അക്കാദമിക മേഖലയിൽ പ്രൊഫ. അബ്ദുറഹീം വ്യത്യസ്തനാകുന്നത് ദേശീയ അന്തർദേശീയ രംഗത്തെ മികച്ച നേട്ടങ്ങൾ കൊണ്ടാണ്. അതുല്യമായ സേവനങ്ങൾ കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുകയാണ് അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിലെ മ്യൂസിയോളജി വിഭാഗം തലവനായ ഈ മലയാളി. മലപ്പുറം ജില്ലയിലെ പുതുപ്പറമ്പ് സ്വദേശിയായ പ്രൊഫ. കെ അബ്ദുറഹീം, ഓക്‌സ്ഫഡ് റൗണ്ട് ടേബൾ കോൺഫറൻസിലെ സ്ഥിരാംഗമാണ്. കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ നടന്ന നിരവധി ഗവേഷണ പഠനങ്ങളുടെയും പാഠ്യപദ്ധതി പരിഷ്‌കരണങ്ങളുടെയും ഭാഗമായി പ്രവർത്തിച്ച വിദ്യാഭ്യാസ വിചക്ഷണൻ കൂടിയാണിദ്ദേഹം.

യൂണിവേഴ്‌സിറ്റി മ്യൂസിയം ഓഫ് സയൻസ് ആന്റ് കൾച്ചറൽ മേധാവി, ഇന്നവേറ്റീവ് ടീച്ചിംഗ് ആന്റ് റിസർച്ച് ഓഫ് യുജിസി കോർഡിനേറ്റർ, ഇന്ത്യൻ സോഷ്യൽ സയൻസ് കോൺഗ്രസ് ഫെലോ, കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉപദേശകൻ, ഇന്റർനാഷണൽ കൗൺസിൽ ഓഫ് കൺസർവേഷൻ ഓഫ് കൾച്ചറൽ പ്രോപർട്ടിയുടെ ജനറൽ സെക്രട്ടറി തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങിനിൽക്കുകയാണ് പ്രൊഫ. കെഎ റഹീം. നീണ്ട ഇടവേളക്കു ശേഷം മർകസ് നോളജ് സിറ്റി മ്യൂസിയം പ്രൊജക്ടിന്റെ ആവശ്യാർത്ഥം കേരളത്തിലെത്തിയ അദ്ദേഹം സുന്നിവോയ്‌സിന് അനുവദിച്ച അഭിമുഖത്തിൽ നിന്ന്.

 

വിദ്യാഭ്യാസ രംഗത്തെ വികസനത്തിനായി വിവിധ പദ്ധതികൾ നിലവിലുണ്ട്. യുജിസി, എൻസിഇആർടി തുടങ്ങിയ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ ഫണ്ട് ചെയ്യുന്ന നിരവധി ഗവേഷണങ്ങളിൽ അധ്യാപനവും പഠനവും കൂടുതൽ പ്രായോഗികവും ശാസ്ത്രീയവുമാക്കി മാറ്റാനുള്ള നിർദേശങ്ങൾ മുന്നോട്ടുവെക്കുന്നു. പാഠ്യപദ്ധതി പരിഷ്‌കരണങ്ങളും അധ്യാപന രീതികളിലെ മാറ്റങ്ങളും ക്ലാസ് മുറികളിൽ കൊണ്ടുവരുന്നതിൽ അത്തരം ഗവേഷണങ്ങൾക്ക് വലിയ പങ്കുണ്ട്. അങ്ങനെയുള്ള ഗവേഷണ പദ്ധതികളിൽ സജീവമായി പങ്കെടുത്ത ഒരാളാണ് താങ്കൾ. വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങളെക്കുറിച്ച് താങ്കളുടെ നിരീക്ഷണങ്ങൾ പങ്കുവെക്കാമോ?

വിദ്യാഭ്യാസ രംഗത്ത് എല്ലാം മാറിക്കൊണ്ടിരിക്കുകയാണ്. പൗരാണിക കാലത്തെ അപേക്ഷിച്ച്, അടിസ്ഥാന സൗകര്യങ്ങളിലും ഭൗതിക സംവിധാനങ്ങളിലും വലിയ മാറ്റങ്ങളാണ് വന്നിട്ടുള്ളത്. വാർത്താ വിനിമയ സൗകര്യങ്ങളിലും കാര്യമായ വികസനം നാം കൈവരിച്ചു. അമ്പത് വർഷങ്ങൾക്ക് മുമ്പ് മലയാളി ഫോൺ വിളിക്കുന്നതിന്റെ ഒരു ചിത്രമുണ്ട്. ഒരാൾപൊക്കത്തിൽ നിർത്തിവെച്ചിരിക്കുന്ന ഒരു സ്റ്റാന്റിന് മുകളിലാണ് ഫോൺ വെക്കുന്നത്. ഒരു കൈകൊണ്ട് സംസാരിക്കാനുള്ള ഭാഗവും മറുകൈ കൊണ്ട് കേൾക്കാനുള്ള ഭാഗം ചെവിയിലും പിടിച്ച് സംസാരിച്ചിരുന്ന കാലമാണത്. എന്റെ പിതാവ് മരണപ്പെട്ട സമയത്ത് ഗൾഫിലുള്ള സഹോദരന്മാരെ വിവരമറിയിക്കാൻ കോഴിക്കോട് പോകണമായിരുന്നു. ആദ്യം രാവിലെ അവിടെ പോയി ഫോൺ ചെയ്യാനുള്ള ലൈനിൽ കാത്തുനിൽക്കണം. വൈകീട്ട് വരെ നിന്നിട്ടും ഫോൺ ചെയ്യാനുള്ള അവസരം കിട്ടിയില്ല. ആകെ കോഴിക്കോട് മാത്രം ഒരു ടെലഫോണുള്ള കാലമാണത്. അങ്ങനെ സൗദിയിലുണ്ടായിരുന്ന എന്റെ സഹോദരന്മാരെ ഫോണിൽ വിളിച്ച് വിവരം പറയുന്നത് ഒരാഴ്ച കഴിഞ്ഞിട്ടാണ്.

ഇന്ന് ടെലി കമ്മ്യൂണിക്കേഷനിൽ ദിവസവും വികസനം കടന്നുവരുന്നു. ഓരോ ദിവസവും പുതിയ ആപ്ലിക്കേഷനുകളും സൗകര്യങ്ങളും ഉണ്ടാകുന്നു. ഈ മേഖലയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തുകൊണ്ട് മറ്റു മേഖലകളിൽ ഉണ്ടാവുന്നില്ല? പ്രത്യേകിച്ച് വിദ്യാഭ്യാസ രംഗത്ത്. നാലും അഞ്ചും വർഷങ്ങൾക്കിടയിൽ ചെറിയ ചില മാറ്റങ്ങളാണ് വിദ്യാഭ്യാസ രംഗത്ത് ഉണ്ടാകുന്നത്. അതും പ്രായോഗിക തലത്തിൽ പല പദ്ധതികളും നടപ്പിൽ വരാറില്ല. എൻസിആർടിയുടെ ചില നിർദേശങ്ങൾ ഇന്ത്യയിലെ സ്‌കൂളുകളിൽ നടപ്പിലാക്കാൻ തുടങ്ങിയപ്പോൾ കുട്ടികളുടെ പഠനത്തിൽ ക്രിയാത്മകമായ മാറ്റങ്ങൾ കണ്ടുതുടങ്ങി.

നമ്മളൊക്കെ വിദ്യാർത്ഥിയായിരുന്ന കാലത്ത്, സൈദ്ധാന്തികമായ കാര്യഅങൾ കുറേ എഴുതിവെക്കുമായിരുന്നു. അധ്യാപകർ ധാരാളം സമയം തിയറി പറഞ്ഞുകൊണ്ടേയിരുന്നു. ടെക്സ്റ്റ് ബുക്കിലാണെങ്കിൽ അത്തരം തിയറികൾ പരാമർശിക്കുന്നിടത്ത് ഒന്നോ രണ്ടോ ചിത്രങ്ങളും കാണും. ശാസ്ത്ര വിദ്യാർത്ഥികളായിരുന്ന ഞങ്ങൾക്ക് അതൊന്നും മനസ്സിലായിരുന്നില്ല. അന്നൊക്കെ എല്ലാ ക്ലാസിലും ഇതായിരുന്നു സ്ഥിതി. നാഷണൽ റിസർച്ച് കൗൺസിൽ മുന്നോട്ടുവെച്ച നിർദേശങ്ങളിൽ എങ്ങനെ കുട്ടികളെ പഠിപ്പിക്കണം എന്നതിനെക്കുറിച്ച് വ്യക്തമായ പരാമർശമുണ്ട്. അതുപ്രകാരം തയ്യാറാക്കിയ പാഠപുസ്തകങ്ങളിൽ വർണാഭമായ ചിത്രങ്ങളും ഡയഗ്രമുകളും സ്ഥാനം പിടിച്ചു. കൂടുതൽ ലളിതമായി പാഠഭാഗങ്ങൾ അവതരിപ്പിച്ചു. ഈ മെതഡോളജിയിൽ അധ്യാപകർക്കും കൃത്യമായ നിർദേശങ്ങളുണ്ടായിരുന്നു.

 

അധ്യാപന രംഗത്തുണ്ടായ മാറ്റങ്ങൾ എന്തൊക്കെയാണ്?

എന്നെ കൂടുതൽ ആകർഷിച്ചത് ക്ലാസ്മുറിയിലുള്ള അധ്യാപനത്തിൽ വന്ന മാറ്റങ്ങളാണ്. പഠിക്കുന്ന കാര്യങ്ങളുടെ ദൃശ്യസാധ്യതകളാണ് അധ്യാപകർ ഉപയോഗപ്പെടുത്തിയത്. ഒരു നിശ്ചിത പാഠഭാഗത്തെ പല വസ്തുക്കളായും ചിത്രങ്ങളായും വീഡിയോകളായും കുട്ടികളെ കാണിക്കുന്നു. ഒരേ ഒബ്ജക്ടിലേക്ക് മുഴുവൻ കുട്ടികളുടെയും ശ്രദ്ധ തിരിയുന്നു. അങ്ങനെ വസ്തുക്കൾ കാണിച്ച് പഠിപ്പിക്കുമ്പോൾ കുട്ടികൾ കേവലം കേട്ടുപഠിക്കുകയല്ല ചെയ്യുന്നത്. അവരത് കണ്ടു പഠിക്കുന്നു. ഒപ്പം ചെയ്തു പഠിക്കുകയും ചെയ്യുന്നു. ഈ രീതി വളരെ വലിയ വിജയകരമായിരുന്നു.

അധ്യാപകരിൽ നിന്ന് കേട്ടുമാത്രം പഠിക്കുന്ന പഴയ രീതിക്ക് ചില പരിമിതികൾ ഉണ്ടായിരുന്നു. ടീച്ചർ ഒരു കാര്യം പറയുമ്പോൾ ക്ലാസിലെ ഓരോ കുട്ടിയും ആ കാര്യം മനസ്സിലാക്കുന്നത് ഓരോ രീതിയിലാണ്. മുപ്പത് കുട്ടികളുണ്ടെങ്കിൽ മുപ്പത് രീതികളിലാണ് അക്കാര്യം അവർ ഭാവനയിൽ കാണുന്നത്. അതേ സമയം, ഒരു ഒബ്ജക്ട് കാണുമ്പോൾ മനസ്സിലാക്കുന്ന രീതിയിലും വേഗതയിലും മാറ്റങ്ങൾ വരുന്നു. കൂടുതൽ വർണങ്ങളും ചിത്രങ്ങളും ഡയഗ്രമുകളും ഇതിനായി ഉപയോഗപ്പെടുത്തി. ഒരു ഡയഗ്രമോ ചിത്രമോ കാണുമ്പോൾ വിദ്യാർത്ഥികളുടെ തലച്ചോറിൽ അത് നേരിട്ട് റെക്കോർഡ് ചെയ്യപ്പെടുന്നു. തിയറി കുറേ വായിച്ചാൽ ഈ ഇമേജ് കിട്ടില്ല. ഇക്കോ സിസ്റ്റത്തിന്റെ ഒരു ഡയഗ്രം, നാലോ അഞ്ചോ പേജുള്ള നീണ്ട ഉപന്യാസത്തേക്കാൾ ഗുണം ചെയ്യുന്നു; അധ്യാപനത്തിലും പഠനത്തിലും.

 

വിദ്യാഭ്യാസ രംഗത്ത് ഇനിയും ഉണ്ടാവേണ്ട വികസനങ്ങൾ വിശദീകരിക്കാമോ?

എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ള ഒരു കാര്യം വളരെ സങ്കീർണമായ കാര്യങ്ങൾ പഠിപ്പിക്കാൻ അധ്യാപകർ ഇപ്പോഴും പുതിയ രീതികൾ കണ്ടെത്തിയിട്ടില്ല എന്നതാണ്. ഇപ്പോൾ സയൻസ് വിഷയങ്ങളിൽ മാത്രമാണ് പ്രാക്ടിക്കൽ ഉള്ളത്. എന്തുകൊണ്ടാണ് മാനവിക വിഷയങ്ങളിലും സാമൂഹ്യശാസ്ത്ര വിഷയങ്ങളിലും പ്രായോഗിക പഠനം നാം പരീക്ഷിക്കാത്തത്? നേരിട്ട് കണ്ടും ചെയ്തും പഠിക്കാൻ ശാസ്ത്ര വിദ്യാർത്ഥികൾക്ക് മാത്രമാണ് ഇവിടെ അവസരമുള്ളത്. ഈ സ്ഥിതി മാറേണ്ടതുണ്ട്. എല്ലാ വിഷയങ്ങളിലും ശാസ്ത്രീയമായ പ്രാക്ടിക്കലുകൾ ഉണ്ട്. അത് ചെയ്ത് പഠിക്കുമ്പോൾ മാത്രമാണ് വിദ്യാർത്ഥികൾ പുതിയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും മുന്നോട്ടുവരൂ. പലപ്പോഴും പഠിക്കുന്ന കാര്യങ്ങൾ ജീവിതവുമായി ബന്ധപ്പെടുത്താൻ കഴിയാതിരിക്കുന്നത് ഈ പരിമിതി കൊണ്ടാണ്.

ഫലപ്രദമായ അധ്യാപനത്തെക്കുറിച്ചും പഠനത്തെക്കുറിച്ചുമുള്ള ഗവേഷണത്തിന്റെ ഭാഗമായി ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. ആ സമയത്ത്, വിദ്യാഭ്യാസ സാധ്യതകളെക്കുറിച്ചും വിവിധ ലോകരാജ്യങ്ങളിൽ ഇപ്പോൾ പിന്തുടരുന്ന അധ്യാപന രീതികളെക്കുറിച്ചും ഞങ്ങൾ വിശദമായി പഠിച്ചു. യുജിസി ഫണ്ട് ചെയ്ത ഗവേഷണമായിരുന്നു അത്. മനുഷ്യന്റെ തലച്ചോറിനെക്കുറിച്ച് എത്ര ഗവേഷണം ചെയ്താലും തീരില്ല എന്നതാണ് വാസ്തവം. കഴിഞ്ഞ വർഷം മെമ്മറി ടെക്‌നിക്കിനാണ് ഭൗതിക ശാസ്ത്രത്തിൽ നോബേൽ സമ്മാനം കൊടുത്തത്. എത്രത്തോളം ഉപയോഗപ്പെടുത്തുന്നുവോ, അത്രത്തോളം തലച്ചോറിന്റെ ശക്തി കൂടിക്കൊണ്ടിരിക്കും. ഈ ചിന്തയാണ് ഞങ്ങളെ മുന്നോട്ടുനയിച്ചത്.

 

വിദ്യാഭ്യാസ വികസനത്തിൽ സർക്കാരുകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും ഇടപെടൽ ഗുണകരമാണോ?

വിദ്യാഭ്യാസ രംഗത്ത് രാഷ്ട്രീയ ശക്തികൾ വിവിധ രൂപങ്ങളിലാണ് സ്വാധീനം ചെലുത്തുന്നത്. കേരളത്തിൽ പലപ്പോഴും കക്ഷിരാഷ്ട്രീയത്തിന്റെയും വോട്ടുബാങ്കിന്റെയും പേരിൽ വിദ്യാഭ്യാസ വികസനത്തിന് കാലതാമസം നേരിട്ടിട്ടുണ്ട്. ഇപ്പോഴും അതിന് വലിയ മാറ്റം വന്നിട്ടില്ല. മുലായം സിംഗും ലാലുപ്രസാദ് യാദവും ഇംഗ്ലീഷ് പഠിക്കേണ്ടതില്ലെന്ന് പറയുന്നതും തങ്ങൾ സാധാരണക്കാരുടെ പക്ഷത്താണെന്ന് നിരന്തരം പ്രസ്താവന നടത്തുന്നതും വോട്ടുരാഷ്ട്രീയത്തിന്റെ ഭാഗം മാത്രമാണ്. ഇരുവരുടെയും കുടുംബം വിദ്യാഭ്യാസ രംഗത്ത് നേരത്തെ വലിയ നേട്ടങ്ങൾ കൈവരിച്ചവരാണ്. അവരുടെ മക്കൾ പ്രശസ്തമായ വിദേശ സർവകലാശാലകളിൽ പഠിക്കുന്നവരും പഠിച്ചിറങ്ങിയവരുമാണ്. അപ്പോൾ രാജ്യത്തെ സാധാരണക്കാരുടെ മക്കൾക്ക് പഠിക്കാനുള്ള അവസരങ്ങളാണ് പ്രധാനം. രാഷ്ട്രീയ നേതൃത്വം പലപ്പോഴും ജനങ്ങളെ വിഡ്ഢികളാക്കുകയാണ് ചെയ്യുന്നത്. ലാലുപ്രസാദിന്റെ രണ്ടു മക്കളും എഞ്ചിനീയർമാരാണ്. പലപ്പോഴും താക്കോൽ സ്ഥാനങ്ങളിൽ നിയമനം ലഭിക്കുന്നത് അഭ്യസ്ഥവിദ്യരായ രാഷ്ട്രീയ നേതാക്കളുടെ മക്കൾക്കു തന്നെയാണ്. മുലായം സിംഗിന്റെ മകനായ അഖിലേഷ് യാദവാണല്ലോ ഇപ്പോൾ ഉത്തർപ്രദേശ് മുഖ്യമന്ത്രി.

 

ഇന്ന് നിലവിലുള്ള പല സ്‌കൂൾ സിലബസുകളും വിദ്യാർത്ഥികൾക്ക് താങ്ങാനാവുന്നില്ല എന്ന പ്രചാരണം ഉണ്ട്?

അത്തരം പ്രചാരണങ്ങളിൽ എനിക്ക് വിശ്വാസമില്ല. കുട്ടികളെ കളിക്കാൻ അനുവദിക്കുന്നില്ല എന്നും കുഞ്ഞുനാളിലേ വലിയ ഭാരം അവരുടെ ചുമലിൽ വന്നുചേരുന്നുവെന്നും പല മാധ്യമങ്ങളും വിമർശിക്കാറുണ്ട്. അതുകൊണ്ടു തന്നെ എൽകെജിയും യൂകെജിയും അനാവശ്യമാണെന്നും അവർ പറയുന്നു. അതൊക്കെ വലിയ വിഡ്ഢിത്തങ്ങളാണ്. ഒരു മനുഷ്യന്റെ ജീവിതത്തിൽ രണ്ടു മാസം പ്രായമായതു മുതലാണ് ബ്രെയ്ൻ ഏറ്റവും നന്നായി വികസിച്ചു വരുന്നത്. ആറു വയസ്സ് പ്രായമാവുന്നതിനു മുമ്പ് കുട്ടികളുടെ തലച്ചോർ എന്തും സ്വീകരിക്കാൻ തയ്യാറായിക്കഴിഞ്ഞിരിക്കും. ഈയൊരു സാഹചര്യത്തിൽ അവരെ നന്നായി പഠിപ്പിക്കുകയാണ് വേണ്ടത്.

തലച്ചോറിന്റെ ഫാക്കൽറ്റികൾ വികസിക്കുന്ന ഈ കാലയളവിൽ അനാവശ്യമായ ആശങ്കകൾ പരിഗണിച്ച് നമ്മുടെ കുഞ്ഞുങ്ങളെ വലിയ നേട്ടങ്ങളിൽ നിന്നകറ്റരുത്. അവരുടെ സർഗാത്മക കഴിവുകൾ ഏറ്റവും നന്നായി വികസിപ്പിച്ചെടുക്കേണ്ടത് ഈ പ്രായത്തിലാണ്. സംസാരിക്കാനും എഴുതാനുള്ള കഴിവ്, ആത്മവിശ്വാസം, സാമൂഹിക പ്രതിബദ്ധത, ചിന്തിക്കാനുള്ള കഴിവ് തുടങ്ങിയവയെല്ലാം ഈ സമയത്ത് വികസിപ്പിച്ചെടുക്കണം.

ഞാൻ അധ്യാപനം നടത്തുന്നത് അലിഗഢ് യൂണിവേഴ്‌സിറ്റിയിലെ മ്യൂസിയോളജി വകുപ്പിലാണ്. മ്യൂസിയങ്ങളെക്കുറിച്ചുള്ള പഠന വകുപ്പാണത്. അവിടെ പഠിക്കാനെത്തുന്ന വിദ്യാർത്ഥികളെ എനിക്ക് നേരിട്ടറിയാം. വിവിധ പശ്ചാത്തലങ്ങളിൽ നിന്ന് യൂണിവേഴ്‌സിറ്റിയിലെത്തുന്നവർ. കുട്ടിക്കാലത്ത് മികച്ച പരിശീലനം ലഭിച്ചവരാണ് അക്കൂട്ടത്തിൽ പഠന-പാഠ്യേതര വിഷയങ്ങളിൽ എപ്പോഴും മികച്ചുനിൽക്കുന്നത്. അതുകൊണ്ടുതന്നെ സിലബസ് താങ്ങാൻ കഴിയുന്നില്ല, പഠനഭാരം കൂടുന്ന എന്നിങ്ങനെയുള്ള പ്രചാരണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ല.

ഇന്ദിരാഗാന്ധി ഏറ്റവും വലിയ ഉദാഹരണമാണ്. അവർ മരിച്ചു കഴിഞ്ഞാൽ ഇന്ത്യയുടെ ഭാവി എന്തായിരിക്കും എന്നതായിരുന്നു അക്കാലത്ത് ദേശീയതലത്തിലെ ഏറ്റവും വലിയ ചർച്ചാ വിഷയം. അത്രയും സ്വാധീന ശക്തിയുള്ള വനിതയായിരുന്നു അവർ. രാജ്യത്തെ സാംസ്‌കാരിക വകുപ്പ്, ആഭ്യന്തര വകുപ്പ്, പരിസ്ഥിതി വകുപ്പ്, വിദേശകാര്യ വകുപ്പ്, വിദേശ രാഷ്ട്രങ്ങളിലെ വിവിധ ഏജൻസികൾ തുടങ്ങിയവയെല്ലാം ഇന്ദിരാഗാന്ധിയുടെ മേൽനോട്ടത്തിലാണ് പ്രവർത്തിച്ചത്. കുട്ടിക്കാലത്തു തന്നെ ഏറ്റവും മികച്ച ട്രെയ്‌നിംഗ് ലഭിച്ച വ്യക്തിയായിരുന്നു അവർ. ഇന്ദിര ചെറിയ കുട്ടിയായിരുന്ന കാലം മുതൽ നെഹ്‌റു അവർക്ക് ട്രെയ്‌നിംഗ് നൽകിത്തുടങ്ങിയിരുന്നു. കത്തെഴുതിയും നേരിട്ടും നെഹ്‌റു അക്കാര്യത്തിൽ നന്നായി ശ്രദ്ധിച്ചു. ഓക്‌സ്‌ഫോഡിൽ കൊണ്ടുപോയി ലോകത്തു ലഭിക്കാവുന്ന ഏറ്റവും മികച്ച വിദ്യാഭ്യാസവും പരിശീലനങ്ങളും ഇന്ദിരക്ക് എത്തിച്ചുകൊടുത്തു.

 

കേരളത്തിലെ ഇംഗ്ലീഷ് മീഡിയും സ്‌കൂളുകളിലെ നിലവാരം വിലയിരുത്തിയിട്ടുണ്ടോ?

വിദ്യാർത്ഥികൾക്ക് എല്ലാം വായിൽവെച്ചു കൊടുക്കുന്നു എന്നത് ആദ്യകാലം മുതൽ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളെക്കുറിച്ച് പറഞ്ഞുകേൾക്കുന്ന വിമർശനമാണ്. അതിപ്പോഴും പല സ്‌കൂളുകളിലും തുടർന്നുവരുന്നു എന്നത് ഖേദകരമാണ്. കുട്ടികൾക്ക് നൽകുന്ന ഹോം വർക്കിൽ പോലും മാതാപിതാക്കൾ സഹായിക്കരുത് എന്നതാണ് വിദ്യാഭ്യാസ മനഃശാസ്ത്രം. ഈ സ്പൂൺ ഫീഡിംഗ് രീതി തീർച്ചയായും മാറണം. കുട്ടികളെ നമുക്ക് ചില സന്ദർഭങ്ങളിൽ സഹായിക്കേണ്ടി വരും. എന്നാൽ ആരെങ്കിലും സഹായിക്കാതെ ജീവിതത്തിൽ ഒരു കാര്യവും ചെയ്യാൻ കഴിയാതെ വരുന്നിടത്താണ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ പരാജയപ്പെടുന്നത്. അർഹതയിലും കവിഞ്ഞ് മാർക്കിടുമ്പോൾ ഓരോ വിദ്യാർത്ഥിയും കൂടുതൽ നിലവാരമില്ലായ്മയിലേക്കാണ് എത്തുന്നത്. വിജയശതമാനം ഉയർത്താനായി ഇംഗ്ലീഷ് മീഡിയും വിദ്യാർത്ഥികൾക്ക് അനർഹമായ മാർക്കിടുമ്പോൾ യഥാർത്ഥ വികസനം അസാധ്യമായി മവരുന്നു.

യഥാർത്ഥത്തിൽ ഇംഗ്ലീഷ് മീഡിയും സ്‌കൂളുകൾ പിന്തുടരുന്നത് ഒരു ഇന്ത്യൻ സിസ്റ്റമല്ല. ലോകബാങ്കിന്റെ സഹായത്തോടെ, യുകെയിലും യുഎസ്സിലുമൊക്കെയുള്ള അധ്യയന രീതിയാണ് ഇവിടെ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. അത്തരം രാഷ്ട്രങ്ങളിൽ കുടുംബം എന്ന സ്ഥാപനമില്ല. മാതാപിതാക്കളോടുള്ള കടമകളെക്കുറിച്ച് അവർക്ക് ധാരണയില്ല. അത്തരമൊരു വിദ്യാഭ്യാസ സംസ്‌കാരം ഇവിടെ എത്രത്തോളം വിജയകരമായി നടപ്പിൽ വരുമെന്നത് ഇനിയും ഗൗരവത്തോടെ ഉന്നയിക്കേണ്ട ചോദ്യമാണ്. സ്‌പെല്ലിംഗ് ഒരു പ്രശ്‌നമല്ല, കുത്തും കോമയുമടങ്ങുന്ന ചിഹ്നങ്ങൾ മുഖവിലക്കെടുക്കേണ്ടതില്ല തുടങ്ങിയ തെറ്റായ ധാരണകൾ നമ്മുടെ ഇംഗ്ലീഷ് വിദ്യാലയങ്ങളിലേക്കും എത്തിയിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെ നിലവാരമാണ് നാം ആഴത്തിൽ ചിന്തിക്കേണ്ട വിഷയം. ഇത് സ്‌കൂൾ തലത്തിൽ മാത്രമുള്ള പ്രശ്‌നമല്ല. യൂണിവേഴ്‌സിറ്റികളിൽ പോലും നിലവാരം ഒരു പ്രധാന ചോദ്യമായി മാറിയിരിക്കുന്നു. സെമസ്റ്റർ സിസ്റ്റം, ഇന്റേണൽ അസസ്‌മെന്റ്, എല്ലാ മാസത്തിലുമുള്ള പരീക്ഷകൾ തുടങ്ങിയവ ഇപ്പോൾ സർവകലാശാലാ കോഴ്‌സുകളുടെ ഭാഗമായി നടക്കുന്നുണ്ട്.

(തുടരും)

തയ്യാറാക്കിയത്: യാസർ അറഫാത്ത് നൂറാനി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ