‘വാങ്ങിക്കോളൂ, നല്ല സ്വാദുള്ള ഒലീവ് കായകളാണ്. കുറച്ച് എടുക്കട്ടെ?’- ദർവീശ് വിളിച്ചുചോദിച്ചു.
ഇപ്പോൾ വേണ്ട, എന്റെ പക്കൽ പൈസയില്ല- അതുവഴി കടന്നുപോയ യാത്രിക നിരസിച്ചു.
‘പൈസ പിന്നെ തന്നാൽ മതി. ഒന്നു രുചിച്ചു നോക്കൂ. നിങ്ങൾക്കിഷ്ടപ്പെടും.’ അദ്ദേഹം ഒരു കായ നീട്ടി പറഞ്ഞു.
ഇപ്പോൾ കഴിക്കാൻ പറ്റില്ല. എനിക്കു നോമ്പാണ്.
‘നോമ്പോ, ഇപ്പോഴോ? റമളാൻ കഴിഞ്ഞിട്ട് മാസം പത്തായില്ലേ. ഓ, സുന്നത്തായിരിക്കുമല്ലേ?’
അല്ലെന്നേ… എനിക്ക് റമളാനിൽ നോമ്പ് നഷ്ടപ്പെട്ടിരുന്നു. അത് വീട്ടുകയാണ്. ഏതായാലും താങ്കൾ കുറച്ച് ഒലീവെടുത്തു തൂക്കിക്കോളൂ…
‘ഇല്ല, പൊയ്‌ക്കോ… അല്ലാഹുവിനുള്ള കടം വീട്ടാൻ പത്തു മാസമെടുത്ത നിങ്ങളെ വിശ്വസിച്ച് ഞാനെങ്ങനെ കടം തരും?’

വിളവെടുപ്പു കാലമാണ് വന്നണയുന്നത്. വിശ്വാസിയുടെ കൊയ്ത്തുകാലം. വിത്തിറക്കേണ്ട റജബിൽ വിളവിറക്കുകയോ നനക്കേണ്ട ശഅ്ബാനിൽ നന്നായി പരിചരിക്കുകയോ ചെയ്യാത്തവന് റമളാനിൽ വിളവെടുക്കാനാവില്ല. വസന്തത്തിന്റെ ശരിയായ ആനുകൂല്യങ്ങളും ആത്മചൈതന്യവും റജബ് ശഅ്ബാനുകളിലൊന്നും തീരെ അധ്വാനിക്കാത്തവർക്ക് വിധിച്ചിട്ടുള്ളതല്ല.
നന്നായി സ്വീകരിക്കാത്ത ആതിഥേയനുമായി അഡ്ജസ്റ്റ് ചെയ്തു പോകാൻ അഭിമാനിയായ അതിഥിക്കു കഴിയില്ല. ആരാധനകളാൽ സമൃദ്ധമായ സ്വീകരണമാണ് റമാളാൻ നമ്മിൽ നിന്നു പ്രതീക്ഷിക്കുന്നത്. പഴുതടച്ചതും കുറ്റമറ്റതുമായ മുന്നൊരുക്കമുണ്ടെങ്കിലേ പുണ്യറമളാനെ മികച്ചതാക്കാനാവൂ. ആരാധനകളുടെ പൂക്കാലത്തെ ആത്മഹർഷത്തോടെ വരവേൽക്കാൻ സാധിക്കണമെങ്കിൽ ആവശ്യമായ ആസൂത്രണങ്ങൾ വേണം. ലക്ഷ്യം നേടി വിജയിക്കാൻ നന്നായി മുന്നൊരുക്കം നടത്തണം. പ്രധാനപ്പെട്ട ഒരതിഥിയെ യാതൊരു മുന്നൊരുക്കവുമില്ലാതെ സ്വീകരിക്കുന്നത് മര്യാദകേടാണ്. ദീർഘകാലത്തെ കാത്തിരിപ്പിനും രണ്ട് മാസത്തെ പ്രാർഥനക്കുമൊടുവിലാണല്ലോ വിരുന്നുകാരൻ വന്നുചേർന്നിരിക്കുന്നത്.

പ്ലാനിംഗാണ് പ്രധാനം

മൂന്നു വിധം മുന്നൊരുക്കങ്ങളുണ്ട്. മാനസികമായ തീരുമാനങ്ങളാണതിൽ സുപ്രധാനം. ശക്തമായ തീരുമാനങ്ങളും വ്യവസ്ഥാപിതമായ പ്ലാനിംഗുകളുമെല്ലാം വിശാലാർഥത്തിലുള്ള നിയ്യത്താണ്. സമൂഹത്തിലെ വലിയ ശതമാനം പേരും പലതിലും ഉറച്ച തീരുമാനത്തിലെത്താറില്ല. സൗകര്യവും സാഹചര്യവും ലഭിച്ചാൽ ചെയ്യും. അവസാനം ഒഴികഴിവുകൾ കണ്ടെത്തി ഒഴിവാക്കുകയും ചെയ്യും. ദുർബലമായ ആഗ്രഹങ്ങൾക്ക് വിജയ പ്രതിക്ഷയുണ്ടാകില്ല, പ്രതിഫലനം സൃഷ്ടിക്കാനുമാകില്ല.
ഇത്തവണ എന്റെ റമളാൻ എങ്ങനെയാകണം? ഏതെല്ലാം ആരാധനകളിൽ കൂടുതൽ സജീവമാകണം? എത്ര തവണ ഖുർആൻ ഖത്മ് ചെയ്യണം? ജമാഅത്തിനും തറാവീഹിനും എവിടെ പോകണം? എത്ര പേരെ നോമ്പ് തുറപ്പിക്കണം? ഏത് പള്ളിയിൽ ഇഅ്തികാഫ് ഇരിക്കണം? എന്തെല്ലാം നന്മകളും പുണ്യപ്രവർത്തികളും അധികരിപ്പിക്കണം? സാന്ത്വന, കാരുണ്യ, ദാനധർമ മേഖലകളിൽ എന്തൊക്കെ ചെയ്യാനാകും? ആരെയൊക്കെ പരിഗണിക്കണം? ഇങ്ങനെ ഗൗരവതരമായ ആലോചനകളും ആസൂത്രണവും മുന്നൊരുക്കത്തിന്റെ ഭാഗമായി നടക്കണം. ഓരോ കുടുംബത്തിലും സംഘടനാ കൂട്ടായ്മകളിലും ഇത്തരം വിഷയങ്ങളിൽ ജാഗ്രത്തായ ഇടപെടലുകളുണ്ടാകണം.
സാമ്പ്രദായികവും നാമമാത്രവുമായ മുന്നൊരുക്കങ്ങൾക്ക് ആഴത്തിലുള്ള പരിവർത്തനം സാധ്യമാകില്ല. വാട്‌സാപ്പ് റെഡിമെയ്ഡ് സ്വീകരണങ്ങൾക്ക് ചൈതന്യമുണ്ടാകില്ല. ആൾക്കൂട്ടത്തിനനുസരിച്ച് ആരാധനാനിരതരാകുന്ന ആധുനിക മന:ശാസ്ത്രം സമ്പൂർണ സംസ്‌കരണത്തിന് പറ്റില്ല. യാന്ത്രികമായി നോമ്പനുഷ്ഠിച്ചും വല്ലപ്പോഴും തറാവീഹ് നിസ്‌കരിച്ചും സാഹചര്യ സമ്മർദങ്ങൾക്കനുസരിച്ച് കർമങ്ങളിലേർപ്പെടുന്ന രീതി സാരമായ മാറ്റത്തിന് വിധേയമാക്കേണ്ടിയിരിക്കുന്നു. അല്ലാഹുമ്മ സല്ലിംനീ ഇലാ റമളാന, വസല്ലിം ലീ റമളാന, വതസല്ലംഹു മിന്നീ മുതഖബ്ബലാ… എന്ന് സ്വഹാബാക്കൾ പ്രാർഥിക്കാറുണ്ടായിരുന്നു. റമളാനിനെ എത്തിക്കണമെന്നും ആരാധനകൾക്ക് അനുകൂലമായ സാഹചര്യവും പരിസരവും നൽകണമെന്നും അവയത്രയും സ്വീകാര്യമാകണമെന്നും പ്രാർഥിക്കാനുള്ള പ്രചോദനമാണ് നബിശിഷ്യർ സമ്മാനിക്കുന്നത്.
റമളാൻ നോമ്പിനും മറ്റു ഇബാദത്തുകൾക്കും ക്ഷീണമോ മുടക്കമോ കുറവുകളോ വരാത്ത വിധം ജോലിയും ജീവിതവും ക്രമീകരിക്കണം. കർമരംഗത്ത് സജീവമാകണമെന്ന ശക്തമായ തീരുമാനത്തിന് തന്നെ വലിയ പ്രതിഫല വാഗ്ദാനമുണ്ട്. അല്ലാഹു ഖുദ്‌സിയ്യായ ഹദീസിൽ പറയുന്നു: എന്റെ അടിമ ഒരു നല്ല കാര്യം ചെയ്യാൻ തീരുമാനിച്ചാൽ ഞാനവന് അതിന്റെ പ്രതിഫലം രേഖപ്പെടുത്തും. പ്രവർത്തിച്ചാൽ അതിനനുസരിച്ച പ്രതിഫലവും.
നല്ല നിയ്യത്തുകളിലൂടെ മാത്രമേ സൽകർമ്മങ്ങൾ രൂപപ്പെടുകയുള്ളൂ. കേവലമായ നിയ്യത്തല്ല അഭികാമ്യം. തീരുമാനം നന്നാക്കുന്നതിന് വലിയ പ്രാധാന്യമുണ്ട്. നിങ്ങളിലാരാണ് നന്നായി കർമങ്ങൾ ചെയ്യുന്നതെന്ന് അല്ലാഹു പരിശോധിക്കുന്നുണ്ടെന്ന് ഖുർആൻ. ‘ഇദാ ജാഅ ശഅ്ബാനു ഫത്വഹ്ഹിറൂ ഖുലൂബകും വ അഹ്‌സിനൂ നിയ്യത്തകും’- ശഅ്ബാൻ സമാഗതമായാൽ നിങ്ങൾ ഹൃദയം ശുദ്ധിയാക്കുകയും നിയ്യത്ത് നന്നാക്കുകയും ചെയ്യുക. ഇമാം അഹ്‌മദ്(റ) മുസ്‌നദിൽ ഇതുദ്ധരിക്കുന്നുണ്ട്.
പതിനൊന്ന് മാസം വയറ് നിറയെ ആഹരിച്ച മനുഷ്യൻ ഒരു മാസക്കാലം സമ്പൂർണ പകൽ പട്ടിണിയിലാണ് റമളാനിൽ. അന്നപാനീയങ്ങളിൽ നിന്നും വികാര വിചാരങ്ങളിൽ നിന്നും നോമ്പ് നഷ്ടപ്പെടുന്ന സർവതിൽ നിന്നും മാറി നിൽക്കാൻ കഴിയണമെങ്കിൽ ശാരീരിക പരിശീലനം കൂടിയേ കഴിയൂ. റജബ്-ശഅ്ബാനുകളിലെ സുന്നത്ത് നോമ്പുകളിലൂടെ റമളാൻ നോമ്പിന് ശരീരത്തെ പാകപ്പെടുത്തുന്നു ഇസ്‌ലാം. പട്ടിണി കിടക്കുന്നവൻ പാപമോഹങ്ങളിൽ നിന്ന് യാന്ത്രികമായി വിട്ടുനിൽക്കും. അതോടെ സമൂഹത്തിൽ കുറ്റകൃത്യങ്ങൾ ഗണ്യമായി കുറയും. നന്മകൾ സ്വാഭാവികമായി വർധിക്കുകയും ശരീരത്തിന് പ്രതിരോധശേഷി വർധിക്കുകയും ചെയ്യും. അപ്പോൾ റമളാൻ നോമ്പ് പ്രയാസകരമാകില്ലെന്നു മാത്രമല്ല, ആസ്വാദ്യകരമാവുകയും ചെയ്യും.
തുടർച്ചയായി കുറേ നാൾ നോമ്പെടുക്കുമ്പോൾ സ്വഹാബികൾ പറയും; ഇനി തിരുനബി(സ്വ) നോമ്പ് മുറിക്കില്ലെന്ന്. അപ്പോഴവിടന്ന് നോമ്പ് മുറിക്കും. കുറച്ച് ദിവസം അതേ നില തുടരുമ്പോൾ അവർ പറയും: ഇനി തിരുദൂതർ നോമ്പെടുക്കാനിടയില്ലെന്ന്. ഉടൻ നബി(സ്വ) വീണ്ടും തുടർച്ചയായി നോമ്പനുഷ്ഠിക്കും. ഇങ്ങനെ റജബിലും ശഅ്ബാനിലും പ്രവാചകർ(സ്വ) ധാരാളം സുന്നത്ത് നോമ്പനുഷ്ഠിക്കുമായിരുന്നു.

നനച്ചുകുളിക്കണം

റമളാനോടടുത്ത് വീടും പരിസരവും ശുദ്ധികലശം വരുത്തുന്ന സമഗ്ര പദ്ധതിയെ പൂർവികർ നനച്ചുകുളിയെന്നു വിളിച്ചു. പെയിന്റിംഗും വാഷിംഗും ക്ലീനിംഗും നടത്തുന്നതിന് പുറമെ ഉപയോഗിക്കുന്ന മുഴുവൻ വസ്തുക്കളും വീട്ടുപകരണങ്ങളും കഴുകിത്തുടച്ച് വൃത്തിയാക്കുന്ന സമ്പ്രദായം വീട്ടുകാരികൾ ശേഷതലമുറക്ക് പകർന്നാലേ ഈ ഇബാദത്തും ആദരവും നിലനിൽക്കൂ. സമാഗതമാകുന്ന പുണ്യമാസത്തോടുള്ള പരിഗണനയായാണ് ഇത്തരം മുന്നൊരുക്ക പ്രവർത്തികൾ സമൂഹം കൂട്ടുത്തുത്തരവാദിത്വത്തോടെ നിർവഹിച്ചുകൊണ്ടിരിക്കുന്നത്. നിർദിഷ്ട സർവീസ് കഴിഞ്ഞു പുറത്തിറക്കുന്ന വാഹനം അതിന്റെ ഗുണം കാണിക്കുക തന്നെ ചെയ്യും. സർവീസിൽ അമാന്തം കാണിച്ചാൽ അതിന്റെ ദോഷവും ഉടമസ്ഥനു തന്നെ.
കർമകുശലതയോടെ റമളാനിൽ ആരാധനാ നിരതരാകാൻ അതുവരെയുള്ള ഇബാദത്തുകൾ മതിയാകില്ല. എണ്ണത്തിലും വണ്ണത്തിലും മൂല്യത്തിനും സാരമായ പരിപോഷണമുണ്ടാകണം. പട്ടിണി കിടന്നും പ്രയാസം സഹിച്ചുമുള്ള അനുഷ്ഠാനങ്ങൾ ഒരിക്കലും വെറുതെ നഷ്ടപ്പെട്ടുകൂടാ. അതിന് ചെയ്യുന്ന ഇബാദത്തുകളെ കുറിച്ച് നന്നായി പഠിക്കണം. ആവശ്യമായ അറിവുകൾ ശേഖരിക്കണം. അവധാനപൂർവം സംശയനിവാരണം വരുത്തണം. റമളാൻ പ്രമാണിച്ച് നാട്ടിൻപുറങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന സാമ്പ്രദായിക ക്ലാസുകൾ മാത്രം മതിയാകില്ലെന്ന് ചുരുക്കം. ഓരോ കർമത്തിന്റെയും പ്രാധാന്യവും സ്വീകാര്യതയും സംബന്ധിച്ച മതകീയ വീക്ഷണങ്ങളും കർമശാസ്ത്ര വിധികളും ഉൾക്കൊണ്ടു വേണം റമളാനിലേക്കു പാദമൂന്നാൻ.
റമളാനിന്റെ വരവറിയിച്ചുകൊണ്ടുള്ള മുത്ത്‌നബിയുടെ സുവിശേഷ വചനത്തിൽ ഇങ്ങനെ വായിക്കാം: ‘ലഖദ് അളല്ലകും ശഹ്‌റുൻ മുബാറകുൻ’- നിശ്ചയം നിങ്ങൾക്ക് ഒരനുഗ്രഹീത മാസം തണൽ വിരിച്ചിരിക്കുന്നു. തുടർന്ന് റമളാനിന്റെ ഒട്ടേറെ സവിശേഷതകൾ വിസ്തരിക്കുന്നു. തണൽ വിരിച്ചുവെന്ന ഹദീസ് ഭാഗം വളരെ ശ്രദ്ധേയമാണ്. റമളാൻ തണലും ആശ്വാസവും നൽകണമെങ്കിൽ നിബന്ധനകൾക്ക് വിധേയമായി അതിനെ സമീപിക്കണം. ഏത് ഓഫറുകളും ലഭിക്കുന്നത് നിയമങ്ങൾ പാലിക്കുന്നവർക്കാണല്ലോ.

അനുഭവസാക്ഷ്യം

മതിയായ മുന്നൊരുക്കത്തോടെ റമളാനെ വരവേൽക്കുന്നവർക്ക് അക്ഷരാർഥത്തിൽ മധുരമാണനുഭവപ്പെടുക. യാതൊരു ആസൂത്രണവും നടത്താതെ വരുന്നേടത്തുവെച്ച് കാണാമെന്ന ഭാവക്കാർക്ക് റമളാൻ ഭാരമാകും. നിഷ്‌കളങ്കമായ പശ്ചാത്താപത്തോടെയും ആത്മാർഥമായ അർഥനയോടെയും പ്രതീക്ഷിക്കുന്നവർക്ക് ഈ പൂക്കാലത്ത് വിജയകരമായ വിളവെടുപ്പ് സാധ്യം.
അതീവ ജാഗ്രതയുടെ നാളുകളാണ് ശേഷിക്കുന്നത്. തീവ്രപരിശീലനത്തിന്റെ അവസാന സന്ദർഭം. പിണങ്ങിക്കഴിയുന്നവർ ഇണങ്ങുക, പൊറുക്കുക, പൊരുത്തപ്പെടുവിക്കുക, ബാധ്യതകളും കടങ്ങളും വീട്ടിത്തീർക്കുക, കലഹിക്കാതെ വിട്ടുവീഴ്ചക്ക് തയ്യാറാവുക, സകാത്ത് നൽകുക, പാവങ്ങളെ സഹായിക്കുക തുടങ്ങിയ ജീവൽ പ്രാധാന്യമുള്ള വിഷയങ്ങളിൽ സജീവമാകാൻ സയ്യിദുനാ ഉമർ(റ), ഉസ്മാൻ(റ) തുടങ്ങിയവർ പള്ളിമിമ്പറുകളിൽ പ്രഭാഷണം നടത്തുമായിരുന്നുവെന്ന് ചരിത്രം.
സത്യവിശ്വാസികൾക്ക് റമളാൻ ദൈവാരാധനക്ക് വേണ്ടി ശക്തി സംഭരിക്കാനും കപടന്മാർക്ക് വിശ്വാസികളുടെ ന്യൂനതകളും പാളിച്ചകളും അന്വേഷിച്ച് നടക്കാനുമുള്ള അവസരമാണെന്ന തിരുവചനം എന്തുമാത്രം ശ്രദ്ധേയം! വിശ്വാസിക്ക് വലിയ സമ്പാദ്യവും അനുഗ്രഹവും ദുർവൃത്തന് ശിക്ഷയും ശാപവുമാണ് റമളാൻ (മുസ്‌നദ് അഹ്‌മദ് 2/254), ശുഅബുൽ ഈമാൻ: 3607).

അടുക്കളയിലെ നിറപറ

സാർവത്രികമായി നിലനിൽക്കുന്ന വിഭവശേഖരണത്തിൽ വിജയിക്കാൻ പലരും സജീവമായി ശ്രദ്ധിക്കാറുണ്ട്. മാസങ്ങളോളം കഴിക്കാനുള്ള സുഭിക്ഷമായ ആഹാര വിഭവങ്ങളാൽ സമ്പന്നമായിരിക്കും അടുക്കള. വിവിധയിനം പൊടികളും ഭക്ഷണ സാധനങ്ങളും മത്സരിച്ചു സമാഹരിച്ചുള്ള മുന്നൊരുക്കം കൊണ്ട് റമളാനിന് ആത്മീയമായ തിളക്കമുണ്ടാകില്ല. റമളാനിന്റെ അമൂല്യ സമയം മാർക്കറ്റിൽ ചെലവഴിക്കാതിരിക്കാൻ അതുപകരിച്ചേക്കുമെന്നു മാത്രം. എന്നാൽ പട്ടിണി രുചിച്ചറിയേണ്ട പുണ്യമാസത്തെ വിഭവ സമൃദ്ധികളിൽ തളച്ചിടാതെ ആരാധനകളാലും ആത്മീയ സാധനകളാലും പുഷ്പിക്കുകയാണ് അഭികാമ്യം. റമളാൻ ഷുഗറും കൊളസ്‌ട്രോളും ദുർമേദസ്സും പടികടത്താനുമുപകരിക്കണം; മുമ്പത്തേതിനേക്കാൾ കൂടാനനുവദിച്ചു കൂടാ. ആരോഗ്യം നേട്ടവും വിശുദ്ധ ഇസ്‌ലാം വിഭാവനം ചെയ്യുന്ന നോമ്പ് കാലത്തിന്റെ ശുഭഫലമാണല്ലോ.

ശുകൂർ സഖാഫി വെണ്ണക്കോട്

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ