വേനല്‍ക്കാലത്ത് ഏറെ കണ്ടുവരുന്ന ഒരു അവസ്ഥയാണ് നീരിറക്കം. അതു കാരണം പനി, കഫക്കെട്ട്, മൂക്കടപ്പ്, തൊണ്ടവേദന, സൈനസൈറ്റിസ് എന്ന തലവേദന, ജലദോഷം, വായ്പുണ്ണ് തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകുന്നു. നന്നായി തല വിയര്‍ക്കുന്നവര്‍ക്കാണ് നീരിറക്കം കൂടുതലായി വരുന്നത്. നീരിറക്കം വരാതിരിക്കാന്‍ കൂടുതലായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്. ഒന്ന്: എഴുന്നേറ്റ ഉടനെ കുളിക്കുക. അല്ലെങ്കില്‍ കഴിവതും പത്തു മണിക്ക് മുമ്പായി കുളിക്കുക. പിന്നീട് തല നനക്കാതെ മേല്‍ കഴുകിയാല്‍ കുഴപ്പമില്ല. രണ്ട്: നല്ല തണുത്ത വെള്ളത്തില്‍ കുളിക്കരുത്. സ്ഥിരമായി നീരിറക്കം ഉള്ളവര്‍ തിളപ്പിച്ചാറിയ വെള്ളത്തില്‍ മാത്രം കുളിക്കുക. മൂന്ന്: തല വിയര്‍ത്ത ഉടനെ കുളിക്കുകയോ ഫാനിന്റെ ചുവട്ടില്‍ ഇരിക്കുകയോ വിയര്‍പ്പ് തോര്ത്തിക്കളയുകയോ ചെയ്യാതിരിക്കുക. നാല്: കുളി കഴിഞ്ഞ ഉടനെ ഫാനിന്റെ ചുവട്ടില്‍ ഇരിക്കരുത്. എവിടെയെങ്കിലും പോകാനുണ്ടെങ്കില്‍ നേരത്തേ കുളിക്കുക. എന്നും ഒരേ സമയത്ത് കുളിക്കുന്നതാണ് ഉത്തമം. അത് അവധി ദിനമാണെങ്കിലും. അഞ്ച്: എണ്ണ പോലോത്തത് തേച്ച് വെയില് കൊള്ളരുത്. ആറ്: രാവിലെയും രാത്രിയും തണുപ്പുള്ള ദിവസങ്ങളില്‍ പ്രത്യേകിച്ചും തലമറക്കാതെ പുറത്ത് പോകരുത്. കണ്ണ് രോഗങ്ങള്‍ കൂടുതലായി കണ്ടുവരുന്നത് ഈ കാലത്താണ്. ശരീരവും അന്തരീക്ഷവും ഒരുപോലെ ചൂടാകുന്നത് കൊണ്ടാണത്. കണ്ണില്‍ നിന്നും നീര് വരിക, ചുവന്ന് തടിക്കുക, മൂടിക്കെട്ടുക, പീളക്കുഴി നിറയുക എന്നിവയാണതിന്റെ ലക്ഷണങ്ങളില്‍ ചിലത്. നല്ല തണുത്ത വെള്ളത്തില്‍ റോസാപൂവ് ചാലിച്ച് കണ്ണ് കഴുകുന്നതും കൂടുതല്‍ പൊടിയും ചൂടും ഏല്‍ക്കാതിരിക്കുന്നതും ശരീരം തണുപ്പിക്കുന്ന ശീതള പാനീയങ്ങള്‍ ഉപയോഗിക്കുന്നതും വളരെ ഉത്തമമാണ്. ഈ കാലത്താണ് മൂലക്കുരു കൂടുതല്‍ കണ്ടുവരുന്നത്. ശരീരം ചൂടാകുമ്പോഴാണ് മലദ്വാരത്തിലുള്ള രക്തക്കുഴലുകള്‍ കൂടുതലായി വികസിക്കുകയും മൂലക്കുരു തുടങ്ങിയ രോഗങ്ങള്‍ വരികയും ചെയ്യുക. ശോധന കുറയുക, മലദ്വാരത്തില്‍ ചുട്ടുപുകച്ചില്‍, കടച്ചില് തുടങ്ങിയവ അനുഭവപ്പെടുക, രക്തസ്രാവം തുടങ്ങിയവയാണതിന്റെ ലക്ഷണങ്ങള്‍. ശരീരം തണുപ്പിക്കുന്ന വസ്ത്രങ്ങള്‍ ഉപയോഗിക്കുകയും ശരീരം ചൂടാക്കുന്ന കോഴി, കോഴിമുട്ട തുടങ്ങിയവ ഒഴിവാക്കുകയും വേണം. താറാവ് മുട്ട ഇതിനുത്തമമാണ്. പകര്‍ച്ചവ്യാധികളായ അഞ്ചാംപനി (ചപ്പട്ട), ചിക്കന്‍പോക്സ് (ചൊള്ള, പൊട്ടി), മുണ്ടിവീക്കം, മഞ്ഞപ്പിത്തം തുടങ്ങിയവയും ഈ കാലത്ത് കൂടുതലായി കണ്ടുവരുന്നു. ഇങ്ങനെയുള്ള രോഗികള്‍ക്ക് നല്കുന്ന പാത്രം, തോര്‍ത്ത്, ഗ്ലാസ് തുടങ്ങിയവ വേറെ വെയ്ക്കുകയും രോഗിയെ വേറെ കിടത്തുകയും കിടക്കുന്ന സ്ഥലത്ത് ആര്യവേപ്പില ഇടുന്നതും ഉത്തമം. തണ്ണിമത്തന്, നൊങ്ക്, കരിക്ക് പോലോത്ത തണുപ്പുള്ള ഭക്ഷണം കൂടുതല്‍ നല്‍കുകയും വേണം. ത്വക്ക് രോഗങ്ങളായ അലര്‍ജി, ചൊറി, വട്ടച്ചൊറി, ചൂടുകുരു തുടങ്ങിയവയും ഈ കാലത്ത് കൂടുതലായി കണ്ടുവരുന്നു. ഇതുള്ളവര്‍ ബീഫ്, കോഴിമുട്ട, മാന്തള് തുടങ്ങിയവ ഭേദപ്പെടുന്നത് വരെ കഴിക്കരുത്. മൂത്രാശയ രോഗങ്ങള്‍ മറ്റേത് രോഗത്തേക്കാളും ഈ കാലത്ത് വര്ധിച്ചയളവില് കണ്ടുവരുന്നു. യുടിഐ (മൂത്രനാളത്തില്‍ മൂത്രമൊഴിക്കുമ്പോഴുള്ള എരിച്ചില്‍, പുകച്ചില്‍, ചുട്ടുനീറല്‍), മൂത്രക്കല്ല് (പ്രോസ്റ്റേറ്റ്) തുടങ്ങിയവ സാധാരണയായിരിക്കുന്നു. മൂത്രക്കല്ലിന്റെ വേദന പുറം ഭാഗത്ത് നിന്നും ഇരുവശങ്ങളിലൂടെ നാഭിയിലേക്ക് വന്നെത്തുന്നു. ധാരാളം വെള്ളം കുടിക്കുക (ഒരു ദിവസം ഏകദേശം 30 ഗ്ലാസ്) കൂടുതല്‍ എണ്ണയുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക, ചെമ്മീന്‍, കൂന്തള്‍, ഞെണ്ട്, കക്ക, ചീര, മുരിങ്ങ, കാബേജ്, കോളിഫ്ളവര്‍, തക്കാളി, പാല് തുടങ്ങിയവ ഒഴിവാക്കുക. ശരീരം ചൂടാകുന്നത് കൊണ്ട് ഈ സമയത്ത് ചില സ്ത്രീകളില്‍ വെള്ളപോക്ക് കൂടുതലായി കാണാറുണ്ട്. വെള്ള പോക്ക് കട്ടിയായിട്ടും കഞ്ഞിവെള്ളം പോലെ കൊഴുത്തതായും പച്ചവെള്ളം പോലെയും പച്ച, മഞ്ഞ, വെള്ള തുടങ്ങിയ കളറിലും ഉണ്ടാവാറുണ്ട്. കോട്ടണ്‍ അടിവസ്ത്രങ്ങള്‍ മാത്രം ധരിക്കുക, അടിവസ്ത്രങ്ങള്‍ നല്ലവണ്ണം (ഏകദേശം രണ്ടു മണിക്കൂര്‍) വെയിലത്തിട്ടുണക്കുക, എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. എരിവ്, പുളി എന്നിവ കുറക്കുക, ശരീരം തണുപ്പിക്കുന്ന ഭക്ഷണ പാനീയങ്ങള്‍ ഉപയോഗിക്കുക നേരത്തിന് ഭക്ഷണം കഴിക്കുക എന്നിവ ഉത്തമമാണ്. മുകളില്‍ പറഞ്ഞതും അല്ലാത്തതുമായ എല്ലാ വേനല്‍ രോഗങ്ങള്‍ക്കും ഹോമിയോപ്പതിയില്‍ യാതൊരു പാര്‍ശ്വഫലമില്ലാത്തതും ഫലപ്രദവുമായ മികച്ച ചികിത്സയുണ്ട്. വൃത്തിപാലിച്ചും ഭക്ഷണ ക്രമീകരണം വഴിയും ഒട്ടുമിക്ക രോഗങ്ങളെയും നമുക്ക് ഒഴിച്ചുനിര്‍ത്താം.