മൈ ബോഡി ഈസ് മൈ ചോയ്‌സ് എന്ന രീതിയിലാണല്ലോ ചുറ്റുവട്ടത്തു നിന്നും ബഹളങ്ങളുയരുന്നത്, എന്റെ ശരീരം കൊണ്ട് എന്തു ചെയ്യണമെന്ന് ഞാൻ തീരുമാനിക്കും, അക്കാര്യത്തിൽ ആരും ഇടപെടേണ്ട എന്ന മട്ടിൽ. ശരീരം മാത്രമല്ല, വസ്ത്രധാരണമായാലും ജീവിതപങ്കാളിയായാലും എല്ലാ കാര്യത്തിലും ഇതേ ഫിലോസഫി ഉയർത്തുകയും മനുഷ്യ ജീവിതത്തിന്റെ ഏറ്റവും അടിസ്ഥാന മാനദണ്ഡം ‘മൈ ചോയ്‌സ്’ ആണെന്ന് നിരന്തരം പുതുതലമുറയെയും പൊതുസമൂഹത്തെയും ബ്രെയിൻവാഷ് നടത്തുകയും ചെയ്യുന്ന ഒരു ഘട്ടത്തിലാണ് നമ്മളിപ്പോഴുള്ളത്.
നമ്മുടെ ശരീരം ആരുടേതാണ്?
എന്റെ ശരീരം എന്റേതാണോ? ആണെങ്കിൽ ഞാൻ സ്വയം നിർമിച്ചതാണോ? സ്വയം നിർമിച്ചതല്ലാത്തൊരു വസ്തു സ്വന്തമാണെന്നു പറയാൻ എന്തെങ്കിലും അടിസ്ഥാനം വേണ്ടിവരുമല്ലോ, എന്താണത്? ഒരു പ്രത്യേക ദൗത്യവുമായി ഒരു വ്യവസ്ഥയിൽ നിയോഗിക്കപ്പെട്ടയാളുകൾക്ക് തൽകാലം ‘എന്റേത്’ എന്നു പറയാൻ ഇരിപ്പിടവും കമ്പ്യൂട്ടറും മറ്റു സൗകര്യങ്ങളുമൊക്കെ നൽകപ്പെട്ടിരിക്കാം. സഹജീവനക്കാരുടെ മുന്നിൽ ‘ഇത് എന്റേതാണ്’ എന്നു പറയുന്നതിന്റെ യുക്തിയും മനസ്സിലാക്കാം. എന്നാൽ ആത്യന്തികമായി ആ വ്യവസ്ഥയുടെ അധികാരികളോട് ഇത് എന്റേതാണ്, എന്റെ കമ്പ്യൂട്ടർ എന്റെ ചോയ്‌സാണ്, നിങ്ങൾ പറയുന്നത് കേൾക്കാൻ സൗകര്യമില്ല, എനിക്കിഷ്ടമുള്ള ഗെയിം ഞാൻ കളിക്കും എന്നു പറയുന്നതിന്റെ യുക്തിയെന്താണ്? അയാളുടെ മനോനിലയെക്കുറിച്ച് മാനസികാരോഗ്യമുള്ളവരുടെ നിലപാട് എന്തായിരിക്കും!?
ശരീരത്തിൽ ലക്ഷോപലക്ഷം പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ചെറുതും വലുതുമായി എണ്ണമറ്റ അവയവങ്ങളുണ്ട്. ഇതിൽ എത്ര അവയവങ്ങൾ ഒരാൾക്ക് സ്വയം ചലിപ്പിക്കാനെങ്കിലും കഴിയും? തല, കണ്ണ്, ചുണ്ട്, താടിയെല്ല്, കൈകൾ, കാലുകൾ തുടങ്ങി വിരലിലെണ്ണിത്തീർക്കാവുന്ന അവയവങ്ങൾ മാത്രമേ ഒരു മനുഷ്യന് ചലിപ്പിക്കാനെങ്കിലും കഴിയൂ. സ്വന്തം മുടിയോ ചെവിയോ ഒന്നും പൊതുവെ ആളുകൾക്ക് സ്വയം അനക്കാൻ കഴിയാറില്ല. ‘മൈ ബോഡി ഈസ് മൈ ചോയ്‌സ് എന്നും ‘കപട സദാചാര’ക്കാരുടെ കൈവിലങ്ങ് പൊട്ടിക്കാമെന്നും പറഞ്ഞ് വീരവാദം മുഴക്കിയെത്തുന്നവന്, ആവശ്യമുള്ള നാഡികളിൽ രക്തപ്രവാഹമുണ്ടായില്ലെങ്കിൽ പരിഹാസ്യനും നിന്ദ്യനുമാകാനേ കഴിയൂ. മൈ ചോയ്‌സ് പറഞ്ഞുവന്നവന് അൽപനേരം ഉദ്ധാരണം പിടിച്ചുനിർത്താനെങ്കിലും കഴിയുന്നില്ലെങ്കിൽ എന്ത് ചോയ്‌സിനെക്കുറിച്ചാണ് ഇവർ വാചാലരാകുന്നത്!
ചലിപ്പിക്കുന്ന കാര്യം മാത്രമാണ് ഇപ്പോൾ പറഞ്ഞത്. അനക്കാൻ കഴിയുന്നതോ അല്ലാത്തതോ ആയ ഏതെങ്കിലും അവയവങ്ങളുടെ നിറമോ തടിയോ ആരോഗ്യാവസ്ഥയോ ഒന്നിനെയും നേരിട്ട് തരിമ്പും സ്വാധീനിക്കാൻ മനുഷ്യന് കഴിയില്ല. ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും അതനുസരിച്ച് ചില അവയവങ്ങൾ ചലിപ്പിക്കാനും മാത്രമുള്ള സ്വാതന്ത്ര്യം ‘നൽകപ്പെട്ട’, മറ്റൊരു മഹാബാഹ്യശക്തിയുടെ നിയന്ത്രണത്തിലും തീരുമാനത്തിലും മാത്രം ജീവിച്ചുപോകുന്നവനാണ് മനുഷ്യനെന്ന് തിരിച്ചറിയാൻ കൂടുതൽ ആലോചന പോലും ആവശ്യമില്ല. സ്ഥാപനത്തിലെ കമ്പ്യൂട്ടറിൽ നമുക്കാവശ്യമുള്ള ചില പ്രോഗ്രാമുകൾ പ്രവർത്തിപ്പിക്കാനല്ലാതെ, അതിന്റെ അഡ്മിൻ ആക്‌സസ് ഇല്ലാത്ത, ഏതു സമയവും ഒരു മാസ്റ്റർ സിസ്റ്റത്തിൽ നിന്ന് ലോക്ക് ചെയ്താൽ തുറക്കാൻ പോലും പറ്റാത്ത ഒരു സിസ്റ്റം വെച്ച് മാനേജ്‌മെന്റിനോട് വീരസ്യം പറയുന്നവന്റെ പരിഹാസ്യത മനസ്സിലാക്കാൻ വലിയ പ്രയാസമില്ലല്ലോ!
അല്ലെങ്കിലും ആരോഗ്യവും ചോരത്തിളപ്പും സൗകര്യങ്ങളുമെല്ലാം ഉള്ളപ്പോൾ, നമ്മെ നിയന്ത്രിക്കുന്ന പ്രാപഞ്ചിക ശക്തി തടസ്സമില്ലാതെ ആവശ്യമുള്ളതെല്ലാം നൽകുമ്പോൾ, മാതാപിതാക്കൾ മുതലുള്ള സഹജീവികൾ പലതരത്തിൽ അനുഭവിച്ച ത്യാഗം തിരിച്ചറിയുക പോലും ചെയ്യാതെ അതിന്റെ ആനുകൂല്യം പറ്റുന്ന സമയത്തു മാത്രമാണല്ലോ ‘മൈ ബോഡി ഈസ് മൈ ചോയ്‌സ്’ എന്നു പറയാൻ മനുഷ്യന് നാവുയരുകയുള്ളൂ. ആരോഗ്യവും ശാരീരിക വളർച്ചയും വൈകാരിക വിവേചനബുദ്ധിയും രൂപപ്പെടുന്നതുവരെയുള്ള വർഷങ്ങൾ, അഥവാ കുട്ടിക്കാലം ഒരു മനുഷ്യന് സ്വന്തം ചോയ്‌സ് അവകാശപ്പെടാനാവുമോ? കുട്ടിയുടെ ചോയ്‌സനുസരിച്ച് പോട്ടെ എന്ന് മറ്റുള്ളവർക്ക് വിട്ടുകൊടുക്കാനാവുമോ? ആരോഗ്യം ക്ഷയിച്ചോ രോഗം ബാധിച്ചോ പരസഹായമില്ലാതെ ടോയ്‌ലറ്റ് ആവശ്യങ്ങൾ പോലും നിർവഹിക്കാൻ കഴിയാത്ത മനുഷ്യൻ ‘മൈ ചോയ്‌സ്’ എന്നു മുദ്രാവാക്യം മുഴക്കുമോ? എല്ലാ ചോരത്തിളപ്പും ഉണ്ടായിരിക്കെ, ഒരു ചികിത്സക്കും നിയന്ത്രിക്കാനാവാത്ത വിധം ഒരു ‘ലൂസ്‌മോഷൻ’ ഉണ്ടായാൽ അഥവാ, ശരീരത്തിലെ കോടിക്കണക്കിനു സിസ്റ്റങ്ങളിൽ പെട്ട ഒരൊറ്റ ‘സെൻസർ’ ശരിയായി പ്രവർത്തിക്കാതിരുന്നാൽ ‘മൈ ചോയ്‌സു’കാരന്റെ നിസ്സഹായതയല്ലാതെ, ‘എന്റെ കാര്യം ഞാൻ തീരുമാനിക്കും’ എന്ന മുറവിളി കാണാനൊക്കുമോ?
ഇത്രയൊക്കെയേ ഉള്ളൂ മനുഷ്യൻ! എന്റേതെന്ന് അവകാശവാദമുന്നയിക്കുന്നവർക്ക് ഈ അടിസ്ഥാന ചോദ്യങ്ങളോട് താൽപര്യമോ യുക്തിഭദ്രമായ പ്രതികരണമോ ഉണ്ടാകാനിടയില്ല. അതേക്കുറിച്ചുള്ള ചോദ്യങ്ങളെ കാര്യകാരണാടിസ്ഥാനത്തിലോ ഫിലോസഫിക്കലായോ സമീപിക്കാനുള്ള മാനസിക വളർച്ചയും ഇവർ മിക്കവാറും പ്രകടിപ്പിക്കാറില്ല. അത്തരം ചോദ്യങ്ങൾ ‘പുരോഗമനം’ എന്നു വർണക്കടലാസിൽ പൊതിഞ്ഞ ലഹരിയെയും അതിന്റെ ഉന്മാദത്തെയും അങ്ങനെയുള്ള ഒഴുക്കിനെയും ഭംഗപ്പെടുത്തുമെന്നതു മാത്രമാണ് അവരുടെ ആശങ്ക.
ബുദ്ധിശൂന്യതയുടെ ഈ ആഘോഷബഹളത്തിൽ തീർത്തും ‘പഴഞ്ചൻ’ ഗുണമായ ‘കോമൺസെൻസ്’ നിലനിർത്തുന്നുവെന്നതാണ് സത്യവിശ്വാസിയെ വേറിട്ടു നിർത്തുന്നത്. ലിബറൽ ഫിലോസഫിയുടെ ലഹരിയൊടുങ്ങുന്ന സമയത്തുണ്ടാവുന്ന വേദനയും ശൂന്യതയും മുൻകൂട്ടി കാണാനും ജീവിതത്തെ കുറേക്കൂടി യുക്തിഭദ്രമായ ഒരു ദർശനത്തിൽ ഊന്നിനിന്നുകൊണ്ട് സന്തുലിതമായി ചിട്ടപ്പെടുത്താനും കഴിയുന്നുവെന്നതാണ് വിശ്വാസിയുടെ സൗഭാഗ്യം. ലിബറൽ ചിന്ത ബാധിച്ചവരുടെ ബഹളം കാണുമ്പോൾ വിശ്വാസിയുടെ മനസ്സിൽ ഓടിയെത്തുന്നത് വിശുദ്ധ ഖുർആനിന്റെ ഒരു പ്രയോഗമാണ്; ഒരു ബീജത്തുള്ളിയിൽ നിന്നു പടക്കപ്പെട്ടവൻ ഇപ്പോൾ വലിയ തർക്കക്കാരനായി വരുന്നുവല്ലോ!
മനുഷ്യനു മനുഷ്യനു മുന്നിൽ സ്വാതന്ത്ര്യമുണ്ടെന്നു തന്നെയാണ് വിശ്വാസിയുടെ നിലപാട്. വ്യക്തിയുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്നതിനെതിരെ കർശനമായ നിലപാടെടുക്കുകയും ഭരണകൂടത്തിനോ മറ്റു വ്യക്തികൾക്കോ അത്തരം സാധ്യതകൾ വകവെച്ചു കൊടുക്കാതിരിക്കുകയും ചെയ്തു കൊണ്ട്, മനുഷ്യരുടെ മുന്നിലും മനുഷ്യ വ്യവസ്ഥകളുടെ മുന്നിലും വ്യക്തിയുടെ തുല്യതയും സ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കുന്ന ഇസ്‌ലാമിന്റെ ദർശനമാണ് വിശ്വാസിയുടെ നിലപാടുതറ. ജീവിത പങ്കാളിയെ നിയമപരമായി തിരഞ്ഞെടുക്കാനുള്ള വ്യക്തിയുടെ ചോയ്‌സിന് ഇരുപത്തൊന്നു വയസ്സ് വരെ കാത്തിരിക്കണമെന്നു കൽപിക്കുന്ന സ്റ്റേറ്റിന്റെ അടിച്ചേൽപിക്കലിനെ പോലും മഹത്ത്വവൽക്കരിക്കുന്ന ‘ലിബറലുകളുടെ’ കാലത്ത് ഈ സ്വാതന്ത്ര്യ ദർശനത്തിന്റെ മൂല്യം തെളിഞ്ഞുതന്നെ കാണാൻ വിശ്വാസിക്കു കഴിയുന്നു.
അതേസമയം മനുഷ്യനു സഹജീവിയുടെ മുന്നിലുള്ള സ്വാതന്ത്ര്യം, പ്രാപഞ്ചിക ശക്തിയുടെ മുന്നിൽ ഇല്ല. നേരത്തെ വ്യക്തമായതു പോലെ പ്രപഞ്ച സംവിധായകന്റെ സമ്പൂർണമായ ഔദാര്യത്തിലും നിയന്ത്രണത്തിലും പ്രവർത്തിക്കുന്ന ഒരു ശരീരമാണ് മനുഷ്യന്റേതെന്ന് വിശ്വാസിക്ക് ഉത്തമബോധ്യമുണ്ട്. എല്ലാ കാര്യങ്ങളും തികഞ്ഞ വ്യവസ്ഥയോടെയും ക്രമബദ്ധമായും സൃഷ്ടിച്ച പ്രപഞ്ചനാഥന് ഭൂമിയിലെ ബാക്കിയെല്ലാ സൃഷ്ടികളെയും സ്വാധീനിക്കാനും നശിപ്പിക്കാനും വരെയുള്ള ബുദ്ധിയും കഴിവും നൽകി അവൻ നിയോഗിച്ച മനുഷ്യന്റെ സൃഷ്ടിപ്പിനു പിറകിൽ ഉദ്ദേശ്യങ്ങളൊന്നുമില്ലെന്നു കരുതാൻ സാമാന്യബുദ്ധിയുള്ളവർക്ക് സാധ്യമല്ല. അതിനാൽ തന്നെ, മനുഷ്യന് വേണ്ടതെല്ലാം അനുനിമിഷം നൽകി പരിപാലിക്കുന്ന സ്രഷ്ടാവിനോടു ചില കടപ്പാടുകളുണ്ടെന്ന് തന്നെയാണ് വിശ്വാസി കരുതുന്നത്. എന്റെ ശരീരം എന്റേതല്ല, എന്റെ യജമാനന്റേതാണ് എന്നു യാഥാർഥ്യബോധ്യത്തോടെ തിരിച്ചറിയാനുള്ള പക്വതയാണ് തന്റേടമുള്ള മനുഷ്യനുണ്ടാകേണ്ടതെന്നാണ് വിശ്വാസി നിരീക്ഷിക്കുന്നത്. യാഥാർഥ്യത്തോട് കലഹം കൂട്ടാതെ അതിനെ അംഗീകരിക്കുമ്പോൾ മാത്രമേ മനുഷ്യന് ഏതു ഘട്ടത്തിലും മുന്നോട്ടു പോക്കു സാധ്യമാവുകയുള്ളൂ.
വിശ്വാസി പ്രപഞ്ചത്തെ
കാണുന്നതെങ്ങനെ?
മനുഷ്യസ്പർശം ഇതുവരെ ഏൽക്കാത്തതെന്നു കരുതുന്നൊരു ദ്വീപിലെ ഘോരവനത്തിനുള്ളിൽ നമ്മൾ കുറച്ചുപേർ ചെന്നെത്തിയെന്നു കരുതുക. അതിന്റെ മധ്യഭാഗത്ത് പക്ഷേ, ചില പ്രത്യേക ക്രമത്തിലും പാറ്റേണിലുമുള്ള വിവിധ തരം മരങ്ങൾ കാണുന്നു. ഉദാഹരണത്തിന്, ഒരേ പ്രായവും ഒരേ ജനുസ്സിൽ പെട്ടതുമായ നൂറു തേക്കുകൾ വീതിയിലും നീളത്തിലും പത്തു വീതം എന്ന രീതിയിൽ വളർന്നുനിൽക്കുന്നു. ഓരോ മരത്തിനിടയിലും കൃത്യം ഒരു മീറ്റർ അകലമാണിട്ടിരിക്കുന്നത്. ഈ കാഴ്ച നമ്മെ വിസ്മയിപ്പിക്കും. ഇവിടെ ആരുടെയോ ഇടപെടലുണ്ടായിട്ടുണ്ടെന്ന് നാം അനുമാനിക്കും. കാരണം അവിടെ ഒരു ക്രമവും ആസൂത്രണവും കാണുന്നുണ്ട്. ആസൂത്രണത്തിനു പിറകിൽ ഒരു ബുദ്ധിയുണ്ടായിരിക്കണം.
തൽകാലം അത് യാദൃച്ഛികതയാണെന്നു സ്വയം വിശ്വസിപ്പിച്ചു മുന്നോട്ടു പോകുമ്പോൾ, സമാനവും വ്യത്യസ്തവുമായ രീതിയിൽ വിവിധ ക്രമങ്ങളിൽ മരങ്ങൾ കാണുന്നു. ചിലയിടങ്ങളിൽ ആളുകൾക്ക് ഇരിക്കാനും കിടക്കാനും വെയിലേൽക്കാതിരിക്കാനുമൊക്കെ പാകത്തിൽ സംവിധാനങ്ങളുണ്ട്. അപ്പോൾ നാം ഉറപ്പിക്കും, ഇവിടെ മനുഷ്യർ ഇടപെട്ടിട്ടുണ്ട്. മനുഷ്യനല്ലെങ്കിൽ വിശേഷ ബുദ്ധിയുള്ള ഏതോ ഒരു ജീവി. മറ്റു പലയിടങ്ങളിലും മരങ്ങൾക്ക് ക്രമമില്ലാത്തതുകൊണ്ടോ പലതും നമുക്കു മനസ്സിലാക്കാൻ കഴിയാത്തതുകൊണ്ടോ അത്തരമൊരു സാധ്യത ഇല്ലാതാവുന്നില്ല. കാരണം, ആസൂത്രണം ദൃശ്യമാണെങ്കിൽ അവിടെയൊരു ബുദ്ധിയുടെ ഇടപെടലുണ്ടെന്നുറപ്പാണ്. ഒരു മാസ്റ്റർ പ്ലാനിംഗാണ് കാണുന്നതെങ്കിൽ അവിടെയൊരു മാസ്റ്റർ ബുദ്ധിയെ മനസ്സിലാക്കാൻ പ്രയാസമില്ല. ക്രമബദ്ധമല്ലാതെ നമുക്ക് അനുഭവപ്പെടുന്ന മറ്റു കാര്യങ്ങളുടെ രഹസ്യമോ താൽപര്യമോ നമുക്കറിയാത്തതായിരിക്കാം. നമുക്ക് ഉൾക്കൊള്ളാനാവുന്നതിനെക്കാൾ സങ്കീർണവും വലുതും ആഴമുള്ളതുമായ ആസൂത്രണമാണു കാണുന്നതെങ്കിൽ ആസൂത്രകനില്ലെന്നല്ലല്ലോ അർഥം, അത് ഉൾക്കൊള്ളാനുള്ള ശേഷി പോലും നമുക്കില്ലെന്നാണ്.
പ്രപഞ്ചത്തിലെ സൂക്ഷ്മവും സ്ഥൂലവുമായ എല്ലാത്തിലും പരസ്പര പൂരകത്വവും ക്രമവും ആസൂത്രണവുമെല്ലാം കണ്ടെത്തുന്നുണ്ട് ബുദ്ധിയുള്ള മനുഷ്യരെല്ലാം. പലതും ഇനിയും കണ്ടെത്താനായിട്ടില്ലെങ്കിലും കണ്ടത്തിയതു തന്നെ ധാരാളമാണ്. ഇതിനു പിറകിൽ അപാരമായൊരു ശക്തിയുണ്ടെന്ന് മനസ്സിലാക്കാം. മനുഷ്യ ശരീരത്തിലെ ഓരോ വ്യവസ്ഥയുടെയും (ഉദാ: നാഡീ വ്യവസ്ഥ, ദഹന വ്യവസ്ഥ) സംവിധാനം മാത്രം മതി ഇതു തിരിച്ചറിയാൻ.
കോടാനുകോടി വർഷങ്ങൾക്കു മുന്നേ, ഒരിക്കലും ഉണങ്ങാത്ത, വളരെ ചലനാത്മകതയുള്ള ഒരു മഷി രൂപപ്പെട്ടുവെന്നു കരുതുക. അതു കോടിക്കണക്കിനു വർഷത്തെ ചെറു മാറ്റങ്ങളിലൂടെ മറ്റൊരു രൂപം ആർജിച്ചേക്കാം. എന്നാൽ അതൊരിക്കലും അർഥവും ഉപമയും അലങ്കാരവും യുക്തിയുമുള്ള, കാവ്യഭാഷയുള്ള, അക്ഷരങ്ങൾക്കും അക്ഷരങ്ങളുടെ കൂട്ടായ്മകളായ വാക്കുകൾക്കും പ്രതിനിധാന സ്വഭാവം പുലർത്തുന്ന ഒരു ഭാഷയുള്ള, പൂർണതയുള്ള പുസ്തകമായി മാറില്ലെന്നുറപ്പാണ്. ഒരു പുസ്തകം അങ്ങനെ രൂപപ്പെട്ടുവെന്നു തമാശക്ക് സങ്കൽപ്പിച്ചാൽ പോലും ആയിരക്കണക്കിനു വ്യത്യസ്ത പുസ്തകങ്ങൾ അങ്ങനെ രൂപപ്പെടില്ല. ഈ പ്രപഞ്ചത്തിലെ ഒരോ വ്യവസ്ഥയും കാവ്യാത്മകമായ പുസ്തകങ്ങളുടെ സമ്പൂർണതയും മനോഹാരിതയുമുള്ളതാണെന്നു തിരിച്ചറിയാൻ മനുഷ്യനു കിട്ടിയ ചെറിയ അറിവു മാത്രം മതിയാകും. ജീനുകളുടെ കോഡിങ് പഠിച്ചവർ പറയുന്നത്, അത് മനുഷ്യരുടെ മറ്റു ഭാഷകളെപ്പോലെ പ്രതിനിധാന സ്വഭാവമുള്ള ഒരു ഭാഷ തന്നെയാണെന്നാണ് എന്നതു ചേർത്തു വായിക്കുക. പ്രപഞ്ചത്തിനു പിന്നിലുളള ഈ മഹാബുദ്ധിയെ യാദൃച്ഛികതയിലേക്ക് ചുരുക്കി വിശദീകരിക്കാൻ ശ്രമിക്കുന്നതാണ് അങ്ങേയറ്റം അപഹാസ്യവും അയുക്തിപരവും എന്നതിൽ തർക്കത്തിനു സാധ്യതയില്ല.
ഇത്തരം തിരിച്ചറിവുകളും ബോധ്യങ്ങളുമാണ് വിശ്വാസിയുടെ ജീവിതത്തെയും നിലപാടുകളെയും അർഥപൂർണവും യുക്തിഭദ്രവുമാക്കുന്നത്. ഈ തിരിച്ചറിവുകളില്ലാത്തതിന്റെ ആകുലതയും ശൂന്യതയും ഭൗതികവാദിക്ക് അനുഭവപ്പെടുക, താൽകാലിക ആസ്വാദനങ്ങളുടെ ലഹരിയൊടുങ്ങുമ്പോഴും ആരോഗ്യം ക്ഷയിക്കുമ്പോഴും ഇനിയൊരു ആസ്വാദനം ബാക്കിയില്ലാത്ത വിധം മടുപ്പും വിരസതയും വരുമ്പോഴുമൊക്കെയാണ്.
വിശ്വാസിയുടെ ലോകം, അനുഭൂതി
ഭൗതിക ലോകത്തെ എല്ലാ ആനന്ദങ്ങളുടെയും പരിമിതി, അതു സന്തുലിതമല്ലെങ്കിൽ മടുപ്പും വിരസതയുമുണ്ടാക്കുമെന്നതാണ്. മിക്കവാറും അത്തരം അനിയന്ത്രിത സുഖങ്ങൾ പിന്നീട് വേദനകളിലേക്കും നയിക്കും. ലൈംഗികത, ലഹരി, മദ്യം തുടങ്ങി എല്ലാം പരിധിക്കപ്പുറത്തേക്കു പോവുന്നത് ശരീരത്തെയും മനസ്സിനെയും ബന്ധങ്ങളെയും ഒക്കെ നശിപ്പിക്കുകയും തിരിച്ചുവരാനാവാത്ത കേടുപാടുകളുണ്ടാക്കുകയും ചെയ്യും. വിശ്വാസിയെ സംബന്ധിച്ച്, ഇവിടെ സന്തുലിതമായും നിയന്ത്രണത്തോടെയും അനുഭവിക്കുന്ന ആനന്ദങ്ങൾ അങ്ങനെ തന്നെ അനുഭവിക്കാമെന്നതിനപ്പുറം, ആ ആനന്ദങ്ങൾ തന്നെയും നാളെ മറ്റൊരു ലോകത്ത് മടുപ്പുകളില്ലാത്ത മഹാ ആനന്ദത്തിലേക്കു നയിക്കുമെന്ന പ്രതീക്ഷയാണുള്ളത്.
ഏതു സമയത്തും ഏകാഗ്രത നിഷേധിച്ച് പീഡനക്കുരുക്കിൽ പെടുത്താവുന്നതും വഞ്ചിച്ചു ഉത്തരവാദിത്തങ്ങളേൽക്കാതെ മുങ്ങിക്കളയാവുന്നതുമാണല്ലോ ലിബറലുകളുടെ ഓപ്പൺ സെക്‌സ്. ഈ ലോകത്തു തന്നെ അതേ ആനന്ദവും അതിനെക്കാൾ സുരക്ഷിതത്വവും നൽകുന്നതാണ് വിശ്വാസിക്ക്, ഹലാലായ ഇണയോടൊത്ത് ഏർപ്പെടുന്ന ശരിയായ ലൈംഗിക ബന്ധം. ഒപ്പം അത് പരലോകത്തെ അനന്തമായ ആനന്ദങ്ങളിലേക്കു നയിക്കുന്ന പ്രതിഫലവും നൽകുന്നു. ശരിക്കും വിശ്വാസിയുടെ യജമാനന്റെ മഹാ ഔദാര്യമല്ലാതെ മറ്റെന്താണത്! നമ്മൾ തിന്നുന്നതിനും ജോലി ചെയ്യുന്നതിനും ഉറങ്ങുന്നതിനും ഇണയോടൊത്ത് ശയിക്കുന്നതിനും പ്രസവിക്കുന്നതിനും മക്കളെ വളർത്തുന്നതിനും നമുക്കു മുള്ള് തറക്കുന്നതിനും വല്ലതും നഷ്ടപ്പെടുന്നതിനുമെല്ലാം, ശരിയായ മനോഭാവം അഥവാ നിയ്യത്ത് ഉണ്ടെങ്കിൽ ഉദാരമായി പ്രതിഫലം തരാമെന്നും നാളെ അനന്തമായ ആനന്ദത്തിലേക്കുള്ള കാരണമായി വരവുവെക്കാമെന്നും വാഗ്ദാനം തരുന്നൊരു നാഥനിൽ സ്വയം അർപിക്കുമ്പോൾ വിശ്വാസി അനുഭവിക്കുന്ന ആനന്ദത്തിനും സുരക്ഷിതത്വത്തിനും പകരം വെക്കാൻ ഏതു പൊള്ളയായ ഉന്മാദങ്ങൾക്കാണു കഴിയുക?!
പ്രപഞ്ചത്തെയും അതിലെ മനുഷ്യന്റെ ഇടത്തെയും പ്രപഞ്ചസ്രഷ്ടാവിനെയും അവനോടുള്ള മനുഷ്യരുടെ കടപ്പാടിനെയും ശരിയായി ഉൾക്കൊണ്ട വിശ്വാസിക്കും, അത്തരം ദാർശനിക വശങ്ങളൊന്നും പരിഗണിക്കാൻ മിനക്കെടാതെ ചോരത്തിളപ്പു കാലത്ത് തന്റെ ആസ്വാദനവും സുഖവും മാത്രമാണു പ്രധാനമെന്നും തനിക്ക് ആഘോഷിക്കാനും ആർമാദിക്കാനുമായി സംവിധാനിക്കപ്പെട്ടതാണ് ഈ ലോകം മുഴുവനുമെന്നുമുള്ള മൂഢഭാവത്തിൽ കാലം കളയുന്ന ഭൗതികവാദിക്കും ഈ ലോകത്തും പരലോകത്തുമുള്ള അനുഭവങ്ങളിൽ വലിയ അന്തരമുണ്ട്. പ്രപഞ്ചത്തിലെ തന്റെ യാഥാർഥ്യവും പ്രപഞ്ചനാഥൻ തരുന്ന അപരിമേയമായ അനുഗ്രങ്ങളും തിരിച്ചറിയുന്ന വിശ്വാസിക്ക് ജീവിതത്തെക്കുറിച്ച് എല്ലാ ഘട്ടത്തിലുമുണ്ടാകുന്ന വ്യക്തതയുടെ സുഖം, ആഴങ്ങളിലേക്ക് നോക്കുമ്പോൾ ഒന്നിലും വ്യക്തതയില്ലാത്ത ഭൗതികവാദിക്ക് അനുഭവിക്കാനാവില്ല.
കൃതജ്ഞതയാണ് വിശ്വാസിക്ക് മതം
ചെറിയ സഹായങ്ങൾ ചെയ്തുതരുന്ന സഹജീവികളോടു പോലും നന്ദി തോന്നുന്നവനാണ് മനുഷ്യൻ. ദാഹിച്ചു മരിക്കാൻ പോകുമ്പോൾ ഒരൽപം വെള്ളം തന്നവനോടുള്ള നന്ദി ചിലപ്പോൾ ജീവിതകാലം മൊത്തം മനസ്സിൽ നിലനിന്നെന്നു വന്നേക്കാം. നന്ദിയർഹിക്കുന്നവരോട് കൃതജ്ഞതയുടെ ഒരു നോട്ടമോ വാക്കോ പോലും പ്രകടിപ്പിക്കാത്തവരോട് മനുഷ്യർക്കെല്ലാം വെറുപ്പായിരിക്കും. താൻ അനുഭവിക്കുന്ന ഒന്നും തന്റേതല്ലെന്നും ഒരു ബാഹ്യശക്തിയുടേതാണെന്നും തിരിച്ചറിയുന്നവൻ പുലർത്തുന്ന കൃതജ്ഞതയുടെ സുഖം, കൃതഘ്‌നത മാത്രം ശീലമാക്കിയവന് അനുഭവിക്കാനാവില്ല.
ഒരിക്കൽ മാത്രം യജമാനന്റെ വെള്ളം മുക്കിത്തന്നവനോടുള്ള നന്ദി പക്ഷേ, ജീവിതകാലം മൊത്തം സുലഭമായി വെള്ളം നൽകുന്ന യജമാനനോടു പുലർത്താൻ മറന്നുപോകുന്നതാണ് മനുഷ്യന്റെ വലിയ ദുരന്തം. നന്ദി പുലർത്തുന്നില്ലെന്നു മാത്രമല്ല, താനനുഭവിക്കുന്ന ഒന്നിനും തനിക്ക് അതിന്റെ ഉടമയോട് കടപ്പാടില്ലെന്നും അങ്ങനെയൊരു ഉടമ തന്നെയില്ലെന്നും ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ അവനോട് തനിക്കൊന്നും ചെയ്യാനില്ലെന്നും താനതിനെക്കുറിച്ചൊന്നും ആലോചിക്കുന്നില്ലെന്നും തനിക്കു വേണ്ടതെല്ലാം നൽകുമ്പോഴും തന്നോട് ചില കൊച്ചു കാര്യങ്ങളെങ്കിലും അവൻ പറഞ്ഞുകൂടെന്നുമൊക്കെ പറയുന്നവരുടെ ധാർഷ്ഠ്യത്തിന്റെ വൈകൃതം അവർക്കു മനസ്സിലായില്ലെങ്കിലും കാഴ്ചക്കാർക്കു ബോധ്യമാകുമെന്നുറപ്പാണല്ലോ.
ചില വേദനകൾ ഉണ്ടാകുന്നുവെന്നത് കൃതജ്ഞതയെ തൊട്ട് തടയുന്നുണ്ടെങ്കിൽ അതും മനസ്സിന്റെ സങ്കുചിതത്വത്തെയാണ് സൂചിപ്പിക്കുന്നത്. ഒരു പല്ലിനു വേദനയുണ്ടാകുമ്പോൾ തന്നെ ബാക്കി പല്ലുകളിലും ഒപ്പം മുഴുവൻ ശരീര സംവിധാനങ്ങളിലും ആ വേദനക്കു മുമ്പും ശേഷവും പ്രസ്തുത പല്ലിലും അനുഭവിക്കുന്ന സുഖത്തെയോർത്ത് കൃതജ്ഞത കാണിക്കാൻ കഴിയാത്തത് അവന്റെ മാത്രം പ്രശ്‌നമാണല്ലോ. വേദനയായി അനുഭവപ്പെട്ടതു പോലും ഈ ലോകത്തു തന്നെ വലിയ അനുഗ്രഹത്തിൽ കലാശിച്ചേക്കാമെന്നതും, ഒരു മുള്ളു കുത്തിയ വേദനക്കുപോലും, നമ്മൾ നട്ടുവളർത്തിയ ചെടിയിൽ നിന്ന് പക്ഷി തിന്നുപോയതിനു വരെ നാളെ സ്രഷ്ടാവിന്റെ ഔദാര്യമായി പ്രതിഫലം കിട്ടുമെന്നും തീർച്ചയുള്ള വിശ്വാസിക്ക് ഇത്തരം വേദനകളും ആനന്ദമാണ് പകരുകയെന്നതാണ് കൗതുകകരം.
ഭൗതികവാദിക്ക് അത്തരം പ്രതീക്ഷകളോ സാധ്യതകളോ ഇല്ലാത്തപ്പോൾ വേദനകൾ നൽകുന്നത് വേദന മാത്രമായിരിക്കുമെന്നും ഓർക്കുക. യഥാർഥത്തിൽ നമ്മുടെ അനുഭവങ്ങളല്ല, അനുഭവങ്ങളോടു നാം പുലർത്തുന്ന മനോഭാവമാണ് നമ്മുടെ സന്തോഷത്തിനും ദു:ഖത്തിനും വിജയപരാജയങ്ങൾക്കും കാരണമെന്നത് പൊതുവെ അംഗീകരിക്കപ്പെട്ട വസ്തുതയാണല്ലോ. എല്ലാ അനുഭവങ്ങളിലും സന്തോഷം കണ്ടെത്താനുള്ള സാധ്യത വിശ്വാസിക്കു മാത്രമുള്ളതാണ്. വിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ! അവരുടെ കാര്യങ്ങളെല്ലാം അവർക്കു ഗുണകരം തന്നെ. മറ്റാർക്കുമില്ലാത്തൊരു സാധ്യതയാണത്! സന്തോഷകരമായതു ഭവിക്കുമ്പോൾ വിശ്വാസി കൃതജ്ഞത പുലർത്തുന്നു, അതവർക്ക് ഗുണമായി ഭവിക്കുന്നു, പ്രയാസമുള്ളതു വരുമ്പോൾ ക്ഷമ കൈക്കൊള്ളുന്നു, അതും വിശ്വാസിക്കു ഗുണമായി ഭവിക്കുന്നു. പ്രസിദ്ധമായൊരു ഹദീസ് പഠിപ്പിക്കുന്ന ഈ ആശയം കൂടി ഇവിടെ ചേർത്തുവായിക്കാം.
മതമില്ലെങ്കിൽ എന്താണു കുഴപ്പം എന്ന ചോദ്യം തന്നെ ഒരു വലിയ കൃതഘ്‌നതയായി വിശ്വാസിക്കു ബോധ്യപ്പെടുന്നു. മതമെന്നതു അടിസ്ഥാനപരമായി, യജമാനനോടുള്ള കടപ്പാടും കൃതജ്ഞതയുമാണ്. മതം നമ്മുടെ ആവശ്യത്തിനുള്ളതല്ല; നമ്മുടെ കടപ്പാടാണ്, നമ്മുടെ നിയോഗത്തോടുള്ള നീതിയാണ്. ഒപ്പം നമ്മുടെ ആവശ്യം തന്നെയുമാണ്. നമ്മുടെ കടപ്പാട് നിർവഹണത്തെ നമുക്കു തന്നെ ആവശ്യവും ഉപകാരപ്രദവുമായി സംവിധാനിച്ച യജമാനന്റെ ഔദാര്യത്തോടു പിന്നെയും കൃതജ്ഞത പുലർത്താനുള്ള സമർപണ മനസ്സും മനഃശുദ്ധിയുമാണ് വിശ്വാസിക്കു പ്രകടിപ്പിക്കാനാവുക!
വിശ്വാസിക്കു മാത്രം ലഭിക്കുന്ന
സമാധാനവും പൂർണതയും
ഏതൊരു വസ്തുവും അതിന്റെ ദൗത്യത്തോടു നീതി പുലർത്തുമ്പോൾ മാത്രമാണ് നല്ലതായിത്തീരുന്നത്, അല്ലാത്തത് ദുരന്തമാകുന്നു. ഒരു മൊബൈൽ ഫോൺ അതിന്റെ ഉപകാരമൊന്നും നടക്കാതെ വെറുമൊരു പേപ്പർ വെയ്റ്റ് ആകുന്നതോ ഒരു ആഡംബര കാർ വൈക്കോൽ വലിച്ചിടാനുള്ള ഇരുമ്പുപെട്ടിയാകുന്നതോ ഒക്കെ എത്ര പരിഹാസ്യമാണോ അതു പോലെയാണ്, ചില ദൗത്യങ്ങൾ നിർവഹിക്കാനുള്ളവർ വെറും ബഹളക്കാരും ശല്യക്കാരും ആസ്വാദനമാണ് മുഖ്യം എന്നു മുദ്രാവാക്യം മുഴക്കികളുമായി മാറുന്നത്.
വിശ്വാസിയെ സംബന്ധിച്ച് ഈ ലോകത്തും പരലോകത്തും തന്റെ ജീവിത നിയോഗത്തെ പൂർണമായി അംഗീകരിച്ചുവെന്നും സാധ്യമായ വിധം അതിനോടു നീതി പുലർത്താൻ ശ്രമിച്ചുവെന്നുമുള്ളൊരു സമാധാനമുണ്ട്, ആ ബോധ്യത്തിന്റെ ഒരനുഭൂതിയുമുണ്ട്. വലിയൊരു സംഖ്യയും സൗകര്യങ്ങളുമേൽപ്പിച്ച് ഉത്തരവാദപ്പെട്ടൊരാൾ ചില നിയോഗങ്ങളുമായി പറഞ്ഞയച്ചവരിൽ, ആ ദൗത്യത്തോട് നീതിപുലർത്താൻ ശ്രമിച്ചവർക്കും ആ നിയോഗത്തെ തന്നെ അപഹസിച്ച് കൂത്താടി ധൂർത്തു കാണിച്ചവർക്കും പറഞ്ഞയച്ചയാളുടെയടുത്തേക്ക് തിരിച്ചെത്തുമ്പോഴും തിരിച്ചെത്താനുള്ള സമയമടുക്കുമ്പോഴും ഉണ്ടാകുന്ന മനോഭാവങ്ങളുടെ ഒരു മാറ്റമുണ്ടല്ലോ, അതിനെ ഇവിടെ താരതമ്യം ചെയ്യാൻ പറ്റിയേക്കും.
വിശ്വാസമുള്ളൊരു വിദഗ്ധന്റെ നിർദേശങ്ങളെ അതേപടി സ്വീകരിക്കുകയും പകർത്തുകയും ചെയ്യുന്നത് ഏതു കാര്യത്തിലും നമുക്കു നൽകുന്നൊരു ആത്മവിശ്വാസവും സമാധാനവുമുണ്ട്. ഒരു പ്രകൃതി ദുരന്തസമയത്തെ അതിജീവനം ഉദാഹരണമായെടുത്താൽ, പിഴക്കില്ലെന്നു നമുക്കു തീർച്ചയുള്ളൊരു വിദഗ്ധനെ വിശ്വസിച്ച് നമുക്ക് ബോധ്യപ്പെട്ടാലും ഇല്ലെങ്കിലും, ഇഷ്ടമായാലും ഇല്ലെങ്കിലും അയാളുടെ നിർദേശങ്ങൾ അപ്പടി സ്വീകരിക്കുന്നതാണ് സുരക്ഷിതവും സമാധാനകരവുമെന്നതിൽ സംശയമുണ്ടാകില്ല. ആദ്യമായി ഇത്തരമൊരു അനുഭവമുണ്ടാകുന്ന നമ്മൾ ഓരോ ഘട്ടത്തിലും എന്തു ചെയ്യണമെന്ന് ആലോചിക്കുകയും ആശയക്കുഴപ്പത്തിലാവുകയും പിന്നീട് ഖേദിക്കുകയും ചെയ്യുന്നതിന്റെ പ്രശ്‌നങ്ങളൊന്നും അതിനില്ല.
ഇത് ദുരന്തഘട്ടത്തിൽ മാത്രം ബാധകവുമല്ല. ഒരു വാഹനത്തിന് ഏറ്റവും മികച്ച ആരോഗ്യവും മൈലേജും ഈടും റീസെയിൽ വാല്യൂവുമൊക്കെ ഉണ്ടാകാൻ കമ്പനി നിർദേശിച്ച സമയത്തും രീതിയിലും നിർദേശിക്കുന്ന സ്ഥലത്തുനിന്നും തന്നെ സർവീസ് ചെയ്യണമെന്ന് എല്ലാവർക്കും അറിയാം. തൽകാലം ഇത്തിരി സൗകര്യമോ ‘എന്റെ കാറല്ലേ, എന്റെ ഇഷ്ടമല്ലേ, കമ്പനിയെന്തിന് ഇതിൽ ഇടപെടണം’ എന്ന ചിന്തയോടെ അത്തരം നിർദേശങ്ങൾ ലംഘിക്കുന്നത് പിന്നീട് നഷ്ടമാകുമെന്നത് എല്ലാവർക്കും തീർച്ചയാണ്. വിശ്വാസിയെ സംബന്ധിച്ച്, ജീവിതത്തിലെ ഓരോ ഘട്ടത്തിലും തന്റെ യജമാനൻ പറഞ്ഞ നിർദേശങ്ങൾ പാലിക്കുമ്പോൾ കിട്ടുന്ന സുരക്ഷിതത്വബോധം ഇതിനു സമാനമാണ്. എന്തുവന്നാലും ദീർഘകാലാടിസ്ഥാനത്തിലെങ്കിലും ഗുണമായേ ഭവിക്കൂ എന്നുറപ്പുള്ളൊരു മാർഗം സ്വീകരിക്കുന്നതും, എന്താകുമെന്നറിയില്ല, ഇപ്പോൾ ഇതാണ് സൗകര്യം, ബാക്കി വഴിയേ കാണാം എന്ന മാർഗവും തമ്മിലുള്ള അന്തരം തന്നെയാണ് വിശ്വാസിയും ഭൗതികവാദിയും അനുഭവിക്കുന്ന മാനസികാസ്വാദനങ്ങളുടെ മാറ്റം.
മുകളിൽ പറഞ്ഞ പോലെ, ജീവിതനിയോഗത്തോട് നീതിപുലർത്തുക, കൃതജ്ഞതയുടെ ശരിയും അനുഭൂതിയും അനുഭവിക്കുക, ജീവിതത്തിൽ എല്ലാ ഘട്ടത്തിലും സുരക്ഷിതബോധവും സന്തോഷവും അനുഭവിക്കുക തുടങ്ങിയതൊക്കെ ഈ ലോകത്തു തന്നെ വിശ്വാസിക്കു കിട്ടുന്ന ഉപഹാരങ്ങളും ആനുകൂല്യങ്ങളുമാണ്. പരലോകത്തെത്തുമ്പോൾ അല്ലാഹുവിന്റെ ലിഖാഅ് അഥവാ അവന്റെ ദർശനമെന്ന, സ്വർഗത്തേക്കാൾ മാധുര്യമേറിയ അനുഭവം വിശ്വാസിക്കു മാത്രമുള്ളതാണ്. തിരുനബി(സ്വ)യുടെ സാമീപ്യവും അവിടത്തെ അനുഭവിക്കാനുള്ള അവസരവും നൽകുന്ന പ്രതീക്ഷയുടെ ആനന്ദം വിശ്വാസിക്കു മാത്രമുള്ളതാണ്. അനന്ത ദുരന്തത്തിന്റെ നരകത്തിൽ നിന്നുള്ള മോചനത്തിന്റെയും അനന്തമായ അനുഭൂതികളുടെ സ്വർഗീയാരാമത്തിലെ വാസത്തിന്റെയും പ്രതീക്ഷകളും സ്വപ്‌നങ്ങളും നൽകുന്ന ആനന്ദവും വിശ്വാസിയുടേത് മാത്രം.
മനുഷ്യനെന്നാൽ ശരീരം മാത്രമല്ല, അല്ലെങ്കിൽ ശരിക്ക് ശരീരം തന്നെയല്ല. ആത്മാവും മനസ്സും ബന്ധങ്ങളും ത്യാഗവും പങ്കുവെപ്പും ഒക്കെ ചേർന്നതാണ്. ശരീരത്തിന്റെ ആനന്ദം മാത്രം തേടിപ്പോകുന്നവർ ഏതെങ്കിലും ഘട്ടത്തിൽ ഈ ലോകത്തു തന്നെ അനുഭവിക്കുന്നൊരു ശൂന്യതയുണ്ട്. ആ ശൂന്യതയുടെ വ്യഥ ഒന്നുകിൽ മയക്കുമരുന്നുകളോ അക്രമങ്ങളോ വഴി വിനാശത്തിലേക്കോ അല്ലെങ്കിൽ താൽകാലിക സമാധാനം തരുന്ന വ്യാജ ആത്മീയ കേന്ദ്രങ്ങളിലേക്കോ നയിക്കുന്ന വലിയൊരു സമൂഹത്തെ ‘പുരോഗമിച്ച’ നാടുകളിൽ നമുക്ക് കാണാം.
ചിലർ ആ ശൂന്യതയിൽ നിന്ന് പ്രപഞ്ചനാഥനെ തിരിച്ചറിഞ്ഞ് ശരിയായ ആത്മീയതയുടെ ആനന്ദത്തിലേക്കെത്തുന്നതും കാണാം. ശരിയായ വിശ്വാസിക്ക് ആദ്യമേ തന്നെ ഈയൊരു ആത്മീയ ശൂന്യത അനുഭവിക്കേണ്ടിവരുന്നില്ല. അവരുടെ ശാരീരിക ആനന്ദങ്ങളും ആത്മീയ അനുഭൂതികളും സന്തുലിതമായി തന്നെ നിൽക്കുന്നതിനാൽ, ആദ്യം അർമാദിക്കുന്നതിന്റെയും പിന്നെ ശൂന്യതയുടെയും പിന്നെ ശാന്തി തേടിയുള്ള പലായനത്തിന്റെയും ജീവിതചക്രം വിശ്വാസികൾക്ക് അനുഭവിക്കേണ്ടി വരുന്നില്ല. എല്ലാ സ്വാതന്ത്ര്യവും അനുഭവിക്കാവുന്ന പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് ഇസ്‌ലാം സ്വീകരിച്ച്, ലിബറലുകളുടെ ഭാഷയിൽ ഹിജാബിന്റെ ‘ചാക്കിനകത്ത്’ അഭയം തേടുന്ന വനിതകളുടെ വലിയ കണക്കുകൾ ഇതിനോട് ചേർത്തുവായിക്കുക.
ഇസ്‌ലാം തന്നെയാണ്
ഭൗതിക ലോകത്തും പരിഹാരം
മനുഷ്യന്റെ സ്വഭാവങ്ങളും പ്രലോഭനങ്ങളും മോഹങ്ങളുമൊക്കെ പരിഗണിക്കുമ്പോൾ, അവന്റെ ആത്മീയവും ഭൗതികവും ശാരീരികവുമായ തലങ്ങൾ തമ്മിൽ സന്തുലിതമായിട്ടുള്ള ജീവിതരീതി പരിഗണിക്കുമ്പോൾ, ഭൗതിക ലോകത്തു മികച്ച ജീവിതവും വ്യവസ്ഥയും രൂപപ്പെടാൻ മുന്നോട്ടുവെക്കപ്പെട്ട എല്ലാ ദർശനങ്ങളെ അപേക്ഷിച്ചും, മനുഷ്യന് ഈ ലോകത്തുതന്നെ ശാന്തിയും സമാധാനവും സമത്വവും ഉത്തരവാദിത്തബോധവും ബന്ധങ്ങളുടെയും കൊടുക്കൽ വാങ്ങലുകളുടെയുമൊക്കെ സുഖവും എല്ലാം ശരിയായ അളവിൽ ശരിയായി നൽകാൻ കഴിഞ്ഞ/ കഴിയുന്ന ഒരേയൊരു വ്യവസ്ഥ ഇസ്‌ലാം മുന്നോട്ടുവെക്കുന്നതാണെന്ന് അനുഭവങ്ങളും പഠനങ്ങളും നമ്മെ ബോധ്യപ്പെടുത്തും.
പാകത്തിന് സ്വാതന്ത്ര്യം, പാകത്തിന് ആഘോഷം, പാകത്തിന് നിയന്ത്രണം, പാകത്തിന് ശാരീരികവും ആത്മീയവുമായ അനുഭവങ്ങളോടുള്ള നിലപാടുകളും പരിശീലനങ്ങളുമെല്ലാം ചേരുമ്പോൾ വിശ്വാസികളും അവരുടെ ദർശനത്തിലധിഷ്ഠിതമായ സമൂഹവും അനുഭവിക്കുന്ന സ്ഥിരതയുള്ള ആനന്ദം ഒരിക്കലും താൽകാലിക സുഖത്തിനു പിറകെ ദർശനങ്ങളുണ്ടാക്കാൻ പോകുന്നവർക്ക് കിട്ടില്ല. ചില നിയന്ത്രണങ്ങൾ ചില സമയത്ത് ചിലർക്ക് പ്രയാസകരമായേക്കും, അതേസമയം ആ നിയന്ത്രണങ്ങൾ ഇല്ലാത്തൊരു വ്യവസ്ഥ അതിനേക്കാൾ വലിയ പ്രയാസങ്ങളാവും സൃഷ്ടിക്കുക. കുടുംബവും സ്ഥാപനങ്ങളും ട്രാഫിക് സിസ്റ്റവും മുതൽ ചെറുതും വലുതുമായ വ്യവസ്ഥകളിലെല്ലാം അതിന്റെ പൂർണ സാധ്യത അനുഭവിക്കാൻ നിയന്ത്രണങ്ങൾ വേണ്ടിവരുമെന്നും അവയെല്ലാം എല്ലായ്‌പ്പോഴും മധുരിക്കണമെന്നില്ലെന്നും തീർച്ചയാണല്ലോ. ലിബറൽ ബഹളക്കാർ പൊട്ടിച്ചെറിയാൻ വെമ്പൽ കൊള്ളുന്ന ഇത്തരം ധാർമിക നിയന്ത്രണങ്ങൾ യഥാർഥത്തിൽ മനുഷ്യനെ പ്രപഞ്ചനാഥന്റെ മാത്രം അടിമയായി നിലനിർത്തുകയും മറ്റുള്ള അടിമത്തങ്ങളിൽ നിന്നെല്ലാം അവനു മോചനം നൽകുകയുമാണ് ചെയ്യുന്നത്. അതേസമയം അതിന്റെ ചട്ടക്കൂടിൽ നിന്നു പുറത്തുകടക്കുന്നവർ, സ്വയം അംഗീകരിച്ചില്ലെങ്കിലും സ്രഷ്ടാവിന്റെ അടിമയായി തന്നെ യഥാർഥത്തിൽ തുടരുകയും മറ്റൊരുപാട് വ്യവസ്ഥകളുടെയും പ്രലോഭനങ്ങളുടെയും അടിമത്തം സ്വയം വരിക്കേണ്ടിവരികയുമാണ് ചെയ്യുന്നത്.
പുതിയ കാലത്ത്, പ്രബലമായ രണ്ടു ജീവിത വീക്ഷണങ്ങളേ മനുഷ്യനു മുന്നിലുള്ളൂ. ഒന്ന് ഇസ്‌ലാമിന്റേത്, രണ്ട് ലിബറലിസത്തിന്റേത്. മറ്റു മതങ്ങളും പ്രത്യയശാസ്ത്രങ്ങളും ഒന്നുകിൽ ലിബറൽ നിലപാടുകളെ സ്വീകരിക്കുന്നു. അല്ലെങ്കിൽ അതിന്റെ പുരോഗമന നാട്യങ്ങളോട് അഭിമുഖം നിന്ന് അതിനെ പ്രതിരോധിക്കാനുള്ള കരുത്തോ ആത്മവിശ്വാസമോ ഇല്ലാതെ സ്വയം ഉൾവലിയുന്നു. അതിന്റെ ആളുകളെന്നു സ്വയം കരുതുന്നവർ ഇസ്‌ലാമിന്റെ ജീവിത ദർശനത്തോടുള്ള യുദ്ധമുഖത്ത് ലിബറലിസത്തിന്റെ സഖ്യകക്ഷികളായി സോഷ്യൽ മീഡിയ അടക്കമുള്ള ഇടങ്ങളിൽ സ്വന്തം വിശ്വാസങ്ങളോടു തന്നെ ആത്മവഞ്ചന കാണിക്കുന്നതാണ് നമുക്ക് കാണാനാവുന്നത്. ഒഴുക്കിനെതിരെ നിലകൊള്ളുന്നതിന്റെയും ലേബലിങ്ങുകളുടെ ഭീഷണിയെ അവഗണിക്കുന്നതിന്റെയും മനുഷ്യകുലത്തിന്റെ അടിസ്ഥാന മൂല്യങ്ങളുടെ സംരക്ഷകരായി പോരാട്ടമുഖത്ത് നിൽക്കുന്നതിന്റെയുമൊക്കെ അഭിമാനത്തിനൊപ്പം ഇരുലോകത്തും ലഭ്യമാകുന്ന അനുപമമായ അനുഭവങ്ങളുടെയും അനുഭൂതികളുടെയും ആനന്ദവും പ്രതീക്ഷയും വിശ്വാസികൾക്കു മാത്രം അവകാശപ്പെട്ടതാണ്.
മുഹ്‌യിദ്ദീൻ ബുഖാരി