ഓരോ പാലക്കാട് യാത്രയും ആഹ്ലാദകരമാണ്.
പ്രകൃതിസുന്ദരമായ വയലേലകള്‍. കണ്ണിന് കുളിരേകുന്ന പച്ചപ്പ്. തലയുയര്‍ത്തി നില്ക്കുന്ന കരിമ്പനകള്‍. തെളിനീരൊഴുകുന്ന പുഴകള്‍. ഒറ്റപ്പാലം കഴിഞ്ഞ്, തിരുവില്വാമല വഴി, കുഴല്‍മന്ദവും പിന്നിട്ട് യാത്ര തുടരുമ്പോള്‍ പ്രകൃതി ദൃശ്യങ്ങള്‍ അറ്റമില്ലാതെ നീണ്ടുകിടക്കുന്നു.
ഇത്തവണ ഒരു വാടകവീടാണ് ലക്ഷ്യം.
ഹതഭാഗ്യനായ ഫഖ്റുദ്ദീന്റെ വീട്. അയാളുടെ മകള്‍ക്ക് ഒരു കുട്ടിയുണ്ടായിരുന്നു. അവരെ കാണണം. കുശലാന്വേഷണം നടത്തണം. എന്തിനാണ് ഇത്രയും യാത്ര ചെയ്ത് ഇവരെക്കാണുന്നത്? ഈ ചോദ്യത്തിന് മറുപടിയില്ല. എങ്കിലും ആ കുടുംബത്തെ കാണാതിരിക്കാനാവില്ല.
രണ്ടു മുറിയും ഒരു വരാന്തയും അടുക്കളയുമുള്ള കൊച്ചുവീടായിരുന്നു അത്. വയലിന്റെ വക്കത്തായതുകൊണ്ട്, കാഴ്ചപ്പെരുമ സമ്മാനിച്ച് അങ്ങനെ നില്ക്കുന്നു.
കൊച്ചു ചുമരില്‍ ഒരു കടലാസ് പതിച്ചിരുന്നു. അതിലെഴുതിയിരിക്കുന്നത് രണ്ടു വാക്കുകള്‍: അല്ലാഹു തുണ.
ഇത് തീര്‍ച്ചയായും അവള്‍തന്നെ എഴുതിയതായിരിക്കണം. ഫഖ്റുദ്ദീന്റെ മകള്‍ നസീറ. സൗഭാഗ്യം തന്ന നാഥനെ അവള്‍ക്കെങ്ങനെ മറക്കാനാവും?
ഇതെത്രാമത്തെ വാടക വീടാണെന്ന് ചോദിച്ചാല്‍ ഫഖ്റുദ്ദീന്‍ കൈവിരലുകളില്‍ എണ്ണം പിടിച്ച് പറയും; പന്ത്രണ്ട്, അല്ല പതിമൂന്ന്…
ആദ്യം വാടകക്ക് താമസിച്ചത് സ്വന്തം നാട്ടില്‍ തന്നെയാണ്. പിന്നെയാണ് നാടുകള്‍ മാറാന്‍ തുടങ്ങിയത്. നസീറയെ ഓര്‍ത്തു മാത്രമായിരുന്നു ഈ കൂടുമാറ്റങ്ങളെല്ലാം.
വരുന്ന കല്യാണാലോചനകളൊക്കെ മുടങ്ങിപ്പോവുന്നു. അവളുടെ സമപ്രായക്കാരികളെല്ലാം വിവാഹിതരായി. മറ്റുള്ളവര്‍ കുത്തിപ്പറഞ്ഞ് നസീറയെ വേദനിപ്പിക്കാന്‍ തുടങ്ങി. പിടിച്ചുനില്ക്കാന് നിര്വാഹമല്ലാതിരിക്കുമ്പോള് ഒരു പിടിവള്ളിയായിരുന്നു ഈ ദേശാടനങ്ങള്‍.
മുന്‍വരിയിലെ രണ്ടു പല്ലുകളായിരുന്നു അവളുടെ പ്രശ്നം. ചിരിക്കുമ്പോള്‍ തൊണ്ണു മുഴുവന്‍ കാണുന്നു. പെണ്ണുകാണാന്‍ വരുന്നവരുടെ മുമ്പില്‍ ചിരി ചുരുക്കി കാഴ്ചാദോഷം കുറക്കുമെങ്കിലും “പെണ്പ്രജ’കള്‍ എങ്ങനെയെങ്കിലും അതു കണ്ടുപിടിക്കും. ഇല്ലെങ്കില്‍ ആരൊക്കെയോ വിവരം കൃത്യമായി ആണ് വീട്ടിലെത്തിക്കുന്നു.
ഒരിക്കല്‍ ഇതും പറഞ്ഞ് പൊട്ടിക്കരഞ്ഞു ഫഖ്റുദ്ദീന്‍. എങ്ങനെ സമാധാനിപ്പിക്കണമെന്നറിയാതെ പകച്ചുപോയ നിമിഷങ്ങള്‍. ഓരോന്നിനും ഓരോ സമയം അല്ലാഹു നിശ്ചയിച്ചിട്ടുണ്ടെന്ന് സാന്ത്വനപ്പെടുത്താന്‍ കുറച്ചു പ്രയാസപ്പെട്ടു. അല്ലാഹു നിശ്ചയിച്ചത് സംഭവിക്കുന്നു. പ്രജകള്‍ ക്ഷമയോടെ സ്വീകരിക്കാന്‍ വിധിക്കപ്പെട്ടവരാണ്, എന്നൊക്കെ പറഞ്ഞു സമാധാനിപ്പിച്ചു.
ആയിടെയാണ്, ഒരു സ്വകാര്യ ആസ്പത്രി നടത്തുന്ന മുച്ചിറി ശസ്ത്രക്രിയാ ക്യാമ്പിനെക്കുറിച്ചുള്ള പത്രവാര്‍ത്ത കണ്ടത്. ഫഖ്റുദ്ദീനെ അതറിയിച്ചെങ്കിലും അത്രയും ദൂരം യാത്ര ചെയ്ത് തിരിച്ചുവരാന്‍ അവന് സാധിക്കുമായിരുന്നില്ല. ഒരു ദിവസത്തെ ഐസ് കച്ചവടം മുടങ്ങിയാല്‍ വീട്ടില്‍ അടുപ്പു പുകയില്ലെന്ന മറ്റൊരു വിഷമവൃത്തവും അവനെ അലട്ടിയിരുന്നു.
അതിനൊക്കെ പരിഹാരമുണ്ടെന്ന് പറഞ്ഞ്, നിര്‍ബന്ധിച്ച് അവനെയും നസീറയെയും ആസ്പത്രിയില്‍ വരുത്തി. പക്ഷേ, പരിശോധനയില്‍ നസീറയുടേത് മുച്ചിറിയല്ലെന്നും ദന്തപ്രശ്നമാണെന്നും പറഞ്ഞ്, അവര്‍ കൈയൊഴിയുകയാണുണ്ടായത്. നിരാശയുടെ നീര്‍ക്കെട്ടുമായി മടങ്ങുന്ന നസീറ എന്റെ മനസ്സിലുണ്ടാക്കിയ സങ്കടക്കടലിന് അറ്റമില്ല.
പിന്നെയറിഞ്ഞു, അവള് നാള്‍ക്കുനാള്‍ ക്ഷീണിച്ചുകൊണ്ടിരിക്കുകയാണ്. ഭക്ഷണത്തില്‍ വലിയ താല്പര്യമില്ല. കുടുംബങ്ങളിലേക്കും മറ്റും പോകാറില്ല. മിക്ക സമയത്തും വീട്ടില്‍ ഏകയായി, മിണ്ടാട്ടമില്ലാതെ കഴിയുകയാണ്.
അപ്രതീക്ഷിതമായി, നസീറയുടെ അനിയത്തിക്കു ഒരു വിവാഹാലോചന വന്നു. അവള്‍ക്ക് പതിനെട്ട് തികയുന്നേയുള്ളൂ. സ്ത്രീധനവും പൊന്നും ആവശ്യപ്പെടാതെ ഒരു ഗള്ഫുകാരന് സ്വയം തയ്യാറായി വന്നപ്പോള്‍ നസീറയുടെ ദുഃഖം തല്ക്കാലം കണ്ടില്ലെന്ന് നടിക്കാന്‍ വീടുകാര് നിര്‍ബന്ധിതരായി. അവളെങ്കിലും രക്ഷപ്പെടട്ടെ എന്ന മട്ടില്‍ നസീറ എല്ലാം ഉള്ളിലൊളിപ്പിക്കുകയാണുണ്ടായത്.
പ്രാര്‍ത്ഥനപോലെ, സദ്സ്വഭാവത്തിനുടമയായിരുന്നു മരുമകന്. നവാസ് എന്നാണവന്റെ പേര്. രണ്ടു മാസത്തിനകം ഗള്‍ഫില്‍ പോയെങ്കിലും നസീറയുടെ കാര്യത്തില്‍ അവനും വേപഥു പൂണ്ടു. അവളെ കരകയറ്റാന്‍ എന്താണു വഴി എന്ന ചിന്തയില്‍ അവനും പങ്കുചേര്‍ന്നു.
നിര്‍ബന്ധിച്ചാണെങ്കിലും അവളെ തയ്യല്ക്ലാസ്സിനു ചേര്‍ത്തത് അങ്ങനെയാണ്. ക്ലാസ്സിലെത്തിയ അവള് പുതിയ കൂട്ടുകാരികളുമായി ഇഴുകിച്ചേര്‍ന്നു. തന്നേക്കാള്‍ ദുഃഖം പേറുന്നവര്‍ വേറെയുമുണ്ടെന്ന തിരിച്ചറിവ് നസീറയിലുണ്ടാക്കിയ മാറ്റം ചെറുതൊന്നുമല്ല.
ഒന്നരക്കൊല്ലം കഴിഞ്ഞ് നവാസ് തിരിച്ചുവന്നപ്പോള്‍ ലഗേജുകള്‍ മാത്രമല്ല, ഒരു സന്തോഷവാര്‍ത്ത കൂടി ഫഖ്റുദ്ദീനെ അറിയിക്കാനുണ്ടായിരുന്നു; “തന്റെ കൂടെ ജോലി ചെയ്യുന്ന ഒരാള്‍ നസീറയെക്കാണാന് വരുന്നു, വിവാഹം വൈകിയ ഒരാളാണ്. അവളെ ഇഷ്ടപ്പെട്ടാല്‍…’
“അതുവേണോ മോനേ, അവളെ ഇഷ്ടപ്പെടുമോ?’
“പെട്ടേക്കും; നമുക്ക് നോക്കാം…’
പ്രാര്‍ത്ഥനകള്‍ക്ക് വലിയ അദ്ഭുതം സൃഷ്ടിക്കാന്‍ കഴിയുമെന്നു പറയുന്നത് വെറുതെയല്ല. നവാസിന്റെ കൂട്ടുകാരന് വരുന്നു. അല്പം തടി കൂടുതലുള്ളയാളായിരുന്നു. അയാള്‍ക്ക് നസീറയെ ഇഷ്ടപ്പെട്ടു. പെണ്‍പ്രജകളുടെ മുമ്പിലും റിമാര്ക്കില്ലാതെ രക്ഷപ്പെടുന്നു.
അന്നാണവള്‍ കണ്ണാടിയില്‍ സൂക്ഷിച്ചുനോക്കിയത്. പല്ലിന്റെ വലുപ്പം അത്ര അഭംഗിയല്ലെന്ന് അപ്പോള്‍ അവള്‍ക്കും തോന്നി. ഇതിനകം, ദന്ത ഡോക്ടറുടെ സഹായത്തോടെ ചെറിയ ചികിത്സ നടത്തിയത് നന്നായിഅവള് മനസ്സില്‍ പറഞ്ഞു.
വാടക വീടിന് ഭംഗി കൂടിയിട്ടുണ്ടെന്ന് എനിക്കു തോന്നി. ഫഖ്റുദ്ദീന്‍ വീട്ടില്‍ തന്നെയുണ്ടായിരുന്നു. നസീറയുടെ കുട്ടി ഞങ്ങളെ കണ്ടപ്പോള്‍, ഊഴ്ന്നിറങ്ങി. അവനെന്റെ മടിയില്‍ ഇരുന്ന് കീശയില്‍ നിന്നു പേന വലിച്ചു. കണ്ണട എടുത്തു. ഓരോന്നോരോന്നായി പുറത്തെടുത്തു കൊണ്ടിരുന്നു…
നിറഞ്ഞ സന്തോഷത്തോടെ എന്റെ കണ്ണുകള്‍ ചുമരിലെ എഴുത്തില്‍ വീണ്ടും പതിഞ്ഞു:
“അല്ലാഹു തുണ…’
വിവാഹം വൈകുന്ന പെണ്‍കുട്ടികള്‍ ഓര്‍ക്കുക; നസീറ നിങ്ങള്‍ക്കു പാഠമാണ്. വിധിച്ച സമയമാവുമ്പോള്‍ എല്ലാം ശരിയാവും. അല്ലാഹുവിന്റെ കാരുണ്യത്തെതൊട്ട് നിരാശരാവാതിരിക്കുക.
നല്ല വീട്17
ഇബ്റാഹിം ടിഎന്‍ പുരം