകളും മനുഷ്യകുലത്തിനേല്പിച്ച പരിക്കുകള്‍ ചെറുതല്ല. ഡാര്‍വിന്റെ അതിജീവനസമരത്തെയും അര്‍ഹതയുള്ളവരുടെ അതിജീവനത്തെയും സാമൂഹിക തലത്തിലേക്ക് വലിച്ചിട്ട്, വികസിച്ച് വന്ന ‘സോഷ്യല്‍ ഡാര്‍വിനിസത്തിന്റെ’ കുരുത്തം കെട്ട സന്തതികളായ നാസിസവും ഫാസിസവും ശാന്തിയും സമാധാനവുമാണ് നശിപ്പിച്ചത്. നിയന്ത്രണങ്ങളില്ലാത്ത രതിയുത്സവങ്ങളുടെ ആഗോള വിപണികള്‍ ഉല്പാദിപ്പിച്ച അരാജകത്വവും മനുഷ്യരെ ആത്മീയദാഹികളാക്കി മാറ്റി. മാത്യൂ ആര്‍ണോള്‍ഡിന്റെ ഡോവര്‍ ബീച്ചില്‍ ഈ ഇരമ്പം വായനക്കാരന് അനുഭവിക്കും. തോമസ് മന്നിന്റെ ‘ദ മാജിക് മൗണ്ടന്‍’ എന്ന കൃതിയില്‍ യുക്തിവാദി അനുഭവിക്കുന്ന മാരകമായ അരാജബോധം ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. വിദ്വേഷത്തിന്റെയും പോരിന്റെയും ക്രൂരവഴികള് ഉപേക്ഷിച്ച് സ്നേഹത്തിന്റെയും സമാധാനത്തിന്റെയും മതവഴികള് പുണരേണ്ടതിന്റെ ആവശ്യകത ഈശ്വര നിഷേധികള്‍ തിരിച്ചറിഞ്ഞിരിക്കുന്നുവെന്ന് പുറത്തിറങ്ങുന്ന രചനകളും പ്രഭാഷണങ്ങളും തെളിയിച്ചുകൊണ്ടിരിക്കുന്നു. ഡേവിഡ് ബ്ലാങ്കന്‍ഹോണിന്റെ ‘Fatherless America’യും തിമോത്തി ബിഡ്നോയുടെ ‘The Case Against Darwinism’െവും ഈ വീക്ഷണങ്ങളെ ശരിവെക്കുന്ന രചനകളാണ്.
മെറ്റീരിയലിസം തലക്ക് പിടിച്ച് ജീവിതം തന്നെ നിരര്‍ത്ഥകമെന്ന് വാദിച്ച എക്സിസ്റ്റന്‍ഷ്യല്‍ അബ്സേഡിറ്റിയുടെ മൊത്തവിപണനം നടത്തുകയും ചെയ്ത ആല്‍ബര്‍ കാമുവിനെയും സാമുവല്‍ ബക്കെയെയും ചുമലിലേറ്റി നടന്ന അക്കാദമിക മുതുമുത്തച്ഛന്മാരെല്ലാം, തോളിലേറ്റിയവരെയൊക്കെ തള്ളിയിട്ട് ജീവിതത്തിന് അര്‍ത്ഥമുണ്ടെന്നും ദൈവത്തെയും മതദര്‍ശനങ്ങളെയും മാറ്റിനിര്‍ത്തി ലോകത്തിന് ഒരടി മുന്നോട്ട് പോകാന്‍ കഴിയില്ലെന്നുമുള്ള മഹാവെളിച്ചത്തിലേക്ക് കണ്ണ് തുറന്നിരിക്കുന്നു.
മതവും ശാസ്ത്രവും ഒന്ന് മറ്റൊന്നിനെ നിഷേധിക്കാതെ മുന്നോട്ട് പോയാല്‍ മാത്രമേ ആധുനിക സമൂഹം കറങ്ങിത്തിരിയുന്ന ഈ വരണ്ട ദാര്‍ശനിക മരുഭൂമിയില്‍ നിന്ന് രക്ഷപ്പെടുകയുള്ളൂവെന്ന് പ്രമുഖ ബ്രിട്ടീഷ് മാര്‍ക്സിസ്റ്റ് ചിന്തകനായ ടെറി ഈഗില്ടണിന്റെ ‘Reason, Faith and Revolution, Reflections on the God Debate’ ല്‍ വായിക്കാം. റോബര്‍ട്ട് എം യങിന്റെ ‘Darwin’s Metaphor and The Philosophy of Science’ എന്ന പ്രബന്ധവും ഇക്കാര്യം സമര്‍ത്ഥിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍, ദൈവത്തെയും മതത്തെയും നിരാകരിച്ച് ശാസ്ത്രത്തിന് ഇനി സഞ്ചരിക്കാന്‍ കഴിയില്ല എന്നുറപ്പാണ്. ആത്മീയമായി വരണ്ടതും കാലുഷ്യങ്ങളാല് ഇരുണ്ടതുമായ ലോകം ശാന്തിയുടെ വെളിച്ചത്തിലേക്കും സമാധാനത്തിന്റെ പുതിയ പ്രകാശ ലോകത്തേക്കും കണ്ണ്തുറക്കണമെങ്കില് മതമൂല്യങ്ങളെ മാറ്റിനിര്‍ത്താതെ ശാസ്ത്ര ഗവേഷണങ്ങള്‍ മുന്നേറണം.
അലിസ്റ്റര്‍ മഗ്രാത്തിന്റെ ‘The Twilight of Atheism, The Rise and Fall of Disbelief in the Modern World’ എന്ന പുസ്തകം യുക്തിവാദത്തിന്റെ പതനചരിത്രമാണ്. യൂറോപ്പിലും ലോകരാജ്യങ്ങളിലും നാസ്തികവാദത്തിന്റെ ദാര്‍ശനികാടിത്തറകള്‍ തകര്‍ന്ന് വീഴുകയാണെന്നും ശാസ്ത്രപഠനങ്ങളെല്ലാം ദൈവാസ്തിക്യത്തെ സത്യപ്പെടുത്തുകയാണെന്നും സമര്‍ത്ഥിക്കുന്ന മികച്ച ഗ്രന്ഥങ്ങള്‍ വേറെയുമുണ്ട്. നിരീശ്വരവാദിയായിരുന്ന ആന്റണി ഫ്ള്യൂ രചിച്ച ‘ഠവലൃല ശെ മ ഏീറ’ ഉം ക്രിസ്തുമതത്തില്‍നിന്നും നിരീശ്വരവാദത്തിലേക്കും അവിടെനിന്നും വിശുദ്ധ ഇസ്ലാമിലേക്കുമെത്തിയ ജെഫ്രി ലാംഗിന്റെ ‘പോരാട്ടവും കീഴടങ്ങലും’ പോലുള്ള കൃതികള്‍ കേരളത്തിലെ നാസ്തിക ഇത്തിരിക്കൂട്ടം വായിക്കുന്നത് നല്ലതാണ്. ബാലമംഗളവും ബാലരമയും അവയിലുള്ള ഡിങ്കദൈവത്തിനുമപ്പുറം വല്ലതും മനസ്സിലാവുമെങ്കില്‍!