നബി(സ്വ) പറയുന്നു: ‘നിങ്ങൾ അല്ലാഹുവിനോട് വിശ്വാസദാർഢ്യത്തെയും ആരോഗ്യത്തെയും ചോദിക്കുക. വിശ്വാസദാർഢ്യം കഴിഞ്ഞാൽ പിന്നെ, ആരോഗ്യത്തെക്കാൾ ഉത്തമമായതൊന്നും ഒരാൾക്കും നൽകപ്പെട്ടിട്ടില്ല’ (നസാഈ).
ആരോഗ്യം അമൂല്യമാണ്. അല്ലാഹു നൽകുന്ന അനുഗ്രഹമാണത്. ജീവിതത്തിലുടനീളം ആരോഗ്യം സംരക്ഷിക്കേണ്ടതുണ്ട്. മനുഷ്യന്റെ ധർമങ്ങളും കർമങ്ങളും നിർവഹിക്കാൻ ആരോഗ്യമുള്ള മനസ്സും ശരീരവും അനിവാര്യമാണ്. ആരോഗ്യത്തിന് ന്യൂനത സംഭവിച്ചാൽ ചികിത്സ നടത്തി തിരിച്ചുപിടിക്കുക എന്നതിലല്ല, ആരോഗ്യ സംരക്ഷണം നിലകൊള്ളുന്നത്. ആരോഗ്യവ്യവസ്ഥക്കു ക്ഷതമേൽക്കാതെ സംരക്ഷിക്കാനുപകരിക്കുന്ന ജീവിത ശീലങ്ങൾ അനുവർത്തിക്കുകയാണു വേണ്ടത്.
ആരോഗ്യത്തിനും അതിനു ഗുണകരമാവുന്ന ജീവിത, കർമ, ധർമ ശീലങ്ങൾക്കും ഇസ്‌ലാം വലിയ പരിഗണന നൽകുന്നുണ്ട്. സത്യവിശ്വാസത്തിലധിഷ്ഠിതമായ ബാധ്യതകൾ നിർവഹിക്കുന്നതിന് ആരോഗ്യമില്ലാതെ കഴിയില്ല. ആരോഗ്യ സംരക്ഷണവും രോഗപ്രതിരോധവും സാധിക്കുന്ന ജീവിതശീലങ്ങളാണ് ഇസ്‌ലാം മനുഷ്യനിൽ നിന്ന് ആവശ്യപ്പെടുന്നത്. ജൈവധർമമെന്ന നിലയിലും ജീവസുരക്ഷ എന്ന നിലയിലും നിർവഹിക്കപ്പെടുന്ന പ്രവർത്തനങ്ങളെ ഇസ്‌ലാം പുണ്യമാക്കി നിശ്ചയിച്ചിരിക്കുകയാണ്. അവ നിർവഹിക്കുന്നതിലൂടെ ആത്മീയവും ഭൗതികവുമായ ഗുണങ്ങൾ ലഭ്യമാവുന്നു. വിശ്വാസിക്ക് ആരോഗ്യകരവും ആത്മീയവുമായ ഗുണം സമ്പാദിക്കാൻ ഉത്തരവാദിത്വമുണ്ട്.
ഇസ്‌ലാമിക ആരോഗ്യ ശീലങ്ങൾ അനുഷ്ഠിക്കുന്നതിലൂടെ ആത്മീയമായ അച്ചടക്കവും പുണ്യവും കൈവരിക്കാനാവുന്നു. ഒപ്പം ആരോഗ്യവും രോഗപ്രതിരോധവും നേടാനുമാവും. അബ്ബാസ്(റ) പറയുന്നു: ‘അല്ലാഹുവിനോട് എന്താണു ചോദിക്കേണ്ടതെന്ന് പഠിപ്പിച്ച് തരാൻ നബി(സ്വ)യോട് ഞാൻ ആവശ്യപ്പെട്ടു. അപ്പോൾ അവിടുന്ന് പറഞ്ഞു: ‘ആരോഗ്യത്തെ ചോദിക്കുക’. ഏതാനും ദിവസം കഴിഞ്ഞ ശേഷം ഞാൻ വീണ്ടും ഇതേ ചോദ്യം ഉന്നയിച്ചു. അപ്പോൾ അവിടുന്ന് പറഞ്ഞു: ഇഹത്തിലും പരത്തിലും ആരോഗ്യത്തെ നീ അല്ലാഹുവിനോട് ചോദിക്കുക’ (തിർമുദി).
അബുദ്ദർദാഅ്(റ) പറയുന്നു: ‘നബി(സ്വ) ആരോഗ്യത്തെക്കുറിച്ചും അതിന് നന്ദി ചെയ്താൽ ലഭിക്കുന്ന മഹത്തായ പ്രതിഫലത്തെക്കുറിച്ചും പറഞ്ഞു, പരീക്ഷണങ്ങൾ ക്ഷമിച്ചാൽ അവനു ലഭിക്കുന്ന മഹത്തായ പ്രതിഫലത്തെക്കുറിച്ചും വിശദീകരിച്ചു. അപ്പോൾ നബി(സ്വ)യുടെ സമീപത്തിരിക്കുകയായിരുന്ന ഞാൻ പറഞ്ഞു: എനിക്കെല്ലാവരെക്കാളും പ്രിയങ്കരനായ തിരുദൂതരേ, എനിക്ക് ആരോഗ്യമുണ്ടാവുകയും എന്നിട്ട് ഞാൻ നന്ദി ചെയ്യുകയും ചെയ്യുന്നതാണ് ഞാൻ പരീക്ഷിക്കപ്പെടുകയും ക്ഷമിക്കുകയും ചെയ്യുന്നതിനെക്കാൾ എനിക്കിഷ്ടം. അപ്പോൾ തിരുനബി(സ്വ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതരും നിന്റെ കൂടെ ആരോഗ്യത്തെ ഇഷ്ടപ്പെടുന്നു’ (ത്വബ്‌റാനി).
ആരോഗ്യവും രോഗപീഡകളില്ലാത്ത അവസ്ഥയും അല്ലാഹുവിൽ നിന്ന് ചോദിച്ചുവാങ്ങേണ്ടതാണ്. അതു ചോദിക്കുന്നത് അല്ലാഹുവിനിഷ്ടവുമാണ്. പ്രവാചകർ(സ്വ)ക്കും ഇഷ്ടംതന്നെ. സത്യവിശ്വാസത്തിനൊപ്പം ആരോഗ്യം കൂടിയാകുമ്പോൾ വിശ്വാസിയുടെ ജീവിതത്തിന് പുഷ്‌കലാവസ്ഥയുണ്ടാവുമെന്നുറപ്പാണ്. അതുകൊണ്ടാണ് നബി(സ്വ)യോട് അബുദ്ദർദാഅ്(റ) ആരോഗ്യമുണ്ടായി നന്ദി ചെയ്തു ജീവിക്കുന്നവനായിത്തീരാനുള്ള ഇഷ്ടമറിയിച്ചപ്പോൾ റസൂൽ(സ്വ) അതിനെ പിന്തുണച്ചത്.
ആരോഗ്യം അമൂല്യമായ ഒരനുഗ്രഹമാണ്. അതിന് അല്ലാഹുവിനോട് നന്ദി ചെയ്യേണ്ടതുണ്ട്. കാരണം അമൂല്യമായ ആ അനുഗ്രഹത്തെ അവഗണിക്കാൻ പാടില്ല. ആരോഗ്യമെന്ന അനുഗ്രഹത്തെ നിർമാണപരമായ കാര്യങ്ങൾക്ക് വിനിയോഗിക്കണം. അതിന് ക്ഷതവും നാശവും സംഭവിക്കാതെ പരിരക്ഷിക്കുകയും വേണം. വല്ല ന്യൂനതയും സംഭവിക്കുന്നുവെങ്കിൽ ചികിത്സിക്കണം. ആരോഗ്യമുള്ളപ്പോൾ അതിന്റെ വിലയെക്കുറിച്ച് ബോധ്യമില്ലാതിരിക്കുന്നത് വലിയ അബദ്ധവും അപരാധവുമാണ്.
നബി(സ്വ) പറഞ്ഞു: ‘ആരോഗ്യം, ഒഴിവുസമയം എന്നീ രണ്ട് അനുഗ്രഹങ്ങളുടെ കാര്യത്തിൽ ധാരാളമാളുകൾ വഞ്ചിതരായിരിക്കും’ (ഇബ്‌നുമാജ).
മതപരവും ധാർമികവുമായ ബാധ്യതകൾ പലതും ഭംഗിയായി നിർവഹിക്കാൻ സാധിക്കുന്ന കാലമാണ് ആരോഗ്യകാലം. അപ്രധാനവും അനാവശ്യവുമായ കാര്യങ്ങളിൽ സമയം നഷ്ടപ്പെടുത്തി ആരോഗ്യശോഷണം സംഭവിക്കുമ്പോൾ നഷ്ടബോധം വന്നതുകൊണ്ടായില്ല. പക്ഷേ, ഇത് മനുഷ്യജീവിതത്തിൽ സംഭവിക്കുന്ന ഒരു അവസ്ഥയാണെന്നത് വേറെക്കാര്യം. ആരോഗ്യം അമൂല്യമായതിനാൽ തന്നെ അതു വിചാരണ ചെയ്യപ്പെടുമെന്നും അതില്ലാതാവുന്ന അവസ്ഥക്കുമുമ്പ് ആരോഗ്യകാലത്തെ ഉപയോഗപ്പെടുത്തണമെന്നും പ്രവാചകർ(സ്വ) പഠിപ്പിച്ചു.
അവിടുന്ന് പറഞ്ഞു: ‘അന്ത്യനാളിൽ വിചാരണ ചെയ്യപ്പെടുന്ന അനുഗ്രഹങ്ങളിൽ ആദ്യമായി അടിമയോട് ണണചോദിക്കും; ഞാൻ നിനക്ക് ശാരീരികാരോഗ്യം തന്നിരുന്നില്ലേ’ (ഇബ്‌നുഹിബ്ബാൻ).
അഞ്ചുകാര്യങ്ങളെ/അവസ്ഥകളെ അതിന് വിരുദ്ധമായവക്ക് മുമ്പ് ഉപയോഗപ്പെടുത്തണമെന്ന് നബി(സ്വ) പറഞ്ഞതിലൊന്ന് ആരോഗ്യമാണ്. ‘രോഗാവസ്ഥക്കു മുമ്പ് ആരോഗ്യത്തെ നീ മുതലെടുക്കുക’ (ഹാകിം).
നബി(സ്വ)യുടെ പ്രാർത്ഥനയിലും അവിടുന്ന് നിർദേശിച്ച പ്രാർത്ഥനകളിലും സ്വിഹ്ഹത്തും ആഫിയത്തും കാണാം. ‘അല്ലാഹുവേ, ഇഹത്തിലും പരത്തിലും ആഫിയത്തിനെ നിന്നോടു ഞാൻ ചോദിക്കുന്നു. അല്ലാഹുവേ, എന്റെ ദീനീകാര്യത്തിലും ദുൻയാവിന്റെ കാര്യത്തിലും കുടുംബത്തിന്റെയും സമ്പത്തിന്റെയും കാര്യത്തിലും ഞാൻ നിന്നോട് ആഫിയത്തിനെയും അഫ്‌വിനെയും ചോദിക്കുന്നു’ (അബൂദാവൂദ്).
അനസ്(റ) പറയുന്നു: നബിയേ, ഏതു ദുആ ആണ് ഏറ്റവും ശ്രേഷ്ഠമായത് എന്ന് ഒരാൾ ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: ‘നീ നിന്റെ നാഥനോട് ഇഹത്തിലും പരത്തിലുമുള്ള വിടുതിയും ആരോഗ്യവും ചോദിക്കുക’. രണ്ടാം ദിവസവും അദ്ദേഹം ആ ചോദ്യം ആവർത്തിച്ചു. നബി(സ്വ) അതേ മറുപടി നൽകുകയും ചെയ്തു. മൂന്നാം നാളിലും ഇതേ മറുപടി പറഞ്ഞ ശേഷം അവിടുന്ന് പറഞ്ഞു: ‘ഇഹത്തിലും പരത്തിലുമുള്ള അഫ്‌വും ആഫിയത്തും നിനക്ക് ലഭിച്ചാൽ നീ വിജയിച്ചു'(ഇബ്‌നുമാജ). മറ്റൊരിക്കൽ നബി(സ്വ) മുആഫാത് കൂടി ചോദിക്കാൻ പറഞ്ഞിട്ടുണ്ട് (നസാഈ).
അഫ്‌വ്, ആഫിയത്ത്, മുആഫാത്ത് എന്നിവ സൗഖ്യത്തെയും സുരക്ഷയെയും സൂചിപ്പിക്കുന്ന പദങ്ങളാണ്. അഫ്‌വ് എന്നാൽ ജീവിതത്തിൽ ചെയ്ത അനർത്ഥങ്ങളുടെ ദുരിതം പേറേണ്ടി വരാതെ രക്ഷപ്പെടുത്താനായി അത് മാപ്പാക്കലാണ്. ആഫിയത്ത് എന്നാൽ എത്തിനിൽക്കുന്ന സാഹചര്യത്തിലും പരിസ്ഥിതിയിലും ബാധിച്ചേക്കാവുന്ന രോഗപീഡകളും മറ്റും ഏൽക്കുന്നതിൽ നിന്ന് കാവൽ ലഭിക്കലാണ്. മുആഫാത്ത് എന്നാൽ അപരനുമായി ബന്ധപ്പെട്ട പരസ്പരം സുഖം കെടുത്തുന്ന സാഹചര്യം ഇല്ലാതാകലാണ്. യഥാർത്ഥത്തിൽ സമ്പൂർണ സൗഖ്യവും സ്വസ്ഥതയും ആവശ്യപ്പെടലാണ് ആ പ്രാർത്ഥന. ഇഹത്തിലും പരത്തിലും മതകാര്യത്തിലും ഭൗതിക കാര്യത്തിലും ആരോഗ്യത്തിനുള്ള പ്രാർത്ഥന നടത്താനാണ് നബി(സ്വ) പഠിപ്പിക്കുന്നത്.
കായികശേഷി ആരോഗ്യത്തിന്റെ അടയാളങ്ങളിൽ പെടുന്നു. ശാരീരികമായ ആരോഗ്യത്തോടൊപ്പം ശക്തിയും ബലവും ഉള്ളവർക്ക് മറ്റുള്ളവരെക്കാൾ ശ്രമകരമായ കാര്യങ്ങൾ ചെയ്തു തീർക്കാൻ സാധിക്കും. സത്യവിശ്വാസിയിലുണ്ടാവുന്ന ശക്തി ദൗർബല്യങ്ങൾ കർമരംഗത്ത് പ്രതിഫലനങ്ങൾ സൃഷ്ടിക്കും. അതിനാൽ തന്നെ ആരോഗ്യമുള്ള വിശ്വാസിയിൽ നിന്നും ഗുണങ്ങൾ കൂടുതൽ പ്രത്യക്ഷമാവാൻ സാധ്യതയുണ്ട്. അങ്ങനെ പ്രവർത്തിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന ശാരീരിക ശക്തിയുള്ള സത്യവിശ്വാസിയെ നബി(സ്വ) പ്രശംസിച്ചു.
അവിടുന്ന് പറയുന്നു: ‘ശക്തനായ സത്യവിശ്വാസി ശക്തി കുറഞ്ഞ വിശ്വാസിയേക്കാൾ ഉത്തമനും അല്ലാഹുവിങ്കൽ പ്രിയങ്കരനുമാണ്. എന്നാൽ എല്ലാവരിലും ഗുണങ്ങളുണ്ട്’ (മുസ്‌ലിം). സത്യവിശ്വാസം താൽപര്യപ്പെടുന്ന കാര്യങ്ങളിൽ ഉത്സാഹവും മുന്നേറ്റവും സാധിക്കുന്നതിനും ആരോഗ്യം ഉപയോഗപ്പെടുത്താനാണീ പ്രശംസ. എന്നാൽ അതുപയോഗപ്പെടുത്തി അരുതായ്മകളും അനർത്ഥങ്ങളും ചെയ്താലും കൃത്യവിലോപവും കർമവിമുഖതയും കാണിച്ചാലും ശക്തിശേഷികൾ ശാപവും നാശവുമായിട്ടായിരിക്കും ഭവിക്കുക.
ആരോഗ്യം, ആരോഗ്യസംരക്ഷണം എന്നിവയിലെ മതപരമായ നിർദേശങ്ങളും ശീലങ്ങളും ധാരാളമാണ്. ആരോഗ്യപരം എന്നത് ആരാധനയുടെ അടിസ്ഥാന ലക്ഷ്യമല്ല. സദ്കർമങ്ങൾ എന്ന നിലയിലാണവയുടെയെല്ലാം അസ്തിത്വം. അതോടൊപ്പം അവ ആരോഗ്യസംരക്ഷണം, രോഗപ്രതിരോധം, മാനസിക-ശാരീരിക സൗഖ്യങ്ങൾ തുടങ്ങിയവ നേടിത്തരുന്നുണ്ട്. രോഗം വന്നാൽ ചികിത്സിക്കണമെന്ന പാഠം ഈ ഗണത്തിൽ നേരിട്ടുള്ള വ്യക്തമായ നിർദേശമാണ്. രോഗത്തെ വിധിയായി കണ്ട് നിഷ്‌ക്രിയമായിരിക്കൽ പ്രോത്സാഹനീയമല്ല.
നബി(സ്വ) പറയുന്നു: ‘നിശ്ചയം ഒരു രോഗത്തെയും അതിനുള്ള പ്രതിവിധി നിശ്ചയിക്കാതെ അല്ലാഹു ഇറക്കിയിട്ടില്ല’ (തിർമുദി). ‘ശമനം ഇറക്കാതെ ഒരു രോഗത്തെയും അല്ലാഹു ഇറക്കിയിട്ടില്ല. അറിയുന്നവരറിയും; അറിയാത്തവനറിയില്ല’ (ഹാകിം).
ഇത്തരം ഹദീസുകളുടെ അടിസ്ഥാനത്തിൽ ചികിത്സ സുന്നത്താണെന്നും(തുഹ്ഫ) ഫലപ്രദവും ശമനം അറിയപ്പെട്ടതുമാണെങ്കിൽ ചികിത്സ നിർബന്ധമായും നൽകണമെന്നും നൽകാതിരിക്കുന്നത് ഉത്തരവാദിത്വ ലംഘനമാണെന്നും(ശർവാനി) കർമശാസ്ത്ര പണ്ഡിതർ വിവരിച്ചിട്ടുണ്ട്. ഇബ്‌നുൽ ഖയ്യിം തന്റെ പ്രസിദ്ധഗ്രന്ഥമായ സാദുൽ മആദിന്റെ ഭാഗമായ അത്വിബ്ബുന്നബവിയിൽ ആരോഗ്യ സംരക്ഷണവും രോഗചികിത്സയുമായി ബന്ധപ്പെട്ടു ദീർഘമായി എഴുതിയിട്ടുണ്ട്.
അന്നപാനാദികൾ, ശുചീകരണ വ്യവസ്ഥകൾ, ചില ഇബാദത്തുകളുടെ നിർവഹണരീതികളും ഐഛിക നിർദേശങ്ങളും, സാമൂഹിക ബാധ്യതകൾ, ഭാര്യാഭർതൃ ജീവിതത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ കാര്യങ്ങളിൽ ഇസ്‌ലാമിന്റെ നിർദേശങ്ങൾ പ്രത്യക്ഷമായിത്തന്നെ ആരോഗ്യപരമായ ഗുണങ്ങൾ പ്രദാനം ചെയ്യുന്നു. രോഗപ്രതിരോധം സാധിക്കുന്ന കാര്യങ്ങളും ഇസ്‌ലാം നിർദേശിക്കുന്നു. ആത്മനാശത്തിനും പരിസ്ഥിതി നാശത്തിനും കാരണമാവുന്ന പ്രവർത്തനങ്ങളെയും സമീപനങ്ങളെയും നിരാകരിക്കുന്ന നിർദേശങ്ങളും വിലക്കുകളും ശരീഅത്തിലേറെയുണ്ട്.

 

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ