‘ക’ (വെള്ളം) ‘ഷിമിര്‍’ (വരണ്ടത്/ഉണങ്ങിയത്) എന്നീ വാക്കുകളില്‍ നിന്നാണ് കശ്മീര്‍ നിഷ്പന്നമായത്. വെള്ളത്തില്‍ നിന്നുയര്‍ന്ന് വന്നതാണ് ഈ പ്രദേശം എന്ന വിശ്വാസമാണ് പേരിന് പിന്നില്‍. ഏകദേശം രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് കശ്മീര്‍ ബുദ്ധമത കേന്ദ്രമായിരുന്നു. പിന്നീടത് ബ്രാഹ്മണാധീനത്തില് ഒരു സംസ്കൃത പഠന കേന്ദ്രമായി വളര്‍ന്നു. പേര്‍ഷ്യക്കാരും അറബികളും വന്നതോടെ കശ്മീര്‍ പേര്‍ഷ്യന്‍ സംസ്കാരത്തിന്റെ കേന്ദ്രമായി. ഇങ്ങനെ എല്ലാ സംസ്കാരങ്ങളെയും സൗഹൃദത്തോടെ സ്വീകരിച്ചിരുത്താന്‍ കശ്മീരിനു കഴിഞ്ഞു. ലഡാക്ക്, ബാള്റ്റിസ്ഥാന്, ഗില്‍ഗിറ്റ്, കിശ്ത്വാര്, ജമ്മു, റജൗരി, പുഞ്ച് എന്നിവയാണ് മധ്യകാലത്തെ കശ്മീര്‍ പ്രവിശ്യകള്‍. പലതിനേയും മലകള്‍ പൂര്‍ണമായി വേര്‍തിരിച്ചത് കൊണ്ട് ഭദ്രമായ ഭരണം അസാധ്യമായിരുന്നു. എങ്കിലും സുല്താന്മാരുടെ കാലത്ത് കശ്മീരില്‍ ഭരണ സ്ഥിരത കൊണ്ടുവരാന്‍ സാധിച്ചിരുന്നു. സുല്താന് മഹ്മൂദ് ഗസ്നി 1505-ലും 1525-ലും കശ്മീര്‍ പിടിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അല്‍ബിറൂനിയുടെ വിവരണമനുസരിച്ച് കശ്മീരും വാരാണസിയും സംസ്കൃത പഠന കേന്ദ്രങ്ങളാണ്. വസുക്ര എന്ന കശ്മീര്‍ ബ്രാഹ്മണ പണ്ഡിതനെ കുറിച്ച് അദ്ദേഹം പറയുന്നുണ്ട്. മൃഗങ്ങളെ വാഹനങ്ങളായി ഉയോഗിക്കാന്‍ വിഷമമായത് കൊണ്ട് ജനങ്ങള്‍ പൊതുവേ കാല് നടക്കാരായിരുന്നു. നാടിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പും പ്രവിശ്യകള്‍ തമ്മിലുള്ള ബന്ധം അസാധ്യമാക്കി. പ്രഭുക്കന്മാരൊക്കെ പല്ലക്കുകളിലാണ് സഞ്ചരിച്ചിരുന്നത്. കച്ചവടവും നടന്നില്ല. കുറച്ച് മാത്രം വിദേശികളാണ് അവിടെ വന്നത്. അതും യഹൂദന്മാര്. ഹിന്ദുക്കളെ ബുദ്ധന്മാര് കശ്മീരില്‍ പ്രവേശിപ്പിച്ചിരുന്നില്ല. ബാരമുള്ള, പക്ലീ, സ്വാത് തുടങ്ങിയ ചുരങ്ങളിലൂടെ മധ്യകാലത്ത് കുതിരപ്പുറത്തും മറ്റുമായി കശ്മീര്‍ താഴ്വാരത്തിലെത്താമായിരുന്നു. ഇതൊക്കെ പറയുന്നത് അല്‍ ബിറൂനി, ഹൈദര്‍ മലിക് എന്നീ സമകാലികര്‍. എന്നാല്‍ കല്‍ഹനയുടെ രാജതരംഗിണി കശ്മീര്‍ ഭരിച്ച ഹര്‍ഷ ദേവ (1089-1101) എന്ന രാജാവിനെ കുറിച്ച് വാചാലമാവുന്നുണ്ട്. അദ്ദേഹം ക്ഷേത്രങ്ങള്‍ തകര്‍ത്തിരുന്നുവെന്നും അവ കൊള്ളയടിച്ച് ധനം സര്‍ക്കാറിലേക്ക് മുതല്ക്കൂട്ടിയെന്നുമാണ് പറയുന്നത്. ഭീമകസേവ എന്ന ക്ഷേത്രം പൊളിച്ച് ഹര്ഷന് കണക്കറ്റ ധനം സ്വന്തമാക്കിയെന്നാണ് കല്‍ഹന രേഖപ്പെടുത്തുന്നത്. അത് തന്റെ മന്ത്രിയുടെ കുടുംബത്തിന്റെ വകയായിരുന്നുത്രെ. പുരോഹിതന്മാര്ക്ക് നഷ്ടപരിഹാരങ്ങള്‍ നല്കിയ ശേഷം ക്ഷേത്രങ്ങളൊക്കെ രാജാവ് കൊള്ളചെയ്തു. മുന്‍ രാജാക്കന്മാര് നല്കിയ വിലപിടിച്ച ഉപഹാരങ്ങളും ഇതില്‍ പെടും. ക്ഷേത്രങ്ങള്‍ സ്വന്തമാക്കേണ്ട ഉത്തരവാദിത്തം ദേവത് പട്ടാന നായക എന്ന ഉദ്യോഗസ്ഥനായിരുന്നു. നശിപ്പിക്കുന്നതിന് മുമ്പ് വിഗ്രഹങ്ങളെ അപമാനിച്ചു വിടാന്‍ ഭിക്ഷക്കാരെ കൊണ്ട് അവയുടെ മേല്‍ മൂത്രമൊഴിപ്പിക്കുകയോ വിസര്‍ജനം നടത്തിക്കുകയോ ചെയ്യുമായിരുന്നു. വെള്ളി കൊണ്ടും സ്വര്‍ണം കൊണ്ടുമുള്ള വിഗ്രഹങ്ങള്‍ തെരുവിലൂടെ ഉരുട്ടിക്കൊണ്ട് പോവും. ഭിക്ഷക്കാരുടെ കാലില്‍ കയര്‍ കെട്ടി മറ്റേ തലക്കല്‍ വിഗ്രഹങ്ങളും കെട്ടിക്കൊണ്ട് വലിച്ചു കൊണ്ടു പോവും. ഹര്ഷന് കൊള്ള ചെയ്യാത്ത ഒരു ക്ഷേത്രവും ഒരു ഗ്രാമത്തിലുമുണ്ടായിരുന്നില്ല. എന്നാല്‍ രണ്ട് വിഗ്രഹങ്ങളെ അദ്ദേഹം ആദരിച്ചിരുന്നു. രപ സ്വാമിന്, മാര്‍ത്താണ്ഡന്‍ എന്നീ വിഗ്രഹങ്ങളെ. കൊട്ടാരത്തിലെ സംഗീതജ്ഞര്‍ രാജാവിന് മുഖസ്തുതി പാടിക്കൊണ്ട് രണ്ട് ബുദ്ധവിഗ്രഹങ്ങളെ രക്ഷപ്പെടുത്തിയത്രെ. കനത, ശ്രനാന കുലസരി എന്നീ കവികളാണ് ഇപ്രകാരം രാജാവിനെ സ്വാധീനിച്ചുകൊണ്ട് പരിഹാസ പുരത്തെ രണ്ട് ബുദ്ധവിഗ്രഹങ്ങള്‍ ധ്വംസനത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. (ഡോ. എം.എ സ്റ്റെയിന്, ട്രാന്സ്ലേഷന് ഓഫ് കല്ഹാനാസ് രാജ തരംഗിണി, പുസ്തകം 3, വചനം 1087-1098, വാള്യം 1, മോത്തിലാല്‍ ബനാറസി ദാസ്, ഡല്‍ഹി, പാറ്റ്ന, ബനാറസ്). കല്‍ഹന പരിഹാസത്തോടെ പറയുകയാണ്: ‘ഏറ്റവും ആദരണീയനായ മന്ത്രി ഗൗരക പോലും രാജാവിന്റെ കല്പന പ്രകാരം ധനമന്ത്രി (അര്‍ത്ഥ നായക)യാവുന്നു. ക്ഷേത്രങ്ങളും ഗ്രാമങ്ങളും കൊള്ളചെയ്യാനും നേതൃത്വം നല്കുന്നു.’ ഹര്ഷന്റെ വിഗ്രഹ ധ്വംസനത്തിന് എതിര്‍പ്പൊന്നും ഉണ്ടായില്ല. ഒരു പക്ഷേ സാധാരണക്കാര്‍ക്ക് അതില്‍ വലിയ കാര്യമൊന്നുമുണ്ടാവില്ല. ക്ഷേത്രങ്ങള്‍ ഭൂപ്രഭുക്കളുടേതായിരുന്നല്ലോ. ഹര്ഷന് ഭൂപ്രഭുക്കള്‍ക്കെതിരെ തിരിഞ്ഞപ്പോള്‍ അവര്‍ സംഘടിച്ച് അദ്ദേഹത്തെ കൊല്ലുകയായിരുന്നു.
സിംഹ ദേവന്
1286-ല്‍ സിംഹ ദേവന് ഒരു രാജവംശം സ്ഥാപിച്ച് 1301 വരെ ഭരിച്ചു. ശേഷം സഹോദരന് സഹദേവന് 1320-ലെ മംഗോളിയന്‍ കൂട്ടക്കൊല വരെ ഭരിച്ചു. സഹദേവന്റെ ഭരണം വളരെ ദുര്‍ബലമായിരുന്നു. കുറച്ചെങ്കിലും പിടിച്ചു നിന്നത് മൂന്ന് സാഹസികര്‍ രാജ്യത്ത് എത്തിയതോടെയാണ്. ബുദ്ധ മതക്കാരനായ റിഞ്ചന്‍ തന്റെ പിതാവിനെ കൊന്നതിന് പകരം വീട്ടി നാട് വിട്ട് കശ്മീരിലെത്തിയതാണ്. അദ്ദേഹത്തെ കൊണ്ട് സൈനിക ശക്തി വര്‍ധിപ്പിക്കാന്‍ സഹദേവന് കഴിഞ്ഞു. ദര്ദിസ്ഥാനില് നിന്ന് ലങ്കാര്‍ ചാകും കുടുംബവും അമ്മാവന്റെ മക്കളുടെ ഭീഷണി ഭയന്നാണ് കശ്മീരിലെത്തിയത്. ഇവര്‍ തൃഹഗം പ്രദേശത്ത് താമസമാക്കിയത് വലിയൊരനുഗ്രഹമായി. പിന്നെ വുഖൂര് ഷാ എന്ന പ്രസിദ്ധ ഖാദിരീ സൂഫിയുടെ പുത്രനും ജ്ഞാനിയുമായ ഷാ മീറിന്റെ വരവ്. സഹദേവന് അദ്ദേഹത്തിന് ജീവിക്കാനായി ബാരാമുല്ല ഗ്രാമം നല്കി. അവിടത്തെ വരുമാനവും മീറിന് തന്നെ. 1320-ല്‍ പടിഞ്ഞാറന്‍ ചുരത്തിലൂടെ മംഗോളിയന്‍ പട കൊടുങ്കാറ്റ് പോലെ വന്നു. സഹദേവനോ പട്ടാളത്തിനോ ഒന്നും ചെയ്യാനായില്ല. മംഗോള്‍ രാജ്യമായ കര്മാനിയിലെ രക്തദാഹിയായ ദലൂചയാണ് സൈന്യസമേതം വന്നിരിക്കുന്നത്. കണ്ണില്‍ കണ്ടതൊക്കെ നശിപ്പിച്ചും ജനങ്ങളെ കൂട്ടക്കശാപ്പ് നടത്തിയും അവര്‍ മുന്നേറി. വിളഞ്ഞു കിടക്കുന്ന വയലുകള്‍ കത്തിച്ചു ചാമ്പലാക്കി. സ്ത്രീകളെയും കുട്ടികളെയും അടിമകളാക്കി വിറ്റു. ഗ്രാമങ്ങളും പട്ടണങ്ങളും താണ്ഡവത്തിനിരയായി. രാജാവ് മല മുകളിലേക്ക് ഒളിച്ചുകടന്നു. പലരും ഗുഹകളിലും മുള്‍ക്കാടുകളിലും അഭയം തേടി. താണ്ഡവം എട്ടു മാസത്തോളം തുടര്‍ന്നു. ആ സമയത്താണ് ഇന്ത്യയിലേക്ക് പോകാന്‍ ദലൂചക്ക് കൊതി തോന്നിയത്. സൈന്യവുമായി ഇന്ത്യ ലക്ഷ്യമാക്കി പോകും വഴി കനത്ത മഞ്ഞ് വീഴ്ചയില്‍ അയാളും സൈന്യവും നിശ്ശേഷം തകര്‍ന്നടിഞ്ഞു. മംഗോളിയര്‍ നശിച്ചു എന്നുറപ്പായപ്പോള്‍ മലകളിലും ഗുഹകളിലും മുള്‍ക്കാടുകളിലും താമസിച്ചിരുന്ന കശ്മീരികള്‍ താഴ്വാരയിലെത്തി. തരിശായി കിടക്കുന്ന വയലുകളും ആളനക്കമില്ലാത്ത വീടുകളും അവരെ പരിഭ്രാന്തിയിലാഴ്ത്തി. വളരെ പണിപ്പെട്ടാണ് അവര്‍ ജീവിതം പച്ച പിടിപ്പിച്ചത്. പൂര്‍വ സ്ഥിതിയിലേക്ക് വരാന്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നു. കൊള്ളയും കൊള്ളിവയ്പും മൂലം സുരക്ഷിതത്വം നശിച്ചു. അവസാനം ഗ്രാമക്കൂട്ടായ്മകള്‍ ഉണ്ടാക്കി. പ്രാദേശികാടിസ്ഥാനത്തില്‍ കൊച്ചു സൈനികക്കൂട്ടങ്ങള് ഉയര്‍ന്നുവന്നു. പല പ്രദേശത്തും സംരക്ഷണത്തിനായി കോട്ടകള്‍ നിര്‍മിച്ചു. കോട്ടകളുടെ മേധാവിത്തം കോട്ട്വാളിന്. പിന്നെപ്പിന്നെ കോട്ടുവാളുമാര് തമ്മില്‍ വടം വലിയായി. അവസാനം ശ്രീ നഗറില്‍ ഒരു രാജാവ് വന്നു. ഒരു വിധത്തില്‍ എല്ലാവരും രാജാവിനെ അംഗീകരിച്ചു. അങ്ങനെ ഏതാണ്ട് ഒരു കേന്ദ്രീകൃത വ്യവസ്ഥയിലേക്ക് കശ്മീരിന്റെ ഭരണം മാറുകയായിരുന്നു.
തുര്‍കിസ്ഥാനില്‍ നിന്നും മറ്റുമായി ഏതാനും മുസ്ലിംകള് കശ്മീര്‍ താഴ്വരയിലേക്ക് കുടിയേറിയിരുന്നു. മംഗോള്‍ താണ്ഡവ കാലത്ത് അവരും മറ്റുള്ളവരോടൊപ്പം മലമുകളിലും മറ്റും അഭയം പ്രാപിച്ചു. അവരധിക പേരും നിരക്ഷരരാണ്. അവര്‍ കശ്മീരികളുടെ സംസ്കാരം സ്വീകരിക്കുകയും കശ്മീരികളെ വിവാഹം കഴിക്കുകയും ചെയ്ത് ജീവിച്ചുപോന്നു. ബ്രാഹ്മണര്‍ മംഗോളിയരാലുള്ള ജാതി ഭ്രഷ്ട് പേടിച്ച് കശ്മീരില്‍ നിന്ന് നാട് വിട്ടിരുന്നു. ബാക്കി വന്ന ബ്രാഹ്മണരാണ് കാര്യങ്ങളൊക്കെ നടത്തിപ്പോന്നത്. ക്ഷത്രിയരോ രജപുത്രരോ ഒന്നും കശ്മീരിലുണ്ടായിരുന്നില്ല. മംഗോള്‍ താണ്ഡവത്തിന് മുമ്പ് വന്ന ഷാ മീര്‍ എന്ന മുസ്ലിം പുണ്യവാളന് കശ്മീരികളില്‍ വളരെ സ്വാധീനം നേടി. അദ്ദേഹം കശ്മീരിയെ വിവാഹം ചെയ്യുകയും തന്റെ മക്കളെ കശ്മീരികള്‍ക്ക് വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു. എന്നാല്‍ ഷാ മീറിന്റെ സ്നേഹിതനായ റിഞ്ചന്‍ അത്യാഗ്രഹിയായിരുന്നു. അദ്ദേഹം തന്റെ മുന്‍ യജമാനന് രാംചന്ദിനെ കൊലപ്പെടുത്തി അധികാരത്തിലെത്തി. കശ്മീരികള്‍ക്ക് അദ്ദേഹത്തെ ഒട്ടും ഇഷ്ടമായിരുന്നില്ല. രാംചന്ദിന്റെ കുടുംബത്തെ റിഞ്ചന്‍ മെല്ലെ കൈയിലെടുത്തു. അദ്ദേഹത്തിന്റെ മകളെ വിവാഹം ചെയ്യുകയും മകന് ഗവര്‍ണര്‍ സ്ഥാനം നല്‍കുകയും ചെയ്തു. ഷാ മീറിനെ റിഞ്ചന്‍ പ്രധാന മന്ത്രിയാക്കി. കലഹക്കാരായ ഗോത്രങ്ങളെ അടിച്ചമര്‍ത്തി. ഏറെക്കുറെ നല്ല ഭരണം കാഴ്ച വച്ചു. റിഞ്ചന്‍ ഒരു ഹിന്ദുവായി കഴിയാന്‍ ആഗ്രഹിച്ചെങ്കിലും അവിടെ വേരുപിടിച്ചിരുന്ന ശൈവിസത്തിന്റെ നേതാവ് ദവസ്വാമി ബൗദ്ധനായ റിഞ്ചനെ ശുദ്ധഹിന്ദുവായി അംഗീകരിക്കാന്‍ തയ്യാറായില്ല. ദുഃഖിതനായ റിഞ്ചനെ ഷാ മീര്‍ അനുനയിപ്പിച്ച് അദ്ദേഹത്തെയും കൂട്ടി ബുല്‍ബുല്‍ ഷാ എന്ന മുസ്ലിം പുണ്യവാളന്റെ അടുത്ത് കൊണ്ടുപോയി. ബുല്‍ ബുല്‍ ഷായുടെ പ്രേരണ പ്രകാരം റിഞ്ചന്‍ സദറുദ്ദീന്‍ എന്ന പേര് സ്വീകരിച്ച് ഇസ്ലാമില്‍ ചേര്‍ന്നു. ഈ മതം മാറ്റം വ്യക്തിപരമായ കാര്യം മാത്രമായിരുന്നു. ഭാര്യ കോട്ട റാണി മതം മാറാതെ തന്നെ റിഞ്ചനോടൊപ്പം കഴിഞ്ഞുവന്നു. സ്വജീവിതത്തില്‍ ഇസ്ലാമിക ആചാരങ്ങളൊന്നും അനുവര്‍ത്തിച്ചിരുന്നില്ല. എന്നാലും കശ്മീരില്‍ ഇസ്ലാമിന് ഔദ്യോഗികമായ പദവി കൈവന്നു. റിഞ്ചന്‍ പുര എന്നൊരു പട്ടണം സ്ഥാപിച്ചു. കശ്മീരിലെ ആദ്യത്തെ പള്ളി സ്ഥാപിച്ചതും അദ്ദേഹം. ഒരു ബുദ്ധ കേന്ദ്രത്തിനടുത്തായതിനാലാവണം അത് ബുധ് മസ്ജിദ് എന്നറിയപ്പെട്ടു. തന്റെ മാര്‍ഗ ദര്‍ശകനായ ബുല്‍ ബുല്‍ ഷായുടെ ഓര്‍മക്കായി ഒരു പള്ളിയും ലങ്കാര്‍ ഖാന (സൗജന്യമായി ഭക്ഷണം വിളമ്പുന്ന സ്ഥലം)യും അദ്ദേഹം നിര്‍മിക്കുകയുണ്ടായി. കോട്ടറാണിയില് പിറന്ന തന്റെ സീമന്ത പുത്രനെയും കൊണ്ട് റിഞ്ചന്‍ ബുല്‍ ബുല്‍ ഷായുടെ അടുത്തെത്തി. ഷാ കുട്ടിക്ക് ഹൈദര്‍ എന്ന പേരിട്ടു. മകനെ ഇസ്ലാമികാചാര പ്രകാരം വളര്‍ത്താന്‍ മന്ത്രി ഷാ മീറിനെ ഏല്പിച്ചു. റിഞ്ചന്റെ കടുത്ത ഭരണം ജനങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ഉദയാനദേവന്റെ നേതൃത്വത്തില്‍ നടന്ന കലാപത്തില്‍ മുറിവേറ്റ റിഞ്ചന്‍ 1323-ല്‍ മരിച്ചു.
ഷാ മീര്‍
റിഞ്ചന്റെ മരണത്തോടെ അധികാരത്തിന് വേണ്ടി വടംവലി തുടങ്ങി. ഷാ മീര്‍ സമര്‍ത്ഥമായി ഇടപെട്ട് ഉദയാനദേവനെ രാജാവാക്കി. റിഞ്ചന്റെ വിധവ കോട്ട റാണിയെ ഉദയാന ദേവന് വിവാഹം ചെയ്യാനും കളമൊരുക്കി. അങ്ങനെ ഉദയാനന്‍ രാജാവായി. എന്നാല്‍ ഭരണം നിര്‍വഹിച്ചത് കോട്ട റാണി തന്നെ. ഉദയാനന്‍ പ്രാര്‍ത്ഥനയില്‍ മുഴുകി ജീവിതം ധന്യമാക്കാന്‍ തുനിഞ്ഞപ്പോള്‍ റാണി ഭരണത്തില്‍ പിടിമുറുക്കി. ഷാ മീറിനെ ഒതുക്കി ശൈവ മതം പുനഃസ്ഥാപിക്കാനായിരുന്നു ശ്രമം. ഷാ മീറിന്റ രണ്ട് മക്കളെ (ജാംഷെദ്, അലി ഷേര്‍) അദ്ദേഹത്തില്‍ നിന്ന് വേര്‍പെടുത്തി കാംരാജ് (ബാരമുള്ള)യിലെ രണ്ട് ജില്ലകളുടെ അധിപരാക്കി. ബ്രാഹ്മണനായ ഭട്ടാ ബിക്ഷാനയെ റാണി പ്രധാന മന്ത്രിയാക്കി ഷാ മീറിനെ അകറ്റി. നിര്‍ഭാഗ്യത്തിന് അച്ചാല എന്നൊരു മംഗോളി കശ്മീര്‍ ആക്രമിച്ചു. ഉദയാന ദേവന് ഓടി രക്ഷപ്പെട്ടു. കോട്ട റാണി ഉറച്ചു നിന്നെങ്കിലും ഒടുവില്‍ ഷാ മീറിനെ തന്നെ ആശ്രയിക്കേണ്ടി വന്നു. രണ്ടു പേരും ഒരുമിച്ച് മംഗോളിയനെ തുരത്തി. ഉദയാനന്‍ തിരിച്ചു വന്നെങ്കിലും ദുര്‍ബലനായ രാജാവിനെ ജനങ്ങള്‍ക്ക് ഇഷ്ടമായില്ല. അപ്പോഴേക്കും ഷാ മീര്‍ പുതിയ തന്ത്രങ്ങളാവിഷ്കരിച്ച് കോട്ട റാണിയെ സ്ഥാന ഭ്രഷ്ടയാക്കാന്‍ കരുക്കള്‍ നീക്കി. ചക്ദാര് കരേവയില് കോട്ട കെട്ടുകയും അവിടെ കോട്ട റാണിയുടെ മൂത്ത മകന് ഹൈദറിനെ അധികാരസ്ഥനാക്കുകയും ചെയ്തു. 1339-ല്‍ ഉദയാനന്‍ മരിച്ചതോടെ കോട്ട റാണി ഇന്ദര്‍ കോട്ടില്‍ വച്ച് രാജ്ഞിയായി പ്രഖ്യാപനം നടത്തി ഭട്ടാ ബിക്ഷാനയോടൊപ്പം ഭരണം തുടര്‍ന്നു. ഷാ മീര്‍ സമയം ഒട്ടും പാഴാക്കാതെ ശ്രീ നഗറില്‍ വച്ച് ബിക്ഷാനയെ വധിച്ചു. മീര്‍ കോട്ട റാണിയോട് വിവാഹാഭ്യര്‍ത്ഥന നടത്തി. വിവാഹ ദിവസം തന്നെ മണിയറയില്‍ വച്ച് കോട്ടാ റാണി കത്തി കൊണ്ട് കുത്തി ആത്മഹത്യ ചെയ്തുവത്രെ. 1338-ല്‍ ഷാ മീര്‍ ഷംസുദ്ദീന് എന്ന പേരില്‍ സുല്‍താനായി പ്രഖ്യാപിച്ചു. 1342 വരെ ഭരിച്ച ഷാ മീര്‍ രാജ്യത്ത് സമാധാനം സ്ഥാപിച്ചെങ്കിലും താമസിയാതെ മരണപ്പെടുകയായിരുന്നു. ഇന്ദര്കോട്ടിലാ (സുംബല്‍)ണ് ഷാ മീറിന്റെ ഖബറിടം. ശേഷം മകന് ജാംഷിദ് ഭരിച്ചു. (1342-44) എന്നാല്‍ സഹോദരന് അലി ഷേറുമായി ജാംഷിദ് തെറ്റിപ്പിരിഞ്ഞു. തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഭരണം അലി ഷേറിന്റെ കൈയിലെത്തി. അദ്ദേഹം സുല്താന് അലാഉദ്ദീന്‍ (1344-56) എന്ന പേര് സ്വീകരിച്ചു. ശക്തനായ സുല്താന് രാജ്യം നേരിട്ട ക്ഷാമത്തില്‍ നിന്ന് സര്‍ത്ഥമായി ജനങ്ങളെ രക്ഷപ്പെടുത്തി. തലസ്ഥാനം ഇന്ദര്‍ കോട്ടില്‍ നിന്ന് അലാഉദ്ദീന്‍ പൂരി(ശ്രീ നഗര്‍)ലേക്ക് മാറ്റി.
1356-ല്‍ ഭരണത്തിലേറിയ അലാഉദ്ദീന്റെ മകന് ശിഹാബുദ്ദീനാണ് കശ്മീരിന്റെ ശരിയായ ശില്പി, ശക്തമായ സൈന്യം, കനത്ത ശിക്ഷകള്‍, ഭദ്രമായ ഭരണം- ഇതൊക്കെയാണ് ഈ സുല്‍താന്റെ മുഖ മുദ്ര. പ്രധാനമന്ത്രിയായി നിയമിച്ചത് ബ്രാഹ്മണനായ ഉദയ്ശ്രീ റാവലിനെ. 1361-ലെ ശക്തമായ വെള്ളപ്പൊക്കത്തിന് ശേഷം തകര്‍ന്നടിഞ്ഞ കശ്മീരിനെ യുദ്ധകാലാടിസ്ഥാനത്തില്‍ അദ്ദേഹം പുനര്‍ നിര്‍മിച്ചു. ഷരീക് പുര, ശിഹാബുദ്ദീന് പൂര് എന്നീ പട്ടണങ്ങള്‍ നിര്‍മിച്ചു. കലാപകാരികളായ സമീന്ദാര്മാരെ വധിക്കുകയോ നാടുകടത്തുകയോ ചെയ്തു. എല്ലാ മതവിശ്വാസികളോടും ബഹുമാനം പുലര്‍ത്തിയ സഹിഷ്ണുവായിരുന്നു ശിഹാബുദ്ദീന്. 1374-ല്‍ അദ്ദേഹം മരിച്ചപ്പോള്‍ സഹോദരന് ഹിന്ദല്‍, ഖുതുബുദ്ദീന്‍ എന്ന പേരില്‍ സുല്‍താനായി. പതിനഞ്ച് വര്‍ഷത്തെ ഭരണം ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റി. ശ്രീ നഗറില്‍ ഖുതുബുദ്ദീന്‍ പൂര് എന്ന നഗരവും അതില്‍ നല്ലൊരു കൊട്ടാരവും അദ്ദേഹം നിര്‍മിച്ചു. കലാപം നടത്തിയവരോട് ഒരു ദാക്ഷിണ്യവും കാണിച്ചില്ല. ശ്രീ നഗറിന്റെ കിഴക്ക് ഒരു വലിയ ശ്മശാനം നിര്‍മിച്ചു. നിരവധി സൂഫി വിശുദ്ധന്മാരെ പില്ക്കാലത്ത് ഇവിടെ ഖബറടക്കിയിരിക്കുന്നു. ഖുതുബുദ്ദീന്റെ കാലത്ത് കശ്മീരില്‍ കുറെ മുസ്ലിംകളുണ്ടായിരുന്നെങ്കിലും മതം പരിശീലിപ്പിക്കാനുള്ള പണ്ഡിതന്മാരുണ്ടായില്ല. അതിനാല്‍ മതം മാറിയാലും കശ്മീരികള്‍ നാട്ടാചാരം തന്നെ പിന്തുടര്ന്നു.
സയ്യിദ് ഹമദാനി
തീമൂറിന്റെ പടയോട്ടക്കാലത്ത് അദ്ദേഹത്തെ എതിര്‍ത്ത പല സയ്യിദ് വംശജര്‍ക്കും നാടുവിടേണ്ടി വന്നിരുന്നു. ഈ സയ്യിദുമാര്‍ പിന്നീട് പലയിടത്തും പ്രാദേശിക ഭരണാധികാരികളായി മാറി. ഹമദാനിലേയും ബൈഹഖിലേയും സയ്യിദുകളില് പലരും ഇന്ത്യയിലെത്തി. ഇവര്‍ കശ്മീരില്‍ താമസമാക്കി. സയ്യിദ് അലി ഹമദാനി (ഷാഹേ കബീര്‍) 1372 സെപ്തംറില്‍ കശ്മീരിലെത്തി കുറച്ചു കാലം താമസിച്ച് തിരിച്ചു പോയെങ്കിലും വീണ്ടും പല തവണ വന്നു. അദ്ദേഹം സുല്താനോട് മുസ്ലിം ആചാരങ്ങള്‍ സ്വീകരിച്ച് നീതി പൂര്‍വം ഭരിക്കാനാവശ്യപ്പെട്ടു. വ്യക്തിപരമായി ജീവിതത്തില്‍ മാറ്റം വരുത്തിയെങ്കിലും ഭരണപരമായ കാര്യങ്ങളില്‍ സയ്യിദിന്റെ ഉപദേശത്തിന് ചെവികൊടുത്തില്ല. സുല്‍താനുമായി പിണങ്ങി മടങ്ങിപ്പോവുമ്പോള്‍ വഴിമധ്യേ സയ്യിദ് ഹമദാനി മരണപ്പെട്ടു. അനുയായികള്‍ അദ്ദേഹത്തിന്റെ മൃതദേഹം ഖത്ലനില് സംസ്കരിച്ചു. ജ്ഞാനിയായിരുന്ന സയ്യിദ് ഹമദാനി കശ്മീരിലുള്ള ഒരു ഹിന്ദു യോഗിനിയുമായി വേദാന്തത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. ചര്‍ച്ചകളെ തുടര്‍ന്ന് യോഗിനി വിഗ്രഹാരാധന ഉപേക്ഷിച്ചത്രേ.
ഖുതുബുദ്ദീന്‍ ശേഷം അധികാരത്തില്‍ വന്ന സുല്താന് സിക്കന്ദര്‍ (1389-1413) മൈനറായതിനാല്‍ മാതാവാണ് ഭരണം നടത്തി യത്. അവരെ സഹായിക്കാന്‍ മന്ത്രിമാരായ റായ് മദാരിയും. മകളും മരുമകനും കൂടി സിക്കന്ദറിന്റെ അധികാരത്തെ ചോദ്യംചെയ്തപ്പോള്‍ രണ്ട് പേരെയും ഈ മാതാവ് കൊന്നു. റായ് മദാരി സുല്‍താനാവാന്‍ ചില കരു നീക്കങ്ങള്‍ നടത്തുകയുണ്ടായി. ഇതറിഞ്ഞ സുല്താന് ബൈഹഖി സയ്യിദുമാരുടെ സഹായത്തോടെ മാതാവിനെയും മദാരിയെയും പുറത്താക്കി. പിന്നെ ആറ് വര്‍ഷം മാത്രമാണ് സിക്കന്ദര്‍ ഭരിച്ചത്. അതിനിടക്ക് തീമൂര്‍ ഡല്‍ഹിയിലും പരിസരത്തും നാശം വിതക്കുന്നുണ്ടായിരുന്നു. തീമൂറിന്റെ അധീശത്വം സ്വീകരിക്കാന്‍ സിക്കന്ദറും നിര്‍ബന്ധിതനായി. തീമൂര്‍ സ്ഥലം വിട്ടതിനാല്‍ ഭാഗ്യത്തിന് സിക്കന്ദര്‍ രക്ഷപ്പെട്ടു. സിക്കന്ദര്‍ തന്റെ അവസാന കാലത്ത് ഭക്തനായി മാറി. മദ്യം, ചൂതാട്ടം എന്നിവ ഉപേക്ഷിച്ചു. സൈന്യത്തില്‍ സംഗീതോപകരണങ്ങള്‍ വിലക്കി. മധേഷ്യയില്‍ നിന്ന് സൂഫികളെയും മുസ്ലിം പണ്ഡിതന്മാരെയും ക്ഷണിച്ചുവരുത്തി കശ്മീരില്‍ താമസിപ്പിച്ചു. ഇക്കാലത്ത് സയ്യിദ് അലി ഹമദാനിയുടെ പുത്രന് സയ്യിദ് മുഹമ്മദ് ഹമദാനിയും കശ്മീരിലെത്തി. സുല്താന് അദ്ദേഹത്തെ ആദരപൂര്‍വം സ്വീകരിച്ച് താമസിക്കാനും വരുമാനത്തിനുമുള്ള ഭൂമി ദാനം നല്കി. ഒരു പര്‍ണശാല നിര്‍മിക്കാന്‍ (ദര്‍ഗായെ മുഅല്ല/ഖാന്‍ഖായെ ഹമദാനി) സൗകര്യം ചെയ്തു കൊടുത്തു. എന്നാല്‍ മറ്റൊരു സയ്യിദ് വംശജന് ഹിസാരി പ്രശ്നങ്ങളുയര്ത്തിയതിനാല് ഹമദാനി കശ്മീര്‍ വിട്ടു. പന്ത്രണ്ട് വര്‍ഷമാണ് അദ്ദേഹം കശ്മീരില്‍ താമസിച്ചത്. സിക്കന്ദര്‍ തനിക്കായി ഒരു കൊട്ടാരവും ശ്രീ നഗറില്‍ ഒരു പള്ളിയും പണിതു. മതകാര്യങ്ങളില്‍ വിധി പറയാന്‍ ശൈഖുല്‍ ഇസ്ലാം എന്നൊരു വകുപ്പും കൊണ്ടുവന്നു. അങ്ങനെ മെല്ലെ മെല്ലെ കശ്മീരില്‍ ഇസ്ലാമിക സംസ്കാരം വ്യാപകമായി.
സിക്കന്ദര്‍, സുഹാ ഭട്ട് എന്ന ബ്രാഹ്മണനെ പ്രധാനമന്ത്രിയായി നിയമിച്ചിരുന്നു. അദ്ദേഹം മുഹമ്മദ് ഹമദാനിയുടെ സ്വാധീനത്തില്‍ മുസ്ലിമായി സൈഫുദ്ദീന് എന്ന പേര് സ്വീകരിക്കുകയുണ്ടായി. പക്ഷേ, പിന്നീടദ്ദേഹം ബ്രാഹ്മണരോട് കടുത്ത ശത്രുത പുലര്‍ത്തുകയും അവര്‍ക്കെതിരായി നിയമങ്ങള്‍ കൊണ്ടുവരാന്‍ സുല്‍താനെ പ്രേരിപ്പിക്കുകയും ചെയ്തു. ജാതീയ ആചാരങ്ങള്‍ നിറുത്തണമെന്നും നെറ്റിയില്‍ ഭസ്മം പുരട്ടരുതെന്നും ഭര്‍ത്താവിന്റെ ചിതയില്‍ വിധവകളെ ഇട്ട് കൊല്ലരുതെന്നുമുള്ള നിയമങ്ങള്‍ നടപ്പാക്കി. സ്വര്‍ണം കൊണ്ടും വെള്ളി കൊണ്ടുമുള്ള വിഗ്രഹങ്ങള്‍ കൊട്ടാരത്തില്‍ കൊണ്ടുവന്ന് ഉരുക്കി അത് കൊണ്ട് സര്‍ക്കാര്‍ നാണയങ്ങള്‍ അടിച്ചിറക്കാനും തീരുമാനമായി. ഇത് അംഗീകരിക്കാന്‍ തയ്യാറാകാത്തവര്‍ രാജ്യം വിട്ട് കൊള്ളട്ടേ എന്നായിരുന്നു കല്പന. അങ്ങനെ ബ്രാഹ്മണ പണ്ഡിറ്റുകള്‍ കൂട്ടത്തോടെ പലായനം തുടങ്ങി. പലരും വിദേശ രാജ്യങ്ങളിലേക്ക് കുടിയേറി. പലരും ആത്മഹത്യ ചെയ്തു. ചിലര്‍ അകത്ത് തങ്ങളുടെ വിശ്വാസം പുലര്‍ത്തിയെങ്കിലും പുറത്ത് രാജ്യ നിയമങ്ങള്‍ അനുസരിക്കുന്നതായി ഭാവിച്ച് നാട്ടില്‍ തന്നെ കഴിഞ്ഞു. ബ്രാഹ്മണര്‍ പോയപ്പോള്‍ പ്രധാന ക്ഷേത്രങ്ങളില്‍ ആരാധന മുടങ്ങി. സാധാരണക്കാരുടെ ക്ഷേതങ്ങ്രള് മാത്രം സജീവമായി. ജാതീയ ആചാരങ്ങളും പതിയെ ഇല്ലാതായി. അതോടെ ആളൊഴിഞ്ഞ ക്ഷേത്രങ്ങളൊക്കെ അടച്ചു പൂട്ടാനുത്തരവിട്ടു.
ഇവരാണ് കാശ്മീര്‍ ഭരണാധികാരികള്‍:
റിഞ്ചന്‍ സദറുദ്ദീന്‍ (1320-23)
ഉദയാന ദേവ (1323-39)
ശംസുദ്ദീന്‍ (1339-42)
ജാംഷെദ് (1342-44)
അലാഉദ്ദീന്‍ (1344-1356)
ശിഹാബുദ്ദീന് (1356-74)
ഖുതുബുദ്ദീന്‍ (1374-89)
സിക്കന്ദര്‍ (1389-1413)
അലി ഷാ (1413-20)
സൈനുല്‍ ആബിദീന്‍ (1420-70)
ഹൈദര്‍ ഷാ (1470-72)
ഹസന് ഷാ (1472-84)
മുഹമ്മദ് ഷാ (1484-87)
ഫതഹ് ഷാ (1487-89)
മുഹമ്മദ് ഷാ (1489-1505) രണ്ടാം പ്രാവശ്യം
ഫതഹ് ഷാ (1505-16) രണ്ടാം പ്രാവശ്യം
മുഹമ്മദ് ഷാ (1516-28) മൂന്നാം പ്രാവശ്യം
ഇബ്റാഹിം ഷാ (1528-1529)
നാസൂഖ് ഷാ (1529-30))
മുഹമ്മദ് ഷാ (1530-37) നാലാം പ്രാവശ്യം
ശംസുദ്ദീന്‍ രണ്ടാമന് (1537-40)
മിര്‍സാ ഹൈദര്‍ ദുഗ്ലത് (1540-50)
നാസൂഖ് ഷാ (1550-51)
മാലിക് ദൗലത് ചാക് (1551-55)
മാലിക് ഗാസി ഷാ (1555-61)
നാസിറുദ്ദീന്‍ മുഹമ്മദ് ഗാസി ഷാ (1561-63)
നാസിറുദ്ദീന്‍ ഹുസൈന് ഷാ (1563-69)
സഹീറുദ്ദീന്‍ മുഹമ്മദ് അലി ബാദുഷ (1570-78)
നാസിറുദ്ദീന്‍ മുഹമ്മദ് യൂസുഫ് ബാദുഷാ(1578-86)
നാസിറുദ്ദീന്‍ യാഖൂബ് ഷാ (1586-88)
യാഖൂബ് ഷാക്ക് ശേഷം ഭരണം മുഗളന്മാര് കൈയിലൊതുക്കി.