സൽസ്വഭാവങ്ങളിൽ പ്രധാനപ്പെട്ടതാണ് വിട്ടുവീഴ്ച ചെയ്യൽ. അമ്പിയാക്കൾക്കൊഴികെ ഏതു മനുഷ്യനും അനർത്ഥങ്ങൾ സംഭവിക്കൽ സ്വാഭാവികമാണ്. തെറ്റുകുറ്റങ്ങൾ മനുഷ്യസഹജമായതു കൊണ്ടുതന്നെ ഭാര്യാഭർതൃ ജീവിതത്തിലും ഇത് സംഭവിക്കാം. ഭാര്യയിൽ പിഴവുകൾ ഉണ്ടാകുന്നതു പോലെ ഭർത്താവിലും അപാകം സംഭവിക്കും. അതുകൊണ്ട് ഭാര്യയുടെ ചലനങ്ങൾ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കി അവളെ പഴിചാരാൻ തുനിയരുത്. അമ്മായുമ്മ, മരുമകൾ, ഇളയച്ചി, മൂത്തച്ചി തുടങ്ങിയവർക്കിടയിലും തഥൈവ. മറ്റുള്ളവരുടെ കുറവുകൾ കണ്ടെത്തുന്നതിനു പകരം സ്വയം വിചിന്തനം നടത്തി പരസ്പരം സഹിക്കാനും ക്ഷമിക്കാനും എല്ലാവരും തയ്യാറാകണം.
വിട്ടുവീഴ്ചക്കു സന്നദ്ധരായി സഹജീവി സ്‌നേഹം നിലനിർത്തി പൊരുത്തപ്പെട്ട് ജീവിക്കുന്നതിന് ഇസ്‌ലാം വലിയ പ്രാധാന്യം നൽകുന്നുണ്ട്. ‘ആരെങ്കിലും മാപ്പുനൽകുകയും രഞ്ജിപ്പുണ്ടാക്കുകയും ചെയ്യുന്നുവെങ്കിൽ അവനുള്ള പ്രതിഫലം അല്ലാഹുവിന്റെ ബാധ്യതയിലാകുന്നു’ (സൂറത്തു ശൂറ 40).
ഭാര്യാ ഭർത്താക്കന്മാർക്കിടയിൽ സംഭവിക്കുന്ന പിഴവുകളും വീഴ്ചകളും പരസ്പരം ക്ഷമിച്ച് പൊരുത്തപ്പെട്ടാലുള്ള പ്രതിഫലം ചെറുതല്ല . ചില കർമങ്ങൾക്ക് നൽകപ്പെടുന്ന കൂലി നിർണിതമാണ്. ചിലതിന് 10 മടങ്ങും, മറ്റു ചിലതിന് 100 മടങ്ങും പ്രതിഫലം നൽകാൻ മലക്കുകളെ അല്ലാഹു ഏൽപ്പിച്ചിട്ടുമുണ്ട്. എന്നാൽ ആരെയും ഏൽപ്പിക്കാതെ തിട്ടപ്പെടുത്താൻ കഴിയാത്തത്ര പ്രതിഫലം അല്ലാഹു നേരിട്ടു നൽകുന്ന ചില സന്ദർഭങ്ങളുണ്ട്. അതിൽ പെട്ടതാണ് പരസ്പരം വിട്ടുവീഴ്ചചെയ്യൽ.
വിട്ടുവീഴ്ചാ മനോഭാവം രൂപപ്പെടുന്നതിന് ജീവിതത്തിൽ ക്ഷമ ശീലിക്കുകയെന്നത് പ്രധാനമാണ്. അല്ലാഹു പറയുന്നു: ‘ക്ഷമാശീലർക്ക് പ്രതിഫലം കണക്കില്ലാതെ നൽകും’ (39/10). രോഗം ബാധിക്കുന്ന അവസരത്തിൽ അത് റബ്ബിന്റെ നിശ്ചയമാണെന്നും ഞാനതിൽ പൂർണമായും ക്ഷമിക്കുന്നു, പൊരുത്തപ്പെടുന്നു എന്നുമാണ് കരുതേണ്ടത്.
ഇതുപോലുള്ള മറ്റൊരു സന്ദർഭമാണ് അമ്മായുമ്മ മരുമകളെ അനിഷ്ടകരമായ വല്ലതും പറഞ്ഞാലുണ്ടാകുന്നത്. ഉടനെ ഭർത്താവിന്, അല്ലെങ്കിൽ സ്വന്തം ഉമ്മയെയോ ഉപ്പയെയോ വിളിച്ചു പറയുന്നതിനു പകരം വിട്ടുവീഴ്ചക്കു തയ്യാറാവുക. മരുമകളിൽ നിന്ന് ഇഷ്ടമില്ലാത്തത് അമ്മായുമ്മ കേൾക്കുമ്പോൾ മകനെ ഫോൺ വിളിച്ച് സങ്കടം പറയുന്നതിന് പകരം പരസ്പരം വിട്ടുവീഴ്ചാ സമീപനം സ്വീകരിക്കുക. സ്വന്തം മോളാണെന്ന്, ഉമ്മയാണെന്ന് കരുതി പെരുമാറിയാൽ കുടുംബാന്തരീക്ഷം സന്തോഷപൂർണമാകും.
വിട്ടുവീഴ്ച ചെയ്ത് പൊരുത്തപ്പെട്ടു നൽകുന്നത് മനസ്സിൽ തെല്ലും പരിഭവം അവശേഷിക്കാത്ത രീതിയിൽ തന്നെയാകണം; തുടച്ചു വൃത്തിയാക്കിയ പാത്രം പോലെ. ചില ആളുകൾ കുറേ വർഷങ്ങൾക്ക് മുമ്പുണ്ടായ ദുരനുഭവങ്ങൾ പോലും മനസ്സിൽ സൂക്ഷിക്കും. അവസരം കിട്ടുമ്പോൾ തുറന്നടിക്കുകയും ചെയ്യും. ‘നിന്നെ കെട്ടിക്കൊണ്ടുവന്ന അന്ന് ചെയ്തത് ഇപ്പോഴും ഞാൻ മറന്നിട്ടില്ല. അതെന്റെ മനസ്സിൽ നിന്ന് നീക്കിയാൽ പോകില്ല’- എന്നിങ്ങനെയുള്ള വാക്കുകൾ പറയുന്നവരുണ്ട്. ഇങ്ങനെ പെരുമാറുന്നവരുടേത് കെട്ടമനസ്സാണ്. അവരുടെ ഒരു കർമവും അല്ലാഹു സ്വീകരിക്കില്ല. അവരുടെ മനസ്സിൽ നന്മ ഉണ്ടാവുകയുമില്ല.
സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി