22ആദര്‍ശപരമായ സംശയിപ്പിക്കലിന്റെ ദൂഷിത വലയത്തില്‍ നിന്നും രക്ഷനേടാന്‍ ഒരുപാധിയെന്ന നിലയില്‍ ഗുരുമുഖത്തെത്തിയ സയ്യിദവര്‍കളുടെ ജ്ഞാനത്തിന്റെ അടിത്തറ ആദര്‍ശത്തിന്‍റേതാണ്. ആത്മീയത സ്ഫുരിക്കുന്ന ഒരു കുടുംബാന്തരീക്ഷത്തില്‍ സ്വന്തം വ്യക്തിത്വത്തിലൊതുക്കിയ ആത്മീയ വിചാരശീലങ്ങള്‍ക്ക് പുതിയ പഠനമൊന്നും വേണ്ടി വരുമായിരുന്നില്ല. വിശ്വാസിയുടെ എല്ലാറ്റിന്റെയും അടിസ്ഥാനമാകേണ്ട ആദര്‍ശം നേരിടുന്ന വെല്ലുവിളിയെ അതിജീവിക്കാന്‍ വേണ്ടി പഠിച്ച് നേടിയ അറിവാണ് സയ്യിദവര്‍കളുടേത്. സ്വന്തം പാരമ്പര്യത്തെയും പൈതൃകത്തെയും നിരാകരിക്കാതെ ആദര്‍ശത്തെ രൂഢമൂലമാക്കി നിലനിര്‍ത്തുന്നതിന് അധ്യയനം കാരണമായെന്നതാണ് താജുല്‍ ഉലമ അവര്‍കളുടെ ജീവിതം തെളിയിച്ചത്. തങ്ങള്‍ എന്ന നിലയില്‍ സ്വീകാര്യനും ആദരണീയമാകാന്‍ വേണ്ടി മാത്രമായുള്ള ഓത്ത് പോരാ തനിക്ക് എന്ന തീരുമാനം തങ്ങളുടെ മതവിദ്യാഭ്യാസത്തിന്റെ അസ്ഥിവാരം കൂടുതല്‍ ഉന്നതമാക്കുന്നുണ്ട്.
ഗുരുവര്യന്മാരുടെ മാര്‍ഗദര്‍ശനവും ഉപരിസൂചിപ്പിച്ച മൗലിക വിചാരവും കുടുംബത്തില്‍ നിന്നുള്ള പൈതൃക ജീവിത രീതിയും സമ്മേളിച്ച് രൂപപ്പെടുത്തിയെടുത്ത ഒരു മഹാ വ്യക്തിത്വമായിരുന്നു സയ്യിദവര്‍കള്‍. ആ വ്യക്തിത്വത്തിന്റെ പ്രകാശനമായിരുന്നു മഹാഗുരു എന്നതിലേക്കുള്ള ഉയര്‍ച്ച. ഒരു മാര്‍ഗദര്‍ശകന്റെ ദൗത്യം നിര്‍വഹിക്കാന്‍ അദ്ദേഹത്തിന് നിയോഗമുണ്ടായി എന്നത് നമ്മുടെ മഹാഭാഗ്യമാണ്.
ആദര്‍ശം കയ്യൊഴിച്ച് എന്തെങ്കിലും നേടാമെന്ന വിചാരം പോലും അന്യം നിര്‍ത്തപ്പെട്ട ജീവിത നിലപാടുകളായിരുന്നു അന്ത്യം വരെയും. ഉള്ളിലുറച്ച ആദര്‍ശത്തെ കൃത്യമായ പ്രയോഗരീതികളിലൂടെ പ്രത്യക്ഷപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്തു. ഉള്ളാള്‍ തങ്ങളുടെ പ്രഭാഷണവും ആശയവിനിമയവും സാഹിതീയമായ അലങ്കാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കാതെ ഉള്ളിലുള്ളത് സ്വച്ഛമായി പ്രകാശിപ്പിക്കുന്നതായിരുന്നു.
ശ്രോതാക്കളിലും അത് ആദര്‍ശത്തിന്റെ കരുത്ത് പകരും. പ്രഗത്ഭ പണ്ഡിതരുടെ ശിഷ്യനും സഹപ്രവര്‍ത്തകനുമായി നേടിയ ജീവിതാനുഭവത്തെ അനിവാര്യമായ ഘട്ടത്തിലെ നേതൃനിയോഗ ബാധ്യതയെ ആത്മാര്‍ത്ഥമായി നിര്‍വഹിക്കാന്‍ സയ്യിദവര്‍കള്‍ പ്രതിജ്ഞാബദ്ധരായിരുന്നുവെന്ന് നിലപാടുകള്‍ വ്യക്തമാക്കുന്നു. അനുയായികള്‍ക്ക് ആത്മവിശ്വാസവും കര്‍മകുശലതയും സമ്മാനിച്ച പ്രഭാഷണങ്ങള്‍ ചരിത്രപ്രധാനമായിത്തീര്‍ന്നിട്ടുമുണ്ട്. 1989ല്‍ എറണാകുളത്ത് നടന്ന എസ്.വൈ.എസിന്റെ 35ാം വാര്‍ഷിക സമ്മേളനത്തിലെ പ്രഭാഷണം അതിലൊന്നാണ്. അതിന് തൊട്ടുമുമ്പ് മലപ്പുറം ജില്ലാ എസ്.എസ്.എഫ് സമ്മേളനത്തില്‍ ധര്‍മപുരിയില്‍ വെച്ച് നടത്തിയപ്രഖ്യാപനം മറ്റൊന്ന്. 2004ല്‍ കോഴിക്കോട് കടപ്പുറത്ത് എസ്.വൈ.എസ് ഗോള്‍ഡന്‍ ജൂബിലി സമാപന സമ്മേളനത്തില്‍ നടത്തിയ പ്രഭാഷണവും അങ്ങനെ തന്നെ. മര്‍കസ് സമ്മേളനങ്ങളിലെയും പ്രാസ്ഥാനിക സമ്മേളനങ്ങളിലെയും പ്രഭാഷണങ്ങള്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നല്‍കിയ ആവേശവും പ്രചോദനവും അത്ഭുതകരമത്രെ.
1980 കള്‍ നന്മയും തിന്മയും സമ്മിശ്രമായി വിളഞ്ഞ കാലമായിരുന്നുവെന്ന് പറയാം. ശരീഅത്ത് വിവാദത്തിന്റെ ഉപോല്‍പ്പന്നമായി ഇരു ലീഗുകള്‍ യോജിക്കുകയും സമസ്തയെ തകര്‍ക്കുന്നതിനുള്ള കുതന്ത്രങ്ങള്‍ സജീവമാക്കുകയും ചെയ്തു. നേരിന്റെ പക്ഷത്ത് അടിയുറച്ച് നില്‍ക്കാന്‍ മാത്രം ജന്മഗുണമുള്ള എസ്.എസ്.എഫ് ശ്രദ്ധേയമായ ചില സമരപരിപാടികള്‍ നടത്തിയത് 80 കളിലായിരുന്നു. 1983ലെ ദശവാര്‍ഷികാഘോഷ പ്രചാരണ പരിപാടികള്‍ പകര്‍ന്ന ആവേശത്തില്‍ പ്രവര്‍ത്തനരംഗത്ത് കൂടുതല്‍ സജീവമായ സംഘടനാ സംവിധാനങ്ങളെ ശരീഅത്ത് വിവാദകാലത്തെ ചിലരുടെ പ്രവര്‍ത്തനങ്ങള്‍ കാര്യമായി ബാധിച്ചിരുന്നില്ല. പക്ഷേ, എസ്.എസ്.എഫിനെ വെടക്കാക്കാനോ തനിക്കാക്കാനോ സാധിക്കില്ലെന്ന് അന്നത്തെ നേതാക്കള്‍ തെളിയിച്ചിരുന്നു.
ദശവാര്‍ഷികാഘോഷത്തോടനുബന്ധിച്ച് മുഖപത്രമായ രിസാലയും പ്രസിദ്ധീകരണമാരംഭിച്ചിരുന്നു. 1986, 87, 88 കാലങ്ങളില്‍ പാലപ്പറ്റ പള്ളിയുടെ വിമോചനത്തിന് വേണ്ടിയും അറബി ഭാഷയുടെ പേരില്‍ പാഠപുസ്തകങ്ങളിലെ മുജാഹിദ് വികലാശയങ്ങള്‍ നീക്കുന്നതിന് വേണ്ടിയും ഒതായിയില്‍ പ്രഭാഷണ സ്വാതന്ത്ര്യം നേടുന്നതിനുവേണ്ടിയും എസ്.എസ്.എഫ് നടത്തിയ സമര പരിപാടികള്‍ വിജയം നേടി. പക്ഷേ, ഇതെല്ലാം ചിലരെ അലോസരപ്പെടുത്തുകയുണ്ടായി.
ധര്‍മ്മപുരിയില്‍ എസ്.എസ്.എഫിന്റെ മലപ്പുറം ജില്ലാ സമ്മേളനം നടക്കുന്നത് 1988 ഡിസംബര്‍ 29, 30, 31 തിയ്യതികളിലാണ്. സമ്മേളന പ്രഖ്യാപന കാലത്തെ അവസ്ഥയായിരുന്നില്ല സമ്മേളന നാളുകളടുത്ത് തുടങ്ങിയപ്പോള്‍ കണ്ടത്. എറണാകുളത്ത് എസ്.വൈ.എസ് ഔദ്യോഗികമായി നടത്താന്‍ തീരുമാനിച്ച സമ്മേളനത്തിനെതിരെ നടന്ന ഗൂഢാലോചനകളുടെ ഫലമായി ഉണ്ടായിത്തീര്‍ന്ന പ്രത്യേക സാഹചര്യം സമ്മേളന പ്രവര്‍ത്തകരില്‍ ആശങ്കകളുയര്‍ത്താതിരുന്നില്ല. ആശങ്കകളെ അതിജീവിക്കുന്ന ആത്മവിശ്വാസവുമായി മുന്നേറിയ പ്രവര്‍ത്തകര്‍ സമ്മേളനം ഒരു ചരിത്രസംഭവമാക്കി മാറ്റുക തന്നെ ചെയ്തു. ആത്മവീര്യമുള്ള ഒരുപറ്റം പ്രവര്‍ത്തകരെ പ്രസ്ഥാനത്തിന് സമ്മാനിക്കാന്‍ സാധിച്ച ആ സമ്മേളനത്തില്‍ തടിച്ചുകൂടിയ എസ്.എസ്.എഫ് അടക്കമുള്ള സംഘ കുടുംബത്തിലെ പാരാവാരസമാനസദസ്സിനോട് താജുല്‍ ഉലമാ നടത്തിയ പ്രഭാഷണം ശ്രദ്ധേയമായിരുന്നു. പ്രസ്ഥാനത്തെ തകര്‍ക്കാന്‍ തല്‍പ്പര കക്ഷികള്‍ നടത്തുന്ന ശ്രമങ്ങളെ പുച്ഛിച്ച് തള്ളുകയും ദീനിന്റെ ആശയങ്ങളെ അടിയറവെക്കുന്ന പ്രശ്നമില്ലെന്നും അങ്ങനെ ഒരു ഘട്ടം വന്നാല്‍ ഞാനൊറ്റക്കായാലും അത്തരക്കാരെ എതിര്‍ക്കുമെന്നും അതിലെനിക്ക് ലവലേശം ഭയമില്ലെന്നും തങ്ങള്‍ പ്രസംഗത്തില്‍ ചിലരുടെ പേര് വ്യക്തമാക്കിത്തന്നെ പ്രഖ്യാപിക്കുകയുണ്ടായി. ആശയക്കുഴപ്പം സൃഷ്ടിച്ച് കുബുദ്ധി പ്രവര്‍ത്തിപ്പിച്ച് പരാജയപ്പെടുത്താന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങളെ അവഗണിച്ചുകൊണ്ട് എല്ലാവരോടും എറണാകുളത്തേക്ക് സമ്മേളനത്തിന് എത്താന്‍ അന്ന് സമസ്ത വൈസ് പ്രസിഡണ്ടായിരുന്ന തങ്ങള്‍ ആഹ്വാനം ചെയ്തു.
പ്രാതികൂല്യങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള തങ്ങളുടെ പ്രയോഗമായിരുന്നു വലൗവഹ്ദീ (ഞാനൊറ്റക്കായാലും) എന്നത്. സ്വത്വ ബോധത്തിന്റെയും ഇച്ഛാശക്തിയുടെയും ഉണ്‍മയില്‍ ഉയിരെടുത്ത ഈ വചനം ശ്രോതാക്കളിലേക്ക് നിലപാട് പകരുന്നതില്‍ വലിയ പങ്ക് വഹിച്ചുവെന്നതാണനുഭവം. ആത്മീയ താരകങ്ങളായ വടകര മമ്മദാജി, കുണ്ടൂര്‍ ഉസ്താദ് തുടങ്ങിയവരുടെ ആശീര്‍വാദവും താജുല്‍ഉലമയുടെ ആഹ്വാനവും ഏറ്റെടുത്ത് ധര്‍മ്മപുരിയില്‍ നിന്നിറങ്ങിയ പ്രവര്‍ത്തക വ്യൂഹം പൈതൃകത്തെയും പാരസ്പര്യത്തെയും അനുധാവനം ചെയ്തു വ്യക്തിത്വം പുലര്‍ത്തി മുന്നോട്ട് നീങ്ങി. താന്‍ കൂടിയില്ലെങ്കില്‍ നേരം പുലരില്ലെന്ന് മൂഢസ്വപ്നം കണ്ടവരുടെ അന്ത്യം കുറിച്ചു അത്. പരിഹാസ്യമായ പര്യവസാനമെന്നോണം പ്രകാശം പൊഴിക്കുന്ന കാലങ്ങളുടെ കര്‍ത്താക്കളായി എസ്.എസ്.എഫിന്റെ പ്രവര്‍ത്തകരെ മാറ്റാന്‍ ധര്‍മപുരിക്കായി. അതിനു നിദാനമായത് താജുല്‍ഉലമയുടെ ഈ പ്രസംഗമാണെന്നതില്‍ സന്ദേഹമില്ല.
1988ല്‍ തന്നെ പ്രവര്‍ത്തനങ്ങളാരംഭിച്ചതായിരുന്നു എറണാകുളം സമ്മേളനം. തെക്കന്‍ കേരളത്തില്‍ ഒരു മുന്നേറ്റം നടത്താനും അതുവഴി സുന്നി ആദര്‍ശത്തിന്റെ പ്രചാരണ പ്രബോധന സാധ്യതകള്‍ കൂടുതലുപയോഗപ്പെടുത്താനും സാധിക്കണമെന്ന ആലോചനയാണ് എറണാകുളത്തെ സമ്മേളന വേദിയായി തിരഞ്ഞെടുക്കാ പ്രേരിപ്പിച്ച പ്രധാന ഘടകം. പക്ഷേ, സമ്മേളനം മുടക്കാനുള്ള ശ്രമങ്ങള്‍ ചില കേന്ദ്രങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. സമസ്തയിലെ ചില മുന്‍നിരക്കാര്‍ തന്നെ അവര്‍ക്ക് പിന്തുണ നല്‍കി. മകന്‍ മരിച്ചെങ്കിലും മരുമോളുടെ കണ്ണീര് കാണട്ടെ ശൈലിയില്‍ പോര് മുറുകി. സ്വന്തം കീഴ്ഘടകം തകര്‍ന്നാലും ഉപജാപം വിജയിക്കട്ടെ എന്ന രീതിയിലായി കാര്യങ്ങള്‍. പക്ഷേ, സമസ്തയുടെ ഏകകണ്ഠമോ സുസമ്മതമോ ആയ തീരുമാനം നേടാന്‍ തത്പര കക്ഷികള്‍ക്കായില്ല. എറണാകുളം സമ്മേളനം നടന്നു, കര്‍മരംഗത്തെ പുത്തന്‍ഗാഥകള്‍ക്ക് പ്രതിജ്ഞയുമായി.
സമസ്തയുടെ കേന്ദ്ര മുശാവറ വൈസ് പ്രസിഡണ്ട് എന്ന നിലയില്‍ എ്യെത്തിനും രഞ്ജിപ്പിനും പരമാവധി പ്രവര്‍ത്തിച്ചവരായിരുന്നു സയ്യിദവര്‍കള്‍. കുബുദ്ധിയും കുതന്ത്രവുമാണ് മറു ഭാഗത്തെന്ന് വീണ്ടും വീണ്ടും അനുഭവങ്ങള്‍ തെളിയിച്ചു.
വ്യക്തി താത്പര്യങ്ങള്‍ക്കായി ആശയം അടിയറ വെക്കാന്‍ സാധ്യമല്ല എന്ന് പ്രഖ്യാപിച്ച് യോഗം ബഹിഷ്കരിച്ച് തങ്ങള്‍ പുറത്തിറങ്ങി. അതൊരു പ്രതിഷേധം മാത്രമായിരുന്നില്ല. ഉറച്ച തീരുമാനമായിരുന്നു. മഹിതമായ ഒരു ആദര്‍ശപ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. അതിനൊരു ലക്ഷ്യമുണ്ട്. ആ ലക്ഷ്യപ്രാപ്തിക്കനുകൂലമായ വ്യക്തിത്വവും അതിനുണ്ട്. രണ്ടും നഷ്ടപ്പെടുത്താനൊ വ്യതിചലിക്കാനോ പാടില്ല. ആറ് ദശാബ്ദങ്ങള്‍ പ്രസ്ഥാനത്തെ നയിച്ചവര്‍ സമസ്തയെ കൈമാറിയ പ്രഭാവത്തില്‍ അതിനെ സംരക്ഷിക്കേണ്ടത് ആത്മാര്‍ത്ഥതയുള്ളവരുടെ ബാധ്യതയാണ്. അതിന് ഉത്തരവാദിത്തപ്പെട്ടവര്‍ സന്നദ്ധമല്ലാതെ വന്നപ്പോള്‍ അനീതിക്ക് കൂട്ടുനില്‍ക്കില്ലെന്നുറച്ചാണ് ഇറങ്ങിപ്പോന്നതും ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കായി 89 മാര്‍ച്ചില്‍ സമസ്ത പുനഃസംഘടിപ്പിക്കുന്നതും.
89 ജനുവരി 1922 തിയ്യതികളില്‍ എറണാകുളം സമ്മേളനം നടന്നു. ആദര്‍ശ വിവേകം നഷ്ടപ്പെട്ട അവസ്ഥയില്‍ ആര്‍ക്കുവേണ്ടിയാണോ കാര്യങ്ങള്‍ നീക്കിയത്, അവര്‍ മറ നീക്കി പുറത്തുചാടി ഭീഷണിയും പ്രകോപനങ്ങളും മര്‍ദ്ദനങ്ങളും പീഡനങ്ങളും പിരിച്ചുവിടലും തുടങ്ങി. പരിഷ്കൃത സമൂഹത്തെ നാണിപ്പിക്കുന്ന വിക്രിയകള്‍ അവര്‍ നടപ്പാക്കി. പ്രവര്‍ത്തകര്‍ പക്ഷേ ആ സാഹചര്യത്തെ യുക്തിസഹവും സഹനപൂര്‍വവും നേരിട്ടു. സാമ്പത്തികമായി യാത്രക്കുള്ള വകയൊക്കാത്തവരും വിലക്കുള്ളവരുമായിട്ടും സുന്നി സമൂഹം ആദര്‍ശ നായകന്‍ മര്‍ഹൂം ഇ.കെ ഹസന്‍ മുസ്ലിയാരുടെ നാമധേയത്തില്‍ സജ്ജീകരിച്ച സമ്മേളന നഗരിയിലെത്തി. ബഹുമാനപ്പെട്ട താജുല്‍ ഉലമാ പ്രവര്‍ത്തകരെ ആശീര്‍വദിക്കാനും അവരില്‍ ആദര്‍ശബോധം ഊട്ടിയുറപ്പിക്കാനും എറണാകുളത്തെത്തി. സമ്മേളനത്തിന് എത്തും മുമ്പ്, സ്വന്തം ആത്മീയ ഗുരു, കണ്ണിയത്തുസ്താദില്‍ നിന്നും ആശീര്‍വാദം അനുമതിയും വാങ്ങി. ഹഖ് പറയണമെന്നുപദേശിച്ചതോടൊപ്പം തങ്ങള്‍ ഹഖേ പറയൂ എന്നും കണ്ണിയത്തുസ്താദ് പറഞ്ഞു.
സമ്മേളനത്തിന് അധ്യക്ഷത വഹിച്ച് തങ്ങള്‍ നടത്തിയ പ്രസംഗത്തില്‍ എല്ലാം അടങ്ങിയിരുന്നു. കേരളത്തിലേക്കുള്ള ഇസ്‌ലാമിന്റെ ആഗമനം, കേരള മുസ്‌ലിംകളുടെ ആദര്‍ശ പാരമ്പര്യം, അതിനെതിരെ രംഗത്തുവന്നവര്‍, സമസ്തയുടെ ആവിര്‍ഭാവം, ദൗത്യം, വര്‍ത്തമാനകാല ആകുലതകള്‍, വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, സമസ്തക്കെതിരെ നീങ്ങുന്നവര്‍ക്ക് താക്കീത്, പ്രവര്‍ത്തകര്‍ക്ക് ഉള്‍ക്കരുത്ത് നല്‍കല്‍, പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ പാകപ്പെടുത്തല്‍, ത്യാഗത്തിനും അര്‍പ്പണത്തിനും ആഹ്വാനം, ഇങ്ങനെ അന്നത്തെ സാഹചര്യപരവും സദസ്സും പ്രതിജ്ഞാബദ്ധമാവുന്നതിനും ഊര്‍ജസ്വലമാവുന്നതിനും ഉപകരിക്കുന്നതെല്ലാം ഉള്‍ക്കൊണ്ടായിരുന്നു പ്രസംഗം. ഹസന്‍ മുസ്ലിയാര്‍ നഗറില്‍ നാല് ദിനങ്ങള്‍ എന്ന സമ്മേളന റിവ്യൂവില്‍ ഇതിന്റെ പൂര്‍ണരൂപം കാണാം.
തഖ്വ കൊണ്ട് വസ്വിയ്യത്ത് ചെയ്ത് ഇസ്ലാം മുറുകെ പിടിച്ച് ജീവിക്കാനും അതിന്റെ നേരായ മാര്‍ഗമവലംബിക്കാനും ആഹ്വാനം ചെയ്ത് തുടങ്ങിയ പ്രസംഗം ഇങ്ങനെ തുടര്‍ന്നു: “സമസ്ത മഹാന്മാരായ ആലിമീങ്ങള്‍ ഉണ്ടാക്കിയൊരു സംഘടനയാണ്. അതിന്റെ ആദര്‍ശങ്ങളും ഉദ്ദേശ്യങ്ങളും പല വാര്‍ഷിക യോഗങ്ങളിലും അടുത്ത കാലത്ത് കഴിഞ്ഞ അറുപതാം വാര്‍ഷികത്തിലും സമസ്ത സോവനീറിലും പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്റെ ഉദ്ദേശാദര്‍ശത്തില്‍ നിന്ന് വ്യതിചലിക്കാന്‍ പാടില്ല. അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ വിശ്വാസം ആചാരം നമ്മള്‍ മരിക്കുന്നതുവരെ മുറുകെ പിടിക്കും. അതിന്റെ പേരില്‍ എന്ത് സംഭവിച്ചാലും. ലാസ്റ്റ് സംഭവിക്കാനുള്ളത് അല്‍ മൗത്. മരണമാണ്. അതിന്റെ അപ്പുറത്തൊന്നും സംഭവിക്കില്ലല്ലോ. നല്ല കൂട്ടര്‍ക്ക് ഒരു ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടതായി വരും. ബുദ്ധിമുട്ടൊന്നുമില്ലാതെ കാലം തെളിഞ്ഞിട്ട് നല്ലത് ചെയ്യാന്‍ കഴിയില്ല.
പിന്നെ ഹഖായ സംഗതികള്‍, അതിലുറച്ചുനിന്ന് കൊണ്ട് ഗുരുനാഥന്മാരെ, മുന്‍ഗാമികളെ ബഹുമാനിക്കുക. പിമ്പറ്റുക. അവര്‍ നമ്മെ എന്തു പഠിപ്പിച്ചു എന്ത് പ്രചരിപ്പിച്ചു. അതാണ് നാമും ചെയ്ത് പോരുന്നത്. നമ്മുടെ ആദര്‍ശം ഒരു നിലക്കും വിട്ടുകൊടുക്കരുത്. ആരോഗ്യമുള്ളപ്പോള്‍ ഞാന്‍ നിങ്ങളോടൊപ്പമുണ്ടാകും.
സമസ്തയിലെ വിഘടിത വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണ നല്‍കി സമസ്തയുടെ ആദര്‍ശത്തെ തകര്‍ക്കാന്‍ സഹായിക്കുന്ന മുസ്‌ലിം ലീഗിനെ തങ്ങള്‍ താക്കീത് ചെയ്തു പറഞ്ഞു. ഞങ്ങളെ ഭിന്നിപ്പിച്ചാല്‍ അതിന്റെ ഫലവും നിങ്ങള്‍ അനുഭവിക്കേണ്ടിവരും. സയ്യിദവര്‍കള്‍ പ്രവര്‍ത്തകരോട് പറയുന്നു: പ്രിയ സഹോദരങ്ങളേ, നടപടിയെടുത്താലും ഇതെന്താ അക്ബറുല്‍ കബാഇറാണോ, സബ്ഉല്‍ മുബിഖാതില്‍ പെട്ടതാണോ, എന്തിന്റെ അടിസ്ഥാനത്തിലാ നടപടി?
പാണക്കാട് പൂക്കോയ തങ്ങള്‍ അന്ത്യസമയത്ത് താജുല്‍ ഉലമയെ കാണണമെന്ന് പറഞ്ഞിരുന്നു. നിസ്സഹായനായ അഹ്മദ് ഹാജി തങ്ങളെ വിവരമറിയിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഉള്ളാള്‍ തങ്ങള്‍ പാണക്കാട്ടെത്തുന്നത്. ആത്മീയമായ ബന്ധത്തിന്റെ അത്ഭുതമാണത്. ഇത് തന്റെ പ്രസംഗത്തില്‍ അനുസ്മരിക്കുന്നുണ്ട്. എന്നിട്ട് അഹ്ലുബൈത്തിനെ ആദരിക്കാനും അനാദരിക്കുന്നത് സൂക്ഷിക്കാനും നിര്‍ദ്ദേശിച്ചു. സുന്നി യുവജന സംഘത്തില്‍ കൂടിപ്പോയാല്‍ സാദാത്തുക്കള്‍ സാദാത്തുക്കളല്ലാതാവുമോ എന്ന ചോദ്യവും അനുബന്ധമായി ആവശ്യമായ വിശദീകരണവും നടത്തി. പ്രവര്‍ത്തകരില്‍ നബികുടുബത്തോടുള്ള സ്നേഹം ഊട്ടിയുറപ്പിച്ചു.
പ്രസംഗം അവസാനിപ്പിക്കുന്നതിന് മുമ്പ് ആദര്‍ശത്തില്‍ അടിയുറച്ച് നില്‍ക്കാനും ആത്മീയ നാശം സംഭവിക്കുന്ന കാര്യങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാനും ആഹ്വാനം ചെയ്ത് കൊണ്ടിങ്ങനെ പറഞ്ഞു:
പ്രിയ സഹോദരങ്ങളേ, മുഅല്ലിമീങ്ങളേ മുദരിസീങ്ങളേ, വലിയ ഭീഷണികള്‍ വരുമ്പോള്‍ എനിക്കും നിങ്ങള്‍ക്കും ഒന്നും ഇല്‍തിബാസാവാന്‍ (ആശയക്കുഴപ്പം) പാടില്ല. നിങ്ങളെയും എന്റെയും എല്ലാ രിസ്ഖും(ഭക്ഷണം) പണിയും എല്ലാ സംഗതിയും തരുന്നത് അല്ലാഹുവാണ്. അവനില്‍ നമുക്ക് പൂര്‍ണ വിശ്വാസമുണ്ടെങ്കില്‍ നമുക്കെന്ത് വരാനാണ്. താല്‍ക്കാലിക ബുദ്ധിമുട്ടുകള്‍ വരും. അത് അല്ലാഹു കണക്കാക്കിയതാണ്. ആര് തടുത്താലും ഒഴിവാക്കാന്‍ കഴിയില്ല. നമ്മള്‍ ചൊല്ലാറില്ലേ. നീ കൊടുക്കുന്നതിനെ തടയുന്നവനില്ല. നീ തടയുന്നതിനെ കൊടുക്കുന്നവനുമില്ല. ഈ വിശ്വാസമെല്ലാം അല്ലാഹുവില്‍ പരിപൂര്‍ണമായ ഇഅ്തിമാമും (ദൃഢത) ഉറപ്പും നമ്മള്‍ക്ക് ഉണ്ടാവണം. എന്നാലും ബുദ്ധിമുട്ടുകള്‍ വരാണ്ടിരിക്കൂലാ. അതൊക്കെ എന്തുവേണം? ആ ബുദ്ധിമുട്ടുകളും ക്ലേശങ്ങളുമെല്ലാം ക്ഷമിക്കണം. അതാണ് ബഹുമാനപ്പെട്ട അമ്പിയാക്കളുടെയും ഔലിയാക്കളുടെയും ബഹുമാനപ്പെട്ട അശ്റഫുല്‍ ഖല്‍ഖ് (സ്വ)യുടെയും മാതൃക. അത് നമ്മള്‍ സ്വീകരിക്കുക. ഏത് ബുദ്ധിമുട്ടുവന്നാലും ഇനി ഞാനില്ല എന്ന് പറഞ്ഞ് ഓടില്ല.

23
ഏതായാലും ഇപ്പം എല്ലാവരും കൂടി നമ്മളെ എതിര്‍ക്കുകയാണ്. അത് കൊണ്ട് ഇനി ഞാനില്ല, ഇനി ഞാന്‍ നിക്കണില്ല, പിരിയാണ്. പറ്റൂല. ഹുനൈന്‍ യുദ്ധത്തില്‍ ബഹുമാനപ്പെട്ട അശ്റഫുല്‍ ഖല്‍ഖ്(സ്വ) എന്തു ചെയ്തു. കുതിരപ്പുറത്തുനിന്ന് താഴെയിറങ്ങി. ഞാന്‍ നബിയല്ലേ എന്നു പറഞ്ഞ് ഓടിയില്ല. ഞാന്‍ നബി തന്നെയാണെടോ. പണ്ടുപറഞ്ഞതുതന്നെയാണ് ഇപ്പോഴും പറയുന്നത്. ഞാന്‍ ബാപ്പാന്റെ മകന്‍ തന്നെയാണ്. എനിക്ക് മാറ്റമില്ല. എന്തിവിടെ സംഭവിച്ചാലും ഞാന്‍ ബാപ്പാന്റെ മകന്‍ തന്നെയാണ്. അതാണ് ധീരത. ആ ധീരത നമുക്ക് എപ്പോഴും വേണം. പ്രിയ സഹോദരങ്ങളേ, നമ്മള്‍ ഈ ലോകത്ത് എന്തിന് ജനിച്ചു. അല്ലാഹു നമ്മളെ മുഅ്മിനീങ്ങളാക്കി ജീവിപ്പിച്ചു. സുന്നത്ത് ജമാഅത്തിന്റെ വിശ്വാസം, അതേ ശരിയായ വിശ്വാസമാവുകയുള്ളൂ. അങ്ങനെ ഇത്രയും കാലം നിലകൊണ്ടു. ഇനി അവസാനത്തെ സംഗതിയല്ലേ, അത് മോശപ്പെട്ടാല്‍ പോയില്ലേ എല്ലാ സംഗതിയും. അതിന്റെ ഖാതിമത് (അന്ത്യം) കൊണ്ടല്ലേ അതിന്റെ നിലവാരം നന്നാവൂ. ആ ഖാത്തിമത് നന്നാവാന്‍ നമ്മള്‍ ദുആ ഇരക്കണം. അതുകൊണ്ട് അതിന്റെ അടിസ്ഥാനത്തില്‍ ഉറച്ചുനിന്ന് കൊണ്ട് നിങ്ങള്‍ ഒരു പുല്ലും ഭയപ്പെടേണ്ട. ഒരു ആക്ഷേപകന്റെ ആക്ഷേപത്തെയും അല്ലാഹുവിന്റെ വിഷയത്തില്‍ ഭയപ്പെടേണ്ട. ഇവനാണ് ശരിയായി അല്ലാഹുവില്‍ വിശ്വസിച്ചവന്‍. ഉഖ്റവിയ്യായ ആലിമിന്റെ ലക്ഷണവും അതാണ്. വേറെ യാതൊന്നും പേടിക്കേണ്ടതില്ല.” ശേഷം സമ്മേളനത്തിനെത്തിയവര്‍ക്കും വരാന്‍ സാധിക്കാത്തവര്‍ക്കും പ്രാര്‍ത്ഥന നടത്തി അവസാനിപ്പിച്ചു. സമ്മേളനാനന്തരം രാഷ്ട്രീയ മേലാളന്മാര്‍ നടത്തിയ മനുഷ്യത്വരഹിതവും മതവിരുദ്ധവുമായ പ്രവര്‍ത്തനങ്ങളൊന്നും പ്രതിബന്ധമാക്കാതെ മുന്നേറാന്‍ പ്രവര്‍ത്തകര്‍ക്കായി. കേരളത്തിലെ ആദര്‍ശാധിഷ്ഠിത നവോത്ഥാനത്തിന്റെ ഗതിവേഗം വര്‍ധിച്ചുവെന്നത് പില്‍ക്കാല പ്രസ്ഥാന ചരിത്രം സാക്ഷീകരിക്കുന്നു.
2004ല്‍ ഗോള്‍ഡന്‍ ജൂബിലിയില്‍ നടത്തിയ പ്രഭാഷണം നെഞ്ചകത്തേറ്റിയ പ്രവര്‍ത്തകര്‍, ആത്മാര്‍ത്ഥമായി അതിനെ പ്രവര്‍ത്തിപദത്തിലെത്തിച്ചു. അത്ഭുതങ്ങള്‍ തീര്‍ത്തു അത്. ആരെയും കണ്ണുതുറപ്പിക്കുന്ന അത്ഭുതം. തുടര്‍ന്ന് ഓരോ ഘട്ടത്തിലും സാഹചര്യത്തോടൊത്ത ആഹ്വാനവും മാര്‍ഗദര്‍ശനവും താക്കീതുകളുമായി തങ്ങള്‍ മുന്നില്‍ നിന്നു. താങ്ങായും തണലായും. അദ്ദേഹത്തിന്റെ ഏതു പ്രഭാഷണത്തിലും അല്ലാഹുവിലുള്ള വിശ്വാസത്തെയും അതിന്റെ അടിസ്ഥാനത്തിലുള്ള ജീവിതനിലപാടുകളെയും പ്രവാചക സ്നേഹവും ഉത്ഘോഷിച്ചുകാണാം. അനുയായികളോട് ഗുണകാംക്ഷയുള്ള മാതൃകായോഗ്യനായ നേതാവിന്റെ ലക്ഷണമായിരുന്നിതെല്ലാം.

അലവിക്കുട്ടി ഫൈസി എടക്കര

 

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ