വഖഫ് ബോഡിലെ നിയമനങ്ങൾ പിഎസ്‌സിക്ക് വിടുന്നതിനുള്ള നിയമം കേരള നിയമസഭ പാസാക്കിയെടുത്തിരിക്കുന്നു. സർക്കാർ തീരുമാനം സോപാധികമായി സ്വാഗതം ചെയ്യാം. അങ്ങനെ പറയുന്നതിന് ചില കാരണങ്ങളുണ്ട്. വഖഫ് സംവിധാനങ്ങൾ കൈകാര്യം ചെയ്യുന്നതിലുള്ള നീതിയും സത്യസന്ധതയുമാണ് വിഷയത്തിലെ മർമം.
നിയമനം ഏതു സ്ഥാപനത്തിലേക്കാണെങ്കിലും നിയമിതരായവർക്ക് അതിന്റെതായ ബാധ്യതകളുണ്ട്; ലക്ഷ്യാധിഷ്ഠിതമായി സ്ഥാപനത്തെ നയിക്കുകയാണത്. കേരള സംസ്ഥാന വഖഫ് ബോർഡ് സർക്കാർ നിയന്ത്രണത്തിലുള്ള സംവിധാനമാണ്, വഖഫ് സ്വത്തുക്കൾ സംരക്ഷിക്കുന്നതിനും ഫലപ്രദമായും വാഖിഫിന്റെ ഉദ്ദേശ്യശുദ്ധിക്കനുസരിച്ചും ഉപയോഗപ്പെടുത്തുന്നതിനുമാണ് ഈ സംവിധാനം നിലകൊള്ളേണ്ടതെന്നത് ലളിതമായ യുക്തിയാണ്.
മുസ്‌ലിംകൾ പുണ്യമായി കരുതിപ്പോരുന്ന സംഗതിയാണ് വഖഫ്. വിലയുള്ളൊരു വസ്തുവിന് മേൽ വ്യക്തിക്കുള്ള ഉടമസ്ഥാവകാശം അല്ലാഹുവിലേക്ക് കൈമാറുന്നതാണ് വഖഫ്. തന്റെ കാലത്തും ശേഷവും ഇതിലൂടെ താനാഗ്രഹിച്ച നന്മയുണ്ടായിക്കാണണമെന്ന വാഖിഫിന്റെ അഭിലാഷം യാഥാർഥ്യമാക്കേണ്ട ബാധ്യത വഖഫ് ബോർഡിനുണ്ട്. ഈ വിഷയത്തിൽ നിലവിലെ സംവിധാനം നല്ലനടപ്പിനുള്ള ശിക്ഷയർഹിക്കുന്നുണ്ടെന്നും അത്തരമൊരു ശിക്ഷയായിട്ടാണ് പിഎസ്‌സി കൈമാറ്റം എന്നതാണ് നിരീക്ഷണമെങ്കിൽ സർക്കാറിനെ കുറ്റപ്പെടുത്തേണ്ടതില്ല.
കേരളത്തിലെ നഗര-ഗ്രാമങ്ങളിൽ അനേകം വഖ്ഫ് സ്വത്തുക്കളുണ്ട്. അവകളത്രയും വലിയ തോതിൽ വില കണക്കാക്കപ്പെടുന്നതാണ്. കാര്യക്ഷമതയോടെയും ഉദ്ദേശ്യ ലക്ഷ്യങ്ങൾക്കധിഷ്ഠിതമായും ഇവ കൈകാര്യം ചെയ്യുന്നതിൽ വലിയ വീഴ്ചയുണ്ട്, പക്ഷപാതിത്വവും. നീതിയും സുതാര്യതയുമില്ലെന്ന ആക്ഷേപം നാളുകളായി പല കോണുകളിൽ നിന്നും ഉന്നയിക്കപ്പെട്ടിട്ടുണ്ട്.
കേരള വഖഫ് ബോർഡിലെ നിയമനങ്ങൾ പിഎസ്‌സിക്ക് വിടുകയെന്ന് പറയുമ്പോൾ നില നിൽക്കുന്ന സ്ഥിതി മാറാനും കൂടുതൽ കാര്യക്ഷമമാക്കാനും ഉതകുന്നതാണെന്ന നിരീക്ഷണാടിസ്ഥാനത്തിൽ വഖഫ് നിയമനം സ്വാഗതാർഹമാണ്.
ആശങ്കകളുടെ കലർപ്പൊന്നുമില്ലാത്ത വിധം സ്വാഗതം ചെയ്യാനാകുന്നില്ലെന്നതാണ് ഒരു പ്രശ്‌നം. കാരണങ്ങൾ പലതുണ്ട്. സാമ്പത്തിക സംവരണം തന്നെയെടുക്കാം. മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം നൽകണമെന്ന തീരുമാനം സർക്കാർ കൈകൊണ്ടപ്പോൾ നിലവിൽ സംവരണാനുകൂല്യം പറ്റുന്നവരിൽ നിന്ന് കവർന്നെടുക്കുകയില്ലെന്നായിരുന്നു വിശദീകരണം. ആ വാക്ക് പാലിക്കപ്പെടുന്നില്ലെന്നതാണ് ഇപ്പോഴത്തെയും സ്ഥിതി.
ജ:സച്ചാറും അതിന്റെ ചുവടുപിടിച്ചുള്ള പാലോളി കമ്മിറ്റിയും നിർദേശിച്ചതനുസരിച്ചുള്ള മുസ്‌ലിം വിദ്യാർഥി സ്‌കോളർഷിപ്പടക്കമുള്ള ആനുകൂല്യങ്ങൾ 80/20 ആക്കി ചുരുക്കി. ഇനിയും ചുരുക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച ഹരജിക്കാരന് അനുകൂലമായി വിധിയും വന്നു. നിലവിലുള്ളത് ഒട്ടും കവർന്നെടുക്കുന്നില്ലെന്ന് പറഞ്ഞെങ്കിലും പ്രതിസന്ധി മറികടക്കാനിപ്പോഴും സർക്കാറിന് കഴിഞ്ഞിട്ടില്ല. ഇത് തന്നെയാകുമോ വഖഫ് ബോർഡ് വിഷയത്തിലും നടക്കുന്നത്? നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ടതിൽ ആശ്വാസമുണ്ട്. എന്നാൽ ദേവസ്വം ബോർഡിന്റെ നിയമനങ്ങൾക്കു പ്രത്യേക ബോർഡ് രൂപീകരിച്ചതിലടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാണിക്കുമ്പോൾ അതിനെ വർഗീയതയാക്കാൻ ശ്രമിക്കുന്നവരുണ്ടാകാം, ആ വഴിയെ പോകരുത്. പക്ഷേ ആശങ്കകൾ പരിഹരിക്കേണ്ടത് സർക്കാരാണ്; പ്രതീക്ഷയോടെ കാത്തിരുന്ന് കാണാം.

കാര്യദർശി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ