ഹിജ്‌റ വർഷത്തിലെ പവിത്രമായ മാസങ്ങളിലൊന്നാണ് ശഅ്ബാൻ. ഈ മാസത്തിന്റെ ശ്രേഷ്ഠതകൾ പ്രസിദ്ധവും ഇതിലെ മഹത്ത്വങ്ങൾ അനിർവചനീയവുമാണ്. ലാഭകരമായ സീസണിലെ കച്ചവടം പോലെയാണ് ശഅ്ബാനിലെ ആരാധനകളെന്ന് മഹാന്മാർ വിശേഷിപ്പിച്ചിട്ടുണ്ട്. ശഅ്ബാനിൽ കഠിനാധ്വാനം ചെയ്തു ശരീരത്തെ വഴക്കിയെടുത്താൽ റമളാനിൽ സുന്ദരമായ വിജയം പുൽകാനാകുന്നതാണ് (കൻസുന്നജാഹി വസ്സുറൂർ പേ. 149).
റമളാനാണല്ലോ വിശ്വാസികൾക്ക് പ്രതിഫലങ്ങൾ സമ്പാദിക്കാനുള്ള പ്രധാന മാസം. അതിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പ് നടത്താനുള്ളതാണ് റജബ്, ശഅ്ബാൻ മാസങ്ങൾ. റജബെത്തിയാൽ തന്നെ നബി(സ്വ) റമളാനിനെ എത്തിച്ചുതരാൻ അല്ലാഹുവിനോട് തേടിയിരുന്നതായി ഹദീസിൽ കാണാം. ഇന്നും നമ്മുടെ പള്ളി മിഹ്‌റാബുകളിൽ മുടക്കമില്ലാതെ തുടർന്നുവരുന്ന ഒരു ചര്യ കൂടിയാണിത്. ശഅ്ബാൻ മാസപ്പിറവി കണ്ടാലും നബി(സ്വ) പ്രസ്തുത ദുആ ചെയ്തിരുന്നതായി ഗ്വാലിയത്തുൽ മവാഇളി(148/2)ൽ നിവേദനം ചെയ്യപ്പെട്ടതായി കാണാം. അതിൽ റജബ് എന്ന പദം ഒഴിവാക്കാതെയാണ് ദുആ ചെയ്തതെന്നും ശ്രദ്ധേയമാണ്.
മഹാന്മാർ പറഞ്ഞു: വർഷത്തെ ഒരു വൃക്ഷമായി സങ്കൽപിച്ചാൽ റജബ് അതിന്റെ ഇലവിരിയും കാലവും ശഅ്ബാൻ ഫലങ്ങൾ കായ്ക്കുന്ന കാലവും റമളാൻ ഫലങ്ങൾ പറിച്ചെടുക്കുന്ന കാലവുമായിരിക്കും (ലത്വാഇഫുൽ മആരിഫ് 121). അല്ലാമാ ഫശ്‌നി(റ) ഉദ്ധരിക്കുന്നു: റജബ് ശാരീരിക ശുദ്ധിക്കും ശഅ്ബാൻ ഹൃദയ ശുദ്ധിക്കും റമളാൻ ആത്മശുദ്ധിക്കുമുള്ളതാണ് (തുഹ്ഫതുൽ ഇഖ്‌വാൻ 52). റജബ്, ശഅ്ബാൻ, റമളാൻ എന്നീ മൂന്ന് മാസങ്ങളും അല്ലാഹുവിന്റെ പ്രീതിക്കായി ആരാധനകളിലും ശ്രേഷ്ഠ കർമങ്ങളിലുമായി കഴിച്ചുകൂട്ടേണ്ട സന്ദർഭങ്ങളാണെന്ന് സാരം. അതുകൊണ്ടു തന്നെയാണ് നമ്മുടെ പൂർവികരെല്ലാം 96 നോമ്പ് എന്ന പേരിൽ പ്രസ്തുത മാസങ്ങൾ മുഴുവനായും വ്രതമനുഷ്ഠിച്ചിരുന്നത്. കൂടെ മറ്റു ആരാധനാകർമങ്ങളും.
ശഅ്ബാൻ മാസത്തിൽ നോമ്പെടുക്കുന്നതിന് ധാരാളമായി പ്രതിഫലം ലഭിക്കുമെന്നും അതുവഴി സ്വർഗത്തിൽ പ്രവേശിക്കാൻ സാധിക്കുമെന്നും അനസ്(റ)വിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ‘അനുഗ്രഹങ്ങൾ വാരിക്കൂട്ടാനാകുന്നത്’ എന്നർഥമുള്ള ശഅ്ബാൻ എന്ന പേര് ഈ മാസത്തിന് നൽകാനുള്ള കാരണവും ഇതുതന്നെ.

നബി തങ്ങളുടെ മാസം

ശഅ്ബാൻ എന്റെ മാസമാണെന്ന് തിരുനബി(സ്വ) പറഞ്ഞതായി ജാമിഉസ്സ്വഗീറിൽ കാണാം. ഈ ഹദീസിന്റെ പരമ്പര ബലഹീനമാണെന്ന് അല്ലാമാ മുനാവി സൂചിപ്പിക്കുന്നുണ്ട്. ഈ മാസത്തിൽ നബി(സ്വ)യുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങൾ നടന്നതായി ചില മഹാന്മാർ ഉദ്ധരിക്കുന്നു. ഇസ്‌ലാമിക ചരിത്രത്തിലെ നിർണായക സംഭവമാണല്ലോ മുസ്‌ലിംകളുടെ ഖിബ്‌ലയിലുണ്ടായ മാറ്റം. നുബുവ്വത്തിന്റെ പതിനൊന്നാം വർഷം നിസ്‌കാരം നിർബന്ധമാക്കപ്പെട്ടപ്പോൾ ഖിബ്‌ലയായി നിശ്ചയിച്ചിരുന്നത് ബൈത്തുൽ മുഖദ്ദസായിരുന്നു. പിന്നീട് നബി(സ്വ) മക്കയിൽ നിന്നും വിശ്വാസികളുമായി മദീനയിലേക്ക് ഹിജ്‌റ വന്നപ്പോൾ അവിടെയുണ്ടായിരുന്ന യഹൂദികൾ ആരാധനകൾ നടത്തിയിരുന്നത് ബൈത്തുൽ മുഖദ്ദസിലേക്ക് മുന്നിട്ടായിരുന്നു. റസൂൽ(സ്വ)യുടെ മനസ്സിലുണ്ടായിരുന്ന ആഗ്രഹം കഅ്ബയിലേക്ക് തിരിയണമെന്നായിരുന്നു. അല്ലാഹു പറഞ്ഞു: നബിയേ, അങ്ങയുടെ മുഖം പലപ്പോഴും ആകാശത്തേക്കുയരുന്നതായി നാം കാണുന്നുണ്ട്. അതുകൊണ്ട് താങ്കൾ തൃപ്തിപ്പെടുന്ന ഖിബ്‌ലയിലേക്ക് നാം അങ്ങയെ അഭിമുഖീകരിപ്പിക്കുകയാണ്, മസ്ജിദുൽ ഹറാമിന്റെ ഭാഗത്തേക്ക് മുഖം തിരിക്കുക. നിങ്ങൾ എവിടെയാണെങ്കിലും ഇനി ആ ദിശയിലേക്ക് അഭിമുഖീകരിക്കുക. ഇതു തങ്ങളുടെ നാഥന്റെ പക്കൽനിന്നുള്ള സത്യം തന്നെയാണെന്നു വേദം നൽകപ്പെട്ടവർക്കറിയാം. അവരുടെ ചെയ്തികളെപ്പറ്റി അല്ലാഹു ഒട്ടുമേ അശ്രദ്ധനല്ല (2: 144). സൂറത്തുൽ ബഖറയിലെ 142-149 അടങ്ങുന്ന സൂക്തങ്ങൾ ഈ സംഭവമാണ് പ്രതിപാദിക്കുന്നത്.
ഈ ആയത്തുകളുടെ വിശദീകരണത്തിൽ ഇമാം ഖുർതുബി(റ) എഴുതി: അബൂഹാതിം(റ) പറഞ്ഞു: (മദീനയിൽ വെച്ച്) മുസ്‌ലിംകൾ പതിനേഴ് മാസവും മൂന്നു ദിവസവും ബൈത്തുൽ മുഖദ്ദസിലേക്ക് തിരിഞ്ഞു നിസ്‌കരിച്ചു. റബീഉൽ അവ്വൽ പന്ത്രണ്ട് തിങ്കളാഴ്ചയായിരുന്നല്ലോ നബി(സ്വ) മദീനയിലെത്തിയത്. അടുത്ത വർഷം ശഅ്ബാൻ പകുതിയിലെ ഒരു ചൊവ്വാഴ്ചയാണ് കഅ്ബയിലേക്ക് മുന്നിട്ടു നിസ്‌കരിക്കാൻ അല്ലാഹു കൽപിക്കുന്നത് (തഫ്‌സീർ ഖുർതുബി 2/150). ഇങ്ങനെയാണ് 17 മാസവും മൂന്നു ദിവസവും എന്ന് പറയുന്നത്. അതേസമയം ഖിബ്‌ല മാറ്റപ്പെട്ടത് മദീനയിലെത്തി 16 മാസം കഴിഞ്ഞാണെന്ന് സ്വഹീഹ് മുസ്‌ലിമിന്റെ ഒരു റിപ്പോർട്ടിലുണ്ട്. അതനുസരിച്ച് ജമാദുൽ ആഖറിലാണ് കഅ്ബയിലേക്ക് തിരിഞ്ഞു നിസ്‌കരിക്കാൻ തുടങ്ങിയതെന്ന് അഭിപ്രായമുള്ള പണ്ഡിതരുമുണ്ട്. ഇമാം നവവി(റ) അടക്കമുള്ളവർ സ്ഥിരപ്പെടുത്തിയത് ശഅ്ബാൻ പകുതിയിലാണെന്നാണ് (സുബുലുൽ ഹുദാ വർറശാദ് 3/373).
നബി(സ്വ)യുടെ മുഅ്ജിസത്തുകളിൽ പ്രധാനമായതും പരക്കെ അറിയപ്പെട്ടതുമായ ചന്ദ്രൻ രണ്ടായി പിളർന്ന സംഭവം നടന്നതും ശഅ്ബാൻ മാസത്തിലാണ് (കൻസുന്നജാഹി വസ്സുറൂർ 150). വിശുദ്ധ ഇസ്‌ലാമിന്റെ പ്രചാരണവുമായി രംഗത്തിറങ്ങിയ നബി(സ്വ)യോട് മക്കാ മുശ്‌രിക്കുകൾ ദൃഷ്ടാന്തമായി വല്ലതും കാണിച്ചുതരാൻ ആവശ്യപ്പെട്ടതനുസരിച്ച് പ്രവാചകർ(സ്വ) ചന്ദ്രനെ പിളർത്തി കാണിച്ചു കൊടുക്കുകയായിരുന്നു. എന്നിട്ടും മത്സരബുദ്ധി കാണിച്ച് പലരും വിശ്വസിക്കാൻ തയ്യാറായില്ല.

സ്വലാത്ത് ചൊല്ലാൻ കൽപന

നബി(സ്വ)യുടെ മാസമാണെന്നതു കൊണ്ടുതന്നെ ഉമ്മത്തുകളായ നാം ഈ മാസത്തിൽ കൂടുതലായി സ്വലാത്ത് അധികരിപ്പിക്കേണ്ടതുണ്ട്. മഹാന്മാർ പറയുന്നതു കാണാം: ‘റജബ് പാപമോചനത്തിന്റെ മാസവും ശഅ്ബാൻ മുത്ത് നബിയുടെ മേലിലുള്ള സ്വലാത്തിന്റെ മാസവും റമളാൻ ഖുർആൻ പാരായണത്തിന്റെ മാസവുമാണ്’ (കൻസുന്നജാഹി വസ്സുറൂർ 138). വിശുദ്ധ ഖുർആനിൽ അല്ലാഹു തന്നെ സ്വലാത്ത് ചൊല്ലാൻ കൽപിക്കുന്നുണ്ട്: തീർച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും നബി തങ്ങളുടെ മേൽ സ്വലാത്ത് നിർവഹിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങളും നബി(സ്വ)യുടെ മേൽ സ്വലാത്തുകൾ നേരുക (അഹ്‌സാബ് 56). ഈ ആയത്തിറങ്ങിയത് ശഅ്ബാൻ മാസത്തിലാണെന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. അതിനാലാണ് ഈ മാസം സ്വലാത്തിന്റെ മാസമാണെന്ന് പറയുന്നത്.
തിരുനബി(സ്വ)ക്ക് വേണ്ടി അല്ലാഹുവും മലക്കുകളും സ്വലാത്ത് നിർവഹിക്കുന്നതോടൊപ്പം മുഅ്മിനുകളായ ഉമ്മത്തിനോടും സ്വലാത്ത് ചൊല്ലാൻ കൽപിക്കുന്നത് അവിടത്തെ മഹത്ത്വം വെളിപ്പെടുത്താനാണ്. മനുഷ്യ പിതാവായ ആദം നബി(അ)നെ മലക്കുകളുടെ സുജൂദുകൊണ്ട് അല്ലാഹു ആദരിച്ചപ്പോൾ അന്ത്യപ്രവാചകരായ തിരുനബി(സ്വ)ക്ക് സ്വലാത്ത് ചെയ്യുന്നതിൽ മലക്കുകളോടൊപ്പം മുഅ്മിനീങ്ങളും കൂടെ അല്ലാഹുവും പങ്കുചേർന്നിരിക്കുകയാണ് (അൽമവാഹിബുല്ലദുന്നിയ്യ 2/302).
ശഅ്ബാനിലെ നോമ്പ്

നബി(സ്വ) ഏറ്റവുമധികം സുന്നത്ത് നോമ്പെടുത്തത് ശഅ്ബാൻ മാസത്തിലായിരുന്നു. ഉസാമത് ബ്‌നു സൈദ്(റ) ഒരിക്കൽ നബിയോട് ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ശഅ്ബാൻ മാസത്തിൽ നോമ്പനുഷ്ഠിക്കുന്നത് പോലെ മറ്റു മാസങ്ങളിലൊന്നും നോമ്പനുഷ്ഠിക്കുന്നതായി അങ്ങയെ കാണുന്നില്ലല്ലോ? മറുപടിയായി അവിടന്നു പറഞ്ഞു: റജബിനെയും റമളാനിനെയും മഹത്ത്വമുള്ളതായി കാണുമ്പോൾ ശഅ്ബാൻ മാസത്തെ ജനങ്ങൾ അശ്രദ്ധ കാരണം അവഗണിച്ചു പോകുന്നു. അമലുകൾ അല്ലാഹുവിലേക്ക് ഉയർത്തപ്പെടുന്ന മാസമാണത്. നോമ്പുകാരനായിരിക്കുമ്പോൾ എന്റെ അമലുകൾ ഉയർത്തപ്പെടുന്നതാണ് ഞാൻ ഇഷ്ടപ്പെടുന്നത് (നസാഈ 2357).
ഇവിടെ നബി(സ്വ) മറ്റുള്ളവരെല്ലാം അശ്രദ്ധരായിരിക്കുന്ന മാസത്തെയാണ് നോമ്പെടുത്ത് പ്രത്യേകം ഗൗനിച്ചത്. ഇങ്ങനെ ചെയ്യുന്നതിന് മഹത്ത്വമേറെയാണ്. പാതിരാത്രിയിലുള്ള ആരാധനകൾക്ക് മഹത്ത്വമേറുന്നത് മറ്റുള്ളവരെല്ലാം സുഖനിദ്രയിലായിരിക്കുമ്പോഴും ഉറക്കൊഴിച്ച് ആരാധനകളിലേർപെടുന്നത് കൊണ്ടാണല്ലോ. ആരും ശ്രദ്ധിക്കാത്ത സമയങ്ങളിൽ ഇബാദത്തിലായി കഴിഞ്ഞുകൂടുന്നതിന്റെ നിരവധി നേട്ടങ്ങൾ ഇമാം ഇബ്‌നു റജബിൽ ഹമ്പലി(റ) എണ്ണിയിട്ടുണ്ട്: ഒന്നാമതായി ലോകമാന്യം(രിയാഅ്) ഉണ്ടാവുകയില്ല എന്നതു തന്നെ. ഏത് സൽകർമത്തെയും നിഷ്ഫലമാക്കി കളയുന്ന ദു:സ്വഭാവമാണല്ലോ അത്. സുന്നത്തായ കർമങ്ങളെല്ലാം അല്ലാഹുവിന്റെയും അടിമയുടെയുമിടയിലായി മാത്രം സ്വകാര്യമായി ചെയ്യപ്പെടേണ്ടവയാണ്. മറ്റൊന്ന്, തെമ്മാടികൾക്കിടയിൽ ഏകനായി ആരാധന നടത്തുന്ന ഒരാളുണ്ടാകുന്നത് കാരണമായി അവർക്കൊട്ടാകെ ശിക്ഷകളിൽ നിന്നും ദുരന്തങ്ങളിൽ നിന്നും കാവൽ ലഭിച്ചേക്കാമെന്നതാണ് (ലത്വാഇഫ് 131, 132).
റമളാൻ കഴിഞ്ഞാൽ നോമ്പനുഷ്ഠിക്കാൻ ഏറ്റവും ശ്രേഷ്ഠമായ മാസം ശഅ്ബാനാണെന്ന് ഹദീസിൽ വന്നിട്ടുണ്ട്. കാരണം ഒരു വർഷത്തിലെ മുഴുവൻ സുകൃതങ്ങളും ഉയർത്തപ്പെടുന്നത് ഈ മാസത്തിലാണ്. റമളാനിലെ നോമ്പിന് വേണ്ടിയുള്ള മുന്നൊരുക്കമെന്ന നിലക്കാണെന്നും പറയാം (ഫൈളുൽ ഖദീർ 2/42). റമളാനിനു ശേഷം നോമ്പനുഷ്ഠിക്കാൻ ഏറ്റവും ശ്രേഷ്ഠമായ മാസം മുഹർറമാണെന്ന് സ്വഹീഹ് മുസ്‌ലിമിൽ കാണാം. എന്നാൽ മുഹർറത്തെക്കാളേറെ ശഅ്ബാൻ മാസത്തിൽ നബി(സ്വ) നോമ്പ് അധികരിപ്പിച്ചത് മുഹർറം മാസത്തിന്റെ ശ്രേഷ്ഠത റസൂൽ(സ്വ) തന്റെ അവസാന കാലഘട്ടത്തിൽ അറിഞ്ഞതു കൊണ്ടായിരിക്കാം. അല്ലെങ്കിൽ മുഹർറത്തിൽ യാത്ര, രോഗം പോലുള്ള തടസ്സങ്ങൾ വന്നതു കൊണ്ടായേക്കാമെന്ന് ഇമാം നവവി(റ) അഭിപ്രായപ്പെടുന്നു (ശർഹു മുസ്‌ലിം 8/55).
ശഅ്ബാൻ മാസത്തിന്റെ രണ്ടാം പകുതിയിൽ നിരുപാധികമായി നോമ്പനുഷ്ഠിക്കൽ നിഷിദ്ധമാക്കപ്പെട്ടതാണ്. നബി(സ്വ) പറഞ്ഞു: ശഅ്ബാൻ പകുതിയായാൽ റമളാൻ വരെ വ്രതമനുഷ്ഠിക്കരുത്. (അബൂദാവൂദ്). എന്നാൽ നിശ്ചിത ദിവസങ്ങളിൽ മാത്രം തുടർച്ചയായി നോമ്പനുഷ്ഠിച്ചു വരുന്നവനോ ഖളാഅ് വീട്ടാനുള്ളവനോ നോമ്പ് നേർച്ചയുള്ളവനോ ആണെങ്കിൽ അനുഷ്ഠിക്കാം. ഈ വിലക്ക് അവർക്ക് ബാധകമല്ല.

സൂറതുദ്ദുഖാൻ

ഇമാം ശർജി(റ) പറയുന്നു: ശഅ്ബാനിലെ പതിനഞ്ച് വരെയുള്ള രാത്രികളിൽ സൂറതുദ്ദുഖാനിലെ ആദ്യത്തെ എട്ട് ആയത്തുകൾ പതിനഞ്ച് തവണയും, പതിനഞ്ചാം രാവിൽ സൂറത്തുദ്ദുഖാൻ മുഴുവനായും മുപ്പത് തവണ വീതവും പാരായണം ചെയ്ത്, ശേഷം ദിക്‌റുകളും സ്വലാത്തുകളും ചൊല്ലി ദുആ ചെയ്താൽ ഉടനെ തന്നെ ഉത്തരം ലഭിക്കുന്നതായി നേരിൽ കണ്ടനുഭവിക്കാം, ഇൻശാ അല്ലാഹ് (കൻസുന്നജാഹി വസ്സുറൂർ 174). എല്ലാ ദിവസവും പതിവാക്കേണ്ട സൂറത്തുകളുടെ കൂട്ടത്തിൽ ഫത്ഹുൽ മുഈനിൽ സൂറത്തുദ്ദുഖാൻ എണ്ണിയിട്ടുണ്ടല്ലോ.

പതിനഞ്ചാം രാവ്

ഇമാം ശാഫിഈ(റ) പറയുന്നു: അഞ്ചു രാത്രികളിൽ ദുആ ചെയ്താൽ ഉത്തരം ലഭിക്കും. വെള്ളിയാഴ്ച രാവ്, വലിയ പെരുന്നാൾ രാവ്, ചെറിയ പെരുന്നാൾ രാവ്, റജബ് ആദ്യരാവ്, ശഅ്ബാൻ പതിനഞ്ചാം രാവ് എന്നിവയാണവ (അൽഉമ്മ് 1/264, ലത്വാഇഫ് 13, ശർഹുൽ മുഹദ്ദബ് 5/42). മഹാന്മാരിൽ ചിലർ പറഞ്ഞതിങ്ങനെ: റജബ് മാസത്തിന്റെ ശ്രേഷ്ഠതയുടെ കാരണം ഒന്നാം പത്തിലുള്ള ആദ്യ രാവും ശഅ്ബാൻ മാസത്തിന്റെ ശ്രേഷ്ഠതക്കു കാരണം രണ്ടാം പത്തിലെ പതിനഞ്ചാം രാവും റമളാൻ മാസത്തിന്റെ ശ്രേഷ്ഠതക്കു കാരണം അവസാന പത്തിലെ ലൈലത്തുൽ ഖദ്‌റുമാണ് (കൻസുന്നജാഹി വസ്സുറൂർ 154). ശഅ്ബാൻ മാസത്തിന്റെ ശ്രേഷ്ഠത കുടികൊള്ളുന്നത് പതിനഞ്ചാം രാവിലാണെന്ന് വ്യക്തം. ശാഫിഈ(റ) എണ്ണിയ അഞ്ചു രാവുകളിലും ദുആ ചെയ്യൽ പ്രത്യേകം സുന്നത്താണെന്നും ഇജാബത്ത് ലഭിക്കുന്നതാണെന്നും ഇമാം റംലി(റ) അടിവരയിടുന്നു (നിഹായ 2/397). കൂടാതെ, ശൈഖ് ജീലാനി(റ)യുടെ ഗുൻയയിൽ 14 രാത്രികളും ഇമാം ഗസ്സാലി(റ)യുടെ ഇഹ്‌യയിൽ 15 രാത്രികളും പ്രത്യേകം ഇബാദത്തുകൾകൊണ്ട് ധന്യമാക്കേണ്ടതായി എണ്ണിയതിലും ശഅ്ബാൻ പതിനഞ്ചാം രാവിനെ ഉൾപെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാവ് ഒരാഴ്ചയിലെ ദോഷങ്ങളെ മായ്ച്ചുകളയാൻ കാരണമാകുന്നത് പോലെ ബറാഅത്ത് രാവ് ഒരു വർഷത്തെ ദോഷങ്ങൾ പൊറുക്കാൻ നിദാനമാകുന്നു.
സൂറത്തുദ്ദുഖാന്റെ ആദ്യ സൂക്തങ്ങളിൽ പരാമർശിച്ചിട്ടുള്ള ‘അനുഗൃഹീത രാവ്’ എന്നത് ബറാഅത്ത് രാവിനെ സംബന്ധിച്ചാണെന്ന് ചില പണ്ഡിതർ അഭിപ്രായപ്പെടുന്നുണ്ട്.
വ്യക്തമായ ഈ വേദം തന്നെ ശപഥം. നിശ്ചയം, ഒരനുഗൃഹീത നിശയിലാണ് നാം അതവതരിപ്പിച്ചിരിക്കുന്നത്; നാം മുന്നറിയിപ്പ് നൽകുന്നവനാണ്. ആ നിശയിലാണ് തത്ത്വാധിഷ്ഠിതമായ എല്ലാ വിഷയങ്ങളും നമ്മുടെ പക്കൽ നിന്നുള്ള ഉത്തരവെന്ന നിലക്ക് വേർതിരിക്കപ്പെടുന്നത് (അദ്ദുഖാൻ 25). എന്നാൽ ഈ അനുഗൃഹീത രാവ് ബറാഅത്ത് രാവ് തന്നെയാണോ എന്നതിൽ പണ്ഡിതർക്കിടയിൽ അഭിപ്രായ ഭിന്നതയുണ്ട്. ഇമാം റാസി(റ) എഴുതി: കൂടുതൽ ജ്ഞാനികളും അഭിപ്രായപ്പെടുന്നത് ഈ രാവ് ലൈലത്തുൽ ഖദ്‌റാണെന്നാണ്. ഇക്‌രിമ(റ) അടക്കമുള്ള ചിലരുടെ അഭിപ്രായമാണ് ഇത് ബറാഅത്ത് രാവാണെന്നത് (തഫ്‌സീർ റാസി 27/652).

യാസീൻ പാരായണം

ബറാഅത്ത് രാവിൽ വിശ്വാസികൾ പുലർത്തിപ്പോരുന്ന ആചാരമാണ് ഇശാ മഗ്‌രിബിനിടയിൽ മൂന്നു യാസീൻ പാരായണം ചെയ്യലും പ്രത്യേക ദുആ നിർവഹിക്കലും. ഇത് പണ്ഡിതന്മാർ അംഗീകരിച്ചതും ഇന്നുവരെയും നടത്തിപ്പോരുന്നതുമാണ്. അതിൽ എതിർക്കപ്പെടേണ്ടതായൊന്നുമില്ല. ഇമാം ദിംയാത്വി(റ) പറഞ്ഞു: ബറാഅത്ത് രാവിൽ ചെയ്തിരിക്കേണ്ട കർമമാണ് ഇശാ- മഗ്‌രിബിനിടയിലെ മൂന്നു യാസീൻ പാരായണം. ഒന്നാം യാസീൻ ദീർഘായുസ്സിന് വേണ്ടിയും, രണ്ടാമത്തേത് പ്രയാസങ്ങളെ തൊട്ട് കാവൽ ലഭിക്കുന്നതിനും, മൂന്നാമത്തേത് ഉപജീവനമാർഗങ്ങളിൽ അന്യരെ ആശ്രയിക്കാത്ത വിധം ഐശ്വര്യം ലഭിക്കുന്നതിനും അന്ത്യം നന്നായി വിജയികളിൽ ഉൾപെടാനുമെന്ന ഉദ്ദേശ്യത്തോടെയായിരിക്കണം (നിഹായതുൽ അമൽ 280, കൻസുന്നജാഹി വസ്സുറൂർ 158). യാസീനുകളുടെ കൂടെ ചൊല്ലാനുള്ള ദുആയും മഹാന്മാർ പഠിപ്പിക്കുന്നുണ്ട്. ശൈഖ് ജീലാനി(റ)യുടെയും ഇമാം അബ്ദുല്ലാഹിൽ ഹദ്ദാദ്(റ)യുടെയും ബറാഅത്ത് രാവിലെ പ്രത്യേക ദുആകൾ ഇമാം ദൈറബി മുജർറബാത്തിൽ ഉദ്ധരിച്ചിട്ടുണ്ട്.
എന്നാൽ യമനിലെ തരീമിൽ ശഅ്ബാൻ പതിനാലിന്റെ അസ്വ്‌റിന് ശേഷമാണ് യാസീൻ പാരായണവും ദുആകളും നടക്കാറുള്ളത്. മഗ്‌രിബിന് മുമ്പായി മൂന്നു യാസീൻ പാരായണവും ദുആകളുമെല്ലാം കഴിഞ്ഞ് മഗ്‌രിബ് മുതൽ പുലർച്ചെ വരെ പള്ളികളിൽ ഇബാദത്തുകളിലായി കഴിഞ്ഞുകൂടുന്ന ശൈലിയാണ് അവിടെയുള്ളത്. ശ്രേഷ്ഠമേറിയ ഈ രാവിലേക്ക് ഒരുങ്ങിത്തയ്യാറാവുക എന്ന നിലക്ക് നമ്മുടെ നാടുകളിലും മഗ്‌രിബിനു മുമ്പായി മൂന്ന് യാസീൻ പാരായണം നടത്തുന്നവരുണ്ട്.
ബറാഅത്ത് രാവ് മുഴുവൻ ഇബാദത്തുകളിലായി കഴിച്ചുകൂട്ടേണ്ടതാണെന്ന് പറഞ്ഞല്ലോ. ഒരു വർഷത്തെ ദോഷങ്ങൾ പൊറുക്കാൻ അത് കാരണമാകുമെന്ന് ഇമാം സുബ്കി(റ)യുടെ തഫ്‌സീറിൽ രേഖപ്പെടുത്തിയിട്ടുണ്ട് (ഇത്ഹാഫ് 3/427). ഒരിക്കൽ ബറാഅത്ത് രാവിൽ നബി(സ്വ) വീട്ടിൽനിന്നു പുറത്തുപോയി ബഖീഇൽ ചെന്ന് ദുആ ചെയ്ത സംഭവം ആഇശ ബീവി(റ) വിവരിക്കുന്നതായി ഹദീസ് ഗ്രന്ഥങ്ങളിൽ കാണാം. പ്രവാചകർ(സ്വ) അരുളി: ബറാഅത്ത് രാവിൽ അല്ലാഹു കൽബ് ഗോത്രക്കാരുടെ ആടുകളുടെ രോമത്തിന്റെ എണ്ണത്തിനനുസരിച്ചു നരകാവകാശികൾക്ക് പൊറുത്തുകൊടുക്കും (മിശ്കാത്ത് 1299). അറബികൾക്കിടയിൽ ഏറ്റവുമധികം ആടുകളുണ്ടായിരുന്നത് ബനൂ കൽബ് ഗോത്രക്കാർക്കായിരുന്നു. എന്നാൽ ശിർക്ക് നടത്തിയവൻ, കൊലപാതകം ചെയ്തവൻ, കുടുംബബന്ധം മുറിച്ചവൻ, വ്യഭിചാരി, ഏഷണിക്കാരൻ, മാതാപിതാക്കളെ വെറുപ്പിച്ചവൻ, പുത്തനാശയക്കാരൻ തുടങ്ങി ഏതാനും വിഭാഗങ്ങൾ പൊറുത്തു കൊടുക്കുന്നതിൽ നിന്നും തടയപ്പെടുന്നവരാണ് (കൻസുന്നജാഹി വസ്സുറൂർ 154). മറ്റൊരു ഹദീസിൽ ഇങ്ങനെ കാണാം: ഈ രാത്രിയിലാണ് അടുത്ത വർഷം ജനിക്കുന്നവരുടെയും മരിക്കുന്നവരുടെയും കണക്കെടുപ്പ് നടക്കുന്നത്. മനുഷ്യരുടെ അമലുകൾ ഉയർത്തുന്നതും അവർക്കുള്ള ഭക്ഷണങ്ങൾ(രിസ്ഖ്) ഇറക്കുന്നതും ഈ രാത്രിയിൽ തന്നെ (മിശ്കാത്ത് 1305).
ഇനിയും നിരവധി ഹദീസുകൾ ബറാഅത്ത് രാവിന്റെ ശ്രേഷ്ഠത പരാമർശിച്ചു വന്നിട്ടുണ്ട്. ‘നിരവധി ഹദീസുകൾ ഇവ്വിഷയത്തിൽ വന്നിട്ടുണ്ടെന്നും അധിക പണ്ഡിതരും ശഅ്ബാൻ പതിനഞ്ചാം രാവ് ശ്രേഷ്ഠതയുള്ളതാണെന്ന് അംഗീകരിച്ചിട്ടുണ്ടെന്നും’ ഇഖ്തിളാഉസ്സിറാത്വിൽ മുസ്തഖീം എന്ന ഗ്രന്ഥത്തിൽ ഇബ്‌നുതൈമിയ്യ പോലും സമ്മതിക്കുന്നുണ്ട് (2/136, 137).

ബറാഅത്ത് രാവിൽ നിസ്‌കാരമോ?

ബറാഅത്ത് രാവിൽ ചിലരുടെ പ്രത്യേക ആചാരമാണ് നൂറു റക്അത്ത് നിസ്‌കാരം. നിരുപാധികമായുള്ള സുന്നത്ത് നിസ്‌കാരങ്ങൾ എത്രയും നിസ്‌കരിക്കാമെങ്കിലും ബറാഅത്ത് രാവിൽ പ്രത്യേകമായുള്ള 100 റക്അത്ത് നിസ്‌കാരം ശറഇൽ സ്ഥിരപ്പെട്ടിട്ടില്ല. ഇബ്‌നു ഹജർ(റ) എഴുതി: റജബിലെ ആദ്യ വെള്ളിയാഴ്ച രാവിൽ കണ്ടുവരാറുള്ള നിസ്‌കാരവും ശഅ്ബാൻ പതിനഞ്ചാം രാവിലെ പ്രത്യേക നിസ്‌കാരവും ഉപേക്ഷിക്കപ്പെടേണ്ട ബിദ്അത്താകുന്നു (തുഹ്ഫ 2/239). ബറാഅത്ത് രാവിന് മഹത്ത്വമുണ്ടെന്നതും അന്നത്തെ ദുആ സ്വീകരിക്കപ്പെടുമെന്നതെല്ലാം അംഗീകൃതമാണ്. എങ്കിലും അന്നത്തെ രാവിൽ പ്രത്യേകമായുള്ള നിസ്‌കാരം ആക്ഷേപാർഹമായ ബിദ്അത്താകുന്നു (ഫതാവൽ കുബ്‌റാ 2/80).

ശഅ്ബാൻ പതിനഞ്ചും നോമ്പും

അലി(റ)വിൽ നിന്ന് ഇബ്‌നുമാജ(റ) നിവേദനം ചെയ്യുന്ന ഹദീസിൽ നബി(സ്വ) പറഞ്ഞു: ശഅ്ബാൻ പകുതിയുടെ രാവെത്തിയാൽ നിങ്ങൾ നിസ്‌കരിക്കുകയും പകലിൽ നോമ്പനുഷ്ഠിക്കുകയും ചെയ്യുവീൻ. നിശ്ചയം അല്ലാഹു സൂര്യാസ്തമയമായാൽ ചോദിക്കും: വല്ലവരും പൊറുക്കലിനെ തേടുന്നുവെങ്കിൽ ഞാൻ പൊറുത്തുതരാം, വല്ലവരും ഭക്ഷ്യവസ്തുക്കൾ തേടുന്നുണ്ടെങ്കിൽ ഞാൻ നൽകാം, വല്ല പ്രയാസങ്ങളനുഭവിക്കുന്നവരുമുണ്ടെങ്കിൽ ഞാൻ ക്ഷേമം തരാം എന്നിങ്ങനെ സുബ്ഹി വരെ ചോദിച്ചുകൊണ്ടിരിക്കും (ഇബ്‌നുമാജ 1388, മിശ്കാത്ത് 1308). ഈ ഹദീസിൽ ബറാഅത്ത് രാവിൽ നിസ്‌കരിക്കാനും പകൽ നോമ്പനുഷ്ഠിക്കാനും കൽപനയുണ്ട്. മേൽ ഹദീസിന്റെയടിസ്ഥാനത്തിൽ ബറാഅത്ത് ദിനത്തിൽ നോമ്പ് സുന്നത്താകുമോ ഇല്ലയോ എന്നും ഹദീസ് സ്വഹീഹാണോ ളഈഫാ(അപ്രബലം)ണോ എന്നും ഇമാം ശിഹാബുദ്ദീൻ റംലി(റ)യോട് തിരക്കിയപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ: ശഅ്ബാൻ പതിനഞ്ച് എന്നല്ല, പതിമൂന്നും പതിനാലുമടക്കം നോമ്പ് സുന്നത്തുള്ളതാണ്. പ്രസ്തുത ഹദീസ് തെളിവായി സ്വീകരിക്കാവുന്നതു തന്നെ (ഫതാവാ റംലി 2/79).
ഇമാം ഇബ്‌നു ഹജർ(റ)വിനോട് ചോദിക്കപ്പെട്ടു: ഇബ്‌നുമാജ(റ) ഉദ്ധരിച്ച പ്രസ്തുത ഹദീസിന്റെ അടിസ്ഥാനത്തിൽ ശഅ്ബാൻ പതിനഞ്ചിന്റെ നോമ്പ് സുന്നത്താവുമോ? അദ്ദേഹത്തിന്റെ മറുപടി: അന്നത്തെ നോമ്പ് സുന്നത്തുതന്നെ. സുന്നത്താവുന്നത് പക്ഷേ അയ്യാമുൽ ബീളിൽ (ശഅ്ബാൻ 13, 14, 15, ദിവസങ്ങൾ) പെട്ടതാണെന്ന നിലക്കാണ്. ആ ദിവസത്തിന്റെ പ്രത്യേകതയുടെ ഭാഗമായിട്ടല്ല. ഇബ്‌നുമാജ(റ)യുടെ ഹദീസ് ളഈഫാണ് (ഫതാവൽ കുബ്‌റാ 2/80). എന്നാൽ ഇബ്‌നു ഹജർ(റ) തന്നെ ഹദീസ് ഗ്രന്ഥമായ മിശ്കാത്തിന് രചിച്ച വ്യാഖ്യാനത്തിൽ ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് പറയുന്നു: പകൽ നോമ്പനുഷ്ഠിക്കാൻ കൽപിക്കാനുള്ള കാരണം അന്നത്തെ പ്രത്യേക നോമ്പ് എന്ന നിലക്കും അയ്യാമുൽ ബീളിന്റെ സുന്നത്തു നോമ്പ് എന്ന നിലക്കുമാണ് (ഫത്ഹുൽ ഇലാഹ് 5/148). കൂടാതെ ശഅ്ബാനിനെ കുറിച്ച് പ്രതിപാദിക്കുന്ന അൽഈളാഹ് വൽ ബയാൻ എന്ന ഗ്രന്ഥം രചിച്ചപ്പോൾ അതിലും ഇബ്‌നുഹജർ(റ) അന്നത്തെ രാത്രിയുടെ ശ്രേഷ്ഠത വിവരിക്കാൻ ആദ്യമായി കൊണ്ടുവന്നത് മുകളിലുദ്ധരിച്ച ഇബ്‌നുമാജ(റ)യുടെ ഹദീസ് തന്നെയാണ്. ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നത് ഇബ്‌നുഹജർ(റ) ശഅ്ബാൻ പതിനഞ്ചിന് നോമ്പ് പ്രത്യേകം സുന്നത്താണെന്നതിനെ അംഗീകരിക്കുന്നുണ്ട് എന്നു തന്നെയാണ്.
ഹദീസ് വന്നതുകൊണ്ട് അന്ന് പ്രത്യേകം നോമ്പ് സുന്നത്തുണ്ടെന്ന് പറയാം, അത് കൊണ്ടായിരിക്കാം ഫത്ഹുൽ ഇലാഹിൽ അന്നത്തെ പ്രത്യേകതക്ക് വേണ്ടി എന്ന് ഇമാം പറഞ്ഞത്. അതേസമയം ഫതാവൽ കുബ്‌റയിൽ പറഞ്ഞത് പ്രസ്തുത ഹദീസ് ളഈഫായതിനാൽ ആ ഹദീസുകൊണ്ട് മാത്രം പ്രത്യേക സുന്നത്തുണ്ട് എന്ന് പറയാൻ പറ്റില്ല എന്നാണ്. അപ്പോൾ ഇബ്‌നു ഹജർ(റ)വും ശിഹാബുദ്ദീൻ റംലി(റ)യും തമ്മിൽ അഭിപ്രായ വ്യത്യാസമുള്ളത് ഈ ഹദീസ് കൊണ്ട് മാത്രം തെളിവ് പിടിക്കാൻ പറ്റുമോ ഇല്ലയോ എന്ന വിഷയത്തിലാണ്.
ഹദീസ് ളഈഫാണെങ്കിലും അമൽ ചെയ്യുന്നതുകൊണ്ട് വിരോധമില്ലെന്നു മാത്രമല്ല, സുന്നത്താണെന്നും അദ്ദേഹം തന്നെ സ്ഥിരപ്പെടുത്തിയിട്ടുമുണ്ട്. ഇത് കാണുക: ളഈഫായ ഹദീസ് കൊണ്ട് അമൽ ചെയ്യാമെന്ന് പണ്ഡിതന്മാർ ഏകോപിച്ചിട്ടുള്ളതാണ്. കാരണം യഥാർഥത്തിൽ ആ ഹദീസ് സ്വഹീഹാണെങ്കിൽ അതനുസരിച്ച് അമൽ ചെയ്തതിന്റെ പ്രതിഫലം ലഭിക്കും. ഇനി, ളഈഫാണെങ്കിൽ തന്നെ അതുപ്രകാരം പ്രവർത്തിച്ചതിനാൽ ഒരു വിധി അനുവദനീയമാക്കുകയോ നിഷിദ്ധമാക്കപ്പെടുകയോ ചെയ്യുന്നില്ല. മറ്റൊരാളുടെ അവകാശം കളങ്കമാകുന്നുമില്ല. മാത്രമല്ല, ളഈഫായ ഹദീസ് കൊണ്ട്പുതിയ ഒരു ഇബാദത്തിനെ സ്ഥിരപ്പെടുത്തൽ വരുന്നില്ല. മറിച്ച്, ഹദീസിൽ വിവരിക്കുന്ന പ്രതിഫലം ലഭിക്കണമെന്ന പ്രതീക്ഷ മാത്രമാണ് അവനുണ്ടാകുന്നത് (ഫത്ഹുൽ മുബീൻ 109).
ചുരുക്കത്തിൽ, ശഅ്ബാൻ മാസവുമായും അതിലെ പ്രത്യേക ദിനമായ ബറാഅത്തുമായും ബന്ധപ്പെട്ടുള്ള സൽകർമങ്ങൾ അടിസ്ഥാനമുള്ളതാണെന്നും അതിൽ സംശയിക്കേണ്ടതില്ലെന്നും മനസ്സിലാക്കാം. നന്മകളിൽ കഴിയും പ്രകാരം മുന്നേറാനാണല്ലോ ഖുർആന്റെ കൽപന (2: 148).

അബൂബക്കർ അഹ്‌സനി പറപ്പൂർ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ