വാക്കുകൾക്ക് വലിയ ശക്തിയുണ്ട്. അല്ലാഹു നൽകിയ നാവുകൊണ്ടാണ് നമുക്ക് വാക്കുകൾ പ്രയോഗിക്കാനാകുന്നത്. നാവിനകത്തുള്ള വാക്കുകൾ സുരക്ഷിതമാണ്. നമ്മുടെ നിയന്ത്രണത്തിലുമാണ്. പുറത്തു വിട്ടാൽ അതിന്റെ ഗുണദോഷങ്ങൾ നാം ഏറ്റെടുക്കേണ്ടി വരും. ചില വാക്കുകൾ നമ്മെ സ്വർഗത്തിലെത്തിക്കുമ്പോൾ മറ്റു ചിലത് നരകത്തിലേക്കാണ് വഴിയൊരുക്കുക. ‘റഖീബ്-അതീദിന്റെ നിരീക്ഷണത്തിലല്ലാതെ ഒരു വാക്കും നിങ്ങൾക്ക് ഉരിയാടാനാവില്ല’ (ഖാഫ് 18).
നാവുകൊണ്ട് നമുക്ക് പറയാനാകും, കണ്ണുകൾ കൊണ്ട് കാണാനും കാതുകൾ കൊണ്ട് കേൾക്കാനും പറ്റുന്ന പോലെ. പറഞ്ഞുകൊണ്ട് തന്നെയാണ് ഒട്ടുമിക്ക കാര്യങ്ങളും നാം സാധിച്ചെടുക്കാറുള്ളത്. വ്യക്തിപരമായ ആവശ്യങ്ങൾക്കൊപ്പം സാമൂഹികവും മതപരവുമായ ആവശ്യങ്ങളും ഉത്തരവാദിത്തങ്ങളും നിറവേറ്റുന്നതിനുള്ള മികച്ച ഉപകരണമായിട്ടാണ് നാം നാവിനെ കാണുന്നത്. ഇങ്ങനെയൊരു അനുഗ്രഹം നമുക്ക് കിട്ടിയില്ലായിരുന്നെങ്കിൽ ജീവിതത്തിന്റെ സ്ഥിതി മറ്റൊന്നാകുമായിരുന്നു.
‘ബയാൻ’ മനുഷ്യന് അല്ലാഹു നൽകിയ അനുഗ്രഹമാണെന്ന് സൂറത്തുർറഹ്‌മാനിൽ പറയുന്നുണ്ട്. ഏതൊരാൾക്കും സ്വന്തം ആവശ്യങ്ങൾ വ്യക്തമായി അവതരിപ്പിക്കാനുള്ള ശേഷിയാണ് ബയാൻ.
ഉപദേശിക്കാനും അപേക്ഷിക്കാനും ശാസിക്കാനും പ്രതിഷേധമറിയിക്കാനും അനുയായികളെ ആവേശഭരിതരാക്കാനുമെല്ലാം വാക്കുകൾക്ക് കരുത്തുണ്ട്. അഥവാ നാവിന് അതിനുള്ള ശക്തിയുണ്ട്. നാവു കൊണ്ട് നമുക്ക് സംസാരിക്കാം, എന്തും പറയാം, എത്രയും പറയാം, ഏതു സാഹചര്യത്തിലും പറയാം, അനിയന്ത്രിതമായി പറയാം. എന്നാൽ വാക്കുകളുടെ അനിയന്ത്രിതമായ പ്രവാഹം വലിയ ആപത്താണ്. വിവേകരഹിതമായുള്ള സംസാരം വലിയ വിനകളാണ് വരുത്തുക. ഒന്നാംതരം വിഷമാണത്. ഒരുപാട് നന്മകളെ ഫലശൂന്യമാക്കാൻ ലക്കുകെട്ട ഒരു വാക്കിന് സാധിക്കും. ‘നിന്റെ നാവിനെ നീ പിടിച്ചു നിർത്തണ’മെന്ന തിരുവചനത്തിന് വലിയ പൊരുളുകളുണ്ട്.
സത്യവും നീതിയുമാണ് അല്ലാഹു കൽപിക്കുന്നത്. അതായിരിക്കണം നമ്മുടെ വാക്കുകൾ. അപ്പോഴാണ് നാം നാവുകൊണ്ട് അല്ലാഹുവിന് നന്ദി ചെയ്യുന്നവരാവുക. വൃത്തികെട്ടതും നീചവുമായിട്ടുള്ള വാക്കുകൾ പിശാചിനെയാണ് പ്രചോദിപ്പിക്കുക. ബന്ധങ്ങൾ തകരാനും ശത്രുവിനെ സൃഷ്ടിക്കാനും നീചമായ വാക്കുകൾ വഴിയൊരുക്കും. വലിയ കലാപങ്ങൾക്ക് വരെ തിരികൊളുത്തും. മുസ്‌ലിം ആരായിരിക്കുമെന്ന് തിരുനബി(സ്വ) പറഞ്ഞത് ഇങ്ങനെ: ‘നാവ് കൊണ്ടും കൈകൾ കൊണ്ടും മറ്റാർക്കും ദ്രോഹങ്ങൾ ഏൽപിക്കാത്തവൻ (അഹ്‌മദ്). നബി(സ്വ)യുടെ ഈ വചനം നാം പാഠമാക്കണം. ഇത് നമ്മുടെ ദിശ നിർണയിക്കുന്നതാകണം.
മുസ്‌ലിംകൾക്ക് ദ്രോഹമാവുകയെന്നാൽ നേർക്കുനേരെയുള്ള ആക്രമണമാകണമെന്നില്ല. ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നുവെന്ന ലേബലിൽ ചിലർ നടത്തുന്ന വാക്ശരങ്ങൾ മുസ്‌ലിംകളെ എങ്ങനെയാവും ബാധിക്കുന്നതെന്ന് പലവട്ടം ആലോചിച്ചായിരിക്കണം പറയേണ്ടത്. തന്റെ വാക്ക് സമൂഹത്തിന്/പ്രസ്ഥാനത്തിന് ഗുണമാണോ ദോഷമാണോ വരുത്തുകയെന്ന് പലവട്ടം ആലോചിക്കണം.
സത്യവിശ്വാസിയുടെ നാവിന്റെ സ്ഥാനം ഹൃദയത്തിന്റെ താഴെയാണെന്നാണ് ജ്ഞാനികളുടെ പക്ഷം. ഹൃദയം കൊണ്ട് നന്നായി ആലോചിച്ച ശേഷമേ നാവ് ചലിപ്പിക്കാവൂ എന്നർഥം.
ഹാദി