gasni gauri history-malayalam

സ്‌നിയുടെ പതന ശേഷം ഇന്ത്യ ഗോറിമാരുടെ കീഴിലായി. ഇന്നത്തെ അഫ്ഗാനിസ്താനിലാണ് ഗൂർ. മലകളും നദികളുമുള്ള, ഫലപുഷ്ഠിയുള്ള പ്രദേശം. കൃഷി സമൃദ്ധം. സൽജൂഖുകളും ഗസ്‌നവികളും ഇവിടെ ഭരിച്ചു. മലകളിൽ ഇരുമ്പ് ലഭ്യമായതിനാൽ വാളിനും പരിചക്കും പ്രസിദ്ധം. കുതിരക്കച്ചവടവും പ്രശസ്തം. സുഹാഖ് എന്ന പേർഷ്യക്കാരൻ  സ്ഥാപിച്ച ഷൻസബാനി രാജവംശമാണ് ഏറെക്കാലം ഗൂർ ഭരിച്ചുപോന്നത്. അദ്ദേഹം അസ്സീറിയൻ വംശജനായിരുന്നു. ഈ വംശത്തിൽപെട്ട ഷൻസബ് എന്ന രാജാവ് അറേബ്യയിൽ ചെന്ന് ഖലീഫാ അലി(റ)യുടെ സവിധത്തിൽ വെച്ച് ഇസ്‌ലാംമതം വിശ്വസിച്ചുവെന്നാണ് കഥ. മിൻഹാജ് സിറാജിന്റെ അഭിപ്രായത്തിൽ ഷൻസബാനി രാജാക്കൻമാർക്ക് ഖലീഫാ അലി(റ)യോട് പ്രത്യേക താൽപര്യമുണ്ടായിരുന്നു. ഉമവികളുടെ ഭരണം അവർ അംഗീകരിച്ചില്ല. ഖലീഫാ ഉസ്മാ(റ)ന്റെ കാലത്തും ശേഷവും ഈ പ്രദേശം മുസ്‌ലിം സൈന്യത്തിന്റെ പടയോട്ടത്തിന് വിധേയമായിട്ടുണ്ടെന്ന് ചരിത്രകാരൻ തബരി. ക്രിസ്തു വർഷം 725-726ലെ പടയോട്ടത്തിന് നേതൃത്വം നൽകിയത് അബൂമുൻസിർ അസദ് ആണ്. ഉമവികൾ പലതവണ സൈന്യത്തെ അയച്ചു. പ്രത്യേക  ഭൂപ്രകൃതി മൂലം സ്ഥിരമായി അധീനത്തിലാക്കുക പ്രയാസം. ജനങ്ങൾ ഒരു ഭരണത്തേയും അംഗീകരിക്കാൻ തയാറുമല്ല. ഉമവികൾക്കെതിരെ കലാപം നയിച്ച അബൂമുസ്‌ലിം ഖുറാസാനിയെ സഹായിക്കാൻ ഷൻസബാനികൾ സൈന്യത്തെ അയച്ചു. സമാനിദ് അമീറുമാരും പലതവണ ഗോറിനെ ആക്രമിച്ചു. കപ്പം കിട്ടിയതല്ലാതെ അവർക്കും ഗോറിനെ സ്വന്തമാക്കാനായില്ല. സമാനി ഗവർണർ സുബുക്തിജിൻ ഗസ്‌നയിലെ ഗവർണരായിരുന്നപ്പോഴും ആക്രമണം നടത്തിയിരുന്നു. സുബുക്തിജിൻ മരിച്ചപ്പോൾ മഹ്മൂദ് ഗസ്‌നി ഗസ്‌നവീ സാമ്രാജ്യത്തിന് വേണ്ടി ഗോർ ആക്രമിച്ചു. അന്ന് മുഹമ്മദ് ബിൻ സൂറിയാണ് ഗോറിലെ ചക്രവർത്തി. സൂറിയെ തോൽപിക്കാനാവാതെ മടങ്ങുമ്പോൾ ഗോത്രക്കാർ ഗസ്‌നിയുടെ സൈന്യത്തെ  കൊള്ളചെയ്യാനൊരുമ്പെട്ടു. ഈ തക്കം നോക്കി വീണ്ടും ആക്രമണം നടത്തിയ മഹ്മൂദ് ഗസ്‌നി സൂറിയെയും മകൻ ഷീഷിനെയും തടവിലാക്കി. (എഡി 1115). സൂറിന്റെ മറ്റൊരു മകൻ അബൂഅലി കൂറുമാറി മഹ്മൂദ് ഗസ്‌നിക്കൊപ്പം നിന്നു. മഹ്മൂദ് അബൂഅലിയുടെ സ്ഥാനം അംഗീകരിച്ചു കൊടുത്തു. അബൂഅലി ഷീഷിനെ സ്വതന്ത്രനാക്കി തന്റെ കൂടെ താമസിക്കാനനുവദിച്ചു. ആയിടക്ക് ഷീസിന്റെ മകൻ അബ്ബാസ് അബൂഅലിയെ വധിച്ച് ഭരണം പിടിച്ചു. ഏകാധിപതിയായ അബ്ബാസിനെ സഹിക്കാൻ ഗവർണർമാർ തയ്യാറായില്ല. അവർ ഗസ്‌നയിൽ ചെന്ന് സുൽതാനായിരുന്ന റസിയുദ്ദീൻ ഇബ്രാഹിമിനെ ഗോർ പിടിച്ചടക്കാൻ വിളിച്ചു.  റസിയുദ്ദീൻ, അബ്ബാസിനെ തടവിലാക്കി അദ്ദേഹത്തിന്റെ പുത്രൻ മുഹമ്മദിനെ ഭരണമേൽപിച്ചു. ഗസ്‌നയുടെ ആശ്രിതനായി മുഹമ്മദ് ഭരണം തുടർന്നു.

മുഹമ്മദിന് ശേഷം ഖുതുബുദ്ദീൻ ഹസൻ. പിന്നെ ഇസ്സുദ്ദീൻ ഹുസൈൻ (1110-46). ഇദ്ദേഹം ഗസ്‌നവികളുടെ സംരക്ഷണത്തിലാണ് വന്നതെങ്കിലും അവർ ക്ഷയിച്ചതോടെ അയൽ രാജവംശമായ സൽജൂഖുകളുമായി അടുത്തു. ഇസ്സുദ്ദീൻ മരിച്ചപ്പോൾ രാജ്യം ഏഴ് സഹോദരർ പങ്കിട്ടെടുത്തു. മൂത്തമകൻ സൈഫുദ്ദീൻ സൂരിയാണിങ്ങനെ ചെയ്തത്. എന്നാൽ ചില സഹോദരൻമാർക്ക് അതിഷ്ടമായില്ല. അവരിൽ ഖുതുബുദ്ദീൻ എന്ന സഹോദരൻ ഗസ്‌ന സുൽതാൻ ബഹ്‌റം ഷായുടെ പക്കൽ ചെന്ന് മൂത്തസഹോദരനെതിരെ ഗൂഢാലോചന നടത്തി. ഖുതുബുദ്ദീന്റെ ലക്ഷ്യം ഗസ്‌ന പിടച്ചടക്കലാണെന്ന് ആരോ ബഹ്‌റമിനെ ധരിപ്പിച്ചു. ഇത് വിശ്വസിച്ച ബഹ്‌റം ഖുതുബുദ്ദീനെ കൊന്നു. ഇതിനെതിരെ സഹോദര സ്‌നേഹം മൂലം സൈഫുദ്ദീനും സഹോദരൻമാരും ഗസ്‌നയിൽ ചെന്ന് ബഹ്‌റമിനെ തോൽപിച്ചു. സൈഫുദ്ദീൻ ഗസ്‌ന സിംഹാസനത്തിലേറി. അവസരം ലഭിച്ചപ്പോൾ ബഹ്‌റം വീണ്ടും ഗസ്‌ന തിരിച്ചുപിടിച്ച് സൈഫുദ്ദീന്റെ മുഖത്ത് കരിതേച്ച് ഒരു ചാവാലിക്കാളയുടെ പുറത്തിരുത്തി നഗരത്തിലൂടെ നടത്തി. പിന്നീട് വധിച്ചു. പക്ഷേ, സഹോദരൻമാരിൽ കരുത്തനായ അലാഉദ്ദീൻ ബഹ്‌റംഷായെ തോൽപിച്ച് ഗസ്‌നി സ്വന്തമാക്കി. അദ്ദേഹം പട്ടണം കത്തിക്കുകയും ജനങ്ങളെ അഗ്‌നിക്കിരയാക്കുകയും ചെയ്തതിനാൽ ലോകം കത്തിച്ചവൻ (ജഹാൻ സോസ്) എന്ന പേര് ലഭിച്ചു. അദ്ദേഹം സുൽതാനുൽ മുഅസ്സം എന്ന പേര് സ്വീകരിച്ച് സിംഹാസനത്തിലേറി.  അലാഉദ്ദീന് ശേഷം വന്നത് സൈഫുദ്ദീൻ മുഹമ്മദ്. ശേഷം ബഹാഉദ്ദീൻ സാമിന്റെ പുത്രൻമാരായ ഗിയാസുദ്ദീനും (1163-1223) ശിഹാബുദ്ദീനും (1173-1206). ഇവർ രണ്ടു പ്രദേശങ്ങളിലായി ഭരണത്തിലേറി. ശിഹാബുദ്ദീൻ പിന്നീട് മുഇസ്സുദ്ദീൻ എന്ന പേര് സ്വീകരിച്ചു. ഗോറിന്റെ പേര് അനശ്വരമാക്കിയ മുഹമ്മദ് ഗോറി ഇദ്ദേഹമാണ്.

മുഹമ്മദ് ഗോറി

മുഇസ്സുദ്ദീൻ മുഹമ്മദ് ഗോറി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മുൾതാൻ, ഉച്ച്, നഹർവാല, പെഷവാർ, ലാഹോർ, ഭാട്ടിൻഡ എന്നിവിടങ്ങളിലെ രജപുത്ര രാജാക്കൻമാരെ തോൽപിച്ച് ഡൽഹിക്ക് സമീപം തറൈൻ എന്ന സ്ഥലത്തെത്തി. അവിടെ ശക്തനായ ഖന്ദായ് റായിയെ തോൽപിക്കുക എളുപ്പമായില്ല. ഭാട്ടിൻഡയിലെ റായി പിഥോറയും (പൃഥ്വീ രാജൻ) അതിശക്തൻ. യുദ്ധക്കളത്തിൽ ആനപ്പുറത്തിരുന്ന്  റായ് ഗോറിയെ ലക്ഷ്യമാക്കി നീങ്ങി. അതേസമയം ഗോറി കുതിരപ്പുറത്തേറി റായിയെ നേരിട്ടു. ഗോറിയുടെ കുന്തം റായിയുടെ പല്ലുകൾ കൊഴിച്ചെങ്കിലും അസാമാന്യ െൈധര്യത്തോടെ റായ് പ്രതികരിച്ചു. തോളെല്ലിന് ക്ഷതം പറ്റിയ ഗോറി മറിഞ്ഞു വീഴുന്നത് കണ്ട ഒരു അഫ്ഗാൻ ഭടൻ കുതിരപ്പുറത്തേക്ക് ചാടിക്കയറി അദ്ദേഹത്തെ രക്ഷിച്ചു. ഗോറിയുടെ സൈന്യം പിന്തിരിഞ്ഞോടി. ആദ്യത്തെ തറൈൻ അനുഭവം ഇങ്ങനെയായിരുന്നു. അപമാനിതനായ മുഹമ്മദ് ഗോറി ഇന്ത്യയെ സ്വന്തമാക്കുമെന്ന് ശപഥം ചെയ്ത് തൊട്ടടുത്ത വർഷം തന്നെ അതിശക്തമായ സൈന്യവുമായി തറൈനിലെത്തി. അദ്ദേഹം മക്കളേക്കാൾ സ്‌നേഹിക്കുന്ന മൂന്ന് അടിമകൾ- താജുദ്ദീൻ യൽദൂസ്, ഖുതുബുദ്ദീൻ അയ്ബക്, നാസിറുദ്ദീൻ ഖുബാച്ച-എന്ത് വില കൊടുത്തും ഗോറിയുടെ ലക്ഷ്യം പൂർത്തീകരിക്കാൻ സന്നദ്ധരായി.  അഫ്ഗാനികളും ഖൽജികളും ഖുറാസാനികളും വൈരം മറന്ന് ഗോറിക്കൊപ്പം ചേർന്നു. റായ് പിഥോറയുടെ നേതൃത്വത്തിൽ ശക്തമായ  രജപുത്ര സൈന്യവും റെഡി. 1192-ലാണ് രണ്ടാമത്തെ തറൈൻ യുദ്ധം. റായ് പിഥോറയോട് കീഴടങ്ങാൻ ആവശ്യപ്പെട്ടപ്പോൾ വളരെ പരുഷമായ മറുപടിയാണ് കിട്ടിയത്. അതിശയകരമായ ധൈര്യമാണ് രജപുത്രരുടേത്. മുഇസ്സുദ്ദീൻ പടച്ചട്ടയണിഞ്ഞ് യുദ്ധരംഗത്തെത്തി സൈന്യത്തിന്  ആവേശം പകർന്നു. തികച്ചും അപ്രതീക്ഷിതമായ ആക്രമണം രജപുത്ര സൈന്യത്തെ സ്തബ്ധരാക്കി. ഗോറിയുടെ സൈന്യം രജപുത്രരുടെ ആനകളുടെ നേർക്ക് അമ്പെയ്തപ്പോൾ അവ പിന്തിരിഞ്ഞോടാൻ തുടങ്ങിയത് രജപുത്ര സൈന്യത്തിൽ പരിഭ്രാന്തി പരത്തി. ഗത്യന്തരമില്ലാതെ റായ് പിഥോറ ആനപ്പുറത്ത് നിന്നിറങ്ങി കുതിരപ്പുറത്തേറി ശത്രുവിന്റെ മധ്യത്തിലേക്ക് ഇരച്ചു കയറി. പക്ഷേ പിടിക്കപ്പെട്ടു. അദ്ദേഹത്തെ പിന്നീട് അജ്മീറിലെ ഗവർണരാക്കിയെങ്കിലും സുൽതാനെതിരെ ഗൂഢാലോചനയിൽ മുഴുകിയതിനാൽ വധിക്കപ്പെട്ടു. ഇന്ദ്രപ്രസ്ഥത്തിലെ രജപുത്ര രാജാവ് ഗോവിന്ദ റായിയും വധിക്കപ്പെട്ടു. അദ്ദേഹത്തിന്റെ മക്കൾ സുൽതാന്റെ അധീശത്വം അംഗീകരിച്ചതിനാൽ തുടരാൻ അനുവദിച്ചു. അവർ കപ്പവും  (മാൽ ഗുസാരി)  അധീശത്വ സേവനവും (മറാസിമേ ഖിദ്മാതി) ചെയ്യാമെന്നേറ്റു. സുൽതാൻ  ഇന്ദ്രപ്രസ്ഥത്തിൽ ഒരു മിലിറ്ററി സ്‌റ്റേഷൻ (ലഷ്‌കർ ഗാഹ്) സ്ഥാപിക്കുകയും ചെയ്തു.

ഡൽഹിയും പ്രദേശങ്ങളും ഭരിച്ച ചൗഹാൻ രജപുത്രൻമാരുടെ ശക്തി ക്ഷയിച്ചു. അവർ പൂർണമായി ഗോറി സുൽതാന്റെ കീഴിലായി. തൊട്ടടുത്ത പ്രദേശങ്ങളും ഗോറികൾ പിടിച്ചടക്കി. അവിടെ തന്റെ അടിമ ഖുതുബുദ്ദീൻ അയ്ബകിനെ ഭരണമേൽപിച്ച് സുൽതാൻ ഗോറിലേക്ക് മടങ്ങി. അജ്മീർ ഭരിക്കുകയായിരുന്ന പൃഥീ റായ് (പൃഥ്വീ രാജ്) സുൽതാനെതിരെ കരുനീക്കം നടത്തിയതിനാൽ വധിക്കുകയും മകനെ ഭരണമേൽപിക്കുകയും ചെയ്തിരുന്നു. എന്നാൽ ചൗഹാൻമാർ തന്നെ വന്ന് അജ്മീർ പിടിച്ചടക്കി. ഹരി റായിയുടെ നേതൃത്വത്തിൽ രതംഭോർ അടക്കമുള്ള സ്ഥലങ്ങൾ സുൽതാനിൽ നിന്ന് തിരിച്ചു പിടിക്കാൻ ശ്രമിച്ചു. അയ്ബക് സൈന്യവുമായി ചെന്ന് അയാളെ തോൽപിച്ച് പൃഥ്വി റായിയുടെ മകനെ വീണ്ടും അജ്മീറിന്റെ ഭരണമേൽപിച്ചു. അയ്ബക് ഗസ്‌നയിലേക്ക് പോയ തക്കം നോക്കി ഹരി റായ് വീണ്ടും അജ്മീർ പിടിച്ച് പൃഥ്വിയുടെ മകനെ പുറത്താക്കി. തന്റെ സേനാധിപൻ ജാട്ട്‌റായിയുടെ സഹായത്തോടെ ഡൽഹി പിടിക്കാനുള്ള ശ്രമങ്ങൾ നടത്തി. ഗസ്‌നയിൽ നിന്ന് തിരിച്ചെത്തിയ ഉടനെ അയ്ബക് ഹരി റായിയെ തോൽപിച്ചു. ഹരി റായ് ഒടുവിൽ ആത്മാഹുതി ചെയ്തു. അയ്ബക് പൃഥ്വിയുടെ മകനെ രത്തംഭോറിന്റെ അധികാരം കൂടി ഏൽപിച്ചു. രജപുത്രർ അജ്മീർ കേന്ദ്രമാക്കി വീണ്ടും തിരിച്ചു വരവിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പല ഭാഗങ്ങളിലും രജപുത്രർ തലപൊക്കിയെങ്കിലും അയ്ബക്ക് ശക്തമായി നേരിട്ട് അധികാരം നിലനിറുത്തി. ദോർ വംശജരായ രജപുത്രരുടെ കീഴിലുള്ള മീററ്റ്, കോയിൽ, ബാറാൻ എന്നീ പ്രദേശങ്ങൾ അയ്ബക് പിടിച്ചു. മുഹമ്മദ് ഗോറി നേരിട്ട് വന്ന് കാനൂജ്, ബനാറസ് എന്നീ പ്രദേശങ്ങളിൽ നിന്ന് രജപുത്രരെ തുരത്തി. മൂന്നാമതും വന്ന് ബയാന, തങ്കാർ, ഗ്വാളിയർ എന്നിവിടങ്ങളിലെ രജപുത്ര ഭരണം അവസാനിപ്പിച്ചു. കലിഞ്ജർ, ബുൻദേൽ ഖന്ദ്, രജപുത്താന, അനിൽവാര, അയ്ഗഡ്, മഹോബ, ഖജ്‌രാവോ എന്നിവിടങ്ങളിൽ കലഹിച്ചു കൊണ്ടിരുന്ന റാണമാരെയും റായിമാരെയും അടിയറവ് പറയിച്ചു. ബയാനയിൽ മുഹമ്മദ് ഗോറി സുൽതാൻ കോട്ട് എന്നൊരു പട്ടണം നിർമിച്ചു. അത് കേന്ദ്രമാക്കി അദ്ദേഹത്തിന്റെ അടിമ ബഹാഉദ്ദീൻ തുഗ്‌രിൽ അയൽ പ്രദേശങ്ങൾ പിടിച്ച് ഗ്വാളിയറിൽ മറ്റൊരു കോട്ടകെട്ടി.

മുഹമ്മദ് ബക്തിയാർ ഖൽജിയാണ് കിഴക്കൻ ഇന്ത്യയിലേക്ക് പടയോട്ടം നടത്തിയത്. മനേറിലും ബീഹാറിലുമുള്ള ഗാഡവാല മുഖ്യൻമാരെ തുരത്തി അദ്ദേഹം കിഴക്കോട്ട് നീങ്ങി. ബീഹാറിലെ ബുദ്ധ മതക്കാരെ തോൽപിച്ച് ഭിക്ഷുക്കളെ തുരത്തി. നളന്ദയിലും ഉദ്ദാനന്ദപൂരിലും വിക്രമശിലയിലും ആധിപത്യമുറപ്പിച്ചു. കണക്കറ്റ യുദ്ധമുതൽ അദ്ദേഹം അയ്ബകിന് നൽകി. വീണ്ടും കിഴക്കോട്ട് പോയി ബംഗാളിലെ സേനാ രാജാവ് ലക്ഷ്മണനുമായി ഏറ്റുമുട്ടി. നാട് വിടുകയാണ് നല്ലതെന്ന് ജ്യോതിഷക്കാർ ലക്ഷ്മണയെ ഉപദേശിച്ചു. ബ്രാഹ്മണരും നാട്ടുകാരും അയൽ പ്രദേശങ്ങളിലൊളിച്ചു.  ശത്രുവിൽ നിന്ന് രക്ഷപ്പെടാൻ ലക്ഷ്മണൻ അയ്ന്ത്രി മഹാശാന്തി എന്നൊരു യാഗം നടത്തി.  ഫലമൊന്നുമുണ്ടായില്ല. ബക്തിയാറും സൈന്യവും നേരെ ലക്ഷ്മണയുടെ കൊട്ടാരത്തിലെത്തി. ഏറ്റുമുട്ടലിൽ നിരവധി പേർ മരിച്ചുവീണു. റാണ അപ്പോൾ ഭക്ഷണം കഴിക്കുകയായിരുന്നു. വിവരമറിഞ്ഞ അദ്ദേഹം പിൻവാതിലിലൂടെ ഓടി രക്ഷപ്പെട്ട് അയൽ രാജ്യത്ത് അഭയം തേടി. കണക്കറ്റ ധനം കൈക്കലാക്കി ബക്തിയാർ മടങ്ങി. നാമാവശേഷമായ രാജ്യം പിന്നെ ലക്ഷ്മണ തന്നെ ഭരിച്ചു. വടക്കൻ ബംഗാൾ ഏതാണ്ട് സുൽതാന്റെ പിടിയിലൊതുങ്ങി. അവിടെ പള്ളികളും മദ്രസകളും ഖാൻഖാഹുകളും പണിതു.

ബക്തിയാറുടെ സൈന്യം തിബത്ത് ലക്ഷ്യമാക്കി നീങ്ങി. അവിടെ തുർക്കുമാനികളുടെ തന്നെ കേന്ദ്രമായിരുന്നു. മിക്കപേരും ബുദ്ധവിശ്വാസികൾ. കുഞ്ച്, മെജ്, തിഹാരു തുടങ്ങിയ ഗോത്രക്കാർ. മെജ് വംശജനായ ഒരാളെ ബക്തിയാറിന്റെ സൈന്യം പിടിച്ചു കൊണ്ടു വന്നു. അയാൾക്ക് അലി എന്ന് പേരിട്ടു. അയാളുടെ സഹായത്തോടെയാണ് തിബത്തിന്റെ ഭാഗങ്ങളിലേക്ക് നീങ്ങിയത്. വിഷമകരമായിരുന്നു യാത്ര.  വഴിക്ക് ഒരു നദിയുടെ മേലെ വലിയ പാലം കണ്ടു. അവിടെ കാവൽക്കാരെ ഏൽപിച്ച് വീണ്ടും മുന്നോട്ട് നീങ്ങി. തിബത്തൻ കോട്ടക്ക് സമീപം ഘോര യുദ്ധം നടന്നു. പരാജയപ്പെടുമെന്നായപ്പോൾ ഖൽജിയും സൈന്യവും മടങ്ങാൻ തീരുമാനിച്ചു. വഴികാട്ടാൻ ആളില്ലാതെ അവർ വലഞ്ഞു. ഭക്ഷണം കിട്ടാതെ കുതിരകളും സൈന്യവും വിഷമിച്ചു. വളരേപേർ വഴിയിൽ മരിച്ചു. നേരത്തേ പറഞ്ഞ പാലത്തിനടുത്തെത്തിയപ്പോൾ അത് സൈന്യത്തെ തടയാൻ വേണ്ടി നാട്ടുകാർ തന്നെ തകർത്തിരിക്കുന്നു. അതിനാൽ അവർ നദിക്കരയിലൂടെ നീങ്ങി മറ്റൊരു സ്ഥലത്ത് വെച്ച്  നദി മുറിച്ചു കടക്കാൻ ശ്രമിച്ചു. ഒഴുക്ക് ശക്തമായതിനാൽ പലരും മുങ്ങി മരിച്ചു. അവശേഷിച്ചവർ കരക്കെത്തി. ദാരുണമായിരുന്നു രംഗം. പലരെയും നാട്ടുകാർ വന്ന് ആക്രമിച്ചു കൊലപ്പെടുത്തി. രോഗശയ്യയിലായ ഖൽജിയെ മറ്റൊരു സേനാപതി അലി മർദാൻ വധിച്ചുവെന്നും നേതൃത്വം കൈക്കലാക്കിയെന്നുമാണ് ചരിത്രകാരൻ മിൻഹാജ് സിറാജ് എഴുതുന്നത്.

മുഹമ്മദ് ഗോറിയുടെ അവസാന യുദ്ധം ഗോറിന് സമീപത്ത് അൻദ് കുതിലാണ് നടന്നത്.  അതിലദ്ദേഹം അമ്പേ പരാജയപ്പെട്ടു. പരാജയമറിഞ്ഞപ്പോൾ തന്നെ അമീറുമാർ പലരും കലാപം തുടങ്ങിയിരുന്നു. പലരും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ലാഹോറിൽ കോകാർ ഗോത്രക്കാരായ ബകൻ, സർക എന്നിവർ ചേർന്ന് കലാപമുണ്ടാക്കുന്നുവെന്നറിഞ്ഞപ്പോൾ മുഹമ്മദ് ഗോറി സൈന്യസമേതം അങ്ങോട്ടേക്ക് നീങ്ങി. കലാപം അടിച്ചമർത്തി സിന്ധുനദിക്കരയിലുള്ള ദംയാക് എന്ന സ്ഥലത്ത് തമ്പടിച്ചു. അവിടെ തന്റെ ടെന്റിൽ വെച്ച് സായാഹ്‌ന പ്രാർത്ഥന നടത്തിക്കൊണ്ടിരിക്കേ രണ്ടു പേർ അദ്ദേഹത്തെ വധിച്ചു. (1206 മാർച്ച് 15). അലാഉദ്ദീൻ അലിയാണ് അവസാനത്തെ ഗോറി സുൽതാൻ. 1215-ൽ അദ്ദേഹത്തിന്റെ മരണത്തോടെ രാജവംശം അവസാനിച്ചു. രാജ്യം മംഗോളിയരുടെ അധീനത്തിലായി.  ഗോറികളുടെ വിജയം അവരുടെ സൈനിക തന്ത്രങ്ങളും വേഗതയും കൊണ്ടായിരുന്നു. അതോടൊപ്പം സൈന്യത്തിലെ ഐക്യവും യോജിപ്പും വിജയത്തിനു സഹായിച്ചു. രജപുത്രൻമാരുടെ ഭിന്നിപ്പും പരമ്പരാഗത യുദ്ധതന്ത്രങ്ങളും അവർക്ക് തന്നെ വിനയായി. ആനകളെ മുന്നിൽ നിറുത്തിയുള്ള മുന്നേറ്റം സൈന്യത്തിന്റെ വേഗതയെ ബാധിച്ചു. ഗോറികളുടേത് പോലുള്ള ശക്തമായ കുതിരപ്പട്ടാളം രജപുത്രൻമാർക്കുണ്ടായില്ല. രജപുത്രൻമാർക്ക്  പരാജയം സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. പരാജയപ്പെടുമ്പോൾ അത്മാഹുതി നടത്തുന്നത് ഒരു പുണ്യകർമമായി അവർ കരുതിപ്പോന്നു. ജാതി പ്രശ്‌നങ്ങളും രജപുത്രരെ വലിയൊരളവോളം സാധാരണക്കാരിൽ നിന്നകറ്റി. പലേടത്തും സാധാരണക്കാർ തുർക്കി സൈന്യത്തെ സഹായിക്കുകയായിരുന്നു. ഉപരിവർഗ-രജപുത്ര കൂട്ടുകെട്ടിന്റെ ജാതീയമായ ചൂഷണമായിരുന്നു  ഇതിന് കാരണം.

ഗോറിലെ ജനങ്ങൾ മഹായാന ബുദ്ധമതക്കാരായിരുന്നു. അവിടേക്ക് ഇസ്‌ലാം പ്രചരിപ്പിക്കാൻ മഹ്മൂദ് ഗസ്‌നി അധ്യാപകരെ അയച്ചുവെന്നും അങ്ങനെ ഇസ്‌ലാം പ്രചരിച്ചുവെന്നും ചിലർ. മഹായാന ബുദ്ധമതത്തോട് ചേർന്നുള്ള ഇസ്‌ലാമിക സംസ്‌കാരമായിരുന്നു ഗോറിലേത്. ഗോറുകർ പിൽക്കാലത്ത് സിജിസ്താനിലെ മുഹമ്മദ് ബിൻ കറമി(മ.869)ന്റെ  ആശയങ്ങളിൽ ആകൃഷ്ടരായി കറമികളായിത്തീർന്നു. അവരാണ് കറമി മുസ്‌ലിംകൾ. ബാമിയാൻ, ഗർജിസ്താൻ, നൈഷാപൂർ എന്നീ സ്ഥലങ്ങളിലെല്ലാം കറമികൾക്ക് വേരോട്ടമുണ്ടായി. കറമിയുടെ ചിന്തകൾ ശരീഅത്തിന് വിരുദ്ധമാണെന്ന ആക്ഷേപത്താൽ അദ്ദേഹം വധിക്കപ്പെട്ടെങ്കിലും സിദ്ധാന്തങ്ങൾ പലിടത്തും പ്രചരിച്ചു. കറമി ചിന്തകൾക്ക് ബുദ്ധമതവുമായി അടുപ്പമുണ്ടായിരുന്നു. താൻ മരണ ശേഷം ദൈവിക സിംഹാസനത്തോട് ചേരുമെന്നും കറമി പ്രഖ്യാപിച്ചിരുന്നത്രേ. താമരയിൽ കുടികൊള്ളുന്ന ബുദ്ധനോട് താരതമ്യം ചെയ്യാനാണ് കറമി ഈ ചിന്ത പ്രചരിപ്പിച്ചതെന്ന് പണ്ഡിതൻമാർ. ഗോറിൽ ഭരണാധികാരിയായിരുന്ന അലാഉദ്ദീൻ ജഹാൻ സോസ് അലമൂതിൽ നിന്ന് ഇസ്മായിലി ഷിയാ മിഷനറിമാരെ ഗോറിലേക്ക് കൊണ്ടു വന്നു. കറമികളെ ഇസ്മായിലി വിഭാഗത്തിലേക്ക് പരിവർത്തിപ്പിക്കുകയായിരുന്നു പ്രബോധകരുടെ ലക്ഷ്യം. ജഹാൻ സോസിന്റെ  ലക്ഷ്യമാവട്ടെ, രാഷ്ട്രീയ താൽപര്യവും.  സോസിന്റെ മകൻ പിതാവിന്റെ നയങ്ങളൊക്കെ തിരുത്തി. ഇസ്മായിലികളെ വധിക്കാൻ ഉത്തരവിട്ടു.  പിന്നീട് ഭരണത്തിൽ വന്ന ഗിയാസുദ്ദീൻ, മുഇസ്സുദ്ദീൻ എന്നീ സഹോദരൻമാർ ആദ്യം കറമികളായിരുന്നെങ്കിലും പിന്നീട് യഥാക്രമം ശാഫിഈ, ഹനഫീ കർമ മാർഗങ്ങൾ സ്വീകരിച്ചു. സ്വൂഫികളുടെ നേതൃത്വത്തിൽ വളർന്നുവന്ന സുന്നീ പ്രചാരണമാണ് ഇവരെ സുന്നീ വിശ്വാസത്തിലെത്തിച്ചത്. അതോടൊപ്പം ഖുറാസാനിലും മറ്റും സ്വാധീനമുള്ള ശാഫിഈ കർമക്കാരായ വ്യാപാരികളും സ്വാധീനിച്ചിരിക്കാം.

സ്വൂഫീ കേന്ദ്രമായ ചിശ്ത് ഗോറിൽ നിന്ന് വളരേയൊന്നും അകലെയല്ല അബ്ദുൽ ഖാദിർ ജീലാനി(റ)യുടെ ശിഷ്യൻമാർ സജീവമായ കാലം. സുന്നീ ആചാര്യനായ മൗലാനാ ഫഖ്‌റുദ്ദീൻ റാസിയുടെ അനുയായികളും സജീവം. ഇത് മൂലം കറമികൾക്ക് പിടിവള്ളി നഷ്ടപ്പെടുകയായിരുന്നു. റാസിക്ക് ഭരണ കർത്താക്കളുമായി നല്ല ബന്ധമായിരുന്നു. ഇവരുടെ സഹായത്തോടെ അദ്ദേഹം ഹെറാത്തിൽ ഒരു മദ്രസ സ്ഥാപിച്ചു. അതോടെ കറമികൾ സുന്നീ വിശ്വാസത്തിലേക്ക്  മാറാൻ തുടങ്ങി.

ഇന്ത്യയിൽ പേർഷ്യൻ സംസ്‌കാരം കൊണ്ടുവന്നത് ഗോറികളാണ്. അതോടെ ഇസ്‌ലാമിക സംസ്‌കാരത്തിനും നല്ല സ്ഥാനം ലഭിച്ചു. പള്ളികളും മദ്രസകളും സ്വൂഫീ മന്ദിരങ്ങളും ഇന്ത്യയിൽ ഉയർന്നു വന്നു. സ്വൂഫികളുടെ വരവും വർധിച്ചു. ജനങ്ങൾ ബ്രാഹ്മണ മേധാവിത്തത്തിൽ നിന്ന് രക്ഷപ്പെട്ട് പുതിയ ഭരണാധികാരികളോട് സഹകരിച്ചുപോന്നു. ഗോറികളുടേത് ശരിക്കുമൊരു വിപ്ലവമായിരുന്നു. സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ പരിവർത്തനം.

ഗോറി ഭരണാധികാരികൾ

അമീർ സൂരി

മുഹമ്മദ് ബിൻ സൂരി

അബൂഅലി ബിൻ മുഹമ്മദ് (1011-1035)

അബ്ബാസ് ബിൻ ഷീസ്(1035-1060)

മുഹമ്മദ് ബിൻ അബ്ബാസ്(1060-1080)

ഖുതുബുദ്ദീൻ ഹസൻ (1080-1100)

ഇസ്സുദ്ദീൻ ഹുസൈൻ (1100-1146)

സൈഫുദ്ദീൻ സൂരി (1146-1149)

ബഹാഉദ്ദീൻ സാം (1149)

അലാഉദ്ദീൻ ഹുസൈൻ (1149-1161)

സൈഫുദ്ദീൻ മുഹമ്മദ് (1161-1163. ഇദ്ദേഹം രാജ്യം വീതിച്ചു.)

ഗിയാസുദ്ദീൻ മുഹമ്മദ് (1163-1203)

 

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ