തെറ്റുകള്‍ പൊറുക്കാന്‍ ഇന്ന് യാചിക്കുന്നവനില്ലേ, ഞാന്‍ പൊറുത്തുകൊടുക്കും. ഭക്ഷണം തേടുന്നവനില്ലേ, ഞാന്‍ ഭക്ഷണം നല്‍കും. പ്രയാസമനുഭവിക്കുന്നവനില്ലേ, ഞാന്‍ സുഖം നല്‍കും. (ബറാഅത്ത് രാവില്‍) പ്രഭാതം വരെ അല്ലാഹു ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും (ഇബ്നുമാജ).

പ്രപഞ്ചത്തില്‍ എന്തുനടക്കണം, നടക്കരുത് എന്നതെല്ലാം അല്ലാഹുവിന്‍റെ അറിവിനും ഉദ്ദേശ്യത്തിനും വിധേയമാണ്. അക്കാര്യങ്ങളെല്ലാം പണ്ടേ തീരുമാനിക്കപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ ഓരോ മനുഷ്യനുമായും മറ്റുള്ള ജീവികളുമായും ബന്ധപ്പെട്ട അല്ലാഹുവിന്‍റെ തീരുമാനങ്ങളുടെ രേഖകള്‍ വര്‍ഷത്തിലൊരിക്കല്‍ മലക്കുകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത് വിശുദ്ധറമളാനിലെ ലൈലത്തുല്‍ ഖദ്റിലാണ്. ഇത് ക്രമപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളുടെ തുടക്കമാണ് ബറാഅത്ത് രാവ്. തുടക്കദിനം എന്നനിലക്ക് ബറാഖത്ത് രാവിനും സമാപനം എന്നനിലക്ക് ലൈലത്തുല്‍ഖദ്റിനും വളരെ പുണ്യങ്ങളര്‍ഹിക്കുന്നു. ബറാഅത്ത് എന്ന വാക്കിന്‍റെ അര്‍ത്ഥം മോചനം എന്നാണ്. ഈ രാവ് പാപികള്‍ക്ക് മോചനത്തിന് നിമിത്തമാകുന്നുവെന്നതാണ് ഇങ്ങനെ പേരുവരാന്‍ കാരണമെന്നു പണ്ഡിതരില്‍ ചിലര്‍ വ്യക്തമാക്കുന്നു. ബറാഅത്ത് രാവിലെ പ്രത്യേകമായ പാപമോചനം ഹദീസുകളില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

മഹത്ത്വമേറിയ രാവ്

ബറാഅത്ത്രാവിന്‍റെ മഹത്ത്വം സര്‍വ്വാംഗീകൃതമാണ്. മുസ്‌ലിംലോകം എന്നും ഈ രാവിന്‍റെ മഹത്ത്വം ഉള്‍ക്കൊണ്ടാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. ഇന്നും ഇരുഹറമുകളിലും ബറാഅത്ത്ദിനത്തില്‍ വിശ്വാസികള്‍ തിങ്ങിനിറയുന്നത് ബറാഅത്തിന്‍റെ മഹത്ത്വം ഉള്‍ക്കൊണ്ടാണ്. ഇത് ഈ നൂറ്റാണ്ടിലോ മറ്റോ ആരംഭിച്ച പ്രക്രിയയല്ല. മുസ്‌ലിംലോകത്തെ ഉത്തമനൂറ്റാണ്ടുകാരായ സലഫുകളാണ് ബറാഅത്ത് രാവിനെ ബഹുമാനിക്കുന്നതില്‍ നമ്മുടെ മാതൃക.

ബറാഅത്ത്രാവ് ദുആക്ക് ഉത്തരംലഭിക്കാന്‍ കൂടുതല്‍ സാധ്യതയുള്ള ദിനങ്ങളില്‍ പെട്ടതാണെന്ന് ഇമാം ശാഫിഈ(റ) അല്‍ഉമ്മില്‍ (പേജ് 231) രേഖപ്പെടുത്തിയിട്ടുണ്ട്. ഈ രാത്രികളില്‍ ചെയ്യാനായി ചില ഗ്രന്ഥങ്ങളില്‍ ഉദ്ധരിക്കപ്പെട്ട കര്‍മങ്ങള്‍ നിര്‍ബന്ധമല്ലെങ്കിലും ഞാനിഷ്ടപ്പെടുന്നുവെന്നും ശാഫിഈ(റ) പ്രഖ്യാപിച്ചിട്ടുണ്ട്.

ഹി. 737-ല്‍ വഫാതായ ഇമാം ഇബ്നുല്‍ഹാജ്(റ) അല്‍-മദ്ഖലില്‍ രേഖപ്പെടുത്തുന്നു: ‘ബറാഅത്ത് രാവിന് വലിയ പവിത്രതയും പുണ്യവുമുണ്ട്. സലഫുകള്‍ അതിനെ ആദരിക്കുകയും ഈ ദിവസം വരുന്നതിനുമുമ്പുതന്നെ ആദരിക്കുന്നതിന് പരിശ്രമിക്കുകയും ചെയ്യാറുണ്ടായിരുന്നു. നന്മ കൊയ്യാന്‍ പൂര്‍ണസന്നദ്ധരായല്ലാതെ ഈ ദിവസം സലഫുകള്‍ക്ക് സമാഗതമായിരുന്നില്ല’ (പേ 299).

സജീവമാക്കണമെന്ന് ഇസ്ലാം നിര്‍ദേശിച്ച പഞ്ചദിനങ്ങളിലൊന്നായി ബറാഅത്ത് രാവിനെ വസാഇലുശാഫിഅ എന്ന ഗ്രന്ഥത്തില്‍ സയ്യിദുശരീഫ് രേഖപ്പെടുത്തിയിരിക്കുന്നു. ഹി. 795-ല്‍ വഫാതായ ഇബ്നുറജബില്‍ ഹമ്പലി(റ) ബറാഅത്ത് രാവിന്‍റെ മഹത്ത്വം ദീര്‍ഘമായി വിവരിച്ചിട്ടുണ്ട്. ഇമാം ഇബ്നുഹജര്‍(റ) ഫതാവല്‍ കുബ്റയില്‍ പറഞ്ഞു: ‘ഈ രാത്രിക്ക് വലിയ മഹത്വമുണ്ട്. ഇതില്‍ പ്രത്യേകം പാപമോചനവും പ്രാര്‍ത്ഥനക്കുത്തരവും ലഭിക്കും. ഇതാണ് ഇമാം ശാഫിഈ(റ) ഈ ദിനം ദുആക്ക് ഉത്തരം നല്‍കപ്പെടുന്നതാണെന്ന് പ്രസ്താവിച്ചത്’ (2/80).

ഇബ്നുതൈമിയ്യ പോലും ഈ രാവിന്‍റെ മഹത്ത്വം അംഗീകരിച്ചതായി രേഖകള്‍ വ്യക്തമാക്കുന്നു. ഇഖ്തിളാഉസ്വിറാതുല്‍ മുസ്തഖീം എന്ന ഗ്രന്ഥത്തിലും അദ്ദേഹത്തിന്‍റെ ഫതാവയിലും ഇതുസംബന്ധമായി കാണാം. അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ നിരാകരിച്ച ചില കാര്യങ്ങളെപ്പോലും അദ്ദേഹം ശക്തമായി തള്ളിക്കളഞ്ഞിട്ടില്ല.

ബിദഇകള്‍ ചെയ്തത്

മഹത്ത്വത്തെ ചോദ്യംചെയ്ത് അനാദരവുകള്‍ പ്രകടിപ്പിക്കുക എന്ന ഇബ്ലീസിയന്‍ സിദ്ധാന്തം പുത്തന്‍ പ്രസ്ഥാനങ്ങളിലെല്ലാം പ്രകടമാണ്. ഇതിന്‍റെ ഭാഗമായി ബറാഅത്ത് രാവിന്‍റെ സ്ഥാനവും  അവര്‍ ചോദ്യംചെയ്യുന്നു. പ്രമാണങ്ങളുടെ ക്രമവും പ്രാധാന്യവും വസ്തുതാപരമായി ഉള്‍ക്കൊള്ളാനും പഠിക്കാനും കഴിയാത്തവരെ കുതന്ത്രങ്ങള്‍ പ്രയോഗിച്ചു തെറ്റിദ്ധരിപ്പിക്കുകയാണ് പുത്തന്‍വാദികളുടെ ശൈലി. ഈ വിഷയത്തിലും അവര്‍ ചെയ്തത് മറ്റൊന്നല്ല. ഇത്തരം വിഷയങ്ങളില്‍ നമുക്ക് പ്രധാനതെളിവ് ഒരിക്കലും ചോദ്യം ചെയ്യപ്പെടാന്‍ കഴിയാത്ത പൂര്‍വകാല ഉലമാക്കളുടെ ഏകോപനമാണ്. പണ്ഡിത ഏകോപനത്തെ അംഗീകരിക്കണമെന്ന് ഖുര്‍ആനിന്‍റെയും ഹദീസിന്‍റെയും വ്യക്തമായ നിര്‍ദേശമുണ്ട്. ഇതവഗണിച്ച് ഖുര്‍ആനിലുണ്ടോ, ഹദീസിലുണ്ടോ എന്ന ചോദ്യമാണ് പുത്തന്‍വാദികള്‍ സ്വീകരിക്കുന്ന പതിവുകുതന്ത്രം. ഇജ്മാഅ് രൂപപ്പെട്ട വിഷയങ്ങളില്‍ ഖുര്‍ആനിലുണ്ടോ, ഹദീസിലുണ്ടോ എന്ന ചേദ്യത്തിനുതന്നെ പ്രസക്തിയില്ലന്നെ വസ്തുത സൗകര്യപൂര്‍വം അവര്‍ മറച്ചുപിടിക്കുകയും ചെയ്യുന്നു.

ബറാഅത്ത് രാവുമായി ബന്ധപ്പെട്ട ധാരാളം ഹദീസുകളുണ്ട്. അന്ന് പാപങ്ങള്‍ക്ക് മാപ്പുനല്‍കുമെന്നും പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുമെന്നും അറിയിക്കുന്ന ഹദീസുകള്‍, നബി(സ്വ) ജന്നത്തുല്‍ബഖീഇല്‍ പ്രത്യേകം സിയാറത്തുനടത്തി പ്രാര്‍ത്ഥിച്ച ഹദീസ് തുടങ്ങിയവ. ഇത്തരം ഹദീസുകളെ ഒറ്റവാക്കില്‍ നിഷേധിക്കുകയാണ് പുത്തന്‍വാദികള്‍ക്കെളുപ്പം. ഇവര്‍ ആധികാരികത കല്‍പ്പിക്കുന്ന മുബാറക്പൂരി ഈ ഹദീസുകളെ വിശകലനം ചെയ്തുകൊണ്ട് തുഹ്ഫതുല്‍ അഹ്വദിയില്‍ രേഖപ്പെടുത്തുന്നു: ‘തീര്‍ച്ച, ശഅ്ബാന്‍ പതിനഞ്ചാംരാവിന്‍റെ മഹത്ത്വവിഷയത്തില്‍ അനേകം ഹദീസുകള്‍ വന്നിട്ടുണ്ട്. ഹദീസുകളുടെ ആധിക്യം മഹത്ത്വത്തിന് അടിസ്ഥാനമുണ്ടാവുന്നതിന് രേഖയാണ്. തുടര്‍ന്ന് പേജുകളോളം ഹദീസുകള്‍ അദ്ദേഹം വിശദീകരിച്ച ശേഷം ഇങ്ങനെ രേഖപ്പെടുത്തി. ഈ ഹദീസുകളുടെ ആകെത്തുക ശഅ്ബാന്‍ പതിനഞ്ചാംരാവിന്‍റെ പവിത്രത സ്ഥിരപ്പെട്ടിട്ടില്ലെന്ന് വാദിച്ചവര്‍ക്കെതിരെ വലിയ തെളിവാണ്’ (3/365).

സൂറത്തുദ്ദുഖാനിന്‍റെ തുടക്കത്തില്‍ ഖുര്‍ആന്‍ അവതരണത്തെ സംബന്ധിച്ചു വിവരിക്കുന്ന വാക്യമുണ്ട്. ‘അനുഗ്രഹീതരാത്രി’യില്‍ നാം ഖുര്‍ആന്‍ അവതരിപ്പിച്ചുവെന്നും അന്നു കാര്യങ്ങളെല്ലാം വിശദീകരിക്കപ്പെടുമെന്നുമുള്ള ആശയം ആ വാക്യത്തില്‍ നിന്നുലഭിക്കും. ഈ സൂറത്തില്‍ പരാമര്‍ശിച്ച അനുഗ്രഹീതരാത്രി ലൈലതുല്‍ ഖദ്ര്‍ ആണെന്നാണ് പൊതുവെ ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ വിവരണം. എന്നാല്‍, ചില പ്രമുഖ വ്യാഖ്യാതാക്കള്‍ ഇത് ബറാഅത്ത് രാവിനെ സംബന്ധിച്ചാണെന്ന് വിവരിച്ചിട്ടുണ്ട്. രണ്ടാംവ്യാഖ്യാനമായി വിവരിക്കപ്പെട്ട ഇത് ഉദ്ധരിച്ചുകൊണ്ട് ബറാഅത്ത് രാവിന്‍റെ സ്ഥാനം സ്ഥാപിക്കാന്‍വേണ്ടി ശ്രമിക്കുമ്പോള്‍ ഒന്നാം വ്യാഖ്യാനം ഉദ്ധരിച്ച് പുത്തന്‍വാദികള്‍ പുകമറ സൃഷ്ടിക്കുകയാണ് പതിവ്.

ഖുര്‍ആന്‍വാക്യത്തില്‍ പരാമര്‍ശിച്ച ‘അനുഗ്രഹീതരാവ്’ ഏതാണെന്ന ചര്‍ച്ചയില്‍ മാത്രമാണ് അത് ലൈലതുല്‍ഖദ്റാണെന്ന് വിശദീകരിക്കപ്പെടുന്നത്. എന്നാല്‍ ബറാഅത്ത് രാവിന്‍റെ വിശുദ്ധി ഈ സൂറത്തിന്‍റെ വ്യാഖ്യാനത്തില്‍ തന്നെ മിക്ക ഖുര്‍ആന്‍ വ്യാഖ്യാതാക്കളും എടുത്തുപറഞ്ഞിട്ടുണ്ട്. പരാമര്‍ശിക്കപ്പെട്ട അനുഗ്രഹീതരാത്രി ലൈലതുല്‍ ഖദ്റാണെന്ന് വ്യക്തമാക്കിയവരും ബറാഅത്ത് രാവിന്‍റെ മഹത്വം ദീര്‍ഘമായി ഉപന്യസിച്ചു

ബറാഅത്ത് രാവിന്‍റെ ശ്രേഷ്ഠതയില്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്ക് അഭിപ്രായവ്യത്യാസമില്ലെന്നര്‍ത്ഥം. ദുഖാന്‍ സൂറത്തിലെ ‘ലൈലതിമ്മുബാറക’ എന്ന പരാമര്‍ശം എന്തിനെ സംബന്ധിച്ചാണെന്നതില്‍ മാത്രമാണ് വ്യാഖ്യാന വൈവിധ്യം നിലനില്‍ക്കുന്നത്. മാത്രമല്ല, ലൈലതുല്‍ ഖദ്റിന്‍റെ മഹത്ത്വം ഒരുവിധത്തില്‍ ബറാഅത്തിന്‍റെതു കൂടിയാണ്. കാരണം മുമ്പ് വ്യക്തമാക്കിയപോലെ അല്ലാഹുവിന്‍റെ ഖദ്റുകള്‍ മലക്കുകളിലേക്ക് കൈമാറുന്ന പ്രക്രിയയുടെ ആരംഭമാണ് ബറാഅത്ത്. സമാപനം ലൈലതുല്‍ഖദ്റും. സമാപനത്തിന്‍റെ ശ്രേഷ്ഠത ആരംഭത്തിന്‍റെ മഹത്ത്വത്തിനും നിദാനമാണെന്നു പറയേണ്ടതില്ലല്ലോ.

ബറാഅത്തിനെ വരവേല്‍ക്കാന്‍ മുന്‍ഗാമികള്‍ അതിനുമുമ്പുതന്നെ സന്നദ്ധരാകുമായിരുന്നു. ഈ രാവ് ആരാധനകളാല്‍ സജീവമാകണം. പ്രാര്‍ത്ഥനാനിരതമായിരിക്കണം. ഇക്കാര്യം ധാരാളം പണ്ഡിതന്മാര്‍ വിവരിച്ചിട്ടുണ്ട്. സദുദ്ദേശ്യപൂര്‍വം മൂന്ന് യാസീന്‍ സൂറത്തുകള്‍ ഓതുന്നത് നല്ലതാണ്. ഇത്ഹാഫിലും വസാഇലുശ്ശാഫിഅയിലും ഇതുസംബന്ധമായ പരാമര്‍ശങ്ങളുണ്ട്. മാത്രമല്ല, യാസീന്‍ ഉദ്ദേശ്യലബ്ധിക്ക് പൊതുവില്‍ ഉപകരിക്കുമെന്ന് പണ്ഡിതര്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്.

ശഅ്ബാന്‍ പതിനഞ്ചാം രാവിന് പ്രത്യേകതയുണ്ടെന്നതില്‍ അംഗീകൃതമഹാന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമില്ല. രാവിന്‍റെ പവിത്രത ഉള്‍ക്കൊണ്ട വിശ്വാസികള്‍ അന്നുരാത്രി തൊട്ടടുത്ത പതിനഞ്ചാം പകലിലെ നോമ്പിന് സന്നദ്ധരാവുന്നു. പതിനഞ്ചിന്‍റെ നോമ്പ് സുന്നത്താണെന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ തര്‍ക്കമില്ല. ധാരാളം ഹദീസുകള്‍ മുഖേന എല്ലാ മാസത്തെയും പതിനഞ്ചാംദിനത്തിലെ നോമ്പ് സ്ഥിരപ്പെട്ടിട്ടുണ്ട്. രാവിന്‍റെ ശ്രേഷ്ഠത പരിഗണിച്ച് നോമ്പിന്‍റെ നിയ്യത്ത് രാത്രി അനുഷ്ഠിച്ച് പകല്‍ നോമ്പുകാരനാവാന്‍ വിശ്വാസികള്‍ ജാഗ്രതകാണിക്കുക. ശഅ്ബാന്‍ പതിനഞ്ചിലെ നോമ്പ് സുന്നത്താണെന്ന് ഇമാം റംലി(റ), ഇമാം ഇബ്നുഹജര്‍(റ) തുടങ്ങിയവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ നോമ്പിന് ശഅബാന്‍റെ പേരില്‍ പ്രത്യേകതയുണ്ടോ എന്ന ചര്‍ച്ച സാധാരണ വിശ്വാസിയെ സംബന്ധിച്ചിടത്തോളം അപ്രസക്തമാണ്. നോമ്പനുഷ്ഠിക്കുന്നത് രാവിനെ സജീവമാക്കുന്നതിന്‍റെ ഭാഗമെന്ന നിലക്കാകുമ്പോള്‍ പ്രത്യേകിച്ചും. എന്നാല്‍ ശഅ്ബാന്‍ പതിനഞ്ചിന്‍റെ നോമ്പില്‍നിന്ന് വിശ്വാസികളെ പിന്തിരിപ്പിക്കുന്ന രൂപത്തില്‍ ഈ ചര്‍ച്ച വലിച്ചിഴക്കുന്നത് മഹാപാതകമാണ്. വിശ്വാസികളെ നന്മയില്‍നിന്ന് തടയലും സല്‍കര്‍മത്തെ നിസ്സാരപ്പെടുത്തലുമാണത്. പണ്ഡിതവേഷധാരികളുടെ അജ്ഞതയില്‍ വഞ്ചിതരാവാതിരിക്കാന്‍ വിശ്വാസികള്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക.

ബഹു. അഹ്മദ് കോയ ശാലിയാത്തി (ന.മ) ഫതാവയില്‍ ഇതുസംബന്ധമായി വിവരിച്ചശേഷം രേഖപ്പെടുത്തുന്നു: ‘നീ മനസ്സിലാക്കുക, മുന്‍ഗാമികള്‍ മതവിഷയത്തില്‍ അറിവിന്‍റെയും സന്‍മാര്‍ഗത്തിന്‍റെയും മുകളിലാണ്. അവര്‍ സജ്ജനങ്ങളും തഖ്വയുള്ളവരുമായിരുന്നു. പാരത്രികലോകത്തേക്ക് ഭക്ഷണമൊരുക്കുന്നതില്‍ അധ്വാനിക്കുന്നവരാണവര്‍, അവരത്രെ നല്ലവര്‍! അവര്‍ക്കു പിറകില്‍ വന്നവരാണ് മടിയന്മാരായ നാശകാരികള്‍. അവര്‍ ആരാധനകളെ, മഹാന്മാരുടെ സമ്പ്രദായങ്ങളെ ആക്ഷേപിക്കുന്നു. നാശകാരികളുടെ നാശങ്ങളില്‍നിന്ന് അല്ലാഹു നമ്മെ സംരക്ഷിക്കട്ടെ’ (ഫതാവാ). മുന്‍ഗാമികള്‍ നമുക്ക് നല്‍കിയ ദീനീ പാരമ്പര്യം അടുത്തതലമുറക്ക് കൈമാറാന്‍ നമുക്ക് സാധിക്കണം. മതകര്‍മങ്ങള്‍ക്കു നേരെയുള്ള വിമര്‍ശനങ്ങള്‍ സമൂഹത്തെ വഴിതെറ്റിക്കാനുള്ളതാണെന്ന് തിരിച്ചറിയുകയും വേണം.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ