നബി(സ്വ) എല്ലാ അര്‍ത്ഥത്തിലും സവിശേഷനാണ്. തഹജ്ജുദ്, വിത്ര്‍, ളുഹാ, മൃഗബലി, കൂടിയാലോചന, മിസ്വാക്, ശത്രുക്കള്‍ എത്ര അധികമുണ്ടെങ്കിലും പ്രതിരോധിക്കല്‍, സാമൂഹിക നീചത്വങ്ങള്‍ തുടച്ചുമാറ്റല്‍ തുടങ്ങിയവ നബി(സ്വ)യെ സംബന്ധിച്ച് നിര്‍ബന്ധ ബാധ്യതയാണ്.
സകാത്ത് വാങ്ങല്‍, അന്യരുടെ സുഖാഢംബരങ്ങളില്‍ കണ്ണുവെക്കല്‍, യുദ്ധത്തിലെ ചതി, ഇഷ്ടമില്ലാത്ത ഇണയെ വെച്ചുപൊറുപ്പിക്കല്‍ തുടങ്ങിയവ നബി(സ്വ)ക്കു ഹറാമുമാകുന്നു. ഭാര്യമാരുടെ താല്‍പര്യത്തിനനുസരിച്ച് ത്വലാഖ് ചൊല്ലല്‍, വലിയ ഉള്ളി, ഉള്ളിച്ചീര, ചുകന്നുള്ളി തിന്നല്‍ തുടങ്ങിയവ നബിക്ക് ഹറാമോ കറാഹത്തോ എന്നതില്‍ അഭിപ്രായ വ്യത്യാസമുണ്ട്. കറാഹത്താണെന്നാണ് പ്രബലം. വേദക്കാരിയായ സ്വതന്ത്രയെയും മുസ്‌ലിം അടിമപ്പെണ്ണിനെയും നബിക്ക് ഇണയാക്കാമോ എന്നതില്‍ അഭിപ്രായാന്തരം നിലനില്‍ക്കുന്നു.
സ്വന്തത്തിനും ബന്ധുക്കള്‍ക്കും വേണ്ടി വിധിപറയലും സാക്ഷി നില്‍ക്കലും നബിയുടെ പ്രത്യേകതയാകുന്നു. പ്രസ്തുത വിധിയും സാക്ഷിത്വവും നിരുപാധികം സ്വീകരിക്കപ്പെടുന്നതുമാണ്. തിരുനബിയുടെ അനന്യമായ വിശ്വാസ്യതക്കുള്ള അംഗീകാരമത്രെ ഇത്. യുദ്ധാര്‍ജിത സ്വത്തുക്കളില്‍ നിശ്ചിത വിഹിതം നബിക്കനുവദിക്കപ്പെട്ടിട്ടുണ്ട്.
വിവാഹവുമായി ബന്ധപ്പെട്ട പല പൊതുനിമയങ്ങളും തിരുനബിക്ക് ബാധകമല്ല. വളരെ അത്യാവശ്യമില്ലാത്തവന്റെ ഭക്ഷണം അവന്റെ അനുമതി കൂടാതെ എടുക്കാനും അത്യാവശ്യമുള്ളവന് സമ്മാനിക്കാനും ഉടമസ്ഥരില്ലാതെ ഒഴിഞ്ഞുകിടക്കുന്ന നിലങ്ങള്‍ ഏറ്റെടുത്ത് ഉപയോഗയോഗ്യമാക്കാനും നബിക്ക് അനുവാദമുണ്ട്. അതുപോലെ സ്വന്തം അറിവനുസരിച്ച വിധി നബി(സ്വ)ക്ക് പ്രഖ്യാപിക്കാം. ചീത്ത ചിന്തകള്‍ ഏതും ഒഴിവാക്കല്‍ നബി(സ്വ)ക്ക് നിര്‍ബന്ധമാകുന്നു. ഉറക്ക് മൂലം അവിടുത്തെ വുളൂഅ് മുറിയില്ല. പ്രവാചകരുടെ സ്വത്ത് ബന്ധുക്കള്‍ക്ക് അനന്തരമെടുക്കാവതല്ല. വലിയ്യും സാക്ഷിയുമില്ലാതെ വിവാഹം സാധുവാകുക, നാലില്‍ കൂടുതല്‍ ഇണകളുണ്ടാവുക തുടങ്ങിയവ തിരുനബിക്ക് മാത്രം അനുവദിക്കപ്പെട്ടവയത്രെ.
വിയോഗാനന്തരം നബിയുടെ പത്നിമാരെ പുനര്‍ വിവാഹം ചെയ്യല്‍ മറ്റുള്ളവര്‍ക്ക് നിഷിദ്ധമാണ്. തിരുനബി ജീവിച്ചിരിക്കെ വിവാഹമോചനം നേടിയവര്‍ക്കും ഈ വിധി ബാധകം. നബി പത്നിമാര്‍ മുസ്‌ലിം ഉമ്മത്തിന്റെ ഉമ്മമാരാണെന്നാണിതിനു കാരണം. മാതാവിനെ ഇണയാക്കാന്‍ പറ്റില്ലല്ലോ.
അവിടുത്തെ പ്രബോധന തത്ത്വങ്ങള്‍ പൂര്‍വിക ശരീഅത്തുകളെ ദുര്‍ബലമാക്കുന്നവയും ലോകാന്ത്യം വരെ പ്രബലമായി തുടരുന്നവയുമാണ്. തിരുനബിയുടെ അമാനുഷികതയുടെ ഭാഗമായ വിശുദ്ധ ഖുര്‍ആന്‍ അബദ്ധങ്ങളില്‍ നിന്ന് മുക്തവും എന്നെന്നും നിലനില്‍ക്കുന്നതുമായ ഉത്തമ പ്രമാണമാകുന്നു. ഭൂമി മുഴുക്കെ തങ്ങള്‍ക്ക് ശുദ്ധവും സാംഷ്ടാംഗ യോഗ്യവുമാണെന്നതും മറ്റൊരു പ്രത്യേകത.
അഞ്ചുവിധം ശിപാര്‍ശകള്‍ കൊണ്ട് ആദരണീയവനാണവിടുന്ന്. അതില്‍ പ്രധാനമാണ് അശ്ശഫാഅതുല്‍ ഉള്മ (മഹത്തായ ശിപാര്‍ശ). സൃഷ്ടികളെ വിചാരണക്കെടുക്കുവാന്‍ പരലോകത്തുവെച്ച് അല്ലാഹുവിനോട് അഭ്യര്‍ത്ഥിക്കുന്ന ശിപാര്‍ശയാണിത്. ആദ്യമായി സ്വര്‍ഗകവാടം മുട്ടിത്തുറക്കുക തിരുനബിയാണ്. നബിയുടെ സമുദായം ഏറ്റവും ഉത്തമ സമുദായമാകുന്നു. അവര്‍ ഒന്നടങ്കം ഒരു പിഴവിന്റെ മേല്‍ ഏകോപിക്കുന്നതല്ല. പ്രഥമ ശിപാര്‍ശകന്‍, ആദ്യം ശിപാര്‍ശ സ്വീകരിക്കപ്പെടുന്നത്, ഖബര്‍ പിളര്‍ന്നു പുറത്തുവരുന്ന ആദ്യ ആള്‍ തുടങ്ങിയ വിശേഷങ്ങളും നബിക്കു മാത്രമവകാശപ്പെട്ടവയാണ്. പരലോകത്ത് നബിയുടെ സമുദായം മാലാഖമാര്‍ക്ക് തുല്യരാകും.
ഉമിനീര്‍, വിയര്‍പ്പ് പോലുള്ള ശേഷിപ്പുകള്‍ പരിശുദ്ധവും പുണ്യവും രോഗശമനിയുമാണെന്നതും തിരുനബി വിശേഷമാണ്. മുന്നിലേക്ക് കാണും പ്രകാരം പിന്നിലേക്കും കാണാന്‍ കഴിയുക, ഇരുന്നുള്ള സുന്നത്ത് നിസ്കാരത്തിന് നിന്ന് നിസ്കരിച്ചതിന്റെ പ്രതിഫലം ലഭിക്കുക എന്നിവയും നബി വിശേഷങ്ങളത്രെ. അര്‍ത്ഥഗര്‍ഭ ഭാഷണസിദ്ധി (ജവാമിഉല്‍ കലിം) തങ്ങളുടെ സാഹിത്യപരമായ സവിശേഷതയാകുന്നു.
വിമര്‍ശകന്റെ വിധി
പേരെടുത്തു നബിയെ വിളിക്കല്‍ അനുവദനീയമല്ല. അവിടുത്തെ ബുദ്ധിമുട്ടിക്കല്‍ ഹറാമും. അത്തരക്കാര്‍ അഭിശപ്തരാണെന്നാണ് ഖുര്‍ആന്‍ ഭാഷ്യം. മുസ്‌ലിംകളില്‍ നിന്ന് അവിടുത്തെ വിലകുറച്ച് കാണിക്കുന്നവനെയും പ്രത്യക്ഷമായോ പരോക്ഷമായോ ആക്ഷേപിക്കുന്നവനെയും ഇസ്‌ലാമിക രാഷ്ട്രത്തിനു കീഴില്‍ വധശിക്ഷക്കു വിധേയമാക്കണമെന്നതില്‍ പണ്ഡിത ഏകോപനമുണ്ട്.
തിരുനബി(സ്വ)യുടെ സൃഷ്ടിപ്പിലോ സ്വഭാവത്തിലോ മതബോധത്തിലോ മറ്റുവല്ല കാര്യങ്ങളിലോ ന്യൂനത ആരോപിക്കല്‍ ആക്ഷേപമായി ഗണിക്കപ്പെടും. നിന്ദിച്ചു സംസാരിക്കുക, പരിഹസിക്കുക, മോശമായതിനോട് തുല്യപ്പെടുത്തുക, വിശുദ്ധ താവഴിയില്‍ ന്യൂനത ആരോപിക്കുക തുടങ്ങിയവയെല്ലാം നബിനിന്ദയില്‍ എണ്ണും.
മാനുഷികതയുടെ ഭാഗമായി നബിയില്‍ പ്രകടമായ കാര്യങ്ങളോ പരീക്ഷണാര്‍ത്ഥം തങ്ങള്‍ക്കുണ്ടായ ജീവിത പ്രതിസന്ധികളോ ആക്ഷേപാര്‍ഹമായി ഗണിക്കുകയോ കാണുകയോ ചെയ്തവനും ശിക്ഷാര്‍ഹനാണ്. സ്വഹാബത്ത് മുതലുള്ള പണ്ഡിതരുടെയെല്ലാം ഏകാഭിപ്രായമാണിതെല്ലാം.
ഇബ്നു മുന്‍ദിര്‍(റ) പറയുന്നു: “തിരുനബി(സ്വ)യെ ചീത്ത പറഞ്ഞവനെ കൊല്ലണമെന്ന കാര്യത്തില്‍ പണ്ഡിതരെല്ലാം ഏകോപിതരാകുന്നു.’ മാലിക്, ലൈസ്, അഹ്മദ്, ഇസ്ഹാഖ് (റ.ഹും) തുടങ്ങിയ ഇമാമുമാരെല്ലാം ഈ അഭിപ്രായക്കാരാണ്. ശാഫിഈ മദ്ഹബും ഇങ്ങനെ തന്നെ. അബൂബക്കര്‍ സിദ്ദീഖ്(റ)ന്റെ വിധിയും മറ്റൊന്നല്ല. അത്തരക്കാരുടെ പശ്ചാതാപം പോലും പ്രഥമ ഘട്ടത്തിലേ വിശ്വസിക്കരുതെന്നാണ് ഇമാമുമാരുടെ പക്ഷം. അബൂഹനീഫ, സൗരി, ഔസാഈ (റ.ഹും) എന്നിവര്‍ പറഞ്ഞത് നബി നിന്ദകന്‍ തികഞ്ഞ മതപരിത്യാഗിയാണെന്നാണ്. മതനിഷേധിയെ പോലെ ഇസ്‌ലാമിക രാജ്യത്ത് അവന്‍ വധിക്കപ്പെടുന്നതുമാണ്.
ഇമാം ഗസ്സാലിറ);പറുദീസ/5 എസ്എസ് ബുഖാരി