വിദ്യാലയങ്ങൾക്ക് വീണ്ടും വേനലവധി. പാഠപുസ്തകങ്ങളുമായുള്ള യുദ്ധത്തിൽ നിന്ന് കുട്ടികൾ സ്വാതന്ത്ര്യം നേടിയിരിക്കുകയാണ്. ഈ ഒഴിവുകാലം എങ്ങനെ ഉപയോഗപ്പെടുത്തുന്നുവെന്നതിനെ ആശ്രയിച്ചാണ് ഭാവിയിൽ അവർക്ക് മികവ് പുലർത്താനാവുക. അതിനാൽ അവധിക്കാലം വിദ്യാഭ്യാസ വിരാമത്തിനുള്ളതാകാതെ പരിപോഷണത്തിനുപയോഗിക്കണം.
മാനവകുലത്തിന്റെ ഉയിർത്തെഴുന്നേൽപ്പ് വിദ്യാഭ്യാസത്തിന്റെ തോതനുസരിച്ചാണ്. അപരിഷ്‌കൃതനെ പരിഷ്‌കരിച്ചെടുക്കുന്ന പ്രക്രിയ അറിവിലൂടെയാണ് പൂവണിയുന്നത്. സമൂഹത്തിൽ ക്രിയാത്മകമായ മുന്നേറ്റങ്ങൾ സാധിപ്പിച്ചെടുക്കാനാണ് ജ്ഞാന സമ്പാദ്യൻ ശ്രമിക്കുക. മാനവരാശിയുടെ ക്രമബദ്ധമായ അച്ചടക്കം അലങ്കോലമാക്കാൻ അവൻ ശ്രമിക്കില്ല. കാരണം അവന്റെ ഹൃദയത്തിൽ പടർന്ന് പന്തലിച്ചിരിക്കുന്നത് വെള്ളി വെളിച്ചത്തിന്റെ ശാന്തിമന്ത്രങ്ങളാണ്.
പൂർവകാലത്തെ അപേക്ഷിച്ച് വിദ്യ അഭ്യസിക്കുന്നവർ വർധിച്ചിരിക്കുന്നു. പതിനാല് വയസ്സ് വരെ നിർബന്ധ വിദ്യാഭ്യാസം മൗലികാവകാശമായി നിലകൊള്ളുന്നത് കൊണ്ടുതന്നെ ഇന്ത്യയിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയെടുക്കാത്തവർ വിരളമാണ്. 2011-ൽ 74.04 ശരാശരി സാക്ഷരരാണ് ഇന്ത്യയിൽ വസിച്ചിരുന്നത്. കേരളം 2011-ൽ 93.93 ശരാശരി സാക്ഷരത നേടിയിട്ടുണ്ട്. നൂറുമേനി കൈവരിക്കാനുള്ള ശ്രമത്തിലാണ് കേരളം.
സാക്ഷരതാനിരക്ക് പ്രതിവർഷം വർധിക്കുന്നുവെങ്കിലും വിദ്യാഭ്യാസത്തിലൂടെയുള്ള യഥാർത്ഥ ലക്ഷ്യം മാത്രം പൂവണിയുന്നില്ല. നിർവചനങ്ങളിൽ നിന്നെല്ലാം കാതങ്ങൾ അകന്നാണ് വിദ്യാഭ്യാസം സഞ്ചരിക്കുന്നത്. വിദ്യയെയും വിദ്യാലയങ്ങളെയും വാണിജ്യ വസ്തു മാത്രമായി പുതുയുഗം പരിഗണിക്കുന്നതാണ് ഇതിനൊരു കാരണം.
തിരക്കുകൾക്ക് മുമ്പ് ഒഴിവുകാലം ഉപയോഗപ്പെടുത്തണമെന്നാണ് നബിപാഠം. അവധിക്കാലത്ത് കുട്ടികൾ പല കുറ്റങ്ങളിലേക്കും ആകർഷിക്കപ്പെടാനുള്ള സാഹചര്യമുണ്ട്. ദേശീയ കുറ്റാന്വേഷണ വിഭാഗം പുറത്തുവിട്ട കണക്ക് പ്രകാരം പ്രതിവർഷം കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, പിടിച്ചു പറി, ആത്മഹത്യാ നിരക്കുകൾ വർധിക്കുന്നു. കേരളാപോലീസ് റിപ്പോർട്ട് പ്രകാരവും ക്രിമിനലുകളുടെ അനുപാതം വർധിക്കുകയാണ്. 2013-ൽ 1283 കേസുകളാണ് പിടിച്ചുപറിയുമായി ബന്ധപ്പെട്ട് ഫയൽ ചെയ്തത്. 2012-ൽ 4079 മോഷണ കേസുകൾ ഫയൽ ചെയ്തുവെങ്കിൽ 2013-ൽ 4329 ആയി വർധിച്ചു. വർധിച്ചു വരുന്ന സാക്ഷരത കേരള ജനതക്ക് കുളിര് പകരുന്നുവെങ്കിൽ, ദൈനംദിന മാധ്യമവെളിപ്പെടുത്തലുകൾ സമൂഹ മനഃസാക്ഷിയെ നൊമ്പരപ്പെടുത്തുന്നു.
പരിഹാരം?
നോബേൽ ജേതാവ് ജോർജ് ബർഗമിന്റെ വാക്കുകൾ ശ്രദ്ധേയം: മനുഷ്യൻ പറവകളെ പോലെ അന്തരീക്ഷത്തിന്റെ അനന്തതയിൽ പാറിക്കളിക്കാനും മത്സ്യത്തെ നാണിപ്പിക്കും വിധം കടലിന്റെ അഗാധങ്ങളിൽ ഊളിയിട്ടിറങ്ങാനും പഠിച്ചു. പക്ഷേ മനുഷ്യൻ മനുഷ്യനായി ജീവിക്കാൻ മറന്നുപോയി. കണ്ണഞ്ചിപ്പിക്കുന്ന അത്ഭുതപ്രതിഭാസങ്ങൾ സൃഷ്ടിക്കാൻ ഒരുമ്പെടുന്നുവെങ്കിലും മാന്യനായ മനുഷ്യനാവുക എന്ന ധർമം അവൻ മറന്നുപോകുന്നു.
കേവല വിദ്യാഭ്യാസത്തിലൂടെ മാനവസുരക്ഷ സാധ്യമാകുന്നില്ല. 2001-ൽ ഉസാമ ബിൻ ലാദൻ ലോകർക്ക് മുമ്പിൽ അത് തെളിയിച്ചു. ടെക്‌നിക്കൽ എഞ്ചിനിയറിംഗ് പൂർത്തിയാക്കിയ അയാളിൽ വല്ല ധാർമികബോധവുമുണ്ടായിരുന്നെങ്കിൽ അത്തരത്തിലുള്ളൊരു എടുത്ത്ചാട്ടത്തിന് ഉസാമ സന്നദ്ധനാകുമായിരുന്നില്ല. പിടികിട്ടാപുള്ളിയായ അധോകലോക നായകൻ ദാവൂദ് ഇബ്രാഹീം ധർമബോധമുള്ളവനായിരുന്നെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നു. അഹന്തയോ നിരക്ഷരതയോ ഒന്നുമല്ല ഇവരെ ഇത്തരത്തിലുള്ള ചെയ്തികളിലേക്കെത്തിച്ചത്. മതത്തെക്കുറിച്ചുള്ള ശരിയായ ബോധമില്ലായ്മയാണ് അവരെ നയിച്ചത്.
ധാർമിക പഠനത്തിലൂടെ ലോകസമാധാനവും ശാന്തിയുമാണ് പുലരുക. ഔന്നത്യത്തിന്റെ ഉദാത്തമായ ജീവിതമൂല്യങ്ങളാണ് ധാർമിക പഠനം ഏതൊരുത്തനും സമ്മാനിക്കുന്നത്. എങ്കിൽ അക്രമവും അനീതിയും അവന്റെ ജീവിതത്തിൽ നിഴലിക്കില്ല. നേർവഴികളായിരിക്കും അവനുമുന്നിൽ ജ്വലിക്കുക. ഒരു പക്ഷേ, ആ ജ്വാല ഒരു പവർ സ്റ്റേഷനായി പരിണമിച്ച് ആബാലവൃന്ദം ജനങ്ങൾ അവനിൽ നിന്നു വെളിച്ചം പറ്റുകയും ചെയ്‌തേക്കാം.
ഏതൊരു സമൂഹത്തിന്റെ മുന്നേറ്റവും അവർക്കു നൽകുന്ന ധാർമിക വിദ്യാഭ്യാസത്തെ ആശ്രയിച്ചായിരിക്കും. ധാർമികതയിലൂടെയാണ് സമൂഹത്തിന്റെ യഥാർത്ഥ ഉയർത്തെഴുന്നേൽപ്പ് സാധ്യമാകുക. ഇസ്‌ലാമിനെ പോലുള്ള ഒരു സംസ്‌കൃത സമൂഹം ധാർമികതക്ക് ഇത്ര പ്രാധാന്യം കൊടുക്കാനുള്ള കാരണവും അതാണ്. സ്ത്രീ-പുരുഷ ഭേദമന്യേ വിജ്ഞാനം നിർബന്ധമാണെന്ന് മതം ഉദ്‌ഘോഷിക്കുന്നു. ഇസ്‌ലാമിൽ വിദ്യാഭ്യാസം രണ്ടുവിധമുണ്ട്. ഒന്ന്, വ്യക്തി ബാധ്യത (ഫർള് ഐൻ), രണ്ട്: സാമൂഹിക ബാധ്യത (ഫർള് കിഫായ). ഡോക്ടറായാലും എഞ്ചിനീയറായാലും എയർനോട്ടിക് വിദഗ്ധനായാലും ധാർമികവത്കരിച്ചേ മുസ്‌ലിം ഫീൽഡ് വർക്ക് ചെയ്യാൻ പാടുള്ളൂ.
മറ്റ് മത സമൂഹങ്ങളെ അപേക്ഷിച്ച് മുസ്‌ലിം സമുദായത്തിന് കൂടുതൽ ഉത്തരവാദിത്തങ്ങളുണ്ട്. സമൂഹത്തിൽ നിന്ന് ഒളിച്ചോടാൻ വിശ്വാസികൾക്ക് കഴിയില്ല. നന്മ നിർദേശിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന ഉത്തമ സമുദായമെന്നാണ് ഖുർആൻ മുസ്‌ലിംകളെ വിശേഷിപ്പിക്കുന്നത്. അതിനാൽ ഏത് കാലത്തും മുസ്‌ലിം സമൂഹം ചൈതന്യവത്തായ സാന്നിധ്യം നിലനിർത്തണം.
മാനവമുക്തിക്ക് ധാർമികവിദ്യയെയാണ് പരിചയാക്കേണ്ടത്. ധാർമിക വിദ്യ ഏതൊരുത്തനെയും അത്യുൽകൃഷ്ടനാക്കും. സഹജീവികളും അവൻ കാരണമായി അത്യുൽകൃഷ്ടരായി മാറിയേക്കാം. നാം ഇഹലോക മുക്തി മാത്രം നേടിയാൽ പോരാ. നാളെ പാരത്രിക ലോകത്തെ ഭയാനകളിൽ നിന്നുകൂടി മുക്തി വേണം. അതാണ് യഥാർത്ഥ മാനവ മുക്തി. സ്വശരീരത്തെ ആദ്യം അതിന് പാകപ്പെടുത്തി, അലക്ഷ്യമായി അലയുന്ന അനേകായിരങ്ങൾക്ക് മോചനം നൽകണം. അതിനുമാത്രം വിശാലമാണ് നമ്മുടെ പ്രബോധന ചുറ്റളവ്. രക്ഷയുടെ തെളിനീരിനായി പലരും വിലപിക്കുന്നുണ്ട്. നവലോകത്ത് ഇസ്‌ലാമിന്റെ തീരം തേടി വരുന്നവർ അനവധിയാണ്. പാശ്ചാത്യരിലാണീ വർധനവ് ഉയർന്ന് കാണുന്നത്. 20 ലക്ഷത്തിലേറെ മുസ്‌ലിംകൾ വസിക്കുന്ന ലണ്ടനിൽ ഒരു ലക്ഷത്തിലേറെ പേർ ഈയടുത്തായി ഇസ്‌ലാം പുൽകിയവരാണ്. ഓസ്ട്രിയ, ജർമനി, ഫ്രാൻസ് തുടങ്ങിയ രാഷ്ട്രങ്ങളിലും ഇതാണു സ്ഥിതി. അതിനാൽ നവലോകത്തെ പ്രബോധനാവസരങ്ങൾ മുന്നിൽ കണ്ട് വിദ്യാഭ്യാസ കരിക്കുലം സമുദായം ഉടച്ചുവാർക്കേണ്ടതുണ്ട്. എങ്കിൽ ലോകത്തിനു വെളിച്ചം പകരാൻ വളരുന്ന തലമുറക്ക് കഴിയും. അതിനുതകും വിധം അവധിക്കാല കോഴ്‌സുകളിലൂടെയും മറ്റും ഊർജം നേടുക.